പുതുമഞ്ഞ്
----------------
ഭൂമി ഉറങ്ങാൻ പോവുകയാണ്, ഒരു കുഞ്ഞിനെപ്പോലെ,
അഥവാ, കഥയങ്ങനെ പോകുന്നു.
എനിക്കു ക്ഷീണമില്ലല്ലോ, അതു പറയുന്നു,
അമ്മ പറയുന്നു, നിനക്കു ക്ഷീണമില്ലായിരിക്കാം,
ഞാൻ പക്ഷേ വല്ലാതെ ക്ഷീണിച്ചു-
അവരുടെ മുഖത്തു നിങ്ങൾക്കതു കാണാം,
ആർക്കുമതു കാണാം.
അതിനാൽ, മഞ്ഞു പൊഴിഞ്ഞുതന്നെയാവണം,
ഉറക്കം വന്നുതന്നെയാവണം.
അമ്മയ്ക്കത്ര മടുത്തിരിക്കുന്നു ജീവിതമെന്നതിനാൽ,
അവർക്കു വേണം നിശ്ശബ്ദതയെന്നതിനാൽ
*
വിശുദ്ധർ
——————-
ഞങ്ങളുടെ കുടുംബത്തിൽ രണ്ടു വിശുദ്ധരുണ്ടായിരുന്നു,
എന്റെ അമ്മായിയും എന്റെ അമ്മൂമ്മയും.
അവരുടെ ജീവിതങ്ങൾ പക്ഷേ വ്യത്യസ്തമായിരുന്നു.
അമ്മൂമ്മയുടെ ജീവിതം പ്രശാന്തമായിരുന്നു, അന്ത്യം വരെയ്ക്കും.
അലയടങ്ങിയ ജലത്തിൽ നടക്കുന്നൊരാളെപ്പോലെയായിരുന്നു അവർ;
എന്തുകാരണം കൊണ്ടോ, കടലവരെ ദ്രോഹിച്ചിരുന്നില്ല.
അതേ പാതയിലൂടെ അമ്മായി പോയപ്പോൾ
തിരകളവരുടെ മേൽ പൊട്ടിച്ചിതറി,
തിരകളവരെ കടന്നാക്രമിച്ചു,
അങ്ങനെയത്രേ, തികച്ചുമാത്മീയമായൊരു പ്രകൃതത്തോട്
വിധിയുടെ ദേവതകൾ പ്രതികരിക്കുന്നതും.
എന്റെയമ്മൂമ്മ കരുതലുകാരിയായിരുന്നു, യാഥാസ്ഥിതികയായിരുന്നു:
അതുകൊണ്ടാണവർ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതും;
എന്റെ അമ്മായിക്കൊന്നിൽ നിന്നും രക്ഷ കിട്ടിയില്ല,
ഓരോ തവണ കടലിറങ്ങുമ്പോഴും
അവർ സ്നേഹിച്ചിരുന്നൊരാളെ അതെടുത്തിരുന്നു.
എന്നിട്ടും, എന്നിട്ടുമവർ കടലിനെ തിന്മയായിക്കണ്ടില്ല.
അവർക്കത് അതിന്റെ പ്രകൃതമായിരുന്നു:
കര തൊടുന്നിടത്തതു ഹിംസാത്മകം തന്നെയായി മാറണം.
*
നവലോകം
———————
ഞാൻ കണ്ടിടത്തോളം,
അമ്മയുടെ ജീവിതകാലമുടനീളം
അച്ഛനവരെ പിടിച്ചുകെട്ടിവച്ചിരിക്കുകയായിരുന്നു,
കാൽമുട്ടിൽ കെട്ടിവച്ച കറുത്തീയം പോലെ.
പ്രകൃതം കൊണ്ടു പ്രസരിപ്പുകാരിയായിരുന്നു,
എന്റെ അമ്മ;
അവർക്കു യാത്ര ചെയ്യണമെന്നുണ്ടായിരുന്നു,
നാടകം കാണാൻ പോകണമെന്നുണ്ടായിരുന്നു,
കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു.
അച്ഛനിഷ്ടം സോഫയിൽ മലർന്നുകിടക്കാനായിരുന്നു,
മുഖത്തു വിടർത്തിവച്ച ടൈംസ് പത്രവുമായി;
എങ്കിൽ, മരണം, അതു വന്നെത്തുമ്പോൾ,
ഗണ്യമായൊരു മാറ്റമായി തോന്നുകയില്ലല്ലോ.
ഒരുമിച്ചു കാര്യങ്ങൾ ചെയ്യാൻ കരാറു വച്ച
ഇതുപോലുള്ള ദമ്പതികളിൽ
ഉത്സാഹിയായ ആളായിരിക്കും എപ്പോഴും വഴങ്ങിക്കൊടുക്കുക.
കണ്ണു തുറന്നുവയ്ക്കാത്ത ഒരാളുമായി
നിങ്ങൾക്കു കാഴ്ചബംഗ്ലാവിൽ പോകാൻ പറ്റില്ലല്ലോ.
അച്ഛന്റെ മരണം അമ്മയെ സ്വതന്ത്രയാക്കുമെന്നു
ഞാൻ കരുതിയിരുന്നു.
ഒരർത്ഥത്തിൽ അതങ്ങനെയാവുകയും ചെയ്തു:
അമ്മയിപ്പോൾ യാത്ര പോകുന്നുണ്ട്,
മഹത്തായ കലാസൃഷ്ടികൾ നോക്കിനില്ക്കുന്നുണ്ട്.
അവർ പക്ഷേ ഒഴുകിനടക്കുകയാണ്.
പിടി വിട്ട നിമിഷം എങ്ങോട്ടെന്നറിയാതെ പാറുന്ന
കുട്ടികളുടെ ബലൂൺ പോലെ.
മാതൃപേടകവുമായി ബന്ധം നഷ്ടപ്പെട്ട
ബഹിരാകാശനാവികനെപ്പോലെ;
തനിക്കു ശേഷിച്ച ജീവിതമെന്നാൽ,
അതിനി എത്ര നേരത്തേക്കായാലും,
ഇതാണെന്നറിഞ്ഞുകൊണ്ട്
ബഹിരാകാശത്തൊഴുകിനടക്കുക.
ആ അർത്ഥത്തിൽ അമ്മ സ്വതന്ത്രയായിരുന്നു:
ഭൂമിയോടു ബന്ധമില്ലാതെ.
*
ഛായാചിത്രം
-----------------
ഒരു കുട്ടി ഒരുടലിന്റെ രൂപരേഖ വരയ്ക്കുന്നു.
തനിക്കാവുന്നതവൾ വരയ്ക്കുന്നു,
എന്നാലതാകെ വെണ്മയാണ്;
എന്താണവിടെയുള്ളതെന്നറിയാമെങ്കിലും
അതു നിറയ്ക്കാനവൾക്കു കഴിയുന്നില്ല.
തുണയറ്റ ആ രേഖയ്ക്കുള്ളിൽ
ജീവന്റെ കുറവുണ്ടെന്നവൾക്കറിയാം.
ഒരു പശ്ചാത്തലത്തിൽ നിന്നവൾ
മറ്റൊരു പശ്ചാത്തലം മുറിച്ചെടുത്തുന്നുവെന്നേയുള്ളു.
ഏതൊരു കുട്ടിയേയും പോലെ
അവൾ തന്റെ അമ്മയിലേക്കു തിരിയുന്നു.
അവൾ സൃഷ്ടിച്ച ശൂന്യതയ്ക്കുള്ളിൽ
നിങ്ങളൊരു ഹൃദയം വരച്ചുചേർക്കുകയും ചെയ്യുന്നു.
*
വിലാപം
---------------
നിങ്ങൾ മരിച്ചുകഴിഞ്ഞാൽ
എത്ര പെട്ടെന്നാണവർ,
ഒരുകാര്യത്തിലും ഒരിക്കലും തമ്മിൽ യോജിക്കാത്തവർ,
നിങ്ങളുടെ സ്വഭാവത്തിന്റെ കാര്യത്തിൽ യോജിപ്പിലെത്തുക.
ഒരേ സംഗീതം പരിശീലിക്കുന്ന ഒരുകൂട്ടം പാട്ടുകാരെപ്പോലെയാണവർ:
നിങ്ങൾ നീതിമാനായിരുന്നു, നിങ്ങൾ ദയാലുവായിരുന്നു,
നിങ്ങൾ ഭാഗ്യവാനായിരുന്നു.
സ്വരപ്പൊരുത്തമില്ല, എന്നാൽ അപസ്വരവുമില്ല.
അവർ അഭിനേതാക്കളല്ലെന്നു മാത്രം:
അവരൊഴുക്കുന്നത് ശരിക്കുള്ള കണ്ണീരുതന്നെ.
ഭാഗ്യത്തിന് നിങ്ങൾ മരിച്ചുകഴിഞ്ഞു;
അല്ലെങ്കിൽ അറപ്പടക്കിവയ്ക്കാൻ പറ്റാതായേനെ നിങ്ങൾക്ക്.
എന്നാൽ, അതൊക്കെക്കഴിഞ്ഞ്,
വന്നവരൊന്നൊന്നായി കണ്ണും തുടച്ച് പുറത്തേക്കിറങ്ങുമ്പോൾ,
മാമൂലുകളുമായിക്കഴിഞ്ഞ ഒരു പകലിനു ശേഷം
സൂര്യന്റെ അതിശയവെളിച്ചം കാണുമ്പോൾ,
(സെപ്തംബറായിട്ടും, സായാഹ്നമായിട്ടും)-
ആളുകളുടെ കൂട്ടപ്പലായനം തുടങ്ങുമ്പോൾ,
അപ്പോഴാണ് നിങ്ങൾക്കസൂയ തോന്നിത്തുടങ്ങുക.
നിങ്ങളുടെ കൂട്ടുകാർ, ജീവിച്ചിരിക്കുന്നവർ,
അവർ പരസ്പരം ആശ്ലേഷിക്കുന്നു,
സൂര്യൻ താഴ്ന്നിറങ്ങുമ്പോൾ,
സന്ധ്യനേരത്തെ ഇളംകാറ്റിൽ സ്ത്രീകളുടെ ഷാളുകളുലയുമ്പോൾ,
വഴിയോരത്തു നിന്നവർ പരദൂഷണം നടത്തുന്നു-
“ഭാഗ്യവാൻ” എന്നതിന്റെ അർത്ഥം ഇതാണ്, ഇതുതന്നെയാണ്:
വർത്തമാനകാലത്തുണ്ടായിരിക്കുക എന്നാണതിനർത്ഥം.
*
തനിസ്വരൂപം
-----------------
ഇരുണ്ട ജനാലച്ചില്ലിൽ
ഇന്നു രാത്രിയിൽ ഞാനെന്നെത്തന്നെ കണ്ടു,
എന്റെയച്ഛന്റെ പ്രതിരൂപം തന്നെയായി,
അച്ഛന്റെ ജീവിതവും ഇതുപോലെയായിരുന്നു,
മറ്റെല്ലാമൊഴിവാക്കി, മരണചിന്ത മാത്രമായി;
ഒടുവിൽ ജീവിതാന്ത്യമെത്തിയപ്പോൾ
അതു കയ്യൊഴിയാനും എളുപ്പമായിരുന്നു,
അതിലൊന്നുമുണ്ടായിരുന്നില്ലല്ലോ.
അമ്മയുടെ ശബ്ദം പോലും അച്ഛന്റെ മനസ്സു മാറ്റിയില്ല,
അച്ഛനെ തിരിച്ചുവിളിച്ചില്ല,
അച്ഛന്റെ വിശ്വാസം ഇതായിരുന്നതിനാൽ:
മറ്റൊരു മനുഷ്യജീവിയെ സ്നേഹിക്കാൻ
നിങ്ങൾക്കു കഴിയാതായിക്കഴിഞ്ഞാൽ
ലോകത്തൊരു സ്ഥാനവും പിന്നെ നിങ്ങൾക്കില്ല.
*
ഒരു കീഴ്‌വഴക്കം
------------------
മറ്റെല്ലാ കുഞ്ഞുങ്ങളുടെ കാര്യത്തിലും ചെയ്തപോലെ
മരിച്ച കുഞ്ഞിനു വേണ്ടിയും
എന്റെ അമ്മ എല്ലാം മുൻകൂട്ടി ചെയ്തുവച്ചിരുന്നു.
അലമാര നിറയെ പതുപതുത്ത ഉടുപ്പുകൾ.
ഭംഗിയായി മടക്കിവച്ച കുഞ്ഞുജാക്കറ്റുകൾ.
ഒരു കൈത്തലത്തിലൊതുങ്ങുമായിരുന്നു ഓരോന്നും.
അതേപോലവർ ഓർത്തോർത്തിരുന്നു,
ഏതു നാളായിരിക്കുമതിന്റെ പിറന്നാളെന്ന്.
ഓരോ നാളും കടന്നുപോകെ അവർക്കറിയാമായിരുന്നു,
ഏതൊരു സാധാരണദിവസവും ആഹ്ലാദത്തിന്റെ പ്രതീകമാകാമെന്ന്.
അമ്മയുടെ ജീവിതത്തെ മരണം സ്പർശിച്ചിട്ടില്ലെന്നതിനാൽ
അതല്ലാത്തതൊന്നിനെക്കുറിച്ചവർ മനോരാജ്യം കാണുകയായിരുന്നു,
ഒരു കുഞ്ഞു വരാനിരിക്കുമ്പോൾ നാം ചെയ്യുന്നപോലെ.
*
കുമ്പസാരം
-----------------
എനിക്കു പേടിയില്ലായിരുന്നു
-എന്നു പറഞ്ഞാൽ അതു ശരിയാവില്ല.
രോഗത്തെ, അപമാനത്തെ എനിക്കു പേടിയാണ്.
ആരെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ട്.
എന്നാലിപ്പോൾ ഞാൻ പഠിച്ചിരിക്കുന്നു,
അവ ഒളിപ്പിച്ചുവയ്ക്കാൻ,
അവയുടെ സാഫല്യത്തിൽ നിന്നു സ്വയം രക്ഷിക്കാൻ:
ഏതു സന്തോഷവും വിധിയുടെ കോപം വിളിച്ചുവരുത്തും.
അവർ സഹോദരിമാരാണ്, ഉഗ്രകൾ.*
അവർക്കൊരു വികാരവുമറിയില്ല
-അസൂയയല്ലാതെ.
*
ലേബർ ഡേ
————————
അച്ഛൻ മരിച്ചിട്ടിന്ന് കൃത്യം ഒരുകൊല്ലമാവുന്നു.
കഴിഞ്ഞകൊല്ലം നല്ല ചൂടായിരുന്നു.
സംസ്കാരസമയത്ത് ആളുകൾ കാലാവസ്ഥയെക്കുറിച്ചു പറയുകയായിരുന്നു.
സെപ്തംബറായിട്ടും എന്തു ചൂട്!
ഇക്കൊല്ലം തണുപ്പാണ്.
ഇപ്പോൾ ഞങ്ങളേയുള്ളു, അടുത്ത കുടുംബക്കാർ മാത്രം.
പൂത്തടങ്ങളിൽ ഓടിന്റെ, ചെമ്പിന്റെ തുണ്ടുകൾ.
എന്റെ സഹോദരിയുടെ മകൾ
മുൻവശത്തെ നടപ്പാതയിൽ സൈക്കിളോടിക്കുന്നു,
കഴിഞ്ഞകൊല്ലത്തെപ്പോലെ.
അവൾക്കു സമയം കളയണമെന്നേയുള്ളു.
ശേഷിച്ച ഞങ്ങൾക്കാകട്ടെ,
ഒരു ജീവിതകാലമെന്നാൽ ഒന്നുമില്ല.
ഒരു ദിവസം നിങ്ങൾ ഒരു പല്ലില്ലാത്ത സ്വർണ്ണമുടിക്കാരൻ കുട്ടി,
അടുത്ത ദിവസം ശ്വാസം കിട്ടാൻ കിതയ്ക്കുന്ന വൃദ്ധൻ.
ശരിക്കും അതൊന്നുമില്ല,
ഭൂമിയിൽ ഒരു നിമിഷം പോലുമില്ല.
ഒരു വാചകമല്ല, ഒരു ശ്വാസം, ഒരു യതി.
*
*അമേരിക്കയിൽ സെപ്തംബറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് ലേബർ ഡേ.*
മരീന
----------------
എന്റെ ഹൃദയം ഒരു കന്മതിലായിരുന്നു
ഏതു വിധേനയും നീയതു പൊളിച്ചകത്തുകയറി.
എന്റെ ഹൃദയം ഒരുദ്യാനത്തുരുത്തായിരുന്നു
നിനക്കതു ചവിട്ടിമെതിക്കാനുള്ളതായിരുന്നു.
നിനക്കു വേണ്ടിയിരുന്നതെന്റെ ഹൃദയമായിരുന്നില്ല;
നീയെന്റെ ഉടലിലേക്കു പോവുകയായിരുന്നു.
ഇതൊന്നും എന്റെ കുറ്റമായിരുന്നില്ല.
നീയെനിക്കെല്ലാമായിരുന്നു,
സൗന്ദര്യവും പണവും മാത്രമായിരുന്നില്ല.
കിടക്കയിൽ നാമൊരുമിച്ചപ്പോൾ
പൂച്ച മറ്റൊരു കിടപ്പുമുറിയിലേക്കു പോയി.
പിന്നെ, നീയെന്നെ മറന്നു.
ഉദ്യാനമതിലിനു ചുറ്റും
കല്ലുകൾ വിറകൊണ്ടതു
വെറുതെയായിരുന്നില്ല:
അവിടെയിപ്പോൾ ഒന്നുമില്ല,
ആളുകൾ പ്രകൃതി എന്നു വിളിക്കുന്ന വന്യത മാത്രം,
അവ്യവസ്ഥയുടെ കടന്നുകയറ്റം.
നീയെന്നെക്കൊണ്ടുപോയി,
എന്റെ സ്വഭാവത്തിലെ ദുഷ്ടത എനിക്കു കാണാവുന്നിടത്ത്,
അവിടെ നീയെന്നെ വിട്ടുപോവുകയും ചെയ്തു.
ശൂന്യമായ കിടപ്പുമുറിയിൽ
ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ രോദനം.
*
യുട്ടോപ്പിയ
---------------
ട്രെയിൻ വന്നുനില്ക്കുമ്പോൾ, സ്ത്രീ പറഞ്ഞു, നീ കയറിക്കോണം. എന്നാൽ ഞാനെങ്ങനെ അറിയാൻ, കുട്ടി ചോദിച്ചു, അതാണു ശരിയായ ട്രെയിനെന്ന്. അതായിരിക്കും ശരിയായ ട്രെയിൻ, സ്ത്രീ പറഞ്ഞു, കാരണം, അതാണ് ശരിയായ സമയം. ഒരു ട്രെയിൻ സ്റ്റേഷനിലേക്കടുത്തുവന്നു; നരച്ച പുകമേഘങ്ങൾ പുകക്കുഴലിൽ നിന്നു പ്രവഹിച്ചു. എന്തു ഭയമാണെനിക്ക്, മുത്തശ്ശിക്കു കൊടുക്കാനുള്ള മഞ്ഞ ട്യൂലിപ്പുകൾ അടുക്കിപ്പിടിച്ചുകൊണ്ട് കുട്ടി ഓർക്കുന്നു. യാത്രയിലഴിയാതിരിക്കാൻ അവളുടെ മുടി മുറുക്കെപ്പിന്നിയിട്ടിരിക്കുന്നു. പിന്നെ, പിന്നെയൊന്നും പറയാതെ, അവൾ ട്രെയിനിൽ കയറുന്നു; അതിൽ നിന്നൊരു ശബ്ദം പുറത്തേക്കു വരുന്നു, അവൾ സംസാരിക്കാറുള്ളൊരു ഭാഷയിലല്ല, ഒരു തേങ്ങൽ പോലെ, ഒരു കരച്ചിൽ പോലെയൊന്ന്.
*