2021, ജൂൺ 30, ബുധനാഴ്‌ച

ബോദ്‌ലേർ - കലയും പുരോഗതിയും

 ഇന്നു നടപ്പുരീതിയായ ഒരബദ്ധമുണ്ട്; പ്ലേഗിനെപ്പോലെ സൂക്ഷിക്കണമെന്നാണ്‌ ഞാൻ അതിനെക്കുറിച്ചു മുന്നറിയിപ്പു തരിക. പുരോഗതി എന്ന ആശയത്തിന്റെ കാര്യമാണു ഞാൻ സൂചിപ്പിക്കുന്നത്. ഈ പുക പിടിച്ച അടയാളവിളക്ക്, പേറ്റന്റുണ്ടെങ്കിലും പ്രകൃതിയോ ദൈവമോ ഗാരണ്ടി നല്കാത്ത, കപടദാർശനികരുടെ ഈ കണ്ടുപിടുത്തം, ഈ പുതുപുത്തൻ റാന്തൽ ജ്ഞാനത്തിന്റെ സർവ്വമണ്ഡലത്തിനും മേലയക്കുന്നത് അന്ധകാരത്തിന്റെ രശ്മികളാണ്‌; സ്വാതന്ത്ര്യം മാഞ്ഞുപോകുന്നു, ശിക്ഷ ഇല്ലാതാകുന്നു. ചരിത്രത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ആദ്യം ചെയ്യേണ്ടത് ഈ കുടിലമായ വിളക്ക് ഊതിക്കെടുത്തുക എന്നതാണ്‌. ആധുനികഡംഭിന്റെ ചവറ്റുകൂനയിൽ വിരിഞ്ഞ ഈ അപഹാസ്യമായ ആശയം സകലരേയും അവനവന്റെ ധർമ്മത്തിൽ നിന്നു മുക്തരാക്കിയിരിക്കുന്നു, എല്ലാവരിൽ നിന്നും ചുമതലകൾ എടുത്തുമാറ്റിയിരിക്കുന്നു, സൗന്ദര്യത്തോടുള്ള സ്നേഹം ചുമത്തിയ നിബന്ധനകളിൽ നിന്ന് ഇച്ഛയെ മോചിപ്പിച്ചിരിക്കുന്നു; പരിതാപകരമായ ഈ ചിത്തഭ്രമം അധികകാലം നീണ്ടുനില്ക്കുകയാണെങ്കിൽ അധോഗതിയിലായ മനുഷ്യവർഗ്ഗങ്ങൾ വിധിവാദത്തിന്റെ മെത്തയിൽ ബലവും ഓജസ്സും ക്ഷയിച്ച് മയങ്ങിക്കിടക്കാനാണു പോകുന്നത്. ഇപ്പോൾത്തന്നെ വേണ്ടത്ര വെളിവായ ഒരു ജീർണ്ണതയുടെ ലക്ഷണമാണ്‌ ഈ മതിമോഹം.

തനിക്കിഷ്ടപ്പെട്ട കഫേയിലിരുന്ന്, തനിക്കിഷ്ടപ്പെട്ട പത്രം ഒരുനാളും മുടങ്ങാതെ വായിച്ചുതീർക്കുന്ന ഒരു ഫ്രഞ്ചുകാരനോട് പുരോഗതി എന്നതുകൊണ്ട് എന്താണയാൾ മനസ്സിലാക്കുന്നത് എന്നൊന്നു ചോദിച്ചുനോക്കൂ; അയാളുടെ ഉത്തരം ഇതായിരിക്കും: സ്റ്റീം! ഇലക്ട്രിസിറ്റി! ഗ്യാസ് ലൈറ്റിങ്ങ്! -റോമാക്കാർക്ക് അപരിചിതമായിരുന്ന അത്ഭുതങ്ങൾ; പൗരാണികർക്കു മേൽ നമ്മുടെ ശ്രേഷ്ഠത സ്ഥാപിക്കാൻ ഈ കണ്ടുപിടുത്തങ്ങളിലധികം തെളിവു വേണ്ട എന്നയാൾ പറയും; അത്രയധികം ഇരുട്ടാണ്‌ ഭാഗ്യക്കേടു പിടിച്ച ആ തലയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്നത്; അത്രയ്ക്കധികമാണ്‌, ഭൗതികവും ആത്മീയവുമായ തലങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം അതിനുള്ളിൽ. മൃഗാധിപത്യവാദികളും* വ്യവസായവാദികളുമായ തത്വചിന്തകരുടെ പ്രേരണയാൽ അത്രയധികം അമേരിക്കനിസം ബാധിച്ച ആ പാവത്താന്‌ ഭൗതികവും ധാർമ്മികവുമായ ലോകങ്ങളും പ്രാകൃതികവും പ്രകൃത്യതീതവും തമ്മിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാതായിരിക്കുന്നു. 

ഒരു ജനതയ്ക്ക്  പോയ നൂറ്റാണ്ടിനെക്കാൾ സൂക്ഷ്മമായ ഒരവബോധമാണ്‌ ധാർമ്മികപ്രശ്നങ്ങളിൽ ഇന്നുള്ളതെങ്കിൽ അത് പുരോഗതിയാണ്‌; അത്രയും വ്യക്തം. ഒരു കലാകാരൻ ഇക്കൊല്ലം ചെയ്ത ചിത്രം അയാളിൽ കഴിഞ്ഞ കൊല്ലം കണ്ടതിനെക്കാൾ കൂടുതൽ പരിജ്ഞാനവും ഭാവനാശക്തിയുമാണ്‌ പ്രദർശിപ്പിക്കുന്നതെങ്കിൽ അയാൾ പുരോഗതി പ്രാപിച്ചു എന്ന് നിസ്സംശയം പറയാം. ഭക്ഷണസാധനങ്ങൾക്ക് ഇന്നലത്തെക്കാൾ ഗുണം കൂടുതലും വില കുറവുമാണ്‌ ഇന്നെങ്കിൽ ഭൗതികതലത്തിൽ അതൊരു പുരോഗതി തന്നെയാണ്‌. എന്നാൽ, ഞാൻ ചോദിക്കട്ടെ, ഈ പുരോഗതി നാളത്തേക്കു നീളുമെന്നതിന്‌ എന്താണുറപ്പ്? സ്റ്റീമിന്റെയും സൾഫർ തീപ്പെട്ടിയുടേയും താത്വികരുടെ ശിഷ്യന്മാർ അങ്ങനെയാണ്‌ മനസ്സിലാക്കിവച്ചിരിക്കുന്നത്: പുരോഗതിയെ അവർ കാണുന്നത് അനന്തമായ ഒരു പരമ്പരയുടെ രൂപത്തിലാണ്‌. എന്നാൽ എന്താണുറപ്പ്? നിങ്ങളുടെ ജഡബുദ്ധിയും എന്തും വിശ്വസിക്കുന്ന ശീലവുമാണ്‌ ആ ഉറപ്പ് എന്നാണു ഞാൻ പറയുക.

പുരോഗതി എന്ന ആശയത്തെ ഭാവനയുടെ മണ്ഡലത്തിലേക്കു പറിച്ചുനടുമ്പോൾ (ചില സാഹസികബുദ്ധികൾ, താർക്കികഭ്രാന്തന്മാർ, അതിനും ശ്രമിച്ചിട്ടുണ്ട്) അയുക്തികതയുടെ സ്മാരകമായിട്ടാണ്‌, അപഹാസ്യമായ വൈകൃതമായിട്ടാണ്‌ അതവിടെ ഉയർന്നുനില്ക്കുന്നത്. ആ നിലപാട് നിലനില്ക്കത്തക്കതേയല്ല. വസ്തുതകൾ അത്രയ്ക്കും സുവ്യക്തമാണ്‌, അത്രയ്ക്കും സുവിദിതവുമാണ്‌. കവിതയുടേയും കലയുടേയും മണ്ഡലത്തിൽ മഹാന്മാരായ ആവിഷ്കർത്താക്കൾക്ക് മുൻഗാമികൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഓരോ പൂവിടലും നൈസർഗ്ഗികമാണ്‌, വൈയക്തികമാണ്‌. സിന്യോറെല്ലി ശരിക്കും മൈക്കലാഞ്ജെലോയുടെ ജനയിതാവാണോ? പെറജീനോയുടെ ഉള്ളിൽ റാഫേൽ ഉണ്ടായിരുന്നോ? കലാകാരന്‌ തന്നോടല്ലാതെ മറ്റാരോടും കടപ്പാടില്ല. ഭാവികാലത്തിന്‌ അയാൾ വാഗ്ദാനം ചെയ്യുന്നത് സ്വന്തം സൃഷ്ടികൾ മാത്രമാണ്‌. തന്നെ മാത്രമേ അയാൾ സാക്ഷ്യപ്പെടുത്തുന്നുള്ളു. സന്തതികളില്ലാതെ അയാൾ മരിക്കുന്നു. അയാൾ തന്നെയായിരുന്നു അയാളുടെ രാജാവും പുരോഹിതനും ദൈവവും. ഇത്തരം പ്രതിഭാസങ്ങളിലാണ്‌ പിയർ ലറൂവിന്റെ പ്രശസ്തവും പ്രചണ്ഡവുമായ സൂത്രവാക്യം അതിന്റെ യഥാർത്ഥമായ പ്രയുക്തത കണ്ടെത്തുന്നത്. 

ആഹ്ലാദകരമായും വിജയപൂർവ്വമായും ഭാവനയുടെ കലകളെ പരിപോഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്‌. ഇന്നത്തെ സമൃദ്ധി, നിർഭാഗ്യവശാൽ, നീണ്ടുനില്ക്കുമെന്നതിന്‌ ഒരുറപ്പുമില്ല. ഉദയം കിഴക്കായിരുന്ന ഒരു കാലമുണ്ടായിരുന്നു; പിന്നെ വെളിച്ചം തെക്കോട്ടു നീങ്ങി; ഇപ്പോഴതു പ്രസരിക്കുന്നത് പടിഞ്ഞാറു നിന്നാണ്‌. നാഗരികലോകത്തിന്റെ കേന്ദ്രബിന്ദുവിലാണ്‌ ഫ്രാൻസിന്റെ സ്ഥാനമെന്നതിനാൽ തന്റെ അയല്ക്കാരുടെ ആശയങ്ങളും കാവ്യരചനകളും ശേഖരിച്ച് മനോഹരമായി രൂപപ്പെടുത്തി മറ്റു ജനതകൾക്കു കൈമാറാനുള്ള ഭാഗധേയം ഇന്നവൾക്കാണു ലഭിച്ചിരിക്കുന്നതെന്നതു ശരി തന്നെ. എന്നാൽ രാഷ്ട്രങ്ങൾ, വിപുലമായ ആ സംഘജീവികൾ, വ്യക്തികൾക്കു ബാധകമായ അതേ നിയമങ്ങൾക്കുതന്നെ അധീനമാണെന്നതു നാം ഒരിക്കലും മറക്കരുത്. അവ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങുകയും പുലമ്പുകയും അടിവച്ചടിവച്ചു വളരുകയും ചെയ്യും; യുവാക്കളെയും പാകതയെത്തിയവരേയും പോലെ വിവേകവും ധീരതയും നിറഞ്ഞ സൃഷ്ടികൾ ചെയ്യും; വൃദ്ധരെപ്പോലെ കൂട്ടിവച്ച സമൃദ്ധിയിൽ കിടന്നുറക്കമാവുകയും ചെയ്യും. അവയെ കരുത്തിലേക്കും വികാസത്തിലേക്കും നയിച്ച അടിസ്ഥാനതത്വം തന്നെയായിരിക്കും പലപ്പോഴും അവയുടെ പതനത്തിനു കാരണമാകുന്നതും, സർവ്വതും ജയിച്ചടക്കാനുള്ള ആവേശത്താൽ ഒരിക്കൽ ജീവൻ തുടിച്ചിരുന്ന ആ തത്വം ഭൂരിപക്ഷത്തിനും ഒരു പതിവനുഷ്ഠാനമായി പില്ക്കാലത്തു മാറിയെങ്കിൽ വിശേഷിച്ചും. അപ്പോൾ, ഞാൻ അല്പം മുമ്പു സൂചിപ്പിച്ചപോലെ, ജീവചൈതന്യത്തിന്റെ ആ സ്ഫുലിംഗം മറ്റു ദേശങ്ങളിലേക്കും മറ്റു ജനതകളിലേക്കും മാറിപ്പോകുന്നു; ഈ നവാഗതർക്ക് പൂർവ്വികരിൽ നിന്ന് ഒരു പാരമ്പര്യമപ്പാടെ അവകാശമായിക്കിട്ടുന്നുവെന്നോ എടുത്തുപയോഗിക്കാൻ പാകത്തിൽ സർവ്വസജ്ജമായ ഒരു സിദ്ധാന്തം അവരെ കാത്തിരുപ്പുണ്ടായിരുന്നുവെന്നോ നാം കരുതരുത്. പലപ്പോഴും സഭവിക്കുന്നത് (മദ്ധ്യകാലഘട്ടത്തിൽ അങ്ങനെയുണ്ടായി) സർവ്വതും നഷ്ടപ്പെട്ട് രണ്ടാമതും തുടങ്ങേണ്ടിവരുന്നു എന്നതാണ്‌.


(from the Universal Exhibition of 1855)


അഭിപ്രായങ്ങളൊന്നുമില്ല: