എത്രയും നിഷ്കൃഷ്ടമായി ജീവിതം നയിക്കുന്നവരുണ്ട്.
ഉള്ളിലും പുറത്തും അവർക്കെല്ലാം ചിട്ടപ്പടി.
ഏതിനും അതിന്റേതായ ഒരു വഴിയുണ്ട്,
ഏതിനും ചേരുന്നൊരുത്തരവുമുണ്ട്.
ആര് ആർക്കൊപ്പമെന്ന്,
ആര് ആരുടെ പിടിയിലെന്ന്,
എന്തുദ്ദേശ്യത്തിനെന്ന്,
ഏതു വഴിയ്ക്കെന്ന്-
എല്ലാമവർ കൃത്യമായി ഊഹിച്ചെടുക്കും.
ഒറ്റയൊറ്റ സത്യങ്ങളിൽ അവർ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നു,
ആവശ്യമില്ലാത്ത വസ്തുതകളവർ അടുപ്പിലേക്കെറിയുന്നു,
പരിചയമില്ലാത്ത വ്യക്തികളെ
നേരത്തേ പേരെഴുതിവച്ച ഫയലുകളിലൊതുക്കുന്നു.
ചിന്തിക്കാൻ വേണ്ടത്ര നേരമേ അവർ ചിന്തിക്കുന്നുള്ളു,
ഒരു സെക്കന്റധികമില്ല,
ആ സെക്കന്റിനു പിന്നിൽ സംശയം പതിയിരിക്കുകയല്ലേ.
അസ്തിത്വത്തിൽ നിന്നവരെ പിരിച്ചയച്ചാലോ,
പണി നിർത്തി അവർ പുറത്തേക്കു പോകുന്നു,
പുറത്തേക്കുള്ള വഴിയെന്നടയാളപ്പെടുത്തിയ
വാതിലിലൂടെതന്നെ.
ചിലപ്പോൾ എനിക്കവരോടസൂയ തോന്നാറുണ്ട്
-ഭാഗ്യത്തിന്, അതിനധികം ആയുസ്സുമുണ്ടാവാറില്ല.
2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച
വീസ്വാവ ഷിംബോർസ്ക - എത്രയും നിഷ്കൃഷ്ടമായി...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ