2017, ജൂൺ 19, തിങ്കളാഴ്‌ച

ഹക്കൂയിൻ - ഒരു കൈ കൊട്ടിയാൽ കേൾക്കുന്നത്


hakuin_thumb[2]

“ഒരു കൈ കൊട്ടിയാൽ എന്തു കേൾക്കും” എന്നത് സെൻ വായനക്കാർക്ക് സുപരിചിതമായ ഒരു ചോദ്യമാണ്‌. ഈ കോണിന്റെ (പ്രഹേളികയുടെ) ഉപജ്ഞാതാവ് ഹക്കൂയിൻ ഇകാകു Hakuin Ekaku(1684-1786) എന്ന ജാപ്പനീസ് ഗുരുവാണ്‌. അദ്ദേഹത്തിന്റെ രചനകൾ പ്രസംഗങ്ങൾ, കവിതകൾ, കത്തുകൾ, വ്യാഖ്യാനങ്ങൾ, ഗാനങ്ങൾ, ചിത്രങ്ങൾ, കാലിഗ്രാഫി എന്നിങ്ങനെ പല മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഒന്നിനോടും പറ്റിപ്പിടിക്കരുതെന്ന്, അതിനി എത്ര പേരു കേട്ട വേദഗ്രന്ഥമായാലും,  അദ്ദേഹം ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഉദാഹരണത്തിന്‌ വജ്രസൂത്രത്തിന്റെ വ്യാഖ്യാനത്തിൽ അതിലെ ‘രൂപം ശൂന്യം, ശൂന്യം രൂപം’ എന്ന വരിയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. “ചവറ്‌! ഉപയോഗമില്ലാത്ത കുപ്പത്തൊട്ടി! മൊച്ചയെ മരം കേറാൻ പഠിപ്പിക്കണോ! രണ്ടായിരം കൊല്ലമായി അലമാരയിൽ പൊടി പിടിച്ചു കിടക്കുകയാണ്‌ ഈ തരം സാധനങ്ങൾ.” അതുപോലെ ‘രൂപം ശൂന്യമല്ലാതൊന്നുമല്ല, ശൂന്യം രൂപമല്ലാതൊന്നുമല്ല’ എന്നതിനെക്കുറിച്ച് ഇങ്ങനെ: “ഒന്നാന്തരം പലഹാരം വച്ചിരുന്ന പാത്രമായിരുന്നു. അതിൽ രണ്ട് എലിക്കാട്ടമെടുത്തിട്ട് അയാൾ അതു നശിപ്പിച്ചുകളഞ്ഞു! വയറു നിറഞ്ഞവന്റെ വായിൽ മധുരം കുത്തിത്തിരുകിയിട്ടു കാര്യമുണ്ടോ!” അതിപാവനമായ ഈ ഗ്രന്ഥത്തോടുള്ള ഈ സമീപനം വിചിത്രമായി തോന്നാമെങ്കിലും ‘ബുദ്ധൻ മുന്നിൽ വന്നാൽ ബുദ്ധനെ കൊല്ലുക’ എന്ന ലിൻ-ചി ഉപദേശത്തിനു ചേർന്നതു തന്നെയാണത്.


ധ്യാനഗീതം


ജീവികൾ സഹജമായും ബുദ്ധന്മാർ തന്നെ,
മഞ്ഞും ജലവും പോലെ;
ജലമില്ലാതെ മഞ്ഞില്ല, ജീവികളില്ലാതെ ബുദ്ധന്മാരുമില്ല.
എത്രയരികിലാണതെന്നറിയാതെ
ആളുകളതിനെ പുറമേ തേടുന്നു- എന്തു കഷ്ടം!
വെള്ളത്തിൽ കിടന്നു ‘ദാഹിക്കുന്നു’ എന്നു നിലവിളിക്കുന്നവനെപ്പോലെ,
യാചകനെപ്പോലലഞ്ഞുനടക്കുന്ന ധനികന്റെ മകനെപ്പോലെ.
ആറു ലോകങ്ങളിലും ബന്ധിതരാണു നാമെങ്കിൽ
അജ്ഞതയുടെ അന്ധകാരത്തിലുഴലുകയാണു നാമെന്നതാണു കാരണം.
ഇരുണ്ട പാതകളൊന്നൊന്നായി നടന്നൊടുവിൽ
ഈ സംസാരചക്രത്തിൽ നിന്നെന്നാണു നാം പുറത്തുകടക്കുക?
മഹായാനധ്യാനം സ്തുതികൾക്കുമപ്പുറമത്രെ.
ദാനം, നാമം, ധർമ്മം, വ്രതം, വിനയം-
സർവതും ധ്യാനത്തിലടങ്ങുന്നു.
ഒരിക്കൽ ധ്യാനത്തിലിരുന്നാൽത്തന്നെ
നിങ്ങളുടെ ദുഷ്കർമ്മങ്ങൾ നശിച്ചുപോകുന്നു.
എങ്ങനെ പിന്നെ മായ നമ്മെ വഴി തെറ്റിക്കാൻ?
കാര്യകാരണങ്ങളുടെ കവാടം നിങ്ങൾ തുറന്നുകഴിഞ്ഞാൽ
ദ്വന്ദ്വങ്ങൾക്കപ്പുറത്തുള്ള ഒരു വഴി നിങ്ങൾ കണ്ടുപിടിക്കും.
രൂപമില്ലാത്ത രൂപം നിങ്ങളുടെ രൂപമാകുന്നു,
വന്നാലും പോയാലും നിങ്ങളിളകുന്നുമില്ല.
ചിന്തയില്ലാത്ത ചിന്ത നിങ്ങളുടെ ചിന്തയാകുന്നു,
നിങ്ങളുടെ പാട്ടും നൃത്തവും ധർമ്മത്തിന്റെ ശബ്ദമാകുന്നു.
എത്ര പരിധിയറ്റതാണു സമാധിയുടെ ആകാശം,
ജ്ഞാനചന്ദ്രനെത്ര ദീപ്തം!
ഈ മുഹൂർത്തത്തിൽ നിങ്ങൾക്കെന്തു കുറവാണുള്ളത്?
നിർവാണം നിങ്ങളുടെ കണ്മുന്നിലല്ലേ!
നിങ്ങൾ ഈ നില്ക്കുന്ന മണ്ണു തന്നെ ബുദ്ധക്ഷേത്രം,
നിങ്ങളുടെ ദേഹം ബുദ്ധദേഹവും.



മൊച്ച കൈയെത്തിക്കുന്നു

ജലത്തിലെ ചന്ദ്രനെ പിടിക്കാനായിmonkey moon
മൊച്ച കൈയെത്തിക്കുന്നു.
മരണം തന്നെ പിടി കൂടിയാലല്ലാതെ
അവൻ ഈ പണി നിർത്തുകയുമില്ല.
അവൻ ചില്ലയിലെ പിടിയൊന്നു വിട്ടിരുന്നെങ്കിൽ,
കയത്തിൽ താണു മറഞ്ഞിരുന്നെങ്കിൽ,
കണ്ണഞ്ചിക്കുന്ന നറും വെളിച്ചത്താൽ
ലോകമാകെത്തിളങ്ങിയേനെ!







Online works of Hakuin

അഭിപ്രായങ്ങളൊന്നുമില്ല: