2017, ജൂൺ 2, വെള്ളിയാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - കോട്ടമതിലിൽ നിന്നുള്ള കാഴ്ച


andersen

ശരൽക്കാലമാണ്‌; കോട്ടമതിലിൽ കയറിനിന്നു  നോക്കുമ്പോള്‍ *സൌണ്ട് കടലിടുക്കിലൂടെ പായ വിരിച്ചോടുന്ന കപ്പലുകൾ ഞങ്ങൾക്കു കാണാം; സാന്ധ്യവെളിച്ചത്തിൽ അക്കരെ സ്വീഡന്റെ കരയും ഞങ്ങളുടെ കാഴ്ചയിൽ വരുന്നുണ്ട്. ഞങ്ങൾക്കു പിന്നിൽ ചെങ്കുത്തായുള്ള കോട്ടമതിലിനെ വലയം ചെയ്തു നിൽക്കുന്ന പ്രബലവൃക്ഷങ്ങളിൽ നിന്ന് പഴുക്കിലകൾ കൊഴിഞ്ഞുവീഴുന്നു. ഞങ്ങൾക്കു താഴെ, മതിലിനു ചുവട്ടടിയിലായി, ചുറ്റും മരവേലികളുള്ള ഇരുണ്ടു മ്ളാനമായ ചില കെട്ടിടങ്ങൾ ഞങ്ങൾക്കു കാണാം. അതിലുമിരുണ്ടതും മ്ളാനവുമാണ്‌, ആ ഇരുണ്ട കമ്പിയഴികൾക്കു പിന്നിൽ; കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നതവിടെയാണല്ലൊ.

അസ്തമയസൂര്യനിൽ നിന്നൊരു രശ്മി ഒരു കുറ്റവാളിയുടെ തടവറയിലേക്കു ചെന്നുകേറുന്നു. നല്ലവർക്കും കെട്ടവർക്കും മേൽ ഒരേ പോലെയാണല്ലോ സൂര്യൻ തിളങ്ങുക! മുഖം മുഷിഞ്ഞ, മനം കടുത്ത ആ തടവുകാരൻ ആ വെയിൽനാളത്തെ അക്ഷമയോടെ ഉറ്റുനോക്കുന്നു. ഒരു ചെറുകിളി കമ്പിയഴികൾക്കടുത്തേക്കു പറന്നെത്തുന്നു. നല്ലവർക്കും കെട്ടവർക്കും ഒരേപോലെയാണല്ലോ കിളി പാടിക്കൊടുക്കുക! ചെറുതായൊന്നു ചിലച്ചതില്പിന്നെ അത് അഴിയിൽ പറന്നുചെന്നിരിക്കുന്നു, ചിറകു രണ്ടും വിടർത്തുന്നു, നെഞ്ചത്തു നിന്നൊരു തൂവൽ കൊത്തിയിടുന്നു, പിന്നെ ദേഹമൊന്നു കുടഞ്ഞ് ഉഷാറാവുകയും ചെയ്യുന്നു. തുടലിൽ കിടക്കുന്ന കുറ്റവാളി അതിനെത്തന്നെ നോക്കിയിരിക്കുകയാണ്‌; അയാളുടെ കടുപ്പിച്ച മുഖഭാവം ഒന്നയഞ്ഞപോലെ. അയാളുടെ മനസ്സിൽ എന്തോ ഒരു ചിന്ത ഊറിപ്പൊങ്ങുകയാണ്‌- അയാൾക്കു തന്നെ ഇന്നതെന്നറിയാത്തതൊന്ന്. പക്ഷേ ആ വെയിൽനാളവുമായി ബന്ധപ്പെട്ടതാണത്, വസന്തമെത്തുമ്പോൾ ജനാലയ്ക്കു പുറത്ത് സമൃദ്ധമായി വളരുന്ന വയലറ്റ് പൂക്കളുടെ ഗന്ധവുമായി ബന്ധപ്പെട്ടതാണത്. അപ്പോഴതാ, തെളിഞ്ഞും നിറഞ്ഞും ഒരു വേട്ടക്കാരന്റെ കുഴൽവിളി കേൾക്കാകുന്നു. കമ്പിയഴിയിൽ നിന്നു കിളി പറന്നകലുന്നു, വെയിൽനാളം പിൻവാങ്ങുന്നു, തടവറയ്ക്കുള്ളിൽ, കുറ്റവാളിയുടെ നെഞ്ചിനുള്ളിൽ പിന്നെയും ഇരുട്ടു മാത്രമാകുന്നു. എന്നാലും ആ ഹൃദയത്തെ ഒരു സൂര്യരശ്മി ഒന്നു തൊട്ടുവല്ലോ, ഒരു കിളിയുടെ കൊഞ്ചൽ അതിനെ ഒന്നു സ്പർശിക്കുകയും ചെയ്തു.

വേട്ടക്കാരുടെ കാഹളങ്ങളേ, നിങ്ങളാഹ്ളാദത്തോടെ മുഴങ്ങിക്കോളൂ! സായാഹ്നം സൌമ്യം; ചില്ലുപാളി പോലെ മിനുസമായ കടല്പരപ്പാവട്ടെ, മൃദുതാളത്തിൽ ശ്വാസമെടുക്കുന്ന മാറിടം പോലെയും.
(1846 ഡിസംബർ)


*The Sound (ഡാനിഷില്‍ Øresund)- ഡെന്മാര്‍ക്കിനും സ്വീഡനും ഇടയിലുള്ള കടലിടുക്ക്

A Picture from the Ramparts
A translation of Hans Christian Andersen's "Et Billede fra Castelsvolden" by Jean Hersholt.

It is autumn, and we are standing on the ramparts of the citadel, gazing at the ships on the sound and the distant coast of Sweden rising beyond, bright in the evening sunlight. Behind us the ramparts drop abruptly; growing below us are stately trees whose golden leaves are falling from their branches. Down below them are dark and gloomy buildings with wooden palisades, and inside, where the sentry paces back and forth, it is dreary and dark. But behind the grated windows it is still darker and drearier, for here are confined the most hardened criminals, the convict slaves.

A sunbeam from the setting sun creeps into the bare dungeon, for the sun shines on good and evil alike. A sullen, savage prisoner glares bitterly at the cold sunbeam. Then a tiny bird flutters against his grated window, for the bird too sings for the evil as well as for the good. For a moment it twitters softly, "Qvivit," then remains perched on the grating, fluttering its wings, plucking a feather from its breast, and ruffling up its plumage.

As the chained criminal gazes at it, a milder expression steals softly over his ugly face. A feeling that he scarcely realizes slowly enters his heart-a feeling that is somehow akin to the sunbeam that has strayed through the grating, and the scent of violets that in the spring bloom so abundantly outside his prison.

Now there sound the clear, strong, and lively notes of the huntsman's horn. Away from the grating flies the startled bird, the sunbeam fades; all is again dark in the cell and in the heart of the wicked man. But for one brief moment the sun has shone therein, and the little song of the bird has been heard.

Keep on, sweet tones of the huntsman's horn! For the evening is mild, and the sea as calm and smooth as a mirror.

Link to English Translation

andersen book cover

അഭിപ്രായങ്ങളൊന്നുമില്ല: