ഒരു മൂന്നാം കാതുള്ള ഏതൊരാൾക്കും എന്തൊരു പീഡനമാണ് ജർമ്മനിലെഴുതിയ പുസ്തകങ്ങൾ! ജർമ്മൻകാർ ‘പുസ്തകം’ എന്നു വിളിക്കുന്ന, ഈണമില്ലാത്ത ശബ്ദങ്ങളുടേയും നൃത്തം വയ്ക്കാത്ത താളങ്ങളുടേയും ആ സാവധാനം തിരിയുന്ന ചതുപ്പിനു മുന്നിൽ എത്ര വെറുപ്പോടെയാണയാൾ നില്ക്കുന്നത്! പുസ്തകം വായിക്കുന്ന ജർമ്മൻകാരൻ പോലും! എത്ര അലസമായും എത്ര മടിയോടെയും എത്ര മോശമായിട്ടുമാണ് അയാൾ വായിക്കുന്നത്! എത്ര ജർമ്മൻകാർക്കറിയാം, അതറിഞ്ഞിരിക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് എത്രപേർക്കറിയാം, ഓരോ നല്ല വാക്യത്തിലും കലയുണ്ടെന്ന്- ആ വാക്യം മനസ്സിലാകണമെന്നുണ്ടെങ്കിൽ ആ കല നാം ചിന്തിച്ചെടുക്കണമെന്ന്. ഉദാഹരണത്തിന്, അതിന്റെ ‘കാല’ത്തെ തെറ്റിദ്ധരിക്കുക എന്നാൽ ആ വാക്യത്തെത്തന്നെ തെറ്റിദ്ധരിക്കുക എന്നാണ്.
താളം നിർണ്ണയിക്കുന്ന അക്ഷരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടാകരുതെന്ന്, അതിനിശിതമായ സമമിതിയിൽ വരുന്ന വിച്ഛേദം ഭംഗിക്കായി മനഃപൂർവ്വം വരുത്തുന്നതാണെന്ന്, ഓരോ സ്റ്റക്കാറ്റോവിനും ഓരോ റുബാറ്റോവിനും ക്ഷമയോടെ കാതു കൊടുക്കേണ്ടതാണെന്ന്, സ്വരങ്ങളുടേയും സ്വരസംയുക്തങ്ങളുടേയും ക്രമം എന്തർത്ഥത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്, ഒന്നിനു പിന്നാലെ ഒന്നായി അവ വരുമ്പോൾ എത്ര വിലോലമായും സമൃദ്ധമായുമാണ് അവയ്ക്കു വർണ്ണഭേദം വരുന്നതെന്ന്- ഇതൊക്കെ കടമയും ആവശ്യകതയുമായി പരിഗണിക്കാനും ഭാഷയിലെ കലയ്ക്കും ഉദ്ദേശ്യത്തിനും കാതു കൊടുക്കാനുമുള്ള സന്മനസ്സ് പുസ്തകവായനക്കാരായ ജർമ്മൻകാരിൽ എത്രപേർക്കുണ്ടാവും? അതിനുള്ള ‘കാത്’ ആർക്കുമില്ല എന്നതാണു വസ്തുത; അങ്ങനെ ശൈലിയിലെ അതിശ്രദ്ധേയമായ തിരിവുകൾ ആരും കേൾക്കാതെപോകുന്നു, കലാചാതുരിയുടെ സൂക്ഷ്മതകൾ ബധിരന്റെ കാതിലെന്നപോലെ നഷ്ടമാവുകയും ചെയ്യുന്നു.
ഗദ്യമെഴുത്തിലെ രണ്ടു പ്രമാണിമാരെ എത്ര വിലക്ഷണമായും വിവേചനരഹിതമായിട്ടുമാണ് വായനക്കാർ പരാജയപ്പെടുത്തുന്നതെന്നു കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ചിന്തകളാണിവ: ഒരാളുടെ വാക്കുകൾ ഈറനായ ഒരു ഗുഹയുടെ മച്ചിൽ നിന്നെന്നപോലെ അറച്ചും തണുത്തും ഇറ്റുവീഴുന്നു; മറ്റേയാളാകട്ടെ, ഭാഷയെ ഒരുറുമി പോലെ കയ്യാളുന്നു: കടിയ്ക്കാനും ചീറ്റാനും വെട്ടാനും വെമ്പൽ പൂണ്ടു വിറകൊള്ളുന്ന അതിമൂർച്ചയായ വായ്ത്തലയുടെ ആപത്കരമായ നിർവൃതി ചുമലിൽ നിന്നു കാൽവിരലോളമോടുന്ന ഒരാൾ.
(from Beyond Good and Evil)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ