ലംബകവിത 8/72
ഏതാദ്യം മായ്ച്ചുകളയണം:
ഉടലോ നിഴലോ,
ഇന്നലെ എഴുതിയ വാക്കോ
ഇന്നെഴുതിയ വാക്കോ,
കാറു മൂടിയ പകലോ
തെളിഞ്ഞ പകലോ?
ഒരു ക്രമം കണ്ടെത്താതെവയ്യ.
ലോകത്തെ മായ്ച്ചുകളയാൻ പഠിച്ചാൽ
വൈകാതതു നമ്മെത്തുണയ്ക്കും,
നമ്മെത്തന്നെ മായ്ച്ചുകളയാൻ.
*
ലംബകവിത
-----------------------------
അയാളെവിടെയും ജനാലകൾ വരച്ചു
വല്ലാതുയർന്ന ചുമരുകളിൽ,
തീരെത്താഴ്ന്ന ചുമരുകളിൽ,
പരുക്കൻ ചുമരുകളിൽ, മൂലകളിൽ,
വായുവിൽ, പുരപ്പുറങ്ങളില്പോലും.
അയാൾ ജനാലകൾ വരച്ചു,
കിളികളെ വരയ്ക്കുമ്പോലെ.
തറയിൽ, രാത്രികളിൽ,
ബധിരമെന്നു തൊട്ടറിയാവുന്ന നോട്ടങ്ങളിൽ,
മരണത്തിന്റെ പ്രാന്തങ്ങളിൽ,
ശവമാടങ്ങളിൽ, മരങ്ങളിൽ.
വാതിലുകളില്പോലുമയാൾ ജനാലകൾ വരച്ചു.
എന്നാലയാൾ വാതിലുകൾ വരച്ചതേയില്ല.
അയാൾക്കു കയറിച്ചെല്ലാനോ
ഇറങ്ങിപ്പോകാനോ ഇഷ്ടമുണ്ടായിരുന്നില്ല.
അതാർക്കും കഴിയില്ലെന്നയാൾക്കറിയാമായിരുന്നു.
അയാൾക്കു കണ്ടാൽ മതിയായിരുന്നു.
അതിനാലയാൾ ജനലകൾ വരച്ചു.
എവിടെയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ