2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

എമിൽ ചൊറാൻ - കണ്ണീരും വിശുദ്ധരും

 മരണത്തിന്റെ ആസന്നത ലൈംഗികചോദനയ്ക്ക് പുതുജീവൻ നല്കുന്നു: യൗവ്വനസഹജമായ തൃഷ്ണകൾ രോഗാതുരമായ ചോരയിൽ കനലുകൾ വിതറുന്നു. പ്രാണസഞ്ചാരത്തിൽ മരണവും ലൈംഗികതയും ഇടകലർന്നൊന്നാവുകയും രണ്ടിനേയും ഭീതിദവും മാദകവുമാക്കുകയും ചെയ്യുന്നു. ലൈംഗികബന്ധത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരാൾ രണ്ടു പേർ രതിയിൽ ഏർപ്പെടുന്നത് അബദ്ധത്തിൽ കേൾക്കാനിടയായെന്നിരിക്കട്ടെ, ഒരു മരണരംഗത്തിനു സാക്ഷിയാവുകയാണു താൻ എന്നായിരിക്കും അയാൾ ചിന്തിക്കുക. അത്രയടുത്ത സാദൃശ്യമാണ്‌ മരണത്തിന്‌ ജീവിതത്തിന്റെ ഏറ്റവും പരമമായ നിമിഷത്തിനോടുള്ളത്. മരണത്തിന്റെയും ലൈംഗികതയുടേയും പ്രകൃതങ്ങളിലുള്ള സമാനതകൾ നമുക്കു നിഷേധിക്കാൻ പറ്റില്ല: ആ നേരത്തെ തൊണ്ട കുറുകൽ, നിഴലടഞ്ഞ അന്തരീക്ഷം, ലോലമായ ഒരാത്മാവിന്റെ ആനന്ദങ്ങൾക്കു മേൽ ഇരുണ്ട നിഴൽ വീഴ്ത്തുന്ന വിചിത്രവും ജുഗുപ്സാവഹവുമായ മൃഗീയത. മൃത്യുവാഞ്ഛ തീവ്രതരമാകുമ്പോൾ ജീവിതോത്തേജകവുമാകുന്നു, ഏതു പ്രതീക്ഷയെക്കാളും ജീവിതത്തിനുതകുന്നു, ഏതു വികാരത്തെക്കാളും നമ്മുടെ അഭിമാനത്തെ ഉണർത്തുന്നു.

*
മരണത്തിന്‌ എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ജീവിതത്തെ തീക്ഷ്ണമായി സ്നേഹിച്ചവരുടെ കാര്യത്തിൽ മാത്രമാണ്‌. വിട്ടുപോകാൻ എന്തെങ്കിലുമുണ്ടെങ്കിലല്ലാതെ എങ്ങനെയാണൊരാൾ മരിക്കുക? ജീവിതത്തിന്റേതെന്നപോലെ മരണത്തിന്റെയും നിഷേധമാണ്‌ വൈരാഗ്യം. മരണഭയത്തെ തരണം ചെയ്ത ഏതൊരാളും ജീവിതത്തിനു മേലും വിജയം നേടിക്കഴിഞ്ഞു. എന്തെന്നാൽ, ആ ഭയത്തിന്റെ മറ്റൊരു പേരല്ലാതെ മറ്റൊന്നുമല്ല ജീവിതം.
ധനികരായവരേ മരണം ‘അനുഭവിക്കുന്നുള്ളു’; പാവപ്പെട്ടവർ അതു പ്രതീക്ഷിച്ചുകഴിയുന്നു; ഒരു യാചകനും ഇന്നേവരെ മരിച്ചിട്ടില്ല. ഉടമസ്ഥർ മാത്രമേ മരിക്കുന്നുള്ളു.
പണക്കാരുടെ മരണവേദനയോടു തട്ടിച്ചുനോക്കുമ്പോൾ പാവപ്പെട്ടവരുടേത് ഒരു പുഷ്പശയ്യ പോലെയേയുള്ളു. കൊട്ടാരങ്ങളുടെ കൊടുംഭീതികളും യാതനകളുമെല്ലാം മരണം തന്നിൽ സഞ്ചയിച്ചുവച്ചിരിക്കുന്നു. സുഖഭോഗങ്ങൾക്കിടയിൽ കിടന്നു മരിക്കുക എന്നാൽ ലക്ഷോപലക്ഷം തവണ മരിക്കുക എന്നാണ്‌.
യാചകർ പ്രാണൻ വെടിയുന്നത് കിടക്കയിൽ കിടന്നിട്ടല്ല; അതുകൊണ്ടാണ്‌ അവർ മരിക്കാത്തതും. തിരശ്ചീനമായിട്ടേ നിങ്ങൾ മരിക്കുന്നുള്ളു; സുദീർഘമായ സന്നാഹങ്ങളിലൂടെ മരണം സാവധാനം ജീവിതത്തിലേക്കരിച്ചുകയറുകയാണ്‌. അന്ത്യമുഹൂർത്തത്തിൽ പ്രത്യേകിച്ചൊരിടത്തോടും അതിന്റെ ഓർമ്മകളോടും ബന്ധനസ്ഥനല്ലാത്ത ഒരാൾക്ക് വിട്ടുപോകുന്നതിൽ പിന്നെന്തു ഖേദമുണ്ടാവാനാണ്‌? യാചകർ തങ്ങളുടെ വിധി സ്വയം വരിച്ചതാണെന്നും വരാം; എന്തെന്നാൽ, ഖേദങ്ങളില്ലാത്തതിനാൽ അവയിൽ നിന്നുണ്ടാകുന്ന തീവ്രവേദനകൾ അവർ അനുഭവിക്കുന്നില്ലല്ലോ. ജീവിതത്തിന്റെ പ്രതലത്തിൽ അവർ നാടോടികളായിരുന്നു, മരണത്തിന്റെ പ്രതലത്തിലും അവർ അലഞ്ഞുനടക്കുകതന്നെയാണ്‌.
*
സംഗീതജ്ഞനെക്കുറിച്ച് എന്റെ നിർവ്വചനം: എല്ലാ ഇന്ദ്രിയങ്ങളിലൂടെയും കേൾക്കുന്ന ഒരാൾ. ബാഹിന്റെ രണ്ടാമത്തെ ഭാര്യ, അന്ന മഗദലീന, തന്റെ ഭർത്താവിന്റെ കണ്ണുകൾ കണ്ടപ്പോൾ തനിക്കു തോന്നിയത് മനസ്സിൽ തറയ്ക്കുന്ന വിധം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്: അവ കേൾക്കുന്ന കണ്ണുകളായിരുന്നു.
അവർ ഇങ്ങനെയും ഓർമ്മിക്കുന്നു: “ഒരിക്കൽ അദ്ദേഹം പാഷൻ ഒഫ് സെയ്ന്റ് മാത്ത്യൂവിലെ ‘ഗൊൽഗോത്ത’ എന്ന ഭാഗം രചിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിയിലേക്കു ചെല്ലാൻ ഇടയായി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി; സാധാരണഗതിയിൽ തുടുത്തു, പ്രശാന്തമായിരിക്കുന്ന ആ മുഖം വിളറി, കണ്ണീരിൽ കുതിർന്നിരുന്നു. ഞാൻ ചെന്നത് അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ല; ഞാൻ പതുക്കെ തിരിഞ്ഞുനടന്ന് വാതിലിനു മുന്നിലെ പടിയിലിരുന്ന് തേങ്ങിക്കരഞ്ഞു.” ബാഹിന്റെ സംഗീതം സ്വർഗ്ഗീയരൂപാന്തരത്തിന്റെ മാദ്ധ്യമമാണ്‌. അതിൽ വികാരങ്ങളില്ല, ദൈവവും ലോകവും മാത്രമേയുള്ളു, അവ രണ്ടിനേയും ഇണക്കുന്ന കണ്ണീരും.
*
ഏകാന്തത നമുക്കനുഭവമാകുന്നത് വസ്തുക്കളുടെ നിശ്ശബ്ദത നമുക്കു കേൾക്കാറാകുമ്പോൾ മാത്രമാണ്‌. അപ്പോൾ ഒരു കല്ലിൽ ഉറങ്ങിക്കിടക്കുകയും ഒരു ചെടിയിൽ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യുന്ന രഹസ്യം നമുക്കു കേൾക്കാമെന്നാകുന്നു- പ്രകൃതിയുടെ മറഞ്ഞതും തുറന്നതുമായ രീതികൾ. ഏകാന്തതയുടെ കാര്യത്തിൽ വിചിത്രമെന്നു പറയാവുന്ന കാര്യം, അതിനെ സംബന്ധിച്ചിടത്തോളം അചേതനമായ ഒരു വസ്തുവും ഇല്ല എന്നതാണ്‌. എല്ലാ വസ്തുക്കൾക്കുമുണ്ട്, ഒരു ഭാഷ; പൂർണ്ണനിശ്ശബ്ദതയിലേ നമുക്കതിന്റെ പൊരുളു തിരിക്കാൻ കഴിയൂ. സർവ്വതിലുമുണ്ട്, ജീവൻ നിറഞ്ഞ, തീക്ഷ്ണമായ ഒരേകാന്തത. പ്രകൃതിയിൽ ചേതന നിദ്രാണമാണ്‌; സസ്യങ്ങളുടെ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചെടുക്കാൻ എനിക്കാഗ്രഹമില്ലാതില്ല.
നിഴലുകൾക്കുമുണ്ട് ഒരു രഹസ്യജീവിതം. ആവശ്യമുള്ളത്ര കവികൾ ലോകത്തുണ്ടായിട്ടില്ല; അതുകൊണ്ടല്ലേ, ഇത്രയധികം വസ്തുക്കൾ വെളിപ്പെടുത്തപ്പെടാതെ കിടക്കുന്നത്, സ്വന്തം പൊരുളുകളിൽ നിന്നവ അകന്നുപോയത്!
*
നിശ്ശബ്ദത ചിലപ്പോഴത്രയ്ക്കഗാധമാവുമ്പോൾ മൂടിയിട്ടധികനേരമാവാത്ത ശവക്കുഴികളിൽ ചിന്തകൾക്കനക്കം വയ്ക്കുന്നതു നിങ്ങൾക്കു കേൾക്കാം. കാറ്റിന്റെ വിലാപമൊടുങ്ങുമ്പോൾ പൂമ്പാറ്റകളുടെ നേർത്ത ചിറകിളക്കം മലഞ്ചരിവുകളുടെ മൗനത്തിനസഹ്യമാവുന്നു. അങ്ങനെയുള്ള മുഹൂർത്തങ്ങളിലാണ്‌ വിദൂരാകാശത്തിന്റെ ഇളംനീലിമ നിങ്ങൾക്കു കണ്ണില്പെടുന്നതും അതിന്റെ ദിവ്യവും മൂകവുമായ മൂഢതയുമായി നിങ്ങൾ സ്നേഹത്തിലാവുന്നതും. ഞാൻ ആകാശത്തെ സ്നേഹിക്കുന്നത് അതിനു ബുദ്ധിയില്ല എന്നതുകൊണ്ടാണ്‌. നക്ഷത്രങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നെനിക്കു സംശയമുണ്ട്.
*
സംഗീതം മനുഷ്യസൃഷ്ടിയല്ലെന്നതിന്‌ ഇതിലും നല്ല തെളിവു വേണോ, അതൊരിക്കലും നരകത്തെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നിലുണർത്തിയിട്ടില്ല എന്നതല്ലാതെ? വിലാപയാത്രയ്ക്കകമ്പടിയായിട്ടുള്ള സംഗീതത്തിനുപോലും അതിനു കഴിഞ്ഞിട്ടില്ല. നരകം ഒരു വാസ്തവികതയാണ്‌; സ്വർഗ്ഗം ഒരോർമ്മയും. അനാദിയായ ഒരു ഭൂതകാലത്ത് നമുക്ക് നരകം പരിചയമുണ്ടായിരുന്നെങ്കിൽ ഇന്നു നാമൊരു ‘നരകനഷ്ട’ത്തെക്കുറിച്ചോർത്തു നെടുവീർപ്പിടില്ലേ? ഓർമ്മയുടെ പുരാവസ്തുശാസ്ത്രമാണ്‌ സംഗീതം. അതിന്റെ ഉത്ഖനനങ്ങളിൽ പ്രാഗ്സ്മൃതികാലത്തെ ഒരു നരകം ഇന്നുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. (എമിൽ ചൊറാൻ/കണ്ണീരും വിശുദ്ധരും)
(എമിൽ ചൊറാൻ- കണ്ണീരും വിശുദ്ധരും)

അഭിപ്രായങ്ങളൊന്നുമില്ല: