സാഫോ(Sappho)യുടെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയാനില്ല. ലെസ്ബോസ് എന്ന ഗ്രീക്കുദ്വീപിലെ ഒരു പ്രഭുകുടുംബത്തിൽ ക്രി.മു. 615നടുത്താണ് ജനനം. സെർസീലാസ് (Cercylas) എന്ന ധനികനെ വിവാഹം കഴിച്ചിരുന്നുവെന്നും ക്ലൈസ് (Cleis) എന്ന മകൾ ഉണ്ടായിരുന്നുവെന്നും അറിയാം. ലെസ്ബോസിലെ മിറ്റെലീനി (Mytilene) എന്ന നഗരത്തിൽ അവിവാഹിതകളായ യുവതികൾക്കു വേണ്ടി സാഫോ ഒരു വിദ്യാലയം നടത്തിയിരുന്നു. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രോഡിറ്റി(Aphrodite)ക്കും കാമദേവനായ ഇറോസിനും (Eros) സമർപ്പിക്കപ്പെട്ടതായിരുന്നു ആ വിദ്യാലയം. അദ്ധ്യാപികയും കവിയും എന്ന നിലയിൽ അവർ പ്രസിദ്ധയുമായിരുന്നു. റോമൻ കവിയായ ഓവിഡ് പറയുന്നത് ഫെയോൺ (Phaon) എന്ന യുവനാവികനുമായുള്ള പ്രണയം തകർന്നതിനെത്തുടർന്ന് ചെറുപ്പത്തിൽ തന്നെ സാഫോ ഒരു പാറക്കെട്ടിൽ നിന്നെടുത്തു ചാടി ജീവനൊടുക്കി എന്നാണ്. അങ്ങനെയല്ല, അറുപത്തഞ്ചാം വയസ്സിൽ മറ്റു കാരണങ്ങളാൽ മരിക്കുകയായിരുന്നു എന്നും ചില ചരിത്രകാരന്മാർ പറയുന്നു.
സാഫോയുടെ കാവ്യജീവിതത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ കിട്ടാനില്ല. വലിയൊരു കവിയായി പൗരാണികകാലത്ത് അറിയപ്പെട്ടിരുന്നു: പ്ലേറ്റോ ‘പത്താമത്തെ കാവ്യദേവത’ എന്ന് സാഫോയെ വിശേഷിപ്പിക്കുന്നുണ്ട്; നാണയങ്ങളിൽ അവരുടെ ചിത്രങ്ങൾ കാണാനുമുണ്ട്. ഇന്ന് ‘സാഫിക്’ എന്നറിയപ്പെടുന്ന വൃത്തം അവരുടെ സൃഷ്ടിയാണോ എന്നു വ്യക്തമല്ല. ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ അവരുടെ കവിതകൾ ഒമ്പതു പുസ്തകങ്ങളായി സമാഹരിക്കപ്പെട്ടുവെങ്കിലും അതെല്ലാം നഷ്ടമായി. 28 വരികളുള്ള ഒരു കവിതയൊഴികെ മറ്റൊന്നും പൂർണ്ണരൂപത്തിൽ കിട്ടാനില്ല. സാഫോയുടെ കവിതാശകലങ്ങളുള്ള പാപ്പിറസ്സുകൾ 1898ൽ കണ്ടെടുക്കപ്പെടുകയുണ്ടായി. 1914ൽ ഈജിപ്തിൽ നിന്നു കണ്ടെടുത്ത ചില ശവമഞ്ചങ്ങളിൽ സാഫോയുടെ കവിതകൾ രേഖപ്പെടുത്തിയ പാപ്പിറസ്സുകൾ ഉണ്ടായിരുന്നു.
സാഫോയുടെ മരണത്തിനു മൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ചില രചനകളിലാണ് അമിതമായ ലൈംഗികാസക്തിയുടേയും സ്വവർഗ്ഗപ്രണയത്തിന്റെയും പ്രതീകമായി അവർ മാറുന്നത്. ലെസ്ബിയനിസം എന്ന പദം തന്നെ അങ്ങനെയുണ്ടായതാണ്. 1073ൽ ഗ്രിഗറി എന്ന മാർപാപ്പ സാഫോയുടെ കവിതകൾ കത്തിച്ചുകളയാൻ ഉത്തരവിട്ടിരുന്നു.
സാഫോയുടെ കവിതകൾ Lyre എന്ന തന്ത്രിവാദ്യത്തിന്റെ അകമ്പടിയോടെ ഒരാൾക്കു പാടാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ഹോമറുടേതു പോലെ ദേവന്മാരെ സ്തുതിക്കുന്നതോ ഐതിഹാസികസംഭവങ്ങൾ വിവരിക്കുന്നതോ അല്ല ആ കവിതകൾ; ഒരാൾ മറ്റൊരാളോടു പറയുന്ന മട്ടിലാണ് കവിതയുടെ രൂപം. പ്രണയത്തിന്റെ കയ്പും മധുരവുമാണ് പ്രധാനമായ പ്രതിപാദ്യം.
1
എനിക്കു വേണ്ട തേൻ,
തേനീച്ചയും...
2
എന്റെയുടലിന്റെ കെട്ടഴിയുന്നു,
പ്രണയത്തിന്റെ വിഷം തീണ്ടിയതില്പിന്നെ...
3
പ്രണയമെന്റെ ഹൃദയമിളക്കി,
മലകളിലോക്കുമരങ്ങളെ
കാറ്റു പിടിച്ചുലയ്ക്കുമ്പോലെ...
4
എന്നെ നേരെ നോക്കൂ, പ്രിയനേ,
ഞാനറിയട്ടെ,
നിന്റെ കണ്ണുകളുടെ ചാരുത!
5
നാമിതു രുചിക്കുക!
ഇതിൽ പാപം കാണുന്നവനോ,
അവന്റെ പ്രാണനെടുക്കട്ടെ,
ശോകവുമാത്മാനുതാപവും!
6
ഈ തറിയിലിനി നെയ്യുക വയ്യമ്മേ,
അവനോടുള്ള പ്രണയമെന്റെ കണ്ണു മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.
7
മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...
8
എന്തിനോടുപമിക്കും,
നിന്നെ ഞാനെൻ പ്രിയനേ?
മുളംകൂമ്പു പോലെ നീ,
നേർത്തും വിളർത്തും.
9
വസന്തകാലസന്ധ്യക്ക്
പൂർണ്ണചന്ദ്രനുദിക്കുമ്പോൾ
ബാലികമാർ വട്ടമിട്ടിരിക്കുന്നു,
ബലിപീഠത്തിനു ചുറ്റുമെന്നപോലെ.
10
ഉയർന്നിട്ടാകട്ടെ പന്തൽ,
പണിക്കാരേ,
ആരിലുമുയരമുള്ളവൻ,
വരാനുള്ളവൻ,
വരൻ!
11
സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
ദൂരെ, ദൂരെ നിന്നും
എനിക്കു കിട്ടിയൊരു കാതരോപഹാരം.
12
മൃദുലേ,യകലെ നിന്നു
നോക്കിനിന്നു ഞാൻ നിന്നെ,
പാടിയും പൂവു നുള്ളിയും
ഉദ്യാനത്തിൽ വ്യാപരിക്കുന്ന നിന്നെ.
പൊന്നിലും പൊന്നാണു
നിന്റെ മുടിയിഴകൾ,
നിന്റെ ഗാനത്തിനെതിരല്ല
കിന്നരത്തിന്റെ സ്വരവും.
13
യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരു നാളുമൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ?
14
ആപ്പിൾ മരത്തിന്റെ തലപ്പത്ത്
ചുവന്നുതുടുത്തൊരാപ്പിൾപ്പഴം;
വിളവെടുത്തവർ കാണാതെ പോയതോ?
അല്ല, അവർക്കു കൈയെത്താതെ പോയത്.
15
മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു മുഖം പൊത്തുന്നു
നക്ഷത്രങ്ങൾ.
16
ദേവോപമനവൻ,
എനിക്കെതിരെയിരിക്കുന്നവൻ,
എന്റെ ചുണ്ടിന്റെ മാധുര്യത്തിനു
കാതോർത്തിരിക്കുന്നവൻ.
അവന്റെ ചിരി കേൾക്കുമ്പോൾ
എന്റെ നെഞ്ചു പിടയ്ക്കുന്നു,
അവൻ മുന്നിലെത്തുമ്പോൾ
എന്റെ നാവിറങ്ങിപ്പോകുന്നു.
ആളുന്ന തീയെന്റെയുടലെരിക്കുന്നു,
എന്റെ കണ്ണുകളിരുട്ടടയ്ക്കുന്നു,
എന്റെ കാതുകൾ കൊട്ടിയടയ്ക്കുന്നു,
ഞാൻ വിയർത്തുകുളിക്കുന്നു,
ഒരു കിടുങ്ങലെന്നിലൂടെപ്പായുന്നു,
വേനലിൽ പുല്ലു പോലെ ഞാൻ വിളറുന്നു,
മരണമടുത്തവളെപ്പോലെയാകുന്നു ഞാൻ.
17
പ്രഭാതം ചിതറിച്ചതൊക്കെയും
അന്തിനക്ഷത്രമേ, നീ തടുത്തുകൂട്ടുന്നു.
കാടു കാട്ടി നടന്ന കുട്ടികൾ
അമ്മമാരുടെ മടിയിലേക്കു കുതിക്കുന്നു,
ആടുകളാലയിലേക്കു മടങ്ങുന്നു,
ചിറകുകൾ കൂടണയുന്നു.
18
ഇതാ, പ്രഭാതം,
പൊന്‍പാദുകങ്ങളുമായി!
19
ഞാനെന്നോടു തന്നെ ചോദിച്ചു,
നീയെന്തു നല്കും സാഫോ,
അഫ്രോഡിറ്റിയെപ്പോലെല്ലാം
തികഞ്ഞവൾക്ക്?
ഞാൻ പറഞ്ഞു,
വെളുത്ത പെണ്ണാടിന്റെ
കൊഴുത്ത തുടയെല്ലുകൾക്കു മേൽ
ഞാനവൾക്കു വീഞ്ഞു തൂവും.
20
വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളാണവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.
21
നീ മറന്നാലും ഞാൻ പറയട്ടെ,
നമ്മെയോർമ്മിക്കാനുണ്ടാവും
വരും കാലത്തൊരാളെങ്കിലും.
22
ഈ രണ്ടു കൈകൾ കൊണ്ട്
മാനത്തെയെത്തിപ്പിടിക്കാനോ?
ഞാനതു മോഹിക്കേണ്ട.
23
ഇനിയും നിന്നോടു പറയണോ ക്ളൈസ്,
വിലാപത്തിന്റെ ശബ്ദങ്ങളുചിതമല്ല,
കവിയായിട്ടൊരാൾ ജീവിച്ച വീട്ടിലെന്ന്?
നമ്മുടെ നിലയ്ക്കതു ചേരില്ലെന്നും?
(മരണക്കിടക്കയിൽ വച്ച് മകളെ വിളിച്ചു പറഞ്ഞതാണത്രെ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ