2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഇരട്ടമുറി


സ്വപ്നം പോലെ ഒരു മുറി, ശരിക്കും ആത്മീയമായ ഒരു മുറി; അതിന്റെ നിഷ്പന്ദമായ അന്തരീക്ഷത്തിനു നേരിയ നിറം പകരുന്നു, നീലയും പാടലവും.

ആസക്തിയുടേയും മനസ്താപത്തിന്റെയും പരിമളം പൂശി ആത്മാവതിൽ അലസസ്നാനം ചെയ്യുന്നു. -നീലച്ഛവി കലർന്നതാണത്, പാടലച്ഛവി കലർന്നതാണത്, അസ്തമയത്തെ ഓർമ്മപ്പെടുത്തുമത്: ഗ്രഹണനേരത്തെ സുഖസ്വപ്നം.

ദീർഘിച്ചതും പതിഞ്ഞുകിടക്കുന്നതും ക്ഷീണിതവുമാണ്‌ അകസാധനങ്ങൾ. സ്വപ്നത്തിലാണവയെന്നു തോന്നും; സ്വപ്നാടനം പോലൊരു ജീവിതമാണവയുടേതെന്നു തോന്നും, സസ്യങ്ങളുടേതു പോലെ, ധാതുക്കളുടേതു പോലെ. മേശവിരികൾക്കും ജനാലപ്പടുതകൾക്കും ഒരു മൂകഭാഷ, പൂക്കളെപ്പോലെ, ആകാശത്തെപ്പോലെ, അസ്തമയസൂര്യനെപ്പോലെ.

ചുമരുകളിൽ കലാഭാസങ്ങൾ ഒന്നുമില്ല. ശുദ്ധസ്വപ്നത്തെ അപേക്ഷിച്ച്, വിശകലനത്തിനു വിധേയമാവാത്ത ഇന്ദ്രിയധാരണകളെ അപേക്ഷിച്ച് നിയതവും കൃത്യവുമായ കല ഒരു ദൈവദൂഷണമാണ്‌. ഇവിടെ സർവ്വതിനും മതിയായത്ര തെളിമയുണ്ട്, സംഗീതത്തിനുള്ളതുപോലെ ഹൃദ്യമായ ഒരു  ഗോപനവും.

അതിവിശിഷ്ടമായൊരു പരിമളത്തിന്റെ അതിസൂക്ഷ്മകണികകൾ ഈർപ്പത്തിന്റെ ലാഞ്ഛനയുമായിക്കലർന്ന് അന്തരീക്ഷത്തിൽ ഒഴുകിനടക്കുമ്പോൾ ഒരുഷ്ണഗൃഹത്തിലെ ഇന്ദ്രിയാനുഭൂതികളുടെ തൊട്ടിലിൽ കിടന്ന് ആത്മാവുറക്കത്തിലാഴുന്നു.

ജനാലകൾക്കു മേൽ, കിടക്കയ്ക്കു മുന്നിൽ മസ്ലിനുകളുടെ സമൃദ്ധവർഷം; വെൺനിറമായ ജലപാതം പോലെ അതൊഴുകിപ്പരക്കുന്നു. ആ കിടക്കയിൽ കിടന്നു മയങ്ങുകയാണ്‌ എന്റെ പൂജാവിഗ്രഹം, എന്റെ സ്വപ്നറാണി. അവളെന്തിന്‌ ഇവിടെയെത്തി? ആരാണവളെ ഇവിടെയെത്തിച്ചത്? ഏതു മന്ത്രശക്തിയാണ്‌ മനോരാജ്യത്തിന്റെയും ഐന്ദ്രിയസുഖത്തിന്റെയും ഈ സിംഹാസനത്തിൽ അവളെ പ്രതിഷ്ഠിച്ചത്? അതു ഞാനെന്തിനറിയണം: അവൾ ഇതാ! ഞാനവളെ തിരിച്ചറിയുകയും ചെയ്യുന്നു.

അതെ, അഗ്നിനാളങ്ങൾ കൊണ്ട് അസ്തമയത്തെ കീറിപ്പായുന്ന ആ കണ്ണുകൾ; ദുർഗ്രഹവും ഭീഷണവുമായ ആ കണ്ണുകളിലെ ഭയാനകമായ കൊടുംപക ഞാൻ തിരിച്ചറിയുന്നു. അവയിലേക്കു നോക്കിനില്ക്കാൻ ചങ്കൂറ്റം കാട്ടുന്ന നോട്ടത്തെ അവ വശീകരിക്കുന്നു, പിടിച്ചടക്കുന്നു, വെട്ടിവിഴുങ്ങുന്നു. പലപ്പോഴും ഞാനവയെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്, നമ്മുടെ ജിജ്ഞാസയും ആരാധനയും പിടിച്ചുവാങ്ങുന്ന ആ കറുത്ത നക്ഷത്രങ്ങളെ.

നിഗൂഢതയും നിശ്ശബ്ദതയും ശാന്തിയും പരിമളവും കൊണ്ട് ഈ വിധം വലയം ചെയ്യപ്പെട്ടതിന്‌ ഏതുദാരമതിയായ പിശാചിനോടാണ്‌ ഞാൻ കടപ്പെട്ടിരിക്കുന്നത്? ഹാ, ഇതാണ്‌ പരമാനന്ദം! ജീവിതമെന്നു നാം പൊതുവേ വിളിക്കുന്ന ഏർപ്പാടിന്‌, അതിനി ആനന്ദത്തിന്റെ ഏതു നിരപ്പെത്തിയാലും, ഞാൻ ഈ അനുഭവിക്കുന്ന, ഓരോ മിനുട്ടും ഓരോ സെക്കന്റും ഞാൻ ആസ്വദിക്കുന്ന, ഈ നിരതിശയജീവിതവുമായി ഒരു ചാർച്ചയുമില്ല.

തെറ്റി! ഇപ്പോൾ മിനുട്ടുകളില്ല, സെക്കന്റുകളില്ല! കാലം മറഞ്ഞുപോയിരിക്കുന്നു; ഇപ്പോൾ വാഴുന്നത് നിത്യതയാണ്‌, സുഖാനുഭങ്ങളുടെ നിത്യത!

പക്ഷേ അപ്പോഴാണ്‌ കതകിൽ പതിഞ്ഞ, പേടിപ്പെടുത്തുന്ന ഒരു മുട്ടൽ കേൾക്കുന്നത്; നരകപീഡകളെക്കുറിച്ചുള്ള പേക്കിനാവുകളിൽ കാണുന്നപോലെ ആരോ മഴുവെടുത്ത് എന്റെ അടിവയറ്റിൽ ആഞ്ഞുവെട്ടുന്നപോലെയാണ്‌ എനിക്കതനുഭവപ്പെടുന്നത്.

പിന്നെ ഒരു ഭൂതം കടന്നുവരുന്നു. നിയമത്തിന്റെ പേരും പറഞ്ഞ് എന്നെ പീഡിപ്പിക്കാൻ വരുന്ന ഒരാമീനാണത്; പരാതിക്കെട്ടഴിക്കാനും എന്റെ സന്താപങ്ങളുടെ കൂടെ അവളുടെ ജീവിതത്തിന്റെ ക്ഷുദ്രതകൾ കലർത്താനും കയറിവരുന്ന ഒരാഭാസക്കാരി വേശ്യയാണത്; ഇനിയല്ലെങ്കിൽ, കയ്യെഴുത്തുപ്രതിയുടെ അടുത്ത ഭാഗത്തിനായി ഏതെങ്കിലും പത്രാധിപർ പറഞ്ഞുവിട്ട സിൽബന്ധി.

സ്വർഗ്ഗീയമായ മുറി, പൂജാവിഗ്രഹം, സ്വപ്നറാണി, മഹാനായ റെനെ പറഞ്ഞ “സിൽഫൈഡ്”- ആ ഇന്ദ്രജാലമെല്ലാം ഭൂതത്തിന്റെ  ക്രൂരമായ ആ കതകിൽ മുട്ടലോടെ അപ്രത്യക്ഷമായി.

അതിലും ഭീകരം! എനിക്കോർമ്മവരുന്നു! എനിക്കോർമ്മവരുന്നു! ഈ ചെറ്റപ്പുര, നിത്യമായ മടുപ്പിന്റെ ഈ പാർപ്പിടം, അതെന്റെ മുറി തന്നെയാണ്‌. പൊടി പിടിച്ച, ഒടിഞ്ഞുവീഴാൻ പോകുന്ന ആ മേശയും കസേരയും, തീയില്ലാത്ത, കനലുപോലുമില്ലാത്ത, തുപ്പി വൃത്തികേടാക്കിയ സ്റ്റൗ; ചില്ലിലെ പൊടിയിൽ മഴ വിരലോടിച്ച നിരുന്മേഷമായ ജനാലകൾ; വെട്ടും തിരുത്തുമായി, മുഴുമിക്കാതെ കിടക്കുന്ന കയ്യെഴുത്തുപ്രതികൾ; അശുഭദിനങ്ങൾ പെൻസിൽ കൊണ്ടടയാളപ്പെടുത്തിയ കലണ്ടർ- ഒക്കെ അതുതന്നെ!

തീവ്രഭാവനയിൽ എന്നെ ഉന്മത്തനാക്കിയ ആ അലോകപരിമളത്തിന്റെ സ്ഥാനത്തിപ്പോൾ പുകയിലയുടെ ചീഞ്ഞ മണവും മനംപുരട്ടുന്ന പൂത്ത നാറ്റവുമാണ്‌. ഇപ്പോഴിവിടെ ജീർണ്ണതയുടെ കനച്ച നാറ്റമാണ്‌ മൂക്കിലേക്കടിച്ചുകയറുന്നത്.

അത്രയ്ക്കിടുങ്ങിയതും അത്രയ്ക്കറയ്ക്കുന്നതുമായ ഈ ലോകത്ത് ഒരു പരിചിതവസ്തു മാത്രം സ്നേഹഭാവത്തിൽ എന്നെ നോക്കി പുഞ്ചിരി തൂകുന്നു: കറുപ്പിന്റെ ചെപ്പ്; ത്രസിപ്പിക്കുന്ന ചിരകാലസൗഹൃദം; എല്ലാ സൗഹൃദങ്ങളേയും പോലെ പക്ഷേ, ലാളനകളാലും വഞ്ചനകളാലും സമൃദ്ധം.

അതേയതെ! കാലം തിരിച്ചുവന്നിരിക്കുന്നു; കാലത്തിന്റെ രാജ്യഭാരമാണിനി; അറയ്ക്കുന്ന ആ കിഴവനോടൊപ്പം അയാളുടെ ഭൂതഗണങ്ങളപ്പാടെയുണ്ട്: ഓർമ്മകൾ, കുറ്റബോധങ്ങൾ, പിരിമുറുക്കങ്ങൾ, ഭീതികൾ, ഉത്കണ്ഠകൾ, പേടിസ്വപ്നങ്ങൾ, രോഷങ്ങൾ, ഞരമ്പുരോഗങ്ങൾ. സെക്കന്റുകൾക്കിനി മറ്റൊരുവിധം ഊന്നലായിരിക്കുമെന്നു ഞാൻ ഉറപ്പിച്ചുപറയുന്നു; ഘടികാരത്തിൽ നിന്നു പുറത്തുചാടുന്ന ഓരോ സെക്കന്റും വിളിച്ചുപറയുകയാണ്‌: “ഞാനാണു ജീവിതം, താങ്ങാൻ പറ്റാത്തതും മെരുങ്ങാത്തതുമായ ജിവിതം!”

നല്ല വാർത്തയും കൊണ്ടെത്തുന്ന ഒരൊറ്റ നിമിഷമേ മനുഷ്യജീവിതത്തിലുള്ളു; ആ നല്ല വാർത്തയാകട്ടെ, നാമോരോരുത്തരിലും അവാച്യമായ ഭീതി നിറയ്ക്കുന്നതും.

അതെ! കാലം ഭരിക്കുന്നു; അതു തന്റെ നിഷ്ഠുരമായ സ്വേച്ഛാഭരണം വീണ്ടും സ്ഥാപിച്ചുകഴിഞ്ഞു;  മുനയുള്ള കാലിക്കോലു കൊണ്ട് ഒരു കാളയെ എന്നപോലെ അവനെന്നെ ഉന്തിവിടുകയാണ്‌: “നടക്കെടാ കഴുതേ! വിയർപ്പൊഴുക്കെടാ അടിമേ! ജീവിക്കെടാ തുലഞ്ഞവനേ!”

*

(സിൽഫൈഡ് Sylphide- തന്റെ കാവ്യദേവതയ്ക്ക് Chateaubriand  നല്കിയിരിക്കുന്ന പേര്‌; ഈ രൂപം അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കടന്നുവരുന്നുണ്ട്, 1802ലെ Reneയിലും.)




അഭിപ്രായങ്ങളൊന്നുമില്ല: