2021, ജൂലൈ 5, തിങ്കളാഴ്‌ച

ബോദ്‌ലേർ- മദ്യം


നിങ്ങളെ അറിയാതെ ആരുള്ളു, മദ്യത്തിന്റെ ഗഹനാനന്ദങ്ങളേ? ഒരു കുറ്റബോധം തണുപ്പിക്കാനുള്ള, ഒരോർമ്മയുണർത്താനുള്ള, ഒരു ദുഃഖം മുക്കിത്താഴ്ത്താനുള്ള, സ്പെയിനിൽ ഒരു കോട്ട കെട്ടാനുള്ള ഏതൊരാളും, എന്നു പറഞ്ഞാൽ, എല്ലാ മനുഷ്യരും നിന്നെ വിളിച്ചു കേണിരിക്കുന്നു, മുന്തിരിവള്ളികൾക്കിടയിൽ മറഞ്ഞ നിഗൂഢദൈവമേ. എത്ര ഗംഭീരമാണവ, ഒരാന്തരികസൂര്യൻ വെളിച്ചപ്പെടുത്തുന്ന മദ്യവിരുന്നുകൾ! എത്ര യഥാർത്ഥമാണ്‌, എത്ര ജ്വലിക്കുന്നതാണ്‌, അവനിൽ നിന്നു മനുഷ്യൻ സ്വീകരിക്കുന്ന നവയൗവ്വനം! അതേ സമയം, എത്ര ഭീതിദമാണ്‌, ഇടിമിന്നൽ പോലുള്ള അവന്റെ ആനന്ദങ്ങളും ബലം കെടുത്തുന്ന ആഭിചാരങ്ങളും. എന്നാൽക്കൂടി സ്വന്തം ഹൃദയത്തെയും മനഃസാക്ഷിയേയും പിടിച്ചേറ്റുപറയൂ, ന്യായാധിപരേ, നിയമനിർമ്മാതാക്കളേ, ലോകപരിചയമുള്ളവരേ, ജീവിതസുഖങ്ങൾ സൗമ്യപ്രകൃതികളാക്കിയവരേ, നന്മ നിറഞ്ഞതും ആരോഗ്യം തുളുമ്പുന്നതുമായ ഒരു ജീവിതത്തിനു ഭാഗ്യം തുണച്ചവരേ, പറയൂ, നിങ്ങളിൽ ആർക്കുണ്ടാവും ആ പ്രതിഭ പാനം ചെയ്യുന്ന ഒരാളെ കുറ്റപ്പെടുത്താനുള്ള സുദൃഢമായ ധൈര്യം?

തന്നെയുമല്ല, വിജയം ഉറപ്പായ, ദയയോ ദാക്ഷിണ്യമോ കാണിക്കില്ലെന്നു വാശിയുള്ള മല്ലയുദ്ധക്കാരനുമല്ല, മദ്യം എപ്പോഴും. മദ്യം മനുഷ്യനെപ്പോലെതന്നെ: ഒരാളെ നമുക്കെത്ര മതിക്കാമെന്നോ നിന്ദിക്കാമെന്നോ സ്നേഹിക്കാമെന്നോ വെറുക്കാമെന്നോ എന്തൊക്കെ ഉന്നതപ്രവൃത്തികൾക്കോ ബീഭത്സകൃത്യങ്ങൾക്കോ കെല്പുള്ളവനാണയാളെന്നോ നാമെങ്ങനെ അറിയാൻ? അതിനാൽ നമ്മളോടുതന്നെ കാണിക്കുന്നതിലധികം ക്രൂരത നാം മദ്യത്തോടു കാണിക്കാതിരിക്കുക; നമുക്കവനെ നമുക്കു തുല്യനായിത്തന്നെ കാണുക. 

മദ്യം ഇങ്ങനെ സംസാരിക്കുന്നതായി ചിലപ്പോൾ എനിക്കു തോന്നാറുണ്ട് (അവൻ സംസാരിക്കുന്നത് അവന്റെ ഹൃദയത്തിൽ നിന്നാണ്‌, ആത്മാവുകൾക്കു മാത്രം കേൾക്കാവുന്ന ഒരാത്മീയശബ്ദത്തിൽ): “മനുഷ്യാ, എനിക്കു പ്രിയപ്പെട്ടവനേ, ഈ ചില്ലിന്റെ തടവറയും കോർക്കിന്റെ വിലങ്ങുമിരിക്കെത്തന്നെ നിനക്കു ഞാൻ പകർന്നുനല്കാം, സാഹോദര്യം നിറഞ്ഞ ഒരു ഗാനം, ആഹ്ലാദവും വെളിച്ചവും പ്രത്യാശയും നിറഞ്ഞ ഒരു ഗാനം. ഞാൻ കൃതഘ്നനല്ല; എന്റെ ജീവനു ഞാൻ നിന്നോടു കടപ്പെട്ടിരിക്കുന്നുവെന്നെനിക്കറിയാം. പൊള്ളുന്ന വെയിലത്തു നീ എന്തുമാത്രം പണിയെടുത്തു എന്നെനിക്കറിയാം. നീയെനിക്കു ജീവൻ തന്നു, അതിനുള്ള പ്രതിഫലം ഞാൻ നിനക്കു നല്കുകയും ചെയ്യും. ഒട്ടും ബാക്കിവയ്ക്കാതെ ഞാനെന്റെ കടം വീട്ടും; ജോലി ചെയ്തു വരണ്ട ഒരു തൊണ്ടയിലൂടെ  ഒഴുകിയിറങ്ങുമ്പോൾ സ്വർഗ്ഗീയാനന്ദങ്ങൾ ഞാനറിയുന്നുവല്ലോ. നിർവ്വികാരവും മ്ളാനവുമായ

 നിലവറകളെക്കാൾ എനിക്കു കിടക്കാനിഷ്ടം നേരുള്ള ഒരു മനുഷ്യന്റെ നെഞ്ചാണ്‌. ഞാൻ എന്റെ നിയോഗം ഉത്സാഹത്തോടെ നിറവേറ്റുന്ന സന്തുഷ്ടമായ ശവകുടീരമാണത്. പണിക്കാരന്റെ ഉദരത്തിൽ വലിയ കോലാഹലം ഞാനുണ്ടാക്കുന്നു; പിന്നെ അദൃശ്യമായ കോണികൾ കയറി അവന്റെ തലച്ചോറിലെത്തിയിട്ട് അവിടെ ഞാനെന്റെ കലാശനൃത്തം ചവിട്ടുന്നു.

“പ്രാക്തനകാലത്തെ ഊർജ്ജം നിറഞ്ഞ പല്ലവികൾ, പ്രണയത്തിന്റെയും കീർത്തിയുടേയും ഗാനങ്ങൾ, എനിക്കുള്ളിലുണരുന്നതും മാറ്റൊലിക്കുന്നതും നീ കേൾക്കുന്നില്ലേ? ഞാൻ നിന്റെ ദേശത്തിന്റെ ആത്മാവാണ്‌. ഒരു പകുതി കാമുകനും ഒരു പകുതി സൈനികനുമാണു ഞാൻ, ഞായറാഴ്ച്ചയുടെ പ്രത്യാശ. ജോലി ഐശ്വര്യസമൃദ്ധമായ ദിവസങ്ങൾ നല്കുന്നു, മദ്യം സന്തോഷപ്രദമായ ഞായറാഴ്ച്ചയും. തീന്മേശയ്ക്കു മേൽ കൊടുംകൈ കുത്തി, കുപ്പായക്കൈകൾ തെറുത്തുകേറ്റി സാഭിമാനം നിങ്ങളെനിക്കു വാഴ്ത്തുപാട്ടുകൾ പാടും, നിങ്ങൾക്കു സന്തോഷമാവുകയും ചെയ്യും.

”നിങ്ങളുടെ നിത്യശോകങ്ങളിലും നിങ്ങളുടെ ചിരകാലമോഹങ്ങളിലും എന്നും നിങ്ങൾക്കു കൂട്ടാളിയായ ഭാര്യയുടെ കണ്ണുകളിൽ ഞാൻ വെളിച്ചം പടർത്താം. അവളുടെ നോട്ടത്തിന്റെ തീക്ഷ്ണത ഞാൻ മയപ്പെടുത്താം, അവളുടെ കൃഷ്ണമണികളിൽ അവളുടെ യൗവ്വനത്തിലെ മിന്നല്പിണർ ഞാൻ കൊണ്ടിടാം. പിന്നെ, വിളർച്ച പിടിച്ച നിങ്ങളുടെ ഓമനപ്പുത്രന്റെ കാര്യം, ഒരു വണ്ടിക്കാളയെപ്പോലെ നുകത്തിൻ കീഴിലായ ആ പാവം കുതിരക്കുട്ടി, അവനു ഞാനവന്റെ ശൈശവത്തിലെ തുടുത്ത നിറം തിരിച്ചുകൊടുക്കാം, ജീവിതത്തിന്റെ ഗോദയിലെ ആ പുതുമക്കാരന്‌ ഞാൻ പണ്ടത്തെ മല്ലയുദ്ധക്കാരുടെ പേശികളെ ദൃഢപ്പെടുത്തിയിരുന്ന തൈലമാകാം.

“അമൃതവള്ളിയായി നിന്റെ നെഞ്ചിൻ തടത്തിലേക്കു ഞൻ വീഴാം. ആഴത്തിൽ കീറിയ ചാലുകളിൽ ഞാൻ ധാന്യമണിയാകാം. നമ്മുടെ വേഴ്ച്ചയിൽ നിന്നൊരു കവിത ജനിക്കും. നാമൊരുമിച്ചൊരു ദൈവമാകും, അനന്തതയിലേക്കു നാം ചിറകടിച്ചുപറക്കും, പക്ഷികളെപ്പോലെ, പൂമ്പാറ്റകളെപ്പോലെ, കന്യാപുത്രനെപ്പോലെ, പരിമളങ്ങൾ പോലെ, ചിറകു വച്ചതെല്ലാം പോലെ.”

മദ്യം അതിന്റെ ഗൂഢഭാഷയിൽ പാടുന്നതിതാണ്‌. സഹജീവികളുടെ വേദനകൾക്കു മുന്നിൽ വാതിലടച്ച സ്വാർത്ഥഹൃദയങ്ങൾ അതു കേൾക്കുന്നില്ല; അവർക്കു ഹാ, കഷ്ടം!

(Les Paradis artificiels)

അഭിപ്രായങ്ങളൊന്നുമില്ല: