2017, ജൂൺ 12, തിങ്കളാഴ്‌ച

നിക്കോളാസ് ഗിയേൻ - കവിതകൾ





നിക്കോളാസ് ഗിയേൻ (Nicolas Guillen) 1902ൽ ക്യൂബയിൽ ജനിച്ചു. ക്യൂബൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള, പത്രപ്രവർത്തകനായ പിതാവിനെ തീവ്രവാദത്തിന്റെ പേരിൽ 1917ൽ പട്ടാളം വെടി വച്ചു കൊല്ലുകയായിരുന്നു. 1920 മുതൽ കവിതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ തനതായ സ്വരം കേട്ടു തുടങ്ങുന്നത് 1930ൽ പ്രസിദ്ധീകരിച്ച in Motivos de Son എന്ന സമാഹാരത്തോടെയാണ്‌. തന്റെ ആഫ്രിക്കൻ വേരുകളിലുള്ള അഭിമാനം, സോഷ്യൽ റിയലിസം, ക്യൂബൻ, കരീബിയൻ സമൂഹത്തോടുള്ള വിമർശനാത്മകസമീപനം ഇതൊക്കെയാണ്‌ അതിന്റെ ഘടകങ്ങൾ. 1936ൽ, സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ളിക്കൻ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അവിടേക്കു പോയിരുന്നു. 1937ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. വിപ്ലവാനന്തരം ഭരണത്തിൽ പങ്കാളിയാവുകയും ചെയ്തു. 1987ൽ ഹവാനയിൽ വച്ച് അദ്ദേഹം മരിച്ചു.


ഘടികാരം

ചില സമയങ്ങൾ എനിക്കേറെയിഷ്ടമാണ്‌,
രണ്ടേമുക്കാൽ മണി ഉദാഹരണത്തിന്‌:
ഘടികാരത്തിന്റെ മുഖത്തന്നേരം കാണാം,
വാരിയെടുക്കാൻ വരുന്നൊരു സഹോദരന്റെ
ഊഷ്മളസൌഹൃദം.
പീഡാനുഭവത്തിലെ ക്രിസ്തുവത്രേ, കാലവും:
ഭൂതത്തിനും ഭാവിക്കുമിടയിൽ കിടന്ന്
പാർശ്വത്തിലെ മുറിവിൽ നിന്നതു ചോര വാർക്കുന്നു.


അന്നാ മരിയ

അന്നാ മരിയാ,
നിന്റെ മാറത്തു വീഴുന്ന മുടിപ്പിന്നൽ
ചുറയിട്ട ചർമ്മത്തിൽ നിന്നു
സർപ്പദൃഷ്ടികൾ കൊണ്ടെന്നെ നോക്കുന്നു.
നിന്റെ നിരവധിയായ ചാരുതകളിൽ
ഇതൊന്നു തന്നെ മതിയെനിക്ക്:
നിനക്കുള്ളിലെരിയുന്ന ജ്വാലയെ
നീ പൊതിഞ്ഞുവയ്ക്കുന്ന ആ മന്ദഹാസം.

ചിന്താഘനം വച്ച മേഘങ്ങൾ
നിനക്കുള്ളിലുണരുമ്പോഴാണത്,
ഒരു സർപ്പത്തിന്റെ
അലസവും മിനുസവുമായൊരു കിടുങ്ങലോടെ
നിന്റെ ഉരുക്കുടലിന്റെ ചണ്ഡവാതം ശമിക്കുമ്പോഴാണത്...


ഫെദറിക്കോ


ഒരു നാടോടിപ്പാട്ടിന്റെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.

-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ഒരു തത്ത മറുപടി പറയുന്നു:
-അയാൾ പൊയ്ക്കഴിഞ്ഞു.

ഒരു ചില്ലുവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ഒരു കൈ വന്നു മറുപടി തരുന്നു:
അയാൾ പുഴക്കരെയാണ്‌.

ഒരു ജിപ്സിയുടെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ആർക്കും മറുപടിയില്ല, ആരും മിണ്ടുന്നില്ല...
-ഫെദറിക്കോ! ഫെദറിക്കോ!

വെളിച്ചമില്ലാത്ത, ഒഴിഞ്ഞ പുര.
ചുമരുകളിൽ കരിമ്പായൽ;
ആൾമറ കെട്ടിയ കിണർ, തൊട്ടിയില്ലാതെ;
പച്ചപ്പല്ലികളോടിക്കളിക്കുന്ന തൊടി.

ഉഴുതുമറിച്ച മണ്ണിൽ
ഒച്ചുകളിഴയുന്നു;
നാശാവശിഷ്ടങ്ങൾക്കിടയിലൂടെ
ജൂലൈയിലെ ചുവന്ന കാറ്റിന്റെ താരാട്ട്.
ഫെദറിക്കോ! ഫെദറിക്കോ!

ആ ജിപ്സി മരിക്കാൻ പോയതെവിടെ?
അവന്റെ കണ്ണുകൾ തണുത്തുപോയതെവിടെ?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെദറിക്കോ! ഫെദറിക്കോ!

(ഒരു ഗാനം)

ഞായറാഴ്ച ഒമ്പതിനു പോയതാണ്‌,
ഞായറാഴ്ച രാത്രിയിൽ പോയതാണ്‌,
ഞായറാഴ്ച പോയി പിന്നെ വന്നിട്ടില്ല!
അവന്റെ കൈയിലൊരു ലില്ലിപ്പൂവുണ്ടായിരുന്നു,
അവന്റെ കണ്ണുകളിൽ ജ്വരമുണ്ടായിരുന്നു.
ലില്ലിപ്പൂ ചോരയായി,
ചോര പിന്നെ മരണമായി.

(മറ്റൊരു ഗാനം)

എവിടെയായിരിക്കും ഫെദറിക്കോ,
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെദറിക്കോ! ഫെഡെറിക്കോ!
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?

(സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫാസിസ്റ്റുകൾ വെടിവച്ചു കൊന്ന കവിയും നാടകകൃത്തുമായ ഫെദറിക്കോ ഗാർസിയ ലോർക്കയെക്കുറിച്ചെഴുതിയത്)


വിശപ്പ്


ഇതാണു വിശപ്പ്.
കണ്ണുകളും തേറ്റകളും മാത്രമായ ഒരു ജന്തു.
അതിന്റെ ശ്രദ്ധ തെറ്റിക്കാനാവില്ല,
അതിനെ കബളിപ്പിക്കാനാവില്ല.
ഒരു നേരത്തെ ആഹാരം കൊണ്ടതു തൃപ്തിപ്പെടില്ല,
ഒരുച്ചയൂണോ ഒരത്താഴമോ അതിനു മതിയാകില്ല.
ചോര കുടിക്കുമെന്നതു ഭീഷണിപ്പെടുത്തും,
സിംഹത്തെപ്പോലതലറും,
പെരുമ്പാമ്പിനെപ്പോലതു വരിഞ്ഞുമുറുക്കുകയും,
മനുഷ്യനെപ്പോലതു ചിന്തിക്കുകയും ചെയ്യും.
നിങ്ങളുടെ മുന്നിൽ നില്ക്കുന്ന ഈ സ്പെസിമൻ
ഇന്ത്യയിൽ നിന്നു പിടിച്ചതാണ്‌
(ബോംബേയുടെ ഒരു പ്രാന്തപ്രദേശത്തു നിന്ന്).
എന്നാൽ ഏറെക്കുറെ ഇതേ കിരാതാവസ്ഥയിൽ
മറ്റു പലേടത്തും ഇതിനെ കാണാവുന്നതേയുള്ളു.

പിന്നിലേക്കൊന്നു മാറിനില്ക്കണേ.

(മൃഗശാല)


അഭിപ്രായങ്ങളൊന്നുമില്ല: