2017, ജൂൺ 16, വെള്ളിയാഴ്‌ച

ഗബ്രിയേല മിസ്ത്രൽ - ഗദ്യകവിതകള്‍


ചുംബനം

യേശുവിനെ ഒറ്റിക്കൊടുത്തന്നു രാത്രിയിൽ അല്പനേരത്തേക്കു യൂദാ ഉറങ്ങി; ഉറക്കത്തിൽ യൂദാ സ്വപ്നം കണ്ടു; നാം സ്നേഹിക്കുന്നവരെയോ, നാം കൊല്ലാനൊരുങ്ങുന്നവരെയോ അത്രെ, നാം സ്വപ്നം കാണുന്നു.

യേശു അവനോടു പറഞ്ഞു: “നീ എന്തിനെന്നെ ചുംബിച്ചു? നിനക്കു നിന്റെ വാളു കൊണ്ടെന്നെ വരയാമായിരുന്നല്ലോ, എന്നെ അടയാളപ്പെടുത്താൻ. എന്റെ ചോര ഒരുങ്ങിയിരിക്കുകയായിരുന്നു, ഒരു പാനപാത്രം പോലെ, നിന്റെ ചുണ്ടുകൾക്കായി; എന്റെ ഹൃദയം മരണത്തെ ചെറുത്തതുമില്ല. ഒലീവുചില്ലകൾക്കിടയിൽ നിന്റെ മുഖമുയരുന്നതും നോക്കിയിരിക്കുകയായിരുന്നു ഞാൻ.

”നീയെന്തിനെന്നെ ചുംബിച്ചു? നീയിതു ചെയ്തതിനാൽ ഒരമ്മയുമിനി മകനെ ചുംബിക്കില്ല; സ്നേഹം കൊണ്ടു മണ്ണിനെ ചുംബിക്കുന്നതൊക്കെ, ഇലകളും വെയിലും, നിഴലിന്റെ ലാളനകളെ ചെറുക്കുകയും ചെയ്യും. വെളിച്ചത്തിൽ നിന്നു ഞാൻ ആ ചുംബനമെങ്ങനെ തുടച്ചുമാറ്റും, ഈ വസന്തകാലത്തെ ലില്ലിപ്പൂവുകളെയതു വാട്ടാതിരിക്കാൻ? ഹാ, നിന്നെ വിശ്വസിച്ച ലോകത്തെ വഞ്ചിച്ചുവല്ലോ, നീ.

“നീയെന്തിനെന്നെ ചുംബിച്ചു? കൊലയാളികൾ ദണ്ഡുകളും കത്തികളും തുടച്ചുവയ്ക്കുകയായി; വൃത്തിയുള്ളവയാണവ. തീക്കുണ്ഢങ്ങളല്ലാതെ ചുംബനങ്ങൾ പണ്ടുണ്ടായിട്ടില്ല.

“ഇനിയെങ്ങനെ നീ ജീവിക്കും? മരത്തിന്റെ തൊലിയ്ക്കു മുറിവുകൾ പൊരുത്തമാകും; മറ്റേതു ചുണ്ടുകൾ കൊണ്ടു പക്ഷേ, നീ ചുംബിക്കാൻ? അമ്മയെ നീ ചുംബിച്ചാൽ ആ സ്പർശം കൊണ്ടവർ വിളറിവെളുക്കും, നിന്റെ നേരറിഞ്ഞപ്പോൾ വെളുത്തുപോയ ഒലീവുമരങ്ങളെപ്പോലെ.

”യൂദാ, യൂദാ, ആ ചുംബനം ആരു നിന്നെ പഠിപ്പിച്ചു?“

”വേശ്യ,“ ശ്വാസം മുട്ടിക്കൊണ്ടവൻ പറഞ്ഞു; ചോര തന്നെയായ വിയർപ്പിൽ അവൻ മുങ്ങി; സ്വന്തം ചുണ്ടുകളവൻ കാർന്നു, തൊലി മരച്ചൊരു മരം പോലെ.

യൂദായുടെ തലയോട്ടിയിൽ ചുണ്ടുകൾ ശേഷിച്ചു. അടർന്നുവീഴാതെ അവ തങ്ങിനിന്നു, പാതി തുറന്നും, ചുംബനം ദീർഘിപ്പിച്ചും. അവയടയ്ക്കാനായി അവന്റെ അമ്മ ഒരു കല്ലെടുത്തുവച്ചു; പുഴുക്കളവ കാർന്നു; അഴുകാനായി മഴയവയെ കുതിർത്തു.ഒക്കെ വിഫലം. അവ ചുംബിച്ചുകൊണ്ടേയിരിക്കുന്നു, മണ്ണിനടിയിലും.


ശത്രു

ഞാന്‍ മണ്ണായിക്കഴിഞ്ഞെന്നു  ഞാൻ സ്വപ്നം കണ്ടു: വഴിയരികിൽ കറുത്ത മണ്ണിന്റെ ആറടി നീളം. സന്ധ്യക്കു കറ്റക്കെട്ടുകളും കയറ്റി വണ്ടികൾ കടന്നുപോകുമ്പോൾ അവ ശേഷിപ്പിച്ച ഗന്ധത്തിൽ പിറന്ന നാടിന്റെ ഓർമ്മകളുണർന്ന് ഞാൻ കോരിത്തരിച്ചു. പിന്നെ ഒരു പറ്റം കൊയ്ത്തുകാർ എന്നെയും കടന്നുപോയപ്പോൾ ആ ഓർമ്മകൾ വീണ്ടും എന്നിലുയർന്നു. അന്തിപ്പൂജയ്ക്കു മണി മുഴങ്ങുമ്പോൾ അന്ധമായ മണ്ണിനടിയിൽ കിടന്നുകൊണ്ട് എന്റെ ആത്മാവ് ദൈവത്തെ ഓർമ്മിച്ചു.

എനിക്കരികിൽ ഒരു സ്ത്രീയുടെ മുലയുടെ വടിവിൽ ചെമ്മണ്ണു കൂമ്പാരം കൂടിക്കിടന്നിരുന്നു; അതിനുമുണ്ടാവും ഒരാത്മാവെന്ന തോന്നലോടെ ഞാൻ ചോദിച്ചു:

“നിങ്ങളാരാ?”

“ഞാൻ,” അതു പറഞ്ഞു, “നിന്റെ ശത്രു, ഒരാലോചനയുമില്ലാതെ ‘ശത്രു’വെന്നു നീ വിളിച്ചവൾ.”

ഞാൻ പറഞ്ഞു:

“ഞാൻ മാംസമായിരുന്നപ്പോൾ, യൌവനം നിറഞ്ഞ, ധാർഷ്ട്യം നിറഞ്ഞ മാംസമായിരുന്നപ്പോൾ ഞാൻ വെറുത്തു. ഇന്നു പക്ഷേ ഞാൻ കറുത്തിരുണ്ട വെറും മൺപൊടി മാത്രമാണ്‌; ഇന്നു ഞാൻ എനിക്കു മേൽ വളരുന്ന മുൾച്ചെടികളെപ്പോലും സ്നേഹിക്കുന്നു, എന്നെ മുറിപ്പെടുത്തിക്കൊണ്ടു കടന്നുപോകുന്ന വണ്ടിച്ചക്രങ്ങളെയും സ്നേഹിക്കുന്നു.”

“എന്റെയും വെറുപ്പുകൾ ഒടുങ്ങിക്കഴിഞ്ഞു,” അവൾ പറഞ്ഞു, “യാതനകൾ ഏറെയറിഞ്ഞതിനാൽ ഒരു മുറിവു പോലെ ചെന്നിറമായിരിക്കുന്നു ഞാൻ; എനിക്കു നിന്നെ സ്നേഹിക്കണമെന്നു ഞാൻ വാശി പിടിച്ചതിനാൽ അവർ എന്നെ നിനക്കരികിൽ വച്ചു.”

“നീ ഒന്നുകൂടി എനിക്കരികിലായിരുന്നെങ്കിൽ,” ഞാൻ പറഞ്ഞു, “എന്റെ കൈകൾ നിന്നിലേക്കെത്തുന്നില്ലല്ലോ.”

“നീ എന്റെ ഹൃദയത്തിനരികിലായിരുന്നെങ്കിൽ,” അവൾ പറഞ്ഞു, “നിന്റെ വെറുപ്പിന്റെ പൊള്ളലറിഞ്ഞ എന്റെ നെഞ്ചിനരികെ.”

ഒരുച്ചതിരിഞ്ഞ നേരം അതു വഴി കടന്നുപോയ ഒരു കുംഭാരൻ വിശ്രമിക്കാനായി ഞങ്ങൾക്കരികിൽ വന്നിരുന്നു; രണ്ടു കളിമണ്ണിനെയും അയാൾ കൈയിലെടുത്തോമനിച്ചു.

“രണ്ടും നല്ല മൃദുത്വമുള്ളവ,” അയാൾ പറഞ്ഞു. “രണ്ടും ഒരേ പോലെ മൃദു, ഒന്നു കറുത്തും മറ്റേതു ചോരച്ചുവപ്പുമാണെന്നേയുള്ളു. ഞാൻ രണ്ടും കൊണ്ടുപോയി ഒരു പാത്രമുണ്ടാക്കും.”

കുംഭാരൻ ഞങ്ങളെ കൂട്ടിക്കലർത്തി; മറ്റൊന്നും ഇതേപോലെ തമ്മിൽ കലർന്നിട്ടുണ്ടാവില്ല; രണ്ടിളംകാറ്റുകൾ പോലെ, രണ്ടൊഴുക്കുകൾ പോലെ ഞങ്ങൾ ഇഴുകിച്ചേർന്നു.

എരിയുന്ന ചൂളയിൽ അയാൾ ഞങ്ങളെ വച്ചപ്പോൾ സൂര്യൻ കണ്ടതിൽ വച്ചേറ്റവും ദീപ്തമായ, സുന്ദരമായ നിറം ഞങ്ങൾ കൈവരിച്ചു: ഇതളുകളപ്പോൾ വിടർന്ന വർണ്ണോജ്ജ്വലമായ ഒരു പനിനീർപ്പൂവായിരുന്നു അത്...

അതിസാധാരണമായ ഒരു പാത്രമായിരുന്നു അത്, അലങ്കാരങ്ങളില്ല, കൊത്തുപണികളില്ല, ഞങ്ങളെ വേർപെടുത്താൻ യാതൊന്നുമില്ല. അതിനെ ചൂളയിൽ നിന്നെടുത്തപ്പോൾ കുംഭാരനു തോന്നി അതു കളിമണ്ണിൽ മെനഞ്ഞ വസ്തുവൊന്നുമല്ല, ഒരു പൂവാണെന്ന്: ദൈവത്തെപ്പോലെ അയാൾ ഒരു പൂവിന്റെ സൃഷ്ടി നടത്തിയിരിക്കുന്നു!

ആ മൺകുടത്തിലൊഴിക്കുന്നതെന്തും അത്രയ്ക്കു മധുരിച്ചിരുന്നു; അതു വാങ്ങിയ മനുഷ്യൻ കയ്ച്ചിട്ടിറക്കാൻ പാടില്ലാത്ത പാനീയങ്ങൾ അതിലൊഴിച്ചുവച്ചിരുന്നു, തേൻ പോലവ മധുരിക്കാൻ. ഇനി, കായീന്റെ ആത്മാവിനെത്തന്നെ അതിലൊന്നു മുക്കിയെടുത്തുവെന്നിരിക്കട്ടെ, തേനിറ്റുന്ന തേനട പോലെ അതതിൽ നിന്നുയർന്നുവരുമായിരുന്നു.


വൈരൂപ്യം

നിങ്ങൾക്കിനിയുമതിന്റെ പൊരുൾ തിരിഞ്ഞുകിട്ടിയിട്ടില്ല- വൈരൂപ്യത്തിന്റെ രഹസ്യം. നിങ്ങൾക്കു പിടി കിട്ടുന്നില്ല, വയലിലെ ലില്ലിപ്പൂക്കൾക്കു നാഥനായ നമ്മുടെ ദൈവം അതേ വയലിൽ എങ്ങനെ പൊറുപ്പിക്കുന്നു സർപ്പത്തെയെന്ന്, കിണറ്റിൽ തവളയെ എന്ന്.

അവൻ അവരെയും പൊറുപ്പിക്കുന്നു; മഞ്ഞു വീണ പായലിലൂടെ അവൻ അവരെയും കടത്തിവിടുന്നു.

വിരൂപമായതേതിനുമുള്ളിലുണ്ട് ദ്രവ്യത്തിന്റെ രോദനം; അതു കരയുന്നതു ഞാൻ കേട്ടിരിക്കുന്നു. ആ വേദന കാണൂ, അതിനെ സ്നേഹിക്കൂ. ചിലന്തിയെയും വണ്ടിനെയും സ്നേഹിക്കൂ, വേദനിക്കുകയാണവയെന്നതിനാൽ, ആഹ്ളാദത്തിന്റെ വിടർച്ചയാവാൻ അവയ്ക്കു കഴിയുന്നില്ലെന്നതിനാൽ. അവയെ സ്നേഹിക്കൂ, സൌന്ദര്യത്തിനായുള്ള അപഥസഞ്ചാരമാണവയെന്നതിനാൽ, പൂർണ്ണതയ്ക്കായുള്ള മൌനദാഹമാണവയെന്നതിനാൽ.

അങ്ങനെയാവരുതെന്നു നിങ്ങൾക്കുണ്ടായിട്ടും പാഴായായിപ്പോയ, ദുരിതം നിറഞ്ഞതായ ഒരു ദിവസം പോലെയാണവ. അവയെ സ്നേഹിക്കൂ, അവ ദൈവത്തെ ഓർമ്മിപ്പിക്കുന്നില്ലെന്നതിനാൽ, ആ മനോഹരമുഖം നമുക്കായി ആവാഹിച്ചുവരുത്തുന്നില്ലെന്നതിനാൽ. തങ്ങളിലേക്കെത്താത്ത സൌന്ദര്യത്തിനായി ക്ളേശിച്ചും അടങ്ങാത്ത ദാഹത്തോടെയും തേടിനടക്കുന്നവയിൽ സഹാനുഭൂതിയുള്ളവരാകൂ. സ്ഥൂലിച്ച ചിലന്തി നേർത്ത വലയ്ക്കുള്ളിലിരുന്നു സ്വപ്നം കാണുകയാണ്‌, ഒരാദർശലോകത്തെ; വണ്ടു ഭാവന ചെയ്യുന്നു, തന്റെ കറുത്ത മുതുകത്തു വീണ മഞ്ഞുതുള്ളി ഒരു ക്ഷണികതേജസ്സാണെന്നും.


ചെളിക്കുണ്ട്

ആകെ കെട്ടുനാറുന്നൊരു ചെളിക്കുണ്ടുണ്ടായിരുന്നു. അതിൽ വന്നുവീഴുന്നതൊക്കെ മലിനപ്പെട്ടു: അടുത്ത മരത്തിൽ നിന്നു പൊഴിയുന്ന ഇലകൾ, കിളിക്കൂട്ടിൽ നിന്നുള്ള പപ്പും പൂടയും; അതിനടിത്തട്ടിലെ പുഴുക്കൾ പോലും മറ്റു ചെളിക്കുണ്ടുകളിലെ പുഴുക്കളെക്കാൾ കറുത്തവയായിരുന്നു. അതിനരികു പറ്റി ഒരു പച്ചത്തണ്ടു പോലും വളർന്നിരുന്നില്ല.

അടുത്തൊരു മരവും കുറേ കൂറ്റൻ പാറക്കല്ലുകളും കൂടി അതിനെ വലയം ചെയ്തു നില്ക്കുകയായിരുന്നു; അങ്ങനെ സൂര്യൻ അതിനെ കാണാതെപോയി; സൂര്യൻ എന്നൊരു സംഗതിയുണ്ടെന്ന് അതിനുമറിയാതെപോയി.

അങ്ങനെയൊരു ദിവസം പക്ഷേ, അടുത്തൊരു കെട്ടിടം പണിക്കു വന്ന ജോലിക്കാർ വലിയ കല്ലുകൾ അന്വേഷിച്ച് അതുവഴി വന്നു.

ഇതു നടക്കുമ്പോൾ സന്ധ്യയായിക്കഴിഞ്ഞിരുന്നു. പിറ്റേന്നാൾ ആദ്യത്തെ വെയിൽക്കതിർ മരങ്ങൾക്കിടയിലൂടെ ചെളിക്കുണ്ടിലേക്കൂർന്നുവീണു...

സൂര്യന്റെ പൊൻവിരൽ തൊട്ടപ്പോൾ താറു പോലെ കറുത്തിരുന്ന വെള്ളം തെളിഞ്ഞുതുടങ്ങി: ആദ്യമത് ഇളം ചുവപ്പുനിറമായി, പിന്നെ വയലറ്റായി, പിന്നെ അതൊരു വർണ്ണരാജിയായി; വിസ്മയപ്പെടുത്തുന്നൊരു രത്നം!

ആ ദീപ്തബാണം തന്നിലാണ്ടിറങ്ങിയപ്പോൾ ആദ്യമൊരു സംഭ്രമം, പിന്നെ വിസ്മയം; പിന്നെ സ്വന്തം രൂപപ്പകർച്ച കണ്മുന്നിൽ കാണുന്നതിൽ വിചിത്രമായൊരാഹ്ളാദം; പിന്നെ...നിർവൃതി, ഒരു ദിവ്യസാന്നിദ്ധ്യം തന്നിലേക്കിറങ്ങിവരുമ്പോൾ നാവു നഷ്ടപ്പെട്ടൊരാരാധന.

തങ്ങൾക്കു ചുറ്റും സംഭവിക്കുന്ന ഈ പരിവർത്തനത്തിൽ അടിത്തട്ടിലെ പുഴുക്കൾ ആദ്യമൊക്കെ വല്ലാതെ വിരണ്ടുപോയി; പിന്നെ അവയുടെ സംഭ്രമമടങ്ങി; ഇപ്പോൾ തങ്ങൾക്കാകാശമായ ആ സുവർണ്ണവിതാനം അവർ സമചിത്തതയോടെ കണ്ടുനിന്നു.

അങ്ങനെ പ്രഭാതം കടന്നുപോയി, അപരാഹ്നവും പിന്നെ സായാഹ്നവും. അടുത്ത മരവും അതിലെ കിളിക്കൂടും കൂട്ടിലെ കിളിയുമൊക്കെ തങ്ങളുടെ കണ്മുന്നിൽ അരങ്ങേറുന്ന ആ മോക്ഷത്തിന്റെ ആഘാതം ഉള്ളിലറിഞ്ഞു.

അതിലും വിചിത്രമായതൊന്നാണ്‌ സൂര്യനസ്തമിച്ചപ്പോൾ അവർ കണ്ടത്.

പകലു മുഴുവൻ സൂര്യന്റെ ഊഷ്മളലാളനകളെ സാവധാനമായി, അദൃശ്യമായി ആ ചെളിവെള്ളം വലിച്ചെടുക്കുകയായിരുന്നു. അവസാനത്തെ രശ്മിയോടൊപ്പം അവസാനത്തെ നീർത്തുള്ളിയും അപ്രത്യക്ഷമായി. ആ ചെളിക്കുണ്ടൊഴിഞ്ഞുകിടന്നു, കാഴ്ച വറ്റിപ്പോയ കൂറ്റനൊരു കൺകുഴി പോലെ.

പഞ്ഞിക്കെട്ടു പോലൊരു മൃദുമേഘം തങ്ങൾക്കു മേലേ കൂടി ഒഴുകിനീങ്ങുമ്പോൾ മരവും കിളിയും ഒരുതരത്തിലുമൂഹിച്ചില്ല, ആകാശത്തെ ആ ചാരുത തങ്ങളുടെ അയൽവാസിയായിരുന്നുവെന്ന്, മാലിന്യം കൊണ്ടുദരം നിറച്ച ആ ചെളിക്കുണ്ടായിരുന്നുവെന്ന്.

.....

അങ്ങു താഴെ വേറെയും ചെളിക്കുണ്ടുകളുണ്ടല്ലോ; അവയ്ക്കു സൂര്യൻ വിലക്കുന്ന കല്ലുകളുരുട്ടിമാറ്റാൻ ദൈവം ആരെയും അയച്ചിട്ടില്ലേ?


ഗാനം

താഴ് വാരത്ത് ഒരു സ്ത്രീ പാടുകയാണ്‌. വന്നുമൂടുന്ന അന്ധകാരം അവളെ മായ്ച്ചുകളയുന്നു; പക്ഷേ അവളുടെ ഗാനം ഗ്രാമത്തിനു മേൽ അവളെ എടുത്തുയർത്തുകയാണ്‌.

അവളുടെ ഹൃദയം തകർന്നുപോയിരിക്കുന്നു, ഇന്നുച്ചയ്ക്ക് അരുവിത്തടത്തിലെ കല്ലുകൾക്കു മേൽ ഉടഞ്ഞുവീണ അവളുടെ മൺകുടം പോലെ. എന്നിട്ടും അവൾ പാടുകയാണ്‌. പുറമേ കാണാനില്ലാത്തൊരു മുറിവിലൂടെ കടന്നുപോകുമ്പോൾ ആ ഗാനത്തിന്റെ ഇഴയ്ക്കു മൂർച്ച കൂടുകയാണ്‌. അവൾ സ്വരമൊന്നു ഭേദപ്പെടുത്തുമ്പോൾ അവളുടെ ശബ്ദത്തിന്‌ ചോരയുടെ നനവു പകരുകയുമാണ്‌.

ഗ്രാമത്തിൽ അന്യശബ്ദങ്ങൾ അവയുടെ ദൈനന്ദിനമരണത്തിനു വഴങ്ങി നിശബ്ദമായിക്കഴിഞ്ഞു. ഒരു നിമിഷം മുമ്പായിരുന്നു, അവസാനത്തെ പക്ഷിയുടെ ഗാനം ഇടറിയിടറി നിലച്ചതും. മരണമില്ലാത്ത അവളുടെ ഹൃദയം, നോവിന്റെ ജീവൻ തുടിക്കുന്ന അവളുടെ ഹൃദയം നിശബ്ദമാവുന്ന ശബ്ദങ്ങളെയെല്ലാം അവളുടെ സ്വരത്തിലേക്ക്, ഇപ്പോൾ മൂർച്ച കൂടിയെങ്കിലും എന്നും മധുരമായ അവളുടെ സ്വരത്തിലേക്കു സഞ്ചയിക്കുന്നു.

അവൾ പാടുന്നത് സന്ധ്യക്കു മൌനമായി അവളെ നോക്കിയിരിക്കുന്ന ഒരു ഭർത്താവിനു വേണ്ടിയാണോ, അതോ അവളുടെ ഗാനത്തിലേക്കലിയുന്ന ഒരു കുഞ്ഞിനു വേണ്ടിയോ? ഇനിയഥവാ, ഇരുട്ടു വീഴുമ്പോൾ ഒറ്റയ്ക്കായിപ്പോയ ഒരു കുട്ടിയെപ്പോലെ തുണയറ്റ തന്റെ സ്വന്തം ഹൃദയത്തിനു വേണ്ടിയാവാം അവൾ പാടുന്നത്.

തന്റെ കൈകളിലേക്കോടിവരുന്ന ആ ഗാനം കാരണം ആസന്നരാത്രി ഒരമ്മയെപ്പോലാകുന്നു; മനുഷ്യന്റെ ഹൃദയാർദ്രതയോടെ നക്ഷത്രങ്ങൾ വിടർന്നുവരുന്നു; നക്ഷത്രാവൃതമായ ആകാശം മാനുഷികമാകുന്നു, അതിനു മണ്ണിന്റെ നോവറിയാമെന്നുമാകുന്നു.

പകലു പെയ്യുന്ന മഴ പോലെ നിർമ്മലമായ ആ ഗാനം മണ്ണിനെ കഴുകിയെടുക്കുന്നു; മനുഷ്യർ അന്യോന്യം വെറുത്ത നീചമായ ഒരു പകലിനെ അതു കഴുകിയെടുക്കുന്നു. പാടുന്നൊരു സ്ത്രീയുടെ തൊണ്ടയിൽ നിന്നും പകൽ ഉദ്ഗമിക്കുന്നു, നക്ഷത്രങ്ങളെ നോക്കി അഭിജാതമായതുയരുന്നു.


നാലിതൾപ്പൂവ്

എന്റെ ആത്മാവ് ഒരിക്കൽ ഒരു വന്മരമായിരുന്നു; ഒരു കോടി മധുരഫലങ്ങൾ അന്നതിൽ വിളഞ്ഞുകിടന്നിരുന്നു. അന്നെന്നെ കാണുക തന്നെ ഒരു നിറവായിരുന്നു; എന്റെ ചില്ലകൾക്കിടയിൽ ഒരു നൂറു കിളികളുടെ പാട്ടു കേൾക്കുക ഒരു പ്രഹർഷമായിരുന്നു!

പില്ക്കാലം എന്റെ ആത്മാവൊരു കുറ്റിച്ചെടിയായി; ശാഖകൾ വിരളമായ, ശുഷ്ക്കിച്ചൊരു മുൾച്ചെടി; എന്നാലും വാസനിക്കുന്നൊരു കറ അതിൽ നിന്നിറ്റിയിരുന്നു.

ഇന്നതു വെറുമൊരു പൂവായിരിക്കുന്നു, നാലിതളുള്ളൊരു കുഞ്ഞുപൂവ്. ഒന്നിനു പേര്‌ സൌന്ദര്യം, മറ്റേത് പ്രണയം; രണ്ടും എന്നും ഒരുമിച്ചായിരിക്കും; പിന്നെയൊന്നുള്ളത് ശോകം, ശേഷിച്ചത് ദയ. അങ്ങനെ, ഒന്നൊന്നായി ഇതളുകൾ വിരിഞ്ഞു; അതിലധികം ഇതളുകൾ അതിനുണ്ടാവുകയുമില്ല.

ഓരോ ഇതളിനും ചുവട്ടിലൊരു ചോരത്തുള്ളിയുണ്ടായിരുന്നു: സൌന്ദര്യം എനിക്കു ശോകമയമായിരുന്നതിനാൽ, പ്രണയമെനിക്കു കൊടുംയാതനയായിരുന്നതിനാൽ, എന്റെ ദയയും ഒരു മുറിവിൽ നിന്നു ജനിച്ചതായിരുന്നതിനാൽ.

ഒരു വന്മരമായിരുന്നപ്പോൾ എന്നെ അറിഞ്ഞിരുന്ന നിങ്ങൾ, ഇത്ര വൈകി, ഈ സന്ധ്യനേരത്ത് എന്നെത്തേടിവന്ന നിങ്ങൾ, നിങ്ങൾ ഒരുവേള എന്നെ കണ്ടിട്ടറിയാതെ കടന്നുപോയെന്നു വരാം.

പൊടിയിൽ കിടന്നുകൊണ്ട് മൌനമായി ഞാൻ നിങ്ങളെ നിരീക്ഷിക്കും; നിങ്ങളുടെ മുഖം കൊണ്ടെനിക്കു മനസ്സിലാവും, ഒരു കണ്ണീർത്തുള്ളി പോലെ ക്ഷണികമായ ഒരു കുഞ്ഞുപൂവു കൊണ്ട് നിങ്ങൾ തൃപ്തനാവുമോയെന്ന്.

ഉത്കർഷേച്ഛയാണു നിങ്ങളുടെ കണ്ണുകളിൽ ഞാൻ കാണുന്നതെങ്കിൽ കനികൾ കൊണ്ടു ചെമ്പിച്ച വന്മരങ്ങൾക്കടുത്തേക്കു പോകട്ടെ നിങ്ങളെന്നു ഞാൻ വയ്ക്കും.

എന്തെന്നാൽ, ഇന്ന്, ഈ പൊടിയിൽ എന്നോടൊപ്പം എനിക്കു കൈക്കൊള്ളാനാവുന്നയാൾ ഈ ക്ഷണികദീപ്തി കൊണ്ടു തൃപ്തനാവുന്നത്ര എളിമപ്പെട്ടവനായിരിക്കണം; ഉത്കർഷേച്ഛയോടത്ര ഉദാസീനനായിരിക്കണം; എന്റെ പൊടിയിൽ കവിളു ചേർത്തും ചുണ്ടുകളാലെന്നെ സ്പർശിച്ചും ലോകത്താൽ വിസ്മൃതനായും എന്റെയൊപ്പം നിത്യത കഴിക്കുന്നവനാവണം!


സ്വപ്നം

ദൈവം എന്നോടു പറഞ്ഞു: “നിന്റെ രാത്രിക്ക് ഒരു വിളക്കു മാത്രമേ ഞാൻ നിനക്കു ബാക്കി വയ്ക്കുന്നുള്ളു. അന്യസ്ത്രീകൾ പ്രണയത്തിനും ആനന്ദത്തിനും പിന്നാലെ പാഞ്ഞുപോയിരിക്കുന്നു. സ്വപ്നമെന്ന വിളക്കു ഞാൻ നിനക്കു തന്നിട്ടുപോകുന്നു; അതിന്റെ സൌമ്യദീപ്തിയിൽ നീ നിന്റെ ജീവിതം ജീവിക്കുക.

” ഈ വിളക്കു നിന്റെ ഹൃദയമെരിക്കില്ല, പ്രണയത്തിനു പിന്നാലെ പോയ ആ സ്ത്രീകളെ പ്രണയമെന്നപോലെ; ഇതു നിന്റെ കൈയിലിരുന്നുടയുകയുമില്ല, ആനന്ദമെന്ന ചില്ലുപാത്രം അന്യസ്ത്രീകളുടെ കൈകളിലുടഞ്ഞപോലെ. മനസ്സു തണുപ്പിക്കുന്നൊരു വെളിച്ചമാണു നിന്റെ വിളക്കിന്റേത്.

“മനുഷ്യസന്തതികളെ നീ പഠിപ്പിക്കുന്നുവെങ്കിൽ ഈ വിളക്കിന്റെ വെളിച്ചത്തിലായിരിക്കുമത്; ഒരു നിഗൂഢമാധുര്യം നീ പഠിപ്പിക്കുന്ന പാഠങ്ങൾക്കുണ്ടാവുകയും ചെയ്യും. നീ നൂലു നൂല്ക്കുമ്പോൾ, കമ്പിളിയോ ചണമോ നെയ്യുമ്പോൾ വലിയൊരു പ്രകാശവലയത്തിലും വിപുലമായിരിക്കും വിളക്കുവെട്ടത്തിൽ നിന്റെ നൂൽക്കഴി.

”നീ സംസാരിക്കുമ്പോൾ പകലിന്റെ ക്രൂരവെളിച്ചത്തിൽ ചിന്തിച്ചെടുത്ത വാക്കുകളെക്കാൾ സൌമ്യതയോടെയാവും നിന്റെ വാക്കുകൾ പുറത്തേക്കു വരിക.

“നിന്റെ വിളക്കിനെണ്ണ പകരുക നിന്റെ തന്നെ ഹൃദയമായിരിക്കും; ചിലനേരം നിന്റെ ഹൃദയം വിളഞ്ഞു കനം തൂങ്ങിയെന്നു വരാം, എണ്ണയോ തേനോ പിഴിഞ്ഞെടുക്കുന്ന കനികളെപ്പോലെ. എന്നാൽ അതു കാര്യമാക്കുകയും വേണ്ട!

”നിന്റെ സൌമ്യദീപ്തി നിന്റെ കണ്ണുകളിൽ തിളങ്ങിക്കാണാകും; വീഞ്ഞോ വികാരമോ കൊണ്ടു കണ്ണുകളെരിയുന്നവർ അപ്പോൾ ചോദിക്കും: ‘ഏതഗ്നിയാണവളിൽ, അവളെ പൊള്ളിക്കാതെ, അവളെ എരിച്ചടക്കാതെ!’

“:നിസ്സഹായയാണു നീയെന്ന ചിന്തയാൽ അവർ നിന്നെ സ്നേഹിക്കുകയില്ല; നിന്നോടു സഹതപിക്കുകയാണു വേണ്ടതെന്നു പോലും അവർ ചിന്തിക്കാം. എന്നാൽ, അവർക്കിടയിൽ ജീവിച്ചുകൊണ്ട്, നിന്റെ നോട്ടത്താൽ അവരുടെ ഹൃദയം തണുപ്പിക്കുന്ന നീയാണു സത്യത്തിൽ ദയാമയി.

“മനുഷ്യതൃഷ്ണകൾ രൂപം കൊടുത്ത എരിയുന്ന കവിതകൾ ഈ വിളക്കിന്റെ വെളിച്ചത്തിലിരുന്നു നീ വായിക്കും; അവയുടെ ആഴം കൂടിയതായി നീ അറിയും. വയലിനുകളുടെ സംഗീതം നീ കേൾക്കും; കേട്ടിരിക്കുന്നവരുടെ മുഖത്തു നോക്കിയാൽ നിനക്കു മനസ്സിലാകും, ഏറെ വേദനിക്കുന്നതു നീയാണെന്ന്, ഏറെ ആനന്ദിക്കുന്നതും നീ തന്നെയാണെന്ന്. ഭക്തി കൊണ്ടുന്മത്തനായ പുരോഹിതൻ നിന്നോടു സംസാരിക്കാൻ വരുമ്പോൾ നിരന്തരവും സൌമ്യവുമായ ദൈവലഹരി നിന്റെ കണ്ണുകളിൽ അയാൾ കാണും; അയാൾ പറയും: ‘നിനക്കവനെ എന്നെന്നേക്കുമായി കിട്ടിയിരിക്കുന്നു; പ്രഹർഷത്തിന്റെ നിമിഷങ്ങളിലേ പക്ഷേ, ഞാൻ അവനായിട്ടെരിയുന്നുള്ളു.’

“കൊടുംദുരിതങ്ങളിൽ മനുഷ്യർക്കവരുടെ ധനമോ ഭാര്യമാരെയോ കാമുകിമാരെയോ- അവരാണവർക്കു വിളക്കുകൾ- നഷ്ടപ്പെടുമ്പോൾ, അപ്പോൾ മാത്രമേ അവർക്കു ബോദ്ധ്യപ്പെടൂ, നീയായിരുന്നു അവരിലും ധനികയെന്ന്; എന്തെന്നാൽ ഒഴിഞ്ഞവയാണു നിന്റെ കൈകളെന്നാലും, വന്ധ്യമാണു നിന്റെ ഉദരമെന്നാലും, ജീർണ്ണമാണു നിന്റെ കുടിലെന്നാലും നിന്റെ വിളക്കിന്റെ ദീപ്തിയിൽ കുളിച്ചതായിരുന്നുവല്ലോ നിന്റെ മുഖം. സ്വന്തം സന്തോഷത്തിന്റെ ഉച്ഛിഷ്ടങ്ങൾ നിനക്കു വച്ചുനീട്ടിയതിന്റെ പേരിൽ അവർക്കു സ്വയം ലജ്ജ തോന്നുകയും ചെയ്യും!”


മൺകുടം

മൺകുടമേ, എന്റെ കവിളു പോലെ കപിലനിറമായതേ, എന്റെ ദാഹം നീയെത്ര തീർക്കുന്നില്ല!
കാട്ടുകൊല്ലിയിൽ കൊട്ടിവീഴുന്ന ചോലയുടെ ചുണ്ടുകൾ നിന്റേതിലും കുളിർമ്മയുള്ളതു തന്നെ; എന്നാൽ അകലെയാണത്, ഈ ഉഷ്ണരാത്രിയിൽ എനിക്കവിടെയെത്താനുമാകില്ല.
ഓരോ പുലരിയിലും ഞാൻ നിന്നെ വാവട്ടം വരെ നിറച്ചുവയ്ക്കുന്നു. നിറയുമ്പോൾ ജലത്തിന്റെ ഗാനമെനിക്കു കേൾക്കാം; പിന്നെയതു മൂകമാവുമ്പോൾ വിറയാർന്ന വായയ്ക്കു മേൽ ചുണ്ടുകളമർത്തി ഞാനെന്റെ കടം വീട്ടുന്നു. അഴകും ഉറപ്പുമുള്ളവളാണു നീ, കുരാൽ നിറമുള്ള കുടമേ. എനിക്കു മുലപ്പാൽ തന്ന വേലക്കാരിയുടെ മാറിടം പോലെയാണു നിന്നെക്കണ്ടാൽ. നിന്നെ നോക്കിയിരിക്കുമ്പോൾ ഞാൻ അവരെ ഓർക്കുന്നു; നിന്റെ വടിവുകളിലൂടപ്പോൾ ഞാനെന്റെ വിരലുകളോടിക്കുന്നു.
എന്റെ വരണ്ട ചുണ്ടുകൾ നീ കാണുന്നില്ലേ? പല ദാഹങ്ങളറിഞ്ഞ ചുണ്ടുകളാണവ: ദൈവത്തിനായി, സൌന്ദര്യത്തിനായി, പ്രണയത്തിനായി. എന്നാലൊരു ദാഹവും നിന്നെപ്പോലായിരുന്നില്ല, എളിമയും മെരുക്കവും ചേർന്നവളേ. മൂന്നും എന്റെ ചുണ്ടുകളിലുണങ്ങി.
എത്ര കാര്യമാണെനിക്കു നിന്നെ: നിനക്കരികിൽ ഒരിക്കലും ഞാനൊരു കോപ്പ വച്ചിട്ടില്ല; എന്റെ കൈകളാൽ ചുറ്റിപ്പിടിച്ചു നിന്റെ ചുണ്ടുകളിൽ നിന്നു നേരിട്ടു മൊത്തിക്കുടിച്ചിട്ടേയുള്ളു ഞാൻ. മൌനമായിരിക്കുമ്പോൾ ഒരാലിംഗനം നീ കിനാവു കണ്ടുവെന്നിരിക്കട്ടെ, ആ വ്യാമോഹം ഞാനിതാ, നിനക്കു തരുന്നു...
എന്റെ ഹൃദയാർദ്രത നീ അറിയുന്നുണ്ടോ?
വേനലിൽ നിനക്കു ചുറ്റും നനഞ്ഞ പൊൻപൂഴി ഞാൻ വിരിക്കുന്നു, ഉഷ്ണം നിന്നെ അലട്ടരുതെന്നതിനായി; ഒരിക്കൽ നറുംകളി കൊണ്ടു നിന്റെയൊരു വിള്ളൽ ഞാനടയ്ക്കുകയുമുണ്ടായി.
പലതിലും ഞാൻ പരാജിതയായിരുന്നു; എന്നാലെന്നും ഞാനാഗ്രഹിച്ചിരുന്നു, സൌമ്യയായൊരു കുടുംബിനിയാവാൻ, കാതരമായൊരു മാധുര്യത്തോടെ കാര്യങ്ങളിൽ അടുക്കും ചിട്ടയും വരുത്തുന്നവളാവാൻ...
നാളെ പാടത്തു പോവുമ്പോൾ ഓഷധികൾ ഞാൻ പറിച്ചുവരാം, നിന്റെ ജലത്തിൽ ഞാനവ മുക്കിവയ്ക്കാം. എന്റെ കൈകളുടെ വാസനയിൽ പാടങ്ങളുടെ പച്ചപ്പു നീയറിയും.
മൺകുടമേ: നല്ലവരാവാമെന്നെനിക്കു വാക്കു തന്നവരെക്കാൾ നല്ലവളായതു നീയായിരുന്നു.
എല്ലാ സാധുക്കൾക്കുമുണ്ടാവട്ടെ, എനിക്കെന്ന പോലെ, ഈ പൊള്ളുന്ന ഉച്ചമയക്കത്തിൽ, കയ്ക്കുന്ന ചുണ്ടുകൾക്കായി പുതുവെള്ളം നിറച്ച ഒരു മൺകുടം!


അമ്മ

ഇന്ന് അമ്മ എന്നെ കാണാൻ വന്നു; ഇവിടെ എനിക്കരികിൽ ഇരിക്കുകയായിരുന്നു അവർ. ഞങ്ങളുടെ ജീവിതത്തിൽ ഇതാദ്യമായി ഞങ്ങൾ രണ്ടു സഹോദരിമാരായി; വരാൻ പോകുന്ന ആ വലിയ സംഭവത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞങ്ങൾ.

വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർ എന്റെ അടിവയറ്റിൽ തൊട്ടു; സാവധാനം അവർ എന്റെ മാറിടം അനാവൃതമാക്കി. അവരുടെ കരസ്പർശമേറ്റപ്പോൾ എനിക്കു തോന്നി, തളിരിലകളുടെ മാർദ്ദവത്തോടെ തുറക്കുകയാണെന്റെ അകങ്ങളെന്ന്; ഒരു പാൽത്തിര പതഞ്ഞുയരുകയാണെന്റെ മാറത്തെന്ന്.

മുഖം ചുവന്ന്, മനസാകെപ്പതറി എന്റെ വേവലാതികളെക്കുറിച്ചു ഞാനവരോടു പറഞ്ഞു, സ്വന്തം ഉടലിനെ പേടിയാണെനിക്കെന്നു പറഞ്ഞു. ഞാൻ അവരുടെ മാറത്തേക്കു വീണു; ഒരിക്കൽക്കൂടി ഞാൻ ആ കൊച്ചു പെൺകുട്ടിയായി, ജീവിതത്തെ പേടിച്ച് അവരുടെ കൈകളിൽ കിടന്നു തേങ്ങിക്കരഞ്ഞവൾ!


മരിക്കുന്ന നേരത്ത്

നിനക്കു മുറിപ്പെട്ടാൽ എന്നെ വിളിക്കാൻ പേടി വേണ്ട. നീ എവിടെയാണെങ്കിലും, നാണക്കേടിന്റെ കിടക്കയാണതെങ്കിലും നീ എന്നെ വിളിച്ചോളൂ. ഞാൻ വരും, കള്ളിമുള്ളു വിതറിയതാണു നിന്റെ പടിക്കലേക്കുള്ള തുറസ്സുകളെങ്കിലും ഞാൻ വരും.

എനിക്കു മറ്റാരും വേണ്ട, ദൈവം പോലും വേണ്ട, നിന്റെ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചുകളയാൻ, നിന്റെ തലയ്ക്കടിയിൽ തലയിണ തിരുകിവയ്ക്കാൻ.

ഞാൻ എന്റെ ഉടൽ കാത്തുവയ്ക്കുന്നത് നീ അന്ത്യനിദ്രയിലാഴുമ്പോൾ മഴയിലും മഞ്ഞിലും നിന്നു നിന്റെ കുഴിമാടത്തിനൊരു കവചമാവാൻ. നിന്റെ കണ്ണുകൾ  ആ മഹാരാത്രി കാണരുതെന്നതിനായി എന്റെ കൈത്തലം അവയ്ക്കു മേൽ തങ്ങിനില്ക്കും.



അഭിപ്രായങ്ങളൊന്നുമില്ല: