ജീവിതത്തിന്റെ നശ്വരതയും അയുക്തികതകളും ക്രൂരതയോടും തിന്മയോടുമുള്ള മനുഷ്യന്റെ തീരാത്ത ആഭിമുഖ്യവും സർവ്വസാധാരണമായ വേദനയും യാതനയും ഒഴിയാബാധകളായി കൊണ്ടുനടക്കുന്ന ചില ചിന്തകരുണ്ട്. അവരുടെ കണ്ണിൽ ക്ഷണികവും അപൂർണ്ണവുമായ ഈ ലോകത്ത് മനുഷ്യന്റെ ഏതുദ്യമവും അവശ്യം പരാജയപ്പെടാനുള്ളതാണ്. ശൂന്യതയുടെ പടുകുഴിയുമായുള്ള തങ്ങളുടെ മല്പിടുത്തം തുടരുമ്പോൾത്തന്നെ ഐറണി കലർന്ന ഒരാർദ്രതയോടെ ആ വിഫലയുദ്ധം ചിത്രീകരിക്കാനുള്ള വൈഭവവും അവർ കാണിക്കുന്നുണ്ട്. നൊവാലിസ്, ഓസ്വാൾഡ് സ്പെൻഗ്ളർ, കീർക്കെഗോർ, നീച്ച, ഷോപ്പൻഹോവർ ഇങ്ങനെ പോകുന്നു അതിലെ ക്ലാസിക്കൽ നിര. ആ വിഫലദാർശനികതയുടെ സമകാലികപ്രതിനിധാനമാണ് റൊമേനിയൻ-ഫ്രഞ്ച് ചിന്തകനായ എമിൽ ചൊറാൻ (Emil Cioran).
എമിൽ മിഹായ് ചൊറാൻ 1911 ഏപ്രിൽ 8ന് അക്കാലത്ത് ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന റെസിനാറിൽ (പിന്നീട് റെസിനാരി എന്ന പേരിൽ റൊമേനിയയുടെ ഭാഗമായി) ഒരു ഓർത്തൊഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. അച്ഛൻ എമിലിയൻ ചൊറാൻ പുരോഹിതനായിരുന്നു. അമ്മ എൽവിര കൊമാനിച്യു. ബാലനായ ചൊറാന് റെസിനാരി ഒരു പറുദീസയായിരുന്നു. അച്ഛൻ വികാരിയായിരുന്ന പള്ളിയിലെ ശവക്കുഴിവെട്ടുകാരൻ സമ്മാനിച്ചിരുന്ന തലയോടുകൾ കൊണ്ട് പന്തു തട്ടിക്കളിച്ചിരുന്നതിനെക്കുറിച്ച് പില്ക്കാലത്തദ്ദേഹം ഓർക്കുന്നുണ്ട്. സഹോദരങ്ങൾക്കൊപ്പം ഓടിക്കളിക്കാൻ മനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. ഇതിനൊക്കെപ്പുറമേ റെസിനാരിക്കു മേൽ തല പൊക്കി നിന്നിരുന്ന കോസ്റ്റ ബോക്കു എന്ന കുന്നുമുണ്ടായിരുന്നു. ചൊറാൻ പിന്നീടെഴുതുന്നുണ്ട്: “ജനിച്ചിടത്തു തന്നെയാണ് നാം ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടത്. ഞാൻ പോയ സ്ഥലങ്ങളൊക്കെ മടുപ്പേ എനിക്കു തന്നിട്ടുള്ളു. കോസ്റ്റ ബോക്കു വിട്ടതുകൊണ്ട് എന്തു ഗുണമാണ് എനിക്കുണ്ടായത്?”
1983ൽ നല്കിയ ഒരഭിമുഖത്തിൽ ചൊറാൻ ഓർക്കുന്നു: “ഞാനെപ്പോഴും സിമിത്തേരിയെ ചുറ്റിപ്പറ്റിയാണു നടന്നിരുന്നത്. ഞാൻ നിത്യവും കണ്ടിരുന്നത് അസ്ഥികൂടങ്ങളും ശവങ്ങളുമാണ്. മരണം എനിക്ക് അത്രയും സ്വാഭാവികമായ ഒരു സംഗതിയായിരുന്നതിനാൽ എന്റെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അത്. ഞാൻ ഹാംലെറ്റായി നടിക്കാൻ തുടങ്ങി എന്നല്ല; എന്നാൽ, അസ്ഥികൂടങ്ങളും മരണം എന്ന പ്രതിഭാസവും എന്റെ മനസ്സിനെ വിട്ടൊഴിയാതായി എന്നതു സത്യമാണ്. അതിനർത്ഥം മരണചിന്ത ഒഴിയാബാധ ആയ ഒരാൾക്ക് ജീവിതത്തിന്റെ അയാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകുന്നു എന്നാണ്.”
തന്റെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും അതേ അഭിമുഖത്തിൽ ചൊറാൻ പരാമർശിക്കുന്നുണ്ട്. “എനിക്കന്ന് 22 വയസ്സായിക്കാണും. ഞാൻ മാനസികമായി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ആ ദിവസം വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു; ഉച്ച തിരിഞ്ഞു രണ്ടു മണിയായിക്കാണും; മറ്റുള്ളവരെല്ലാം പുറത്തുപോയിരുന്നു. പെട്ടെന്ന് നൈരാശ്യത്തിന്റെ ഒരിരച്ചുകേറ്റത്തിൽ ഞാൻ സോഫയിലേക്കു ചെന്നുവീണുകൊണ്ടുപറഞ്ഞു, ”ഇനിയെനിക്കു താങ്ങാൻ പറ്റില്ല.“ അപ്പോൾ അമ്മ പറഞ്ഞു, ”ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഗർഭച്ഛിദ്രം നടത്തിയേനെ.“ അതെന്റെ മനസ്സിൽ ആഴമേറിയ ഒരു മുദ്രയാണു പതിപ്പിച്ചത്. അതെന്നെ വേദനിപ്പിച്ചില്ല, ഒട്ടുമില്ല. എന്നാൽ പിന്നീട് ഞാനോർത്തു, ‘എത്ര പ്രധാനമാണത്. ഞാൻ വെറുമൊരു യാദൃച്ഛികതയാണ്. എന്തിനു ഞാനെല്ലാം ഗൗരവത്തിലെടുക്കണം?’
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠിക്കാൻ ചേർന്നു. പില്ക്കാലത്ത് നാടകകൃത്തായി പേരെടുത്ത യൂജെൻ യോനെസ്കോ, പിന്നീട് പ്രശസ്തചരിത്രകാരനായ മിർച്ച എലിയാഡ് എന്നിവർ അദ്ദേഹത്തിന്റെ സഹപാഠികളും അടുത്ത കൂട്ടുകാരുമായിരുന്നു. ആന്റി-സെമിറ്റിക്കും തീവ്രവലതുപക്ഷക്കാരനുമായിരുന്ന നായെ യോനെസ്കോയുടെ ചിന്തകളോടായിരുന്നു ചൊറാന്റെ ആഭിമുഖ്യം. ചെറുപ്പത്തിലേ ജർമ്മൻ നല്ല വശമുണ്ടായിരുന്ന ചൊറാൻ നീച്ച, ഷോപ്പൻഹോവർ, ജോർജ് സിമ്മെൽ, ഹൈഡിഗർ തുടങ്ങിയവരെ മൂലഭാഷയിൽത്തന്നെ പരിചയപ്പെട്ടു. റഷ്യൻ ചിന്തകനായ ലെവ് ഷെസ്റ്റോവും യൂണിവേഴ്സിറ്റി കാലത്തെ ഒരു സ്വാധീനമായിരുന്നു. ചൊറാന്റെ ബിരുദപ്രബന്ധം ഹെൻറി ബർഗ്സണെക്കുറിച്ചുള്ളതായിരുന്നു; ജീവിതത്തിന്റെ ദുരന്തസ്വഭാവം അദ്ദേഹത്തിനു പിടികിട്ടിയിട്ടില്ല എന്നു പറഞ്ഞ് പില്ക്കാലത്ത് അദ്ദേഹം ബർഗ്സണെ തള്ളിപ്പറയുന്നുണ്ട്.
ഇരുപതാമത്തെ വയസ്സു മുതലാണ് അദ്ദേഹത്തെ ഉറക്കമില്ലായ്മ പിടികൂടുന്നത്. എഴുത്തും ഉറക്കമില്ലായ്മയും തമ്മിലുള്ള ഒരു ഗാഢബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. 1934ൽ, 23 വയസ്സുള്ളപ്പോഴാണ്, ഉറക്കമില്ലാത്ത ഏതാനും ആഴ്ചകൾക്കിടയിൽ അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകമായ Pe culmile disperÄrii (നൈരാശ്യത്തിന്റെ നെറുകയിൽ) എഴുതിത്തീർക്കുന്നത്. “നിദ്രാരഹിതമായ രാത്രികളുടെ ഫലമായ വിഷാദത്തിന്റെ പിടിയിലല്ലാതെ ഇന്നേവരെ എനിക്കെഴുതാൻ കഴിഞ്ഞിട്ടില്ല. ഏഴു കൊല്ലം എനിക്കുറങ്ങാനേ പറ്റിയില്ല. ഇപ്പോഴും എഴുതാനിരിക്കുമ്പോൾ എനിക്ക് ജിപ്സി വിഷാദഗാനങ്ങളുടെ ഡിസ്ക് പശ്ചാത്തലത്തിൽ വേണം.“
റൊമേനിയനിൽ എഴുതിയ തീരെച്ചെറിയ ലേഖനങ്ങളുടെ ഈ സമാഹാരത്തിൽ ”മനുഷ്യൻ, നിദ്രാരഹിതനായ ജീവി“ എന്ന പേരിൽ ഒരു കുറിപ്പുണ്ട്. ”ഉറക്കമില്ലായ്മയുടെ പ്രാധാന്യമോർക്കുമ്പോൾ ഉറങ്ങാത്ത ജീവി എന്ന് മനുഷ്യനെ നിർവ്വചിക്കാനുള്ള പ്രലോഭനത്തിന് ഞാൻ വിധേയനായിപ്പോകുന്നു. മറ്റു ജീവികൾക്കും ഇത്രതന്നെ യുക്തിയുണ്ടായിരിക്കെ മനുഷ്യനെ ചിന്തിക്കുന്ന ജീവി എന്ന് എന്തിനു നിർവ്വചിക്കണം? സൃഷ്ടിയാകെയെടുത്താൽ ഉറങ്ങാൻ ആഗ്രഹമുണ്ടായിട്ടും അതിനു പറ്റാത്ത മറ്റൊരു ജന്തു ഉണ്ടാവില്ല.“ സ്വാതന്ത്ര്യം, ഒറ്റപ്പെടൽ, മടുപ്പ്, അർത്ഥശൂന്യത, മൃത്യുബോധം എന്നിവപോലെ മനുഷ്യാവസ്ഥയുടെ ഏറ്റവും വേദനാജനകമായ ഒരു മുഖമാണതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ”നിദ്ര വിസ്മൃതിയാണ്: ജീവിതനാടകവും അതിന്റെ സങ്കീർണ്ണതകളും ഒഴിയാബാധകളും ഒരു പാടും ശേഷിപ്പിക്കാതെ മാഞ്ഞുപോകുന്നു; ഓരോ ഉണർച്ചയും പുതിയൊരു തുടക്കമാണ്, ഒരു പുതിയ പ്രതീക്ഷ. ജീവിതം അതുവഴി സന്തുഷ്ടമായ ഒരു തുടർച്ചയില്ലായ്മ നിലനിർത്തുന്നു: നിരന്തരമായ പുനർജ്ജന്മത്തിന്റെ ഒരു പ്രതീതി. ഉറക്കമില്ലായ്മ, നേരേ മറിച്ച്, കടുത്ത വിഷാദത്തിനും നൈരാശ്യത്തിനും ആത്മപീഡനത്തിനുമാണ് ജന്മം നല്കുന്നത്. ആരോഗ്യവാനായ ഒരാൾ വല്ലപ്പോഴുമേ അതിന്റെ പിടിയിലാകുന്നുള്ളു; ഒരു മണിക്കൂർ നേരത്തെ ബോധം കെട്ടുള്ള ഉറക്കത്തിനു പകരമായി ഒരു രാജ്യം തന്നെ കൊടുക്കാൻ തയാറാവുന്നവരെക്കുറിച്ച്, കിടക്കയുടെ കാഴ്ച ഒരു പീഡനയന്ത്രത്തിന്റെ കാഴ്ചയാവുന്നവരെക്കുറിച്ച് അയാൾക്കു യാതൊന്നുമറിയില്ല.“
അതേ സമയം, ഉറങ്ങാൻ പറ്റാതിരിക്കുക എന്ന നാരകീയാവസ്ഥയുടെ ആത്മീയവും സർഗ്ഗാത്മകവുമായ വശങ്ങളെക്കുറിച്ച് ചൊറാൻ ബോധവാനായിരുന്നു. എങ്ങനെയെങ്കിലും ഉറങ്ങാൻ വേണ്ടി പലപ്പോഴും മോർഫീൻ പോലും ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും രോഗാതുരമായ പുലർവെളിച്ചത്തിലേക്കുള്ള തന്റെ ദീർഘയാത്രകൾ സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. A Short History of Decayയിൽ അദ്ദേഹം ഉറക്കമില്ലായ്മയെ ഇങ്ങനെ വാഴ്ത്തുന്നു: ”ഇരുട്ടത്തെ ഉറക്കമൊഴിക്കലുകളിൽ യഥാർത്ഥജ്ഞാനം വന്നവതരിക്കുന്നു. ജന്തുക്കളിൽ നിന്നും സഹജീവികളിൽ നിന്നും നമ്മെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഉറക്കമില്ലായ്മകളുടെ ആകെത്തുകയാണ്. ഉജ്ജ്വലവും വിചിത്രവുമായ ഏതൊരാശയമുണ്ട്, ഉറങ്ങുന്നവന്റെ സംഭാവനയായി?“ ഉറക്കമില്ലായ്മ അങ്ങനെ സർഗ്ഗാത്മകതയുടേയും പ്രചോദനത്തിന്റെയും ഉൾക്കാഴ്ചയുടേയും അപൂർവ്വചിന്തയുടേയും സ്രോതസ്സായി മാറുകയാണ്. ഒരു പടി കൂടിക്കടന്ന് ഉറക്കമില്ലായ്മയിൽ ആത്മീയത കൂടി അദ്ദേഹം കണ്ടെത്തുന്നു. 1983ൽ പീറ്റർ വെയ്സുമായി നടത്തിയ ഇന്റർവ്യൂവിൽ അദ്ദേഹം അതിങ്ങനെ വിശദീകരിക്കുന്നു: ”കടുത്ത മാനസികസംഘർഷത്തിലായിരിക്കുന്ന സന്ദർഭങ്ങളിൽ ചില നിമിഷങ്ങളിൽ പെട്ടെന്നു നാം തന്നെ ശരിക്കും ദൈവമായ ഒരു തോന്നൽ നമുക്കുണ്ടാകുന്നു. പ്രപഞ്ചമാകെ നമ്മളിൽ കേന്ദ്രീകരിക്കുന്നതുപോലെ. അത്തരം പരമാനന്ദാവസ്ഥകൾ എനിക്കുണ്ടായിട്ടുണ്ട്. അസാധാരണമായ ഒരു പ്രകാശം അകത്തും പുറത്തും നിറയുന്ന ഒരനുഭൂതിയായിട്ടാണ് എന്റെ കാര്യത്തിൽ അതാവിഷ്കൃതമായിട്ടുള്ളത്. മിസ്റ്റിക്കുകളെ എനിക്കു ശരിക്കും മനസ്സിലായത് ആ ഘട്ടത്തിലാണ്.“
ഉറക്കമില്ലാതെ കിടന്ന രാത്രികളിൽ ഒരു ‘നിഗൂഢസാന്നിദ്ധ്യം’ താൻ അനുഭവിച്ചിരുന്നതായി ചൊറാൻ സാക്ഷ്യപ്പെടുത്തുന്നു. ചിന്തയുടെ അഗാധത്തിലേക്കിറങ്ങാൻ തന്നെ സഹായിച്ചത് അതാണ്. ”ഞാൻ ചിന്തിച്ചതൊക്കെ ഉറക്കമില്ലായ്മയുടെ ഫലമാണോ അല്ലയോ എന്നതല്ല, അതില്ലായിരുന്നെങ്കിൽ എന്റെ ചിന്തകൾക്ക് ഒരുന്മത്താവേശത്തിന്റെ കുറവുണ്ടാകുമായിരുന്നു എന്നത് നിസ്തർക്കമാണ്. ഉറക്കമില്ലായ്മയിലൂടെ എന്റെ ചിന്താരീതിയ്ക്ക് മറ്റൊരു മാനം കൈവന്നു.“ ഇരുപതാമത്തെ വയസ്സിലാണ് ചൊറാന്റെ ഉറക്കം പോയത്. ഒരു പ്രേതത്തെപ്പോലെ താൻ തെരുവുകളിലൂടെ മണിക്കൂറുകൾ അലഞ്ഞുനടന്നിരുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ആ ‘പ്രേതാസ്തിത്വ’മാണ് തന്റെ ദാർശനികചിന്തയെ നിർണ്ണയിച്ചതെന്നും പില്ക്കാലത്തദ്ദേഹം വിലയിരുത്തുന്നു. ”എത്രയോ കാലം കഴിഞ്ഞ് ഞാനെഴുതിയതെല്ലാം ആ രാത്രികളിൽ ചിന്തിച്ചുകൂട്ടിയതായിരുന്നു.“ A Short History of Decayയിൽ ഒരു സഹചാരിയായിട്ടാണ്, തന്റെ muse ആയിട്ടാണ് അദ്ദേഹം ഉറക്കമില്ലായ്മയെ ചിത്രീകരിക്കുന്നത്.
1933ൽ, കോളേജ് പഠനം കഴിഞ്ഞയുടനേ, ബർലിനിലെ ഫ്രീഡ്രിക് വിൽഹെം യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള ഒരു സ്കോളർഷിപ് അദ്ദേഹത്തിനു കിട്ടി. ജർമ്മനിയിൽ എത്തിയ ചൊറാനെ ആദ്യം തന്നെ ആകർഷിച്ചത് ആയിടയ്ക്ക് ഭരണം പിടിച്ചെടുത്ത നാസിസമാണ്. റൊമേനിയയെ അദ്ദേഹം കണ്ടിരുന്നത് പരാജിതന്റെ ദേശമായിട്ടാണ്. സ്വാഭാവികമായും ജർമ്മനിയെ ആവേശിച്ചിരുന്ന രാഷ്ട്രീയോന്മാദവും ആൾക്കൂട്ടഭ്രാന്തും യുവാവായ ചൊറാനെ ആകർഷിച്ചു. നാസി ഭരണം ജർമ്മൻ ജനതയിൽ കുത്തിവച്ച ‘ചരിത്രദൗത്യ’ത്തെക്കുറിച്ചുള്ള ബോധത്തിനു പകരം നില്ക്കാൻ റൊമേനിയയുടെ ജനാധിപത്യം മതിയായില്ല. ചരിത്രമാനങ്ങളുള്ള ഒരു ദുരന്തത്തിന്റെ തുടക്കമാണ് മറ്റുള്ളവർ ജർമ്മനിയിൽ കണ്ടതെങ്കിൽ ചൊറാനത് ഭാവിയുടെ വാഗ്ദാനവും ചരിത്രപരമായ മഹത്വവുമായിരുന്നു. ഹിറ്റ്ലറെ ഇത്ര മഹാനാക്കിയത് എന്താണ്? ജർമ്മൻ ജനതയുടെ ദേശീയചോദനകളെ ഇളക്കിവിടാനുള്ള കഴിവ്, ചൊറാൻ ഉത്തരം നല്കുന്നു. തന്റെ ഒരു സുഹൃത്തിനെഴുതിയ കത്തിൽ റൊമേനിയക്കും ജർമ്മനിയെ അനുകരിക്കാമെന്ന് അദ്ദേഹം എഴുതുന്നുണ്ട്: ”ഇവിടെക്കണ്ട പലതിനോടും ഞാൻ യോജിക്കുന്നു; വകയ്ക്കു കൊള്ളാത്ത നമ്മുടെ നാടിനെ മറ്റൊന്നിനുമല്ലെങ്കിൽ ഒന്നു ശ്വാസം മുട്ടിക്കാനെങ്കിലും ഒരേകാധിപത്യഭരണം നല്ലതായിരിക്കും. റൊമേനിയയിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ അതിന് ഭീകരതയും ക്രൂരതയും ശമനമില്ലാത്ത ഉത്കണ്ഠയും തന്നെ വേണം. സകല റൊമേനിയക്കാരെയും അറസ്റ്റു ചെയ്ത് ഇഞ്ചപ്പരുവമാക്കി ചതച്ചെടുക്കണം; അങ്ങനെയൊരു പ്രഹരത്തിനു ശേഷമേ അന്തസ്സാരമില്ലാത്ത ഒരു ജനത ചരിത്രം സൃഷ്ടിക്കുകയുള്ളു.“
1936ൽ ജർമ്മനിയിൽ നിന്നു തിരിച്ചുവന്നയുടനേ ചൊറാൻ എഴുതിയ പുസ്തകമാണ് Romania's Transfiguration (റൊമേനിയയുടെ രൂപാന്തരം.) ലോകഗതിയിൽ ഒരു പങ്കും വഹിക്കാനില്ലാത്ത ഒരു ചെറിയ രാഷ്ട്രത്തിലെ പ്രജയുടെ വിലാപമാണത്. ഒരു ‘ചെറിയ സംസ്കാര’ത്തിലേക്കു പിറന്നുവീണവരുടെ വിധിയാണത്: മുറിപ്പെട്ട അഭിമാനവും പേറി ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുന്നു അവർക്ക്. ”ഒരു രണ്ടാം തരം രാജ്യത്തു ജനിക്കുക എന്നത് ഒട്ടും സുഖകരമായ ഒരവസ്ഥയല്ല,“ അദ്ദേഹം എഴുതുന്നു. ”സുബോധം തന്നെ ദുരന്തമാവുകയാണ്.“ തനിക്കനുഭവിക്കേണ്ടിവരുന്ന വേദന ഒന്നു കുറയാനായി മാത്രം സ്വന്തം ആത്മാവിനെത്തന്നെ പണയം വയ്ക്കാൻ തയാറാവുകയാണ് അദ്ദേഹം: ”ഗ്രീസിന്റെയോ റോമിന്റെയോ ഫ്രാൻസിന്റെയോ ചരിത്രത്തിന്റെ ഉച്ചകോടിയിൽ അതിലെ ഏറ്റവും അഗണ്യനായ വ്യക്തി ഒരു നിമിഷത്തേക്കെങ്കിലും അനുഭവിച്ചിരിക്കാവുന്നത് അതേ തീവ്രതയോടെ അനുഭവിക്കാൻ ആയുസ്സിന്റെ പകുതി വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറാണ്.“ ഒരു റൊമേനിയക്കാരനായിപ്പോയതിന്റെ നൈരാശ്യത്തെ നേരിടാൻ ‘മറ്റെന്തെകിലും’ ആവുക എന്നത് ചൊറാന്റെ ജീവിതകാലമുടനീളം നടന്നുപോന്ന ഒരതിജീവനോപായം ആയിരുന്നു. The Trouble with Being Born എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്: ”എന്റെ വംശപാരമ്പര്യത്തോടുള്ള നിരന്തരകലഹമായിരുന്നു എന്റെ ജീവിതകാലം മുഴുവൻ നടന്നത്. എനിക്ക് മറ്റെന്തെങ്കിലും ആയാൽ മതിയായിരുന്നു- സ്പെയിൻകാരനോ റഷ്യക്കാരനോ നരഭോജിയോ, എന്തുമാകാം, ഞാൻ എന്താണോ, അതൊഴികെ.“
ഒരു രണ്ടാംകിട രാജ്യത്തെ എങ്ങനെയാണ് ‘ചരിത്രത്തിലേക്കു തള്ളിവിടുക?’ ലക്ഷ്യം അത്രയും മഹത്തരമായിരിക്കെ ഏതു വഴിയും ന്യായമാണ്. ചൊറാന്റെ വാക്കുകളിൽ “ലോകത്തിലേക്ക് സ്വന്തമായി ഒരു വഴി വെട്ടുന്ന ഒരു ജനതയ്ക്ക് അവർ തിരഞ്ഞെടുക്കുന്ന ഏതു മാർഗ്ഗവും സാധുവാണ്. ഭീകരതയും അക്രമവും മൃഗീയതയും വഞ്ചനയുമൊക്കെ ചരിത്രത്തിന്റെ ജീർണ്ണകാലത്തേ ഹീനവും അസാന്മാർഗ്ഗികവുമാകുന്നുള്ളു; ഒരു ജനതയുടെ ആരോഹണത്തിനു തുണയാവുന്നുണ്ടെങ്കിൽ അവ നന്മകൾ തന്നെയാണ്. എല്ലാ ജയിച്ചടക്കലുകളും ധാർമ്മികമാണ്.” ജർമ്മനിയിൽ താൻ കണ്ട തരത്തിലുള്ള അയുക്തികതയുടെ ഒരേകാധിപത്യത്തിനേ ഈ രാജ്യത്തെ അതിൽ നിന്നുതന്നെ രക്ഷിക്കാനാവൂ.
അധികം വൈകാതെ ചൊറാൻ സ്വപ്നം കണ്ട ആ റൊമേനിയ രൂപമെടുക്കുകയും ചെയ്തു. മറയില്ലാത്ത ജൂതവിരോധം മുഖമുദ്രയാക്കിയ Iron Guard എന്ന ഫാസിസ്റ്റ് കക്ഷി 1940 ഒടുവിൽ റൊമേനിയയിൽ അധികാരം പിടിച്ചു. ഫാസിസത്തിന്റെ ആ റൊമേനിയൻ അവതാരം ബീഭത്സമായ ഒരു കാഴ്ചയായിരുന്നു: അവർ ജൂതന്മാരെ തിരഞ്ഞുപിടിച്ച് വധിക്കാൻ തുടങ്ങി; അവരുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. സമാധാനപ്രിയരായ ഒരു ജനതയെ മതതീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം ക്രൂരമായ ഒരു മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയമാക്കുകയായിരുന്നു. ഈ സമയത്തു പക്ഷേ, ചൊറാൻ ഫ്രാൻസിലിരുന്ന് ഒരന്യഭാഷയിലൂടെ സ്വയം പുനരാവിഷ്കരിക്കുകയായിരുന്നു. എന്നാൽ പിന്നീട് നാട്ടിൽ ഒരു ഹ്രസ്വസന്ദർശനത്തിനെത്തിയപ്പോൾ അയൺ ഗാർഡുകളുടെ സ്ഥാപകപിതാവായ Corneliu Zelea Codreanu വിനെക്കുറിച്ച് റേഡിയോയിൽ ഒരനുസ്മരണപ്രഭാഷണം നടത്തുകയും ചെയ്തു അദ്ദേഹം. കോഡ്രിയാനുവിനു മുമ്പ് ആൾത്താമസമുള്ള ഒരു സഹാറ മാത്രമായിരുന്നു റൊമേനിയ എന്നും അടിമട്ടുകളായ മനുഷ്യരുടെ ഒരു ദേശത്ത് സംസാരിക്കാൻ പറ്റിയ ഒരാളായി അയാളെ മാത്രമേ താൻ കണ്ടിട്ടുള്ളു എന്നും ചൊറാൻ അയാളെ പുകഴ്ത്തുന്നുണ്ട്. എന്നാൽ ‘ക്യാപ്റ്റൻ’ എന്നു വിളിപ്പേരുള്ള ഈ തീവ്രജൂതവിരോധിയാവട്ടെ, രാഷ്ട്രീയകൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, രാഷ്ട്രീയകൊലപാതകം നടത്തിയ മനുഷ്യൻ കൂടിയായിരുന്നു. 1930കളിലെ അരാജകത്വത്തിലേക്ക് സ്വന്തം രാജ്യത്തെ തള്ളിവിട്ട ഒരാളെയാണ് ഒരു ചിന്തകൻ പരസ്യമായി പ്രകീർത്തിക്കുന്നത്! എങ്ങനെയാണ് ഒരു ചിന്തകൻ, അരാജകത്വം തലയ്ക്കു പിടിച്ചുനടക്കുന്ന യൗവ്വനകാലത്താണയാളെങ്കിൽപ്പോലും, ഇത്രയും താഴുക? ജനാധിപത്യവാദികളായ അദ്ദേഹത്തിന്റെ സ്നേഹിതർക്ക് അക്കാലത്തു തോന്നിയ ആ സംശയം പിന്നീട് അദ്ദേഹത്തെയും വേട്ടയാടാൻ തുടങ്ങി. യുദ്ധത്തിന്റെ ഭീകരതയും ഹോളോക്കാസ്റ്റും ചൊറാന്റെ ഫാസിസ്റ്റനുകൂലമനോഭാവത്തിനേറ്റ പ്രഹരങ്ങളായിരുന്നു. ‘റൊമേനിയയുടെ രൂപാന്തരം’ എഴുതിയ ചൊറാനെ അദ്ദേഹത്തിനുതന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. “ആ പിച്ചും പേയും എഴുതിവച്ചത് ശരിക്കും ഞാൻ തന്നെയാണോ എന്ന് ചിലനേരം ഞാൻ സ്വയം ചോദിക്കാറുണ്ട്,” 1973ൽ സ്വന്തം സഹോദരനയച്ച ഒരു കത്തിൽ അദ്ദേഹം എഴുതുന്നു. “അമിതോത്സാഹം ഭ്രാന്തിന്റെ ഒരു രൂപമാണ്. നമുക്കൊരിക്കൽ ആ രോഗം വന്നുവെന്നിരിക്കട്ടെ, പിന്നീടതു സുഖപ്പെട്ടു എന്നു നാം പറഞ്ഞാൽ ആളുകൾ അതു വിശ്വസിക്കുകയേയില്ല.” സ്വന്തം രാഷ്ട്രീയഭൂതകാലം അദ്ദേഹം മറക്കാൻ ശ്രമിക്കുന്നതൊന്നായിരുന്നു. എന്നാൽ അത് മറക്കാൻ എളുപ്പവുമായിരുന്നില്ല. സഹോദരനെഴുതിയ മറ്റൊരു കത്തിൽ ആ കറ മായാത്തതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്: “ചെറുപ്പത്തിൽ എന്തെങ്കിലും വിഡ്ഢിത്തം കാണിച്ച ഒരെഴുത്തുകാരൻ നാണക്കേടിന്റെ ഭൂതകാലമുള്ള ഒരു സ്ത്രീയെപ്പോലെയാണ്. പൊറുക്കപ്പെടുകയില്ല, മറക്കപ്പെടുകയുമില്ല.”
1936ൽ ജർമ്മനിയിൽ നിന്നു മടങ്ങിവന്നതിനു ശേഷം കുറച്ചു കാലം ചൊറാൻ ഒരു ഹൈസ്കൂളിൽ ഫിലോസഫി പഠിപ്പിക്കാൻ പോയിരുന്നു. ‘എന്താണ് എത്തിക്സ്?’ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് ‘എത്തിക്സ് എന്നൊരു സംഗതി ഇല്ല!’ എന്നുത്തരം പറയുന്ന അദ്ധ്യാപകന് എത്ര നാൾ ആ ഉദ്യോഗത്തിൽ തുടർന്നുപോകാൻ പറ്റും! ചൊറാന്റെ ഔദ്യോഗികജീവിതം ഹ്രസ്വായുസ്സായിരുന്നു. തോൽവിയുടെ ദേശമായ റൊമേനിയയിൽ താൻ ഒരിക്കലും ഗതി പിടിക്കില്ല എന്നുറപ്പായതോടെ അദ്ദേഹം ഫ്രാൻസിലേക്കു കുടിയേറാൻ തീരുമാനിച്ചു. അദ്ദേഹം നാടുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയും പേരു പോലും ഇ. എം. ചൊറാൻ എന്നാക്കി മാറ്റുകയും ചെയ്തു. എഴുത്തും സംസാരവും ഫ്രഞ്ചിൽ തന്നെയാക്കി. സാങ്കേതികമായി പറഞ്ഞാൽ ഒരു ഗ്രാജ്വേറ്റ് സ്കോളർഷിപ്പിൽ സോർബോൺ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണ് ചൊറാൻ പാരീസിൽ എത്തിയത്. പഠനത്തിനൊടുവിൽ ഏതോ ദാർശനികവിഷയത്തിൽ പ്രബന്ധവും സമർപ്പിക്കേണ്ടിയിരുന്നു. എന്നാൽ താനൊരിക്കലും ഇപ്പറഞ്ഞതൊന്നും ചെയ്യാൻ പോകുന്നില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഒരു പരാന്നഭുക്കിന്റെ ജീവിതം- അതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു. ഫ്രാൻസിൽ സുരക്ഷിതമായി ജീവിക്കാൻ ആകെ വേണ്ടിയിരുന്നത് വിദ്യാർത്ഥിയാണെന്നു തെളിയിക്കുന്ന ഒരു തിരിച്ചറിയൽ കാർഡ് മാത്രമായിരുന്നു; അതിന്റെ ബലത്തിൽ ഏതു കോളേജ് കഫറ്റേരിയയിലും കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം! ഈ മട്ടിൽ ജീവിതാന്ത്യം വരെയും ജീവിച്ചുപോകാം. അങ്ങനെ നാല്പതാം വയസ്സിലും ചൊറാൻ സോർബോണിലെ വിദ്യാർത്ഥിയായിരുന്നു. എന്നാൽ ഇതിനിടയിൽ ഇരുപത്തേഴു വയസ്സു കഴിഞ്ഞവർക്ക് വിദ്യാർത്ഥിയായി പ്രവേശനം കിട്ടില്ല എന്നൊരു നിയമം വന്നതോടെ ‘പരാദങ്ങളുടെ പറുദീസ’യിൽ നിന്ന് അദ്ദേഹം നിഷ്കാസിതനായി. പിന്നീടദ്ദേഹത്തിന്റെ ഉപജീവനം കൂട്ടുകാരെയും വൃദ്ധകളായ പരീസിയൻ സ്ത്രീകളേയും ആശ്രയിച്ചായിരുന്നു. റൊമേനിയൻ ഓർത്തഡോക്സ് പള്ളിയിൽ സൗജന്യഭക്ഷണത്തിനു പോകാനും ദൈവനിഷേധിയായ ചൊറാന് വിസമ്മതം ഉണ്ടായില്ല. ഒരു ജോലി ഏറ്റെടുക്കുക എന്നതൊഴികെ എന്തും ചെയ്യാം. “എന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതായിരുന്നു എനിക്കു പ്രധാനം,” പില്ക്കാലത്ത് ചൊറാൻ ഓർമ്മിക്കുന്നുണ്ട്. “ജീവിക്കാൻ വേണ്ടി ഒരു ഓഫീസ് ജോലി എറ്റെടുത്താൽ അതെന്റെ പരാജയമാകുമായിരുന്നു...പരാജിതനാകുന്നതിനെക്കാൾ ഭേദം പരാന്നഭോജിയാവുക എന്നതാണെന്നു ഞാൻ നിശ്ചയിച്ചു.” നിഷ്ക്രിയതയിലും ഒരു പൂർണ്ണതയുണ്ടല്ലോ. ചൊറാന് അതിനെക്കുറിച്ചു നല്ല ബോധമുണ്ടായിരുന്നു എന്നുമാത്രമല്ല, ജീവിതകാലം മുഴുവൻ അതദ്ദേഹം പൂർണ്ണതോതിൽ നടപ്പാക്കുകയും ചെയ്തു. എന്താണദ്ദേഹത്തിന്റെ ദിനചര്യ എന്നൊരു അഭിമുഖകാരൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: “മിക്ക സമയവും ഞാൻ ഒന്നും തന്നെ ചെയ്യാറില്ല. പാരീസിലെ ഏറ്റവും അലസനായ മനുഷ്യനായിരിക്കും ഞാൻ. എന്നെക്കാൾ കുറച്ചു പണി ചെയ്യുന്ന ഒരാളുണ്ടെങ്കിൽ അത് കസ്റ്റമറെ കിട്ടാത്ത ഒരു വേശ്യ ആയിരിക്കും.”
അത്രയും പൂർണ്ണമായി നിഷ്ക്രിയത ആചരിച്ചിരുന്ന ഒരാൾ സ്വാഭാവികമായും ‘ജീവിതവിജയം’ നേടുന്നവരുടെ കാര്യത്തിൽ സംശയാലു ആയിരിക്കുമല്ലോ. “ഏതു മേഖലയാവട്ടെ, അതിൽ വിജയം നേടുന്ന ഒരാളിൽ തട്ടിപ്പുകാരന്റെ ഒരംശം ഒളിഞ്ഞുകിടപ്പുണ്ടാവും,” അദ്ദേഹം എഴുതി. അതുകൊണ്ടാണ് റിവറോൾ പുരസ്കാരമൊഴികെ ഫ്രഞ്ച് സാഹിത്യലോകം വച്ചുനീട്ടിയ എല്ലാ സമ്മാനങ്ങളും അദ്ദേഹം നിരസിച്ചു. ബോർഹസ്സിനെക്കുറിച്ച് അദ്ദേഹമൊരിക്കൽ പറഞ്ഞു: “തിരിച്ചറിയപ്പെടുക എന്ന നിർഭാഗ്യം അദ്ദേഹത്തിനു മേൽ പതിച്ചുകഴിഞ്ഞു. അതിലും നല്ലൊരു വിധി അദ്ദേഹം അർഹിച്ചിരുന്നു.” പരാജയം കൊണ്ട് നിരന്തരം രൂപാന്തരപ്പെടുന്ന ഒരസ്തിത്വത്തെക്കുറിച്ച് The Trouble with Being Born-ൽ ചൊറാൻ പറയുന്നുണ്ട്. അസൂയാർഹമായ രു ജീവിതപരിപാടിയാണത്. രൂപമെടുത്ത പ്രശാന്തതയാണ് അവ്വിധമൊരസ്തിത്വം, ജ്ഞാനത്തിന്റെ ഉടൽരൂപം. “ആത്മീയാന്വേഷണത്തിന്റെ പ്രവണതയുള്ള ഒരാളെ ഈ ലക്ഷണം കൊണ്ടു നിങ്ങൾക്കറിയാം: ഏതു വിജയത്തിനും മേലെ അയാൾ പരാജയത്തെ പ്രതിഷ്ഠിച്ചിരിക്കും.” എങ്ങനെയാണത്? “പരാജയം നമ്മളെ നമുക്കുതന്നെ വെളിവാക്കിത്തരുന്നു, ദൈവം നമ്മെ കാണുന്നപോലെ സ്വയം കാണാൻ നമ്മെ അനുവദിക്കുന്നു; എന്നാൽ വിജയമാവട്ടെ, നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ളതിൽ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോവുകയാണ്, അതിൽ നിന്നെന്നല്ല, സർവ്വതിൽ നിന്നും.” പരാജയത്തെ നിങ്ങൾ എങ്ങനെയാണു നേരിടുന്നതെന്നു കാണിച്ചുതരൂ, നിങ്ങൾ എങ്ങനെയുള്ളയാളാണെന്ന് ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. “പരാജയത്തിലൂടെ, ഒരു വൻദുരന്തത്തിലൂടെ മാത്രമേ നിങ്ങൾക്കൊരാളെ അടുത്തറിയാൻ പറ്റുകയുള്ളു.”
1942ലാണ് ചൊറാൻ സിമോങ്ങ് ബൂയി (Simone Boue)യെ കണ്ടുമുട്ടുന്നത്. അവരും ചൊറാനെപ്പോലെ ഉറക്കം വരാത്ത ഒരു ജീവിയായിരുന്നു. ജീവിതാന്ത്യം വരെ നീണ്ടുനിന്ന ആ ബന്ധം അദ്ദേഹം തീർത്തും സ്വകാര്യമായിട്ടാണ് കൊണ്ടുനടന്നത്. തന്റെ എഴുത്തുകളിലോ അഭിമുഖങ്ങളിലോ അതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടുതന്നെയില്ല.
1949ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഫ്രഞ്ച് പുസ്തകമായ A Short History of Decay പുറത്തുവന്നു. ഫ്രഞ്ചുകാരനല്ലാത്ത ഒരാൾ എഴുതുന്ന ഏറ്റവും നല്ല ഫ്രഞ്ചു പുസ്തകത്തിന് 1950ലെ Prix Rivarol ആ പുസ്തകത്തിനായിരുന്നു. അതൊന്നൊഴികെ മറ്റൊരു സാഹിത്യപുരസ്കാരവും അദ്ദേഹം വാങ്ങിയിട്ടില്ല.
പാരീസിലെ ലാറ്റിൻ ക്വാർട്ടറിലായിരുന്നു ചൊറാന്റെ സ്ഥിരതാമസം. പൊതുജീവിതത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതേയില്ല. ബാഹ്യലോകവുമായുള്ള ബന്ധം യോനെസ്കോ, പാൾ ചെലാൻ, സാമുവൽ ബക്കെറ്റ് അടക്കമുള്ള സുഹൃത്തുക്കളുമായുള്ള കത്തിടപാടുകളിൽ ഒതുങ്ങിനിന്നു.
എമിൽ ചൊറാന്റെ മരണം 1995 ജൂൺ 20നായിരുന്നു. ഒരർത്ഥത്തിൽ, മരിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം ലോകത്തു നിന്നു പൊയ്ക്കഴിഞ്ഞിരുന്നു. കുറച്ചു വർഷങ്ങളായി അദ്ദേഹം അല്ഷെയ്മേഴ്സിന്റെ പിടിയിലായിരുന്നു. തന്റെ അന്ത്യം ഏതു വിധത്തിലായിരിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ആത്മഹത്യ ചെയ്യാൻ അദ്ദേഹം ആലോചിച്ചിരുന്നു. ഒരുമിച്ചു ജീവിതം അവസാനിപ്പിക്കാമെന്ന് ജീവിതപങ്കാളിയായ Simone Boue-യുമായി തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. എന്നാൽ രോഗം അതിലും വേഗത്തിൽ തീരുമാനമെടുത്തു, ആത്മഹത്യാശ്രമം നടന്നില്ല, മരണങ്ങളിൽ വച്ചേറ്റവും നാണം കെട്ട ഒരു മരണം, ഏറെക്കാലമെടുത്തുള്ള ഒരു മരണം മരിക്കേണ്ടിവരികയും ചെയ്തു അദ്ദേഹത്തിന്. അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളാണ് ആദ്യം കണ്ടുതുടങ്ങിയത്. ഒരു ദിവസം അദ്ദേഹത്തിന് വീട്ടിലേക്കുള്ള വഴി നിശ്ചയമില്ലാതായി; വലിയ നടത്തക്കാരനായ അദ്ദേഹത്തിന് നഗരം സ്വന്തം കൈവെള്ള പോലെ സുപരിചിതമായിരുന്നല്ലോ. പിന്നീട് ഓർമ്മകൾ ഒന്നൊന്നായി നഷ്ടപ്പെട്ടുതുടങ്ങി; താൻ ആരാണെന്നുപോലും ചിലപ്പോൾ മറന്നുതുടങ്ങി. ആ ഫലിതബോധമാണ് ഒടുവിൽ നഷ്ടപ്പെട്ടത്: തെരുവിൽ വച്ച് ഒരാൾ ചോദിച്ചു: “ചൊറാൻ അല്ലേ താങ്കൾ?” “അതെ, ഒരുകാലത്ത്.” ഒടുവിൽ അദ്ദേഹത്തിന്റെ നില തീരെ വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്തു. അവസാനമായി വാക്കുകളും അദ്ദേഹത്തെ വെടിഞ്ഞുപോയി. ഒടുവിൽ താൻ ആരാണെന്നുതന്നെ അദ്ദേഹം മറന്നു.
നൈരാശ്യത്തിൻ്റെ നെറുകയിൽ
ആത്മാവിന്റെ തന്നോടു തന്നെയും ദൈവത്തിനോടും പ്രപഞ്ചത്തോടുമുള്ള മല്പിടുത്തങ്ങളുടെ ഒരു കാവ്യാത്മകവിവരണമാണ് ‘നൈരാശ്യത്തിന്റെ നെറുകയിൽ;’ വിറ്റ്മാന്റെ ‘എന്നെക്കുറിച്ചുള്ള ഗാനം’ പോലെ ഒന്ന്. ഇതിൽ കുമ്പസാരം ദാർശനികധ്യാനമായി മാറുന്നുവെന്നു മാത്രം. താത്വികവിഷയങ്ങളായ മരണം, ദൈവം, അനന്തത, കാലം, നിത്യത, ചരിത്രം, സത്യം, നന്മ,. തിന്മ ഇതെല്ലാം വെറും അമൂർത്തതകളാവാതെ ഒരു ജൈവയാഥാർത്ഥ്യം, ഒരു ജീവനുള്ള അർത്ഥം കൈവരിക്കുന്നു.
“ജീവിതത്തിൽ നമുക്കൊഴിച്ചുവിടാൻ പറ്റാത്ത ചില അനുഭവങ്ങളുണ്ട്. അവയെക്കുറിച്ചു തുറന്നുപറയുകതന്നെ ഒരു മോചനമല്ലേ?...ഏറ്റവും അഗാധമായ വ്യക്ത്യനുഭവങ്ങൾ ഏറ്റവും സാർവ്വജനീനവുമാണ്; കാരണം, അവയിലൂടെയാണ് മനുഷ്യൻ ജീവന്റെ ആദിമസ്രോതസ്സിലേക്കെത്തുന്നത്...”
പകുതി ഹൃദയത്തിന്റെ ആക്രന്ദനവും പകുതി ദാർശനികധ്യാനവുമായ ഈ ഗാനത്ത്തിന്റെ ഉല്പത്തി ഭാഗികമായി ശരിക്കും ശാരീരികമായ ഒരു വ്യാധിയിൽ നിന്നും (ഉറക്കമില്ലായ്മ) ഭാഗികമായി അതുളവാക്കുന്ന നൈരാശ്യത്തിൽ നിന്നുമാണ്. “യാതനയുടെ കാവ്യാത്മകത രക്തത്തിന്റെ മാംസത്തിന്റെയും സിരകളുടേയും ഒരു ഗാനമാണ്” എന്ന് ചൊറാൻ എഴുതുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തിന്റെതന്നെ ഒരു നിർവ്വചനമാവുകയാണത്. ചൊറാന്റെ കാര്യത്തിൽ എഴുത്തും താത്ത്വികമനനവും യാതനയുമായി ജൈവപരമായിത്തന്നെ ബന്ധമുള്ളതാണ്. രോഗവും യാതനയും കാവ്യാത്മകമൂല്യങ്ങളാണെന്നും അവ മാത്രമാണ് ദാർശനികവെളിപാടുകളിലേക്കു നയിക്കുന്നതെന്നുമുള്ളത് ‘നൈരാശ്യത്തിന്റെ നെറുക’യിലെ ഒരു പ്രധാനപ്രമേയമാണ്. അദ്ദേഹത്തിന്റെ ജീവിതവും രചനയും രൂപാന്തരം വന്ന കണ്ണീരാണ്. “അവർ നിങ്ങളോട് വസ്തുതകളും തെളിവുകളും പ്രവൃത്തികളും എവിടെ എന്നു ചോദിക്കുന്നു; നിങ്ങൾക്കെടുത്തുകാണിക്കാനുള്ളത് രൂപാന്തരം വന്ന കണ്ണീരു മാത്രം.”