വ്യോമയാനത്തിന്റെ ആദ്യകാലത്തെ പൈലറ്റുകളിൽ ഒരാളായിരുന്നു അന്ത്വാൻ ദ് സാങ്ങ്തെ-ക്സ്യുപെരി. ആ സാഹസികപ്പറക്കലുകൾക്കിടയിൽ തന്റെ സഹപൈലറ്റുകൾ പലരും ജീവൻ വെടിയുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. (അദ്ദേഹം തന്നെയും പില്ക്കാലത്ത് അതിന്റെ ഇരയാവുന്നുമുണ്ടല്ലോ.) പ്രിയപ്പെട്ടവരെ ആകസ്മികമായി നഷ്ടപ്പെടുമ്പോൾ നമുക്കുണ്ടാകുന്ന ശൂന്യതയും നഷ്ടബോധവും ക്സ്യുപെരി തന്റെ “കാറ്റും മണലും നക്ഷത്രങ്ങളും” എന്ന ആത്മകഥാപരമായ പുസ്തകത്തിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.
“...പതിയെപ്പതിയെ നമുക്കു ബോദ്ധ്യമാവുകയാണ്, ഇനിയൊരിക്കലും നാം ആ സ്നേഹിതന്റെ ചിരി കേൾക്കില്ലെന്ന്; ആ പൂന്തോട്ടം എന്നെന്നേക്കുമായി നമുക്കു മുന്നിൽ അടയ്ക്കപ്പെടുകയാണെന്ന്. ആ നിമിഷത്തിലാണ് യഥാർത്ഥത്തിലുള്ള നമ്മുടെ വിലാപം തുടങ്ങുന്നത്. നമ്മുടെ മനസ്സിനെ പിളർക്കുന്നതല്ല അതെങ്കിലും അതിനു കയ്പ് കൂടുതലുമാണ്. കാരണം, ആ കൂട്ടുകാരനു പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല. ചിരകാലസ്നേഹിതന്മാരെ ഒരു നിമിഷം കൊണ്ടു സൃഷ്ടിച്ചെടുക്കാവുന്നതല്ലല്ലോ. പൊതുവായുള്ള ഓർമ്മകൾ, ഒരുമിച്ചു നേരിട്ട പരീക്ഷണങ്ങൾ, കലഹങ്ങൾ, അനുരഞ്ജനങ്ങൾ, ഹൃദയവിശാലതകൾ ഇതിനൊന്നിനും മറ്റൊന്നും പകരമാകുന്നില്ല. കാലത്ത് ഒരോക്കിൻ കായ കുഴിച്ചിട്ടിട്ട് വൈകിട്ടതിന്റെ തണലത്തിരിക്കാൻ മോഹിക്കുന്നത് മടിയുടെ അങ്ങേയറ്റമാണ്.
അങ്ങനെ ജീവിതം മുന്നോട്ടു നീങ്ങുന്നു. വർഷങ്ങൾ കൊണ്ട് നാം കുഴിച്ചിട്ട വിത്തുകൾ മുളയ്ക്കുന്നു, സമ്പന്നരാണു നാമെന്ന് നാം മനസ്സിൽ പറയുന്നു, പിന്നെ പിന്നെയും വർഷങ്ങൾ വരുന്നു, അവയുടെ പണി നടത്തുന്നു, നമ്മുടെ തോട്ടം ശുഷ്കവും ഊഷരവുമാകുന്നു. ഒന്നൊന്നായി നമ്മുടെ സ്നേഹിതന്മാർ കടന്നുപോകുന്നു, അവരുടെ തണൽ നമുക്കു നഷ്ടമാകുന്നു...“
ഈ പുസ്തകമെഴുതി മൂന്നു കൊല്ലത്തിനു ശേഷമാണ് ക്സ്യുപെരി തന്റെ മാസ്റ്റർപീസായ ”ലിറ്റിൽ പ്രിൻസ്“ എഴുതുന്നത്. ഒരന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്കു വന്ന ഒരു കൊച്ചുരാജകുമാരനും മരുഭൂമിയിൽ വിമാനം തകർന്ന് ഒറ്റപ്പെട്ടുപോയ ഒരു വൈമാനികനും കഥാപാത്രങ്ങളായ ആ പുസ്തകം ഒരു സൗഹൃദനഷ്ടത്തിന്റെ കാവ്യാത്മകവിലാപമായി നമുക്കു വായിക്കാം.
**
78 കൊല്ലം മുമ്പത്തെ ഒരേപ്രിൽ മാസത്തിലാണ് അന്ത്വാൻ ദ് സാങ്ങ്തെ-ക്സ്യുപെരി തന്റെ ‘Le Petit Prince (ലിറ്റിൽ പ്രിൻസ്) ന്യൂയോർക്കിൽ പ്രസിദ്ധീകരിക്കുന്നത്. അതേ മാസം തന്നെ Free French Air Forceലെ ഒരു മിലിട്ടറി പൈലറ്റായി അദ്ദേഹം അൾജിയേഴ്സിലേക്കു പോവുകയും ചെയ്തു. പൈലറ്റാകാനുള്ള് കൂടിയ പ്രായത്തിൽ നിന്ന് എട്ടു വയസ്സ് അധികമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നിരന്തരമായ അപേക്ഷയെ മാനിച്ച് ഒടുവിൽ അധികാരികൾ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. 1944 ജൂലൈ 31ന് ഒരു നിരീക്ഷണപ്പറക്കലിനായി പറന്നുയർന്ന അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. മരിക്കുമ്പോൾ അദ്ദേഹത്തിന് 44 വയസ്സായിരുന്നു- തന്റെ അല്പഗ്രഹത്തിലിരുന്നുകൊണ്ട് ലിറ്റിൽ പ്രിൻസ് കാണുന്നതും 44 സൂര്യാസ്തമയങ്ങളാണ്!
അദ്ദേഹം മരിച്ച് രണ്ടുകൊല്ലം കൂടി കഴിഞ്ഞിട്ടാണ് ജന്മദേശമായ ഫ്രാൻസിൽ ലിറ്റിൽ പ്രിൻസ് പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷിൽത്തന്നെ ആദ്യം അതിന് കാര്യമായി വായനക്കാരെ കിട്ടിയതുമില്ല. കുട്ടിക്കഥയെന്നോ മുതിർന്നവർക്കു വേണ്ടി എഴുതിയ തത്വശാസ്ത്രകഥയെന്നോ വേർതിരിക്കാനാവാത്ത സന്ദിഗ്ധമേഖലയിലാണതിന്റെ സ്ഥാനം എന്നതായിരിക്കാം അതിനു കാരണം. എന്നാൽ ഇന്ന് ഇരുന്നൂറ്ററുപതിലധികം ഭാഷകളിൽ അത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്; ഓരോ വർഷവും ചെറുതും വലുതുമായ കോടിക്കണക്കിനു കൈകളിൽ അത് വന്നിറങ്ങുകയും ചെയ്യുന്നു.
*
മതഗ്രന്ഥങ്ങൾ ഒഴിവാക്കിയാൽ ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ വില്ക്കുകയും ചെയ്ത പുസ്തകമാണ് എക്സ്യൂപെരിയുടെ Le Petit Prince എന്ന ഈ നോവെല്ല. വിമാനം തകർന്ന് മരുഭുമിയിൽ പെട്ടുപോയ ഒരു ഏകാന്തവൈമാനികനും ദുശ്ശാഠ്യക്കാരിയായ ഒരു പൂവിനോടു പിണങ്ങി തന്റെ രാജ്യമായ ഒരല്പഗ്രഹത്തിൽ നിന്ന് ഗോളാന്തരയാത്ര നടത്തി ഒടുവിൽ ഭൂമിയിലെത്തുകയും ചെയ്യുന്ന സ്വർണ്ണമുടിക്കാരനായ ഒരു രാജകുമാരനും തമ്മിലുള്ള ഈ കൂടിക്കാഴ്ച അതിൽ അന്തർലീനമായ ദുരന്തബോധം കൊണ്ടാണ് ഇന്നും വായനക്കാരെ ആകർഷിക്കുന്നത്. മുതിർന്നവർക്കു വേണ്ടി എഴുതിയ ഈ കുട്ടിക്കഥയുടെ സന്ദേശം നാം കാണാതെപോകരുത്. മുതിർന്നവരാകുന്നതോടെ യഥാർത്ഥസൗന്ദര്യം നമ്മുടെ കാഴ്ചയിൽ വരുന്നില്ല. സംഖ്യകളുടേയും ലാഭനഷ്ടങ്ങളുടേയും വികാരഹീനമായ ബൗദ്ധികതയുടേയും അയാഥാർത്ഥലോകത്തു നിന്ന് സൗന്ദര്യത്തിന്റെയും നിഷ്കളങ്കതയുടേയും വൈകാരികതയുടേയും ആ ബാല്യകാലലോകത്തേക്കുള്ള മടക്കമാണ് ഭൂമിയിലെ ജീവിതത്തെ സഹനീയമാക്കാനുള്ള ഒരേയൊരു വഴി.
(ലിറ്റിൽ പ്രിൻസിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിതരണം ഐവറി ബുക്സ്, തൃശൂർ. ഫോ: 7025000060)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ