2024, മാർച്ച് 31, ഞായറാഴ്‌ച

വീസ്വാവ ഷിംബോർസ്ക്ക - എന്താണ്‌ സ്വപ്നം കാണൽ?

 

ഫെല്ലിനിയുടെ സിനിമകളിലൊന്നിൽ ഇങ്ങനെയൊരു രംഗമുണ്ട്: സബ്‌വേ ലൈനിടുന്ന പണിക്കാർ ഉജ്ജ്വലമായ പെയിന്റിങ്ങുകൾ നിറഞ്ഞ ഒരു എട്രൂസ്കൻ ഭൂഗർഭശവക്കല്ലറ കാണുന്നു. നിർഭാഗ്യമെന്നു പറയട്ടെ, മറ്റാളുകൾ സ്ഥലത്തെത്തും മുമ്പേ, ഫോട്ടോഗ്രാഫർമാർ ക്യാമറകൾ പുറത്തെടുക്കും മുമ്പേ പെയിന്റിങ്ങുകൾ മങ്ങാൻ തുടങ്ങുന്നു, അവ നിറം കെട്ടുപോകുന്നു. ഒടുവിൽ, ഒരു നിമിഷത്തിനു ശേഷം ഒഴിഞ്ഞ ചുമരുകളാണ്‌ മൂകരായ, നിസ്സഹായരായ കാഴ്ചക്കാർക്കു മുന്നിൽ പ്രത്യക്ഷമാകുന്നത്...സ്വപ്നങ്ങളുടെ കാര്യത്തിലും ഇതാണ്‌ ശരി: നാം ഉറക്കം വിട്ടെഴുന്നേല്ക്കുന്ന നിമിഷം അവ ചിതറിപ്പോവുകയും തിരിച്ചുകിട്ടാത്തവിധം മറഞ്ഞുപോവുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, അതും പക്ഷേ അല്പനേരത്തേക്ക്, അവയുടെ ഒരു മാനസികചിത്രം നമ്മളിൽ തങ്ങിനില്ക്കാറുണ്ട്. ഒരേയൊരു ബിംബമോ ഒരു സന്ദർഭമോ നമുക്കു പിടിച്ചുവയ്ക്കാൻ കഴിയുക അതിലും അപൂർവ്വം. അതങ്ങനെതന്നെയാണ്‌ വേണ്ടതെന്ന് സൈക്കോ-അനലിസ്റ്റുകൾ പറയും- നമുക്കോർമ്മ വരാത്ത സ്വപ്നങ്ങൾ സ്വാഭാവികമായും നമുക്കോർമ്മയുള്ള സ്വപ്നങ്ങളെക്കാൾ അപ്രധാനമായിരിക്കും. എനിക്കെന്തോ, അത്ര തീർച്ചയില്ല. നാം എങ്ങനെയാണ്‌ ഉറക്കമുണരുന്നത് എന്നതിന്റെ സാഹചര്യത്തെ ആശ്രയിച്ചായിരിക്കാം കാര്യങ്ങൾ. നമുക്കോർമ്മിക്കാൻ കഴിയുന്ന സ്വപ്നങ്ങൾ തന്നെയായിരിക്കാം കണ്ടതിനു ശേഷം നാം തിരിഞ്ഞുകിടക്കുന്ന സ്വപ്നങ്ങൾ. സൈക്കോ-അനാലിസിസിലെ മൂപ്പന്മാർ എന്നെ അലട്ടുന്നത് മറ്റൊരു കാരണം കൊണ്ടാണ്‌. അവർക്ക് ഒരു സ്വപ്നം സ്വപ്നം തന്നെ; എന്നാൽ അവർ യഥാർത്ഥത്തിൽ പഠിക്കുന്നത് സ്വപ്നങ്ങളുടെ പുനരാഖ്യാനങ്ങളെയാണ്‌; ഇവിടെ ശരിക്കും ഒരു വ്യത്യാസം പറയാനുണ്ട്. കണ്ട സ്വപ്നങ്ങളെക്കുറിച്ചു നാം പറയുമ്പോൾ അവയെ ക്രമപ്പെടുത്താനും യുക്ത്യനുസൃതമാക്കാനും എന്തെങ്കിലും തരത്തിലുള്ള പദവിന്യാസം നാം ഉപയോഗിക്കുന്നുണ്ട്, എന്നു പറഞ്ഞാൽ, പ്രഹേളികപ്പരുവത്തിലുള്ള അവയുടെ അവ്യവസ്ഥയെ ഭേദപ്പെടുത്താൻ. നമ്മുടെ ആഖ്യാനത്തിന്റെ കൃത്യത നാം കയ്യാളുന്ന പദാവലിയേയും നാം ഉൾക്കൊണ്ട സാഹിത്യപാരമ്പര്യങ്ങളേയും പോലും ആശ്രയിച്ചിരിക്കും. ഒരു ഭാഷയുടെ പലതരം സൂക്ഷ്മാർത്ഥങ്ങളെ, ഉച്ചാരണഭേദങ്ങളെ, ഭാവങ്ങളെ മറ്റൊരു ഭാഷയിലേക്കു കൊണ്ടുവരിക എത്ര ദുഷ്കരമാണെന്ന് ഏതു നല്ല വിവർത്തകനും അറിയാം. സ്വപ്നങ്ങളെ ജാഗരഭാഷയിലേക്കു വിവർത്തനം ചെയ്യുക അതിലും അനായാസമാകണമെന്നുണ്ടോ? ചൈന, സൗദി അറേബ്യ, പാപ്പുവ ന്യൂഗിനി എന്നിവിടങ്ങളിലെ മൂന്നു മാന്യദേഹങ്ങൾ ഒരു രാത്രിയിൽ ശരിക്കും ഒരേ സ്വപ്നം തന്നെ കണ്ടുവെന്നു വയ്ക്കുക. അത് നടക്കാത്ത കാര്യമാണെന്ന് എനിക്കറിയാം; എന്നാലും ഒരു തവണ ഒന്നു സമ്മതിച്ചുതരൂ. ഉണർന്നുവരുമ്പോൾ അവർക്കു പറയാനുള്ളത് തീർത്തും വ്യത്യസ്തമായ മൂന്നു വിവരണങ്ങളായിരിക്കും. വ്യത്യസ്തമായ ഭാഷാവ്യവസ്ഥകൾ, വ്യത്യസ്തമായ ആഖ്യാനരീതികൾ, ആശയങ്ങളുടേയും സങ്കല്പങ്ങളുടേയും വ്യത്യസ്തമായ കലവറകൾ... സൈക്കോ-അനാലിസിസ് എന്ന വിഷയത്തെക്കുറിച്ച് അത്രയധികം എഴുതപ്പെട്ടിട്ടുള്ളതിനാൽ ഈതരം സംശയങ്ങൾ മുമ്പൊരിക്കലും പ്രകടിപ്പിക്കപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഈ മേഖലയിലെ എന്റെ പരിമിതമായ വായനയിൽ അങ്ങനെയൊന്ന് ഇതുവരെ പൊങ്ങിവന്നിട്ടില്ല എന്നുമാത്രം ഞാൻ പറയട്ടെ. യുങ്ങിന്റെ പ്രാതിനിദ്ധ്യസ്വഭാവമുള്ള മൂന്നു ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ കണ്ട സ്വപ്നവും പറഞ്ഞ സ്വപ്നവും ഒന്നുതന്നെയാണ്‌, സംശയമില്ലാത്ത മാതിരി...അതെന്റെ വിവേചനരഹിതമായ മതിപ്പിൽ ഒരു നിഴൽ വീഴ്ത്തുകയും ചെയ്യുന്നു.
(യുങ്ങിന്റെ ‘സ്വപ്നങ്ങളുടെ സ്വഭാവം’ എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷയെക്കുറിച്ചെഴുതിയത്. )

2024, മാർച്ച് 23, ശനിയാഴ്‌ച

ഷൂൾ സൂപ്പെർവിയെൽ - കവിതകൾ

 


മഴയും ഏകാധിപതികളും

മഴ പെയ്യുന്നതും കണ്ടു ഞാൻ നില്ക്കുന്നു,
നമ്മുടെ നിറം കെട്ട ഈ വൃദ്ധഗ്രഹത്തെ
തളം കെട്ടിയ വെള്ളത്താലതു തിളക്കുന്നു,
ഹോമറുടെ നാളുകളിലെന്നപോലെ
വിയോണിന്റെ നാളുകളിലെന്നപോലെ
അന്നെന്നപോലെ പൊഴിയുന്ന തെളിമഴ;
അമ്മയ്ക്കും കുഞ്ഞിനും മേൽ പെയ്യുന്ന മഴ,
ആടുകളുടെ മൃദുരോമക്കെട്ടിനു മേൽ പെയ്യുന്ന മഴ;
എന്നാലെന്നും മഴയായ ആ മഴയ്ക്കാവില്ല,
സ്വേച്ഛാധിപതികളുടെ മരത്തലകള്‍ മൃദുലമാക്കാൻ,
അവരുടെ ശിലാഹൃദയങ്ങളലിയിക്കാൻ,
വിസ്മയം കൊണ്ടവരുടെ കണ്ണുകൾ വിടർത്താൻ.
യൂറോപ്പിലാകമാനം പരന്നുപെയ്യുന്ന പൊടിമഴ,
ജീവനുള്ളതിനെയൊക്കെയൊരേ പുതപ്പിലതൊതുക്കുന്നു;
പട്ടാളക്കാർ തോക്കുകൾ നിറയ്ക്കുകയാണെന്നാലും
പത്രക്കാർ അപായമണി മുഴക്കുകയാണെന്നാലും
ഒരു മൃദുമഴ പെയ്യുമ്പോൾ പതാകകൾ നനഞ്ഞുതൂങ്ങുന്നു.

*

നമുക്കു നഷ്ടമായ ഭൂമി

തിരിഞ്ഞുനോക്കിക്കൊണ്ടൊരുനാൾ നാം പറയും,
‘അതായിരുന്നു സൂര്യവെളിച്ചത്തിന്റെ കാലം,
ഏതുണക്കച്ചുള്ളിയേയുമതു തിളക്കിയിരുന്നതോർക്കുന്നുവോ,
കിഴവിയേയും കണ്ണുകൾ വിടർന്ന പെൺകുട്ടിയേയും;
തൊടുന്നതെന്തിനുമതു നിറവും നല്കിയിരുന്നു,
കുതി കൊള്ളുന്ന കുതിരയ്ക്കൊപ്പമതു കുതിച്ചുപാഞ്ഞിരുന്നു,
അതു നില്ക്കുമ്പോഴതും നിന്നിരുന്നു.
മറക്കാനാവില്ല ഭൂമിയിൽ നാമുണ്ടായിരുന്ന കാലം,
വീഴുന്നതെന്തുമന്നു ശബ്ദമുണ്ടാക്കിയിരുന്നു,
രസജ്ഞരെപ്പോലെ ലോകത്തിന്റെ രുചികൾ നാം നുകർന്നിരുന്നു,
നമ്മുടെ കാതുകൾ കാറ്റിന്റെ ശ്രുതിഭേദങ്ങൾ  പിടിച്ചെടുത്തിരുന്നു,
വരുന്നതേതു സ്നേഹിതനെന്നു കാലൊച്ച കേട്ടു നാമറിഞ്ഞിരുന്നു,.
നാമന്നു പൂക്കളും വെള്ളാരങ്കല്ലുകളും  പെറുക്കിനടന്നിരുന്നു,
അന്നു നമ്മുടെ കൈകള്‍ക്കു പുകവള്ളിയില്‍ പിടി കിട്ടിയിരുന്നില്ല,

ഇന്നു ഹാ, നമ്മുടെ കൈകള്‍ക്കു പിടിക്കാനതല്ലാതൊന്നുമില്ല."
*

കാട്ടിൽ


കാലമറ്റ കാട്ടിനുള്ളിൽ
കൂറ്റനൊരു മരം വെട്ടിവീഴ്ത്തുകയാണ്‌.
വീണ മരത്തിനരികിൽ
നെട്ടനെയൊരു നിശ്ശൂന്യത വിറക്കൊള്ളുന്നു,
തായ്ത്തടിയുടെ വടിവിൽ.

തേടൂ, കിളികളേ, തേടൂ,
ആ മഹോന്നതസ്മൃതിയിൽ
നിങ്ങളുടെ  കൂടുകൾ തങ്ങിനിന്നതെവിടെയായിരുന്നു,
അതിന്റെ മർമ്മരമൊടുങ്ങും മുമ്പേ.

*

തിരിനാളം

 



ജീവിച്ചിരുന്നപ്പോൾ
അയാൾക്കിഷ്ടം
മെഴുകുതിരിവെട്ടത്തിലിരുന്നു
വായിക്കാനായിരുന്നു.
പലപ്പോഴുമയാൾ
നാളത്തിലേക്കു
തന്റെ കൈ കൊണ്ടുപോയിരുന്നു,
ജീവിച്ചിരിക്കുന്നുവെന്ന്,
താൻ ജീവിച്ചിരിക്കുന്നുവെന്ന്
തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ.
മരണം കഴിഞ്ഞതില്പിന്നെ
അരികിലയാൾ
ഒരു മെഴുകുതിരി
കൊളുത്തിവച്ചിരിക്കുന്നു,
കൈകൾ പക്ഷേ,
അയാൾ മറച്ചും വച്ചിരിക്കുന്നു.

*


2024, മാർച്ച് 22, വെള്ളിയാഴ്‌ച

നെരൂദ- തേടിപ്പോയവൻ

ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ
ഒരുനാൾ ഞാൻ  പുറപ്പെട്ടുപോയി:
തെരുവുകളവർ അടച്ചുകളഞ്ഞു,
മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;
തീയും വെള്ളവും കൊണ്ട്‌
അവരെന്നെ നേരിട്ടു.
എന്റെമേലവർ മലമെടുത്തെറിഞ്ഞു.
സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ
എനിക്കു വേണ്ടു:
ചില്ലു കൊണ്ടൊരു കുതിര,
പൊട്ടിപ്പോയ ഒരു വാച്ച്‌.

ആർക്കുമറിയേണ്ട
എന്റെ ദുർഭഗജാതകം,
എന്റെ കേവലനിസ്സംഗത.

സ്ത്രീകളോടു ഞാൻ വ്യർത്ഥവാദം ചെയ്തു,
കക്കാൻ വന്നവനല്ല ഞാൻ,
നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;
ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,
പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ
വലിയ വായിലേ അവർ നിലവിളിച്ചു.

എന്നിട്ടുമെത്ര പകലുകളിൽ,
പേമഴ പെയ്യുന്ന രാത്രികളിൽ
തേടിത്തേടി ഞാൻ നടന്നു.
സ്നേഹമില്ലാത്ത മാളികകളിൽ
കൂരയൂർന്നും വേലി നൂണും
രഹസ്യത്തിൽ ഞാൻ കടന്നു,
കമ്പളങ്ങളിൽ ഞാനൊളിച്ചു,
മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.

എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.

ആരുടെ പക്കലുമില്ല എന്റെ കുതിര,
എന്റെ പ്രണയങ്ങൾ,
എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം
എന്റെയോമനയുടെ അരക്കെട്ടിൽ
എനിക്കു നഷ്ടമായ പനിനീർപ്പൂവും.

അവരെന്നെ തടവിലിട്ടു,
അവരെന്നെ പീഡിപ്പിച്ചു,
അവരെന്നെ തെറ്റിദ്ധരിച്ചു,
പേരുകേൾപ്പിച്ച പോക്കിരിയായി
അവർക്കു ഞാൻ.
ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,
ആരെയും പോലെ സാമാന്യനുമായി ഞാൻ.
എന്നാലിന്നും ഞാനോർക്കാറുണ്ട്,
എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:
ഒരിലച്ചാർത്തിതാ തുറക്കുന്നു,
ഓരോരോ ഇലയായി,
ഒടുവിൽ നിഷ്പന്ദയാവുന്നു നീ-
നഗ്നയും.


2024, മാർച്ച് 17, ഞായറാഴ്‌ച

വ്ളാദിമിർ ഹോലാൻ - കവിതകൾ




വ്ളാദിമിർ ഹോലാൻ Vladimir Holan(1905-1980) - പ്രാഗിൽ ജനിച്ച ചെക്കോസ്ലോവാക്ക്യൻ കവി. അറുപതുകളിൽ നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു.

ഹൊലാന്റെ കാവ്യലോകം ഇരുളടഞ്ഞതും വിഷണ്ണവും അദൃശ്യസാന്നിദ്ധ്യങ്ങൾ കുടിയേറിയതുമാണ്‌. മരണം ആവർത്തിച്ചുവരുന്ന പ്രമേയമാണ്‌. മനുഷ്യഭാഷയുടെ പരിമിതികൾ അദ്ദേഹം നന്നായറിഞ്ഞിരിക്കുന്നു. ഏകാകികതയെ ഇത്ര തീവ്രതയോടെ ചിത്രീകരിച്ച മറ്റൊരു ആധുനികകവി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കവിതയിൽ മനുഷ്യൻ പറുദീസയിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവനാണ്‌; അതിന്റെ വേദന ലോകാവസാനത്തോളം അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ്‌. തനിക്കു നഷ്ടപ്പെട്ട നിഷ്കളങ്കത വീണ്ടെടുക്കാൻ അവൻ നടത്തുന്ന യത്നങ്ങളാണ്‌ അദ്ദേഹത്തിന്റെ പ്രധാനവിഷയം. മറ്റൊരു പ്രമേയമാണ്‌ അമ്മയും കുഞ്ഞും: അതിവൈകാരികത തീണ്ടാത്ത മാതൃസ്നേഹത്തിന്റെ ലാളിത്യവും കുഞ്ഞുങ്ങളുടെ പുതുമ നിറഞ്ഞ ലോകവും. പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും ദേവകളായി ഹോലാൻ കണുന്നതിവരെയാണ്‌.

അവസാനത്തേത്


അവസാനത്തെ ഇല മരത്തിൽ നിന്നു വിറയ്ക്കുന്നു,
അതിനു നന്നായറിയാം, ഇളക്കമില്ലാതുറപ്പില്ലെന്ന്.
ഞാൻ വിറയ്ക്കുന്നു, ദൈവമേ,
വൈകാതെ ഞാൻ മരിക്കുമെന്നെനിക്കു തോന്നുന്നതിനാൽ,
ഉറപ്പെനിക്കു വേണമെന്നതിനാൽ.
എല്ലാ മരത്തിൽ നിന്നും അവസാനത്തെ ഇല പതിക്കുന്നു,
മണ്ണിനെ വിശ്വസിക്കാമെന്നതിനറിയാം.
എല്ലാ മനുഷ്യരിൽ നിന്നും അവസാനത്തെ നാട്യവും കൊഴിഞ്ഞുവീഴുന്നു,
അനാർഭാടമാണല്ലോ ശവമുറിയുടെ തറപ്പലക.
ഇലയ്ക്കു, ദൈവമേ, നിന്നോടൊന്നും ചോദിക്കാനില്ല,
നീ അതിനെ വളർത്തി, അതു നിന്റെ കൈകളെ മലിനമാക്കിയുമില്ല.
പക്ഷേ ഞാൻ...

പൈൻ

എത്ര മനോഹരമാണത്,
നിന്റെ ബാല്യത്തിന്റെ കുന്നിൻപുറത്തെ
വൃദ്ധനായ വെളുത്ത പൈന്മരം;
ഇന്നു നീയതിനെ കാണാൻ പോയിരുന്നു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ
നിന്റെ പരേതരെ നിനക്കോർമ്മ വന്നു,
എന്നാണു തന്റെ ഊഴമെന്നു നീ മനസ്സിൽ പറയുകയും ചെയ്തു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ നിനക്കു തോന്നി,
തന്റെ അവസാനത്തെ പുസ്തകം താൻ എഴുതിക്കഴിഞ്ഞുവെന്ന്,
ഇനി മൌനിയായി തേങ്ങിക്കരയുക, വാക്കുകൾക്കു വളരാനെന്ന്.
എന്തു ജീവിതമാണു നീ ജീവിച്ചത്?
അറിയാത്തതിനായി അറിവുള്ളതിനെ നീ വിട്ടുപോയി.
നിന്റെ വിധി? അതൊരിക്കൽ നിന്നെ നോക്കി പുഞ്ചിരിച്ചിരുന്നു,
അന്നു നീ അവിടെയില്ലാതെയും പോയി...

അമ്മ

പ്രായം ചെന്ന അമ്മ നിങ്ങൾക്കായി കിടക്ക വിരിച്ചിടുന്നത്
ഒരിക്കലെങ്കിലും നോക്കിനിന്നിട്ടുണ്ടോ നിങ്ങൾ?
ഒരു ചുളിവു പോലും നിങ്ങളറിയാതിരിക്കാൻ പാകത്തിൽ
വലിച്ചും നീർത്തിയും ചൊരുകിയും വിരിപ്പു മിനുസപ്പെടുത്തുന്നത്?
അത്രയും സ്നേഹനിർഭരമാണവരുടെ നിശ്വാസം,
ആ കൈകളുടെയും കൈത്തലങ്ങളുടെയുമിളക്കം,
പെഴ്സിപ്പൊളീസിൽ പണ്ടെരിഞ്ഞ തീയണച്ചുകൊണ്ടിരിക്കുകയാണിന്നുമവ,
ചീനക്കടലിൽ, പേരറിയാത്ത മറ്റൊരു കടലിലുരുണ്ടുകൂടുന്ന കൊടുങ്കാറ്റിനെ
ശമിപ്പിക്കുകയാണീ നിമിഷത്തിലവ.


ഉയിർത്തെഴുന്നേല്പ്

 

നമ്മുടെ ഈ ജീവിതത്തിനൊടുവിലൊരുനാൾ
കാഹളങ്ങളുടെ പ്രചണ്ഡാരവം കേട്ടു നാമുണരുമെന്നതു ശരിയോ?
എങ്കിൽ പൊറുക്കണേ, ദൈവമേ,
ഞങ്ങൾ മരിച്ചവരുടെ ഉയിർത്തെഴുന്നേല്പുദ്ഘോഷിക്കാൻ
വെറുമൊരു പൂവൻകോഴി കൂവുമെങ്കിൽ
അതു കൊണ്ടു ഞാനാശ്വാസം കണ്ടോളാം.

അല്പനേരം കൂടി ഞങ്ങളങ്ങനെ കിടക്കും...
ആദ്യമെഴുന്നേൽക്കുന്നതമ്മയായിരിക്കും,
അവരടുക്കളയിൽ തീ പൂട്ടുന്നതു ഞങ്ങൾ കേൾക്കും,
അടുപ്പിനു മേൽ ചായപ്പാത്രം കേറ്റിവയ്ക്കുന്നതും,
അലമാരയിൽ നിന്നു ചായക്കപ്പുകളെടുക്കുന്നതും.
വീടിന്റെ സ്വസ്ഥതയിലേക്കു വീണ്ടും ഞങ്ങൾ മടങ്ങും.


കുട്ടി

പാളത്തിൽ ചെവി ചേർത്ത കുട്ടി
തീവണ്ടിക്കു കാതോർക്കുകയാണ്‌.
സർവവ്യാപിയായ സംഗീതത്തിൽ ലയിച്ചിരിക്കെ
കുട്ടി കാര്യമാക്കുന്നതേയില്ല,
തീവണ്ടി വന്നടുക്കുകയാണോ,
അകന്നുപോവുകയാണോയെന്ന്...
നിങ്ങൾ പക്ഷേ, എന്നും ആരെയോ കാത്തുനില്ക്കുകയായിരുന്നു,
ആരിൽ നിന്നോ വേർപെടുകയായിരുന്നു;
ഒടുവിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുമ്പോൾ
നിങ്ങൾ എവിടെയുമെത്തിയിരുന്നില്ല.


2024, മാർച്ച് 13, ബുധനാഴ്‌ച

വിക്റ്റോർ യുഗോ - കവിതകൾ




ഒരുവൾ


ചക്രവർത്തിയായിരുന്നുവെങ്കിൽ ഞാനടിയറവയ്ക്കുമായിരുന്നു,

എന്റെ സാമ്രാജ്യവുമെന്റെ ചെങ്കോലുമെന്റെ പൊൻകിരീടവും,
എന്റെ സ്വർണ്ണരഥവുമെനിക്കു മുന്നിൽ മുട്ടുകുത്തുന്ന പ്രജകളെയും,
ഒരു കടൽ കവിഞ്ഞുപരക്കുന്നത്രയ്ക്കസംഖ്യമായ നൌകകളും,
-നിന്നിൽ നിന്നൊരേയൊരു കടാക്ഷത്തിനായി.

ദൈവമായിരുന്നു ഞാനെങ്കിൽ ഭൂമിയുമാകാശവുമഗാധസമുദ്രവും,
മാലാഖമാരെയുമെന്റെ ശാസനത്തിനു തലകുനിച്ച പിശാചുക്കളെയും,
ഭൂഗർഭത്തിൽ സ്വർണ്ണച്ചുമരുകൾക്കുള്ളിലെരിയുന്ന ഖനിജങ്ങളും,
നിത്യതയും സ്ഥലരാശിയുമാകാശവും ഗ്രഹങ്ങളും നക്ഷത്രങ്ങളും,
-നിന്നിൽ നിന്നൊരേയൊരു ചുംബനത്തിനായി.
*


രാത്രിയിൽ, എന്റെ മുറിയിൽ...


രാത്രിയിൽ, എന്റെ മുറിയിൽ
മൃതലോകത്തെന്നപോലെ കാറ്റിന്റെ പെരുമാറ്റം;
എങ്ങുമൊരു ശബ്ദമില്ല,
വെളിച്ചത്തിന്റെ തരി പോലുമില്ല.
ഉറങ്ങുന്നവർക്കരികിലൂടെ
നിഴൽരൂപങ്ങളലഞ്ഞുനടക്കുന്നു;
ഞാൻ വെറുമൊരചേതനവസ്തുവാകുന്നു,
എനിക്കരികിലുള്ള വസ്തുക്കൾക്കു ജീവൻ വയ്ക്കുന്നു.
എന്റെ മുറിയുടെ ചുമരിപ്പോൾ
കണ്ണു കാണുന്നൊരു മുഖമായിരിക്കുന്നു;
ധൂസരമായ ആകാശത്തിനെതിരിൽ
നിറം വിളർത്ത രണ്ടു ജനാലകൾ:
മയങ്ങുന്ന എന്നെത്തന്നെ
നോക്കിനില്ക്കുന്ന കണ്ണുകൾ.
*


മായക്കാഴ്ച്ച


തലയ്ക്കു മേലൊരു വെണ്മാലാഖ പറന്നുപോകുന്നതു ഞാൻ കണ്ടു;
അതിന്റെ ഉജ്ജ്വലഗമനത്തിൽ കൊടുങ്കാറ്റിന്റെ പ്രചണ്ഡതയൊടുങ്ങി,
വിദൂരസാഗരത്തിൽ തിരപ്പെരുക്കത്തിന്റെ ഗർജ്ജനമടങ്ങി.

‘മാലാഖേ, ഇന്നു രാത്രിയിൽ നീയെന്തിനു വന്നു?’ ഞാൻ ചോദിച്ചു.
‘നിന്റെയാത്മാവിനെ കൊണ്ടുപോകാൻ.’ അതു പറഞ്ഞു.

ഞാൻ നടുങ്ങി- അതിനു സ്ത്രീരൂപമാണെന്നു ഞാൻ കണ്ടു.
കാതരനായി, കൈ രണ്ടും നീട്ടി ഞാൻ പിന്നെ ചോദിച്ചു:
‘നീ പോയിക്കഴിഞ്ഞാൽ പിന്നെന്തു ശേഷിക്കും?’

അതൊന്നും മിണ്ടിയില്ല; ആകാശമിരുണ്ടുകൂടുകയായിരുന്നു.
‘എന്റെ ആത്മാവിനെ നീ എടുക്കുകയാണെങ്കിൽ,’ ഞാൻ കരഞ്ഞു,
‘എവിടെയ്ക്കാണു നീയതിനെ കൊണ്ടുപോവുക? പറയൂ!’

അപ്പോഴും അതൊന്നും മിണ്ടിയില്ല. ‘സ്വർഗ്ഗീയസഞ്ചാരീ,’
ഞാൻ ചോദിച്ചു, ‘നീ മരണമാണോ?- അതോ ജീവിതമോ?’

മന്ത്രമുഗ്ധമായ എന്റെ ആത്മാവിനു മേൽ സൂര്യവെളിച്ചമണഞ്ഞു;
തിരിഞ്ഞുനോക്കിക്കൊണ്ടു മാലാഖ പറഞ്ഞു: ‘ഞാൻ പ്രണയം.’

പകലിനെക്കാൾ സുന്ദരമായിരുന്നു പക്ഷേ, ആ ഇരുണ്ട നെറ്റിത്തടം,
വിഷാദഭരിതമെങ്കിലും കണ്ണുകൾ പ്രദീപ്തബിന്ദുക്കളായിരുന്നു,
അതിന്റെ തൂവലുകൾക്കിടയിലൂടെ നക്ഷത്രങ്ങളെയും ഞാൻ കണ്ടു.
*

ഒരു സഞ്ചാരിയോട്


സഞ്ചാരീ, രാത്രിയിൽ തെരുവുകൾ നിലയ്ക്കാതെ മാറ്റൊലിക്കുമ്പോൾ,
പേടിച്ചും വിറച്ചും നിന്റെ നായ നിന്റെ കാലടികൾ പിന്തുടരുമ്പോൾ,
പകലെരിഞ്ഞടങ്ങിയ നേരത്തെന്തിനു നീയിറങ്ങിത്തിരിക്കണം?
നിനക്കു വഴങ്ങിയ കുതിരക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

നിനക്കു പേടിയില്ലേ, ഇരുട്ടു കനത്ത രാത്രിയിൽ നിനക്കെതിരേ വരാം,
അരപ്പട്ടയിൽ കുറുവാളുമായി ദീർഘകായനൊരു കവർച്ചക്കാരനെന്ന്?
പോകും വഴിയിലൊരു കിഴവൻ ചെന്നായ പിന്നാലെ പാഞ്ഞെത്താമെന്ന്,
നിന്റെ കുതിരയുടെ കുളമ്പടി പാറിക്കുന്ന തീപ്പൊരികൾ കാര്യമാക്കാതെ
ഒറ്റക്കുതിപ്പെടുത്തവൻ നിന്നെ ജീനിയിൽ നിന്നു തള്ളിത്താഴെയിടാമെന്ന്,
നിന്റെയിരുണ്ട ചോരയിലവൻ തന്റെ പതയ്ക്കുന്ന പല്ലുകളാഴ്ത്താമെന്ന്?

പണ്ടുകാലത്തെന്ന പോലീയശുഭനേരത്തൊരു പൊട്ടിച്ചൂട്ടു മിന്നിയാലോ,
നിന്റെ കാലടികളെയതകലെയ്ക്കകലെയ്ക്കു നയിച്ചുകൊണ്ടുപോയാലോ?
വാൻകോഴികളും ചില്ലുജാലകങ്ങളും മിനുങ്ങുന്നൊരു മായക്കൊട്ടാരത്തിൽ
ഒരതിശയവെളിച്ചത്തിന്റെ വശ്യത്തിനു നീ നിത്യത്തടവുകാരനായാലോ?

ദുർമന്ത്രവാദിനികളൊരുമിക്കുന്ന വിഷച്ചതുപ്പുകൾ നിനക്കു പേടിയില്ലേ?
ദൈവശാപമേറ്റ മേടകളിൽ, സാത്താന്റെ കോയ്മയ്ക്കു കീഴിൽ,
ഓളിയിടുന്ന കൂളികളവിടെ മരണനൃത്തം ചവിട്ടാനെത്തില്ലേ?
ആ നരകമേടകളുടെ വിചിത്രചരിത്രം നിനക്കുമറിവുള്ളതല്ലേ:
പകലുനേരത്തവയിലധിവാസത്തിന്റെ ലക്ഷണമേയുണ്ടാവില്ല;
ഇരുളുമ്പോൾ പിന്നെ, ജനാലച്ചില്ലുകളൊന്നൊന്നായി തിളങ്ങുകയായി.

ഏകാകിയായ രാത്രിസഞ്ചാരീ, വിറളി പിടിച്ചു പായുന്നവനേ,
പേടിച്ചും വിറച്ചും നിന്റെ നായ നിനക്കനുയാത്ര ചെയ്യുമ്പോൾ,
പകലെരിഞ്ഞടങ്ങുമ്പോൾ, നിദ്ര നിന്നെ മാടിവിളിക്കുമ്പോൾ,
നിനക്കു വഴങ്ങിയ കുതിരയ്ക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

*


നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ...


നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ
നീയെന്നെക്കാത്തിരിക്കുമിടത്തേക്കു ഞാൻ യാത്രയാകും.
കാടുകൾ ഞാൻ കടക്കും, കുന്നുകൾ കയറി ഞാൻ പോകും.
ഇനിയും നിന്നിൽ നിന്നകന്നുകഴിയാനെനിക്കാവില്ല.

ഉള്ളിലുള്ളതല്ലാതൊന്നുമെന്റെ കണ്ണുകൾ കാണില്ല,
നടക്കുമ്പോളൊരു ശബ്ദവുമെന്റെ കാതുകൾ കേൾക്കില്ല.
ഏകാകിയായി, അജ്ഞാതനായി, കുനിഞ്ഞും കൈകൾ പിണച്ചും
വിഷാദിച്ചു നടക്കുമ്പോൾ പകലുമെനിക്കു രാത്രിയാകും.

പൊന്നു പോലന്തിയുരുകുന്നതെന്റെ കണ്ണുകൾ കാണില്ല,
അകലെ തുറയടുക്കുന്ന കപ്പല്പായകൾ ഞാൻ കാണില്ല.
അവിടെയെത്തുമ്പോൾ നിന്റെ കുഴിമാടത്തിൽ ഞാനർപ്പിക്കും,
പന്നലിലകളും മണിപ്പൂക്കളും കൊണ്ടൊരു പുഷ്പചക്രം.



2024, മാർച്ച് 10, ഞായറാഴ്‌ച

വിക്തോർ ദെ ലാ ക്രൂസ് - കവിതകൾ



ഇനിയൊരു നാൾ നീയെന്നെ നോക്കുമ്പോൾ...

ഇനിയൊരു നാൾ നീയെന്നെ നോക്കുമ്പോൾ
നീയെന്നെ കാണില്ല,
നിന്റെ ഹൃദയത്തിലാരുമുണ്ടാവില്ല
നിനക്കു പറഞ്ഞുതരാൻ,
ഞാനേതു വഴിക്കു പോയെന്ന്,
ഞാൻ നിന്നെ മറന്നതെവിടെ വച്ചെന്ന്.
ഇനിയൊരു നാൾ നീ കണ്ണു തുറന്നുനോക്കുമ്പോൾ
ഞാനിവിടെയുണ്ടാവില്ല,
ഞാൻ മറ്റൊരു വഴിക്കു പോയിരിക്കും,
ഞാൻ നിന്നെ മറന്നിരിക്കും.
നീ തെക്കും വടക്കും നോക്കും,
സൂര്യനുദിക്കുന്നിടത്തും
അതു പോയൊളിക്കുന്നിടത്തും നോക്കും,
നാലു പാതകളൊരുമിക്കുന്നിടത്തു നോക്കും,
ഭ്രാന്തിയെപ്പോലെന്റെ കാല്പാടുകൾ തിരഞ്ഞു നീ നടക്കും.
ആരറിഞ്ഞു,
ഏതു മഴയിലാണതൊഴുകിപ്പോയതെന്ന്,
ഏതു കാറ്റിലാണതു പറന്നു പോയതെന്ന്?


ഞാൻ മറന്ന വാക്ക്

ഒരു വാക്ക്,
ഒരേയൊരു വാക്ക്,
ഒരു വാക്കെനിക്കുണ്ടായിരുന്നെങ്കിൽ,
എന്റെ ഉള്ളംകൈയിൽ,
എന്റെ മനസ്സിൽ,
എന്റെ ഹൃദയത്തിൽ.
ഒരേയൊരു വാക്ക്
രാത്രിയിൽ നിന്നോടു പറയാൻ;
വിടരുന്ന പൂക്കൾക്കൊപ്പം,
ലഹ്വോയഗായിലെ മരങ്ങളിൽ
പാടുന്ന കിളികൾക്കൊപ്പം
നാമുണരുമ്പോൾ നമുക്കു പറയാൻ.
ഒരേയൊരു വാക്ക്,
ഞാൻ  മറന്നൊരാ  വാക്ക്.


പതനം

അടിയിലേക്ക്,
ഒരു മണല്ക്കിണറിന്റെ അങ്ങടിയിലേക്ക്
ഞാൻ വീണു.
നാട്ടിൽ നിന്നു ഞാൻ പോന്നതില്പിന്നെ,
വെള്ളമല്ല, വേദനയാണ്‌
അതിൽ നിന്നൂറിയിരുന്നത്.
ഓരോ പ്രഭാതത്തിലും
ഉറക്കമുണർന്നു ചുറ്റും നോക്കുമ്പോൾ
എന്റെ ഹൃദയം നോവുന്നു.
ഈ നാട്ടിൽ ഞാനെന്തു ചെയ്യുന്നു?
- ഞാൻ എന്നോടുതന്നെ ചോദിക്കുന്നു-
എനിക്കു പേരറിയാത്ത,
മറ്റൊരാളുടെ കിടക്കയിൽ 
ഉറങ്ങാൻ കിടക്കുമ്പോൾ.

(Victor de la Cruz (1948-2015) മെക്സിക്കോയിലെ സപ്പോട്ടെക് ഭാഷയിലെ പ്രധാനപ്പെട്ട കവി.)


2024, മാർച്ച് 7, വ്യാഴാഴ്‌ച

ഒക്റ്റേവിയോ പാസ് - അഭിമുഖത്തിൽ നിന്ന്

 ചോദ്യം: നിരന്തരയുദ്ധത്തിന്റേതെന്നു പറയാവുന്ന ഒരു നൂറ്റാണ്ടിലൂടെയാണ്‌ താങ്കളുടെ ജീവിതം കടന്നുപോന്നത്. ഇരുപതാം നൂറ്റാണ്ടിനെക്കുറിച്ച് നല്ലതെന്തെങ്കിലും പറയാനുണ്ടോ?

ഒക്റ്റേവിയോ പാസ്: ഞാൻ ജീവനോടെ ശേഷിക്കുന്നുണ്ട്, അതുതന്നെ പോരേ? ചരിത്രം, അറിയാമല്ലോ, അതൊരു കാര്യമാണ്‌, നമ്മുടെ ജീവിതങ്ങൾ മറ്റു ചിലതും. നമ്മുടെ നൂറ്റാണ്ട് ഭീകരമായിരുന്നു- ലോകചരിത്രത്തിലെ ഏറ്റവും ദാരുണമായ കാലഘട്ടങ്ങളിൽ ഒന്ന്- എന്നാൽ നമ്മുടെ ജീവിതങ്ങൾ ഏറെക്കുറെ മാറ്റമില്ലാതെ നടന്നുപോന്നു. സ്വകാര്യജീവിതങ്ങൾ ചരിത്രപരമല്ല. ഫ്രഞ്ച് വിപ്ലവത്തിന്റെയോ അമേരിക്കൻ വിപ്ലവത്തിന്റെയോ കാലത്ത്, അല്ലെങ്കിൽ പേഴ്സ്യയും ഗ്രീസും തമ്മിലുള്ള യുദ്ധങ്ങളുടെ കാലത്ത്- ലോകത്തെയാകെ ബാധിക്കുന്ന വലിയ സംഭവങ്ങളുടെ കാലത്ത്- ചരിത്രം നിരന്തരപരിവർത്തനത്തിനു വിധേയമാകും. എന്നാൽ അപ്പോഴും ആളുകൾ ജീവിക്കും, വേല ചെയ്യും, പ്രണയത്തിലാവും, മരിക്കും, രോഗികളാവും, സൗഹൃദങ്ങൾ സ്ഥാപിക്കും, ബോധത്തിന്റെയോ ശോകത്തിന്റെയോ നിമിഷങ്ങൾ അനുഭവിക്കും; അവയ്ക്ക് ചരിത്രത്തോട് ഒരു ബന്ധവുമില്ല. ഉണ്ടെങ്കിൽത്തന്നെ അതഗണ്യവുമായിരിക്കും.

ചോദ്യം: നാമപ്പോൾ ഒരേ സമയം ചരിത്രത്തിലാണ്‌, അതിനു പുറത്തുമാണ്‌?

പാസ്: അതെ, ചരിത്രം നമ്മുടെ ജീവിതങ്ങൾ അരങ്ങേറുന്ന പശ്ചാത്തലമോ ഭൂപ്രദേശമോ ആണ്‌. പക്ഷേ ശരിക്കുള്ള നാടകം, ശരിക്കുള്ള കോമഡിയും, നമുക്കുള്ളിലാണ്‌; അഞ്ചാം നൂറ്റാണ്ടിലെ ഒരാളുടെ കാര്യത്തിലായാലും വരാനുള്ള ഒരു നൂറ്റാണ്ടിലെ ഒരാളുടെ കാര്യത്തിലായാലും ഇതു ശരിതന്നെ. ജീവിതം ചരിത്രപരമല്ല; അതിനെക്കാളേറെ പ്രകൃതി പോലൊന്നാണത്.

(1991ലെ പാരീസ് റിവ്യൂ അഭിമുഖത്തിൽ നിന്ന്)