1867
ആഗസ്റ്റിൽ
വേനൽമഴ കോരിച്ചൊരിയുന്ന ഒരു
പകൽ ബോദ്‌ലേറുടെ മൃതദേഹം
ശവക്കുഴിയിലേക്കെടുക്കുമ്പോൾ
മാനേയും വെർലേനുമുൾപ്പെടെ
ചെറിയൊരു സംഘം സുഹൃത്തുക്കൾ
മാത്രമേ അതിനു സാക്ഷ്യം
വഹിക്കാൻ ഉണ്ടായിരുന്നുള്ളു.
അദ്ദേഹത്തിന്റെ
സമകാലീനനായ കവി തിയോഡോ ദ്
ബാൻവിൽ തന്റെ ചരമപ്രസംഗത്തിൽ
ബോദ്‌ലേറുടെ പ്രതിഭ
സമീപഭാവിയിൽത്തന്നെ
അംഗീകരിക്കപ്പെടുമെന്നും
ആധുനികമനസ്സിനെ ഇനി പ്രചോദിപ്പിക്കാൻ
പോകുന്നത് ബോദ്‌ലേറുടെ കൃതികൾ
ആയിരിക്കുമെന്നും സൂചിപ്പിച്ചപ്പോൾ
യാഥാർത്ഥ്യബോധമില്ലാത്ത
വിലയിരുത്തലായിട്ടും ഒരടുത്ത
സ്നേഹിതനെ നഷ്ടപ്പെട്ടതിന്റെ
വൈകാരികപ്രതികരണമായിട്ടുമാണ്
പലരും
അതു കേട്ടത്.
എന്നാലിന്ന്
പത്തൊമ്പതാം നൂറ്റാണ്ടിലെ
കവികൾക്കിടയിൽ,
കുറച്ചുകൂടി
ശരിയായിപ്പറഞ്ഞാൽ ഏതു കാലത്തെയും
കവികൾക്കിടയിൽ,
ബോദ്‌ലേറുടെ
അനിഷേദ്ധ്യമായ സ്ഥാനത്തെ
ആരും ചോദ്യം ചെയ്യുന്നില്ല.
റ്റി.
എസ്.
എലിയട്ട്
പറയുന്നപോലെ ‘ആധുനികകവിതയുടെ
ഏറ്റവും മഹത്തായ ഉദാഹരണമാണ്
ബോദ്‌ലേർ;
ഒരു
പൂർണ്ണനവീകരണം നാം
അനുഭവിച്ചിട്ടുണ്ടെങ്കിൽ
അത് അദ്ദേഹത്തിന്റെ കവിതയിലും
ഭാഷയിലുമാണ്.’
ഒരാധുനികകലാകാരന്റെ
ജീവിതവും കൃതികളും ഏതുവിധമായിരിക്കും
എന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ്
ബോദ്‌ലേർ.
നഗരത്തിൽ
നിത്യജീവിതം കഴിക്കാൻ
വിധിക്കപ്പെട്ട ഒരു കവിയുടെ
കവിതകൾ നാം ആദ്യമായി വായിക്കുന്നതും
ബോദ്‌ലേറിൽ നിന്നുതന്നെ.
കാവ്യഭാഷ
കാല്പനികതയുടെ വൈകാരികപ്രസ്താവങ്ങൾ
വെടിഞ്ഞ് പ്രതീകങ്ങളിലൂടെയും
ധ്വനികളിലൂടെയും ആധുനികമാകുന്നത്
അദ്ദേഹത്തിന്റെ കവിതകളിലൂടെയും
ഗദ്യകവിതകളിലൂടെയുമാണ്.
അതു
വഴിയാണ് റാങ്ങ്ബോയും വെർലേനും
മല്ലാർമേയും മുതൽ വലേറിയും
റിൽക്കേയും എലിയട്ടും വരെയുള്ള
കവികൾ സാദ്ധ്യമാകുന്നതും.
വെർലേൻ
പറഞ്ഞപോലെ ആധുനികമനുഷ്യനെ
അവന്റെ ഭൗതികവും മാനസികവും
ധാർമ്മികവുമായ എല്ലാ
സങ്കീർണ്ണതകളോടും കൂടി
ആവിഷ്കരിച്ചു എന്നതാണ്
ബോദ്‌ലേറുടെ മൗലികത.
പൗരോഹിത്യം
ഉപേക്ഷിച്ച് സർക്കാരുദ്യോഗസ്ഥനായ
ഫ്രാങ്സ്വാ ബോദ്‌ലേർ (Francois
Baudelaire) 26 വയസ്സുള്ള
കരോലിൻ ദുഫായിയെ (Caroline
Dufayis) വിവാഹം
ചെയ്യുമ്പോൾ അദ്ദേഹത്തിന്
60 വയസ്സായിരുന്നു;
അവരുടെ
ഏകമകനായിരുന്നു ഷാൾ (Charles
Pierre Baudelaire). സ്വന്തനിലയ്ക്ക്
ഒരിടത്തരം കവിയും ചിത്രകാരനുമായിരുന്ന
അച്ഛൻ തന്നെയാണ് മകനെ ആ
രംഗത്തേക്കു കടത്തിവിടുന്നത്.
ബോദ്‌ലേറിന്
ആറു വയസ്സുള്ളപ്പോൾ അച്ഛൻ
മരിച്ചതോടെ അമ്മയും മകനും
പാരീസിനു പുറത്തൊരിടത്തേക്കു
താമസം മാറ്റി.
‘പച്ച
തഴച്ച കൈശോരസ്നേഹ’ത്തിന്റെ
ആ സ്വർഗ്ഗീയദിനങ്ങളെക്കുറിച്ചുള്ള
ഓർമ്മകൾ നാല്പതാമത്തെ വയസ്സിൽ
അമ്മക്കയച്ച ഒരു കത്തിൽപോലും
അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ബോദ്‌ലേറിന്
അമ്മയോടുണ്ടായിരുന്നത്
ആരാധനയോളമെത്തിയ ഒരു സ്നേഹമാണ്.
സ്നേഹവും
കരുതലും നിറഞ്ഞ ഒരു
കൊച്ചുലോകത്തായിരുന്നു
അദ്ദേഹത്തിന്റെ ജീവിതം.
സാർത്ര്
തന്റെ ലേഖനത്തിൽ പറയുന്നപോലെ
‘താൻ വേറിട്ടൊരു വ്യക്തിയാണെന്നുപോലും
ബാലനായ ബോദ്‌ലേറിനറിയുമായിരുന്നില്ല;
തന്റെ
ഉടലും ആത്മാവും അമ്മയുമായുള്ള
ഒരു പ്രാകൃതികമിസ്റ്റിക്
ബന്ധത്തിൽ ഒന്നായിക്കിടക്കുകയാണെന്നായിരുന്നു
അദ്ദേഹത്തിന്റെ തോന്നൽ.
ആ
പരസ്പരസ്നേഹത്തിന്റെ
സൗമ്യോഷ്മളതയിൽ മുങ്ങിക്കിടക്കുകയായിരുന്നു
അദ്ദേഹം...’
‘ഞാൻ
എന്നും അമ്മയിൽ ജീവിക്കുകയായിരുന്നു.
അമ്മ
എന്റേതു മാത്രമായിരുന്നു.
എന്റെ
ആരാധനാവിഗ്രഹമെന്നപോലെ എന്റെ
സ്നേഹിതയുമായിരുന്നു അമ്മ.’
മുമ്പു
സൂചിപ്പിച്ച കത്തിൽ ബോദ്‌ലേർ
അമ്മയോടു പറയുന്നുണ്ട്.
1827ൽ
അമ്മയുടെ രണ്ടാം വിവാഹത്തോടെ
മാധുര്യം നിറഞ്ഞതും സുരക്ഷിതവുമായ
ഒരു ബാല്യത്തിന് അന്ത്യമായി.
ഷാക്ക്
ഓപിക് (Jacques
Aupick) ആയിരുന്നു
രണ്ടാനച്ഛൻ.
പട്ടാളക്കാരനായിരുന്ന
അദ്ദേഹം പിന്നീട് പടിപടിയായി
ഉയർന്ന് കോൺസ്റ്റാന്റിനോപ്പിളിലേയും
സ്പെയിനിലേയും അംബാസഡറും
ഒടുവിൽ സെനറ്ററുമാകുന്നുണ്ട്.
ബോദ്‌ലേറിന്
അമ്മയുടെ ഈ രണ്ടാം ഭർത്താവിനോട്
അസൂയ ഉണ്ടായത് മനസ്സിലാക്കാവുന്നതേയുള്ളു.
ബാഹ്യലോകവുമായി
ആദ്യമായി സമ്പർക്കത്തിൽ
വരുന്ന ഒരു ലോലമനസ്സിനുണ്ടാവുന്ന
ആഘാതമായിരുന്നു അത്.
'എന്നെപ്പോലെ
ഒരു മകനുള്ളപ്പോൾ ആരും
രണ്ടാമതൊരു വിവാഹം ചെയ്യില്ല,'
ബോദ്‌ലേർ
അമ്മയെ കുറ്റപ്പെടുത്തുന്നുണ്ട്.
അതേ സമയം
ആദ്യകാലത്ത് ഈ അനിഷ്ടം അത്ര
പ്രകടമായിരുന്നതുമില്ല.
ലിയോൺസിൽ
സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ
ബോദ്‌ലേർ രക്ഷിതാക്കൾക്കയച്ച
കത്തുകളിൽ ഓപിക്കിനെ അച്ഛൻ
എന്നുതന്നെയാണ് സംബോധന
ചെയ്തിരുന്നത്.
പാരീസിലെ
ലൂയിസ്-ലെ-ഗ്രായിലെ
ഹൈസ്കൂൾ പഠനകാലത്തും കുടുംബബന്ധം
അത്ര ശിഥിലമായിരുന്നില്ല.
അക്കാലത്തു
തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്ന
ബോദ്‌ലേർ പഠിക്കാനും
മിടുക്കനായിരുന്നു.
തുടർച്ചയായ
അച്ചടക്കലംഘനങ്ങളുടെ പേരിൽ
1839 ഏപ്രിലിൽ
ബോദ്‌ലേറെ സ്കൂളിൽ നിന്നു
പുറത്താക്കിയപ്പോൾപ്പോലും
അവർ തമ്മിലുള്ള ബന്ധം അത്ര
ഉലഞ്ഞിരുന്നില്ല.
ഇന്ത്യയിലേക്കു
പോകുന്ന ഒരു കപ്പലിൽ ബോദ്‌ലേറെ
കയറ്റിവിടാൻ അമ്മയും രണ്ടാനച്ഛനും
തീരുമാനമെടുക്കുന്ന 1841ലാണ്
ബോദ്‌ലേർ ഓപിക്കിനെ ‘ജനറൽ’
എന്നു വിളിക്കാൻ തുടങ്ങുന്നത്.
1839ൽ ഹൈസ്കൂൾ
പാസ്സായതിനു ശേഷം ബോദ്‌ലേർ
രണ്ടുകൊല്ലം ലാറ്റിൻ ക്വാർട്ടറിൽ
(പാരീസിലെ
വിദ്യാഭ്യാസകേന്ദ്രങ്ങൾ
നിറഞ്ഞ തെരുവ്)
താമസിച്ചിരുന്നു;
ഫ്രഞ്ച്
സാഹിത്യരംഗവുമായി പരിചയപ്പെടുക
എന്നതായിരുന്നു പ്രഖ്യാപിതലക്ഷ്യമെങ്കിലും
ഫലത്തിൽ വഴി വിട്ട
ജീവിതാസ്വാദനമായിട്ടാണ്
അതു മാറിയത്.
പില്ക്കാലത്ത്
തന്റെ മരണകാരണമാകുന്ന ലൈംഗികരോഗം
സമ്പാദിക്കുന്നതും ഇവിടെനിന്നുതന്നെ.
ബോദ്‌ലേർ
തന്റെ ആദ്യകാലകവിതകളിൽ
പ്രകീർത്തിക്കുന്ന കോങ്കണ്ണി
സാറ (Sarah
Louchette)യാണ്
അതിനു കാരണമായത്.
(‘അറയ്ക്കുന്നൊരു
ജൂതത്തിക്കരികിൽ ഒരു രാത്രി
ഞാൻ കിടന്നു...’
എന്നു
തുടങ്ങുന്ന ഒരു കവിതയിൽ ഈ
സാറ പിന്നീടു കടന്നുവരുന്നുണ്ട്.
സാറയെ
വേശ്യാവൃത്തിയിൽ നിന്നു
പുറത്തു കൊണ്ടുവരാൻ ബോദ്‌ലേർ
പണം കടം വാങ്ങിയിരുന്നതായി
ചില ജീവചരിത്രകാരന്മാർ
സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ
അവർ തമ്മിലുള്ള ബന്ധം പിന്നീടു
മോശമായത് ബോദ്‌ലേറുടെ
ജൂതവിരോധത്തിന് ഒരു കാരണമായതായും
പറയുന്നു.
‘ജൂതവംശത്തെ
ഉന്മൂലനം ചെയ്യാൻ ഒരു പദ്ധതി
തയ്യാറാക്കുന്നത് നന്നായിരിക്കും,’
എന്നുവരെ
തന്റെ ജേണലിൽ ഒരിടത്ത് ബോദ്‌ലേർ
എഴുതുന്നുണ്ട്.
കലയേയും
സാഹിത്യത്തെയും നഗരജീവിതത്തെയും
കുറിച്ചുള്ള ബോദ്‌ലേറുടെ
ആശയങ്ങളോട് വളരെയധികം
കടപ്പെട്ടിരുന്ന വാൾട്ടർ
ബന്യാമിൻ അത്തരം പ്രസ്താവനകളെ
‘വഷളൻ തമാശകളാ’യി തള്ളിക്കളഞ്ഞുവെങ്കിലും
ദെരിദ അതിനെ അത്ര നിസ്സാരമായി
കാണുന്നില്ല:
‘ജൂതവംശത്തെ
ഉന്മൂലനം ചെയ്യുക.
ആ ആശയം
എന്തായാലും യൂറോപ്പിനു
പുത്തരിയായിരുന്നില്ല.
അതിന്റെ
കുത്തക നാസി ജർമ്മനിക്കു
മാത്രവുമായിരുന്നില്ല.’)
സിഫിലിസ്സിനുള്ള
ഒരു മരുന്നെന്ന നിലയിലാണ്
സഹോദരൻ അൽഫോൺസിന്റെ ഉപദേശപ്രകാരം
ബോദ്‌ലേർ ഹഷീഷ്,
കറുപ്പ്
തുടങ്ങിയ മയക്കുമരുന്നുകൾ
ഉപയോഗിച്ചുതുടങ്ങിയത്.
അസഹ്യമായ
വയറുവേദനയും തലവേദനയുമായിരുന്നു
അതിന്റെ ഫലം.
അതു
മറക്കാനായി താനിനി വായനയും
പഠനവും ഗൗരവമായി എടുക്കാൻ
പോകുന്നതായി സഹോദരനെഴുതിയ
ഒരു കത്തിൽ അദ്ദേഹം
പ്രഖ്യാപിക്കുന്നുണ്ട്:
‘ഞാനിനി
പഠനത്തിൽ മുഴുകാൻ പോകുന്നു.
നിയമം,
ചരിത്രം,
ഗണിതം,
സാഹിത്യം
എല്ലാം ഞാൻ വീണ്ടും പഠിക്കാൻ
തീരുമാനിച്ചിരിക്കുന്നു.
ലോകത്തിന്റെ
എല്ലാ ഹീനതയും അഴുക്കും ഞാൻ
വെർജിൽ വായിച്ചു മറക്കും...’
ലൈംഗികരോഗത്തിനു
ബദലായി പഠനവും വായനയും:
അതധികകാലം
മുന്നോട്ടു കൊണ്ടുപോകാൻ
അദ്ദേഹത്തിനു കഴിഞ്ഞില്ല.
നിയമപഠനം
വളരെ വൈകാതെതന്നെ നിന്നു;
എന്നാൽ
ആർത്തിപിടിച്ച വായന -
അത്
അവസാനകാലത്തോളം
അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഗുസ്താവ്
കൂർബെ വരച്ച ഒരു പോർട്രെയ്റ്റിൽ
പിന്നിൽ തന്റെ കാമുകി
വന്നുനില്ക്കുന്നതറിയാതെ
വായനയിൽ മുഴുകിയ ബോദ്‌ലേറെ
കാണാം (ബോദ്‌ലേറുടെ
നിർബ്ബന്ധപ്രകാരം പിന്നീട്
ഷീന് ദുവാലിനെ ചിത്രത്തിൽ
അവ്യക്തമാക്കി).
ലാറ്റിൻ
ക്വാർട്ടറിലെ അരാജകജീവിതത്തിൽ
നിന്ന് ബോദ്‌ലേറെ മോചിപ്പിക്കാനായി
അദ്ദേഹത്തെ ഇന്ത്യയിലേക്ക്
ഒരു കപ്പൽയാത്രയ്ക്കു
വിടാൻ 1841
ജൂണിൽ വീട്ടുകാർ
തീരുമാനമെടുത്തുവെന്നു
പറഞ്ഞല്ലോ.
പില്ക്കാലത്തെഴുതിയ
ജീവചരിത്രക്കുറിപ്പുകളിലും
സുഹൃത്തുക്കളോടുള്ള സംഭാഷണങ്ങളിലും
താൻ ഇന്ത്യയിൽ പോയിരുന്നു
എന്നുതന്നെയാണ് ബോദ്‌ലേർ
അവകാശപ്പെട്ടിരുന്നത്:
‘ഇന്ത്യായാത്ര
(ഉഭയസമ്മതപ്രകാരം).
ഒന്നാമത്തെ
സംഭവം:
കപ്പലിന്റെ
പാമരം തകർന്നു;
(കപ്പിത്താൻ
ആദം).
മൗറീഷ്യസ്,
റിയൂണിയൻ,
മലബാർ,
സിലോൺ,
ഹിന്ദുസ്ഥാൻ,
കേപ്പ്:
ഉല്ലാസഭരിതമായ
അലച്ചിലുകൾ.
രണ്ടാമത്തെ
സംഭവം.
(അവശ്യസാധനങ്ങളൊന്നുമില്ലാതെ
ഒരു കപ്പലിൽ മടക്കം.)’
യാത്ര
ഉഭയസമ്മതപ്രകാരമായിരുന്നോ
അല്ലയോ എന്നതിരിക്കട്ടെ,
അതിന്റെ
വഴികൾ യഥാർത്ഥത്തിൽ അദ്ദേഹം
നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ
ആയിരുന്നില്ല.
1841 ജൂൺ
9ന്
അദ്ദേഹം കല്ക്കത്തയിലേക്കു
പോകുന്ന Paquebot
des mers du sud എന്ന
കപ്പലിൽ കയറുന്നുണ്ട്.
കപ്പിത്താന്റെ
പേര് ആദം എന്നല്ല,
സാലിസ്
(Saliz) എന്നായിരുന്നു.
ഒരു
കൊടുങ്കാറ്റിൽ പെട്ട് പാമരം
തകരുകയും കപ്പൽ
സെപ്തംബർ 1ന്
മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ
നങ്കൂരമിടുകയും ചെയ്യുന്നു.
കപ്പലിന്റെ
അറ്റകുറ്റപ്പണി നടക്കുമ്പോൾ
Adolphe Autard de Bragard
എന്ന ഒരു
ക്രിയോളുകാരനൊപ്പമായിരുന്നു
ബോദ്‌ലേറുടെ താമസം.
(‘ഒരു
ക്രിയോൾ സ്ത്രീയോട്’ എന്ന
ഗീതകം അദ്ദേഹത്തിന്റെ
ഭാര്യയെക്കുറിച്ചുള്ളതാണ്.)
സെപ്തംബർ
18ന്
കപ്പൽ വീണ്ടും യാത്രയായി;
റിയൂണിയൻ
ദ്വീപെത്തിയപ്പോൾ ബോദ്‌ലേർ
അവിടെ യാത്ര അവസാനിപ്പിച്ചു..
നവംബർ
4 വരെ
അവിടെ കഴിഞ്ഞ ശേഷം നാട്ടിലേക്കുള്ള
ഒരു കപ്പലിൽ കയറി 1842
ഫെബ്രുവരിയിൽ
അദ്ദേഹം പാരീസിൽ മടങ്ങിയെത്തുകയും
ചെയ്തു.
പാതിവഴിയിൽ
യാത്ര ഉപേക്ഷിക്കാൻ ബോദ്‌ലേറെ
പ്രേരിപ്പിച്ച കാരണമെന്തായാലും
(പാരീസിൽ
തിരിച്ചെത്താനുള്ള ദാഹത്തെക്കുറിച്ച്
അദ്ദേഹം ആ ക്രിയോളുകാരനോടു
സൂചിപ്പിക്കുന്നുണ്ട്)
അതദ്ദേഹത്തിന്റെ
കവിതയ്ക്ക് കടലിനെക്കുറിച്ചുള്ള
സമൃദ്ധമായ ഓർമ്മകളും
വൈദേശികപ്രകൃതിയുമായുള്ള
പരിചയവും യാത്രാരൂപകങ്ങളുടെ
ഒരു സഞ്ചയവും സമ്മാനിച്ചു.
ഉദാഹരണത്തിന്
‘വിചിത്രപരിമളം’ എന്ന കവിതയിൽ
വിചിത്രവൃക്ഷങ്ങളും സ്വാദിഷ്ടമായ
കനികളും ആർജ്ജവം നിറഞ്ഞ
കണ്ണുകൾ കൊണ്ടാശ്ചര്യപ്പെടുത്തുന്ന
സ്ത്രീകളുമുള്ള ഒരു ദ്വീപുണ്ട്,
ദീർഘപ്രയാണങ്ങളുടെ
തളർച്ച മാറാത്ത കപ്പല്പായകളും
പാമരങ്ങളും നിറഞ്ഞ ഒരു
തുറമുഖമുണ്ട്.
'ഒരു മലബാർ
പെൺകുട്ടിയോട്'
എന്ന
കവിതയിൽ തൻ്റെ ഊഷ്മളദേശത്തിൻ്റെ
സുരക്ഷിതത്വവും അലസജീവിതവും
ഉപേക്ഷിച്ച് പാരീസിലെ
തണുത്തുവിറയ്ക്കുന്ന തെരുവുകളിൽ
ശരീരം വിറ്റു ജീവിക്കേണ്ടിവരുന്ന
ഭാവി തിരഞ്ഞെടുത്ത ഒരു
മലബാറുകാരിയോട് കവി സഹതപിക്കുന്നു.
ഇക്കാലത്തെഴുതിയ
കത്തുകളിലെ മയമില്ലാത്ത
സംബോധനാരീതി കണ്ടാലറിയാം,
തന്റെ
ജീവിതരീതിയിൽ വീട്ടുകാരുടെ
കൈകടത്തൽ അദ്ദേഹം എന്തുമാത്രം
വെറുത്തിരുന്നുവെന്ന്;
അതിനു
കാരണക്കാരനായി അദ്ദേഹം കണ്ടത്
തന്റെ രണ്ടാനച്ഛനെയാണ്.
ഒരു കവിയെ
സൃഷ്ടിക്കുന്നതിൽ കൗമാരയൗവ്വനങ്ങളിലെ
കുടുംബാന്തരീക്ഷം എന്തു
പങ്കാണു വഹിക്കുന്നതെന്ന്
1851ൽ
പിയേർ ദുപോങ് (Pierre
Dupont) എന്ന
കവിയുടെ കവിതാസമാഹാരത്തിനെഴുതിയ
ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്:
‘ജീവിതത്തിൽ
ഒരിക്കലെങ്കിലും മർദ്ദകഭരണത്തിന്റെ
സമ്മർദ്ദം അനുഭവിക്കുന്നത്
നമുക്കെല്ലാം നല്ലതായിരിക്കും:
അതിനെ
വെറുക്കാൻ അങ്ങനെ നാം പഠിക്കുന്നു!
സെമിനാരിയിൽ
നിന്നു പുറത്തുവന്നിരിക്കുന്നത്
എത്ര തത്വചിന്തകന്മാരാണ്!
ക്രൂരനും
കണിശക്കാരനുമായ ഒരു സൈനികന്റെ
നിഴലിൽ നിന്ന് എത്ര കലഹപ്രകൃതികൾ
ജന്മമെടുത്തിരിക്കുന്നു!
ഫലസമൃദ്ധമായ
അച്ചടക്കമേ,
എത്ര
സ്വാതന്ത്ര്യഗീതങ്ങൾക്കു
ഞങ്ങൾ നിന്നോടു കടപ്പെട്ടിരിക്കുന്നു!’
പൈതൃകസ്വത്തായി
ലഭിച്ച 99,568
ഫ്രാങ്കിൽ
പകുതിയും 1844
ജൂൺ
ആയപ്പോഴേക്കും ബോദ്‌ലേർ
ചിലവാക്കിക്കഴിഞ്ഞിരുന്നു.
ബാക്കിയായതെങ്കിലും
രക്ഷിച്ചെടുക്കാൻ ഒരു
നിയമോപദേഷ്ടാവിനെ വയ്ക്കേണ്ടതാണെന്ന്
വീട്ടുകാർ തീരുമാനമെടുത്തു.
അതിനുള്ള
കോടതിനടപടികൾ ആരംഭിച്ചപ്പോൾ
തന്റെ വ്യക്തിപരമായ കാര്യങ്ങൾ
അപരിചിതരുടെ മുന്നിൽ വച്ചു
ചർച്ച ചെയ്യാൻ താനില്ല എന്നു
പറഞ്ഞുകൊണ്ട് അദ്ദേഹം കോടതിയിൽ
തന്റെ ഭാഗം വാദിക്കുക പോകട്ടെ,
കോടതിയിൽ
ഹാജരാകാൻ കൂടി തയ്യാറായില്ല.
അതിനു
ശേഷം അമ്മയ്ക്കെഴുതിയ കത്തിൽ
അദ്ദേഹത്തിന്റെ രോഷം
തിളയ്ക്കുന്നുണ്ട്:
‘എന്റെ
ദേഷ്യവും അസംതൃപ്തിയും വൈകാതെ
മാഞ്ഞുപോകുമെന്നു നിങ്ങൾ
പറയുന്നു.
ഒരു
കുട്ടിയെ അവന്റെ നന്മയ്ക്കായി
ശിക്ഷിക്കുന്നതുപോലെയേ
നിങ്ങൾ എന്നെ ശിക്ഷിക്കുന്നുള്ളു
എന്നു നിങ്ങൾ കരുതുന്നു.
പക്ഷേ
നിങ്ങളുടെ അന്ധത
ബാധിച്ച കണ്ണുകൾ
കാണാത്തതൊന്നുണ്ട്:
എന്റെ
നിർഭാഗ്യത്തിന് മറ്റു
മനുഷ്യരെപ്പോലെയല്ല ഞാൻ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...നമ്മൾ
ഒറ്റയ്ക്കായിരിക്കുമ്പോൾ
നിങ്ങൾക്കെന്നോട് എങ്ങനെ
വേണമെങ്കിലും പെരുമാറാം;
എന്നാൽ
എന്റെ സ്വാതന്ത്ര്യത്തെ
ബാധിക്കുന്നതെന്തിനേയും
രോഷത്തോടെ ഞാൻ തട്ടിമാറ്റും...’
1844 സെപ്തംബർ
21ന്
കോടതി നാർസീസ് ദേസിറേ ആൻസേല്
(Narcisse Desiree Ancelle)
എന്ന
വക്കീലിനെ ബോദ്‌ലേറുടെ
സാമ്പത്തികകാര്യങ്ങൾ കൈകാര്യം
ചെയ്യാനും അദ്ദേഹത്തിന്
എല്ലാമാസവും നിശ്ചിതമായ
ഒരലവൻസ് നല്കാനുമായി
നിയമിച്ചു.
ഒരാൾക്ക്
സുഖമായി ജീവിക്കാൻ
അതു
മതിയാകുമായിരുന്നെങ്കിലും
ബോദ്‌ലേറുടെ പണച്ചെലവുള്ള
അഭിരുചികൾക്ക്
അതപര്യാപ്തമായിരുന്നു;
അനാവശ്യമായ
ആ നിയന്ത്രണത്തോടുള്ള അനിഷ്ടം
മറച്ചുവയ്ക്കാൻ അദ്ദേഹം
ശ്രമിച്ചിരുന്നില്ല.
അടുത്ത
പതിനഞ്ചു കൊല്ലത്തേക്ക്
ബോദ്‌ലേർ അമ്മയ്ക്കെഴുതിയ
കത്തുകൾ രണ്ടാനച്ഛനോടുള്ള
നീരസവും അമ്മയോടുള്ള
സ്നേഹവും പണത്തിനായുള്ള
അപേക്ഷകളും നിറഞ്ഞതായിരുന്നു.
1857ൽ ഓപിക്
മരിച്ചതിനു ശേഷമാണ് അമ്മയും
മകനും തമ്മിലുള്ള ബന്ധത്തിൽ
മാറ്റം വരുന്നത്.
സങ്കീർണ്ണമായ
കുടുംബബന്ധങ്ങളുടെ ഈ
പശ്ചാത്തലത്തിലാണ്
ഫ്രഞ്ചുഭാഷയിലെതന്നെ ഏറ്റവും
നല്ല ചില കവിതകൾ എഴുതപ്പെട്ടത്.
ബോദ്‌ലേർ
തന്റെ ആദ്യകാലകവിതകൾ
പ്രസിദ്ധീകരിച്ചിരുന്നത്,
എന്തു
കാരണം കൊണ്ടെന്നറിയില്ല,
മറ്റു
പേരുകളിലാണ്.
അദ്ദേഹത്തിന്റെ
സ്വന്തം പേരിൽ പ്രത്യക്കപ്പെടുന്ന
ആദ്യത്തെ കവിത 1845
മേയ്
25ന്
L'Artisteയിൽ
പ്രസിദ്ധീകരിച്ച A
Une Dame Creole (ഒരു
ക്രിയോൾ സ്ത്രീയോട്)
എന്ന
ഗീതകമാണ്.
കപ്പൽയാത്രയിൽ
പരിചയപ്പെട്ട സൗന്ദര്യവതിയായ
മദാം ഓത്താർ ദ് ബ്രഗാറിൻ്റെ
‘വിളർത്ത ഊഷ്മളചർമ്മത്തെ’
ആഘോഷിക്കുന്നതാണ് കവിത.
സ്വന്തം
പേരു വച്ച് മറ്റൊരു കവിത
പുറത്തുവരുന്നത് ആറു കൊല്ലത്തിനു
ശേഷം 1851ലാണ്.
'ഒരു
കവിത പോലും പ്രസിദ്ധീകരിക്കാതെ
കവി എന്ന ഖ്യാതി നേടിയ ഒരാൾ'
എന്ന്
1852ൽ
എഴുതിയ ‘ചില പുതിയ
എഴുത്തുകാരെക്കുറിച്ച്’
എന്ന ലേഖനത്തിൽ പ്രറോങ്
(Prarond)
ബോദ്‌ലേറെക്കുറിച്ചു
പറയുന്നത് വസ്തുതാപരമായി
തെറ്റാണെങ്കിലും അദ്ദേഹത്തിന്റെ
വ്യക്തിത്വത്തിന്റെ ഒരു
വശത്തെ അത് നന്നായി വിവരിക്കുന്നുണ്ട്.
എടുത്തുപറയത്തക്ക
സാഹിത്യപരിശ്രമങ്ങളൊന്നും
അതേവരെ അവകാശപ്പെടാനില്ലെങ്കിലും
വശീകരിക്കുന്ന ഒരു വ്യക്തിത്വം
കൊണ്ട് അന്യരിൽ മതിപ്പുളവാക്കാനുള്ള
കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
പരിചയക്കാരെ
ഞെട്ടിക്കാനും അവരെ
ഒന്നു പരീക്ഷിക്കാനും വിചിത്രമായ
കഥകൾ പറഞ്ഞുണ്ടാക്കാനുള്ള
ഒരു സിദ്ധി അദ്ദേഹം നന്നായി
ഉപയോഗപ്പെടുത്തിയിരുന്നു.
ഉദാഹരണത്തിന്
അദ്ദേഹം സ്നേഹിതന്മാരെ
ഇടയ്ക്കിടയ്ക്കു
ചൊല്ലിക്കേൾപ്പിച്ചിരുന്ന
‘ദുഃസ്വപ്നം’ എന്ന കവിത ഒരു
സൈന്യമൊന്നാകെ
തന്റെ കാമുകിയെ ബലാല്ക്കാരം
ചെയ്യുന്നതു കണ്ടുനില്ക്കുന്ന
ഒരാളെക്കുറിച്ചാണ്.
റ്റി.എസ്.എലിയട്ട്
ആ സ്വഭാവവൈചിത്ര്യത്തെ ഇങ്ങനെ
കാണുന്നു:
ബോദ്‌ലേറുടെ
പ്രകൃതത്തിലെ രോഗാതുരത
അവഗണിക്കാൻ പറ്റില്ല.
ലോകത്തിന്റെ
കണ്ണിൽ,
സ്വകാര്യജീവിതത്തിന്റെ
പരിസരത്തിൽ,
തീർത്തും
വഴി പിഴച്ചതും അസഹനീയവുമായിരുന്നു
ബോദ്‌ലേറുടെ ജീവിതം.
നന്ദികേടും
മനുഷ്യപ്പറ്റില്ലായ്മയും
സിദ്ധിയായി കൊണ്ടുനടന്നിരുന്നയാൾ;
ഒരുവിധത്തിലും
അധികനേരം ആർക്കും സഹിക്കാൻ
പറ്റാത്ത ഒരാൾ,
എന്തും
കൊണ്ടുപോയിത്തുലയ്ക്കാൻ
പിടിവാശിയോടടുത്ത ദൃഢനിശ്ചയമെടുത്തയാൾ:
പണമുണ്ടെങ്കിൽ
ധൂർത്തടിക്കാൻ,
സുഹൃത്തുക്കളുണ്ടെങ്കിൽ
അവരെ വെറുപ്പിച്ചകറ്റാൻ,
എന്തെങ്കിലും
ഭാഗ്യം വന്നാൽ അതിനെ
പുച്ഛിച്ചുതള്ളാൻ.
വലിയ
ദൗർബ്ബല്യങ്ങളും വലിയ
കരുത്തുകളും തന്നിലുണ്ടെന്നറിയാവുന്ന
ഒരാളുടെ അഭിമാനമാണ്
അദ്ദേഹത്തിനുണ്ടായിരുന്നത്.
തന്റെ
ദൗർബ്ബല്യങ്ങളെ അതിജീവിക്കാൻ
കഴിവുണ്ടായാലും അതിനുള്ള
ക്ഷമയോ താല്പര്യമോ
അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മറിച്ച്,
സൈദ്ധാന്തികലക്ഷ്യത്തിനായി
അതിനെ ഉപയോഗപ്പെടുത്തുകയാണ്
അദ്ദേഹം ചെയ്തത്.
അങ്ങനെയൊരു
രീതിയുടെ ധാർമ്മികതയെക്കുറിച്ച്
എത്രയെങ്കിലും ചർച്ചകളാവാം;
എന്നാൽ
ബോദ്‌ലേറിനത് സ്വന്തം മനസ്സിനെ
മോചിപ്പിക്കാനും അദ്ദേഹം
നമുക്കു ശേഷിപ്പിച്ചുപോയ
പൈതൃകത്തിനും പാഠത്തിനുമുള്ള
വഴിയായിരുന്നു.
ബോദ്‌ലേർ
തന്റെ സാഹിത്യജീവിതത്തിന്റെ
ആദ്യകാലത്ത് കാവ്യേതരമായ
രചനകളുടെ പേരിലാണ്
അറിയപ്പെട്ടിരുന്നത്.
1847ൽ
ആത്മകഥാംശം കലർന്ന ലാ ഫൻഫർലോ
(La Fanfarlo) എന്ന
നോവെല്ല പുറത്തുവന്നു.
വിപ്ലവകരവും
പ്രവചനാത്മകവുമായ നിരീക്ഷണങ്ങൾ
കൊണ്ടു സമൃദ്ധമായ 1845ലെ
സലോൺ, 1846ലെ
സലോൺ എന്നീ കലാനിരൂപണലേഖനങ്ങൾ
ഇക്കാലത്തേതാണ്.
നിത്യജീവിതത്തിലെ
സാധാരണസന്ദർഭങ്ങളിലും ഒരു
ഹീറോയിസം അടങ്ങിയിട്ടുണ്ട്
എന്ന ആശയം അദ്ദേഹം ആദ്യമായി
അവതരിപ്പിക്കുന്നത് 1845ലെ
സലോണിലാണ്.
അതവസാനിക്കുന്നത്
ഇങ്ങനെയൊരു പ്രതീക്ഷയിലാണ്:
‘നാളെ
വീശാൻ പോകുന്ന കാറ്റിന്
ആരും കാതു കൊടുക്കുന്നില്ല,
എന്നാൽ,
ആധുനികജീവിതത്തിന്റെ
ഹീറോയിസം നമ്മെ വലയം ചെയ്യുകയും
കീഴമർത്തുകയുമാണ്...സമകാലികജീവിതത്തിന്റെ
ഐതിഹാസികസ്വഭാവത്തെ
ഗ്രഹിക്കാനറിയുകയും ടൈകൾക്കും
പോളിഷു ചെയ്ത ബൂട്ടുകൾക്കുമടിയിൽ
എത്ര മഹത്വവും കാവ്യാത്മകതയും
നിറഞ്ഞവരാണു നാമെന്ന് നിറവും
വരയും കൊണ്ട് നമ്മെ ബോധിപ്പിക്കാൻ
കഴിയുന്നവനുമായിരിക്കും
യഥാർത്ഥചിത്രകാരൻ.
പുതിയതിന്റെ
വരവാഘോഷിക്കുന്നതിന്റെ
ആഹ്ലാദം അടുത്ത കൊല്ലം നമുക്കു
ലഭിക്കട്ടെ എന്നു പ്രതീക്ഷിക്കുക.’
1859ലെ
സലോണിൽ വികസിച്ച്
1863ലെ
‘ആധുനികജീവിതത്തിന്റെ
ചിത്രകാര‘നിൽ (Le
Pentre de la vie modern) പൂർണ്ണരൂപം
പ്രാപിക്കുന്ന ബോദ്‌ലേറിന്റെ
കലാദർശനത്തിന്റെ ബീജരൂപം
1846ലെ
സലോണിൽ കാണാം.
കല
അദ്ദേഹത്തിന് ഒരാദർശമാണ്:
‘കല
അത്യനർഘമായ ഒരു കാര്യമാണ്;
ആദർശത്തിന്റെ
നൈസർഗ്ഗികമായ സന്തുലനത്തിലേക്ക്
ഉദരത്തെയും മനസ്സിനെയും
പുനഃസ്ഥാപിക്കുന്ന ഊഷ്മളമായ,
നവോന്മേഷം
പകരുന്ന പാനീയം.’
കല
നയിക്കുന്നത് ആദർശം (L'ideal)
എന്ന
അമൂർത്തതയിലേക്കാണെങ്കിലും
ഉദരം, പാനീയം
തുടങ്ങിയ പരാമർശങ്ങൾ
സൂചിപ്പിക്കുന്നത് മൂർത്തമായ
വിശേഷങ്ങളിലാണ് ആ അമൂർത്തതയുടെ
അടിസ്ഥാനം എന്നാണ്.
‘ആദർശം
എന്നത് അവ്യക്തമായ എന്തെങ്കിലുമല്ല,
അക്കാദമികളുടെ
മച്ചുരുമ്മി നീന്തിനടക്കുന്ന
വിരസവും തൊട്ടറിയാനില്ലാത്തതുമായ
സ്വപ്നമല്ല.‘
1846ലെ
സലോൺ എഴുതുന്ന കാലത്ത്
ബോദ്‌ലേർ വിശ്വസിച്ചിരുന്നത്
റൊമാന്റിസിസമാണ് ആ ആദർശത്തെ
പ്രതിനിധാനം ചെയ്യുന്നത്
എന്നാണ്. ആ
പാരമ്പര്യത്തിലെ ഏറ്റവും
നല്ല കലാകാരനായി
അദ്ദേഹം
യൂഷേൻ ദലക്വാ(Eugene
Delacroix) എന്ന
ചിത്രകാരനെ അവതരിപ്പിക്കുകയും
ചെയ്യുന്നു.
അതേ സമയം
റൊമാന്റിസിസത്തെ അതിവർത്തിക്കുന്ന
ഒരു കലാസിദ്ധാന്തത്തിന്റെ
തുടക്കവും അതിൽത്തന്നെ കാണാം.
സൗന്ദര്യം
കേവലവും വിശേഷവും,
നിത്യവും
ക്ഷണികവും അടങ്ങിയതാകണമെന്ന്
ബോദ്‌ലേർ നിർദ്ദേശിക്കുന്നു.
ഈ ‘വിശേഷം’
സമകാലികവും സാധാരണവുമായ
നഗരജീവിതത്തിൽ കണ്ടെടുക്കാമെന്നും
അദ്ദേഹം തുടർന്നു വിശദമാക്കുന്നുണ്ട്:
‘ഒരു
വൻനഗരത്തിന്റെ ഭൂഗർഭത്തിൽ
പൊന്തിക്കിടക്കുന്ന
ആയിരക്കണക്കിന് അസ്തിത്വങ്ങൾ
-കുറ്റവാളികളും
വെപ്പാട്ടികളും-
തെളിയിക്കുന്നത്
നമ്മുടെ ഹീറോയിസത്തെ തിരിച്ചറിയാൻ
നാമൊന്നു കണ്ണു തുറന്നാൽ
മാത്രം മതി എന്നാണ്‘
ആധുനികജീവിതത്തെ കലയുടെ
പ്രചോദനമായി കാണുന്ന ഈ ആശയം
അദ്ദേഹം പിന്നീട് ‘ആധുനികജീവിതത്തിന്റെ
ചിത്രകാരൻ’ എന്ന പ്രബന്ധത്തിൽ
കൂടുതൽ വികസിപ്പിക്കുന്നുണ്ട്.
വീട്ടുകാരുടെ
ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ
പാതിമനസ്സോടെയുള്ള
ശ്രമങ്ങൾക്കിടയിലും 1840കൾ
ഉടനീളം കവി എന്ന തന്റെ
നിയോഗത്തിനോടു പ്രതിജ്ഞാബദ്ധനായിരുന്നു
ബോദ്‌ലേർ.
ഒരു
ബൊഹീമിയനും ‘ഡാൻഡി’(dandy)യുമായി
ജീവിച്ചുകൊണ്ട് പരീസിയൻ
ജീവിതമെന്ന ‘കെട്ടുകാഴ്ച്ച’യിൽ
ആമഗ്നനാവുകയുമായിരുന്നു
അദ്ദേഹം.
ഇക്കാലത്താണ്
ഷാന് ദുവാൽ (Jeanne
Duval) എന്ന
സങ്കരവർഗ്ഗക്കാരിയുമായി
ദീർഘവും സങ്കീർണ്ണവുമായ ഒരു
ബന്ധത്തിനു തുടക്കമിടുന്നതും.
1845 ജൂൺ
30ന്,
‘1845ലെ
സലോൺ’ എഴുതിക്കഴിഞ്ഞ്,
ബോദ്‌ലേർ
ആൻസേലിന് ഷാന് ദുവാൽ വഴി ഒരു
കത്തു കൊടുത്തയച്ചു.
അതിന്റെ
നാടകീയമായ തുടക്കം ഇങ്ങനെയായിരുന്നു:
‘ഷാന്
ഈ കത്ത് താങ്കളുടെ കയ്യിൽ
എത്തിക്കുമ്പോഴേക്കും ഞാൻ
മരിച്ചിരിക്കും.
അവൾക്ക്
ഇതൊന്നുമറിയില്ല...’
കടങ്ങൾ
കാരണമല്ല താൻ ആത്മഹത്യ
ചെയ്യുന്നതെന്ന് തുടർന്നദ്ദേഹം
വിശദീകരിക്കുന്നു:
‘എന്നെക്കൊണ്ട്
ആർക്കും ഒരുപകാരവുമില്ല,
എനിക്കു
ഞാൻ അപകടകാരിയുമാണ്.’
എന്നാൽ
ബോദ്‌ലേറുടെ ചില സുഹൃത്തുക്കൾ
ഈ ആത്മഹത്യാശ്രമത്തെ വെറുമൊരു
കാല്പനികചേഷ്ടയായി
തള്ളിക്കളയുന്നുണ്ട്.
അതിന്റെ
സത്യം എന്തായാലും ബോദ്‌ലേറുടെ
അക്കാലത്തെ കത്തുകൾ
അന്നനുഭവിച്ചിരുന്ന
ഭൗതികപ്രയാസങ്ങളുടെ സൂചനകൾ
നിറഞ്ഞതാണ്:
വിടാതെ
പിന്നാലെ കൂടിയ കടക്കാർ,
പണത്തിനായി
ആൻസേലിനോടും അമ്മയോടുമുള്ള
നിരന്തരനിവേദനങ്ങൾ,
കൂടെക്കൂടെയുള്ള
താമസമാറ്റം,
പോലീസിനെ
ഭയന്നോ അതുമല്ലെങ്കിൽ അലക്കിയ
വസ്ത്രമില്ലാഞ്ഞിട്ടോ
പുറത്തിറങ്ങാൻ പറ്റാതെ വരിക.
ഇങ്ങനെയുള്ള
അനുഭവങ്ങളുടെ പാടു വീണവയാണ്
‘ഇരട്ടമുറി’ പോലെയുള്ള
ഗദ്യകവിതകൾ.
പൊടി
പിടിച്ചതും വക്കടർന്നതുമായ
മേശകസേരകളും പുകയും കനലുമില്ലാത്ത
അടുപ്പും ചില്ലുകളിൽ മഴ
വിരലോടിച്ച മ്ളാനമായ ജനാലകളും
കുത്തിവരച്ചതും മുഴുമിക്കാത്തതുമായ
കയ്യെഴുത്തുപ്രതികളും
അശുഭദിനങ്ങൾ പെൻസിൽ
കൊണ്ടടയാളപ്പെടുത്തിയ
കലണ്ടറുമൊക്കെയുള്ള ആ മുറിയിൽ
നിങ്ങൾ ശ്വസിക്കുന്നത്
നൈരാശ്യത്തിന്റെയും
വിഷാദത്തിന്റെയും ഈറൻ
നാറ്റമാണ്.
ഈ നാറ്റം
ബോദ്‌ലേറുടെ പല കവിതകളിലും,
‘തിന്മയുടെ
പൂക്ക’ളിലെ ‘സ്പ്ളീൻ’ ഭാഗത്തിൽ
പ്രത്യേകിച്ചും,
തങ്ങിനില്ക്കുന്നുണ്ട്.
1848
ബോദ്‌ലേറുടെ
ജീവിതത്തിലെ ഒരസാധാരണകാലത്തിന്റെ
തുടക്കമായിരുന്നു;
‘1848ലെ
എന്റെ ഉന്മാദം’ എന്ന് അദ്ദേഹം
തന്റെ ജേണലിൽ വിശേഷിപ്പിക്കുന്ന
ഒരു കാലഘട്ടം.
ബോദ്‌ലേർ-
ഒരു
ബൂർഷ്വാകുടുംബത്തിലെ സന്തതി,
മോടിയോടെ
വേഷം ധരിക്കുന്ന ഒരു വരേണ്യകവി,
കടുത്ത
രാജപക്ഷപാതിയായ കൗണ്ട് ഷോസെഫ്
ദ് മെസ്ത്ര് (Joseph
de Maistre)ൻ്റെയും അഭിജാതവീക്ഷണങ്ങൾ
പുലർത്തിയിരുന്ന എഡ്ഗാർ അലൻ
പോയുടേയും ആരാധകൻ-
ചക്രവർത്തിഭരണത്തിനന്ത്യം
കുറിച്ച 1848ലെ
ഫ്രഞ്ചുവിപ്ലവത്തിൽ പങ്കാളിയായി.
ഇക്കാലത്ത്
ബോദ്‌ലേർ കടുത്ത വിപ്ലവാഭിമുഖ്യം
പ്രകടിപ്പിച്ചിരുന്നു.
വിപ്ലവത്തിന്റെ
താത്വികമുഖങ്ങളിൽ പ്രമുഖനായിരുന്ന
പിയേർ ഷോസെഫ് പ്രൂഥോങ്ങിൻ്റെ
(Pierre-Joseph Pruthon)
ആശയങ്ങളോട്
അനുഭാവം പുലർത്തുകയും
താല്ക്കാലികഭരണകൂടത്തിന്റെ
രൂപീകരണത്തിനു ശേഷം ഒരു
വിപ്ലവപത്രം ആരംഭിക്കുന്നതിൽ
സഹകരിക്കുകയും ചെയ്യുക
മാത്രമല്ല,
ഫെബ്രുവരിയിലെയും
ജൂണിലെയും വിപ്ലവങ്ങളിൽ
പങ്കെടുക്കുകകൂടിച്ചെയ്തു
അദ്ദേഹം. ചില
സമകാലികർ രേഖപ്പെടുത്തിയതു
വിശ്വസിക്കാമെങ്കിൽ ‘നമുക്കു
ജനറൽ ഓപിക്കിനെ വെടിവച്ചിടാം,’
എന്നതായിരുന്നു
ഒരു യുദ്ധമുഖത്ത് അദ്ദേഹത്തിന്റെ
പോർവിളി!
അതേ
സമയം, വളരെ
സങ്കീർണ്ണമായ വ്യക്തിത്വമുള്ള
ഒരാളുടെ ജീവിതത്തെയും ചിന്തയേയും
വെറും രാഷ്ട്രീയതത്വസംഹിതയിലേക്കു
ചുരുക്കുക വലിയൊരു തെറ്റായിരിക്കും.
ആവേശത്തോടെതന്നെയാണ്
അദ്ദേഹം വിപ്ലവത്തിൽ
പങ്കെടുത്തതെങ്കിലും അത്
ഒരു സമത്വവാദിയുടെ
ആവേശമായിരുന്നിരിക്കണമെന്നില്ല;
രണ്ടാനച്ഛനുമായുള്ള
ബന്ധവും പ്രശസ്തമായ ആ പോർവിളിയും
തെളിവുകളാണെങ്കിൽ വ്യക്തിപരമായ
വികാരങ്ങൾക്കു കൂടി അവിടെ
പങ്കുണ്ട്.
തന്നെയുമല്ല,
ഭ്രാന്തു
പിടിച്ച ആ കാലത്തും അദ്ദേഹത്തിന്റെ
വിമർശനബുദ്ധിക്കും എതിരൻ
സ്വഭാവത്തിനും കുറവൊന്നും
ഉണ്ടായിരുന്നതുമില്ല.
ജേണലിൽ
അദ്ദേഹം തിരിഞ്ഞുനോക്കുന്നു:
‘ആ
ലഹരി എങ്ങനെയുള്ളതായിരുന്നു?
ഒരു
പ്രതികാരവാഞ്ഛ.
നശീകരണത്തിൽ
നിന്നു കിട്ടുന്ന നൈസർഗ്ഗികമായ
ആനന്ദം.’
1851ലെ
നെപ്പോളിയൻ ബോണപ്പാർട്ടിന്റെ
അട്ടിമറിക്കു ശേഷം ബോദ്‌ലേർ
രാഷ്ട്രീയത്തിൽ നിന്നു
പൂർണ്ണമായി പിന്തിരിഞ്ഞു.
എല്ലാത്തരം
സമത്വവാദങ്ങൾക്കും
സജീവരാഷ്ട്രീയപ്രവർത്തനങ്ങൾക്കും
എതിരായിരുന്നു പിന്നീടദ്ദേഹം.
ജേണലിൽ
ഒരിടത്ത് അദ്ദേഹം ഇങ്ങനെ
രേഖപ്പെടുത്തുന്നു:
‘യുക്തിഭദ്രവും
സുരക്ഷിതവുമായ ഒരു ഭരണകൂടമുണ്ടെങ്കിൽ
അത് പ്രഭുഭരണം മാത്രമാണ്.
ജനാധിപത്യത്തിൽ
അധിഷ്ഠിതമായ ഒരു രാജഭരണമോ
റിപ്പബ്ലിക്കോ ഒരേപോലെ
യുക്തിഹീനവും ബലഹീനവും
ആയിരിക്കും.'
എന്നാൽ
മറ്റൊരിടത്ത്
'രാഷ്ട്രീയസ്ഥാപനങ്ങളിലൂടെയായിരിക്കില്ല
സാർവ്വത്രികമായ നാശമോ
സാർവ്വത്രികമായ പുരോഗതിയോ
പ്രകടമാവുക.
ഹൃദയത്തിൻ്റെ
അപകർഷത്തിലൂടെയാവും അതു
സംഭവിക്കുക,'
എന്നദ്ദേഹം
ഹതാശനാവുന്നുമുണ്ട്.
1850കൾ
ഒരു സാഹിത്യകാരൻ എന്ന
വ്യക്തിത്വത്തിലേക്ക്
ബോദ്‌ലേറെ രൂപപ്പെടുത്തിയ
വർഷങ്ങളായിരുന്നു.
‘തിന്മയുടെ
പൂക്കളിൽ’ (Les
Fleurs du mal) പിന്നീടുൾപ്പെടുത്തിയ
11 കവിതകൾ
1851ൽ
പ്രസിദ്ധീകരിച്ചു.
1851ൽ പിയേർ
ദുപോങ്ങിന്റെ പുസ്തകത്തിനെഴുതിയ
വിശദമായ അവതാരിക കവിതയുടെ
ഒരു മാനിഫെസ്റ്റോ തന്നെയായിരുന്നു.
അതവസാനിക്കുന്നത്
ഇങ്ങനെയാണ്:
‘മഹത്തായൊരു
ഭാഗധേയം കവിതയെ കാത്തുകിടക്കുന്നു.
സന്തുഷ്ടമോ
നിരാശാഭരിതമോ ആവട്ടെ,
കവിത
അതിനുള്ളിൽ ദിവ്യവും ഉട്ടോപ്യനുമായ
അതിന്റെ സഹജപ്രകൃതി
കാത്തുസൂക്ഷിക്കുന്നുണ്ട്.
അത്
യാഥാർത്ഥ്യവുമായി
നിരന്തരനിഷേധത്തിലാണ്;
അങ്ങനെയായില്ലെങ്കിൽ
അതിനു പിന്നെ അസ്തിത്വവുമില്ലല്ലോ.
തടവറയിൽ
കവിത കലാപമാകുന്നു.
ആശുപത്രിജനാലയ്ക്കൽ
ആരോഗ്യത്തിനായുള്ള ഉത്കടമോഹമാണത്;
പൂതലിച്ചതും
അഴുക്കു പിടിച്ചതുമായ
മച്ചുമ്പുറത്തെ മുറിയിൽ
സൗന്ദര്യവും ഐശ്വര്യവും
തികഞ്ഞ ഒരു ദേവതയെപ്പോലെ
കവിത സ്വയം അണിഞ്ഞൊരുങ്ങുന്നു.
കവിത
സ്ഥിരീകരിക്കുക മാത്രമല്ല,
പരിഹരിക്കുകയും
ചെയ്യുന്നു.
കവിത
എവിടെയും അനീതിയെ നിഷേധിക്കുന്നു.’
ഉട്ടോപ്യൻ
സ്വപ്നങ്ങളിലൂടെ സാമൂഹികയാഥാർത്ഥ്യങ്ങൾ
പരിഹരിക്കാം എന്ന വിശ്വാസം
വിപ്ലവത്തെത്തുടർന്നുണ്ടായ
നെപ്പോളിയന്റെ അട്ടിമറിയോടെ
ദുർബ്ബലമായെങ്കിലും കവിതയും
കലാപവും തമ്മിലുള്ള
ബന്ധത്തെക്കുറിച്ചുള്ള ബോധം
ഒരിക്കലും അദ്ദേഹം
കൈവെടിഞ്ഞില്ല.
1847ലാണ്
ബോദ്‌ലേർ എഡ്ഗാർ അലൻ പോയെ
കണ്ടെത്തുന്നത്.
അദ്ദേഹം
ചെയ്ത പരിഭാഷകൾ ഇന്ന് ഫ്രഞ്ച്
ഭാഷയിലെ ക്ലാസ്സിക്കുകളാണ്.
പരിഭാഷയുടെ
വിശദാംശങ്ങളിൽ ശ്രദ്ധാലുവായിരുന്ന
ബോദ്‌ലേർ നാവികജീവിതവുമായി
ബന്ധപ്പെട്ട വാക്കുകളുടെ
സംശയനിവാരണത്തിനായി ഇംഗ്ലീഷ്
സംസാരിക്കുന്ന നാവികരെ
തേടിനടക്കുമായിരുന്നുവത്രെ.
1852 മാർച്ചിൽ
എഡ്ഗാർ അലൻ പോയെക്കുറിച്ചുള്ള
ആദ്യത്തെ പ്രധാനപ്പെട്ട
പഠനവും പുറത്തുവന്നു.
‘എഡ്ഗാർ
അലൻ പോ: ജീവിതവും
കൃതികളും’ മുന്നോട്ടുവയ്ക്കുന്ന
വീക്ഷണങ്ങളിൽ ദ് മെസ്ത്രിൻ്റെയും
അലൻ പോയുടേയും സ്വാധീനം വളരെ
പ്രകടമാണ്:
ആദിപാപത്തിലുള്ള
വിശ്വാസം,
'ശേഷികളുടെ
റാണി' എന്ന്
ബോദ്‌ലേർ വിളിക്കുന്ന
ഭാവനയിലുള്ള വിശ്വാസം,
സൗന്ദര്യോപാസനയോടും
കവിത കവിതയ്ക്കു വേണ്ടി എന്ന
ആശയത്തോടുമുള്ള ആഭിമുഖ്യം;
പ്രകൃതിയോടും
പുരോഗതിയോടുമുള്ള വിദ്വേഷം.
1856ൽ
പ്രസിദ്ധീകരിച്ച പോയുടെ
കഥകളുടെ വിവർത്തനമായ ‘Histoires
extraordinairesനെഴുതിയ
ദീർഘമായ ആമുഖം താൻ അത്രമേൽ
താദാത്മ്യം പ്രാപിച്ച ആ
അമേരിക്കൻ എഴുത്തുകാരന്റേതെന്നപോലെ
തന്റെയും വ്യത്യസ്തമായ
കലാദർശനത്തിന്റെ പ്രകാശനമായിട്ടാണ്
ബോദ്‌ലേർ ഉപയോഗിച്ചത്.
ഒരെഴുത്തുകാരന്
തന്റെ ദൈനന്ദിനജീവിതത്തിന്റെ
വിരസാവസ്ഥയെ ഭേദിക്കാനുള്ള
വഴികളെക്കുറിച്ച് അദ്ദേഹം
അതിൽ ആലോചിക്കുന്നു;
പ്രഭാതത്തിൽ
എഴുന്നേറ്റുവരുമ്പോൾ നിറങ്ങൾ
കൂടുതൽ തെളിച്ചത്തോടെ
എഴുന്നുനില്ക്കണം,
ശബ്ദങ്ങൾ
കൂടുതൽ വ്യക്തമായി കാതിൽ
വീഴണം, മനസ്സ്
കൂടുതൽ തീക്ഷ്ണമായി പ്രവർത്തിക്കണം.
ആദൃശമുഹൂർത്തങ്ങൾ
പോ വിളിച്ചുവരുത്തിയത്
മദ്യത്തിലൂടെയാണെന്ന് ബോദ്‌ലേർ
പറയുന്നു.
ചിന്തയുടേയും
യുക്തിയുടേയും ചില ചങ്ങലകളഴിക്കാൻ
ലഹരി പിടിച്ച ഒരവസ്ഥയിലേ
അദ്ദേഹത്തിനു കഴിയുമായിരുന്നുള്ളു.
ഈ വാദം
ബോദ്‌ലേർ പിന്നീട്
‘കൃത്രിമസ്വർഗ്ഗങ്ങൾ‘
(Les paradis artificiels)
എന്ന
കൃതിയിൽ
കൂടുതൽ വികസിപ്പിക്കുന്നുണ്ട്.
ഒരു
സാഹിത്യരചന സൃഷ്ടിക്കുന്ന
’പ്രഭാവത്തിന്റെ സാകല്യ‘ത്തെക്കുറിച്ചു
വിശദീകരിക്കാനും ബോദ്‌ലേർ
തന്റെ പോ ലേഖനം ഉപയോഗപ്പെടുത്തുന്നു.
സിദ്ധിമാനാനായ
ഒരെഴുത്തുകാരൻ വായനക്കാരനിൽ
താൻ സൃഷ്ടിക്കാൻ പോകുന്ന
പ്രഭാവം മുൻകൂട്ടിക്കാണുകയും
ആ ലക്ഷ്യം കൈവരിക്കുന്നതിനേറ്റവും
അനുയോജ്യമായ പ്രമേയങ്ങളും
സംഭവങ്ങളും ചിന്തിച്ചെടുക്കുകയും
ചെയ്യുന്നു.
'...കലാകാരൻ,
വിദഗ്ധനാണയാളെങ്കിൽ,
തന്റെ
ആശയങ്ങളെ സംഭവങ്ങൾക്കനുരൂപമാക്കുകയല്ല
ചെയ്യുക;
മറിച്ച്,
അയാൾ
ആദ്യം താൻ ജനിപ്പിക്കാൻ
ലക്ഷ്യമിടുന്ന പ്രഭാവത്തെ
ദീർഘമായും സാവകാശമായും
പര്യാലോചന ചെയ്ത് ഉള്ളിൽ
രൂപപ്പെടുത്തുന്നു;
എന്നിട്ട്
ആ ഉദ്ദിഷ്ടപ്രഭാവം കൈവരിക്കുന്നതിനുള്ള
സംഭവങ്ങൾക്ക് മനസ്സിൽ രൂപം
നല്കുന്നു,
അവയെ
ഒരു പരമ്പരയായി അടുക്കിയെടുക്കുന്നു.
വായിച്ചുകഴിഞ്ഞാൽ
വായനക്കാരന്റെ മനസ്സിൽ എന്തു
മുദ്ര പതിയണം എന്ന് മുന്നേകൂട്ടി
കണ്ടിട്ടല്ല ആദ്യത്തെ വാക്യം
എഴുതിയതെങ്കിൽ ആ രചന തുടക്കത്തിലേ
പരാജയപ്പെട്ടുകഴിഞ്ഞു.
ഒരു
രചനയിലുടനീളം ഒറ്റ വാക്കു
പോലും കടന്നുകൂടാൻ അനുവദിക്കരുത്,
ഉദ്ദിഷ്ടമല്ലാത്തത്,
മുൻകൂട്ടി
നിശ്ചയിച്ച രൂപകല്പന
പൂർത്തീകരിക്കുന്നതിലേക്ക്
പ്രത്യക്ഷമായോ പരോക്ഷമായോ
ഉദ്യമിക്കുന്നതല്ലാത്തത്.'
കലയുടെ
ധർമ്മത്തെക്കുറിച്ചും സത്യവും
ധാർമ്മികതയുമായി അതിനുള്ള
ബന്ധത്തെക്കുറിച്ചുമാണ്
തുടർന്ന് ബോദ്‌ലേർ
ആലോചിക്കുന്നത്. കവിതയുടെ
വിഷയം അറിവോ ധാർമ്മികതയോ
അല്ല,
അതിന്റെ
വിഷയം അതു മാത്രമാണ്.
അതിനർത്ഥം
കവിത ധാർമ്മികമാകരുത് എന്നല്ല;
ധാർമ്മികതയെ
അല്ല,
സൗന്ദര്യത്തെ
കേന്ദ്രബിന്ദു ആക്കിയിട്ടാണ്
അത് ധാർമ്മികമാകുന്നത്;
വിരസമായ
നിത്യസാധാരണതയിൽ നിന്ന്
വായനക്കാരന്റെ ആത്മാവിനെ
ഉയർത്തി കൂടുതൽ പൂർണ്ണമായ
ഒരു പ്രപഞ്ചത്തിന്റെ ക്ഷണികദർശനം
നല്കുകയാണത്.
'...കവിതയിൽ
നിന്നും കവിതയിലൂടെയും
സംഗീതത്തിൽ നിന്നും
സംഗീതത്തിലൂടെയുമാണ്
ശവകുടീരത്തിനുമപ്പുറത്തുള്ള
പൊലിമകളെക്കുറിച്ച് ആത്മാവിന്
മങ്ങിയ ഒരകലക്കാഴ്ച്ച
കിട്ടുന്നത്.
ഒരു
വിശിഷ്ടകവിത നമ്മളെ കണ്ണീരിന്റെ
വക്കത്തെത്തിക്കുമ്പോൾ ആ
കണ്ണീർത്തുള്ളികൾ തെളിവാകുന്നത്
അമിതമായ ഒരാനന്ദത്തിനല്ല;
മറിച്ച്,
അവ
സാക്ഷ്യപ്പെടുത്തുന്നത്
നമ്മളിൽ പിടഞ്ഞുണർന്ന ഒരു
വിഷാദത്തെയാണ്,
നമ്മുടെ
ഞരമ്പുകളുടെ ഒരു തിടുക്കത്തെയാണ്,
അപൂർണ്ണതകൾക്കിടയിലേക്കു
നാടു കടത്തപ്പെട്ട ഒരു
പ്രകൃതത്തെയാണ്;
ക്ഷണികദർശനം
ലഭിച്ച ഒരു പറുദീസയെ,
ഈ
ഭൂമിയിൽ വച്ച്,
ഇപ്പോൾത്തന്നെ
സ്വന്തമാക്കാൻ മോഹിക്കുന്ന
നമ്മുടെ പ്രകൃതത്തെയാണ്.
'
1853ൽ
ഫെർണാന്റ് ഡിസ്നോയേഴ്സ് എന്ന
25കാരൻ
കവി (തന്റെ
തലമുറയിലെ ഏറ്റവും വലിയ
കവികളിൽ ഒരാളാണു താനെന്ന്
സ്വയം വിശ്വസിച്ചുപോരുന്നയാളുമായിരുന്നു
ഇദ്ദേഹം)
പ്രകൃതിസ്നേഹിയായ
സി.എഫ്.ഡീൻകോറിനുള്ള
ആദരസൂചകമായി താൻ എഡിറ്റു
ചെയ്യുന്ന സമാഹാരത്തിലേക്ക്
കവിതകൾ ചോദിച്ചപ്പോൾ ബോദ്‌ലേർ
നല്കിയ മറുപടിയിൽ നിറഞ്ഞുനില്ക്കുന്നത്
അദ്ദേഹത്തിന്റെ പ്രസിദ്ധമായ
പ്രകൃതിവിരോധമാണ്:
‘നിങ്ങളുടെ
സമാഹാരത്തിലേക്കു കവിതകൾ
വേണമെന്നാണോ നിങ്ങൾ പറയുന്നത്,
പ്രകൃതിയെക്കുറിച്ചുള്ള
കവിതകൾ?
കാടുകളേയും
വലിയ ഓക്കുമരങ്ങളേയും
പച്ചപ്പിനേയും കീടങ്ങളേയും
കുറിച്ചുള്ള കവിതകൾ?
എനിക്കു
തെറ്റു പറ്റിയിട്ടില്ലെങ്കിൽ,
സൂര്യനെക്കുറിച്ചും?
എന്നാൽ
സസ്യലോകം എന്റെ ഹൃദയത്തെ
ഒരുതരത്തിലും സ്പർശിക്കാറില്ലെന്നും
ഈ വിചിത്രമായ മതം എന്റെ
ആത്മാവിനഹിതമാണെന്നും
നിങ്ങൾക്കറിയാവുന്നതല്ലേ?
ദേവന്മാർ
മരങ്ങളിലാണു കുടി കൊള്ളുന്നതെന്നു
വിശ്വസിക്കാൻ എനിക്കൊരിക്കലും
കഴിയില്ല;
ഇനി
കഴിഞ്ഞാൽത്തന്നെ അതെനിക്കു
വലിയ കാര്യമായി തോന്നുകയുമില്ല.
ദിവ്യവൃക്ഷങ്ങളേക്കാൾ
പ്രധാനമായി ഞാൻ പരിഗണിക്കുക
എന്റെ സ്വന്തം ആത്മാവിനെയാണ്...’
1863ൽ
പ്രസിദ്ധീകരിച്ച ‘ആധുനികജീവിതത്തിന്റെ
ചിത്രകാരൻ’ എന്ന ലേഖനത്തിലും
പ്രകൃതി,
സൗന്ദര്യം,
നന്മ
എന്നിവ തമ്മിലുള്ള
ബന്ധത്തിലേക്ക് ബോദ്‌ലേർ
തിരിച്ചുപോകുന്നുണ്ട്.
‘സൗന്ദര്യത്തെക്കുറിച്ചുള്ള
എല്ലാ അബദ്ധചിന്തകളുടേയും
ഉറവിടം ധാർമ്മികതയെപ്പറ്റി
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന
തെറ്റായ ധാരണയാണ്.
അക്കാലത്ത്
പ്രകൃതിയെ ഗണിച്ചിരുന്നത്
എല്ലാ സൗന്ദര്യത്തിന്റെയും
നന്മയുടേയും ആധാരവും ഉത്ഭവവും
പ്രാഗ്രൂപവുമായിട്ടാണ്.
ആ
കാലഘട്ടത്തിലെ പൊതുവായ
ആന്ധ്യത്തിന് ആദിപാപത്തിന്റെ
തിരസ്കാരവും ചെറുതല്ലാത്ത
പങ്കു വഹിച്ചിട്ടുണ്ട്.
എന്നാൽ
നമ്മുടെ മുഖത്തു തുറിച്ചുനോക്കുന്ന
വസ്തുതകളെ,
എല്ലാക്കാലത്തെയും
അനുഭവങ്ങളെ,
ഒന്നോടിച്ചുനോക്കിയാൽ
മതി, പ്രകൃതി
നമ്മെ ഒന്നുംതന്നെ
പഠിപ്പിക്കുന്നില്ലെന്ന്
നമുക്കു പെട്ടെന്നു മനസ്സിലാകും;
എന്നു
പറഞ്ഞാൽ തിന്നാനും കുടിക്കാനും
ഉറങ്ങാനും മോശമായ കാലാവസ്ഥയിൽ
നിന്ന് ആകും വിധം സ്വയം
രക്ഷിക്കാനുമാണ് പ്രകൃതി
മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
പ്രകൃതി
തന്നെയാണ് സ്വന്തം സഹജീവിയെ
കൊല്ലാനും തിന്നാനും തടവിലിടാനും
പീഡിപ്പിക്കാനും മനുഷ്യനെ
നിർബ്ബന്ധിക്കുന്നത്;
എന്തെന്നാൽ
ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞു
നാമെത്തുന്ന ആഡംബരത്തിന്റെയും
സുഖത്തിന്റെയും മണ്ഡലത്തിൽ
പ്രകൃതി നമുക്കുപദേശിക്കുന്നത്
കുറ്റകൃത്യമാണ്.
അപ്രമാദിത്വം
കല്പിക്കപ്പെടുന്ന പ്രകൃതിയാണ്
മനുഷ്യനെ പിതൃഘാതകനും
നരഭോജിയുമാക്കുന്നത്,
ആയിരക്കണക്കിനു
മറ്റു ജുഗുപ്സകളിലേക്ക് അവനെ
നയിക്കുന്നത്.
എന്നാൽ
ദരിദ്രരും ആരോഗ്യം ക്ഷയിച്ചവരുമായ
നമ്മുടെ അച്ഛനമ്മമാരെ
സംരക്ഷിക്കാൻ നമ്മോടനുശാസിക്കുന്നത്
തത്ത്വശാസ്ത്രമാണ് (ശരിയായതിന്റെ
കാര്യമാണ് ഞാൻ പറയുന്നത്),
മതമാണ്.
പ്രകൃതി
(എന്നു
പറഞ്ഞാൽ നമ്മുടെ ഉള്ളിലിരുന്ന്
നമ്മളെ പ്രേരിപ്പിക്കുന്ന
സ്വാർത്ഥത)
നമ്മളോടു
പറയുന്നത് അവരെ തലക്കടിച്ചു
വീഴ്ത്താനാണ്.
പ്രാകൃതികമെന്നു
പറയുന്ന സർവ്വതിനേയും,
തീർത്തും
പ്രാകൃതികനായ മനുഷ്യന്റെ
പ്രവൃത്തികളേയും ആഗ്രഹങ്ങളേയും,
നിരൂപണം
ചെയ്യുക,
വിശകലനം
ചെയ്യുക:
ബീഭത്സമല്ലാത്തതൊന്നും
നിങ്ങൾ കണ്ടെത്തില്ല.
സുന്ദരവും
കുലീനവുമായതെന്തും യുക്തിയുടേയും
കണക്കുകൂട്ടലിന്റെയും
ഉല്പന്നമാണ്.
അമ്മയുടെ
ഗർഭപാത്രത്തിൽ വച്ചേ മനുഷ്യൻ
എന്ന മൃഗത്തിനു രുചി പിടിച്ച
കുറ്റവാസന പ്രകൃതിജന്യമാണ്.
മറിച്ച്
നന്മയാവട്ടെ,
കൃത്രിമമാണ്,
പ്രകൃത്യതീതമാണ്,
മൃഗതുല്യമായ
മനുഷ്യജാതിയെ അതു പഠിപ്പിക്കാൻ
ഏതു കാലത്തും ഏതു ദേശത്തും
ദൈവങ്ങളും പ്രവാചകന്മാരും
വേണ്ടിവന്നിരുന്നു എന്നതിനാൽ,
സ്വന്തനിലയ്ക്ക്
അതു കണ്ടെത്താൻ മനുഷ്യനു
കഴിവുണ്ടാകില്ല എന്നതിനാൽ.
തിന്മ
ആയാസരഹിതമായി,
പ്രാകൃതികമായി,
ചെയ്യാവുന്നതാണ്,
അത്
വിധിയുടെ പ്രവൃത്തിയാണ്;
എന്നാൽ
നന്മ എപ്പോഴും ഒരു കലയുടെ,
ഒരു
വിദ്യയുടെ ഉല്പന്നവുമാണ്..‘
1855ലാണ്
‘തിന്മയുടെ പൂക്കൾ’ എന്ന
പേരിൽ ആദ്യമായി 18
കവിതകൾ
ഒരു മാസികയിൽ പ്രസിദ്ധീകരിക്കുന്നത്.
അതേ വർഷം
തന്നെ രണ്ടു ഗദ്യകവിതകളും
പ്രസിദ്ധീകരിച്ചു.
‘തിന്മയുടെ
പൂക്കളുടെ’ ഒന്നാം പതിപ്പ്
1857 ജൂൺ
28ന്
ഓഗ്യൂസ്ത് പൂലേ-മലസ്സി
(Auguste Poulet-Malassis)
എന്ന
ചെറിയ പ്രസാധകൻ വഴി പുറത്തുവന്നു.
അദ്ദേഹത്തിന്റെ
പോ വിവർത്തനം മറ്റൊരു വലിയ
പ്രസാധകരാണ് പ്രസിദ്ധീകരിച്ചതെങ്കിലും
കവിതകളുടെ പ്രസിദ്ധീകരണത്തിന്
ഒരു ചെറിയ സ്ഥാപനത്തെ
തിരഞ്ഞെടുത്തത് പുസ്തകത്തിന്റെ
ഗുണമേന്മയെക്കുറിച്ചുള്ള
കരുതൽ കാരണമായിരുന്നു.
ഒരു
കോമയുടെ സ്ഥാനത്തെക്കുറിച്ചുപോലും
അദ്ദേഹം നിർബ്ബന്ധബുദ്ധിക്കാരനായിരുന്നുവെന്നും
അച്ചടിയുടെ പുരോഗതി ഓരോ
ഘട്ടത്തിലും നിരീക്ഷിക്കാൻ
പ്രസ്സിനടുത്തേക്ക് അദ്ദേഹം
താമസം മാറ്റി എന്നുമാണ്
പറയപ്പെടുന്നത്.
ബോദ്‌ലേർ
നിർദ്ദേശിക്കുന്ന ഏതു തിരുത്തും
ഉൾക്കൊള്ളാൻ പ്രസാധകനും
തയ്യാറായിരുന്നു;
പൂലെ-മലാസ്സി
കവിയുടെ ഏതാഗ്രഹവും
സാധിച്ചുകൊടുക്കുന്ന
സ്നേഹിതനുമായി.
പില്ക്കാലത്തു
പാപ്പരാവുകയും സ്വന്തം
കടങ്ങളുടെ പേരിൽ ജയിലിലാവുകയും
ചെയ്തിട്ടും ബോദ്‌ലേറുടെ
സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ
അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു;
തന്റെ
ചില കൃതികളുടെ നിയമപരമായ
അവകാശം മറ്റൊരു പ്രസാധകന്
എഴുതിവച്ചു എന്നറിഞ്ഞിട്ടും
ബ്രസ്സൽസിൽ ബോദ്‌ലേറുടെ
രോഗകാലത്ത് അദ്ദേഹത്തെ
പരിചരിക്കാൻ പൂലെ-മലാസ്സി
അടുത്തുണ്ടായിരുന്നു;
അവസാനകാലത്ത്
തന്റെ സമ്പൂർണ്ണകൃതികൾ
പ്രസിദ്ധീകരിക്കാൻ ബോദ്‌ലേർ
ലെവി (Levy) എന്ന
പ്രസാധകനെ തിരഞ്ഞെടുത്തപ്പോഴും
അതിന്റെ വിജയത്തിനായി എല്ലാ
പിന്തുണ നല്കുകയും തനിക്കു
മാത്രം പകർപ്പവകാശമുണ്ടായിരുന്ന
കൃതികൾ കൂടി ആ സമാഹാരത്തിന്റെ
സമഗ്രതയ്ക്കു വേണ്ടി കയ്യൊഴിയുകയും
ചെയ്തു ഈ ചെറിയ പ്രസാധകൻ.
1857
ജൂലൈയിൽ,
‘തിന്മയുടെ
പൂക്കൾ’ പുറത്തുവന്ന് ഒരു
മാസം കഴിഞ്ഞപ്പോൾ,
ആഭ്യന്തരവകുപ്പിന്റെ
സാമൂഹ്യസുരക്ഷാവിഭാഗം
പുസ്തകത്തിനെതിരെ ഒരു
റിപ്പോർട്ട് തയാറാക്കി.
മതത്തിനും
സദാചാരത്തിനും എതിരാണ് ആ
സമാഹാരത്തിലെ 13
കവിതകൾ
എന്നായിരുന്നു കുറ്റാരോപണം.
മുമ്പൊരിക്കൽ
തന്റെ സാമ്പത്തികകാര്യങ്ങൾ
നിയന്ത്രിക്കാൻ കോടതി ഒരു
ഉപദേഷ്ടാവിനെ ഏർപ്പെടുത്തിയപ്പോൾ
അതിനെ എതിർക്കാൻ നില്ക്കാതെ
വഴങ്ങിക്കൊടുത്ത ബോദ്‌ലേർ
പക്ഷേ ഇപ്പോൾ തന്റെ ഭാഗം
വാദിക്കാൻ തന്നെ തീരുമാനിച്ചു.
ഗവണ്മെന്റിനു
മുന്നിൽ തന്റെ ഭാഗം ന്യായീകരിക്കാൻ
അദ്ദേഹം നിയോഗിച്ചത് അപ്പോലോനീ
സബാത്തിയേ (Apollonie
Sabatier) എന്ന
സ്ത്രീയെയാണ്.
1852 മുതൽ
അദ്ദേഹം ഇവർക്ക് പേരു വയ്ക്കാതെ
കത്തുകളും കവിതകളും
അയക്കാറുണ്ടായിരുന്നു.
‘തിന്മയുടെ
പൂക്കളി’ലെ മൂന്നാമത്തെ
കാവ്യദേവതയായ ഈ 'വെളുത്ത
വീനസ്സിന്'
(ഷീന്
ദുവാലായിരുന്നു 'കറുത്ത
വീനസ്') വലിയ
രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നില്ല;
സദാചാരത്തെക്കുറിച്ച്
ബോദ്‌ലേറുടെ വാദങ്ങൾക്കു
വിശ്വാസ്യത പകരുന്ന
വിധത്തിലായിരുന്നില്ല
സമൂഹത്തിൽ അവരുടെ സംശയാസ്പദമായ
നിലയും.
വിചാരണക്കോടതിക്കു
മുന്നിൽ ബോദ്‌ലേറുടെ വാദമുഖങ്ങൾ
ഇങ്ങനെയായിരുന്നു:
വായനക്കാരന്
ദുർമ്മാർഗ്ഗത്തോടു വികർഷണം
തോന്നുന്ന വിധത്തിലാണ് താൻ
അതിനെ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്;
കവിതകൾ
വലിയൊരു സമാഹാരത്തിന്റെ
ഭാഗമായി,
അതുദ്ദേശിച്ചിരിക്കുന്ന
ക്രമത്തിൽ വായിച്ചാൽ അവയുടെ
ധാർമ്മികമായ ഔചിത്യം സ്പഷ്ടമാകും;
തന്റെ
മുൻഗാമികളായ ആൽഫ്രേദ് ദ്
മ്യുസ്സെ (Alfred
de Musset), പിയേർ
ഷാങ് ബേറോങ്ഷേ (Pierre-Jean
Beranger), ഷോർഷ്
സോങ് (George Sand),
ഓനേറേ
ദ് ബൽസാക്ക് (Honore
de Balzac) തുടങ്ങിയവർ
ഇതിനേക്കാൾ പ്രകോപനപരമായ
രീതിയിൽ എഴുതിയിട്ടും
അവർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.
ബോദ്‌ലേറുടെ
വക്കീൽ ഊന്നൽ കൊടുത്തത് ഈ
മൂന്നാമത്തെ വാദത്തിനാണ്;
അതു
നിരാകരിക്കാൻ കോടതിക്ക്
രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.
ആറു
കവിതകൾക്കു മേൽ കുറ്റാരോപണം
നിലനില്ക്കുമെന്ന് കോടതി
വിധിച്ചു (1949
മേയ്
31നാണ്
അവയുടെ വിലക്ക് നിയമപരമായി
നീങ്ങുന്നത്),
ബോദ്‌ലേറും
എഡിറ്റർമാരും 300
ഫ്രാങ്ക്
പിഴയൊടുക്കണമെന്നും കോടതി
വിധിച്ചു.
വിചിത്രമായ
ആ കവിതാവിചാരണയ്ക്കു ശേഷമുള്ള
തന്റെ മാനസികനിലയെ 1857
ഡിസംബർ
ഒടുവിൽ അമ്മയ്ക്കെഴുതിയ ഒരു
കത്തിൽ ബോദ്‌ലേർ തുറന്നുകാണിക്കുന്നുണ്ട്:
‘ഞാനെത്തിപ്പെട്ടിരിക്കുന്ന
അവസ്ഥ എന്നെ വല്ലാതെ
ആശ്ചര്യപ്പെടുത്തുന്നു,
അതെന്നെ
പേടിപ്പെടുത്തുകയും ചെയ്യുന്നു.
എനിക്കിവിടെ
നിന്നൊരു മാറ്റം വേണോ?
എനിക്കറിയില്ല.
എന്റെ
ശരീരത്തെ ബാധിച്ച രോഗം എന്റെ
മനസ്സിനേയും ഇച്ഛാശക്തിയേയും
കാർന്നുതിന്നുകയാണോ അതോ
ആത്മീയഭീരുത്വം ശരീരത്തെ
ക്ഷയിപ്പിക്കുകയോ?
എനിക്കറിയില്ല.
എന്നാൽ
ഞാൻ അനുഭവിക്കുന്നത് വിപുലമായ
ഒരു വിഷാദമാണ്,
താങ്ങാൻ
പറ്റാത്ത ഒറ്റപ്പെടലിന്റെ
ഭാരമാണ്,
അവ്യക്തമായ
ഏതോ ദൗർഭാഗ്യത്തെക്കുറിച്ചുള്ള
മാറാത്ത പേടിയാണ്,
എനിക്കൊരു
ബലവുമില്ലെന്ന തോന്നലാണ്,
ഒരാഗ്രഹവും
തോന്നാത്ത അവസ്ഥയാണ്,
എന്തിലെങ്കിലും
മാനസികോല്ലാസം കണ്ടെത്താൻ
പറ്റായ്കയാണ്.
എന്റെ
പുസ്തകത്തിന്റെ വിചിത്രമായ
വിജയവും അതുണ്ടാക്കിയ വിദ്വേഷവും
അല്പകാലത്തേക്ക് എനിക്കൊരു
കൗതുകമുണ്ടാക്കിയെങ്കിലും
പിന്നീടു ഞാൻ വീണ്ടും പഴയ
അവസ്ഥയിലേക്കു ചടഞ്ഞുവീണു...’
എന്നാൽ
1858 ഫെബ്രുവരി
ആയപ്പോഴേക്കും ഈ മാനസികനിലയിൽ
നിന്ന് അദ്ദേഹം മോചിതനാവുന്നുണ്ട്.
ഇക്കാലത്ത്
അമ്മയ്ക്കെഴുതിയ കത്തിൽ
തന്റെ പുതിയ പദ്ധതികളെക്കുറിച്ച്
അദ്ദേഹം ഇങ്ങനെ വാചാലനാവുന്നു:
‘എന്റെ
തലയ്ക്കുള്ളിൽ ഇരുപതു നോവലുകളും
രണ്ടു നാടകങ്ങളുമുണ്ട്.
സത്യസന്ധവും
അതിസാധാരണവുമായ ഒരു പ്രശസ്തി
എനിക്കു വേണ്ട;
ആളുകളുടെ
മനസ്സിനെ എനിക്കു ഞെരിച്ചമർത്തണം,
എനിക്കവരെ
ആശ്ചര്യപ്പെടുത്തണം,
ബൈറണെപ്പോലെ,
ബൽസാക്കിനെപ്പോലെ,
ഷാത്തോബ്രയാങിനെപ്പോലെ.
എന്റെ
ദൈവമേ,
അതിനിനിയും
സമയമുണ്ടോ?-
ഹാ,
ചെറുപ്പമായിരുന്നപ്പോൾ
സമയത്തിന്റെയും ആരോഗ്യത്തിന്റെയും
പണത്തിന്റെയും വില എനിക്കു
മനസ്സിലായിരുന്നെങ്കിൽ!’
വിചാരണ
ഒരു പീഡനമായിരുന്നെങ്കിലും
അമ്മയുമായുള്ള ബന്ധം
മെച്ചപ്പെടുത്തുന്നതിൽ
അതൊരുവിധത്തിലും സഹായിച്ചില്ലെങ്കിലും
(ജനറൽ
ഓപിക് ഇതിനകം മരിച്ചുപോയിരുന്നു)
ഒരുതരത്തിൽ
ബോദ്‌ലേറിനതു ഗുണകരവുമായി.
സദാചാരത്തിനു
നിരക്കാത്തതെന്നു കോടതി
കണ്ടെത്തിയ കവിതകൾ ഒഴിവാക്കി
പുസ്തകം വീണ്ടും വില്പനയ്ക്കു
വന്നു. അക്കാലത്തെ
പ്രധാനപ്പെട്ട നിരൂപകർ
പുസ്തകത്തെക്കുറിച്ചെഴുതി.
1830കളിലെ
റൊമാന്റിസിസത്തിന്റെ ഒരു
സ്ഥാപകപിതാവായ എമീൽ ദേഷോ
(Emile Deschamps) ‘തിന്മയുടെ
പൂക്കളെ’ക്കുറിച്ച് ഒരു കവിത
തന്നെ എഴുതി പ്രസിദ്ധീകരിച്ചു.
‘മദാം
ബോവറി’യുടെ പേരിൽ സമാനമായ
ഒരു വിചാരണ നേരിടേണ്ടിവന്ന
ഗുസ്താവ് ഫ്ലാബേർ 1858
ജൂലൈ
31ന്
ബോദ്‌ലേറിനെഴുതി:
‘റൊമാന്റിസിസത്തിന്
പുതുജീവൻ നല്കാൻ നിങ്ങൾ ഒരു
വഴി കണ്ടെത്തിയിരിക്കുന്നു.
നിങ്ങൾ
മറ്റൊരാളെപ്പോലെയുമല്ല
(അതാണ്
ഏറ്റവും പ്രധാനപ്പെട്ട
ഗുണം)...മാർബിൾ
പോലെ ചെറുത്തുനിൽക്കുന്നതും
ഇംഗ്ലീഷ് മൂടൽമഞ്ഞുപോലെ
തുളച്ചുകയറുന്നതുമാണ്
നിങ്ങൾ.‘
തിന്മയുടെ
പൂക്കൾ നക്ഷത്രങ്ങൾ പോലെ
‘ദീപ്ത’വും ‘വെട്ടിത്തിളങ്ങുന്നതു’മാണെന്ന്
ഹ്യൂഗോ എഴുതി.
ചെറുകിടവിമർശകരിൽ
നിന്നുണ്ടായ ഖണ്ഡനവിമർശനങ്ങൾ
ബോദ്‌ലേറുടെ ഖ്യാതിയെ കാര്യമായി
ബാധിച്ചതുമില്ല.
‘അഭിശപ്തനായ
കവി’ (poet maudit)
എന്ന
പ്രതിച്ഛായ
ഉറയ്ക്കുന്നതിന് ഒരു കാരണം
കൂടിയായി എന്നതാണ് മറ്റൊരു
വശത്തുണ്ടായത്.
ഇക്കാര്യത്തിൽ
സ്വന്തം കിറുക്കുകൾ കൊണ്ട്
അദ്ദേഹം സ്വയം സഹായിക്കുകയും
ചെയ്തു. സ്വന്തം
പിതാവിന്റെ തൊലി കൊണ്ടു
നിർമ്മിച്ച കാലുറ കാണാനെന്നുപറഞ്ഞ്
അദ്ദേഹം സുഹൃത്തുക്കളെ
ക്ഷണിക്കുമായിരുന്നു എന്നു
പറഞ്ഞുകേൾക്കുന്നു.
ഇതിൽ
സത്യാവസ്ഥ എത്രയുണ്ട് എന്നു
പരിശോധിക്കാൻ മാർഗ്ഗമൊന്നുമില്ല.
ഈ
വിചാരണയ്ക്കു ശേഷമാണ് 1861ലെ
രണ്ടാമത്തെ പതിപ്പിൽ ഉൾപ്പെടുത്തിയ
ഗംഭീരമായ കവിതകൾ അദ്ദേഹം
എഴുതുന്നത്.
ഈ
ഊർജ്ജപ്രവാഹത്തിന് ഒരു
കാരണം അമ്മയുമായുള്ള ബന്ധം
മെച്ചപ്പെട്ടതായിരിക്കാമെന്ന്
നിരൂപകർ അനുമാനിക്കുന്നു.
1857ൽ ജനറൽ
ഓപിക് മരിച്ചതിനു ശേഷം
അമ്മയ്ക്കെഴുതിയ കത്തുകളുടെ
സ്വരത്തിലെ അടുപ്പക്കൂടുതൽ
ഇതിനു തെളിവാണ്.
അമ്മയോടൊപ്പം
വീണ്ടും താമസമാക്കിയതിനു
ശേഷം 1859ൽ
എഴുതിയ കവിതകളാണ് Le
Voyage (പ്രയാണം),
La Chevelure (അവളുടെ
മുടി) എന്നീ
കവിതകൾ. 1857നും
1861നുമിടയിൽ
35 പുതിയ
കവിതകളാണ് അദ്ദേഹം എഴുതിയത്.
തൻ്റെ
പ്രസാധകനെഴുതിയ കത്തിൽ അദ്ദേഹം
അവകാശപ്പെടുന്നത് 'ഒരു
ഗ്ലാസ്സ് കടയിൽ ഗ്യാസ്
പൊട്ടിത്തെറിക്കുന്നതുപോലെ
സംഹാരാത്മകമാണ്'
ആ കവിതകൾ
എന്നാണ്!
'എൻ്റെ
ജീവിതത്തിൽ ഇതാദ്യമായി ഞാൻ
സംതൃപ്തനായപോലെ തോന്നുന്നു.
മിക്കവാറും
നല്ലൊരു പുസ്തകമാണത്;
എൻ്റെ
മനംമടുപ്പിൻ്റെയും സകലതിനോടുമുള്ള
വെറുപ്പിൻ്റേയും സാക്ഷിയായിരിക്കും
അത്.' അദ്ദേഹം
അമ്മയ്ക്കെഴുതി.
ബോദ്‌ലേർ
‘തിന്മയുടെ പൂക്കൾ’ സംവിധാനം
ചെയ്തിരിക്കുന്നത് Spleen
et Ideal (വിഷാദവും
ആദർശവും ),
Tableaux Parisiens (പരീസിയൻ
ദൃശ്യങ്ങൾ),
Le Vin (വീഞ്ഞ്),
Fleurs du Mal (തിന്മയുടെ
പൂക്കൾ), Revolt
(കലാപം),
La Mort (മരണം)
എന്നിങ്ങനെ
ആറു ഭാഗങ്ങൾ ആയിട്ടാണ്.
(ബോദ്‌ലേർ
spleen എന്നതു
കൊണ്ടുദ്ദേശിക്കുന്നത് വെറും
വിഷാദമല്ല;
അതിൽ
മടുപ്പും വെറുപ്പും
ജീവിതനൈരാശ്യവുമൊക്കെയുണ്ട്.)
തന്റെ
പുസ്തകത്തിന് ഒരു വാസ്തുശില്പം
ഉണ്ടെന്ന് ബോദ്‌ലേർ കോടതിയിൽ
വാദിച്ചിരുന്നു.
ആ
സംവിധാനത്തിന്റെ ആധാരം
എന്തായിരിക്കാമെന്നത് നിരൂപകർ
ഇപ്പോഴും ചർച്ച ചെയ്യുന്നതൊന്നാണ്.
‘വായനക്കാരനോട്’
എന്ന തുടക്കക്കവിതയിൽ നിന്ന്
‘പ്രയാണം’ എന്ന അവസാനത്തെക്കവിത
വരെ ഒരു തുടർച്ച തീർച്ചയായും
കാണാം.
‘വായനക്കാരനോട്’
അനഭികാമ്യവും എന്നാൽ അദമ്യവുമായ
ജീർണ്ണതയും മടുപ്പും
വിവരിച്ചുകൊണ്ട് വായനക്കാരനെ
സമാഹാരത്തിലേക്കു ക്ഷണിക്കുകയും
പ്രശസ്തമായ ആ ഉപസംഹാരം കൊണ്ട്
(ആത്മവഞ്ചകനായ
വായനക്കാരാ,
എന്റെ
പ്രതിബിംബമേ,
എന്റെ
കൂടപ്പിറപ്പേ!)
തന്റെ
അപരാധത്തിൽ പങ്കാളിയാകുന്നതിലേക്ക്
അയാളെ തള്ളിവിടുകയും ചെയ്യുന്നു.
തുടർന്നുവരുന്ന
കവിതകൾ പാസ്കൽ
(Blaise Pascal)
‘കൊടുംഗർത്തം’
എന്നു വിളിക്കുന്ന ശൂന്യതയുമായിട്ടുള്ള
സംഘർഷത്തിന്റെ വിവിധമുഖങ്ങളാണ്.
‘പ്രയാണം’
ദൂരയാത്ര ചെയ്ത സഞ്ചാരികളുടെ
ആശാഭംഗങ്ങളിൽ അവസാനിക്കുന്നു;
‘മടുപ്പിന്റെ
മരുഭൂമിയിൽ ഭയപ്പാടിന്റെ
മരുപ്പച്ചകളാണ്’ അവർ ഒടുവിൽ
കണ്ടെത്തുന്നത്.
ഈ കവിതയുടെ
അന്ത്യവിലാപം,
‘പുതിയതെന്തെങ്കിലും
കണ്ടെത്താൻ അജ്ഞാതത്തിന്റെ
കൊടുംകയങ്ങളിലേക്കു ഞങ്ങൾക്കു
മുങ്ങിത്താഴണം!’
മരണത്തിനോടുള്ള
നിവേദനമാണ്.
അങ്ങനെ
പുതിയ ഒരു ദിശയിലേക്ക് സമാഹാരം
യാത്ര തുടരുന്നതായോ അന്വേഷണം
മരണത്തിൽ അവസാനിക്കുന്നതായോ
എടുക്കാം.
രണ്ടായാലും
ഒരു നിർവ്വഹണത്തിലേക്കുള്ള
സഞ്ചാരം സമാഹാരത്തിനുണ്ട്.
അതേ സമയം
കർക്കശമായ ഒരു ചിട്ടയുടെ
ഭാഗമായി കവിതകൾ വായിക്കുന്നത്
അവയോട് അനീതി ചെയ്യലുമാകും.
അതുപോലെ മടുപ്പിന്റെയും
അറപ്പുണ്ടാക്കുന്ന വിശദാംശങ്ങളുടേയും
വിലക്കപ്പെട്ട ഐന്ദ്രിയസുഖങ്ങളുടേയും
കവി എന്നൊരു ഖ്യാതിയാണ്
ബോദ്‌ലേർക്കുള്ളതെങ്കിലും
വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളിലൂടെ
വൈവിദ്ധ്യമുള്ള
പ്രമേയങ്ങളെക്കുറിച്ചെഴുതിയവയാണ്
അദ്ദേഹത്തിന്റെ കവിത എന്നതാണു
വസ്തുത. കവിയുടെ
കുഖ്യാതിയെ സഹായിച്ച
കവിതകളുണ്ടെന്നതു ശരിതന്നെ.
ക്രൈസ്തവപാപബോധം
മുന്നിട്ടുനില്ക്കുന്ന
കവിതകൾ തന്നെയാണ് കൂടുതലും.
സ്വന്തം
ആത്മാവിന്റെ ദുർഗന്ധം വമിക്കുന്ന
ശവകുടീരത്തിൽ അകപ്പെട്ടുകിടക്കുന്ന
La Mauvais Moine (നികൃഷ്ടനായ
സന്ന്യാസി)ക്ക്
മുക്തി ആശിക്കേണ്ടതില്ല.
‘അലസനായ
സന്ന്യാസീ!
എന്റെ
ദുരിതജീവിതത്തെ എന്റെ കൈകൾക്കു
പ്രവൃത്തിയും എന്റെ
കണ്ണുകൾക്കാനന്ദവുമാക്കാൻ
എന്നാണെനിക്കറിവുണ്ടാവുക?’
മനുഷ്യന്റെ
ആത്മീയാവസ്ഥയുടെ ഈ നിസ്സഹായതയും
വ്യർത്ഥതാബോധവുമാണ് പല
കവിതകളൂടേയും പ്രമേയം,
പ്രത്യേകിച്ചും
‘വിഷാദവും ആദർശവും‘
എന്ന ഭാഗത്തിലേത്.
സൗന്ദര്യത്തോടുള്ള
സ്നേഹവും കാമാസക്തിയും
മനുഷ്യനിലെ ആദിപാപത്തിന്റെ
രണ്ടു മുഖങ്ങളായിട്ടാണ്
ബോദ്‌ലേർ കാണുന്നത്.
‘തിന്മയുടെ
പൂക്കളിൽ’ സൗന്ദര്യം അദമ്യവും
ഒപ്പം ഭീതിദവുമായ ഒരു
പ്രതിഭാസമാണ്;
അചേതനവും
കഠിനവുമായ ഭൗതികപദാർത്ഥമായിട്ടാണ്
അതിന്റെ വിവരണം.
നിലയ്ക്കാത്ത
ചലനം പ്രമേയമായ ‘നൃത്തം
വയ്ക്കുന്ന സർപ്പ’ത്തിലെ
സ്ത്രീയ്ക്കു പോലും ‘ഇരുമ്പും
പൊന്നും കലരുന്ന രണ്ടു തണുത്ത
രത്നക്കല്ലുകൾ’ പോലുള്ള
കണ്ണുകളാണുള്ളത്.
‘സുന്ദരി’യിലെ
സൗന്ദര്യമാകട്ടെ,
‘പദാർത്ഥം
പോലെ നിത്യവും മൂകവുമായ’
സ്നേഹം അങ്കുരിപ്പിക്കുന്ന
ഒരു ‘ശിലാസ്വപ്നം’ പോലെയാണ്.
മനുഷ്യത്വരഹിതമായ
ഈ സ്നേഹത്തിന്റെ ശക്തി
ഭീതിജനകമാണ്.
‘സുന്ദരി’
കവിയെ തന്റെ പൂജാവിഗ്രഹത്തോടു
ബന്ധിതനായ വെറുമൊരു
വീട്ടുമൃഗമാക്കിച്ചുരുക്കുന്നു.
‘സുന്ദരിക്കുള്ള
സ്തുതി‘ അവസാനിക്കുന്നത്
സൗന്ദര്യത്തിനോടുള്ള നിസ്സഹായമായ
അടിയറവിലാണ്;
സൗന്ദര്യത്തിന്റെ
നോട്ടം ഒരേസമയം നാരകീയവും
ദിവ്യവുമാണ്;
അവൾ
വരുന്നത് സ്വർഗ്ഗത്തിൽ നിന്നോ
നരകത്തിൽ നിന്നോ,
അതുമല്ല,
രണ്ടിടത്തും
നിന്നോ ആകട്ടെ,
അതു
കാര്യമാക്കാത്ത തരത്തിൽ
അവളോടത്രയ്ക്കാസക്തനുമാണ്
കവി.
സൗന്ദര്യത്തെ
ബോദ്‌ലേർ ഒരമൂർത്തപ്രതിഭാസമായി
മാത്രമല്ല കാണുന്നത്;
സൗന്ദര്യത്തിന്റെ
വൈയക്തികരൂപങ്ങളെക്കുറിച്ചും
അദ്ദേഹം എഴുതുന്നുണ്ട്.
‘തിന്മയുടെ
പൂക്കളി’ലെ പ്രണയകവിതകൾ
വ്യത്യസ്തരായ മൂന്നു
സ്ത്രീകളുമായുള്ള അനുഭവത്തിന്റെ
പ്രതിഫലനങ്ങളാണ്-
ദുവാൽ,
മാരി
ദോബ്രുൻ, മദാം
സബാത്തിയേ.
ഷീന്
ദുവാൽ സങ്കരവർഗ്ഗക്കാരിയായ
ഒരു നാടകനടി ആയിരുന്നു.
ബോദ്‌ലേർ
തന്നെ പറയുന്നതു പ്രകാരം
അദ്ദേഹത്തിന്റെ കവിത
മനസ്സിലാകാത്ത,
അതിനോടു
മതിപ്പില്ലാത്ത ഷീന് ദുവാലിനോടുള്ള
ആകർഷണം ശരിക്കും ശാരീരികമായിരുന്നു.
അദ്ദേഹം
ദുവാലിനെ കാണുന്നത് 1840
ആദ്യവർഷങ്ങളിലാണ്;;
തുടർച്ചയായിട്ടല്ലെങ്കിലും
അവരോടൊപ്പമാണ് അദ്ദേഹം
ജീവിച്ചിരുന്നതും.
എന്നാൽ
1840കളുടെ
അവസാനമായപ്പോഴേക്കും
അവരോടൊത്തുള്ള ജീവിതം ഒരു
കടമയും പീഡനവുമായതായി അദ്ദേഹം
അമ്മയ്ക്കെഴുതിയ ഒരു കത്തിൽ
പറയുന്നുണ്ട്.
എന്നിട്ടും
ആ ബന്ധം ഒടുവിൽ അവസാനിക്കുന്നത്
1856ലാണ്.;
അതും
ദുവാലിന്റെ മുൻകയ്യിൽ.
അതിനു
ശേഷവും ബോദ്‌ലേർ അവരെ
സാമ്പത്തികമായി സഹായിക്കുകയും
ചെയ്തിരുന്നു.
മാരി
ദുബ്രുനുമായുള്ള ബന്ധം ഇത്രയും
ദീർഘമായിരുന്നില്ല.
ചുവന്ന
മുടിയുള്ള,
ഒരു റൂബൻ
ചിത്രത്തിൽ നിന്നിറങ്ങിവന്നപോലുള്ള
മാരിയും ഒരു നാടകനടിയായിരുന്നു;
അവർ
ബോദ്‌ലേറുടെ പ്രണയത്തെ അത്ര
ഗൗരവമായി കണ്ടിട്ടുണ്ടാവണമെന്നുമില്ല.
അവർ
തമ്മിലുള്ള വിരളമായ കണ്ടുമുട്ടലുകൾ
മാരി തിയോഡോ ദ് ബാൻവില്ലിലേക്കു
മടങ്ങിയതോടെ പെട്ടെന്നവസാനിക്കുകയും
ചെയ്തു.
ഈ
രണ്ടുപേരിൽ നിന്നും
വ്യത്യസ്തമായിരുന്നു അപ്പോലോനീ
സബാത്തിയേയോടുള്ള ആകർഷണം.
ഒരു മോഡൽ
ആയിരുന്ന അവർക്കു പല
കാമുകരുമുണ്ടായിരുന്നു.
അവരിലൊരാൾ
നല്കിയ സാമ്പത്തികസഹായത്തോടെ
അവർക്കു സ്വന്തം കാലിൽ
നില്ക്കാനും പറ്റിയിരുന്നു.
ഉന്നതമായ
അഭിരുചികളുള്ള,
സരസയായ,
ബുദ്ധിമതിയായ
ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ
സായാഹ്നവിരുന്നുകളിൽ തിയോഫിൽ
ഗോത്തിയേ (Theophile
Gautier), ഗുസ്താവ്
ഫ്ലോബേർ (Gustav
Flaubert), മാക്സീം
ദു കോം (Maxime
du Camp), ഏണസ്റ്റ്
ഫേദോ (Ernest
Feydeau) തുടങ്ങിയ
കലാകാരന്മാരും എഴുത്തുകാരും
പങ്കെടുത്തിരുന്നു.
മദാം
സബാത്തിയേയോട് ബോദ്‌ലേറുടെ
സ്നേഹം ഒരു വിദൂരാകർഷണമായിട്ടാണു
തുടങ്ങിയത്.
സ്വന്തം
പേരു വയ്ക്കാതെഴുതിയ കത്തുകളിൽ
അവരെ പ്രകീർത്തിച്ചുകൊണ്ടെഴുതിയ
കവിതകളും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു.
പിന്നീടദ്ദേഹം
താൻ ആരാണെന്നു വെളിപ്പെടുത്തുന്നുമുണ്ട്.
എന്നാൽ
ഒടുവിൽ മദാം സബാത്തിയേ
അദ്ദേഹത്തെ വീട്ടിലേക്കു
ക്ഷണിച്ചപ്പോൾ ഒരു കത്തെഴുതി
ആ ബന്ധം അവസാനിപ്പിക്കുകയാണ്
അദ്ദേഹം ചെയ്തത്.
അവരുടെ
കീഴടങ്ങൽ,
അത്
വൈകാരികമോ ശാരീരികമോ
ആവട്ടെ, അവരെ
ഒരു ദേവതയിൽ നിന്ന് ‘വെറുമൊരു
സ്ത്രീ’യായി താഴ്ത്തിക്കളഞ്ഞു
എന്നാണ് അദ്ദേഹം കത്തിൽ
എഴുതിയത്.
ഈ
സ്ത്രീകളുമായും മറ്റുള്ളവരുമായുള്ള
ബോദ്‌ലേറുടെ സങ്കീർണ്ണമായ
ബന്ധങ്ങൾ തീർച്ചയായും
അദ്ദേഹത്തിന്റെ കവിതകളുടെ
സ്വഭാവത്തെ രൂപപ്പെടുത്തുന്നുണ്ട്.
എന്നാൽ
ഒരു സ്ത്രീയുടെ ഗന്ധത്തെ,
അവളുടെ
തഴച്ചിരുണ്ട മുടിയെ,
കാമാസക്തിയെ
ആഘോഷിക്കുന്നതുകൊണ്ടു മാത്രം
അദ്ദേഹത്തെ ഇന്ദ്രിയപരതയുടെ
കവിയായി കാണുന്നതും ശരിയാവില്ല.
സ്ത്രീകളെക്കുറിച്ചുള്ള
അദ്ദേഹത്തിന്റെ കാവ്യവ്യാഖ്യാനങ്ങൾ
അനവധി മാനങ്ങളുള്ളതാണ്.
വിഷയാസക്തനായ
ഒരു വിഗ്രഹോപാസകൻ എന്ന
സ്റ്റീരിയോടൈപ്പിനു വിരുദ്ധമാണ്
അദ്ദേഹത്തിന്റെ പല പ്രണയകവിതകളും.
സ്ത്രീ
എന്ന ഭൗതികവസ്തുവിനെ
ഒരലോകസത്തയാക്കുന്ന രാസവിദ്യയാണ്
പല കവിതകളുടേയും ഘടന.
‘അവളുടെ
മുടി’ പ്രധാനമാകുന്നത് ഓർമ്മകൾ
അതിൽ ഉറങ്ങിക്കിടക്കുന്നതുകൊണ്ടാണ്;
‘വിചിത്രപരിമള’ത്തിൽ
ഒരു സ്ത്രീയുടെ മാറിടത്തിന്റെ
ഗന്ധം ഒരു സാങ്കല്പികദ്വീപിന്റെ
വിചിത്രപരിമളമായി മാറുന്നു.
സ്ത്രീയെ
ഒരു കലാവസ്തുവായി
വിഗ്രഹവല്ക്കരിക്കുമ്പോൾത്തന്നെ
മിക്ക കവിതകളുടേയും ഒടുവിലെത്തുമ്പോൾ
സ്ത്രീശരീരം ഇല്ലാതാവുകയും
ചെയ്യുണ്ട്.
‘രാത്രിമാനത്തിന്റെ
കമാനം പോലെ...’യിൽ
കവി പറയുന്നത് ‘ഞാൻ സ്നേഹിക്കുന്നു
നിന്നെ/അകലുന്നു
നീയെന്നതിനാൽത്തന്നെ’
എന്നാണ്.
‘തിരയിളക്കുന്ന
പട്ടുടയാടയിൽ...’
നിർവ്വികാരയായ
ഒരു സ്ത്രീയുടെ പ്രതാപം
ആലിംഗനങ്ങളെ ക്ഷണിക്കുന്നതല്ല.
ബോദ്‌ലേറിൽ
മനുഷ്യന്റെ സംഘർഷം തുടങ്ങുന്നത്
മാംസത്തിലാണെങ്കിലും ഒടുവിലത്
അതിഭൗതികതലത്തിലാണു നടക്കുന്നത്.
അവിടെ
സ്ത്രീ നന്മയോ തിന്മയോ ആകാം.
ചില
കവിതകളിൽ സ്ത്രീ ‘കൊലച്ചിരിയുമായി
ശവങ്ങളിൽ ചവിട്ടിനടക്കുന്ന’
പൈശാചികരൂപമെടുക്കുന്നു,
‘ഒരു
സുന്ദരിക്കു സ്തുതി’എന്നതിലെന്നപോലെ.
‘അടങ്ങാത്ത
തൃഷ്ണ’യിൽ കവി സ്ത്രീയോടു
കേഴുന്നു,
‘ഇത്ര
തീയും പുകയും വമിപ്പിക്കരുതേ,
കനിവറ്റ
രാക്ഷസീ!’
കൂടുതലും
മദാം സബാത്തിയേയോടു ബന്ധപ്പെട്ട
കവിതകൾ സ്ത്രീയെ രക്ഷകയായ
ദേവതയായി ചിത്രീകരിക്കുന്നു.
‘തിരിച്ചും
മറിച്ചും’ എന്ന കവിതയിൽ
‘ഉന്മേഷവുമാനന്ദവും വെളിച്ചവും
തുളുമ്പുന്ന മാലാഖ’യും
യാതനാഭരിതനായ കവിയും തമ്മിലുള്ളത്
ഇരുട്ടും വെളിച്ചവും തമ്മിലുള്ള
ഒരു ബന്ധമാണ്.
പാപവും
മടുപ്പുമായുള്ള ബോദ്‌ലേറുടെ
മല്പിടുത്തങ്ങളിലുള്ളത്
സാത്താനെക്കുറിച്ചുള്ള
വിഭിന്നമായ ഒരവബോധമാണ്,
‘കലാപം’
എന്ന വിഭാഗത്തിലുള്ള കവിതകളിൽ
പ്രത്യേകിച്ചും.
‘പത്രോസിന്റെ
നിഷേധം’ അവസാനിക്കുന്നത്
യേശുവിനെ തള്ളിപ്പറഞ്ഞതിന്റെ
പേരിൽ പത്രോസിനെ അഭിനന്ദിച്ചുകൊണ്ടാണ്.
‘ആബേലും
കായേനും’ എന്ന കവിതയിൽ
ആഖ്യാതാവിന്റെ ശബ്ദം ‘ആകാശത്തേക്കു
കയറിച്ചെല്ലൂ,
ദൈവത്തെ
വലിച്ചെടുത്തു മണ്ണിലെറിയൂ’
എന്ന് കായേനെ ഉത്സാഹിപ്പിക്കുന്നു.
‘സാത്താനു
സ്തോത്ര’മാകട്ടെ,
സാത്താനോടു
നേരിട്ടുള്ള ഒരു പ്രാർത്ഥനയാണ്;
‘സാത്താനേ,
എന്റെ
ദീർഘയാതനയിലെന്നോടു കരുണ
വേണമേ!’
എന്നാണതിന്റെ
ആവർത്തിക്കുന്ന പല്ലവി.
അക്കാലത്തെ
വായനക്കാരിൽ ഈ ദൈവദൂഷണങ്ങൾ
എന്തുമാത്രം ക്ഷോഭം
ജനിപ്പിച്ചിരിക്കും
എന്നൂഹിക്കാവുന്നതേയുള്ളു.
എന്നാൽ
അദ്ദേഹം സാത്താന്റെ പക്ഷത്തായിരുന്നു
എന്നർത്ഥമില്ല.
പാപത്തിന്റെ
കെണിയിൽ പെട്ടുകിടക്കുന്ന
മനുഷ്യന്റെ ഹതാശമായ ആർത്തനാദമാണ്
ആ കവിതകളിലുള്ളത്.
ബോദ്‌ലേർ
സാത്താന്റെ ഉപദേശിയല്ല;
സാത്താനും
കൂടി ഉൾപ്പെട്ടതാണ് പ്രപഞ്ചം
എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
എന്നുമാത്രം.
ബോദ്‌ലേറുടെ
‘ആനുരൂപ്യസിദ്ധാന്ത’ത്തെ
(Theory
of Correspondences) പ്രപഞ്ചത്തിന്
ഒരു ക്രമം ഉണ്ടെന്നും ഭൗതികവും
ആത്മീയവുമായ ലോകങ്ങൾ തമ്മിൽ
ഒരു ബന്ധമുണ്ടെന്നുമുള്ള
വിശ്വാസമായി നിർവ്വചിക്കാം.
സ്വീഡിഷ്
ശാസ്ത്രജ്ഞനായ എമാനുവൽ
സ്വീഡൻബോർഗിന്റെ (Emanuel
Swedenborg) ആത്മീയയാഥാർത്ഥ്യങ്ങളുടെ
പ്രതീകങ്ങളാണ് ഭൗതികവസ്തുക്കൾ
എന്ന മിസ്റ്റിക് സിദ്ധാന്തത്തിന്റെ
സ്വാധീനം ഇവിടെ കാണാം.
‘ആനുരൂപ്യങ്ങൾ’
എന്ന കവിതയിൽ പ്രകൃതി എന്ന
ദേവാലയത്തിലെ ജീവനുള്ള
സ്തംഭങ്ങൾ മനുഷ്യനോടു
സംസാരിക്കുന്നു;
പ്രതീകങ്ങളുടെ
നിബിഡവനത്തിലൂടെ അവനലഞ്ഞുനടക്കുമ്പോൾ
അവയുടെ കണ്ണുകൾ അവനെ പിന്തുടരുന്നു,
‘തങ്ങൾക്കു
ബന്ധുവാണവനെന്നപോലെ.’
‘വർണ്ണങ്ങൾ,
ശബ്ദങ്ങൾ,
സൗരഭ്യങ്ങളും
ഒന്നു മറ്റൊന്നാകുന്നു,
ഇരുണ്ടതും
ഗഹനവുമായ ഒരേകതയായി...’
ഒരേകദൈവത്തിലോ
ദൈവങ്ങളിലോ ഉള്ള വിശ്വാസത്തിന്റെ
പ്രഖ്യാപനമല്ല ഈ കവിതയെങ്കിലും
പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ
ഏകതയെക്കുറിച്ചുള്ള മിസ്റ്റിക്
വിശ്വാസം സ്പഷ്ടമാണ്.
ബോദ്‌ലേറുടെ
മതവിശ്വാസം വളരെയധികം ചർച്ച
ചെയ്യപ്പെട്ട വിഷയമാണ്.
അതിന്റെ
അടിസ്ഥാനം ക്രൈസ്തവധർമ്മമാണെന്ന
കാര്യത്തിൽ ഭൂരിപക്ഷം നിരൂപകരും
യോജിക്കുന്നു;
എന്നാൽ
‘തിന്മയുടെ പൂക്കൾ’
യേശുക്രിസ്തുവിനേയും അവന്റെ
രക്ഷാദൗത്യത്തേയും പൂർണ്ണമായി
ആശ്രയിക്കുന്നില്ല എന്നുകൂടി
കാണണം. ബോദ്‌ലേറുടെ
കവിതകൾ വായിക്കാൻ അദ്ദേഹത്തിന്റെ
വിശ്വാസത്തെക്കുറിച്ചറിയണമെന്നു
നിർബ്ബന്ധവുമില്ല.
‘തിന്മയുടെ
പൂക്ക’ളെ അതിന്റെ സങ്കീർണ്ണതയെ
മാനിച്ചുകൊണ്ടും അതിന്റെ
ഉപാധികൾക്കു വഴങ്ങിക്കൊണ്ടും
വേണം വായിക്കേണ്ടത്.
ഭൗതികമായ
യാഥാർത്ഥ്യവും ആത്മീയമായ
ആദർശവും തമ്മിലുള്ള സംഘർഷം,
ഭൂമിയിൽ
തിന്മയിൽ പൂഴ്ന്നുകിടക്കുന്ന
ഒരു ജീവിതത്തിന്
അനന്തത്തിലേക്കുയരാനുള്ള
ഹതാശമെങ്കിലും തീരാത്ത ദാഹം:
അതിനെക്കുറിച്ച്
വായനക്കാരനു ബോധം നല്കുക
എന്നതിലാണ് ആ സമാഹാരത്തിന്റെ
ഊന്നൽ. ആ
ഊന്നൽ സുവ്യക്തമാണ്,
സൗന്ദര്യത്തിന്റെ
ചാരുതകളിൽ അകപ്പെട്ടുപോയ
ഒരാത്മാവു വിലപിക്കുന്ന
കവിതകളിൽ,
ആത്മരോഷത്തോടെ
സാത്താനോടലറിവിളിക്കുന്ന
കവിതകളിൽ,
ഭൗതികലോകത്തു
നിന്നു രക്ഷപ്പെടാനായി
വിഷയാസക്തിയിലാണ്ടുമുങ്ങുന്ന
കവിതകളിൽ,
പ്രണയത്തിന്റെ
പരിത്രാണനശേഷിയെക്കുറിച്ചുള്ള
ദുർബ്ബലമായ ഒരു പ്രതീക്ഷ
മങ്ങിക്കത്തുന്ന കവിതകളിൽ.
ഭൗതികലോകവുമായുള്ള
ബോദ്‌ലേറുടെ സന്ദിഗ്ധമായ
ബന്ധവും മറ്റൊരു ലോകത്തിനായുള്ള
ദാഹവും പാരീസ് നഗരത്തെക്കുറിച്ചുള്ള
കവിതകളിലും പ്രകടമാണ്.
1861ലെ
പതിപ്പിൽ കൂട്ടിച്ചേർത്ത
‘പരീസിയൻ ദൃശ്യങ്ങൾ‘
(Tableaux
Parisiens) എന്ന
വിഭാഗത്തിലെ കവിതകളിൽ നഗരത്തോട്
കവിയുടെ ബന്ധം സ്ത്രീശരീരത്തോടുള്ള
ബന്ധം പോലെതന്നെയാണ്;
ആ
ഭൗതികസാന്നിദ്ധ്യത്തിൽ
നിന്ന് അയാൾ മാറിപ്പോവുകയാണ്.
‘ഭൂദൃശ്യം’
എന്ന കവിത ‘പുകക്കുഴലുകൾ,
മണിമേടകൾ,
നഗരത്തിന്റെ
പാമരങ്ങൾ...’
എന്ന്
മൂർത്തമായ വിശദാംശങ്ങളിലൂടെ
നഗരത്തെ അവതരിപ്പിച്ചുകൊണ്ടാണ്
തുടങ്ങുന്നതെങ്കിലും കവിത
അവസാനിക്കുമ്പോൾ കവി അടഞ്ഞ
വാതിലിനു പിന്നിൽ എഴുത്തുമേശയിൽ
തല ചായ്ച്ചിരിക്കുകയും
‘സ്വന്തം ഹൃദയത്തിൽ നിന്നൊരു
ദീപ്തസൂര്യനെ പുറത്തെടുക്കാനും
തന്റെ എരിയുന്ന ചിന്തകളിൽ
നിന്നൊരൂഷ്മളാന്തരീക്ഷം
സൃഷ്ടിക്കാനും’ തീരുമാനിക്കുകയാണ്.
‘സൂര്യൻ’
എന്ന കവിതയിൽ നഗരത്തെരുവുകളിലൂടെ
നടക്കുന്ന കവി നഗരത്തെ കാണുന്നത്
ഭൗതികരൂപങ്ങളായിട്ടല്ല,
ഒരു
സാഹിത്യഗ്രന്ഥമായിട്ടാണ്.
അയാൾ
പോകുന്നത് ‘മൂലകളിൽ പതുങ്ങുന്ന
പ്രാസങ്ങളെ നായാടിപ്പിടിക്കാൻ/പാതയിലെ
കല്ലുകളിലെന്നപോൽ വാക്കുകളിൽ
ചെന്നിടിക്കാൻ/സ്വപ്നംകണ്ടു
നടന്ന വരികൾക്കു മുന്നിൽ
ചെന്നു ചാടാൻ.’
നഗരങ്ങളെക്കുറിച്ചുള്ള
ആധുനികകവിതയുടെ പിതാവ് എന്ന്
ബോദ്‌ലേർ അറിയപ്പെടുന്നത്
കൂടുതലും ‘പരീസിയൻ ദൃശ്യങ്ങ’ളിലെ
കവിതകളുടെ പേരിലാണ്;
എന്നാൽ
കവി ആ തെരുവുദൃശ്യങ്ങളിൽ
ആണ്ടുമുങ്ങുന്നത് അവയെ
അതിവർത്തിക്കാനുള്ള ദാഹം
കൊണ്ടുമാണ്.
‘തിന്മയുടെ
പൂക്ക’ളെ ആധുനികമാക്കുന്നത്
ബോദ്‌ലേറുടെ ആനുരൂപ്യസിദ്ധാന്തവും
കവിതാവിഷയങ്ങളായി നഗരവും
മനുഷ്യസ്വഭാവത്തിലെ വൈരൂപ്യവും
സ്വീകരിച്ചതുമാണ്.
അതേ സമയം
റൊമാന്റിക് പാരമ്പര്യത്തിൽ
നിന്നുള്ള ഏകാന്തത,
മടുപ്പ്,
കവിയുടെ
സവിശേഷമായ ദുരവസ്ഥ,
ആത്മനിരീക്ഷണം,
അനന്തത്തിനായുള്ള
ദാഹം, പ്രണയം
തുടങ്ങിയ പ്രമേയങ്ങൾ
അദ്ദേഹത്തിനു വർജ്ജ്യവുമായിരുന്നില്ല.
എന്നാൽ
കാല്പനികപ്രമേയങ്ങളെപ്പോലും
അദ്ദേഹം സമീപിച്ചത് അതുവരെയുള്ള
രീതിയിൽ നിന്നു തീർത്തും
വ്യത്യസ്തമായിട്ടാണ്.
ഏകാന്തത
അദ്ദേഹത്തിന് പ്രകൃതിയുടെ
ഒരവസ്ഥയല്ല,
അത്
നഗരങ്ങളിൽ ആൾക്കൂട്ടത്തിനു
നടുവിൽ സംഭവിക്കുന്നതാണ്.
മടുപ്പനുഭവിക്കുന്നത്
ആത്മബോധമുള്ള,
ആദിപാപത്തിന്റെ
ചിന്തകൾ വിട്ടുമാറാത്ത ഒരു
വ്യക്തിയാണ്.
കവി
സവിശേഷസിദ്ധി കൊണ്ടനുഗൃഹീതനായിരിക്കുമ്പോഴും
വിലക്ഷണനായ,
അചതുരനായ
ഒരു പക്ഷിയാണ് (‘ആൽബട്രോസ്’),
അല്ലെങ്കിൽ
അലസനായ പാപിയാണ് (‘നികൃഷ്ടനായ
സന്ന്യാസി’).
ആത്മനിരീക്ഷണം
സുന്ദരമായ പ്രകൃതിയുടെ
പശ്ചാത്തലത്തിലെ വിഷാദം
പുരണ്ട ധ്യാനമല്ല,
‘ശുഷ്കിച്ചൊരോറഞ്ചു
പോലെ പിഴിഞ്ഞെടുക്കേണ്ട
രഹസ്യാനന്ദമാണ്’ (‘വായനക്കാരനോട്’).
അനന്തത
നക്ഷത്രമണ്ഡലങ്ങളിൽ ദൃശ്യമാകുന്ന
ദിവ്യത്വമല്ല;
അതുള്ളത്
പരിമളങ്ങളുടെ വൈപുല്യത്തിലാണ്,
ഭാവനയിലാണ്,
കവിതയിലാണ്,
ശിലാകഠിനമായ
സൗന്ദര്യത്തിലാണ്,
പലായനത്തിനുള്ള
ദാഹത്തിലാണ്.
സാമ്പ്രദായികമായ
കവിതാരൂപങ്ങളേയും പ്രമേയങ്ങളേയും
ഫ്രഞ്ചുകവിതയിൽ അന്നേവരെ
ഉണ്ടായിട്ടില്ലാത്ത ബിംബകല്പനയും
സന്ദർഭങ്ങളും കൊണ്ട് അദ്ദേഹം
അടിമുടി മാറ്റിത്തീർത്തു.
റൊമാന്റിക്കും
ക്ലാസിക്കൽ പോലുമായ പ്രമേയങ്ങളെ
അദ്ദേഹം എങ്ങനെ നവീനമാക്കി
എന്നതിന് ‘ഒരു ശവം’ ഒന്നാന്തരം
ഉദാഹരണമാണ്.
കാമുകിയോടൊപ്പം
നടക്കാനിറങ്ങിയ കവി കാലം
കടന്നുപോയാലും തന്റെ കവിത
അവൾക്ക് അനശ്വരത്വം നല്കുമെന്ന്
ഉറപ്പു നല്കുന്നു.
ഇതേ
ക്ലാസിക്കൽ പ്രമേയം സ്വീകരിക്കുന്ന
റോംസാറിൻ്റെ (Pierre
de Ronsard) ‘നീ
വൃദ്ധയായിക്കഴിയുമ്പോൾ’
എന്ന കവിതയിൽ നിന്നു വ്യത്യസ്തമായി
ബോദ്‌ലേറുടെ ആത്മഭാഷണത്തിനു
തുടക്കമിടുന്നത് കുടൽമാല
പുറത്തു ചാടിയ നിലയിൽ വഴിയരികിൽ
കാണുന്ന ഒരു ശവമാണ്.
ഈച്ചകളേയും
പുഴുക്കളേയും നാറ്റത്തേയുമൊക്കെ
അതിവിശദമായി കവിതയിൽ
വിവരിക്കുന്നുണ്ട്.
ഒടുവിൽ
കവി തന്റെ കാമുകിയെ ഉപദേശിക്കുകയാണ്,
ഒരുനാൾ
അവളും ഇതുപോലെ ചീഞ്ഞഴുകുന്നൊരു
ശവമാകുമ്പോൾ ചുംബനങ്ങൾ കൊണ്ടു
തന്നെ തിന്നുതീർക്കുന്ന
പുഴുക്കളോട് അവൾ പറയണം,
‘എന്റെ
ജീർണ്ണപ്രണയങ്ങളുടെ രൂപവും
ദിവ്യസത്തയും എന്നിലെന്നും
നശിക്കാതിരിക്കുന്നുണ്ടെന്ന്.‘
ഭൗതികവൈരൂപ്യത്തിന്റെ
വിശദചിത്രണം ഒരു ’ദിവ്യസത്ത‘
കടഞ്ഞെടുക്കാൻ ഉപയോഗപ്പെടുത്തിയപോലെ
ഒരു ക്ലാസിക്കൽ കാവ്യസങ്കേതത്തെ
ബോദ്‌ലേർ സ്വീകരിക്കുന്നത്
അതിനെ മറ്റൊന്നാക്കി
മാറ്റാനാണ്.
’തിന്മയുടെ
പൂക്കളു‘ടെ രണ്ടാം പതിപ്പിന്
കാര്യമായ നിരൂപണങ്ങളൊന്നും
ഉണ്ടായില്ലെങ്കിലും അതിന്റെ
പ്രസിദ്ധീകരണത്തോടെ കവി എന്ന
സ്ഥാനം അദ്ദേഹത്തിന്
ഉറച്ചുകിട്ടി.
യുവകവികൾ
അദ്ദേഹത്തിന് കവിതകൾ
സമർപ്പിക്കാൻ തുടങ്ങി.
അതിന്റെ
ബലത്തിലാവാം,
1861ൽ ഫ്രഞ്ച്
അക്കാദമിയിൽ അംഗത്വത്തിന്
അദ്ദേഹം അപേക്ഷ നൽകി.
നാല്പതംഗങ്ങളുള്ള
അക്കാദമിയുടെ ലക്ഷ്യം ഫ്രഞ്ച്
ഭാഷയുടെ പരിശുദ്ധി നിലനിർത്തുക
എന്നതാണ്.
പുതിയ
ഒരംഗത്തെ ആവശ്യമായി വരുമ്പോൾ
നിലവിലുള്ള അംഗങ്ങൾ തന്നെയായിരിക്കും
അയാളെ നാമനിർദ്ദേശം ചെയ്യുന്നതും.
വ്യാകരണം
അധികം വൈകാതെ യുക്തി പോലെതന്നെ
വിസ്മൃതമാകാൻ പോവുകയാണെന്നും
ഇരുട്ടിനു നേർക്കു നാം നടക്കുന്ന
തോതു വച്ചു നോക്കിയാൽ 1900
ആകുമ്പോഴേക്കും
നാം പൂർണ്ണാന്ധകാരത്തിലാവുമെന്നു
പ്രതീക്ഷിക്കാൻ മതിയായ
കാരണമുണ്ടെന്നും മുമ്പു
നസ്യം പറഞ്ഞ ബോദ്‌ലേറിന്
അത്രയും യാഥാസ്ഥിതികമായ ഒരു
സംഘത്തിലേക്ക് തനിക്കു
പ്രവേശനം കിട്ടുമെന്നു
വ്യാമോഹമുണ്ടായിരുന്നിക്കാൻ
വഴിയില്ല.
അതിനാൽ
അദ്ദേഹം ആ ശ്രമം പിന്നെ
മുന്നോട്ടു കൊണ്ടുപോയതുമില്ല.
1859ലെ
സലോണെക്കുറിച്ചെഴുതിയ റിവ്യു
താൻ ഏറ്റവുമധികം ആദരിക്കുന്ന
ചില സമകാലികചിത്രകാരന്മാരെക്കുറിച്ചും
കലയെ സംബന്ധിച്ചുള്ള തന്റെ
ബോദ്ധ്യങ്ങളെക്കുറിച്ചും
പ്രതിപാദിക്കുന്നു.
ചിത്രകാരന്മാരുടേയും
പൊതുജനത്തിന്റേയും മനസിൽ
ഒരുപോലെ മനുഷ്യന്റെ ‘ശേഷികളിൽ
റാണി‘യായ
ഭാവനയ്ക്കു പകരം സാങ്കേതികനൈപുണ്യത്തിനു
സ്ഥാനം സിദ്ധിച്ചതിനെക്കുറിച്ചു
പറഞ്ഞുകൊണ്ടാണ് ബോദ്‌ലേർ
തുടങ്ങുന്നത്.
കലയുടെ
ധർമ്മം യാഥാർത്ഥ്യത്തിന്റെ
വിശ്വസ്തമായ പകർപ്പെടുക്കുക
എന്നായിരിക്കുന്നു.
ഈ
പശ്ചാത്തലത്തിലാണ്
ഫോട്ടോഗ്രഫിയുടെ പ്രചാരത്തെ
അദ്ദേഹം കാണുന്നത്.
നദാർ
എന്നറിയപ്പെട്ടിരുന്ന Félix
Tournachon എന്ന
മഹാനായ ഫോട്ടോഗ്രാഫറുടെ
അടുത്ത സുഹൃത്തായ ബോദ്‌ലേറിന്
ഫോട്ടോഗ്രഫിയുടെ സർഗ്ഗാത്മകവും
അതിലുപരി ചരിത്രരേഖാപരവുമായ
സാദ്ധ്യതകൾ നന്നായറിയാമായിരുന്നു.
‘കാലം
വിഴുങ്ങുന്ന എടുപ്പുകളേയും
ചിത്രങ്ങളേയും കയ്യെഴുത്തുപ്രതികളേയും
പുസ്തകങ്ങളേയും വിസ്മൃതിയിൽ
നിന്നു രക്ഷിക്കാൻ’ അതിനുള്ള
കഴിവിനെ അദ്ദേഹം കാണാതെപോകുന്നില്ല.
അദ്ദേഹം
എതിർത്തത് ഭാവനയുടെ മണ്ഡലത്തിലേക്ക്,
കലാകാരൻ
തന്റെ ആത്മാശം കൂട്ടിച്ചേർക്കുന്നതിനാൽ
മൂല്യവത്താകുന്ന ഒന്നിലേക്ക്
ഫോട്ടോഗ്രഫിക്കു കടക്കാൻ
കഴിയും എന്ന അവകാശവാദത്തെയാണ്.
കലയെ
വെറും സാങ്കേതികനൈപുണ്യത്തിൽ
നിന്ന് മഹത്വത്തിലേക്കുയർത്തുന്നത്
മുന്നിൽ കാണുന്നതിനെ
വ്യാഖ്യാനിക്കാനും
രൂപാന്തരപ്പെടുത്താനും
കലാകാരന്റെ പ്രകൃതവും ഭാവനയും
സ്വീകരിക്കുന്ന രീതിയാണെന്ന്
ബോദ്‌ലേർ തന്റെ കലാചിന്തകളിലുടനീളം
പ്രാധാന്യം കൊടുത്തു പറയുന്ന
ഒരാശയമാണ്.
ഭാവന
വിശകലനമാണ്,
സങ്കലനവുമാണ്.
കലാകാരന്മാരെ
മാത്രമല്ല യോദ്ധാക്കളേയും
നയതന്ത്രജ്ഞരേയും പണ്ഡിതരേയും
പ്രവൃത്തിയിലേക്കു
പ്രചോദിപ്പിക്കുന്നത്
ഭാവനയാണെന്നും ബോദ്‌ലേർ
സമർത്ഥിക്കുന്നു.
ഭാവനയെക്കുറിച്ചുള്ള
ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ്
ബോദ്‌ലേർ താൻ ഏറ്റവുമധികം
ആദരിക്കുന്ന യൂഷേൻ
ദലക്വായെ അവതരിപ്പിക്കുന്നത്.
ദലക്വാ ഒന്നാന്തരം
ചിത്രകാരനും ബിംബസ്രഷ്ടാവുമാണ്;
എന്നാൽ
അദ്ദേഹം മറ്റു ചിത്രകാരന്മാരിൽ
നിന്നുയർന്നുനില്ക്കുന്നത്
അവരെക്കാൾ ഉയർന്ന ഒരു ഭാവനാശേഷി
കൊണ്ടാണ്.
മനസ്സിന്റെ
ഏറ്റവും ഗഹനമായ ഭാവങ്ങളെ,
കാര്യങ്ങളുടെ
അത്ഭുതപ്പെടുത്തുന്ന വശത്തെ,
പരിമിതത്തിലെ
അപരിമിതത്തെ ആവിഷ്കരിക്കാൻ
അതദ്ദേഹത്തെ സഹായിക്കുന്നു.
ആ ഭാവന
തന്നെയാണ് പോർട്രെയ്റ്റ്
രചനയെ ദൃശ്യമായതിനെ അതേപടി
ആവിഷ്കരിക്കലാക്കാതെ
‘മറഞ്ഞിരിക്കുന്നതിനെ
അനുമാനിച്ചെടുക്കാനും ഒരുതരം
നാടകീയജീവചരിത്രമായി അതിനെ
മാറ്റാനും’ സഹായിക്കുന്നത്.
അതുപോലെ
ഒരു ലാന്റ്സ്കേപ്പ് പെയിന്റിങ്ങിന്റെ
മൂല്യം കിടക്കുന്നത് ‘മൂഢമായ
പ്രകൃതിവാദ’ത്തിലല്ല,
മറിച്ച്
ഒരു പ്രകൃതിദൃശ്യത്തിൽ
ചിത്രകാരൻ ആരോപിക്കുന്ന
മാനസികവികാരത്തിലാണ്.
നഗരവാസിയായ
ബോദ്‌ലേറിനെ സംബന്ധിച്ചിടത്തോളം
പ്രകൃതിയുടെ മൂല്യം അതുണർത്തുന്ന
‘അത്ഭുതാവഹമായ മനോരാജ്യങ്ങളി’ലാണ്.
. 1860കളിൽ
ബോദ്‌ലേർ കവിതയിൽ നിന്ന്
മറ്റു മേഖലകളിലേക്കും കടന്നു.
കവിയും
നോവലിസ്റ്റും വിമർശകനും
ബോദ്‌ലേറിന് സ്നേഹിതനോടൊപ്പം
ഗുരുസ്ഥാനീയനുമായിരുന്ന
തിയോഫിൽ ഗോത്തിയേയെക്കുറിച്ചെഴുതിയ
ലേഖനം ഒരെഴുത്തുകാരന്റെ
കൃതികളും അയാളുടെ ജീവചരിത്രവും
തമ്മിലുള്ള ബന്ധത്തെ
തള്ളിക്കളഞ്ഞുകൊണ്ടാണ്
തുടങ്ങുന്നത്:
'ചില
ജീവചരിത്രങ്ങൾ എഴുതാൻ ഒരു
പ്രയാസവുമില്ല:
ഉദാഹരണത്തിന്,
സംഭവങ്ങളും
സാഹസികതകളും കൊണ്ടു തിങ്ങിനിറഞ്ഞ
ജീവിതത്തിനുടമയായ ചിലരുടേത്;
വസ്തുതകളും
അവയുടെ തീയതികളും കാലാനുക്രമമായി
ക്രോഡീകരിക്കുകയേ അവിടെ
ചെയ്യാനുള്ളു.
എന്നാൽ
ഒരെഴുത്തുകാരന്റെ കർത്തവ്യത്തെ
ഒരു സമാഹർത്താവിന്റെ കർത്തവ്യമായി
ലഘൂകരിക്കുന്ന തരത്തിൽ ഒരു
വിഷയവൈവിദ്ധ്യം ഇവിടെ എന്നെ
സഹായിക്കാനില്ല.
ഒരാത്മാവിന്റെ
ഔന്നത്യമല്ലാതെ മറ്റൊന്നും
എനിക്കു
മുന്നിലില്ല.
തന്റെ
ഏറ്റവും നാടകീയമായ സാഹസികതകൾ
സ്വന്തം മസ്തിഷ്കത്തിന്റെ
കുംഭഗോപുരത്തിനടിയിൽ
നിശ്ശബ്ദമായി അരങ്ങേറുന്ന
ഒരു മനുഷ്യന്റെ ജീവിതമെഴുതുക
എന്നത് തീർത്തും മറ്റൊരു
മുറയിലുള്ള ഒരു സാഹിത്യോദ്യമമാണ്.
ഒരു
നിർദ്ദിഷ്ടനക്ഷത്രം നിർദ്ദിഷ്ടമായ
ധർമ്മങ്ങളോടെ പിറവിയെടുക്കുന്നു;
ഒരു
മനുഷ്യന്റെ കാര്യവും അതുതന്നെ.
ഇരുവരും
തങ്ങൾക്കു പറഞ്ഞിട്ടുള്ള
ഭാഗം പ്രൗഢമായും വിനീതമായും
അഭിനയിച്ചുതീർക്കുന്നു.
സൂര്യന്റെ
ഒരു ജീവചരിത്രം നിങ്ങൾ
എങ്ങനെയാണു സങ്കല്പിക്കുക?
ആ
നക്ഷത്രം ജീവന്റെ ആദ്യലക്ഷണങ്ങൾ
കാണിച്ചുതുടങ്ങിയ നാൾ മുതൽ
ആവർത്തനവും
പ്രകാശവും
ഗാംഭീര്യവും നിറഞ്ഞ ഒരു
കഥയാണത്.'‘
ഒരു
കവിയെക്കുറിച്ചെഴുതുമ്പോൾ
വിരസമായ തീയതികളിലും വെറും
വസ്തുതകളിലുമല്ല ശ്രദ്ധ
കേന്ദ്രീകരിക്കേണ്ടത്,
മറിച്ച്
സൗന്ദര്യത്തിനോടുള്ള അയാളുടെ
അഗാധസ്നേഹത്തിന്റെ
ചരിത്രത്തിലാണെന്ന് ബോദ്‌ലേർ
പറയുന്നു.
തന്റെ
ജീവിതവും തന്റെ കവിതകളിലൂടെ
വെളിപ്പെടുന്ന ബിംബങ്ങളും
തമ്മിലുള്ള വരുദ്ധ്യത്തെക്കുറിച്ചുകൂടിയാണ്
അദ്ദേഹം സൂചിപ്പിക്കുന്നതെന്നു
വ്യക്തം.
(തന്റെ
കവിതകളെ വിചാരണ ചെയ്ത കോടതി
അതു കാണാതെപോയി എന്ന പരോക്ഷമായ
കുറ്റപ്പെടുത്തലും
കണ്ടെത്താവുന്നതേയുള്ളു.)
ധാർമ്മികതയും
സാഹിത്യത്തിന്റെ,
വിശേഷിച്ചും
കവിതയുടെ,
ദൗത്യവും
തമ്മിലുള്ള അന്തരത്തെക്കുറിച്ചും
ബോദ്‌ലേർ ഈ ലേഖനത്തിൽ
എടുത്തുപറയുന്നുണ്ട്.
കവിത
കൂടുതൽ ഉന്നതമായ ഒരു
സൗന്ദര്യത്തിനോടുള്ള മനുഷ്യന്റെ
തീവ്രാഭിലാഷമാണെന്ന് അദ്ദേഹം
ഓർമ്മിപ്പിക്കുന്നു.
അതിനർത്ഥം
സദാചാരത്തിനും നന്മയ്ക്കുമൊന്നും
ആ പ്രക്രിയയിൽ ഒരു സ്ഥാനവുമില്ല
എന്നുതന്നെ.
അതുപോലെ
ഭൂമിയെ സ്വർഗ്ഗത്തിന്റെ
പ്രതിഫലനമായും യഥാർത്ഥത്തെ
ആദർശത്തിന്റെ പ്രതിഫലനമായും
കാണാൻ സൗന്ദര്യം നമ്മെ
സഹായിക്കുന്നു എന്നും അദ്ദേഹം
വാദിക്കുന്നു.
ഭൂമിയും
എല്ലാ രൂപകങ്ങളുടേയും കലവറയായ
സ്വർഗ്ഗവും തമ്മിലുള്ള
ആനുരൂപ്യങ്ങളെ പ്രത്യക്ഷമാക്കാൻ
മഹാന്മാരായ ചിത്രകാരന്മാരെപ്പോലെ
മഹാന്മാരായ കവികൾക്കു
കഴിയുന്നതും അതുകൊണ്ടാണ്.
അതുകൊണ്ടുതന്നെയാണ്
ഭാഷയെ പവിത്രമായി കാണേണ്ടത്,
ഭാഷ
സമർത്ഥമായി കൈകാര്യം ചെയ്യുക
എന്നത് ഒരുതരം ആഭിചാരമാകുന്നത്.
ഒരാദർശലോകത്തേക്കെത്താൻ
ഹഷീഷും കറുപ്പും മനുഷ്യനെ
എങ്ങനെ സഹായിക്കും
എന്നതിനെക്കുറിച്ചുള്ള
സൈദ്ധാന്തികപഠനമാണ് 1860ൽ
എഴുതിയ Les
Paradis artificiels, Opium et Haschisch (കൃത്രിമസ്വർഗ്ഗം,
ഹഷീഷും
കറുപ്പും). ആ
വർഷാദ്യം തന്നെ ഡി ക്വിൻസിയുടെ
‘ ഒരു ഇംഗ്ലീഷ് കറുപ്പുതീറ്റക്കാരന്റെ
കുമ്പസാരങ്ങൾ’ അദ്ദേഹം
പരിഭാഷപ്പെടുത്തി
പ്രസിദ്ധീകരിച്ചിരുന്നു.
(പരിഭാഷ
എന്നതിനെക്കാൾ പാഠാന്തരം
എന്നു പറയുകയാവും ഉചിതം;
കാരണം,
തന്റേതായ
ചില നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി,
പാഠത്തിന്റെ
ക്രമത്തിൽ സ്വന്തമായ മാറ്റങ്ങൾ
വരുത്തിയ ഒരു രൂപമാണത്.)
ആ
പുസ്തകത്തിനോട് തനിക്കു
തോന്നിയ ആകർഷണത്തിന്റെ കാരണം
അദ്ദേഹം ‘ഹഷീഷ് കവിത’യുടെ
തുടക്കത്തിൽ വിശദീകരിക്കുന്നുണ്ട്.
‘സ്വയം
നിരീക്ഷിക്കാനും ആ നിരീക്ഷണങ്ങൾ
ഓർമ്മയിൽ സൂക്ഷിക്കാനും
അറിയുന്നവർ,
ഹോഫ്മന്നെപ്പോലെ
സ്വന്തം ആത്മീയബാരോമീറ്റർ
എങ്ങനെ നിർമ്മിക്കണമെന്നറിയുന്നവർ-
അവർക്കു
ചിലപ്പോൾ തങ്ങളുടെ ഒബ്സെർവേറ്ററിയിൽ
ഇഷ്ടഋതുക്കളും സന്തുഷ്ടദിനങ്ങളും
ഹൃദ്യനിമിഷങ്ങളും
രേഖപ്പെടുത്തിവയ്ക്കാൻ
കഴിഞ്ഞെന്നു വരാം.
ചില
ദിവസങ്ങളിൽ ഒരാൾ ഉറക്കമുണരുന്നത്
യുവത്വം തുടിക്കുന്നതും
ഊർജ്ജസ്വലവുമായ ഒരു
പ്രതിഭയോടെയായിരിക്കും.
അയാളുടെ
കൺപോളകൾ അവയെ മുദ്രവച്ച
മയക്കത്തിൽ നിന്ന് ഇനിയും
മുക്തമായിട്ടില്ലെങ്കിലും
ബാഹ്യലോകം അയാൾക്കു മുന്നിൽ
അവതരിക്കുന്നത് തെളിഞ്ഞ
ബാഹ്യരേഖകളും നിറങ്ങളുമായി
തികവുറ്റ ഒരു റിലീഫ് ശില്പം
പോലെയായിരിക്കും.
ആത്മീയലോകം
പുതിയ തെളിമകളുമായി അതിന്റെ
വിശാലദൃശ്യം അയാൾക്കു മുന്നിൽ
തുറന്നിടുന്നു...’
എന്നാൽ
ഈ മാനസികാവസ്ഥ നമ്മുടെ സ്വേച്ഛ
പോലെ കൈവരിക്കാവുന്നതല്ല
എന്നതാണ് പ്രശ്നം.
ഒരു
ദൈവാനുഗ്രഹം പോലെ വീണുകിട്ടുന്നതാണത്;
നമുക്കെന്തൊക്കെയാകാമെന്നും
നാമെന്തായിരിക്കണമെന്നും
നമ്മെ വിളിച്ചുകാട്ടുന്ന
ഒരു മാന്ത്രികദർപ്പണമാണത്.
മഹത്തായ
കലാസൃഷ്ടികൾ ചെയ്യുന്നതിനനുകൂലമായ
ഒരു മാനസികാവസ്ഥയാണതെന്നതിനാൽ
മദ്യം, ഹഷീഷ്,
കറുപ്പ്
തുടങ്ങിയ മയക്കുമരുന്നുകളിലൂടെ
കൃത്രിമമായി അതിലേക്കെത്താനുള്ള
വഴികൾ തേടാൻ മനുഷ്യൻ നോക്കും.
ഡി ക്വിൻസിയെ
വിവർത്തനം ചെയ്യുമ്പോൾ
ബോദ്‌ലേർ മനസ്സിൽ കണ്ടത്
അത്തരം കൃത്രിമമാർഗ്ഗങ്ങളുടെ
സ്വാധീനത്തെക്കുറിച്ചുള്ള
പഠനം മാത്രമല്ല,
ഭാവന
അതിന്റെ തീക്ഷ്ണാവസ്ഥയിൽ
എങ്ങനെ പ്രവർത്തിക്കുന്നു
എന്നതിന്റെ വിശകലനം കൂടിയാണ്.
1860
ഫെബ്രുവരിയിലാണ്
ജർമ്മൻ സംഗീതജ്ഞനായ
റിച്ചാർഡ്
വാഗ്നറുടെ സംഗീതം അദ്ദേഹം
ആദ്യമായി
കേൾക്കുന്നത്.
പ്രബലവും
തീക്ഷ്ണവുമായ ആ സംഗീതത്തിന്റെ
പിടിയിൽ പെട്ടുപോയ ബോദ്‌ലേർ
വാഗ്നർക്കെഴുതിയ കത്തിൽ ആ
സംഗീതം തന്റേതായി തനിക്കു
തോന്നിയെന്നും ഒരാൾക്കു
സ്നേഹിക്കാൻ വിധിക്കപ്പെട്ട
കാര്യങ്ങളെ എങ്ങനെയാണ് അയാൾ
തിരിച്ചറിയുന്നത്,
അതുപോലെയാണ്
താൻ അതിനെ തിരിച്ചറിഞ്ഞതെന്നും
ഏറ്റുപറഞ്ഞു.
1861 സെപ്തംബറിൽ
താൻ വിയന്നയിലേക്കു
വരുന്നുണ്ടെന്നും അദ്ദേഹം
വാഗ്ദാനം ചെയ്തു.
എന്നാൽ
അതു നടന്നില്ല;
പകരം
അദ്ദേഹം സംഗീതത്തെക്കുറിച്ചുള്ള
തന്റെ ഒരേയൊരു ലേഖനം വാഗ്നർക്കു
സമർപ്പിച്ചു.
അതാണ്
1861 ഏപ്രിൽ
ഒന്നിനു പ്രസിദ്ധീകരിച്ച
‘റിച്ചാർഡ് വാഗ്നറും പാരീസിൽ
ടാൻഹൗസറും’ (Richard
Wagner et Tannhauser a Paris) അതിലും
ഭാവനയുടെ മൂല്യത്തെയും
ആവശ്യകതയേയും കുറിച്ച്
ബോദ്‌ലേർ ഊന്നിപ്പറയുന്നുണ്ട്.
‘സംഗീതത്തിൽ,
ചിത്രരചനയിലും
എഴുത്തിലുമെന്നപോലെ,
കേൾവിക്കാരന്റെ
ഭാവന കൊണ്ടു നികത്തേണ്ട ഒരു
വിടവ് എപ്പോഴുമുണ്ടാകും.’
കലകളെക്കുറിച്ചുള്ള
ലേഖനങ്ങളിൽ ഏറ്റവും പ്രധാനം
ആധുനികകലയെക്കുറിച്ചുള്ള
‘ആധുനികജീവിതത്തിന്റെ
ചിത്രകാരൻ‘ (
Le Peintre de la vie moderne) എന്ന
പ്രബന്ധമാണ്.
1859ൽ
കോൺസ്റ്റാന്റിൻ ഗയ്സ്
(Constantin Guys) എന്ന
രേഖാചിത്രകാരനെ പരിചയപ്പെട്ടതിനു
ശേഷമാണ് ബോദ്‌ലേർ ആ ലേഖനം
എഴുതിത്തുടങ്ങുന്നത്.
1845ലെയും
1846ലെയും
സലോൺ ലേഖനങ്ങളിൽ ആദ്യമായി
പ്രകാശിപ്പിച്ച ‘ആധുനികജീവിതത്തിലെ
ഹീറോയിസം’ എന്ന ആശയത്തിന്റെ
പൂർണ്ണത പ്രാപിച്ച രൂപമാണത്.
1846ലെ സലോൺ
എന്ന ലേഖനത്തിൽ ‘ആധുനികത്വം
കലയുടെ അനിത്യമായ ഒരു
പകുതിയാണെന്നും മറ്റേപ്പകുതി
നിത്യവും അപരിണാമിയാണെന്നും
അദ്ദേഹം പറയുന്നു.
ഈ ആശയത്തിന്റെ
വിപുലനമാണ് CG
(കോൺസ്റ്റാന്റിൻ
ഗയ്സ്) എന്ന
ചിത്രകാരന്റെ താല്പര്യങ്ങളേയും
രചനാരീതികളേയും കുറിച്ച്
വിശദമായി ചർച്ച ചെയ്തുകൊണ്ട്
‘ആധുനികജീവിതത്തിന്റെ
ചിത്രകാര’നിലൂടെ ബോദ്‌ലേർ
നടത്തുന്നത്.
CG ഒരു
കലാകാരൻ എന്നതിലുപരി വിപുലമായ
ലോകപരിചയമുള്ള ഒരാളാണ്.
കല
താല്പര്യജനകമാകണമെങ്കിൽ
കലാകാരൻ പരിമിതവീക്ഷണമുള്ളയാളായാൽ
പോരാ. തന്റെ
മേഖലയ്ക്കു പുറത്തുള്ള
ലോകത്തെക്കുറിച്ച് വിപുലപരിചയം
അയാൾക്കുണ്ടാവണം.
‘ഡാൻഡി’
(dandy)യെക്കുറിച്ചുള്ള
തന്റെ സങ്കല്പം ഇതിനൊപ്പം
ബോദ്‌ലേർ അവതരിപ്പിക്കുന്നുണ്ട്.
അയാൾ
മോടിയായി വേഷം ധരിക്കുന്നയാൾ
മാത്രമല്ല,
ഏറ്റവും
ഉയർന്ന സൗന്ദര്യസങ്കല്പത്തിനനുസൃതമായി
ജീവിക്കുന്നയാൾ കൂടിയാണ്.
ഡാൻഡിയുടെ
ലക്ഷ്യം,
ബോദ്‌ലേർ
പറയുന്നു,
ഉദാത്തതയാണ്;
അയാൾ
ജീവിക്കുന്നതും ഉറങ്ങുന്നതും
ഒരു കണ്ണാടിക്കു മുന്നിലാവണം.
പുറമേ
അയാൾ എങ്ങനെ കാണപ്പെടുന്നു
എന്നതിനെക്കുറിച്ചല്ല അദ്ദേഹം
പറയുന്നത്,
മറിച്ച്
അയാളുടെ മനസ്സിന്റെ
വരേണ്യതയെക്കുറിച്ചാണ്.
ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന
ഒരു ലോകത്തെ ഹീറോയിസത്തിന്റെ
അന്ത്യശോഭയാണത്.
മൗലികതയ്ക്കായുള്ള
തീക്ഷ്ണമായ അഭിലാഷം.
സൗന്ദര്യത്തെക്കുറിച്ചു
നമുക്കുള്ള ആശയം കാലം ചെല്ലുമ്പോൾ
നാമറിയാതെ നമ്മുടെ വേഷത്തിലും
നമ്മുടെ ചേഷ്ടകളിലും നമ്മുടെ
മുഖത്തും വ്യാപിക്കുന്നു.
ഇച്ഛാശക്തിയുടെ
മനഃപൂർവ്വമായ പ്രയോഗത്തിലൂടെ
ഒടുവിൽ ഡാൻഡി താൻ എന്താവണമെന്ന്
അയാൾ ആഗ്രഹിച്ചുവോ,
അതിനു
സദൃശനാകുന്നു.
അതുപോലെ
ആധുനികജീവിതത്തിന്റെ ഒരു
പ്രധാനഘടകമായ മേക്കപ്പിനെക്കുറിച്ചു
പറയുമ്പോൾ ഭൗതികാനുഷ്ഠാനങ്ങൾക്ക്
ഒരാത്മീയമാനമുണ്ടെന്ന്
ബോദ്‌ലേർ വിശദീകരിക്കുന്നു.
അണിഞ്ഞൊരുങ്ങലിന്
ഉന്നതമായ ഒരാത്മീയസ്വഭാവമുണ്ടെന്നും
ആദർശത്തിനായുള്ള അഭിരുചിയുടെ
ലക്ഷണമായി വേണം ഫാഷനെ കാണാനെന്നും
അദ്ദേഹം തുടരുന്നു.
മേക്കപ്പിനും
ഫാഷനും കൊടുക്കുന്ന ഈ
പ്രാധാന്യത്തിന്റെ ഉപോല്പന്നമാണ്
പ്രാകൃതികമായതിനോടുള്ള
അദ്ദേഹത്തിന്റെ അനിഷ്ടം.
സുന്ദരമായതെന്തും
സുന്ദരമാകുന്നത് കണക്കുകൂട്ടലിലൂടെയാണ്.
മനുഷ്യന്റെ
സ്വാഭാവികാവസ്ഥയെ കുറ്റമറ്റതാക്കാൻ
കല ആവശ്യമാണ്.
മനുഷ്യാവസ്ഥ
ഭൗതികതലത്തിൽ അനാകർഷകമാണ്,
ആത്മീയതലത്തിൽ
ആദിപാപത്തിന്റെ കറ പറ്റിയതും.
ആൾക്കൂട്ടത്തെക്കുറിച്ചുള്ള
തന്റെ ആശയങ്ങളും അദ്ദേഹം
ലേഖനത്തിൽ വികസിപ്പിക്കുന്നുണ്ട്.
ഏകാകിയായ
കലാകാരന് ‘മത്സ്യത്തിനു
ജലമെന്നപോലെയാണ്’ ആൾക്കൂട്ടം.
അജ്ഞാതത്തിനായുള്ള
അന്വേഷണത്തിൽ മാരകവും അദമ്യവുമായ
ഒരു ജിജ്ഞാസയാൽ പ്രേരിതനായി
നഗരത്തിൽ തിക്കിത്തിരക്കുന്ന
ആൾക്കൂട്ടത്തിലേക്കയാൾ
എടുത്തുചാടുന്നു.
ബോദ്‌ലേറുടെ
പല ഗദ്യകവിതകളും മുഖമില്ലാത്ത
ആൾക്കൂട്ടത്തിനോടുള്ള
അദ്ദേഹത്തിന്റെ മമതയുടെ
ഉദാഹരണങ്ങളാണ്;
എന്നാലത്
ഒറ്റയ്ക്കാവാനുള്ള ദാഹവുമായി
പിണഞ്ഞുകിടക്കുകയുമാണ്.
‘കവിക്ക്
തന്നിഷ്ടം പോലെ താനോ മറ്റുള്ളവരോ
ആകാനുള്ള സവിശേഷാവകാശമുണ്ട്.
ഒരുടൽ
തേടി അലഞ്ഞുനടക്കുന്ന
ആത്മാക്കളെപ്പോലെ അയാൾ
തനിക്കിഷ്ടമുള്ളപ്പോൾ
മറ്റേതൊരാളുടേയും വ്യക്തിത്വത്തിലേക്കു
കയറിച്ചെല്ലുന്നു.’
ആൾക്കൂട്ടത്തിൽ
മുങ്ങിക്കുളിക്കുക എന്നത്
കവിയേയും കലാകാരനേയും ഒരേപോലെ
ആധുനികജീവിതത്തെ അതിന്റെ
എല്ലാ തീക്ഷ്ണതയോടെയും
വെളിവാക്കിക്കൊടുക്കുന്നു.
ആൾക്കൂട്ടത്തിൽ
അജ്ഞാതനായി രമിക്കുന്നതിൽ
ലഹരി കണ്ടെത്തുന്ന ഡി ക്വിൻസിയുടെ
കറുപ്പുതീറ്റക്കാരനെപ്പോലെ
കലാകാരനും ഒരു കുട്ടിയോടു
സദൃശനാണ്.
കുട്ടിക്ക്
എല്ലാം പുതുമയാണ്,
പുതുമകളുമായി
അവൻ സ്നേഹത്തിലാണ്,
അതിന്റെ
തീരാത്ത ലഹരിയിലുമാണവൻ.
ജീനിയസ്,
ബോദ്‌ലേർ
പറയുന്നു,
ബാല്യത്തിന്റെ
തീക്ഷ്ണതയെ സ്വേച്ഛ പോലെ
തിരിച്ചുപിടിക്കുന്നതാണ്.
ആധുനികന്റെ
അനുഭവങ്ങൾ നൈമിഷികവും
പരിമിതവുമാണ്.
മിന്നിമറയുന്ന
ആ അനുഭൂതികളെ പിടിച്ചെടുക്കാൻ
കലാകാരൻ ആശ്രയിക്കുന്നത്
അക്കാദമികൾ ആദരിക്കുന്ന
പോളിഷ് ചെയ്ത ചിത്രീകരണങ്ങളെയല്ല,
കാഴ്ച്ചക്കാരന്റെ
ഭാഗത്തു നിന്ന് ഭാവനാത്മകവും
വ്യാഖ്യാനാത്മകവുമായ പങ്കാളിത്തം
ആവശ്യപ്പെടുന്ന ചുരുക്കെഴുത്തു
പോലുള്ള ഒരു പ്രതിപാദനത്തെയാണ്.
ഇതിനുദാഹരണമായി
ബോദ്‌ലേർ എടുത്തുകാണിക്കുന്നത്
കടന്നുപോയ ഒരു യുവതിയുടെ
നിമിഷദർശനത്തെ കോൻസ്റ്റാൻ്റിൻ
ഗയ്സ് ജലച്ചായത്തിലാക്കിയതാണ്.
സമകാലികജീവിതത്തിന്റെ
നൈമിഷികചാരുതയുടെ
ചുരുക്കെഴുത്തുരൂപങ്ങളാണ്
ഗദ്യകവിതകളെന്നും പറയാം.
ആ ചാരുതയുടെ
ഒരടിസ്ഥാനസ്വഭാവമാണ് അതിന്റെ
അപ്രവചനീയത.
അതിനെ
പിടിച്ചെടുക്കാൻ വേണ്ടത്
സാമ്പ്രദായികകാവ്യരൂപങ്ങളല്ല,
വായനക്കാരന്റെ
പ്രവചനങ്ങളെല്ലാം തെറ്റിക്കുന്ന
ഒരു രൂപമാണ്.
ബോദ്‌ലേർ
ഗദ്യകവിതയിൽ കണ്ടത് അതാണ്.
തെരുവിലെ
ആൾക്കൂട്ടത്തെ നോക്കി
നോക്കിനില്ക്കുന്ന ഒരാൾ
അനുഭവിക്കുന്നത് ഒച്ചയും
ബഹളവുമാണ്,
നിരന്തരചലനങ്ങളാണ്;
ആ ഇടഞ്ഞ
താളത്തെ വർണ്ണിക്കാൻ
സാമ്പ്രദായികകവിതയുടെ നിയതതാളം
പോരാ.
ഡി
ക്വിൻസിയുടെ ‘കുമ്പസാരങ്ങൾ’
വിവർത്തനം ചെയ്തുകൊണ്ടിരിക്കുമ്പോഴാവണം
സ്വന്തമായ ഒരു കുമ്പസാരപ്പുസ്തകം
എഴുതാനുള്ള പ്രചോദനം
അദ്ദേഹത്തിനുണ്ടാവുന്നത്.
1861 ഏപ്രിലിൽ
അമ്മയ്ക്കെഴുതിയ ഒരു കത്തിൽ
‘കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ
സ്വപ്നം കണ്ടു നടക്കുന്ന ഒരു
വലിയ പുസ്തക’ത്തെക്കുറിച്ച്
ബോദ്‌ലേർ പരാമർശിക്കുന്നുണ്ട്.
Mon Coeur Mis à Nu (മലർക്കെത്തുറന്ന
ഹൃദയം) എന്നാണ്
അദ്ദേഹം അതിനു പേരു കൊടുത്തത്.
തന്റെ
രോഷത്തിന്റെ എല്ലാ ഉറവിടങ്ങളും
താനതിൽ രേഖപ്പെടുത്തിവയ്ക്കുമെന്നും
താരതമ്യം ചെയ്താൽ റൂസോയുടെ
‘കുമ്പസാരങ്ങൾ’ അതിനു മുന്നിൽ
ഒന്നുമാവില്ലെന്നും അതു
നിറയെ വിദ്വേഷവും പകയുമായിരിക്കുമെന്നും
അതുകൊണ്ടു മുറിവേറ്റവരുടെ
കയ്യെത്താത്തൊരിടത്തേക്കു
ചെന്നെത്താനുള്ള പണം
സ്വരൂപിച്ചിട്ടല്ലാതെ താനതു
പ്രസിദ്ധീകരിക്കാൻ
ഒരുമ്പെടില്ലെന്നും അദ്ദേഹം
അവകാശപ്പെടുന്നുണ്ട്.
ആ പദ്ധതി
അതിന്റെ പൂർണ്ണരൂപത്തിൽ
നടപ്പായില്ലെങ്കിലും അതിനു
വേണ്ടി അസംഖ്യം കുറിപ്പുകൾ
അദ്ദേഹം തയ്യാറാക്കിയിരുന്നു.
‘എന്റെ
പുസ്തകം എവിടെ വച്ചും എനിക്കു
തുടങ്ങാം,
ആ
നേരത്തെ പ്രചോദനവും
സാഹചര്യവുമനുസരിച്ച്,’
ഒരു
കുറിപ്പിൽ അദ്ദേഹം സ്വയം
ഉത്സാഹിപ്പിക്കുന്നു.
ചില
കുറിപ്പുകൾ പിന്നീടു
വിപുലപ്പെടുത്താനായി
മാറ്റിവച്ചിരിക്കുന്നതാണ്.
തന്റെ
സമകാലികരെക്കുറിച്ച്,
ഷോർഷ്
സോങിനെക്കുറിച്ചു
(Geroge
Sand) പ്രത്യേകിച്ചും,
വിദ്വേഷം
നിറഞ്ഞ പരാമർശങ്ങൾ ഇടയ്ക്കിടെ
കാണാം.
ബൂർഷ്വാമൂല്യങ്ങളെ
തള്ളിപ്പറയുന്ന കുറിപ്പുകളുണ്ട്
(‘പ്രയോജനമുള്ള
മനുഷ്യനാവുക എന്നത് എനിക്കെന്നും
ബീഭത്സമായിട്ടാണു തോന്നിയിട്ടുള്ളത്.’)
റൂസോയുടെ
പുസ്തകവുമായി താരതമ്യം
ചെയ്യാനില്ലെങ്കിലും ബോദ്‌ലേറുടെ
താല്പര്യങ്ങളിലും വികാരങ്ങളിലും
ഈർഷ്യകളിലും വെളിച്ചം വീശുന്നു
എന്ന രീതിയിൽ വിലപ്പെട്ട ഒരു
രേഖയാണത്.
1862ലാണ്
20 ഗദ്യകവിതകൾ
La Presseയിൽ
പ്രസിദ്ധീകരിക്കുന്നത്.
ഗദ്യകവിതയിലേക്കുള്ള
ചുവടുമാറ്റം ഈ വർഷം മുതലാണ്.
നൂറു
ഗദ്യകവിതകൾ എഴുതാനാണ് അദ്ദേഹം
ആലോചിച്ചതെങ്കിലും അമ്പതെണ്ണം
പൂർത്തിയാക്കാനേ കഴിഞ്ഞുള്ളു.
അദ്ദേഹത്തിന്റെ
മരണശേഷം 1869ലാണ്
Petits poems en prose (ചെറിയ
ഗദ്യകവിതകൾ)
എന്ന
പേരിൽ ഇവ പുസ്തകമാകുന്നത്.
1917ലെ
പതിപ്പിനു നല്കിയ Le
Spleen de Paris, Petits poems en prose എന്ന
പേരിലാണ് ഇപ്പോഴത് കൂടുതൽ
അറിയപ്പെടുന്നത്.
ബോദ്‌ലേറെ
സംബന്ധിച്ചിടത്തോളം വളരെ
പ്രധാനമായ ഒരു സാഹിത്യസംരംഭമായിരുന്നു
അത്. ഒരു
കത്തിൽ അദ്ദേഹം അതിനെക്കുറിച്ചു
പറയുന്നത് ‘തിന്മയുടെ പൂക്കളു’ടെ
ഒരു ‘പതക്കം’ (പൂർത്തീകരണം)
എന്നാണ്.
La Presseയുടെ
എഡിറ്ററായ ആർസേൻ ഉസ്സായ്
(Arsen Houssaye)ക്കെഴുതിയ
ഒരു കത്തിൽ (ഈ
കത്ത് പിന്നീട് ഗദ്യകവിതകളുടെ
ആമുഖമായി പുസ്തകത്തിൽ
ഉൾപ്പെടുത്തിവരുന്നു)
ഗദ്യകവിതകളെക്കുറിച്ചുള്ള
തന്റെ ചിന്തകൾ അദ്ദേഹം
പങ്കുവയ്ക്കുന്നുണ്ട്.
തന്റെ
മുൻഗാമി 1842ലെ
‘രാത്രിയിലെ ഗസ്പാർദ്‘
(Gaspard de la Nuit)
എഴുതിയ
അലോസ്യസ് ബെർത്രാങ് (Aloysius
Bertrand) ആണെന്ന്
ബോദ്‌ലേർ സൂചിപ്പിക്കുന്നു.
ബെർത്രാങ് പക്ഷേ
തന്റെ രചനകളെ ‘ഗദ്യകവിത’
എന്നു വിശേഷിപ്പിച്ചിരുന്നില്ല;
വൃത്തബദ്ധമല്ലാത്ത
രചനകളെ കവിത എന്നാദ്യമായി
പേരിട്ടുവിളിക്കുന്നത്
ബോദ്‌ലേറാണ്.
കൊതിപ്പിക്കും
വിധമാണ് ഈ പുതിയ രൂപത്തെക്കുറിച്ച്
അദ്ദേഹം പറയുന്നത്:
‘ഉയരങ്ങൾ
കീഴടക്കാൻ നാം മോഹിച്ചിരുന്ന
ആ നാളുകളിൽ കാവ്യാത്മകമായ
ഗദ്യം എന്ന അത്ഭുതത്തെ സ്വപ്നം
കാണാത്തതായി നമ്മുടെ കൂട്ടത്തിൽ
ആരെങ്കിലുമുണ്ടോ:
വൃത്തമോ
താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്,
ആത്മാവിന്റെ
കാവ്യാത്മകചലങ്ങൾക്കും
ദിവാസ്വപ്നത്തിന്റെ ദോലനങ്ങൾക്കും
ബോധത്തിന്റെ ഗതിഭേദങ്ങൾക്കുമൊപ്പിച്ച്
പേലവവും പരുഷവുമാകുന്നത്?
’
സാമ്പ്രദായികകവിതയുടെ
രൂപങ്ങൾ സ്വാധീനമാക്കിക്കഴിഞ്ഞ
ബോദ്‌ലേർ പുതിയൊരു ഭാഷ
സൃഷ്ടിക്കാനാണ് ഗദ്യകവിതകളിലൂടെ
ശ്രമിക്കുന്നത്.
ബെർത്രാങ്ന്റെ
പ്രതിപാദ്യം മദ്ധ്യകാലഘട്ടത്തിലെ
കാല്പനികജീവിതമായിരുന്നെങ്കിൽ
ബോദ്‌ലേറുടേത് പാരീസിലെ
സമകാലികനഗരജീവിതമാണ്.
മഹാനഗരങ്ങളുമായുള്ള
തന്റെ നിരന്തരസമ്പർക്കത്തിൽ
നിന്നാണ് ഇങ്ങനെയൊരാദർശം
തന്നെ വിടാതെ പിടികൂടിയതെന്നും
അദ്ദേഹം ആമൂഖത്തിൽ പറയുന്നുണ്ട്.
‘തിന്മയുടെ
പൂക്കൾ’ക്ക് ഒരു
വാസ്തുശില്പഘടനയുണ്ടായിരുന്നു;
എന്നാൽ
ഗദ്യകവിതകളുടെ പുസ്തകത്തിന്
അങ്ങനെയൊരു പൂർവ്വാപരബന്ധമില്ല.
‘...ഇതിനു
തലയും വാലുമില്ലെന്ന് ആരും
പറയാൻ പോകുന്നില്ല;
കാരണം
ഇതിലുള്ളതൊക്കെ ഒരേസമയം
തലയും വാലുമാണ്,
മാറിയും
മറിഞ്ഞും.’
Le Spleen de Paris ആധുനികമാകുന്നത്
സാമ്പ്രദായികരൂപങ്ങളിൽ
നിന്നുള്ള ഒരു വിച്ഛേദമാണതെന്നതുകൊണ്ടാണ്,
നഗരജീവിതത്തെക്കുറിച്ചാണതെന്നതുകൊണ്ടാണ്,
ബോധപൂർവ്വമായിത്തന്നെ
അതൊരു ക്രമം ദീക്ഷിക്കുന്നില്ല
എന്നതുകൊണ്ടാണ്.
ഗദ്യകവിതയിൽ
പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന
കാലത്താണ് ബോദ്‌ലേർ ഗുരുതരമായ
സാമ്പത്തികപ്രശ്നങ്ങൾ
അനുഭവിക്കുന്നത്.
അദ്ദേഹത്തിന്റെ
പ്രസാധകനായ പൗലെറ്റ് മലെയ്സ്
1862ൽ
പാപ്പരായി.
La Presse ഗദ്യകവിതകളുടെ
പ്രസിദ്ധീകരണം നിർത്തിവച്ചു.
എഡ്ഗാർ
അലൻ പോയുടെ വിവർത്തനത്തിന്റെ
പൂർണ്ണമായ അവകാശം മറ്റൊരു
പ്രസാധകനു വിറ്റതിനാൽ പിന്നീട്
അതിൽ നിന്നൊന്നും കിട്ടാതായി.
വിക്തോർ
ഹ്യൂഗോയുടെ പ്രസാധകരായ
ബ്രസ്സൽസിലെ Lacroix
et Verboeckhovenനെക്കൊണ്ട്
പുസ്തകങ്ങൾ പ്രസിദ്ധീകരിപ്പിക്കാനുള്ള
ശ്രമങ്ങൾ ഫലവത്തായതുമില്ല.
ഈ
സാഹചര്യത്തിലാണ് അദ്ദേഹം
ബ്രസ്സൽസിലേക്കു പോകാൻ
തീരുമാനിക്കുന്നത്;
അവിടെ
ഒരു പ്രഭാഷണപരമ്പര നടത്തി
കുറച്ചു പണമുണ്ടാക്കുകയും
പ്രസാധകരെ നേരിട്ടു
കാണുകയുമായിരുന്നു അദ്ദേഹത്തിന്റെ
ഉദ്ദേശ്യം.
1864 ഏപ്രിൽ
24നാണ്
ബോദ്‌ലേർ ബ്രസ്സൽസിൽ എത്തുന്നത്.
അവിടെയെത്തി
Hotel du Grand Miroirൽ
അദ്ദേഹം മുറിയെടുത്തു;
1866ൽ
ഹൃദയാഘാതം ഉണ്ടാകുന്നതുവരെ
അദ്ദേഹത്തിന്റെ താമസം
അവിടെത്തന്നെയായിരുന്നു.
പ്രഭാഷണപരമ്പര
പരാജയമായിരുന്നു;
പ്രതീക്ഷിച്ചത്ര
വരുമാനം അതിൽ നിന്നു കിട്ടിയില്ല.
ഒന്നാമത്തെ
പ്രഭാഷണം നന്നായി നടന്നുവെങ്കിലും
പിന്നീടുള്ളത് അദ്ദേഹത്തിന്റെ
സഭാകമ്പം മൂലം ദുരന്തങ്ങളായി
എന്നാണ് പറയപ്പെടുന്നത്.
തന്റെ
അവസാനത്തെ പ്രഭാഷണശ്രമത്തെക്കുറിച്ച്
അമ്മയ്ക്കുള്ള ഒരു
കത്തിൽ അദ്ദേഹം
മർമ്മഭേദകമായി വിവരിക്കുന്നുണ്ട്:
പ്രകാശപൂരിതമായ
മൂന്നു വൻമുറികൾ,
ചുമരുകളിൽ
പെയിന്റിങ്ങുകൾ,
കേയ്ക്കും
വൈനും ആവോളം-
എല്ലാം
പത്തോ പന്ത്രണ്ടോ പേർക്കു
വേണ്ടി.
അദ്ദേഹം
ആ പ്രസംഗം മുഴുവനാക്കാൻതന്നെ
മിനക്കെട്ടില്ല.
ഈ
ഇച്ഛാഭംഗത്തിനു പുറമേ പ്രസാധകനായ
Lacroixനെ
കാണാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും
ചെയ്തു.
ഇതിനൊക്കെയപ്പുറം
ബൽജിയത്തിലെ കാലാവസ്ഥയും
സംസ്കാരവും അദ്ദേഹത്തിനു
ശ്വാസം മുട്ടിക്കുന്നതായിത്തോന്നി; ആ
രാജ്യത്തെ കഠിനമായി
കുറ്റപ്പെടുത്തിക്കൊണ്ട്
Pauvre Belgique! (ദരിദ്രമായ
ബൽജിയം!) എന്ന
പേരിൽ ഒരു പുസ്തകം തന്നെ
എഴുതിത്തുടങ്ങി എന്നോർക്കുമ്പോഴാണ്
ആ ശ്വാസം മുട്ടൽ എത്ര
കടുത്തതായിരുന്നുവെന്നു
നാം കാണുക.
ബൽജിയം
അസഹ്യമായിരുന്നുവെങ്കിലും
ബോദ്‌ലേർ ഫ്രാൻസിലേക്കു
തിരിച്ചുപോയില്ല.
പഴയ
പ്രസാധകനായ പൂലെ-മലാസ്സിയും
കടക്കാരിൽ നിന്നു രക്ഷപ്പെടാനായി
ഈ സമയത്ത് ബൽജിയത്തിലെത്തിയിരുന്നു.
‘തിന്മയുടെ
പൂക്കളി’ൽ നിന്നൊഴിവാക്കിയ
കവിതകൾ ചേർത്ത് Les
Epaves (കപ്പൽച്ചേതം)
എന്നൊരു
സമാഹാരം അദ്ദേഹത്തിന്റെ
സഹായത്തോടെ 1866ൽ
പ്രസിദ്ധീകരിച്ചു.
ആ വർഷം
മാർച്ച് 15ന്
ഒരു യാത്രക്കിടെ ബോദ്‌ലേർ
കുഴഞ്ഞുവീണു.
കുറേക്കാലമായി
അദ്ദേഹത്തിന്റെ ആരോഗ്യം
ക്ഷയിച്ചുവരികയായിരുന്നു.
സിഫിലിസിന്
അക്കാലത്ത് ഫലപ്രദമായ മരുന്നുകൾ
ഉണ്ടായിരുന്നില്ല.
സിഫിലിസാണ്
മരണകാരണമായതെന്ന് ഡോക്ടർമാർ
സ്ഥിരീകരിക്കുന്നില്ലെങ്കിലും
മാർച്ച് 15നുണ്ടായ
സെറിബ്രൽ ഹീമറേജ് ആ രോഗത്തിന്റെ
മൂർദ്ധന്യാവസ്ഥയിലുണ്ടായതാണെന്ന്
മിക്കവാറും ഉറപ്പിക്കാം.
മാർച്ച്
31ന്
അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി.
ഏപ്രിൽ
4 ആയപ്പോഴേക്കും
സംസാരശേഷിയും നഷ്ടപ്പെട്ടു.
മദാം
ഓപിക് ഏപ്രിൽ 14ന്
ബ്രസ്സൽസിലെത്തി ജൂൺ അവസാനത്തോടെ
ബോദ്‌ലേറെയും കൊണ്ട് പാരീസിലേക്കു
മടങ്ങി. 1867
ആഗസ്റ്റ്
31ന്
അദ്ദേഹം ജീവൻ വെടിഞ്ഞു.
ബോദ്‌ലേറുടെ
കഥയിലെ ഏറ്റവും ദാരുണമായ
ഐറണി ചിന്തയിലും ഭാഷയിലും
അങ്ങേയറ്റം സ്പഷ്ടത പുലർത്തിയിരുന്ന
ഒരു മനുഷ്യന് തന്റെ ജീവിതത്തിന്റെ
അവസാനത്തെ പതിനേഴു മാസം
അവ്യക്തമായ ഒറ്റശബ്ദങ്ങളുമായി
കഴിച്ചുകൂട്ടേണ്ടിവന്നു
എന്നതാണ്.
തനിക്കു
ചുറ്റും എന്തൊക്കെ നടക്കുന്നുവെന്നു
മനസ്സിലാക്കുമ്പോഴും
അതിനെക്കുറിച്ചൊന്നും മിണ്ടാൻ
പറ്റാതെവരിക എന്നത് അദ്ദേഹത്തിനു
വിശേഷിച്ചും ഘോരമായ ഒരു
പീഡനമായിരുന്നു.
തന്റെ
സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കണമെന്ന്
ബോദ്‌ലേർക്ക് ആഗ്രഹമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ
അഭിലാഷമനുസരിച്ച് സുഹൃത്തുക്കൾ
ലെവി എന്ന പ്രസാധകനെ ഏർപ്പെടുത്തി.
പ്രസിദ്ധീകരണത്തിന്റെ
മേൽനോട്ടം താൻ തന്നെ
ചെയ്യണമെന്നായിരുന്നു
അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും
അപ്പോഴത്തെ അവസ്ഥയിൽ അതു
പറ്റില്ല എന്നും
അദ്ദേഹത്തിനറിയാമായിരുന്നു.
തന്റെ
രോഗം ഭേദമാകുമെന്ന പ്രതീക്ഷയോടെ
പുസ്തകത്തിന്റെ പണികൾ മാർച്ച്
31 വരെ
മാറ്റിവയ്ക്കാൻ ഒരു കലണ്ടറും
ലെവി പ്രസിദ്ധീകരിച്ച ഒരു
പുസ്തകവും കാട്ടി അദ്ദേഹം
സൂചിപ്പിച്ചു.
പക്ഷേ
ആ ദിവസമെത്തിയപ്പോഴും
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ
മാറ്റമൊന്നും ഉണ്ടായില്ല.
ഒടുവിൽ
അദ്ദേഹത്തിന്റെ മേൽനോട്ടമില്ലാതെ
1868നും
1873നുമിടയിലാണ്
Oeuvres completes
(സമ്പൂർണ്ണകൃതികൾ)
ഏഴു
വാല്യങ്ങളായി പുറത്തിറങ്ങുന്നത്.
‘ജീനിയസിന്റെ
കാര്യത്തിൽ പൊതുജനം പതുക്കെയോടുന്ന
വാച്ചുപോലെയാണ്,’
ബോദ്‌ലേർ
ദിലക്വായെക്കുറിച്ചുള്ള
ലേഖനത്തിൽ പറയുന്നുണ്ട്.
തന്റെ
ജീവിതകാലത്ത് കവി എന്ന നിലയിൽ
ഒരു പരിമിതവൃത്തത്തിനുള്ളിൽ
മാത്രം അറിയപ്പെട്ടിരുന്ന
ബോദ്‌ലേറുടെ പ്രതിഭ ലോകം
അറിഞ്ഞുതുടങ്ങുന്നത് ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്.
1926ൽ
‘തിന്മയുടെ പൂക്കളു’ടെ
അവതാരികയായി പോൾ വലേറി Situation
de Baudelaire (ബോദ്‌ലേറുടെ
അവസ്ഥ) എഴുതി.
1927ൽ മാർസൽ
പ്രൂസ്ത് A
propos de Baudelaire (ബോദ്‌ലേറെ
സംബന്ധിച്ച്)
പ്രസിദ്ധീകരിച്ചു.
ഈ ലേഖനങ്ങളാണ്
പ്രധാനമായും ഫ്രാൻസിൽ
ബോദ്‌ലേറുടെ നവോദയത്തിനു
കാരണമായത്.
റ്റി.എസ്.എലിയട്ടിന്റെ
1930ലെ
‘ബോദ്‌ലേർ’ എന്ന പ്രശസ്തമായ
ലേഖനം അമേരിക്കയിലേയും
ഇംഗ്ലണ്ടിലേയും ആധുനികകവിതയ്ക്ക്
അദ്ദേഹത്തെ പരിചയപ്പെടുത്തി.
ഒരുകാലത്ത്
കവിതയുടെ പേരിൽ ചിലർ മാത്രം
ആദരിക്കുകയും കുത്തഴിഞ്ഞ
ജീവിതത്തിന്റെ പേരിൽ പരക്കെ
പഴിക്കപ്പെടുകയും ചെയ്ത
ബോദ്‌ലേർ ഇന്ന് പാശ്ചാത്യസംസ്കാരം
സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ
കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ആ
അംഗീകാരത്തിന്റെ ആധാരം പുതിയ
പ്രമേയങ്ങളും പുതിയൊരു
പദാവലിയും അവതരിപ്പിക്കുകയും
പാരമ്പര്യകാവ്യരൂപങ്ങളെ
അതുല്യമായ രീതിയിൽ
മെരുക്കിയെടുക്കുകയും ചെയ്ത
‘തിന്മയുടെ പൂക്കൾ’ മാത്രമല്ല,
നഗരജീവിതത്തിന്റെ
സങ്കീർണ്ണതയെ ആവിഷ്കരിക്കാൻ
സമർത്ഥമായ സാഹിത്യരൂപമായി
ഗദ്യകവിതയെ കാണുകയും അതിലൂടെ
ആധുനികതയുടെ അടിസ്ഥാനമിടുകയും
ചെയ്ത ‘പാരീസ് സ്പ്ലീൻ’
കൂടിയാണ്.
റ്റി.എസ്.എലിയട്ട്
തന്റെ ബോദ്‌ലേർ ലേഖനത്തിന്റെ
ഒടുവിൽ ഇങ്ങനെ പറയുന്നു:
നാം
മനുഷ്യരായിരിക്കുന്നിടത്തോളം
നമുക്ക് നന്മയോ തിന്മയോ
രണ്ടിലൊന്നു ചെയ്യാതെ പറ്റില്ല;
നന്മയോ
തിന്മയോ ചെയ്യുന്നിടത്തോളം
നാം മനുഷ്യരുമായിരിക്കും.
വൈരുദ്ധ്യമെന്നു
തോന്നാമെങ്കിലും,
ഒന്നും
ചെയ്യാതിരിക്കുന്നതിൽ ഭേദം
തിന്മ ചെയ്യുന്നതുമാണ്:
കാരണം,
അപ്പോൾ
മനുഷ്യർ എന്ന അസ്തിത്വം
നമുക്കുണ്ടാകുന്നുണ്ടല്ലോ.
മുക്തിക്കായുള്ള
കഴിവാണ് മനുഷ്യന്റെ മഹത്വം
എന്നു പറയുന്നതു ശരിയാണ്;
അഭിശപ്തതയ്ക്കുള്ള
കഴിവാണ് അവന്റെ മഹത്വം എന്നു
പറഞ്ഞാൽ അതും ശരിയാണ്.
രാഷ്ട്രതന്ത്രജ്ഞർ
മുതൽ കള്ളന്മാർ വരെ നമുക്കു
ദ്രോഹം ചെയ്തവരെ മിക്കവരെക്കുറിച്ചും
പറയാവുന്ന ഏറ്റവും മോശമായ
കാര്യം അഭിശപ്തരാവാനും മാത്രം
മനുഷ്യരായിരുന്നില്ല അവർ
എന്നതാണ്.
ബോദ്‌ലേറാവട്ടെ,
അഭിശപ്തനാവാനും
മാത്രം മനുഷ്യനായിരുന്നു;
അദ്ദേഹം
അഭിശപ്തനായിരുന്നോ എന്നത്
മറ്റൊരു ചോദ്യമാണ്;
അദ്ദേഹത്തിന്റെ
ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിൽ
നമുക്കതൊരു തടസ്സമാവണമെന്നില്ല.