കലയിലെ ആത്മാർത്ഥതയ്ക്ക് ഒരാളുടെ അന്തർഗതവുമായോ നേരിനും നെറികേടിനുമിടയിലെ തിരഞ്ഞെടുപ്പുമായോ ഒരു ബന്ധവുമില്ല എന്നതാണു വാസ്തവം. അതു മുഖ്യമായും അയാളുടെ പ്രാഗത്ഭ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആത്മാർത്ഥവും നിർവ്യാജവുമായ ഒരു പുസ്തകമെഴുതാൻ ഒരാൾ അത്യുല്ക്കടമായി ആഗ്രഹിച്ചുവെന്നു വരാം; എന്നാൽ അതിനുള്ള വൈദഗ്ധ്യം അയാൾക്കുണ്ടായെന്നുവരില്ല. അയാളുടെ എത്രയും ആത്മാർത്ഥമായ സദുദ്ദേശ്യങ്ങളിരിക്കെത്തന്നെ ആ പുസ്തകം അയഥാർത്ഥവും വ്യാജവും സാമ്പ്രദായികവുമായിട്ടാണ് പുറത്തുവരുന്നത്; വികാരങ്ങൾ അരങ്ങിലെന്നപോലെ ആവിഷ്കരിക്കപ്പെടുന്നു, ദുരന്തഭാഗങ്ങൾ കപടവും ജാഡയുമാകുന്നു, നാടകീയമെന്നുദ്ദേശിക്കപ്പെട്ടത് അതിനാടകീയവുമായിപ്പോകുന്നു.
*
പലരും, മിക്കവരും എന്നുതന്നെ പറയാം, ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പ്രചണ്ഡമായ ഒരു പ്രണയബന്ധം അനുഭവിച്ചവരായിരിക്കും. പക്ഷേ തങ്ങളുടെ അനുഭൂതികളെ വിശകലനം ചെയ്യാൻ കഴിയുന്നവർ വളരെക്കുറച്ചേ കാണുകയുള്ളു; വാക്കുകളിലൂടെയോ അല്ലാതെയോ അവ ആവിഷ്കരിക്കാൻ കഴിയുന്നവരാകട്ടെ, അതിലും കുറച്ചേ ഉണ്ടാവൂ. അവർ അതിന്റെ തീവ്രത അനുഭവിച്ചതാണ്, അതിന്റെ വേദന തിന്നവരാണ്, ആത്മാർത്ഥമായ ഒരു വികാരത്തിന്റെ പ്രചോദനം അറിഞ്ഞവരുമാണ്. പക്ഷേ അവർക്കെഴുതാൻ കഴിയുന്നില്ല. എഴുതിവരുമ്പോൾ പരമ്പരാഗതരീതിയിലുള്ളതും വക്രവും സ്ഥിരം ശൈലികൾ നിറഞ്ഞതുമായിപ്പോവുകയാണത്. യഥാർത്ഥജീവിതത്തിൽ എഴുതപ്പെടുന്ന ഒരു പ്രണയലേഖനം ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തിക്കണ്ടാൽ അതിൽ ആത്മാർത്ഥത തൊട്ടുതെറിച്ചിട്ടില്ല എന്ന വിലയിരുത്തലിന് അതു വിധേയമാകേണ്ടിവരും.
*
കലയിലെ ആത്മാർത്ഥതയിൽ പ്രാഗത്ഭ്യത്തിനുള്ള പങ്കിന്റെ ആത്യന്തികമായ ഉദാഹരണമാണ് പ്രണയലേഖനം. കീറ്റ്സിന്റെ പ്രണയലേഖനങ്ങൾ എത്ര ഗാഢമായ താല്പര്യത്തോടെയാണ് നാം വായിക്കുന്നത്! താനനുഭവിക്കുന്ന യാതനയുടെ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളെക്കുറിച്ചുപോലും ബോധവാനായ ഒരാത്മാവിന്റെ പിടച്ചിലുകൾ എത്ര പുതുമ നിറഞ്ഞതും എത്ര ശക്തവുമായ ഭാഷയിലാണ് അവ ആവിഷ്കരിക്കുന്നത്! അവയിലെ ആത്മാർത്ഥത (അതെഴുതിയ മനുഷ്യന്റെ പ്രതിഭയുടെ ഉല്പന്നം) അവയെ കീറ്റ്സിന്റെ കവിതകളെപ്പോലെതന്നെ കലാപരമായ പ്രാധാന്യമുള്ളതാക്കുന്നു; അതിലും പ്രാധാന്യമുള്ളതെന്നും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്.
(ആൾഡസ് ഹക്സ്ലി)