2021, ജൂലൈ 3, ശനിയാഴ്‌ച

ബോദ്‌ലേർ- സെറാഫുകളുടെ കളിയരങ്ങ്


എന്തനുഭവമാണ്‌ നമുക്കുണ്ടാവുക? എന്തൊക്കെയാണു നാം കാണുക? വിചിത്രമായ കാര്യങ്ങൾ, അല്ലേ? വിസ്മയക്കാഴ്ച്ചകൾ? കാണാൻ സുന്ദരമായിരിക്കുമോ? പേടിപ്പെടുത്തുന്നതായിരിക്കുമോ? അപകടപ്പെടുത്തുന്നതാവുമോ? ഇത്തരം പതിവുചോദ്യങ്ങളാണ്‌ ഹഷീഷിനെക്കുറിച്ചറിയാത്തവർ അതിലെ വിദഗ്ധരോട് പേടി കലർന്ന ജിജ്ഞാസയോടെ ചോദിക്കുക. കുട്ടികൾക്കു സഹജമായ അറിയാനുള്ള അക്ഷമയാണതെന്നു പറയാം; വിദൂരവും അജ്ഞാതവുമായ ദേശങ്ങളിൽ യാത്ര ചെയ്തു തിരിച്ചുവന്ന ഒരാളെ കാണുമ്പോൾ തങ്ങളുടെ അടുപ്പിൻ മൂടു വിട്ടിന്നേവരെ പുറത്തുപോകാത്തവരുടെ പെരുമാറ്റവും ഇതേവിധമായിരിക്കും. ഹഷീഷിന്റെ ഉന്മത്താവസ്ഥയെ ഒരത്ഭുതദേശം പോലെയാണ്‌ അവർ സങ്കല്പിക്കുന്നത്; സർവ്വതും വിസ്മയപ്പെടുത്തുന്നതും അപ്രതീക്ഷിതവുമായ, കയ്യടക്കത്തിന്റെയും ജാലവിദ്യയുടേയും  ഒരു വിശാലരംഗവേദി. അതൊരു മുൻവിധിയാണ്‌, പരമാബദ്ധമാണ്‌. മിക്ക വായനക്കാർക്കും ചോദ്യകർത്താക്കൾക്കും ഹഷീഷ് എന്ന വാക്കു സൂചിപ്പിക്കുന്നത് അപരിചിതവും തകിടം മറിഞ്ഞതുമായ ഒരു ലോകമാണ്‌, അത്ഭുതസ്വപ്നങ്ങളുടെ പ്രതീക്ഷയാണ്‌ (സ്വപ്നങ്ങൾ എന്നതിനു പകരം മതിഭ്രമങ്ങൾ എന്നു പറയുകയാവും നല്ലത്, അവ ആളുകൾ കരുതുന്നപോലെ കൂടെക്കൂടെ ഉണ്ടാകുന്നതുമല്ലല്ലോ) എന്നതിനാൽ ഹഷീഷിന്റെ അനന്തരഫലങ്ങളും സ്വപ്നം എന്ന പ്രതിഭാസവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ പെട്ടെന്നൊന്നു പറയാം. സ്വപ്നത്തിൽ, എന്നും രാത്രിയിൽ നാം നടത്തുന്ന ആ സാഹസികയാത്രയിൽ, തികച്ചും അത്ഭുതാവഹമായ ഒന്നുണ്ട്. പതിവു തെറ്റിക്കാതെ നടക്കുന്നതിനാൽ നിഗൂഢതയുടെ മുനയൊടിഞ്ഞുപോയ ഒരു ദിവ്യാത്ഭുതമാണത്. മനുഷ്യരുടെ സ്വപ്നങ്ങൾ രണ്ടു തരമാണ്‌. അയാളുടെ സാധാരണജീവിതവും അയാളുടെ ചിന്തകളും ആഗ്രഹങ്ങളും ദുർഗ്ഗുണങ്ങളും നിറഞ്ഞ ചില സ്വപ്നങ്ങൾ പകൽ അയാൾ ഇട പഴകിയതും അയാളുടെ ഓർമ്മയെന്ന വിശാലമായ കാൻവാസ്സിൽ അശ്രദ്ധമായി പറ്റിപ്പിടിച്ചതുമായ വസ്തുക്കളുമായി വിചിത്രമായ മട്ടിൽ കൂടിച്ചേരുന്നവയാണ്‌. ഇതാണ്‌ സ്വാഭാവികമായ സ്വപ്നം; അത് അയാൾ തന്നെയാണ്‌. എന്നാൽ മറ്റേ തരം സ്വപ്നം! യുക്തിരഹിതവും അപ്രതീക്ഷിതവും ഉറങ്ങുന്നയാളിന്റെ സ്വഭാവവും ജീവിതവും വികാരങ്ങളുമായി ഒരു ബന്ധവും ചേർച്ചയുമില്ലാത്ത സ്വപ്നം: ചിത്രലിപി പോലത്തേതെന്നു ഞാൻ വിളിക്കുന്ന സ്വപ്നം സ്പഷ്ടമായും ചിത്രീകരിക്കുന്നത് ജീവിതത്തിന്റെ പ്രകൃത്യതീതമായ വശത്തെയാണ്‌; അത് യുക്തിരഹിതമായതുകൊണ്ടുതന്നെയാണ്‌ പൗരാണികർ അതിനെ ദിവ്യമായി കണ്ടതും. പ്രകൃതിജന്യമായ കാരണങ്ങൾ കൊണ്ട് അതിനെ വിശദീകരിക്കാൻ പറ്റില്ലെന്നതിനാൽ അവരതിന്‌ മനുഷ്യബാഹ്യമായ ഒരു കാരണം ചാർത്തിക്കൊടുത്തു; ഇപ്പോഴും, സ്വപ്നം വ്യാഖ്യാനിച്ച് ഭാവി പറയുന്നവരെ കണക്കിലെടുക്കാതെ പറഞ്ഞാൽ, ആ തരം സ്വപ്നങ്ങളെ ഒരു ശാസനയായി, മുന്നറിയിപ്പായി, ചുരുക്കത്തിൽ സ്വപ്നം കാണുന്നയാളിന്റെ മനസ്സിൽത്തന്നെ രൂപമെടുക്കുന്ന പ്രതീകാത്മകവും ധാർമ്മികവുമായ ഒരു ചിത്രമായി  കാണുന്ന ഒരു ദാർശനികപദ്ധതി തന്നെയുണ്ട്. നാം പഠിച്ചെടുക്കേണ്ട ഒരു നിഘണ്ടുവാണത്; ജ്ഞാനികൾക്കു മാത്രം വായിക്കാൻ കഴിയുന്ന ഒരു ഭാഷ.

ഹഷീഷിൽ നിന്നുണ്ടാകുന്ന ഉന്മത്താവസ്ഥയിൽ ഇങ്ങനെയൊന്നുമില്ല. സ്വാഭാവികസ്വപ്നങ്ങളുടെ ഗണത്തിൽ നിന്നു നമുക്കു പുറത്തു പോകേണ്ട കാര്യമില്ല. ആ ഉന്മത്തത, അതു നീണ്ടുനില്ക്കുന്ന നേരത്തോളം, ഒരു വിപുലസ്വപ്നം മാത്രമാണെന്നതു സത്യം തന്നെ; അതിൽ പക്ഷേ അയാളുടെ വ്യക്തിസവിശേഷത എപ്പോഴും നിറഞ്ഞുനില്ക്കുകയും ചെയ്യും. ഒരാൾ സ്വപ്നം കാണാൻ മോഹിച്ചു; ആ സ്വപ്നം അയാളെ ഭരിക്കുകയും ചെയ്യും. എന്നാൽ ഈ സ്വപ്നം പിതാവിന്റെ യഥാർത്ഥസന്തതി തന്നെ. അലസനായ ഒരാൾ പ്രകൃത്യതീതമായതിനെ തന്റെ ജീവിതത്തിലേക്കും തന്റെ ചിന്തയിലേക്കും പ്രവേശിപ്പിക്കാൻ വഴി കണ്ടെത്തുകയായിരുന്നു; എന്നാൽ, ഒടുവിൽ,  അയാളനുഭവിക്കുന്ന അനുഭൂതികളുടെ തീക്ഷ്ണത ഇരിക്കെത്തന്നെ, അയാൾ വലുതായി കാണപ്പെടുന്ന അതേയാൾ തന്നെയാണ്‌, വളരെ വലിയൊരു ഘാതത്തിലേക്കു പെരുക്കിയ അതേ സംഖ്യ തന്നെയാണ്‌. അയാൾ കീഴടക്കപ്പെട്ടിരിക്കുകയാണ്‌; പക്ഷേ അയാളുടെ നിർഭാഗ്യത്തിന്‌ അതു ചെയ്തത് അയാൾ തന്നെയാണ്‌, എന്നു പറഞ്ഞാൽ അയാൾക്കു മേൽ അധീശത്വം നേടിയ അയാളുടെതന്നെ ഒരംശം. “ഒരു മാലാഖയുടെ വേഷമെടുക്കാൻ അയാളാഗ്രഹിച്ചു, ഒരു മൃഗമായി അയാൾ മാറി.” ഒരു നിമിഷത്തേക്ക് അയാൾ ബലവാനായി, അതിനെ മിതപ്പെടുത്താനോ ഉപയോഗപ്പെടുത്താനോ ഉള്ള നിയന്ത്രണശക്തിയില്ലാത്ത അമിതസംവേദനക്ഷമതയെ ബലം എന്നു വിളിക്കാമെങ്കിൽ.

അപ്പോൾ, അപൂർവ്വമായ ആനന്ദങ്ങൾ പരിചയപ്പെടാൻ കൗതുകം കാണിക്കുന്ന സാമാന്യരും അജ്ഞരുമായ ജനങ്ങൾ ഇതു മനസ്സിലാക്കുക: ഹഷീഷിൽ അവർ കാണുക ദിവ്യാത്ഭുതങ്ങളൊന്നുമല്ല, പ്രാകൃതികമായതു തന്നെ, അമിതമായ അളവിലാണെന്നു മാത്രം. ഹഷീഷ് പ്രവർത്തിക്കുന്ന തലച്ചോറും ജൈവവ്യ്വസ്ഥയും അവയ്ക്കു സ്വാഭാവികമായുള്ള, വ്യക്തിപരമായ പ്രതിഭാസങ്ങൾ മാത്രമേ നല്കുന്നുള്ളു; അളവിലും ഗുണത്തിലും പലമടങ്ങായിരിക്കുമെന്നുമാത്രം, എന്നാൽ ഏതു സ്രോതസ്സിൽ നിന്നാണോ വരുന്നത്, അതിനോടു വിശ്വസ്തവും. മനുഷ്യന്‌ തന്റെ ഭൗതികവും ധാർമ്മികവുമായ പ്രകൃതത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ പറ്റില്ല. മനുഷ്യന്റെ ധാരണകളേയും പരിചിതചിന്തകളേയും വലുതാക്കിക്കാണിക്കുന്ന ഒരു കണ്ണാടിയാകാം ഹഷിഷ്; അപ്പോഴും ഒരു കണ്ണാടി മാത്രമാണത്.

(from Hashish Poem)

*സെറാഫ് - മാലാഖമാരുടെ ശ്രേണിയിൽ ഏറ്റവും ഉയർന്നവർ.


അഭിപ്രായങ്ങളൊന്നുമില്ല: