2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഉസാമ അലോമർ - തീരെച്ചെറിയ കഥകൾ

യൗവ്വനം മോഷ്ടിക്കുന്നവർ


രാജ്യത്ത് അതിവിചിത്രമായ ഒരു സംഗതി സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ദിവസം കാലത്ത് ഉറക്കമുണർന്ന ചില യുവാക്കൾ കണ്ടത് തങ്ങൾ എമ്പതും തൊണ്ണൂറും വയസ്സുള്ള വൃദ്ധന്മാർ ആയി മാറിയിരിക്കുന്നതാണ്‌. ഓരോ ദിവസം ചെല്ലുന്തോറും യൗവ്വനം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടുവന്നു; ജനങ്ങളെയാകെ വല്ലാത്തൊരു ഭീതി പിടിച്ചുലച്ചു. തങ്ങളുടെ ദേശം വൈകാതെ ഒരു വൃദ്ധസദനമായി മാറിയേക്കുമോയെന്ന് ആളുകൾ പേടിച്ചു. ഈ പേടികൾക്കിടയിൽ ഗവേഷകർ ഈ അനന്യപ്രതിഭാസത്തെക്കുറിച്ചു പഠിക്കാൻ ആരംഭിച്ചു. നിഷ്കൃഷ്ടവും സമയമെടുത്തുള്ളതുമായ പഠനത്തിനൊടുവിൽ അവർ അതിന്റെ നിഗൂഢതയുടെ പൊരുളഴിക്കുകയും ചെയ്തു; എന്നാൽ അതു പൊതുജനത്തിനു മുന്നിൽ വയ്ക്കാൻ അവർക്കു ധൈര്യം വന്നില്ല. തങ്ങളുടെ അന്വേഷണഫലം പത്രത്തിൽ ആരോ ചോർത്തിക്കൊടുത്ത ദിവസം വരെ അവരത് രഹസ്യമാക്കിവച്ചു; വൃദ്ധരായ ചില ഉന്നതാധികാരികൾ ആ ചെറുപ്പക്കാരുടെ യൗവ്വനം മോഷ്ടിച്ച് തങ്ങളുടെ പ്രായത്തോടു ചേർക്കുകയും ശിഷ്ടം വന്നത് തങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും കിങ്കരന്മാർക്കും വീതിച്ചുകൊടുക്കുകയുമായിരുന്നുവെന്നാണ്‌ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തപ്പെട്ടത്. ചെറുപ്പക്കാരിൽ നിന്നു കഴിയുന്നത്ര യൗവ്വനം മോഷ്ടിക്കാനും അങ്ങനെ തങ്ങളുടെ ജീവിതങ്ങൾ ഏറ്റവുമധികം ആസ്വദിക്കാനും ആ അതിവൃദ്ധന്മാർക്കിടയിൽ ചൂടുപിടിച്ച മത്സരം നടക്കുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. 

എല്ലാവരും വല്ലാതങ്ങുലഞ്ഞപോലെയായി...ആ രാജ്യത്തു ചെറുപ്പക്കാരായി ശേഷിച്ചവരുടെ കാര്യമാണെങ്കിൽ, യൗവ്വനം മോഷ്ടിക്കാത്തവരുള്ള മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടാൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുക്കുകയും ചെയ്തു.

*


ആകാശത്തിലെ തുളകൾ


ഒരു ട്രക്കിന്റെ പിന്നിലിരുന്ന് രക്തരൂഷിതമായ ഒരു യുദ്ധത്തിൽ നിന്നു രക്ഷപെട്ടോടുകയായിരുന്ന ഒരു സ്ത്രീ കീറത്തുണി ധരിച്ച ഒരു കുട്ടി മറ്റൊരു കുട്ടിയോട് ഇങ്ങനെ ചോദിക്കുന്നതു കേട്ടു: “മാനത്തു നോക്ക്....നിറയെ വെളുത്ത തുളകൾ! അതെങ്ങനെ വന്നു എന്നാണെന്റെ സംശയം.”

“അതെങ്ങനെ വന്നുവെന്നു നിനക്കറിഞ്ഞുകൂടാ?” മറ്റേക്കുട്ടി വിശദീകരിച്ചു. “ വെടിയുണ്ട കൊണ്ടിട്ടാണതുണ്ടായത്!”

സ്ത്രീ അതു കേട്ടപ്പോൾ കരഞ്ഞുകൊണ്ട് അവരെ മാറോടടുക്കിപ്പിടിച്ചു.

*

കാലം എന്നെ വിട്ടുപോയപ്പോൾ


ഞാൻ കാലത്തിന്റെ കയ്യിൽ പിടിച്ചുകൊണ്ട് സന്തോഷത്തോടെ നടക്കുകയായിരുന്നു. ഞങ്ങൾ കുറേ നേരം നടന്നുകഴിഞ്ഞപ്പോൾ എനിക്കു നല്ല ക്ഷീണമായി. നമുക്കു കുറച്ചുനേരമൊന്നിരുന്നു തളർച്ച മാറ്റിയിട്ടു പോയാലോ എന്നു ഞാൻ കാലത്തോടു ചോദിച്ചു. അവനതു കേട്ടില്ലെന്നു തോന്നി. ഞാൻ ഒന്നുകൂടി ഒച്ചയിൽ എന്റെ അപേക്ഷ ആവർത്തിച്ചു. അവൻ പെട്ടെന്ന് എന്റെ കയ്യിലെ പിടി വിട്ടിട്ട് തന്റെ നടപ്പു തുടർന്നു, ഒരു നിമിഷത്തെപോലും ഇടർച്ചയില്ലാതെ.

*

സ്വാതന്ത്ര്യത്തിന്റെ തൂവാല


ഏകാധിപതിയ്ക്കു തുമ്മൽ വന്നു. അയാൾ പാന്റിന്റെ കീശയിൽ നിന്ന് സ്വാതന്ത്ര്യത്തെ വലിച്ചെടുത്ത് മൂക്കു ചീറ്റി. എന്നിട്ടയാൾ അവളെ ഒരു ചവറ്റുകുട്ടയിലേക്കെറിഞ്ഞു.

*

(1968ൽ ജനിച്ച സിറിയൻ കവിയും ലേഖകനുമായ ഉസാമ അലോമർ Osama Alomar തീരെച്ചെറിയ കഥകളുടെ പേരിൽ പ്രശസ്തനാണ്‌.)

അഭിപ്രായങ്ങളൊന്നുമില്ല: