മൈക്കലാഞ്ജലോയെപ്പോലെ (അദ്ദേഹത്തിന്റെ ഒരു ഗീതകം അവസാനിക്കുന്നത് ഇങ്ങനെയാണെന്നോർക്കുക: “ശില്പമേ! ദിവ്യശില്പമേ! നീയാണെനിക്കേകകാമുകി!”) ദലക്വായ്ക്കും ചിത്രകലയായിരുന്നു ഒരേയൊരു സൗന്ദര്യദേവതയും കാമുകിയും ആകെയുള്ളതും പര്യാപ്തവുമായ ആനന്ദവുമെന്നറിയുമ്പോൾ വികാരദുർബ്ബലരും നാട്യക്കാരുമായ സ്ത്രീകൾക്ക് ചിലപ്പോൾ ഒരു നടുക്കം തോന്നിയെന്നുവരാം.
പ്രചണ്ഡമായ യൗവ്വനകാലത്ത് സ്ത്രീകൾക്ക് അദ്ദേഹത്തിന്റെ മനസ്സിൽ ഇടമുണ്ടായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. ആ ഉഗ്രദേവതയുടെ അൾത്താരയിൽ വേണ്ടതിലധികം ബലിയർപ്പിക്കാത്തതായി ആരുള്ളു? അവളെ ഏറ്റവും നന്നായി സേവിച്ച പുരുഷന്മാർ തന്നെയാണ് അവളെക്കുറിച്ചേറ്റവുമധികം പരാതി പറയുന്നതും എന്നറിയാത്തവരായും ആരുള്ളു? എന്നാൽ തന്റെ അന്ത്യത്തിനു വളരെ മുമ്പുതന്നെ അദ്ദേഹം ജീവിതത്തിൽ നിന്ന് സ്ത്രീകളെ വെട്ടിമാറ്റിയിരുന്നു. അദ്ദേഹം ഒരു മുസ്ലീമായിരുന്നെങ്കിൽ പള്ളിയിൽ നിന്നവളെ ഇറക്കിവിടുമായിരുന്നില്ല എന്നു വന്നേക്കാം; എന്നാൽ അല്ലാഹുവുമായി എന്തു സംഭാഷണമാണ് അവൾ നടത്താൻ പോകുന്നതെന്ന് പിടി കിട്ടാത്തതിനാൽ അവൾ പള്ളിയിലേക്കു കയറിപ്പോകുമ്പോൾ അദ്ദേഹത്തിനത് ആശ്ചര്യമായി തോന്നുകയും ചെയ്തെന്നുവരാം.
മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും പൗരസ്ത്യാശയങ്ങൾ അദ്ദേഹത്തിനു മേൽ സജീവവും നിഷ്ഠുരവുമായ ഒരു സ്വാധീനം ചെലുത്തിത്തുടങ്ങിയിരുന്നു. അദ്ദേഹം സ്ത്രീയെ കണ്ടത് ഒരു കലാവസ്തുവായിട്ടാണ്, ആനന്ദദായകവും മനസ്സിനെ ഉത്തേജിപ്പിക്കുന്നതും; എന്നാൽ നമ്മുടെ ഹൃദയത്തിന്റെ പടി കടക്കാൻ അനുവദിച്ചാൽ പിന്നെ നമ്മുടെ വരുതിയിൽ വരാത്തതും സ്വസ്ഥത കെടുത്തുന്നതും നമ്മുടെ സമയവും ബലവും ആർത്തിയോടെ തിന്നുതീർക്കുന്നതുമായ കലാവസ്തു.
ഒരിക്കൽ ഏതോ പൊതുസ്ഥലത്തു വച്ച് അസാമാന്യസൗന്ദര്യവുള്ളതും വിഷാദച്ഛായ കലർന്നതുമായ ഒരു സ്ത്രീയുടെ മുഖം അദ്ദേഹത്തിനു കാട്ടിക്കൊടുത്തത് ഞാൻ ഓർക്കുന്നു; സൗന്ദര്യത്തിന്റെ കാര്യം അദ്ദേഹം ദാക്ഷിണ്യപൂർവ്വം സമ്മതിച്ചു; എന്നിട്ട് ആ പ്രത്യേകമായ ചിരിയോടെ അദ്ദേഹം പറഞ്ഞു: “ഒരു സ്ത്രീയ്ക്ക് വിഷാദമുണ്ടാകുമെന്നു നിനക്കെങ്ങനെ ചിന്തിക്കാൻ പറ്റുന്നു?” അതെ, വിഷാദം എന്ന വികാരം അനുഭവിക്കാൻ അവശ്യം വേണ്ട എന്തോ ഒന്നിന്റെ കുറവ് സ്ത്രീകൾക്കുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
ദൗർഭാഗ്യവശാൽ അതു തീർത്തും അപ്രിയമായ ഒരു സിദ്ധാന്തമാണല്ലോ; ജ്വലിക്കുന്ന നന്മകൾ എത്രയോ തവണ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വർഗ്ഗത്തെക്കുറിച്ച് അപമാനകരമായ ഒരഭിപ്രായം എന്റെ ഭാഗത്തു നിന്നുണ്ടാവുകയുമില്ല. അതേ സമയം ആരാണു സമ്മതിക്കാത്തത്, മുൻകരുതൽ നിറഞ്ഞ ഒരു സിദ്ധാന്തമാണതെന്ന്; ചതിക്കുഴികൾ നിറഞ്ഞ ഒരു ലോകത്ത് കഴിവിന് അത്ര കരുതൽ ഉണ്ടാവണമെന്നില്ലെന്ന്; ശുദ്ധനായ ഒരു പൗരന്, അല്ലെങ്കിൽ ഒരു സാധാരണ കുടുംബനാഥന് അനൗചിത്യമായിട്ടു തോന്നാവുന്ന ചില അഭിപ്രായങ്ങൾ കൈക്കൊള്ളാൻ (സമൂഹത്തിലെ ക്രമസമാധാനത്തെ അത് ശല്യപ്പെടുത്തില്ലെന്നുണ്ടെങ്കിൽ) പ്രതിഭാശാലിയായ ഒരാൾക്ക് സവിശേഷാവകാശമുണ്ടെന്ന്.
അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളിൽ നിഴൽ വീഴ്ത്തിയേക്കാമെന്ന അപകടമുണ്ടെങ്കിലും ഞാനിവിടെ കൂട്ടിച്ചേർക്കട്ടെ, കുട്ടികളോടും അത്രയധികം ആർദ്രത അദ്ദേഹം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിൽ കുട്ടികൾ എപ്പോഴും വിരലുകളിൽ ജാമും പറ്റിച്ചായിരിക്കും നടക്കുക (അത് കാൻവാസുകളും പേപ്പറുകളും വൃത്തികേടാക്കും), അല്ലെങ്കിൽ അവർ എപ്പോഴും ചെണ്ടയും കൊട്ടിക്കൊണ്ടിരിക്കും (അത് ഏകാഗ്രതയ്ക്കു ശല്യമാണ്), അതുമല്ലെങ്കിൽ വിപ്ലവക്കാരും കുരങ്ങന്മാരെപ്പോലെ മൃഗചേതന നിറഞ്ഞവരുമായിരിക്കും.
“എനിക്കു നല്ല ഓർമ്മയുണ്ട്,” ചിലപ്പോൾ അദ്ദേഹം പറയാറുണ്ടായിരുന്നു, “കുട്ടിക്കാലത്ത് ഞാനൊരു കൊച്ചുരാക്ഷസനായിരുന്നു. ചുമതലാബോധമൊക്കെ വളരെപ്പതുക്കെയാണ് നാം ആർജ്ജിക്കുന്നത്; യാതനയിലൂടെയും ശിക്ഷയിലൂടെയും യുക്തിയെ കൂടുതൽ കൂടുതലായി ഉപയോഗിച്ചുമാണ് മനുഷ്യൻ പതുക്കെപ്പതുക്കെ അവനിലെ സഹജദുഷ്ടതയെ ചെറുതാക്കുന്നത്.”
അങ്ങനെ വെറും സാമാന്യബോധം കൊണ്ട് അദ്ദേഹം കത്തോലിക്കാചിന്തയോട് അടുത്തുവരികയായിരുന്നു. കുട്ടികൾ പൊതുവേ, മുതിർന്നവരെ അപേക്ഷിച്ച്, ആദിപാപത്തോട് കൂടുതൽ അടുത്തവരാണല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ