2017, ജൂൺ 4, ഞായറാഴ്‌ച

ഏണെസ്റ്റോ കാര്‍ഡിനൽ - കവിതകള്‍




നിക്കരാഗ്വൻ വിപ്ലവകവിയും റോമൻ കത്തോലിക്കാ പുരോഹിതനുമായ ഏണെസ്റ്റോ കാർഡിനൽ (Ernesto Cardenal) 1925 ജനുവരി 20ന്‌ ഗ്രനാഡയിൽ ജനിച്ചു. ജസ്യൂട്ട് സ്കൂളുകളിലെ പഠനത്തിനു ശേഷം മെക്സിക്കോ  യൂണിവേഴ്സിറ്റിയിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും ഉപരിപഠനം കഴിഞ്ഞ് 1957ൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നു. 1965ൽ പുരോഹിതനായി.

Epigramas(1961) എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്ന ആദ്യകാലകവിതകൾ നിക്കരാഗ്വയിലെ സൊമോസയുടെ ഏകാധിപത്യത്തെ തള്ളിപ്പറയുന്ന രാഷ്ട്രീയകവിതകൾക്കൊപ്പം ഐറണി സൂക്ഷ്മമായി ഉപയോഗപ്പെടുത്തുന്ന പ്രണയകവിതകൾ കൂടി ഉൾക്കൊള്ളുന്നു. La Hora (1960) മദ്ധ്യ അമേരിക്കൻ ചരിത്രത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും ആഭ്യന്തരസ്വേച്ഛാധിപത്യവും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള ദീർഘമായ ഒരു ഡോക്ക്യുമെന്ററി കവിതയാണ്‌. പ്രതിഷേധകവിതയിൽ ഒരു മാസ്റ്റർപീസായി ഇതു കരുതപ്പെടുന്നു. Salmos(1964) ദാവീദിന്റെ സങ്കീർത്തനങ്ങളുടെ ആധുനികകാലത്തെ പൊളിച്ചെഴുത്താണ്‌. തന്റെ മതവിശ്വാസവും വിപ്ലവാഭിമുഖ്യവും തമ്മിലുള്ള സംഘർഷം ഈ കവിതകളിലാകെ വ്യാപിച്ചുകിടക്കുന്നു. Oración por Marilyn Monroe y otros poemas (1965) സമകാലികസംഭവങ്ങളെ വിശകലനം ചെയ്യുന്ന കവിതകളാണ്‌. മരിലിൻ മൺറോയുടെ മരണത്തെ കാർഡിനൽ കാണുന്നത് മുതലാളിത്തവ്യവസ്ഥയുടെ അപമാനവീകരണത്തിന്റെ ഉദാഹരണമായിട്ടാണ്‌. El estrecho dudoso (1966), Homenaje a los indios americanos (1969), Oráculo sobre Managua (1973) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ മറ്റു കവിതാഗ്രന്ഥങ്ങൾ. Vida en el amor (1970) ദാർശനികലേഖനങ്ങളും En Cuba(1972) ക്യൂബൻ അനുഭവങ്ങളുടെ വിവരണവുമാണ്‌.

1979ൽ അനെസ്റ്റേസിയോ സൊമോസയെ സ്ഥാനഭ്രഷ്ടനാക്കിയ സാൻഡിനിസ്റ്റ വിപ്ളവത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പുതിയ സർക്കാരിൽ അദ്ദേഹം സാംസ്കാരികവകുപ്പിന്റെ മന്ത്രിയുമായിരുന്നു.



പ്രണയകവിത


ന്യൂയോർക്കിലാണു നീയെങ്കിൽ
ന്യൂയോർക്കിൽ വേറെയാരുമില്ല;
ന്യൂയോർക്കിലല്ല നീയെങ്കിൽ
ന്യൂയോർക്കിൽ പിന്നെയാരുമില്ല.



ക്ളാഡിയാ, ഈ വരികൾ നിനക്കായി...


ഈ വരികൾ നിനക്കായർപ്പിക്കട്ടെ ഞാൻ, ക്ളാഡിയാ,
നിനക്കു മാത്രമുള്ളതാണവയെന്നതിനാൽ;
പൊടിപ്പും തൊങ്ങലുമതിൽ വച്ചിട്ടില്ല ഞാൻ ക്ളാഡിയാ,
നിനക്കതെളുപ്പം മനസ്സിലാവട്ടെയെന്നതിനാൽ.
നിനക്കുള്ളതാണെങ്കിലും നിനക്കവ മുഷിഞ്ഞെന്നിരിക്കട്ടെ,
ഒരുനാളവ സ്പാനിഷ് അമേരിക്കയാകെ പരന്നുവെന്നു വരാം, .
അവയെഴുതിയ പ്രണയത്തെ നീ തള്ളിപ്പറഞ്ഞുവെന്നിരിക്കട്ടെ,
അന്യസ്ത്രീകൾ ആ പ്രണയത്തെ സ്വപ്നം കണ്ടുവെന്നുവരാം, ;
ഈ വരികൾ വായിക്കുന്ന മറ്റു കാമുകർക്കു കിട്ടിയെന്നു വരാം,
ഈ കവിക്കു നിന്നിൽ നിന്നു കിട്ടാത്ത ചുംബനങ്ങൾ, ക്ളാഡിയാ.



എനിക്കു നിന്നെ നഷ്ടമായപ്പോൾ…


എനിക്കു നിന്നെ നഷ്ടമായപ്പോൾ
നമുക്കിരുവര്ക്കും നഷ്ടം പറ്റി:
എനിക്ക് - നിന്നെപ്പോലെ മറ്റാരെയും
ഞാൻ സ്നേഹിച്ചിട്ടില്ലെന്നതിനാൽ;
നിനക്ക് - എന്നെപ്പോലെ മറ്റാരും
നിന്നെ സ്നേഹിച്ചിട്ടില്ലെന്നതിനാൽ.
നാമിരുവരിൽ വച്ചു പക്ഷേ,
ഏറെ നഷ്ടം പറ്റിയതു നിനക്കായിരുന്നു:
നിന്നെ സ്നേഹിച്ച പോലെ മറ്റാരെയും
എനിക്കു സ്നേഹിക്കാമെന്നതിനാൽ;
ഞാൻ സ്നേഹിച്ച പോലെ മറ്റാരും
നിന്നെ സ്നേഹിക്കയില്ലെന്നതിനാൽ.
ഇനിയൊരു കാലത്തു ചില പെൺകുട്ടികൾ
ഈ വരികൾ വായിച്ചുത്തേജിതരാവുകയും,
കവിയെ സ്വപ്നം കാണുകയും ചെയ്തെന്നിരിക്കട്ടെ,
അപ്പോഴുമവർക്കറിയാം, ഞാനിച്ചെയ്തത്
നിന്നെപ്പോലൊരുത്തിക്കു വേണ്ടിയാണെന്ന്,
അതുകൊണ്ടു പക്ഷേ, ഫലമുണ്ടായില്ലെന്നും.



ബ്രായുടെ വില


വിപ്ളവത്തെക്കുറിച്ചു പരാതി പറയുകയായിരുന്നു എന്റെ ഒരനന്തരവൾ:
പണ്ടില്ലാത്ത വിലയാണത്രെ, ബ്രായ്ക്കിപ്പോൾ.
മുലയുണ്ടായാലത്തെ സ്ഥിതി എനിക്കറിയില്ല,
അതേ സമയം ബ്രായില്ലാതെ നടക്കുന്നതിൽ
എന്തെങ്കിലും മനഃക്ളേശം എനിക്കുണ്ടാവുകയില്ല
എന്നു തന്നെയാണ്‌ എന്റെ തോന്നൽ.
എസ്ക്യൂപ്പുലാ ഗ്രാമത്തിനു തൊട്ടടുത്താണ്‌
എന്റെ സ്നേഹിതൻ റഫേൽ കൊർദോവയുടെ താമസം.
പണ്ടൊക്കെ കുഞ്ഞുശവപ്പെട്ടികളുമായി എത്ര വിലാപയാത്രകളാണ്‌
വഴിയിലൂടെ പോയിരുന്നതെന്ന് അയാളെന്നോടു പറഞ്ഞു:
എന്നും വൈകുന്നേരം നാലും അഞ്ചും ആറും എട്ടും മരണങ്ങൾ;
പ്രായമായവർ അത്ര മരിച്ചിരുന്നില്ല.
അല്പനേരം മുമ്പ് എസ്ക്യൂപ്പുലായിലെ കുഴിവെട്ടുകാരൻ
എന്നെ കാണാൻ വന്നിരുന്നു:
“ഡോക്ടറേ, ഒരു ചെറിയ സഹായം ചോദിക്കാനാണു ഞാൻ വന്നത്;
എനിക്കിപ്പോൾ പണിയൊന്നുമില്ല.
എസ്ക്യൂപ്പുലായിലിപ്പോൾ ശവസംസ്കാരങ്ങളില്ല.”
മുമ്പ് ബ്രായ്ക്കിത്ര വിലയുണ്ടായിരുന്നില്ല;
ഇപ്പോൾ എസ്ക്യൂപ്പുലായിൽ മരണങ്ങൾ തന്നെയില്ല.
ഇനി പറയൂ: ഏതാണു ഭേദം?



മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന


കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാന്തതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പ് വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

*

കൊളോണിൽ ഒരു ഗ്ലാസ് വെള്ളം

-----------------------------------


കൊളോണിൽ വച്ച് ഒരു ഗ്ലാസ് വെള്ളം ഞാൻ ചോദിച്ചു;
ജനാലയിലൂടെ പച്ച പോലെ തോന്നുന്ന റൈനിന്റെ ദൃശ്യം കിട്ടുന്ന ഒരു റെസ്റ്റോറണ്ടിൽ വച്ചാണത്.
ഹെർമ്മൻ പറയുകയാണ്‌: “ജർമ്മനിയിലെ വെള്ളം പൊട്ടയാണ്‌. 
സോലെന്റിനാമിലെപ്പോലെയല്ലത്.
അത് കക്കൂസ് വെള്ളമാണ്‌.”
ഞാനതു രുചിച്ചുനോക്കി, അയാൾ പറഞ്ഞതു ശരിയായിരുന്നു.
നിറമില്ലാത്ത, രുചിയില്ലാത്ത, മണമില്ലാത്ത, അണുമുക്തമാക്കിയ കക്കൂസ് വെള്ളം.
പത്തു വട്ടമെങ്കിലുമത് പുന:ചംക്രമണം ചെയ്തിട്ടുണ്ട്.
അതൊരു മനുഷ്യശരീരത്തിലൂടെ കടന്നുപോയിരുന്നു.
അതു പിന്നെ മലവും മൂത്രവും കലർന്നു പുറത്തുവന്നു.
മൃഗങ്ങളതു കുടിച്ചു, അവയുടെ മലവും മൂത്രവുമായി പുറത്തുവന്നു.
ശുദ്ധമാക്കുകയും അണുമുക്തമാക്കുകയും ചെയ്യപ്പെട്ടു.
പിന്നെയുമൊരു മനുഷ്യശരീരത്തിലൂടതു കടന്നുപോയി.
കക്കൂസുകളിലൂടെയും മൂത്രപ്പുരകളിലൂടെയും പിന്നെയും കടന്നുപോയി.
ആശുപത്രികളിലേയും വേശ്യാലയങ്ങളിലേയും വെള്ളം
ആഴ്സെനിക്കും മെർക്കുറിയും സൾഫ്യൂരിക്കാസിഡും വഹിച്ച്
ഓടകളിലൂടൊഴുകി ലോകത്തെ ഏറ്റവും വലിയ ഓടയിൽ,
എന്നു പറഞ്ഞാൽ, റൈനിലെത്തുന്നു,
പിന്നെയും ശുദ്ധമാക്കപ്പെടുന്നു,
ഈ ഗ്ലാസിൽ ഒഴിക്കുന്നു.
സോലെന്റിനാമിലെ ഒരു ഗ്ലാസ് വെള്ളം,
ആകാശത്തു നിന്നു വീണ ആ വെള്ളത്തെക്കുറിച്ച് ഞാനോർക്കുന്നു.

(നിക്കരാഗ്വാ തടാകത്തിലെ ഒരു ദ്വീപസമൂഹമാണ്‌ സോലെന്റിനാം Solentiname. കാർഡിനലിന്റെ പള്ളി ഇവിടെയാണ്‌.)



***

If you are in New York
in New York there's nobody else
and If you are not in New York
in New York there's nobody.


***

 By losing you, both you and I have lost:
 I, because you were the one I loved the most
 And you, because I was the one who loved you the most.
 But between us, you lost more than I:
 For I could love others like I loved you
 But no one will love you the way I did.


Prayer for Marilyn Monroe

Lord
receive this young woman known around the world as Marilyn Monroe
although that wasn't her real name
(but You know her real name, the name of the orphan raped at the age of 6
and the shopgirl who at 16 had tried to kill herself)
who now comes before You without any makeup
without her Press Agent
without photographers and without autograph hounds,
alone like an astronaut facing night in space.

She dreamed when she was little that she was naked in a church
                              (according to the Time account)
before a prostrated crowd of people, their heads on the floor
and she had to walk on tiptoe so as not to step on their heads.
You know our dreams better than the psychiatrists.
Church, home, cave, all represent the security of the womb
but something else too …
The heads are her fans, that's clear
(the mass of heads in the dark under the beam of light).
But the temple isn't the studios of 20th Century-Fox.
The temple—of marble and gold—is the temple of her body
in which the Son of Man stands whip in hand
driving out the studio bosses of 20th Century-Fox
who made Your house of prayer a den of thieves.
Lord
in this world polluted with sin and radioactivity
You won't blame it all on a shopgirl
who, like any other shopgirl, dreamed of being a star.
Her dream just became a reality (but like Technicolor's reality).
She only acted according to the script we gave her
—the story of our own lives. And it was an absurd script.
Forgive her, Lord, and forgive us
for our 20th Century
for this Colossal Super-Production on which we all have worked.
She hungered for love and we offered her tranquilizers.
For her despair, because we're not saints
                                              psychoanalysis was recommended to her.
Remember, Lord, her growing fear of the camera
and her hatred of makeup—insisting on fresh makeup for each scene—
and how the terror kept building up in her
and making her late to the studios.
Like any other shopgirl
she dreamed of being a star.
And her life was unreal like a dream that a psychiatrist interprets and files.

Her romances were a kiss with closed eyes
and when she opened them
she realized she had been under floodlights
                                      as they killed the floodlights!
and they took down the two walls of the room (it was a movie set)
while the Director left with his scriptbook
                                                      because the scene had been shot.
Or like a cruise on a yacht, a kiss in Singapore, a dance in Rio
the reception at the mansion of the Duke and Duchess of Windsor
                    all viewed in a poor apartment's tiny living room.

The film ended without the final kiss.
She was found dead in her bed with her hand on the phone.
And the detectives never learned who she was going to call.
She was
like someone who had dialed the number of the only friendly voice
and only heard the voice of a recording that says: WRONG NUMBER.
Or like someone who had been wounded by gangsters
reaching for a disconnected phone.
Lord
whoever it might have been that she was going to call
and didn't call (and maybe it was no one
or Someone whose number isn't in the Los Angeles phonebook)
                                     You answer that telephone!