2024, ജൂൺ 27, വ്യാഴാഴ്‌ച

അന്ന അഹ്‌മത്തോവ

 

 അവസാനത്തെ പാനോപചാരം


ഞാനുപചാരം ചൊല്ലുന്നു
മുടിഞ്ഞുപോയ നമ്മുടെ വീടിന്‌,
അത്രയ്ക്കു കയ്ക്കുന്ന ജീവിതത്തിന്‌,
നിനക്ക്,
ഒരുമിച്ചു നാം സഹിക്കുന്ന ഏകാന്തതയ്ക്ക്;
ഞാനുപചാരം ചൊല്ലുന്നു
തണുത്തു മരവിച്ച  കണ്ണുകൾക്ക്,
നമ്മെ ഒറ്റുകൊടുത്ത ചുണ്ടുകൾക്ക്,
ക്രൂരവും പരുക്കനുമായ ലോകത്തിന്‌,
നമുക്കു തുണയാവാത്ത ദൈവത്തിനും.


നിസ്വരാണു നാമെന്നു നാം കരുതി:...



നിസ്വരാണു നാമെന്നു നാം കരുതി:
നമുക്കെന്നു പറയാൻ നമുക്കൊന്നുമില്ലെന്നും.
പിന്നെയൊന്നൊന്നായോരോന്നു നമുക്കു നഷ്ടമായപ്പോൾ,
ഓരോനാളുമോർമ്മപ്പെരുന്നാളുകളായപ്പോൾ,
കവിതയെഴുത്തു തുടങ്ങി നാം-
ദൈവത്തിന്റെ മഹത്വത്തെപ്പറ്റി,
സമ്പന്നമായൊരു ഭൂതകാലത്തെപ്പറ്റി.


വിട പറയുന്ന വിദ്യയിൽ

---------------------------------------------------------------------------------------------

വിട പറയുന്ന വിദ്യയിൽ മിടുക്കരായിരുന്നില്ല നാം,
തോളോടു തോളുരുമ്മി നാം നടന്നലഞ്ഞു.
അസ്തമയവും വന്നുകഴിഞ്ഞു,
നിന്റെ മുഖം മ്ളാനം, നിന്റെ നിഴൽ ഞാനും.

നമുക്കീ പള്ളിയിലൊന്നു കേറിനോക്കാം,
മാമ്മോദീസയോ മിന്നുകെട്ടോ ചരമശുശ്രൂഷയോ കണ്ടുനില്ക്കാം.
അന്യരിൽ നിന്നിങ്ങനെ നാം വിഭിന്നരായതെന്തേ?
അന്യോന്യം മുഖം തിരിച്ചു വീണ്ടും നടന്നു നാം.

ഇനിയീ സിമിത്തേരിയിൽ, ചവിട്ടിക്കുഴച്ച മഞ്ഞിൽ
അന്യോന്യം നിശ്വാസമുതിർത്തുകൊണ്ടൊന്നിരുന്നാലോ?
നിന്റെ വിരൽ വായുവിൽ വരച്ചിടുന്നു
ഒരുനാളും പിരിയാതെ നാം ജീവിക്കുന്ന മനക്കോട്ടകൾ.


അനശ്വരപ്രണയങ്ങൾ

---------------------------------------------------------------------------------------------

ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു,
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.


ആഴ്ചകളല്ല, മാസങ്ങളല്ല...

---------------------------------------------------------------------------------------------

ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു,
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.

ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട,
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും.


മാറ്റൊലി

--------------------------------------------------------------------------------------------

പണ്ടേ കൊട്ടിയടച്ചു പോയകാലത്തേക്കുള്ള പാതകൾ.
പോയകാലം കൊണ്ടെന്തു ചെയ്യാനിനി ഞാനല്ലെങ്കിൽ?
എന്തുണ്ടതിൽ? ചോരപുരണ്ട ഓർമ്മക്കല്ലുകളോ?
കട്ട കെട്ടിയടച്ചൊരു വാതിലോ?
അതുമല്ലെങ്കിലൊരു മാറ്റൊലിയോ?
താണു താണു ഞാൻ യാചിച്ചിട്ടും
അതിനാവുന്നില്ല നാവടക്കാൻ...
ഉള്ളിൽ ഞാൻ പേറിനടക്കുമൊരാളിന്റെ വിധി തന്നെ,
ഈ മാറ്റൊലിയ്ക്കു വിധിച്ചതും.


നേർവഴി പോകുനൊരാൾ...


നേർവഴി പോകുന്നൊരാൾ,
വൃത്തത്തിലലയുകയാണിനിയൊരാൾ:
പോയൊരു കാലം തന്റേതായിരുന്നവളെ
കാത്തുനിൽക്കുകയാണൊരാൾ,
വീട്ടിലേക്കു മടങ്ങുകയാണു മറ്റൊരാൾ.

ഞാൻ പോകുന്ന വഴിയോ, കഷ്ടം,
നേരേയല്ല, വളഞ്ഞുമല്ല,
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,
പാളം തെറ്റിയ തീവണ്ടി പോലെ.



കാവ്യദേവത


രാത്രിയിലവളുടെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കുമ്പോൾ
ഒരു നൂലിഴയിൽ തൂങ്ങിനില്ക്കുകയാണെനിക്കു ജീവിതം.
കൈകളിൽ പുല്ലാംകുഴലുമായതിഥിയെത്തുമ്പോൾ
എന്തിനു മഹത്വം, യുവത്വം, സ്വാതന്ത്ര്യവും?
അവൾ വരുന്നു. മുഖപടമൂരിയെറിയുന്നു.
സാകൂതമവളെന്നെയുറ്റുനോക്കുമ്പോൾ ഞാൻ ചോദിച്ചു :
ദാന്തേയ്ക്കു നരകം കാട്ടിക്കൊടുത്തതു നീയോ?
ഞാൻ തന്നെ: അവൾ പറയുന്നു.

ആളുകൾ മരിക്കുമ്പോൾ...

------------------------------------------------------------------------------------------------

ആളുകൾ മരിക്കുമ്പോൾ
അവരുടെ ചിത്രങ്ങളും മാറുന്നു,
കണ്ണുകളിലെ നോട്ടം വേറൊന്ന്,
ചുണ്ടുകളിലെ പുഞ്ചിരിയും വേറൊന്ന്.
ഞാനിതാദ്യമറിയുന്നത്
ഒരു കവിയുടെ മരണം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ.
പിന്നെ പലപ്പോഴും ഞാനിതു ശ്രദ്ധിച്ചിരിക്കുന്നു,
എന്റെ ഊഹം ശരിയുമായിരുന്നു.


എന്റെ മുറിയിൽ കുടിപാർക്കുന്നു...

----------------------------------------------------------------------------------------------

എന്റെ മുറിയിൽ കുടിപാർക്കുന്നുണ്ടൊരു സർപ്പം,
കൃഷ്ണവർണ്ണത്തിലൊരു സുന്ദരസർപ്പം...
എന്നെപ്പോലലസ, ഉൾവലിഞ്ഞവൾ,
എന്നെപ്പോലെതന്നെ തണുത്തവൾ.
രാത്രിയിൽ ഞാനെഴുതാനിരിക്കുമ്പോൾ
എന്റെയരികത്തുണ്ടാവുമവൾ,
എന്നെത്തന്നെ നോക്കിയിരിക്കുന്നു, നിർവികാരനേത്രങ്ങൾ,
രാത്രിയിലെരിയുന്ന മരതകക്കല്ലുകൾ:.
ഇരുട്ടത്തു ഞാനാവലാതിപ്പെട്ടു കരയുമ്പോൾ
ഒരുത്തരവും നല്കില്ല വിശുദ്ധന്മാരുടെ ചിത്രങ്ങൾ...
ഈ സർപ്പക്കണ്ണുകളുണ്ടായിരുന്നില്ലെങ്കിൽ
എന്‍റെ പ്രാര്‍ത്ഥനകള്‍ മറ്റൊന്നായെനേ.
പിന്നെ പ്രഭാതത്തിൽ ഞാൻ തളരുമ്പോൾ,
ഒരു മെഴുകുതിരി പോലെ ഞാനുരുകിമെലിയുമ്പോൾ,
എന്റെ തോളിൽ നിന്നൂർന്നിറങ്ങിപ്പോകുന്നു
കറുത്ത നിറത്തിലൊരു നാട.


സ്വപ്നത്തിൽ

-----------------------------------------------------------------------------------------

നമുക്കൊരുമിച്ചു പങ്കുവയ്ക്കാം
ഇരുളടഞ്ഞ ചിരവിരഹം.
എന്തിനു തേങ്ങുന്നു?
കൈ തരൂ.
കാണാം വീണ്ടുമെന്നുറപ്പു തരൂ.
ഉയരം വച്ച മലകൾ പോലെയാണു നാം,
നാമടുക്കില്ലൊരിക്കലും.
പാതിരാത്രിയിലിടകിട്ടുമ്പോൾ
വിവരമറിയിക്കൂ,
അതു കൈമാറാൻ
നക്ഷത്രങ്ങളുമുണ്ടല്ലോ.


നീയെനിക്കു തന്നത്...

--------------------------------------------------------------------------------------------

നീയെനിക്കു തന്നതു കഠിനയൗവനം,
വഴി നിറയെ യാതനയും.
അത്ര വന്ധ്യമായൊരാത്മാവിൽ കായ്ക്കുമോ,
നിനക്കു നിവേദിക്കാനൊരു മധുരഫലം?
പ്രഭോ! ഞാനജ്ഞ.
ലുബ്ധയായൊരാശ്രിത.
എന്റെ പിതാവിന്റെയുദ്യാനത്തിൽ
പനിനീർച്ചെടിയാവില്ല ഞാൻ,
ഒരു പുൽക്കൊടിയുമാവില്ല.
ഒരോ  പൊടി പാറുന്നതു കാണുമ്പോഴും
വിഡ്ഢികളുടെ പുലമ്പലു കേൾക്കുമ്പോഴും
വിറകൊള്ളുകയാണു ഞാൻ.

(ഡിസംബർ 19,1912)


എനിക്കറിയില്ല...
-----------------------------------------------------------------

എനിക്കറിയില്ല, ജീവനോടിരിക്കുന്നുവോ നീയെന്ന്-
നിന്നെത്തിരയേണ്ടതീ മണ്ണിലോ,
മരിച്ചവർക്കായി ഞങ്ങൾ വിലപിയ്ക്കുന്ന
സായാഹ്നത്തിലെ ധ്യാനവേളയിലോയെന്ന്.

എല്ലാം നിനക്ക്: എന്റെ നിത്യപ്രാർത്ഥനകൾ,
ഉറക്കം വരാത്തൊരുവളുടെ ജ്വരസ്വപ്നങ്ങൾ,
എന്റെ കണ്ണുകളിലെ നീലനാളങ്ങൾ,
എന്റെ കവിതകൾ, ആ വെള്ളപ്പറവകളും.

നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.

1915



മറന്നാൽ മറവിയിൽപ്പെടുന്നവളെന്നോ...

-------------------------------------------

മറന്നാൽ മറവിയിൽപ്പെടുന്നവളെന്നോ നിങ്ങളെന്നെക്കരുതി?
പുലമ്പിയും കരഞ്ഞുംകൊണ്ടു നടക്കും ഞാനെന്നോ?
കുതിരക്കുളമ്പുകൾക്കടിയിൽച്ചെന്നു വീഴും ഞാനെന്നോ?
മന്ത്രവാദിനികളോടു ജപിച്ചുവാങ്ങിയ ജലത്തിൽ
വാസനത്തുവാല മുക്കി നിങ്ങൾക്കയയ്ക്കും
ഭയാനകമായൊരുപഹാരം ഞാനെന്നോ?
നരകമെനിക്കിരിക്കട്ടെ, ഒരു നിശ്വാസം, ഒരു നോട്ടം
എന്നിൽ നിന്നു നിങ്ങളിൽപ്പതിച്ചുവെങ്കിൽ!
മാലാഖമാർ സാക്ഷി,
ഞാന്‍ പൂജിക്കുന്ന തിരുരൂപം സാക്ഷി,
നമ്മുടെ തൃഷ്ണകളഗ്നിനൃത്തം ചവിട്ടിയ  രാത്രികൾ സാക്ഷി,
മടക്കമില്ലെനിക്കു നിങ്ങളിലേക്കിനി.


ആ സമാഗമത്തെക്കുറിച്ചാരും പാടിയില്ല...



ആ സമാഗമത്തെക്കുറിച്ചാരും പാടിയില്ല,
ഒരു ഗാനവും കൂട്ടിനില്ലാതതിന്റെ വിഷാദമൊടുങ്ങി.
ശീതളമായൊരു വേനല്ക്കാലമാഗതമായിരിക്കുന്നു,
ഒരു പുതുജന്മത്തിനാരംഭം കുറിച്ചപോലെ.

ആകാശം ശിലയിലൊരു കമാനം പോലെ,
ഒരു പീതജ്വാലയുടെ ദംശനമേറ്റപോലെയും.
ഇന്നെനിക്കു വേണ്ടതെന്റെ നിത്യാന്നമല്ല,
അവനിൽ നിന്നൊരേയൊരു വാക്കു മാത്രം.

പുല്ക്കൊടികളിൽ മഞ്ഞുതുള്ളി തളിയ്ക്കുന്നവനേ,
ഒരു സുവാർത്ത തന്നെന്റെയാത്മാവിനെയുണർത്തൂ-
വികാരാതിരേകത്തിനല്ല, വിനോദത്തിനല്ല,
മഹിതവും മൃണ്മയവുമായ സ്നേഹത്തിനായി.

(1916)

മരണത്തോട്



ഒരുനാൾ നീ വരണമെങ്കിൽ എന്തുകൊണ്ടതിന്നായിക്കൂടാ?
ഈ കഠിനകാലത്തെത്രനാളായി ഞാൻ കാത്തുകാത്തിരിക്കുന്നു.
വിളക്കുകൾ ഞാൻ കെടുത്തിക്കഴിഞ്ഞു, വാതിൽ ഞാൻ തുറന്നുവച്ചു,
ലാളിത്യമാർന്നവനേ, ജാലവിദ്യക്കാരനേ, നിനക്കായി.
നിന്റെ ഹിതം പോലേതു രൂപവുമെടുത്തോളൂ,
എന്നെയുന്നം വച്ചു പൊട്ടിച്ചിതറുന്ന വെടിച്ചീളായി,
പാതിരാവിൽ പതുങ്ങിയെത്തുന്ന കവർച്ചക്കാരനായി,
ഒരു ശ്വാസത്തിലെന്നിലേക്കു പകരുന്ന വിഷപ്പനിയായി,
അല്ലെങ്കിൽ നീ മെനഞ്ഞെടുത്ത യക്ഷിക്കഥയതായി:
-മടുപ്പിക്കും വിധം ഞങ്ങൾക്കതെത്ര പരിചിതം-
പടി കയറിയെത്തുന്ന നീലിച്ച പോലീസ് തൊപ്പികളും
അവർക്കു പിന്നിൽ നോട്ടക്കാരന്റെ വിളറിവെളുത്ത മുഖവും.*
എല്ലാമെല്ലാമെനിക്കിനിയൊരുപോലെ.
യെനിസി* ശാന്തമായൊഴുകുന്നു. ധ്രുവനക്ഷത്രം മുകളിൽ തിളങ്ങുന്നു.
പ്രാണൻ പോകുന്ന നേരത്തെ മൂകഭീതി വന്നുമൂടുന്നു,
ഞാൻ സ്നേഹിച്ച കണ്ണുകളിലെ നീലവെളിച്ചത്തെ.

(ചരമഗീതത്തിൽ നിന്ന്)

*രാത്രിയിൽ രഹസ്യപ്പോലീസ് അറസ്റ്റു ചെയ്യാനെത്തുമ്പോൾ വീടുനോട്ടക്കാരനെ നിർബ്ബന്ധിപ്പിച്ചു സാക്ഷിയാക്കിയിരുന്നു.

*സൈബീരിയൻ നദിയായ യെനിസിയുടെ കരകളിലായിരുന്നു കോൺസെൻട്രേഷൻ ക്യാമ്പുകൾ.

2024, ജൂൺ 14, വെള്ളിയാഴ്‌ച

സാന്ദ്രോ പെന്ന - കവിതകൾ



1.

ഒരു കൊച്ചുകുട്ടി തീവണ്ടിക്കു പിന്നാലെ പാഞ്ഞു.
ജീവിക്കൂ, അവനെന്നോടു വിളിച്ചുപറഞ്ഞു, വിലക്കുകളില്ലാതെ.
ചിരിച്ചുകൊണ്ടവനോടു ഞാനൊരു കൈക്രിയ കാണിച്ചു.
അവന്റെ ധൈര്യമെന്നെ ഞെട്ടിക്കുന്നതായിരുന്നു.
എന്നിട്ടും സ്തംഭിച്ചപോലെ ഞാനവിടെ നിന്നു,
വിദൂരാവ്യക്തതയിലേക്കെന്നെയും കടന്നു തീവണ്ടി കുതിച്ചുപാഞ്ഞപ്പോൾ.


2


ഹാ, രാത്രിയുടെ നിശ്ശബ്ദതയിൽ
നായ കുരയ്ക്കുന്നു.
എന്നാൽ പ്രഭാതത്തിൽ
അവനൊറ്റയ്ക്കാകുന്നു,
അവൻ നിങ്ങളുടെ കൈ നക്കുന്നു.


3. ബസ്സിൽ കണ്ട സ്ത്രീ


മകനെ ഉമ്മ വയ്ക്കാൻ നിങ്ങൾക്കു തോന്നുന്നു,
എന്നാൽ അവനതിഷ്ടമില്ല;
അവനു പുറത്തെ ജീവിതം കണ്ടിരുന്നാൽ മതി.
നിങ്ങൾക്കപ്പോൾ നിരാശ തോന്നുന്നു,
എന്നാലും നിങ്ങൾക്കൊരു പുഞ്ചിരിയും വരുന്നു.
അസൂയ പോലതു നീറ്റുന്നില്ലല്ലോ,
‘പുറത്തെ ജീവിതം കാണാ’നായി
ഇതുപോലെ നിങ്ങളെ വിട്ടുപോയ മറ്റൊരാളെ
അവൻ ഓർമ്മിപ്പിക്കുന്നുവെങ്കിൽക്കൂടി.
---------------------------------------------

സാന്ദ്രോ പെന്ന Sandro Penna (1906-1977)- സ്വവർഗ്ഗലൈംഗികതയെ ആഘോഷിച്ച ഇറ്റാലിയൻ കവി.

2024, ജൂൺ 8, ശനിയാഴ്‌ച

റൊസാരിയോ കാസ്റ്റെലാനോസ് -കവിതകൾ

 

ദൈവമേ, എന്റെ ഹൃദയം...


ദൈവമേ, തുള്ളിവെള്ളം,
നിന്റെ ദാഹം കാത്തിരിക്കുന്ന
ഒരിറക്ക്.

ദൈവമേ, തെളിനാളം,
നിന്റെയടുപ്പിൽ
വെടിച്ചുകത്താനഗ്നി.

ദൈവമേ, എന്റെ ഹൃദയം,
നിന്റെ കാലടി ചവിട്ടിമെതിക്കുന്ന
മുന്തിരിപ്പഴം.
*


ഉദാസീനത


അയാളെന്നെ നോക്കുകയായിരുന്നു,
ഒരു ജനാലയിലൂടെ നോക്കുമ്പോലെ,
അല്ലെങ്കിൽ വായുവിലേക്ക്,
അല്ലെങ്കിൽ ഒന്നുമില്ലായ്മയിലേക്ക്.

അപ്പോഴെനിക്കു മനസ്സിലാവുകയും ചെയ്തു:
ഞാനവിടെയില്ല, എവിടെയുമില്ല,
ഞാനുണ്ടായിട്ടേയില്ല, ഇനിയുണ്ടാവുകയുമില്ല.

ഒരു മഹാമാരിക്കിടെ മരിക്കുന്നൊരാളെപ്പോലെയായി ഞാൻ,
പൊതുശവക്കുഴിയിലേക്കു വലിച്ചെറിയപ്പെടുന്ന
ഒരജ്ഞാതശവം.
*

മേഘം


മേഘം-
അതിനാഗ്രഹം, ആകാശത്തൊരമ്പാവാൻ,
അല്ലെങ്കിൽ ദൈവത്തിൻ്റെ പ്രഭാവലയമാകാൻ,
അല്ലെങ്കിലൊരു മിന്നല്പിണരാവാൻ.

ഓരോ കാറ്റു വീശുമ്പോഴുമതിൻ്റെ രൂപം മാറുന്നു,
അതു മാഞ്ഞുപോകുന്നു,
ഓരോ കാറ്റുമതിനെ തൻ്റെ ദിശയിലേക്കടിച്ചുകൊണ്ടുപോകുന്നു,
അതിനെ വഴിതെറ്റിക്കുന്നു.

പിഞ്ഞിക്കീറിയ പഴന്തുണി, അഴുക്കു പിടിച്ച കമ്പിളി,
കാതലിലില്ലാത്ത, കരുത്തില്ലാത്ത, ഒന്നുമില്ലാത്ത
മേഘം.
*



റൊസാരിയോ കാസ്റ്റെലാനോസ് Rosario Castellanos (1925-1974) ആധുനിക മെക്സിക്കൻ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു സാന്നിധ്യമാണ്‌. കവിയും നോവലിസ്റ്റും ഫെമിനിസത്തിന്റെ അഗ്രഗാമികളിൽ ഒരാളുമാണ്‌. മായൻ സാംസ്കാരികപാരമ്പര്യത്തിന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.




2024, ജൂൺ 7, വെള്ളിയാഴ്‌ച

മിലാൻ കുന്ദേര - നാലുതരം നോട്ടങ്ങൾ

 ആരെങ്കിലും നമ്മെ നോക്കുക എന്നൊരാവശ്യം നമുക്കെല്ലാവർക്കും ഉള്ളതാണ്‌. ഏതു തരം നോട്ടത്തിൻ കീഴിലാണ്‌ നാം ജീവിക്കാനാഗ്രഹിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ നമുക്ക് നമ്മളെ നാലു വിഭാഗങ്ങളായി തിരിക്കാം.

ആദ്യത്തെ വിഭാഗം കൊതിക്കുന്നത് എണ്ണിയാൽ തീരാത്ത അജ്ഞാതനേത്രങ്ങളുടെ നോട്ടത്തിനാണ്‌, എന്നുപറഞ്ഞാൽ, പൊതുജനത്തിന്റെ നോട്ടത്തിന്‌.

രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നത്, തങ്ങൾക്കറിവുള്ള കുറേയധികം കണ്ണുകളുടെ നോട്ടം തങ്ങൾക്കവശ്യം ആവശ്യമാണെന്നു കരുതുന്നവരാണ്‌. കോക്ക്ട്ടെയിൽ പാർട്ടികളുടേയും ഡിന്നറുകളുടേയും ഉത്സാഹികളായ ആതിഥേയരാണവർ. ആദ്യത്തെ വിഭാഗത്തിൽ പെടുന്നവർ തങ്ങളെ കാണാൻ പൊതുജനമില്ലെങ്കിൽ തങ്ങളുടെ ജീവിതങ്ങളുടെ മുറിയിൽ വെളിച്ചം കെട്ടുപോയി എന്നു വിചാരിക്കുന്നവരാണ്‌. മിക്കവാറും എല്ലാവരുടെയും കാര്യത്തിൽ അതെപ്പോഴെങ്കിലും സംഭവിക്കുകയും ചെയ്യും. ഇവരെക്കാൾ സന്തുഷ്ടജീവികളാണ്‌ രണ്ടാമതു പറഞ്ഞവർ; തങ്ങൾക്കാവശ്യമുള്ള കണ്ണുകൾ അവർ എങ്ങനെയെങ്കിലും തേടിപ്പിടിക്കും.

പിന്നെ മൂന്നാമതൊരു വിഭാഗമുണ്ട്, തങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ കണ്ണുകൾക്കു മുന്നിൽ നിരന്തരം ഉണ്ടായിരിക്കുക എന്നത് ആവശ്യമായി തോന്നുവർ. അവരുടെ അവസ്ഥ ആദ്യത്തെ വിഭാഗത്തിന്റെ അവസ്ഥപോലെതന്നെ അപകടകരമാണ്‌. തങ്ങൾക്കു പ്രിയപ്പെട്ടവരുടെ കണ്ണുകൾ ഒരുനാൾ അടയും, മുറി ഇരുട്ടിലാഴുകയും ചെയ്യും.

അവസാനമായി നാലാമത്തെ വിഭാഗമാണ്‌, തങ്ങൾക്കു മുന്നിലില്ലാത്തവരുടെ സാങ്കല്പികനേത്രങ്ങളിൽ ജീവിക്കുന്നവർ. അവരാണ്‌ സ്വപ്നജീവികൾ.


(from the Unbearable Lightness of Being)

ഫ്രീഡ്രിക് നീച്ച -ആത്യന്തികമായ കുലീനത


എന്താണൊരാളെ ‘കുലീന’നാക്കുന്നത്? തീർച്ചയായുമത് ത്യാഗം ചെയ്യലല്ല, കാരണം, ആസക്തി കൊണ്ടുന്മത്തരായവരും ത്യാഗങ്ങൾ ചെയ്യാറുണ്ട്. തീർച്ചയായുമത് ആവേശങ്ങൾക്കു പിന്നാലെ പോകലുമല്ല, കാരണം, വെറുക്കപ്പെടേണ്ട ആവേശങ്ങളുമുണ്ട്. തീർച്ചയായുമത് സ്വാർത്ഥചിന്തയില്ലാതെ അന്യർക്കു വേണ്ടി എന്തെങ്കിലും ചെയ്യലല്ല: കുലീനരെക്കാൾ സ്വാർത്ഥചിന്തയിൽ അചഞ്ചലരായവർ മറ്റാരുമില്ലെന്നുവരാം. മറിച്ച്: കുലീനരായവരെ വന്നുപിടികൂടുന്ന ഉത്കടാവേശം പ്രത്യേകിച്ചൊരു തരമാണ്‌, അതവർ മനസ്സിലാക്കുന്നുമില്ല. കുലീനത എന്നാൽ അപുർവ്വവും അനന്യവുമായ ഒരു മാനദണ്ഡം, ഒരുന്മത്തത തന്നെ, ഉപയോഗപ്പെടുത്തലാണ്‌: മറ്റെല്ലാവർക്കും തണുത്തതായി തോന്നുന്നതിൽ ചൂടനുഭവപ്പെടുകയാണത്; ഇനിയും അളവുകോൽ കണ്ടുപിടിക്കാത്ത മൂല്യങ്ങൾ കണ്ടെടുക്കുക എന്നാണത്; ഒരജ്ഞാതദൈവത്തെ പ്രതിഷ്ഠിച്ച അൾത്താരയിൽ ബലിയർപ്പിക്കുക എന്നാണത്; ബഹുമതികൾക്കു ദാഹിക്കാത്ത ഒരു നിർഭയത്വമാണത്; മനുഷ്യർക്കും വസ്തുക്കൾക്കും നേർക്കു കവിഞ്ഞൊഴുകുന്ന ഒരു സ്വയംപര്യാപ്തതയാണത്. ഇക്കാലം വരെ കുലീനമെന്നു ഗണിച്ചിരുന്നത് അപൂർവ്വതയും ആ അപൂർവ്വതയെക്കുറിച്ചുള്ള ബോധമില്ലായ്മയെയുമായിരുന്നു. പക്ഷേ, ഈ മാനദണ്ഡത്തിൽ ന്യായരഹിതമായ ഒരു വിലയിരുത്തലുള്ളത് നാം ശ്രദ്ധിക്കണം- സാധാരണമായതും സമീപസ്ഥമായതും അനിവാര്യവുമായതിനെയെല്ലാം കുലീനമായതിന്റെ പരിധിയിൽ നിന്നു പുറത്താക്കുകയാണത്. ചുരുക്കത്തിൽ, വർഗ്ഗത്തെ പരിരക്ഷിക്കുന്നതും ഇതേവരെ മനുഷ്യർക്കിടയിൽ നിയമമായിരുന്നതിനെയുമെല്ലാം അപവാദങ്ങളോടുള്ള പക്ഷഭേദത്തിനായി തള്ളിപ്പറയലാണത്. നിയമത്തിന്റെ വക്താവാകുക- അതാവാം, ഭൂമിയിൽ കുലീനത വെളിപ്പെടുന്നതിന്റെ ആത്യന്തികമായ രൂപവും സ്വച്ഛതയും.


(from the Gay Science)

യൂജെനിയോ മൊണ്ടേഹോ- മരങ്ങൾ

 

മരങ്ങൾ വളരെക്കുറച്ചേ സംസാരിക്കാറുള്ളു, അറിയാമോ.
ധ്യാനിച്ചും ചില്ലകളിളക്കിയും
ഒരു ജീവിതകാലമവർ കഴിച്ചുകൂട്ടുന്നു.
ശരല്ക്കാലത്തവരെയൊന്നു സൂക്ഷിച്ചുനോക്കൂ,
പൊതുസ്ഥലങ്ങളിലവർ അന്യോന്യം തേടുമ്പോൾ:
വളരെപ്രായമായവയേ എന്തെങ്കിലുമൊരു സംഭാഷണത്തിനു തുനിയുന്നുള്ളു,
മേഘങ്ങളും കിളികളുമായി സമ്പർക്കമുള്ളവർ.
എന്നാലവരുടെ ശബ്ദം ഇലകളിലില്ലാതാവുന്നു,
നമ്മളിലേക്കരിച്ചിറങ്ങുന്നതാവട്ടെ, അല്പമാത്രം, ഒന്നുമില്ലെന്നുതന്നെ.

എത്ര ചെറിയ പുസ്തകം പോലും നിറയ്ക്കാനുണ്ടാവില്ല,
മരങ്ങളുടെ ചിന്തകൾ.
അവരിലുള്ളതെല്ലാം അവ്യക്തം, ശകലിതം.
ഇന്നുദാഹരണത്തിന്‌, വീട്ടിലേക്കു പോകുമ്പോൾ
ഒരു ചൂളക്കിളിയുടെ സീല്ക്കാരം ഞാൻ കേട്ടു,
അടുത്ത വേനലിലേക്കായുസ്സു നീളാത്ത ഒന്നിന്റെ അന്ത്യഗാനം.
അവന്റെ ശബ്ദത്തിൽ സംസാരിക്കുന്നതൊരു മരമാണെന്നു ഞാനറിഞ്ഞു,
പലതുള്ളതിലൊന്ന്.
എന്നാലെനിക്കറിയില്ല,
തീക്ഷ്ണവും അഗാധവുമായ ആ ശബ്ദം കൊണ്ടെന്തു ചെയ്യണമെന്ന്,
എനിക്കറിയില്ല,
ഏതുതരം ലിപിയിലാണതു കുറിച്ചിടേണ്ടതെന്ന്.
*


യൂജെനിയോ മൊണ്ടേഹോ Eugenio Montejo (1938-2008)- വെനിസുവേലൻ കവിയും ലേഖകനും.