ചെറുപ്പത്തിൽ
എനിക്കു സ്കൂളിനോടെതിർപ്പായിരുന്നു.
ഇപ്പോഴാകട്ടെ,
ജോലി ചെയ്യുന്നതിനോടെനിക്കെതിർപ്പാണ്.
എന്തിലുമുപരി ഞാൻ വെറുക്കുന്നത്
ആരോഗ്യത്തെയും സ്വഭാവഗുണത്തെയുമാണ്.
ആരോഗ്യവും സത്യസന്ധതയും പോലെ
മനുഷ്യനോടിത്രയും ക്രൂരമായ മറ്റൊന്നില്ല.
‘ജാപ്പനീസ് സ്പിരിറ്റി’നോടെനിക്കെതിർപ്പാണെന്നു
ഞാൻ പറയേണ്ട കാര്യമില്ലല്ലോ,
കടമയും മാനുഷികവികാരങ്ങളും
എനിക്കു മനംപുരട്ടുലുണ്ടാക്കുമെന്നും.
എവിടെത്തെയും ഏതു ഭരണകൂടത്തിനുമെതിരാണു ഞാൻ,
എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മകൾക്കു മുന്നിൽ
ഞാനെന്റെ ആസനം കാണിച്ചുകൊടുക്കുകയും ചെയ്യും.
എന്തിനാണു ജനിച്ചതെന്നാരെങ്കിലും ചോദിച്ചാൽ
ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാൻ പറയും, “എതിർക്കാൻ.”
കിഴക്കായിരിക്കുമ്പോൾ
പടിഞ്ഞാറോട്ടു പോകാനാണെനിക്കാഗ്രഹം.
ഇടത്തോട്ടാണ് ഞാനെന്റെ കോട്ടു കെട്ടുന്നത്,
ഷൂസിടുന്നത് ഇടത്തും വലത്തും മാറ്റിയും.
തിരിഞ്ഞിട്ടാണു ഞാൻ കുതിരപ്പുറത്തിരിക്കുക.
എല്ലാവരും വെറുക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു,
എല്ലാവരുടെയും താല്പര്യങ്ങൾ സമാനമാകുമ്പോൾ,
അതിനെയാണു ഞാനേറ്റവും വെറുക്കുക.
ഞാൻ വിശ്വസിക്കുന്നതിതിലാണ്:
എതിർക്കുക എന്നതാണ്
ജീവിതത്തിൽ ആകെക്കൂടിയുള്ള നല്ല കാര്യം.
എതിർക്കുക എന്നാൽ ജീവിക്കുക എന്നു തന്നെ.
എതിർക്കുക എന്നാൽ അവനവനിൽ ഒരു പിടുത്തം കിട്ടുക എന്നാണ്.
മിത്‌സുഹാരു കനെക്കോ Mitsuharu Kaneko(1895-1975)- ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കവിതയിൽ പലതു കൊണ്ടും വ്യത്യസ്തനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തും യുദ്ധവിരുദ്ധകവിതകൾ എഴുതിയിരുന്നത് അദ്ദേഹം മാത്രമാണ്. വളരെക്കാലം വിദേശത്തു കഴിഞ്ഞിരുന്നതിനാൽ ജാപ്പനീസ് സമൂഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അന്യനായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയതിനു ശേഷവും ഒരു പ്രവാസിയുടെ കണ്ണും മനസ്സും അദ്ദേഹം കൈവിട്ടില്ല എന്നതും പ്രധാനമാണ്. ക്ലാസ്സിക്കൽ ചൈനീസ് സാഹിത്യത്തിലും പാശ്ചാത്യസാഹിത്യത്തിലും അഗാധമായ പരിജ്ഞാനമുണ്ടായിരുന്നുവെങ്കിലും അതിനെ മറച്ചുവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നാട്യങ്ങളില്ലാത്ത, ലളിതമായ ശൈലി. ഒരു പക്ഷേ, കവിതയെക്കാളേറെ അദ്ദേഹം സ്നേഹിച്ചത് സ്ത്രീകളെയാണെന്നു പറയണം. അദ്ദേഹത്തിന്റെ പല കവിതകളും ചിത്രങ്ങളും സ്ത്രീകളോടുള്ള ശാരീരികാകർഷണത്തിന്റെ പ്രതിനിധാനങ്ങളുമാണ്.
Opposition
In my youth
I was opposed to school.
And now, again,
I’m opposed to work.
Above all it is health
And righteousness that I hate the most.
Theres nothing so cruel to man
As health and honesty.
Of course I’m opposed to the Japanese spirit
And duty and human feeling make me vomit.
I’m against any government anywhere
And show my bum to authors and artists circles.
When I’m asked for what I was born,
Without scruple, I’ll reply, To oppose.
When I’m in the east
I want to go to the west.
I fasten my coat at the left, my shoes right and left.
My hakama I wear back to front and I ride a horse facing its buttocks.
What everyone else hates I like
And my greatest hate of all is people feeling the same.
This I believe: to oppose
Is the only fine thing in life.
To oppose is to live.
To oppose is to get a grip on the very self.
Kaneko Mitsuharu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ