2021, ജൂലൈ 2, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ഫോട്ടോഗ്രഫിയെക്കുറിച്ച്

 


...ഈ പരിതാപകരമായ കാലത്ത് പുതിയൊരു വ്യവസായം ഉയർന്നുവന്നിരിക്കുന്നു; വിഡ്ഢികൾക്ക് തങ്ങൾ വിശ്വസിക്കുന്നതിൽ ഉറപ്പു വരുത്താനും ഫ്രഞ്ച് മനസ്സിൽ ദിവ്യമെന്നു പറയാവുന്നതെന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ അതിനെ നശിപ്പിക്കാനും കുറച്ചൊന്നുമല്ല അതു സഹായിച്ചിട്ടുള്ളത്. വിഗ്രഹാരാധകരായ ജനക്കൂട്ടം സ്വാഭാവികമായും തങ്ങളുടെ നിലയ്ക്കു ചേർന്നതും തങ്ങളുടെ പ്രകൃതത്തിനു ചേരുന്നതുമായ ഒരാദർശത്തിനു വേണ്ടി മുറവിളി കൂട്ടുകയായിരുന്നു. ചിത്രകലയുടേയും ശില്പകലയുടേയും മേഖലയിൽ നടപ്പുകാലത്തെ വിശ്വാസപ്രമാണം ഫ്രാൻസിൽ വിശേഷിച്ചും, (വിരുദ്ധമായ ഒരു നിലപാടു കൈക്കൊള്ളാൻ ഒരാളെങ്കിലും ധൈര്യം കാണിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല) ഇങ്ങനെയാണല്ലോ: ‘ഞാൻ പ്രകൃതിയിൽ വിശ്വസിക്കുന്നു, പ്രകൃതിയിൽ മാത്രം വിശ്വസിക്കുന്നു.’ (അതിനു മതിയായ കാരണങ്ങളുണ്ട്) ‘കല പ്രകൃതിയുടെ കൃത്യമായ ഒരു പകർപ്പെടുക്കലാണെന്നും അതങ്ങനെതന്നെ വേണമെന്നും ഞാൻ വിശ്വസിക്കുന്നു.’ (ചങ്കുറപ്പ് അല്പമൊന്നു കുറഞ്ഞ വിമതരുടെ ഒരു സംഘത്തിന്‌ പ്രകൃതിയിലെ അരോചകമായ വസ്തുക്കൾ, ഉദാഹരണത്തിന്‌ അസ്ഥികൂടങ്ങൾ, മൂത്രപ്പാത്രങ്ങൾ തുടങ്ങിയവ, ഒഴിവാക്കണമെന്ന ആഗ്രഹമുണ്ട്.) ‘പ്രകൃതിക്കു സമാനമായ ഒരു ഫലം തരാൻ കഴിയുന്ന ഒരു വ്യാവസായികപ്രക്രിയ ഉണ്ടെങ്കിൽ അതായിരിക്കും ആത്യന്തികകല.‘ പ്രതികാരേച്ഛുവായ ഒരു ദൈവം ഈ ജനക്കൂട്ടത്തിന്റെ പ്രാർത്ഥനയ്ക്കു കാതു കൊടുത്തു. ഡാഗ്യെ* ആയിരുന്നു അവന്റെ മിശിഹ. ഇപ്പോൾ അവർ സ്വയം പറയുകയാണ്‌: ’നമുക്കാശിക്കാവുന്ന കൃത്യതയ്ക്കുള്ള എല്ലാ ഉറപ്പും ഫോട്ടോഗ്രഫി നല്കുന്നതിനാൽ‘ (അവരതു വിശ്വസിക്കുന്നു, ഭ്രാന്തന്മാർ!)  ’കലയും ഫോട്ടോഗ്രഫിയും  ഒന്നുതന്നെ.‘ ആ നിമിഷം മുതൽ ജുഗുപ്സാവഹമായ നമ്മുടെ സമൂഹം, നാർസിസസ്സിനെപ്പോലെ, ഒരു ലോഹത്തകിടിൽ തങ്ങളുടെ നിസ്സാരമായ രൂപവും നോക്കിയിരിക്കാൻ ഓടിക്കൂടുകയായി. ഒരു ഭ്രാന്ത്, മതഭ്രാന്തു തന്നെ, ഈ പുത്തൻ സൂര്യാരാധകരെ പിടികൂടിയിരിക്കുന്നു. വിചിത്രമായ ജുഗുപ്സകൾ രൂപമെടുത്തു. കാർണിവൽ സമയത്തെ കശാപ്പുകാരെയും അലക്കുകാരികളെയും പോലെ വേഷമിട്ട ആണും പെണ്ണുമായ കോമാളികളെ ഒരുമിച്ചുകൂട്ടി, ഫോട്ടോയെടുത്തു തീരുന്നത്ര നേരത്തേക്ക് മുഖത്ത് ആ ഇളിയും വച്ചുകെട്ടി ഇരിക്കാൻ ആ ’വീരനായകരോട്‘ അപേക്ഷിക്കുമ്പോൾ ഫോട്ടോഗ്രാഫർമാർ ശരിക്കും വിശ്വസിക്കുന്നുണ്ട്, പ്രാചീനചരിത്രത്തിലെ ദുരന്തപൂർണ്ണവും ഹൃദയാവർജ്ജകവുമായ രംഗങ്ങൾ പുനഃസൃഷ്ടിക്കുകയാണു തങ്ങളെന്ന്. ജനാധിപത്യവിശ്വാസിയായ ഒരെഴുത്തുകാരൻ  ജനങ്ങൾക്കിടയിൽ ചരിത്രത്തെയും ചിത്രകലയേയും കുറിച്ച് ഒരനിഷ്ടം പരത്താനും ചിത്രകല എന്ന എന്ന ദിവ്യമായ കലയേയും അഭിനയം എന്ന കുലീനകലയേയും ഒരേ സമയം ഇടിച്ചുതാഴ്ത്താനുമുള്ള  വിലകുറഞ്ഞ ഒരു മാർഗ്ഗം അതിൽ കണ്ടിട്ടുണ്ടായിരിക്കണം. അധികകാലം കഴിയേണ്ടിവന്നില്ല, ആർത്തി പിടിച്ച ആയിരക്കണക്കിനു ജോഡി കണ്ണുകൾ സ്റ്റീരിയോസ്ക്കോപ്പിന്റെ ദ്വാരങ്ങളിൽ പറ്റിപ്പിടിച്ചുകിടക്കാൻ തുടങ്ങി, അനന്തത്തിലേക്കുള്ള കിളിവാതിലുകളാണവയെന്നപോലെ. ആത്മാനുരാഗം പോലെതന്നെ മനുഷ്യഹൃദയത്തിൽ ആഴത്തിൽ വേരിറക്കിയ അസഭ്യതയോടുള്ള സ്നേഹത്തിന്‌ ആത്മസംതൃപ്തിക്കു പറ്റിയ അത്രയും ഉജ്ജ്വലമായ ഒരവസരം പാഴാക്കിക്കളയാൻ പറ്റില്ലല്ലോ. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ മാത്രമായിരുന്നു അത്തരം മൂഢതകളിൽ സന്തോഷം കണ്ടിരുന്നതെന്ന് കരുതിപ്പോകരുതേ; സമൂഹമാകെ അവയിൽ മതിമയങ്ങിക്കിടക്കുകയായിരുന്നു...

ഫോട്ടോഗ്രഫി വ്യവസായം പറയത്തക്ക കലാഭിരുചി ഇല്ലാത്തവരോ പഠനം പൂർത്തിയാക്കാൻ തോന്നാത്തത്ര മടിയന്മാരോ ആയ സകല പരാജിതചിത്രകാരന്മാരും അഭയമായി കണ്ടതോടെ സർവ്വവ്യാപിയായ ഈ ഭ്രമം അന്ധവും ബോധഹീനവുമായ ഒരു മതിമോഹമായി മാറി എന്നു മാത്രമല്ല, അതിനൊരു പ്രതികാരഭാവം കൂടി കൈവന്നിരിക്കുന്നു. മൂഢമായ അത്തരമൊരു ഗൂഢാലോചന (മറ്റേതിലും പോലെ അതിലും കാണാം, ദുഷ്ടബുദ്ധികളേയും തെമ്മാടികളേയും) എന്നെങ്കിലും ഒരു സമ്പൂർണ്ണവിജയം നേടുമെന്നു ഞാൻ വിശ്വസിക്കുന്നില്ല, കുറഞ്ഞത് അങ്ങനെ വിശ്വസിക്കാൻ എനിക്കാഗ്രഹമില്ല. അതേ സമയം, ഫോട്ടോഗ്രഫിയിൽ ഉണ്ടായിട്ടുള്ള പുരോഗതിയുടെ അസ്ഥാനത്തുള്ള പ്രയോഗം, തീർത്തും ഭൗതികമായ മറ്റേതു വികാസവും പോലെ, ഇപ്പോൾത്തന്നെ വിരളമായ ഫ്രഞ്ച് കലാപ്രതിഭയെ ശോഷിപ്പിക്കുന്നതിൽ കാര്യമായി സഹായിച്ചിട്ടുണ്ട്. ഇക്കാലത്തെ മേധാക്ഷയം മനസ്സിനൊത്ത വിധം അലറിവിളിക്കട്ടെ, അതിന്റെ കുടവയറിനുള്ളിലെ ഇരമ്പങ്ങളെല്ലാം പുറത്തേക്കു വിടട്ടെ, സമീപകാലതത്വശാസ്ത്രം അതിന്റെ ആർത്തി പിടിച്ച തൊണ്ടയിലൂടെ കുത്തിയിറക്കിയ യുക്ത്യാഭാസങ്ങളിൽ ദഹിക്കാതെ കിടക്കുന്നതു മൊത്തം ഛർദ്ദിച്ചുവയ്ക്കട്ടെ; വ്യവസായം കലയുടെ മണ്ഡലത്തിലേക്കിടിച്ചുകയറുമ്പോൾ അത് രണ്ടാമത്തതിന്റെ മാരകശത്രുവാകുന്നുവെന്നും അവയുടെ വ്യത്യസ്തധർമ്മങ്ങൾ കെട്ടുപിണയുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം കാരണം ഒന്നുപോലും ശരിയായ വിധം നിർവ്വഹിക്കപ്പെടുന്നില്ല എന്നും മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി. കവിതയും പുരോഗതിയും പരസ്പരം വെറുക്കുന്ന  അതിമോഹികളായ രണ്ടു പുരുഷന്മാരാണ്‌; ഒരു ജന്മശത്രുത ഉള്ളിൽ പേറുന്ന അവർ ഒരേ വഴിയിൽ നേർക്കു നേർ വരുമ്പോൾ അതിലൊരാൾ വഴി മാറിക്കൊടുത്തേ മതിയാകൂ. കലയുടെ ചില ധർമ്മങ്ങളിൽ പകരക്കാരനായി നില്ക്കാൻ ഫോട്ടോഗ്രഫിയെ അനുവദിച്ചാൽ വൈകാതത് കലയെ അപ്പാടെ ദുഷിപ്പിക്കുകയോ അതിന്റെ സ്ഥാനം തന്നെ തട്ടിയെടുക്കുകയോ ചെയ്തെന്നുവരാം; പൊതുസമൂഹത്തിന്റെ മൂഢത സഖ്യകക്ഷിയായി കൂടെയുണ്ടല്ലോ. അപ്പോൾ ഫോട്ടോഗ്രഫി ചെയ്യേണ്ടത് അതിനു പറഞ്ഞിട്ടുള്ള കടമയിലേക്കു മടങ്ങിപ്പോവുക എന്നതാണ്‌; എന്നുപറഞ്ഞാൽ, കലകളുടേയും ശാസ്ത്രങ്ങളുടേയും പരിചാരികയാവുക; സാഹിത്യം സൃഷ്ടിക്കുകയോ അതിന്റെ കുറവു നികത്തുകയോ ചെയ്യാത്ത അച്ചടിയും ഷോർട്ട്ഹാൻഡും പോലെ വിനീതയായ ഒരു പരിചാരിക. ഫോട്ടോഗ്രഫി സഞ്ചാരിയുടെ ആൽബത്തെ പുഷ്ടിപ്പെടുത്തട്ടെ, അയാളുടെ ഓർമ്മയ്ക്കില്ലാത്ത കൃത്യത അയാളുടെ കണ്ണുകൾക്കേകട്ടെ; അത് പ്രകൃതിശാസ്ത്രജ്ഞന്റെ ഗ്രന്ഥശാലയെ അലങ്കരിക്കുകയും അതിസൂക്ഷ്മജീവികളെ വലുതാക്കിക്കാണിക്കുകയും വാനശാസ്ത്രജ്ഞന്റെ അനുമാനങ്ങളെ ചില വസ്തുതകൾ നല്കി സ്ഥിരീകരിക്കുകയും കൂടി ചെയ്യട്ടെ; ചുരുക്കത്തിൽ, തൊഴിൽപരമായ കാരണങ്ങളാൽ വസ്തുതാപരമായ കൃത്യത പരിപൂർണ്ണമായും വേണ്ട ആരുടേയും സെക്രട്ടറിയോ ക്ലർക്കോ ആകട്ടെ. അത്രയും വരെ കാര്യങ്ങൾ നല്ലതു തന്നെ. തകർന്നടിയുന്ന ആ നാശാവശിഷ്ടങ്ങളെ, കാലം കാർന്നുതിന്നുന്ന ആ പുസ്തകങ്ങളെ, കയ്യെഴുത്തുപ്രതികളെ, രേഖാചിത്രങ്ങളെ, ദ്രവിച്ചുപോകുന്ന ആ അമൂല്യവസ്തുക്കളെ, നമ്മുടെ ഓർമ്മയുടെ ശേഖരത്തിൽ ഇടം കൊതിക്കുന്ന അവയെയൊക്കെ അത് വിസ്മൃതിയിൽ നിന്നു രക്ഷിക്കട്ടെ. ഇപ്പറഞ്ഞതിലെല്ലാം ഫോട്ടോഗ്രഫി നമ്മുടെ നന്ദിയും കയ്യടിയും അർഹിക്കുന്നു. എന്നാൽ തൊട്ടറിയാൻ പറ്റാത്തതും സാങ്കല്പികവുമായതിന്റെ മേഖലയിലേക്ക്, മനുഷ്യൻ തന്റെ ആത്മാംശം കൂട്ടിച്ചേർക്കുന്നതിനാൽ മാത്രം മൂല്യവത്താകുന്ന എന്തിനെങ്കിലും മേൽ  കടന്നുകയറാൻ ഒരിക്കൽ ഫോട്ടോഗ്രഫിയെ അനുവദിച്ചാൽ നമ്മുടെ അധോഗതി തന്നെ!

ചിലർ ഇങ്ങനെ എതിർത്തുപറയുമെന്ന് എനിക്കറിയാം: ‘നിങ്ങൾ ഇപ്പോൾ വിവരിച്ച ആ രോഗം ചില മന്തൻ തലകളെ ബാധിക്കുന്ന രോഗമാണ്‌. കലാകാരൻ എന്ന പേരിനു യോഗ്യതയുള്ള ഏതു മനുഷ്യനാണ്‌, ഏതു യഥാർത്ഥ കലാസ്വാദകനാണ്‌ കലയും വ്യവസായവും തമ്മിൽ എന്നെങ്കിലും ആശയക്കുഴപ്പം തോന്നിയിട്ടുള്ളത്?’ അതെനിക്കറിയാം; എന്നാൽ ഞാൻ അവരോട് തിരിച്ചൊന്നു ചോദിക്കട്ടെ: നന്മയും തിന്മയും തമ്മിലുള്ള പകർച്ചയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, വ്യക്തിയുടെ മേൽ സമൂഹം ചെലുത്തുന്ന സമ്മർദ്ദത്തിൽ, വ്യക്തിക്ക് സമൂഹത്തോടുള്ള അനൈച്ഛികവും അനിവാര്യവുമായ വിധേയത്വത്തിൽ? കലാകാരൻ സമൂഹത്തിനു മേൽ പ്രവർത്തിക്കുന്നു, സമൂഹം കലാകാരനു മേൽ പ്രതിപ്രവർത്തിക്കുന്നു എന്നത് അവിതർക്കിതവും അപ്രതിരോദ്ധ്യവുമായ നിയമമാണ്‌; തന്നെയുമല്ല, വസ്തുതകൾ, നിന്ദ്യരായ ആ സാക്ഷികൾ, എളുപ്പത്തിൽ പഠിക്കാവുന്നതുമാണ്‌; ഉണ്ടായ ദുരന്തത്തിന്റെ പൂർണ്ണവ്യാപ്തി തിട്ടപ്പെടുത്താവുന്നതേയുള്ളു. ഓരോ ദിവസം ചെല്ലുന്തോറും കലയ്ക്ക് അതിന്റെ ആത്മാഭിമാനം കൂടുതൽ കൂടുതൽ നഷ്ടപ്പെടുകയാണ്‌, അത് ബാഹ്യയാഥാർത്ഥ്യത്തിനു മുന്നിൽ മുട്ടുകാലിൽ വീഴുകയാണ്‌; ഓരോ ദിവസം ചെല്ലുന്തോറും ചിത്രകാരൻ കൂടുതൽ കൂടുതലായി താൻ സ്വപ്നം കാണുന്നതല്ല, താൻ മുന്നിൽ കാണുന്നതു വരയ്ക്കുന്ന ശീലത്തിലേക്കു ചായുകയാണ്‌. എന്നാൽക്കൂടി സ്വപ്നം കാണുക എന്നത് ഒരാനന്ദമാണ്‌, താൻ സ്വപ്നം കണ്ടത് ആവിഷ്കരിക്കുക എന്നത് ഒരു ബഹുമതിയുമായിരുന്നു ഒരിക്കൽ. ഞാൻ ചോദിക്കട്ടെ! അങ്ങനെ ഒരാനന്ദം ചിത്രകാരൻ ഇപ്പോഴും അനുഭവിക്കുന്നുണ്ടോ?

ഈ പരിതാപകരമായ പരിണതിയിൽ ഫോട്ടോഗ്രഫിക്കും ഇന്നത്തെ വമ്പൻ വ്യാവസായികഭ്രാന്തിനും ഒരു പങ്കുമില്ലെന്ന് നിഷ്പക്ഷനായ ഒരു നിരീക്ഷകൻ പ്രഖ്യാപിക്കുമോ? ഒരു ഭൗതികശാസ്ത്രത്തിന്റെ ഉല്പന്നങ്ങളെ സൗന്ദര്യത്തിന്റെ സൃഷ്ടികളായി കാണാൻ ശീലിക്കുന്ന ഒരു ജനത കാലം പോകെ സൃഷ്ടിയുടെ ഏറ്റവും ദിവ്യവും അമൂർത്തവുമായ കാര്യങ്ങളെ വിലയിരുത്താനും അനുഭവിക്കാനുമുള്ള ശേഷിയുടെ കാര്യത്തിൽ വിചിത്രമായ വിധം ക്ഷയിച്ചുപോകുമെന്ന് ന്യായമായും അനുമാനിക്കാമോ?


(1859ലെ സലോണിൽ നിന്ന്)

*Louise Daguerre - Daguerreotype എന്ന ആദ്യകാലഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവ്.


അഭിപ്രായങ്ങളൊന്നുമില്ല: