2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നെരൂദ - ചോദ്യങ്ങളുടെ പുസ്തകം



1973 സെപ്തംബറിൽ മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പാണ്‌ നെരൂദ El Libro de las Preguntas (ചോദ്യങ്ങളുടെ പുസ്തകം) എഴുതിത്തീർക്കുന്നത്. 74 കവിതകളിലായി 316 ചോദ്യങ്ങൾ. ഒരു കുട്ടിയുടെ വിസ്മയവും മുതിര്‍ന്നയാളിന്റെ അനുഭവവും കലര്‍ന്ന ഈ ചോദ്യങ്ങളില്‍ ഒന്നിനു പോലും യുക്തിസഹമായ ഉത്തരം സാദ്ധ്യവുമല്ല.


കൂറ്റൻ വിമാനങ്ങൾ തങ്ങളുടെ സന്തതികളുമായി
പറന്നുനടക്കാത്തതെന്തുകൊണ്ട്?

ഏതു മഞ്ഞക്കിളിയാണ്‌
നാരങ്ങകള്‍ കൊണ്ട് തന്റെ കൂടു നിറയ്ക്കുന്നത്?

എന്തുകൊണ്ട് ഹെലിക്കോപ്റ്ററുകളെ
വെയിലിൽ നിന്നു തേൻ വലിച്ചെടുക്കാൻ പരിശീലിപ്പിക്കുന്നില്ല?

പൂർണ്ണചന്ദ്രൻ ഇന്നുരാത്രി
അരിമാവു കൊട്ടിത്തൂവിയതെവിടെ?

*

ഞാൻ മരിക്കുകയും അതു ഞാനറിയാതിരിക്കുകയും ചെയ്താൽ
ഞാനാരോടു പിന്നെ സമയം ചോദിക്കും?

ഫ്രാൻസിലെ വസന്തത്തിന്‌
ഇത്രയും ഇലകൾ എവിടുന്നു കിട്ടുന്നു?

തേനീച്ചകൾ വിടാതെ പിന്തുടരുന്ന ഒരന്ധൻ
എവിടെപ്പോയി ജീവിക്കും?

മഞ്ഞനിറമൊക്കെത്തീർന്നു കഴിഞ്ഞാൽ
റൊട്ടി പിന്നെ നാമെങ്ങനെ ചുട്ടെടുക്കും?

*

പറയൂ, റോസാപ്പൂവു നഗ്നയാണോ,
അതോ അതാണവളുടെ ഉടുവസ്ത്രമെന്നോ?

മരങ്ങൾ വേരുകളുടെ പകിട്ടുകൾ
മറച്ചുവയ്ക്കുന്നതെന്തിനാവാം?

മഴ കൊള്ളുന്ന തീവണ്ടിയെക്കാൾ
വിഷാദം നിറഞ്ഞതൊന്നു ലോകത്ത് വേറെയുണ്ടോ?

*

സ്വർഗ്ഗത്തു പള്ളികളെത്ര?

പുക മേഘത്തോടു കുശലം പറയാറുണ്ടോ?

മഞ്ഞുതുള്ളി ചേർത്തു നേർപ്പിക്കണം,
നമ്മുടെ മോഹങ്ങളെന്നതു ശരിയോ?

*

മഞ്ഞയാവുന്നു എന്ന തോന്നലു വരുമ്പോൾ
ഇലകൾ ആത്മഹത്യ ചെയ്യുന്നതെന്തിനാണ്‌?

*

സമാധാനമെന്നാൽ മാടപ്രാവിന്റെ സമാധാനമോ?
പുള്ളിപ്പുലി യുദ്ധത്തിനിറങ്ങുമോ?

പണ്ഡിതനെന്തിനു പഠിപ്പിക്കുന്നു,
മരണത്തിന്റെ ഭുമിശാസ്ത്രം?

പാഠശാലയിലെത്താൻ വൈകിയ
കുരുവിക്കുഞ്ഞുകളുടെ ഗതിയെന്ത്?

മറുപുറം കാണാവുന്ന അക്ഷരങ്ങൾ
മാനത്തു വിതറിയിരിക്കുന്നുവെന്നു പറയുന്നതു നേരാണോ?

*

ക്രിസ്റ്റൊഫർ കൊളംബസ്സിന്‌
സ്പെയിൻ കണ്ടുപിടിക്കാൻ കഴിയാതെ പോയതെന്തുകൊണ്ട്?

പൂച്ചയ്ക്കു ചോദിക്കാൻ
എത്ര ചോദ്യങ്ങളുണ്ടാവും?

ഇനിയും തൂവാത്ത കണ്ണീരാണോ
ചെറുതടാകങ്ങളിൽ തങ്ങിനില്ക്കുന്നത്?

അതോ, ശോകത്തിനു നേർക്കൊഴുകുന്ന
അദൃശ്യനദികളാണോ അവ?

*

ഇന്നലത്തെ സൂര്യൻ തന്നെയോ ഇത്?
ഈയഗ്നി ആ അഗ്നി തന്നെയോ?

മേഘങ്ങളുടെ ക്ഷണികസമൃദ്ധിയ്ക്ക്
ഏതുവിധം നാം നന്ദി പറയും?

കണ്ണീരിന്റെ കറുത്ത ഭാണ്ഡവുമായി
ഇടിമേഘം വന്നതെവിടെ നിന്ന്?

പോയാണ്ടത്തെ പലഹാരങ്ങൾ പോലെ മധുരിക്കുന്ന
ആ പേരുകളൊക്കെ ഏതു വഴിയ്ക്കു പോയി?

ഡൊണാൾഡമാർ, ക്ളോരിന്ദകൾ, എഡുവിഗെസുമാർ-
അവരൊക്കെ എങ്ങോട്ടു പോയി?

*

എന്റെ ചോരയെ തൊട്ടറിയാത്തവർ
എന്റെ കവിതയെക്കുറിച്ചെന്താവും പറയുക?

ബിയറിൽ നിന്നു തെന്നിനീങ്ങുന്ന നുരയെ
ഏതൊന്നു കൊണ്ടു നാമളക്കും?

പെട്രാർക്കിന്റെ ഒരു ഗീതകത്തിൽ പെട്ടുപോയ ഒരീച്ച-
അതു പിന്നെന്തുചെയ്യും?

*

ഇത്രയും മഞ്ഞനാണയങ്ങൾ കൊണ്ട്
ശരല്ക്കാലം എന്തിന്റെ വിലയാണെണ്ണിക്കൊടുക്കുന്നത്?

വോഡ്ക്കയിൽ ഇടിമിന്നൽ കലർത്തിയ കോക്ട്ടെയിലിന്‌
എന്തു പേരാണു കൊടുക്കുക?

*

എണ്ണിയാലൊടുങ്ങാത്ത വെള്ളപ്പല്ലുകൾ കൊണ്ട്
അരി പുഞ്ചിരിക്കുന്നതാരെ നോക്കിയാണ്‌?
*

മാതളച്ചാറിനു മുന്നിൽ വച്ച്
മാണിക്യക്കല്ലുകൾ പറഞ്ഞതെന്തായിരുന്നു?

നീലനിറം പിറവിയെടുത്തപ്പോൾ
ആഹ്ളാദം കൊണ്ടട്ടഹസിച്ചതാരായിരുന്നു?

*

വെണ്മയുടെ ഗോപുരം പണിതുയർത്തുകയാണോ,
ഉപ്പും പഞ്ചസാരയും കൂടി?

സ്വപ്നം കാണുക കടമയാണ്‌
ഉറുമ്പിൻകൂടുകളിലെന്നതു സത്യമോ?

നിങ്ങൾക്കറിയുമോ,
ശരൽക്കാലത്തു ഭൂമി ഓർത്തിരിക്കുന്നതെന്തെന്ന്?

*

ചോളപ്പാടത്തെ പൊന്മണികൾ
ആരെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയോ?

കത്തിക്കിരയാവുമ്പോൾ
തണ്ണിമത്തൻ ചിരിക്കുന്നതെന്തിനെ നോക്കിയാണ്‌?
*
കിളിയിൽ നിന്നു കിളിയിലേക്കു പറക്കുന്ന പൂവിനെ
എന്തു വിളിക്കും?

*

തടവുകാരൻ സ്വപ്നം കാണുന്ന  വെളിച്ചം,
ആ വെളിച്ചം തന്നെയാണോ നിങ്ങൾക്കു മേൽ വീഴുന്നതും?

ഏപ്രിൽ മാസത്തിന്റെ നിറം
ദീനക്കാരനെങ്ങനെയായിരിക്കും?
*

മേഘത്തിൽ ഉറങ്ങാൻ കിടക്കുമ്പോൾ
കഴുകൻ തന്റെ കഠാര എവിടെയാണു വയ്ക്കുക?
*
നാണക്കേടു കൊണ്ടു മരിച്ചിട്ടുണ്ടാവുമോ,
വഴി തെറ്റിയ ആ തീവണ്ടികൾ?
*
പൊള്ളുന്ന കിടക്കയിൽ വീണുറങ്ങുന്ന സൂര്യനെ
പിറ്റേന്നു വിളിച്ചുണർത്തുന്നതാരാണ്‌?

*

ആരോടു ഞാൻ സംശയനിവൃത്തി വരുത്തും,
ഈ ലോകത്തെന്തു നേടാനായി ഞാൻ വന്നുവെന്ന്?

സ്വന്തം ഹിതത്തിനെതിരായി ഞാൻ മാറുന്നതെന്തുകൊണ്ട്?
ഉറച്ചുനിൽക്കാനെനിക്കാവാത്തതെന്തുകൊണ്ട്?

ചക്രങ്ങളില്ലാതെയും ഞാനുരുളുന്നതെങ്ങനെ,
തൂവലും ചിറകുമില്ലാതെ പറക്കുന്നതും?

എന്റെ എല്ലുകൾ ചിലിയിൽത്തന്നെ കിടക്കുമെങ്കിൽ
ആത്മാവിന്റെ കൂടുമാറ്റത്തെക്കുറിച്ചു ഞാനെന്തു പറയാൻ?

*

മണലാരണ്യത്തിലെ സഞ്ചാരിക്ക്
സൂര്യൻ ഇത്ര മോശം ചങ്ങാതിയായതെങ്ങനെ?

ആശുപത്രിയിലെ പൂന്തോട്ടത്തിൽ
ഇത്ര ഹിതകാരിയായതും?

നിലാവിന്റെ വലക്കണ്ണികളിൽ കുടുങ്ങിയത്
കിളികളോ അതോ മീനുകളോ?

എനിക്കെന്നെ കണ്ടുകിട്ടിയത്
അവർക്കെന്നെ കാണാതായിടത്താണോ?
*

ചെഗുവേരയുടെ രാത്രി കഴിഞ്ഞതിൽ പിന്നെ
ബൊളീവിയയിൽ പുലരി പിറക്കാത്തതെന്തുകൊണ്ടാണ്‌?

അവന്റെ കൊല ചെയ്യപ്പെട്ട ഹൃദയം
അവന്റെ കൊലയാളികളെത്തേടി അവിടെ നടക്കുന്നുണ്ടോ?
*
മരണം വരുന്നതെവിടെ നിന്നെന്നു നിങ്ങൾക്കറിയാമോ,
മുകളിൽ നിന്നോ അതോ താഴെ നിന്നോ?

അണുജീവികളിൽ നിന്നോ, ചുമരുകളിൽ നിന്നോ?
യുദ്ധങ്ങളിൽ നിന്നോ മഞ്ഞുകാലത്തു നിന്നോ?
*

കടലിന്റെ ചിരിയിൽ
ഒരപായസൂചനയും നിങ്ങൾ കേൾക്കുന്നില്ലേ?

പോപ്പിപ്പൂവിന്റെ ചോരപ്പട്ടിൽ
ഒരു ഭീഷണി നിങ്ങൾ കാണുന്നില്ലേ?

ആപ്പിൾമരം പൂക്കുന്നത്
ആപ്പിളായി മരിക്കാനാണെന്നും നിങ്ങൾ കാണുന്നില്ലേ?

ചുറ്റും ചിരികളുമായി, വിസ്മൃതിയുടെ ചഷകങ്ങളുമായി
തേങ്ങിക്കരയാറില്ലേ നിങ്ങൾ?

*

പ്രാവുകൾ പാടാൻ പഠിച്ചാൽ
പ്രാവിൻ കൂട്ടിൽ പിന്നെന്തു നടക്കും?
*

കരളിൽ കരുണ തോന്നിയാൽ
കാണ്ടാമൃഗം പിന്നെത്ര കാലം ജീവിക്കും?

വസന്താഗമത്തിൽ
ഇലകൾ പറഞ്ഞുകൂട്ടുന്നതെന്താവാം?

വേരുകളോടൊത്തൊളിച്ചു ജീവിക്കുകയാണ്‌
ഇലകൾ ഹേമന്തത്തിൽ എന്നു പറയാമോ?

ആകാശത്തോടു രഹസ്യത്തിൽ പറയാൻ
മരം മണ്ണിൽ നിന്നറിഞ്ഞതെന്താവും?
*

സ്വപ്നത്തിൽ നിങ്ങളുടെ കിടപ്പറ പങ്കിട്ടവൾ,
അവളാരായിരുന്നു?

സ്വപ്നത്തിലെ സംഗതികൾ പിന്നെങ്ങോട്ടു പോകുന്നു?
അന്യരുടെ സ്വപ്നങ്ങളിലേക്കു കടക്കുകയാണോ?

നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവനോടുണ്ടായിരുന്ന അച്ഛൻ
നിങ്ങൾ ഉണരുമ്പോൾ പിന്നെയും മരിക്കുമോ?

*

എന്നിലെ ശിശു എവിടെപ്പോയി,
ഉള്ളിലുണ്ടോ, അതോ പൊയ്പ്പോയോ?

എന്തിനിത്രയും കാലമെടുത്തു നാം വളരുന്നു,
പിന്നെ പിരിഞ്ഞുപോകാനാണെങ്കിൽ?

എന്റെ ശൈശവം മരിച്ചപ്പോൾ
നാമിരുവരും ഒപ്പമെന്തുകൊണ്ടു മരിച്ചില്ല?

ആത്മാവെന്നെ ഒഴിഞ്ഞുപോയെങ്കിൽ,
ഒരെല്ലിൻകൂടം എന്തിനെന്നെപ്പിന്തുടരുന്നു?

*

കടലിനെ വീണ്ടും ഞാൻ ചെന്നു കാണുമ്പോൾ
കടലെന്നെ അറിയുമോ, അറിയാതിരിക്കുമോ?

ഞാൻ ചോദിക്കുന്ന അതേ ചോദ്യങ്ങൾ
തിരകളെന്നോടു തിരിച്ചു ചോദിക്കുന്നതെന്തിനാണ്‌?

തിരകൾ പാറകളിലിങ്ങനെ ആഞ്ഞടിക്കണോ,
വികാരാവേശം തുലച്ചുകളയണോ?

മണലിനോടു പ്രണയാഭ്യർത്ഥന നടത്തി നടത്തി
തിരകൾ തളർന്നുപോവില്ലേ?
*

വിടരാത്ത ചുംബനങ്ങൾ തന്ന്
വസന്തമിന്നേവരെ നിങ്ങളെ കബളിപ്പിച്ചിട്ടില്ലേ?
*
ശരല്ക്കാലത്തിന്റെ നടുമദ്ധ്യത്തിൽ
മഞ്ഞിച്ച വിസ്ഫോടനങ്ങൾ നിങ്ങൾ കേൾക്കാറില്ലേ?

പറവപ്പറ്റം ചിറകെടുക്കുമ്പോൾ
ഏതു കിളിയാണു മുമ്പേ പറക്കുക?

*

ഗോളാന്തരചുംബനങ്ങൾ
നിയമവിരുദ്ധമാക്കുന്നതല്ലേ നല്ലത്?

അന്യഗ്രഹങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നതിനു മുമ്പ്
ഈതരം സംഗതികളല്ലേ വിശകലനത്തിനെടുക്കേണ്ടത്?
*

രാത്രിയിൽ കേട്ടതെന്തായിരുന്നു?
ഗ്രഹങ്ങളുടെ കുതിപ്പോ കുതിരക്കുളമ്പടികളോ?

ഈ പ്രഭാതത്തിൽ ഏതിനെ ഞാൻ വരിക്കണം?
നഗ്നയായ കടലിനെയോ ആകാശത്തെയോ?

ആകാശമെന്തിനാണിത്ര നേരത്തേ
മൂടൽമഞ്ഞെടുത്തുടുത്തത്?
*

കിളികൾ തങ്ങളുടെ ഭാഷകളുടെ വിവർത്തനത്തിന്‌
എന്തേർപ്പാടാണു നടത്തിയിരിക്കുന്നത്?

കടലാമയോടു ഞാനേതു ഭാഷയിൽ പറയും,
അവനേക്കാൾ പതുക്കെയാണു ഞാനെന്ന്?
*

എന്റെ നിറം മങ്ങിയ ഉടുപ്പുകൾ
ഒരു പതാക പോലെ പാറുന്നതെന്തിനാണ്‌?

ഞാൻ ചില നേരത്തു ദുഷ്ടനാകാറുണ്ടോ,
അതോ എന്നും ഞാൻ നല്ലവനാണെന്നോ?

നാം ശീലിക്കുന്നത് കാരുണ്യമാണോ,
അതോ കാരുണ്യത്തിന്റെ പൊയ്മുഖമോ?

തിന്മയുടെ പനിനീർപ്പൊന്തയ്ക്കു വെളുപ്പല്ലേ,
നന്മയുടെ പൂക്കൾ കറുത്തിട്ടും?
*

വാക്കുകൾ ചിലനേരം
പാമ്പുകൾ പോലെ പുളയാറുണ്ടോ?

ഇത്രയധികം സ്വരാക്ഷരങ്ങൾ വലിച്ചുകേറ്റിയാൽ
കപ്പലുകൾ മുങ്ങിപ്പോവില്ലേ?
*

പീഡിതനഗരങ്ങൾക്കു മേൽ
മഴ പെയ്യുന്നതേതു ഭാഷയിൽ?

പുലർച്ചെ കടല്ക്കാറ്റുരുക്കഴിക്കുന്നതേതു
സൗമ്യാക്ഷരങ്ങൾ?

പോപ്പി എന്ന വാക്കിനേക്കാൾ
മലർക്കെത്തുറന്ന നക്ഷത്രമുണ്ടോ?
*

എന്നെ പ്രേമിക്കുമോ, അക്ഷരമാലേ,
അർത്ഥപൂർണ്ണമായ ഒരു ചുംബനം എനിക്കു നല്കുമോ?

നിഘണ്ടു എന്നാൽ ഒരു ശവകുടീരമാണോ,
അതോ, അരക്കിട്ടടച്ച ഒരു തേനീച്ചക്കൂടോ?

മൂടിപ്പോയ കാലത്തെ നോക്കി
ഞാൻ നിന്നതേതു ജനാലയ്ക്കൽ?

അതോ അകലെയായി ഞാൻ കാണുന്നത്
ഞാനിനിയും ജീവിക്കാത്ത ജീവിതമോ?
*

തന്റെ ചിറകുകളിലെഴുതിയിരിക്കുന്നത്
ചിത്രശലഭമെന്നാണു വായിക്കുക?

തന്റെ യാത്രാപഥം മനസ്സിലാക്കാൻ
തേനീച്ചക്കേതൊക്കെ അക്ഷരങ്ങളറിയാം?

മരിച്ച പട്ടാളക്കാരെ എണ്ണത്തിൽ കുറയ്ക്കാൻ
ഏതക്കങ്ങളാണ്‌ ഉറുമ്പ് ഉപയോഗിക്കുക?

അനക്കമറ്റു കിടക്കുമ്പോൾ
കൊടുങ്കാറ്റുകളുടെ പേരെന്താണ്‌?
*

എല്ലാ പുഴകളും മധുരിക്കുമെങ്കിൽ
കടൽ ഉപ്പു ചുവയ്ക്കുന്നതെങ്ങനെ?

വേഷം മാറേണ്ട കാലമായെന്ന്
ഋതുക്കൾക്കെങ്ങനെ മനസ്സിലാകുന്നു?

മഞ്ഞുകാലത്തത്ര സാവധാനത്തിലും
പിന്നീടെത്രയും തിടുക്കത്തിലും?

വേരുകൾക്കെങ്ങനെ മനസ്സിലാകുന്നു,
വെളിച്ചത്തിലേക്കു പിടിച്ചുകയറണമെന്ന്?

അത്രയും പൂക്കളും നിറങ്ങളുമായി
വായുവിനെ പിന്നെ എതിരേല്ക്കണമെന്ന്?

ഒരേ വസന്തം തന്നെയോ,
അരങ്ങിൽ മാറിമാറിയെത്തുന്നതും?
*

മണ്ണിൽ ഏറ്റവും കൂടുതൽ അദ്ധ്വാനിക്കുന്നതാരാണ്‌,
മനുഷ്യനോ ഒരു ധാന്യമണിയുടെ സൂര്യനോ?

മണ്ണിനേറ്റവുമിഷ്ടം ആരോടാണ്‌,
പൈൻമരത്തിനോടോ പോപ്പിയോടോ?

അത് കൂടുതൽ സ്നേഹിക്കുന്നതാരെ,
ഓർക്കിഡിനെ, ഗോതമ്പിനെ?

പൂവിനെന്തിനിത്രയും അലങ്കാരം,
ഗോതമ്പിനു ചെളി പറ്റിയ പൊന്നും?
*