വെറും പൊടിയാവുന്നതിനെക്കാൾ ചാരമാവാനാണ് ഞാനിഷ്ടപ്പെടുക! പൂപ്പലിലും പായലിലും ശ്വാസം മുട്ടിക്കിടക്കുന്നതിനെക്കാൾ ഉജ്ജ്വലകാന്തി വിതറിക്കൊണ്ട് എന്റെ തീപ്പൊരി എരിഞ്ഞടങ്ങുന്നതാണ് ഞാനിഷ്ടപ്പെടുക. നിദ്രാണമായ ഒരു സ്ഥിരഗ്രഹമാവുന്നതിനെക്കാൾ എന്നിലെ ഓരോ അണുവും പ്രഭ ചൊരിയുന്ന ഒരുല്ക്കയാവാനാണ് ഞാനിഷ്ടപ്പെടുക. മനുഷ്യന്റെ ധർമ്മം ജീവിക്കുക എന്നാണ്, കഴിഞ്ഞുകൂടുക എന്നല്ല. നാളുകളുടെ എണ്ണം കൂട്ടാനായി ഞാനെന്റെ ജീവിതം തുലയ്ക്കില്ല. ഞാനന്റെ സമയം പ്രയോജനപ്പെടുത്തും.
ഒരാൾ താൻ ഏതു ലോകത്താണോ എത്തിപ്പെട്ടത്, അവിടെ തന്റെ ജീവിതം ജീവിക്കുക തന്നെ വേണം, ഒരു ഘട്ടം വരെ. ആ ഘട്ടം കഴിഞ്ഞാൽ അയാൾ തന്റേതായ ഒരു ലോകം രൂപപ്പെടുത്തുകയും വേണം. ജീവിതത്തെ സംബന്ധിച്ച ഏറ്റവും മഹത്തായ കാര്യം എന്തെന്നാൽ, എന്തെങ്കിലും പുതുതായി ചെയ്യാനുള്ള അവസരം അതെപ്പോഴും ഒരുക്കിത്തരും എന്നുള്ളതാണ്. ഒന്നേയെന്നു തുടങ്ങാൻ ഇനിയും നമുക്കു വൈകിയിട്ടില്ല, പുതിയൊരു തുടക്കം കുറിയ്ക്കാൻ, ആരും ചെയ്യാത്തതു ചെയ്തു കാണിക്കാൻ.
ജീവിതത്തിന് അധികം ദൈർഘ്യമില്ല; കുറഞ്ഞൊരു കാലമേ നമുക്കുള്ളു, അന്വേഷിക്കാൻ, പഠിക്കാൻ, അനുഭവിക്കാൻ, സൃഷ്ടിക്കാനും. ആ കാലത്തെ ആകും മട്ടു നാം പ്രയോജനപ്പെടുത്തുക, ഉജ്ജ്വലപ്രകാശത്തോടെ നാമെരിയുക, നിശാകാശം കടന്നുപോകുന്ന ഉല്ക്കകൾ പോലെ, നമുക്കു പിന്നാലെ വരാനുള്ളവർക്കായി പ്രകാശവും പ്രചോദനവും ശേഷിപ്പിച്ചുകൊണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ