2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച

അന്ന സ്വിർ - ഒരെഴുത്തുകാരി തുണിയലക്കുന്നു


anna-swir

അന്ന സ്വിർ Anna Swir (Świrszczyńska) പോളണ്ടിലെ വാഴ്സയിൽ 1909ൽ ജനിച്ചു. ദരിദ്രമെങ്കിലും കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിലേ അവർ ജോലി ചെയ്തു തുടങ്ങുന്നുണ്ട്; ഒഴിവുസമയത്ത് ജോലി ചെയ്തു കൊണ്ടാണ്‌ അവർ മദ്ധ്യകാലപോളിഷ് സാഹിത്യത്തിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയത്. അവരുടെ ആദ്യത്തെ കവിതകൾ പുറത്തു വരുന്നത് 1930ലാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരായ പോളിഷ് ചെറുത്തുനില്പിൽ അവർ പങ്കെടുത്തിരുന്നു. വാഴ്സ കലാപത്തിന്റെ കാലത്ത് അവർ മിലിട്ടറി നഴ്സുമായിരുന്നു. ഒരിക്കൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പ് അവരെ ഒഴിവാക്കുകയായിരുന്നു. കവിതകൾക്കു പുറമേ കുട്ടികൾക്കുള്ള കഥകളും നാടകങ്ങളും അവർ എഴുതിയിട്ടുണ്ട്. 1984ൽ ക്യാൻസർ രോഗത്തെ തുടർന്ന് ക്രാക്കോവിൽ വച്ച് അവർ മരിച്ചു.

ഇംഗ്ലീഷിൽ ലഭ്യമായ അവരുടെ കവിതാസമാഹാരങ്ങൾ Building the Barricade (1974), Happy as a Dog’s Tail (1985), Fat like the sun (1986), and Talking to My Body (1996) തുടങ്ങിയവയാണ്‌. യുദ്ധവും മരണവും ഉടലും അതിന്റെ അനുഭവങ്ങളുമാണ് അവരുടെ മുഖ്യമായ പ്രമേയങ്ങൾ. അതിനവർ ഉപയോഗിക്കുന്നത് ഋജുവും ലളിതവുമായ ഒരു ഭാഷയുമാണ്‌.

കവിതയെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു: “കവിതയിൽ വാക്കുകളുടെ ലക്ഷ്യം ഉള്ളടക്കത്തിലേക്കു വളരുക എന്നതാണ്‌; എന്നാൽ ആ ലക്ഷ്യം ഒരിക്കലും കൈവരാനും പോകുന്നില്ല, കാരണം, കവിയിൽ കുടി കൊള്ളുന്ന ആത്മീയോർജ്ജത്തിന്റെ വളരെച്ചെറിയ ഒരംശമേ വാക്കുകളായി പുനരവതരിക്കുന്നുള്ളു. ഓരോ കവിതയ്ക്കും ഓരോ കാവ്യശാസ്ത്രം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നതാണ്‌ വസ്തുത. ശൈലി കവിയുടെ ശത്രുവാണ്‌, അതിന്റെ അഭാവമാണ്‌ അതിന്റെ ഏറ്റവും നല്ല ഗുണവും. ഒരെഴുത്തുകാരന്‌ രണ്ടു ധർമ്മങ്ങളാണുള്ളതെന്ന് നമുക്കു പറയാം: ആദ്യത്തേത്- സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുക. രണ്ടാമത്തേത്- സ്വന്തം ശൈലി നശിപ്പിക്കുക. രണ്ടാമത്തേതാണ്‌ കൂടുതൽ ദുഷ്കരം, അതിന്‌ കൂടുതൽ സമയവും വേണം.”


1.  ഉടലും ആത്മാവും കടൽക്കരയിൽ

ആത്മാവ് കടൽക്കരെ
ഒരു തത്വശാസ്ത്രപുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.
ആത്മാവുടലിനോടു ചോദിക്കുന്നു:
നമ്മെ തമ്മിൽപ്പിണച്ചതാര്‌?
ഉടലു പറയുന്നു:
കാൽമുട്ടിൽ വെയിലു കൊള്ളിയ്ക്കാനുള്ള നേരം.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
നമ്മൾ ശരിയ്ക്കുമില്ലെന്നു പറയുന്നതു നേരോ?
ഉടലു പറയുന്നു:
ഞാനെന്റെ കാൽമുട്ടുകളിൽ വെയിലു കൊള്ളിയ്ക്കുന്നു.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
മരണം തുടക്കമിടുന്നതെവിടെ,
നിന്നിലോ, എന്നിലോ?
ഉടലൊന്നു ചിരിച്ചു,
പിന്നെ കാൽമുട്ടുകളിൽ വെയിലു കൊള്ളിച്ചു.


2.  പ്രഭാതവ്യായാമം ചെയ്യുമ്പോൾ ആത്മാവിനെക്കൊണ്ടുള്ള ശല്യങ്ങൾ


മലർന്നു കിടന്നിട്ട് ഞാൻ കാലു രണ്ടും പൊക്കുന്നു,
ആത്മാവബദ്ധത്തിൽ കാലുകളിലേക്കെടുത്തുചാടുന്നു.
അതിനവിടെ ഒരു സുഖം കിട്ടുന്നില്ല,
തന്നെയുമല്ല, അതിനു രണ്ടായി പിരിയുകയും വേണം,
കാലുകൾ രണ്ടാണല്ലോ.

ഞാൻ തല കുത്തി നില്ക്കുമ്പോൾ
ആത്മാവെന്റെ തലയിലേക്കിറങ്ങുന്നു.
അവിടെയിപ്പോൾ അത് യഥാസ്ഥാനത്തുമാണ്‌.

എത്ര നേരമെന്നു വച്ചിട്ടാണു പക്ഷേ, നിങ്ങൾ തല കുത്തി നില്ക്കുക,
തല കുത്തി നില്ക്കേണ്ടതെങ്ങനെയെന്ന്
നിങ്ങൾക്കറിയില്ലെങ്കിൽ വിശേഷിച്ചും.


3.  മാതൃത്വം


ഞാൻ ജീവനു ജന്മം കൊടുത്തു.
അതെന്റെ ഉദരത്തിൽ നിന്നു പുറത്തുവന്ന്
ഒരസ്തെക്ക് ദേവതയെപ്പോലെ
എന്റെ ജീവിതം ബലി കൊടുക്കാൻ ആവശ്യപ്പെടുന്നു.
ഒരു കുഞ്ഞുപാവയ്ക്കു മേൽ ഞാൻ കുനിഞ്ഞുനില്ക്കുന്നു,
നാലു കണ്ണുകൾ കൊണ്ട്
ഞങ്ങൾ അന്യോന്യം നോക്കുന്നു.

“നിനക്കെന്നെ തോല്പിക്കാനാവില്ല,” ഞാൻ പറയുന്നു,
“ലോകത്തേക്കിറങ്ങാനുള്ള തിടുക്കത്തിൽ
നിനക്കു കുത്തിപ്പൊട്ടിക്കാനുള്ള ഒരു മുട്ടയാവാൻ ഞാനില്ല,
നിനക്കു ജീവിതത്തിലേക്കു പോകാനുള്ള കാൽനടപ്പാലമാവാൻ എനിക്കു വയ്യ.
ഞാൻ ചെറുത്തുനില്ക്കും.”

ഞാൻ ഒരു കുഞ്ഞുപാവയ്ക്കു മേൽ കുനിഞ്ഞുനില്ക്കുന്നു,
ഒരു കുഞ്ഞുവിരലിന്റെ നേർത്ത ചലനം എന്റെ കണ്ണില്പെടുന്നു,
അല്പനേരം മുമ്പ് അതെന്റെ ഉള്ളിലായിരുന്നു,
ആ നേർത്ത ചർമ്മത്തിനടിയിൽ എന്റെ ചോരയൊഴുകുന്നു.
പൊടുന്നനേ എളിമയുടെ
ദീപ്തവും ഉന്നതവുമായ ഒരു തിര
എനിക്കു മേലുയരുന്നു.
ബലഹീനയായി ഞാൻ മുങ്ങിത്താഴുന്നു.



4.  കടലും മനുഷ്യനും

ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല,
എളിമ കൊണ്ടും ആവേശം കൊണ്ടും.
എന്നാലതിന്റെ മുഖത്തു നോക്കി
നിങ്ങൾക്കു ചിരിയ്ക്കാം.

ചിരി കണ്ടുപിടിച്ചത്
ഒരു പൊട്ടിച്ചിരി പോലെ
ജീവിതം ഹ്രസ്വമായവർ.

ചിരായുസ്സായ കടലിനു
ചിരി വരില്ല.


5.  അയാൾ അവർക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കുന്നു


എല്ലാ ഞായറാഴ്ചയും അവർ ഒരുമിച്ചു നടക്കാൻ പോയിരുന്നു.
അയാൾ, അവൾ,
മൂന്നു മക്കളും.

ആ മറ്റേ സ്ത്രീയുടടുത്തു പോകരുതെന്ന്
ഒരു ദിവസം രാത്രിയിൽ അവൾ മുടക്കു പറഞ്ഞപ്പോൾ
പായയുടെ അടിയിൽ നിന്ന്
അയാൾ ഒരു പേനക്കത്തി വലിച്ചെടുത്തു.

ഇപ്പോഴും ഞായറാഴ്ചകളിൽ അവർ നടക്കാൻ പോകുന്നുണ്ട്,
അയാൾ, അവൾ, മൂന്നു മക്കളും.
അയാൾ അവർക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കുന്നുണ്ട്,
എല്ലാവരും ചിരിക്കുന്നുണ്ട്.
അവളും.


6.  എനിക്കു കാലുകൾ പത്താണ്‌


ഓടുമ്പോൾ
കാലുകൾ കൊണ്ടു ഞാൻ ചിരിക്കുന്നു.
ഓടുമ്പോൾ
കാലുകൾ കൊണ്ടു ഞാൻ ലോകത്തെ വിഴുങ്ങുന്നു.
ഓടുമ്പോൾ
കാലുകൾ എനിക്കു പത്താണ്‌.
എന്റെ കാലുകൾ
ഒരുമിച്ചട്ടഹസിക്കുന്നു.
ഓടുമ്പോഴേ
ഞാനുള്ളു.


7.  എനിക്കു പറ്റില്ല


എനിക്കു നിങ്ങളോടസൂയ തോന്നുന്നു.
ഏതു നിമിഷവും
നിങ്ങൾക്കെന്നെ വിട്ടുപോകാം.

എനിക്കു പറ്റില്ല
എന്നെ വിട്ടുപോകാൻ


8.  ഉള്ളിലൊന്ന്


ഒരു പ്രണയവിരുന്നിനു നിന്റെയിടത്തേക്കു നടക്കവെ
തെരുവിന്റെ മൂലയ്ക്ക്
ഞാനൊരു പിച്ചക്കാരിക്കിഴവിയെ കണ്ടു.

ഞാനവരുടെ കൈ പിടിച്ചു,
ആ മുഖത്തുമ്മ വച്ചു,
പിന്നെ ഞങ്ങൾ സംസാരിച്ചു,
ഉള്ളിലെന്നെപ്പോലെ തന്നെയായിരുന്നു അവർ,
ഒരേ തരവുമായിരുന്നു ഞങ്ങൾ,
ഞാനതു ക്ഷണം കൊണ്ടറിഞ്ഞു,
ഒരു നായ മറ്റൊരു നായയെ
മണം കൊണ്ടറിയുന്നപോലെ.


9.  ഒരു മാലാഖയുടെ ഏറ്റവും ഇളയ കുഞ്ഞുങ്ങൾ


നീയെന്നെ അന്നാദ്യമായി ചുംബിച്ചപ്പോൾ
ഒരു മാലാഖയുടെ ഏറ്റവും ഇളയ കുഞ്ഞുങ്ങളായി നാം മാറി,
പിച്ച വയ്ക്കാൻ തുടങ്ങിയ ഇരട്ടക്കുട്ടികൾ.

ഒരു ചേഷ്ടയ്ക്കു നടുവിൽ നിശ്ശബ്ദരായി,
പാതിശ്വാസത്തിൽ വീർപ്പടക്കി,
മജ്ജയോളം വിസ്മിതരായി
ഉടലുകൾ കൊണ്ടവർ ശ്രദ്ധിക്കുന്നു,
തങ്ങളുടെ തോൾപ്പലകകളിൽ
ആദ്യത്തെ കുഞ്ഞുതൂവലുകൾ പൊടിക്കുന്നത്.


10. കവിയരങ്ങ്


പന്തു പോലെ
ചുരുണ്ടുകൂടിക്കിടക്കുകയാണു ഞാൻ
തണുപ്പു പിടിച്ചൊരു നായയെപ്പോലെ.

ആരെനിക്കൊന്നു പറഞ്ഞുതരും
ഞാൻ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.

ഫോണടിയ്ക്കുന്നു:
ഇന്നൊരു കവിത വായിക്കാനുണ്ട്.

ഞാൻ കടന്നുചെല്ലുന്നു.
ഒരുനൂറാളുകൾ. ഒരുനൂറു ജോഡിക്കണ്ണുകൾ.
അവ  ഉറ്റുനോക്കുന്നു. അവ കാത്തിരിക്കുന്നു.
എന്തിനെന്നെനിക്കറിയാം.

അവർക്കു ഞാൻ പറഞ്ഞുകൊടുക്കണമത്രെ,
അവർ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.

anna swir


11. നഴ്സ്

മരുന്നും വെള്ളവുമില്ലാത്ത ഒരാശുപത്രിയിൽ
ഞാനൊരു നഴ്സായിരുന്നു;
മലവും ചലവും ചോരയും നിറഞ്ഞ പാത്രങ്ങൾ
ഞാനെടുത്തുമാറ്റിയിരുന്നു.

മലവും ചലവും ചോരയും എനിക്കിഷ്ടമായിരുന്നു.
ജീവിതം പോലവ ജീവനുള്ളവയായിരുന്നു,
ചുറ്റിനും ജീവിതം കുറഞ്ഞുവരികയുമായിരുന്നു.

ലോകം മരിക്കുമ്പോൾ
മുറിപ്പെട്ടവർക്കു മൂത്രപ്പാത്രമെടുത്തുകൊടുക്കുന്ന
രണ്ടു കൈകൾ മാത്രമായിരുന്നു ഞാൻ.


12. ഒരു പതിനാലുകാരി നഴ്സിന്റെ ചിന്തകൾ

ലോകത്തെ വെടിയുണ്ടകളെല്ലാം
എന്നിൽ വന്നു തറച്ചിരുന്നുവെങ്കിൽ
അവയ്ക്കു തറയ്ക്കാൻ മറ്റാരുമുണ്ടാകുമായിരുന്നില്ല.

അത്ര തവണ ഞാൻ മരിക്കട്ടെ,
ലോകത്താളുകളുള്ളത്ര,
അവരാരും മരിക്കാതിരിക്കട്ടെ,
ആ ജർമ്മൻകാർ പോലും.

ഞാൻ മരിച്ചതവർക്കു വേണ്ടിയെന്ന്‍
ആരുമറിയാതെയുമിരിക്കട്ടെ,
അതിനാലവർ വിഷാദിക്കാതെയുമിരിക്കട്ടെ.


13. മനുഷ്യന്റെ കണ്ണുകളിലേക്കു നിറയൊഴിക്കാൻ
 
അവനു പതിനഞ്ചായിരുന്നു,
പോളിഷ് ഭാഷയിൽ ഏറ്റവും മിടുക്കനും.
പിസ്റ്റളുമെടുത്ത്
ശത്രുവിനു നേർക്കവനോടിച്ചെന്നു.

അപ്പോഴവൻ മനുഷ്യന്റെ കണ്ണുകൾ കണ്ടു.
അവൻ അവയിലേക്കുന്നമെടുത്തതുമായിരുന്നു.
അവനൊന്നറച്ചു,
അവൻ നടപ്പാതയിൽ വീണുകിടക്കുന്നു.

പോളിഷ് ക്ളാസ്സിൽ അവനെ പഠിപ്പിച്ചിരുന്നില്ല
മനുഷ്യന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ...


14. എലികള്‍ ശേഷിച്ചു


ഈ നഗരത്തിൽ ഇപ്പോൾ മനുഷ്യരില്ല.
ചിലനേരം കണ്ണുകൾ പൊള്ളിക്കരിഞ്ഞ ഒരു പൂച്ച
ഇടവഴിയിൽ നിന്നു പുറത്തേക്കിഴഞ്ഞുവന്ന്
വീണുമരിക്കുന്നു.

അതല്ലെങ്കിൽ ഒരെലി
തെരുവിന്റെ മറുവശത്തേക്കു പാഞ്ഞുപോകുന്നു.

അതല്ലെങ്കിൽ കാറ്റ്
നടപ്പാതയിൽ കിടക്കുന്ന ഒരു പുസ്തകത്തിന്റെ ഏടു മറിക്കുന്നു,
തിളങ്ങുന്നൊരു ചില്ലുകഷണം കൊണ്ട്
ജനാലയിൽ തട്ടുന്നു.


15. ഒരു സ്കൗട്ട് പെൺകുട്ടിയുടെ സ്വപ്നം

അവരെന്നെ വധശിക്ഷയ്ക്കു വിധേയയാക്കിക്കഴിഞ്ഞാൽ
അതുകൊണ്ടെല്ലാം അവസാനിക്കുന്നില്ല.

എന്നെ വെടി വച്ചുകൊന്ന
പട്ടാളക്കാരൻ
അടുത്തുവന്നു പറയും,
എന്റെ മകളെപ്പോലെ ചെറുപ്പം.

എന്നിട്ടയാൾ തല താഴ്ത്തും.


16. മണൽ മാത്രം അതിജീവിച്ചു

ഒരാഴ്ച മുഴുവൻ
രാത്രിയും പകലും
അവർ മണല്ച്ചാക്കുകൾ വലിച്ചിഴച്ചു കൊണ്ടുവന്നു,
ഗെയ്റ്റിനു പിന്നിലേക്ക്, ജനാലകൾക്കു പിന്നിലേക്ക്.

ജർമ്മൻകാരെ നോക്കി
ഒരു കോട്ട പോലെ നമ്മുടെ വീടു നില്ക്കും,
നമ്മൾ അതിജീവിക്കും.

ഏഴാം നാൾ പുലർച്ചെ
മേല്ക്കൂരയ്ക്കു മുകളിലൂടെ
ഒരു വിമാനം താഴ്ന്നുപറന്നു.

മണൽ മാത്രം അതിജീവിച്ചു.


17. ശവശരീരങ്ങളുമായി ഞാൻ സംസാരിച്ചു


ശവശരീരങ്ങളോടൊപ്പം
ഒരേ പുതപ്പിനടിയിൽ കിടന്ന് ഞാനുറങ്ങി,
ഇനിയും ജീവൻ പോകാത്തതിന്‌
ഞാനവരോടു മാപ്പു ചോദിക്കുകയും ചെയ്തു.

അതിൽ ഔചിത്യമുണ്ടായിരുന്നില്ല. അവരെനിക്കു മാപ്പു തന്നു.
അതിൽ യുക്തിയും ഉണ്ടായിരുന്നില്ല. അവർക്കത്ഭുതമായി.
അല്ലെങ്കിൽത്തന്നെ ജീവിതം അന്നെത്ര അപകടം പിടിച്ചതായിരുന്നു.


18. അമ്മയെ മറന്നു

നിലവറയിൽ കിടന്ന്
അവർ മരിക്കുകയായിരുന്നു,
കല്ക്കരിച്ചാക്കുകൾക്കു മേൽ,
വെള്ളത്തിനു കരഞ്ഞുകൊണ്ട്,
മകനെയോർത്തു കരഞ്ഞുകൊണ്ട്;
ആരുമുണ്ടായില്ല.

മകൻ അമ്മയെ മറന്നുപോയിരുന്നു,
അയാൾ തോക്ക് വൃത്തിയാക്കുകയായിരുന്നു.
യുദ്ധത്തിനു മുമ്പ്
അയാൾ വെടിയുണ്ടകൾ എണ്ണിനോക്കുകയായിരുന്നു.


19. അയാൾക്കു ഭാഗ്യമുണ്ടായിരുന്നു


ഒരു വൃദ്ധൻ കൈയിൽ പുസ്തകങ്ങളുമായി
വീട്ടിൽ നിന്നിറങ്ങുന്നു.
ഒരു ജർമ്മൻ പട്ടാളക്കാരൻ പുസ്തകങ്ങൾ തട്ടിപ്പറിക്കുന്നു,
ചെളിയിലേക്കെറിയുന്നു.

വൃദ്ധൻ പുസ്തകങ്ങൾ പെറുക്കിയെടുക്കുന്നു,
പട്ടാളക്കാരൻ അയാളുടെ മുഖത്തിടിക്കുന്നു,
വൃദ്ധൻ താഴെ വീഴുന്നു,
പട്ടാളക്കാരൻ അയാൾക്കൊരു തൊഴി കൊടുത്തിട്ട് നടന്നുപോകുന്നു.

ചെളിയും ചോരയുമായി
വൃദ്ധൻ കിടക്കുന്നു.
അടിയിൽ പുസ്തകങ്ങൾ തന്നെ തൊടുന്നത്
അയാൾ അറിയുന്നു.


20. വാതില്‍ വഴി ഒരു സംഭാഷണം

പുലർച്ചെ അഞ്ചു മണിയ്ക്ക്
ഞാൻ അയാളുടെ വാതിലിൽ ചെന്നു മുട്ടി.
വാതില്‍ വഴി  ഞാൻ പറയുന്നു:
സ്ലിസ്ക്കാ തെരുവിലെ ആശുപത്രിയിൽ
നിങ്ങളുടെ മകൻ, പട്ടാളക്കാരൻ, മരിക്കാൻ കിടക്കുകയാണ്‌.

അയാൾ വാതിൽ പാതി തുറക്കുന്നു,
അയാള്‍ കൊളുത്തെടുക്കുന്നുമില്ല.
പിന്നിൽ അയാളുടെ ഭാര്യ
നിന്നുവിറയ്ക്കുന്നു.

ഞാൻ പറയുന്നു:
നിങ്ങളുടെ മകന്‌ അമ്മയെ ഒന്നു കാണണം.
അയാൾ പറയുന്നു:  അമ്മ വരില്ല.
പിന്നിൽ അയാളുടെ ഭാര്യ
നിന്നുവിറയ്ക്കുന്നു.

ഞാൻ പറയുന്നു:
അയാൾക്കു വീഞ്ഞു കൊടുക്കാൻ
ഡോക്ടർ അനുവാദം തന്നിട്ടുണ്ട്.
അയാൾ പറയുന്നു: ഒന്നു നില്ക്കണേ.

വാതിലിനുള്ളിലൂടെ
അയാൾ ഒരു കുപ്പിയെടുത്തു നീട്ടുന്നു,
വാതിൽ അടച്ചു കുറ്റിയിടുന്നു,
താഴിട്ടു പൂട്ടുന്നു.
വാതിലിനു പിന്നിൽ
അയാളുടെ ഭാര്യ അലറിക്കരയാൻ തുടങ്ങുന്നു
പേറ്റുനോവെടുക്കുമ്പോലെ.


21. വെളുത്ത കല്യാണച്ചെരുപ്പുകൾ


രാത്രിയിൽ
അമ്മ ഒരു പെട്ടി തുറന്ന്
തന്റെ വെളുത്ത പട്ടു കൊണ്ടുള്ള
കല്യാണച്ചെരുപ്പുകൾ പുറത്തെടുക്കുന്നു.
പിന്നെ പതുക്കെ
അതിൽ മഷി പുരട്ടുന്നു.

പിന്നെ അതിരാവിലെ
ആ ചെരുപ്പുമിട്ട്
അവർ തെരുവിലേക്കു പോകുന്നു,
റൊട്ടിയ്ക്കു ക്യൂ നില്ക്കാൻ.
മൈനസ് പത്തു ഡിഗ്രിയായിരുന്നു,
മൂന്നു മണിക്കൂർ
അവർ തെരുവിൽ നിന്നു.

ആളാം പ്രതി നാലിലൊന്നു കഷണം വീതം
അവിടെ റൊട്ടി വിതരണം ചെയ്യുന്നുണ്ടായിരുന്നു.

Anna-Swir_t658


22. അമ്മ മരിക്കുന്നു


അമ്മയ്ക്കു പ്രാണസഞ്ചാരമെടുത്തപ്പോൾ
എനിക്കു കരയാൻ നേരമുണ്ടായിരുന്നില്ല.
എനിക്കമ്മയെ മരിക്കാൻ സഹായിക്കണമായിരുന്നു.

അതു കഴിഞ്ഞപ്പോൾ
ഞാനൊരു ശവമായി.
ശവങ്ങൾ കരയാറില്ല.


23. അവർക്കോർമ്മയില്ല


അവർ ദുഷ്ടയായ ഒരു രണ്ടാനമ്മയായിരുന്നു.
വയസ്സുകാലത്ത്
ഒരൊഴിഞ്ഞ കൂരയിൽ
അവർ കിടന്നു മരിക്കുന്നു.

കത്തിക്കരിഞ്ഞ ഒരു പിടി കടലാസ്സു പോലെ
അവർ കിടുങ്ങിവിറയ്ക്കുന്നു.
താൻ ദുഷ്ടയായിരുന്നുവെന്ന് അവർ ഓർക്കുന്നില്ല.
എന്നാൽ അവർക്കറിയാം,
തനിക്കു തണുക്കുന്നുവെന്ന്.


24. വൻകുടൽ


കണ്ണാടി നോക്കൂ. നമുക്കിരുവർക്കും നോക്കാം.
ഇതാ എന്റെ നഗ്നമായ ഉടൽ.
നിനക്കതിനെ ഇഷ്ടമായിരിക്കാം,
എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല.
ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്‌,
എന്നെയും എന്റെ ഉടലിനേയും?
അതു മരിക്കുമ്പോൾ
എന്തിനു ഞാനും കൂടെ മരിക്കണം?
ഞങ്ങൾക്കിടയിലെ അതിർത്തി എവിടെയാണെന്നറിയാൻ
എനിക്കവകാശമുണ്ട്.
എവിടെയാണു ഞാൻ, ഞാൻ, ഞാനായ ഞാൻ?

അടിവയറ്റിൽ, അടിവയറ്റിലാണോ ഞാൻ? വൻകുടലിൽ?
കാലിടുക്കിലെ ദ്വാരത്തിൽ? ഒരു കാൽവിരലിൽ?
തലച്ചോറിലാണെന്നു വരാം. എനിക്കതു കാണില്ല.
തലയോട്ടിയിൽ നിന്നെന്റെ തലച്ചോറെടുക്കൂ.
എനിക്കെന്നെ കാണാനുള്ള അവകാശമുണ്ടെന്നറിയില്ലേ?
ചിരിക്കരുത്. ഭീകരമാണതെന്നു നീ പറയുന്നു.

എന്റെ ഉടലുണ്ടാക്കിയതു ഞാനല്ല.
എന്റെ കുടുംബത്തിലെ പഴന്തുണികളാണു ഞാൻ ധരിച്ചിരിക്കുന്നത്,
എനിക്കന്യമായ ഒരു തലച്ചോറ്‌, ഒരു യാദൃച്ഛികഫലം,
എന്റെ മുത്തശ്ശിയുടെ മുടി,
മരിച്ച ചില മൂക്കുകളിൽ നിന്നൊട്ടിച്ചെടുത്ത ഒരു മൂക്ക്.
ഇതൊക്കെയുമായി എനിക്കെന്തു ബന്ധമിരിക്കുന്നു?
നീയുമായി എനിക്കെന്തു ബന്ധം, എന്റെ കാൽമുട്ടു പോലെ,
എന്റെ കാൽമുട്ടുമായി എനിക്കെന്തു ബന്ധം?

ഞാനായിരുന്നെങ്കിൽ
മറ്റൊരു രൂപമാണു ഞാൻ തിരഞ്ഞെടുക്കുക.

രണ്ടും ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും,
എന്റെ കാൽമുട്ടിനേയും നിന്നെയും.
മുഖം വക്രിപ്പിക്കരുത്,
നിനക്കു കളിക്കാനായി
എന്റെ ഉടൽ അങ്ങനെതന്നെ ഞാൻ തന്നിട്ടു പോകാം.
ഞാൻ പോകും,
ഇവിടെ എനിക്കൊരു കാര്യവുമില്ല,
ജീർണ്ണതയ്ക്കു കാത്തുകിടക്കുന്ന
ഈ അന്ധകാരത്തിൽ.
ഞാൻ ഇറങ്ങിയോടും,
എന്നിൽ നിന്നു ഞാൻ പാഞ്ഞൊളിക്കും.
ഞാൻ എന്നെത്തേടി
അന്ത്യശ്വാസം വരെയും ഭ്രാന്തെടുത്ത പോലെ പായും.

മരണം വരും മുമ്പേ നമുക്കു തിരക്കു പിടിക്കേണ്ടിവരുന്നു.
തുടലിട്ടു വലിക്കുന്ന നായയെപ്പോലെ
നിത്യയാതന തിന്നുന്ന ഈ ഉടലിലേക്കെനിക്കു മടങ്ങാതെ വയ്യ.
അതിന്റെ കർക്കശമായ അന്ത്യാനുഷ്ഠാനങ്ങളിലൂടെ
എനിക്കു കടന്നുപോകാതെ വയ്യ.

ഉടൽ തോല്പിച്ചവൾ,
ഉടലിനാൽ സാവധാനം നശിച്ചവൾ.

ഞാൻ പ്രവർത്തനം നിലച്ച ഒരു വൃക്കയാവും
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടൽ.
ഒരു നാണക്കേടോടെ ഞാൻ അവസാനിക്കും.

എനിക്കൊപ്പം പ്രപഞ്ചവും അവസാനിക്കും,
പ്രവർത്തനം നിലച്ച ഒരു വൃക്കയായി,
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടലായിച്ചുരുങ്ങി.


25. ഒരെഴുത്തുകാരി തുണിയലക്കുന്നു


ടൈപ്പു ചെയ്തതു മതി.
ഇന്നു ഞാൻ പണ്ടത്തെ ശൈലിയിൽ
തുണിയലക്കാൻ പോകുന്നു.
എന്റെ മുത്തശ്ശിമാരും മുതുമുത്തശ്ശിമാരും ചെയ്തിരുന്ന പോലെ
ഞാൻ കഴുകുന്നു, തിരുമ്പുന്നു, ഉലമ്പുന്നു, പിഴിയുന്നു.
മനസ്സമാധാനം.

തുണിയലക്കൽ ആരോഗ്യപ്രദവും ഉപയോഗപ്രദവുമാണ്‌,
കഴുകിയെടുത്ത കുപ്പായം പോലെ.
എഴുത്ത് സംശയിക്കപ്പെടാം.
ഒരു പേജിൽ ടൈപ്പു ചെയ്ത
മൂന്ന് ചോദ്യചിഹ്നങ്ങൾ പോലെ.


26. നാളെ അവരെന്നെ കീറിമുറിക്കും


മരണം വന്ന് എനിക്കരികിൽ നിന്നു.
ഞാൻ പറഞ്ഞു: ഞാൻ ഒരുങ്ങിക്കഴിഞ്ഞു.
ക്രാക്കോവിലെ ക്ലിനിക്കിൽ ശസ്ത്രക്രിയാമുറിയിൽ കിടക്കുകയാണു ഞാൻ.
നാളെ അവരെന്നെ കീറിമുറിക്കും.

എന്നിൽ വേണ്ടത്ര കരുത്തുണ്ട്.
എനിക്കു ജീവിക്കാം, ഓടാം, പാടാം, നൃത്തം ചെയ്യാം.
എല്ലാം എന്നിലുണ്ട്,
ഇനിയല്ല, ആവശ്യമെങ്കിൽ ഞാൻ പോവുകയും ചെയ്യും.

ഇന്ന് ഞാനെന്റെ ജീവിതത്തിന്റെ കണക്കെടുക്കുന്നു.
ഞാനൊരു പാപിയായിരുന്നു,
ഞാൻ മണ്ണിൽ തല കൊണ്ടിടിക്കുകയായിരുന്നു,
ആകാശത്തോടും ഭൂമിയോടും ഞാൻ മാപ്പിരന്നു.

ഞാൻ സുന്ദരിയായിരുന്നു, വിരൂപയുമായിരുന്നു,
ബുദ്ധിമതിയും വിഡ്ഢിയുമായിരുന്നു,
അതിസന്തുഷ്ടയും അതിവിഷാദിയുമായിരുന്നു.
പലപ്പോഴും എനിക്കു ചിറകു മുളച്ചിരുന്നു,
വായുവിൽ ഞാൻ പറന്നുനടന്നിരുന്നു.

മഞ്ഞത്തും വെയിലത്തും ഒരായിരം പാതകളിലൂടെ ഞാൻ നടന്നു,
എന്റെ ചങ്ങാതിയോടൊപ്പം നക്ഷത്രങ്ങൾക്കടിയിൽ ഞാൻ നൃത്തം ചെയ്തു.
എത്രയോ മനുഷ്യനേത്രങ്ങളിൽ ഞാൻ സ്നേഹം കണ്ടു.
ആനന്ദത്തിൽ എന്റെ വിഹിതം
രുചിയോടെ ഞാൻ കഴിച്ചു.
ഇന്ന് ക്രാക്കോവിലെ ഒരു ക്ലിനിക്കിൽ ശസ്ത്രക്രിയാമുറിയിൽ ഞാൻ കിടക്കുന്നു.
അത് എനിക്കരികിൽ നില്ക്കുന്നു.
നാളെ അവരെന്നെ കീറിമുറിക്കും.
ജനാലയിലൂടെ മേയ്മാസമരങ്ങൾ, ജീവിതം പോലെ മനോഹരം,
എന്നിൽ എളിമയും പേടിയും സമാധാനവും.


Annas

“The Soul and The Body on The Beach”

The soul on the beach
studies a textbook of philosophy.
The soul asks the body:
Who bound us together?
The body says:
Time to tan the knees.

The soul asks the body:
Is it true
that we do not really exist?
The body says:
I’m tanning my knees.

The soul asks the body,
Where will the dying begin,
in you or in me?
The body laughed,
It tanned its knees.

Troubles with the Soul at Morning Calisthenics

Translated from Polish by Czeslaw Milosz and Leonard Nathan

Lying down I lift my legs,
my soul by mistake jumps into my legs.
This is not convenient for her,
besides, she must branch,
for the legs are two.

When I stand on my head
my soul sinks down to my head.
She is then in her place.

But how long can you stand on your head,
especially if you do not know
how to stand on your head.

I Carried Bedpans


I worked as an orderly at the hospital
without medicine and water.
I carried bedpans
filled with pus, blood and feces.
I loved pus, blood and feces—
they were alive like life,
and there was less and less
life around.
When the world was dying,
I was only two hands, handing
the wounded a bedpan.

MATERNITY


I gave birth to life.
It went out of my entrails
and asks for the sacrifice of my life
as does an Aztec deity.
I lean over a little puppet,
we look at each other
with four eyes.
"You are not going to defeat me," I say
"I won't be an egg which you would crack
in a hurry for the world,
a footbridge that you would take on the way to your life.
I will defend myself."
I lean over a little puppet,
I notice
a tiny movement of a tiny finger
which a little while ago was still in me,
in which, under a thin skin,
my own blood flows.
And suddenly I am flooded
by a high, luminous wave
of humility.
Powerless, I drown.


Thoughts of a Fourteen-Year-Old Nurse


If all the bullets in the world
hit me,
then they couldn’t hit anybody else.
And let me die as many times
as there are people in the world,
so that they wouldn’t have to die,
even the Germans.
And let nobody know
that I died for them,
so that they wouldn’t be sad.


The Same Inside


Walking to your place for a love feast

I saw at a street corner

an old beggar woman.

I took her hand,

kissed her delicate cheek,

we talked, she was

the same inside as I am,

from the same kind,

I sensed this instantly

as a dog knows by scent

another dog.


The Rats Remain


In this city
there are no more people. Sometimes a cat
with burnt eyes
crawls out from an alley
to die.
Or a rat
scuttles to the other side of the street.
Or the wind moves
a page in a book on the pavement
and knocks the window
with the glinting shard of glass.


A Girl Scout’s Dream


When they execute me,
not everything will come to an end.
The soldier
who shot me dead will approach
and say: as young
as my daughter.
And he’ll lower his head.

The Sand Survived

All week

they hauled sandbags night and day

to the gate, to the windows.

Facing the Germans,

our house will be a fortress, we’ll survive.

At dawn on the seventh day

a plane flew low

over the roof.

And only the sand survived.


Forgot about his Mother


She was dying in the basement,

on sacks of coal,

crying for water,

crying for her son,

no one was there.

The son forgot about his mother,

the son was cleaning his rifle.

He was counting bullets

ahead of the battle.

Translated from Polish by Piotr Florczyk

He Got Lucky


for Prof. Władysław Tatarkiewicz
An old man
leaves the house, carrying books.
A German soldier grabs the books
and throws them in the mud.
The old man picks up the books,
the solider hits him in the face.
The old man falls,
the solider kicks him and walks away.
The old man
lies in mud and blood.
Underneath, he feels
books.

POETRY READING


I’m curled into a ball
like a dog
that is cold.
Who will tell me
why I was born,
why this monstrosity
called life.
The telephone rings. I have to give
a poetry reading.
I enter.
A hundred people, a hundred pairs of eyes.
They look, they wait.
I know for what.
I am supposed to tell them
why they were born,
why there is
this monstrosity called life.


I Have Ten Legs

When I run

I laugh with my legs.

When I run

I swallow the world with my legs.

When I run

I have ten legs.

All my legs shout.

I exist

only when running.

WHITE WEDDING SLIPPERS


At night
mother opened a chest and took out
her white wedding slippers
of silk. Then slowly
daubed them with ink.
Early in the morning
she went in those slippers
into the street
to line up for bread.
It was minus ten degrees,
she stood
for three hours in the street.
They were handing out
one-quarter of a loaf per person.

She Does not Remember

She was an evil stepmother.
In her old age she is slowly dying
in an empty hovel.
She shudders
like a clutch of burnt paper.
She does not remember that she was evil.
But she knows
that she feels cold.
Translated from the Polish by Czeslaw Milosz and Leonard Nathan

Mother Dying

When mother was going through agony of death
I had no time to cry
I had to help her
in her dying.

When it was over
I was a corpse myself.
Corpses do not cry.

A Conversation through the Door


At five in the morning
I knock on his door.
I say through the door:
In the hospital at Sliska Street
your son, a soldier, is dying.

He half-opens the door,
does not remove the chain.
Behind him his wife
shakes.

I say: your son asks his mother
to come.
He says: the mother won’t come.
Behind him the wife
shakes.

I say: the doctor allowed us
to give him wine.
He says: please wait.

He hands me a bottle through the door,
locks the door,
locks the door with a second key.

Behind the door his wife
begins to scream as if she were in labor.
(Translated by Czeslaw Milosz and Leonard Nathan)

Large Intenstine

Look in the mirror. Let us both look.
Here is my naked body.
Apparently you like it,
I have no reason to.
Who bound us, me and my body?
Why must I die
together with it?
I have the right to know where the borderline
between us is drawn.
Where am I, I, I myself.

Belly, am I in the belly? In the intestines?
In the hollow of the sex? In a toe?
Apparently in the brain. I do not see it.
Take my brain out of my skull. I have the right
to see myself. Don’t laugh.
That’s macabre, you say.

It’s not me who made
my body.
I wear the used rags of my family,
an alien brain, fruit of chance, hair
after my grandmother, the nose
glued together from a few dead noses.
What do I have in common with all that?
What do I have in common with you, who like
my knee, what is my knee to me?

Surely
I would have chosen a different model.

I will leave both of you here,
my knee and you.
Don’t make a wry face, I will leave you all my body
to play with.
And I will go.
There is no place for me here,
in this blind darkness waiting for
corruption.
I will run out, I will race
away from myself.
I will look for myself
running
like crazy
till my last breath.

One must hurry
before death comes. For by then
like a dog jerked by its chain
I will have to return
into this stridently suffering body.
To go through the last
most strident ceremony of the body.

Defeated by the body,
slowly annihilated because of the body

I will become kidney failure
or the gangrene of the large intestine.
And I will expire in shame.

And the universe will expire with me,
reduced as it is
to a kidney failure
and the gangrene of the large intestine.

A Woman Writer Does Laundry
Enough typing.
Today I am doing laundry
in the old style.
I wash, I wash, rinse, wring
as did my grandmothers and great-grandmothers.
Relaxation.
Doing laundry is healthful and useful
like a washed shirt. Writing
is suspect.
Like three interrogation marks
typed on a page.


Translated by Czeslaw Milosz & Leonard Nathan

Tomorrow They Will Carve Me

Death came and stood by me.
I said: I am ready.
I am lying in the surgery clinic in Krakow.
Tomorrow
they will carve me.

There is much strength in me. I can live,
can run, dance, and sing.
All that is in me, but if necessary
I will go.

Today
I make account of my life.
I was a sinner,
I was beating my head against earth,
I implored from the earth and the sky
forgiveness.

I was pretty and ugly,
wise and stupid,
very happy and very unhappy
often I had wings
and would float in air.

I trod a thousand paths in the sun and in snow,
I danced with my friend under the stars.
I saw love
in many human eyes.
I ate with delight
my slice of happiness.

Now I am lying in the surgery clinic in Krakow.
It stands by me.
Tomorrow
they will carve me.
Through the window the trees of May, beautiful like life,
and in me, humility, fear, and peace.


അഭിപ്രായങ്ങളൊന്നുമില്ല: