2016, ഏപ്രിൽ 26, ചൊവ്വാഴ്ച

അന്ന കാമിയെൻസ്ക - നോട്ടുബുക്കുകൾ 3




ചെളിക്കുണ്ടിൽ പ്രതിഫലിക്കുന്ന സൂര്യോദയം- ഒന്നാന്തരമൊരു രൂപകം.
*


ഭംഗിയുള്ള വെളുത്ത കടല്ക്കാക്ക ചിറകുകൾ വിരുത്തി പറന്നിറങ്ങുന്നത് ആഹ്ളാദാതിരേകത്തോടെ നാം കണ്ടുനില്ക്കുമ്പോൾ മത്സ്യത്തിനത് മരണത്തിന്റെ വരവാണ്‌.
*


ബോംബാക്രമണവും അതിനു മുമ്പു വീശിയ വലിയ വെളിച്ചവും ഞാനോർക്കുന്നു. മനോഹരമായ, കണ്ണഞ്ചിക്കുന്ന ആ പച്ചവെളിച്ചം ആദ്യം മുകളിൽ നിന്നാണ്‌ വീണത്; മണ്ണിന്റെ ഓരോ ചുളിവും വെളിച്ചപ്പെടുത്തുന്നത്ര തെളിച്ചമായിരുന്നു അതിന്‌. ഓരോ വ്യക്തിയേയും ഓരോ കോശത്തെയും ഓരോ ചോരക്കുഴലിനേയും എക്സ്റേ പോലത് വെളിച്ചപ്പെടുത്തുന്നു. സകലതിനേയും അത് മരണത്തിനൊരുക്കുന്നു. 

ആഴത്തിനുമാഴത്തിൽ ഒളിഞ്ഞിരിക്കുന്ന ഭീതിയെ, ഉടലിന്റെ ജന്തുസഹജമായ ഭീതിയെ അത് പുറത്തു വലിച്ചിടുന്നു.

കൊല്ലും മുമ്പ് ആ വെളിച്ചം ആളുകളുടെ മുഖംമൂടികൾ നിർദ്ദയം പറിച്ചെടുക്കുന്നു. അതുകൊണ്ടാണ്‌ ഒരു ബോംബാക്രമണം കഴിഞ്ഞാൽ ഒരാൾ നാണക്കേടോടെ പുറത്തു വരുന്നത്: താൻ മരിച്ചിട്ടില്ല, താനിപ്പോഴും ജീവനോടെയുണ്ട് എന്ന നാണക്കേടോടെ. അതയാൾ എടുത്തണിഞ്ഞ പ്രതിരോധങ്ങളെല്ലം വലിച്ചൂരി മരണത്തിനു മുന്നിൽ നഗ്നനായി അയാളെ നിർത്തുന്നു. ആ വെളിച്ചം അയാളുടെ ഉടലിൽ നിന്ന് ശേഷിച്ച അവസാനത്തെ കുമ്പസാരവും തൊളു പൊളിച്ചെടുത്തു; എന്നാൽ അയാൾ തോറ്റുപോയി, അയാൾ മരിച്ചില്ല. വഞ്ചകനായി, പേടിച്ചരണ്ടവനായി അയാൾ ജീവിച്ചിരിക്കുന്നു.
*


എനിക്കെഴുതാൻ തോന്നുമ്പോഴല്ല ഞാൻ കവിതയെഴുതുന്നത്; എനിക്കെഴുതാൻ കഴിയാതെ വരുമ്പോഴാണ്‌ ഞാൻ എഴുതുന്നത്, എന്റെ ശ്വാസനാളം നിറയുമ്പോൾ, എന്റെ തൊണ്ട അടയുമ്പോൾ.
*


ഒരു മോസ്ക്കോ സിമിത്തേരിയിൽ അപ്രതീക്ഷിതമായി കണ്ട ചെക്കോഫിന്റെ ശവകുടീരം. നനവു പറ്റിയ കണ്ണടയുടെ ദീപ്തി പോലെ മഞ്ഞിന്റെ തിളക്കം.
*


അഹ്‌മത്തോവ. അവരുടെ എല്ലാ കവിതകളും സമാഹരിച്ച തടിച്ച പുസ്തകം, എല്ലമെഴുതിയത് ഒറ്റയാളാണെന്ന മട്ടിൽ. അവർ പലരായിരുന്നു എന്നതാണ്‌ വാസ്തവം- ചെറുപ്പം മുതൽ വാർദ്ധക്യം വരെ. സംസ്കാരസമ്പന്നയും സുന്ദരിയുമായ യുവതി; വേദന കൊണ്ടലറിക്കരയുകയും “ദൈവമേ!” എന്നു വിളിച്ചുകൊണ്ട് പള്ളിയുടെ തറയിൽ നെറ്റി കൊണ്ടിടിക്കുകയും ചെയ്യുന്ന നാട്ടുമ്പുറത്തുകാരി; ആരാധകരും സ്തുതിപാഠകരും പൊതിയുന്ന കവയിത്രി; പിന്നെ, വാർദ്ധക്യത്തിലെത്തിയ സ്ത്രീ: അനുഭവജ്ഞാനമുള്ളവൾ, ഗ്രഹിതമുള്ളവൾ, ഭൂമിയെപ്പോലെ, മരിച്ച കുഞ്ഞിനെ കൈയിലെടുത്തു താരാട്ടുന്ന കർഷകസ്ത്രീയെപ്പോലെ.
*


ക്രിസ്തുവിന്റെ ദിവ്യാത്ഭുതത്തിലൂടെ സൗഖ്യം നേടിയ തളർവാതക്കാരന്റെ മുഖത്തെ സന്തോഷം-പക്ഷേ  എത്ര മടിയോടെയാണയാൾ തന്റെ ഊന്നുവടികൾ ഉപേക്ഷിക്കുന്നത്!
*


മനുഷ്യൻ തുറന്നതാണ്‌!

മറ്റെല്ലാം അടഞ്ഞതാണ്‌, അഭേദ്യമാണ്‌. മഴയോ മഞ്ഞോ കാറ്റോ കല്ലോ മരമോ കൊടുങ്കാറ്റോ നിങ്ങൾക്കു വാതിൽ തുറന്നു തരുന്നില്ല. സർവവസ്തുക്കളും ശവപ്പെട്ടിയുടെ മൂടി പോലെ ഇറുക്കിയടച്ചിരിക്കുന്നു. മനുഷ്യൻ മാത്രമേ തുറന്നതായിട്ടുള്ളു, ഏതു വസ്തുവിനും പ്രതിഭാസത്തിനും സംഭവത്തിനും കുടിയേറിപ്പാർക്കാൻ, അവന്റെ ഉടലാകാൻ പാകത്തിൽ വലിയൊരു വീടു പോലെ തുറന്നു കിടക്കുന്നുള്ളു.
*


“ഭൂമിയെ നല്ലവണ്ണം കാണാൻ അടുത്തടുത്തു വരുന്ന ദൈവത്തിന്റെ കണ്ണാണ്‌ കൊള്ളിമീൻ.”
*


അറിവുള്ളവരുടെ ചാരം അട്ടിയട്ടിയായി വീണതിൽ ആണ്ടുകിടന്നിട്ടും മണ്ണിനല്പമെങ്കിലും അറിവു കൂടിയോ?
*


എല്ലാ വാക്കുകളും മരണത്തിനു മുന്നിൽ നുണകളാണ്‌, കാരണം, എല്ലാ പ്രതീക്ഷകളും നുണകളാണ്‌. വാക്കുകൾ വ്യർത്ഥമോഹങ്ങളാണ്‌. ഒരു മൺകട്ട, ഒരു കല്ല്, ദാഹിക്കുന്നൊരു പച്ചപ്പാടം: അവ നുണ പറയുന്നില്ല.
*


നീയെനിക്ക് ഒരൊസ്യത്ത് തന്നിട്ടുപോയി: മണ്ണ്‌, മരങ്ങൾ, കിളികൾ. എന്നാൽ അവ കൊണ്ടെന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല.
*


ഒരു ചതുപ്പിൽ നിന്നെന്ന പോലെ മണ്ണിനടിയിൽ നിന്നു പുറത്തു വരാൻ അദ്ദേഹം ശ്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു.

ദേഹമാകെ കറുത്ത ചേറും ചുവന്ന ചേടിയുമായി അദ്ദേഹം പുറത്തു വന്നു. ഞാൻ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ഒരു പരന്ന പാത്രത്തിലേക്കതു പകരുകയായിരുന്നു, ആ മണ്ണ്‌, ആ മരണം കഴുകിക്കളയാൻ.
*


എഴുതാത്ത കവിതകളുടെ നരകം.
*


മനുഷ്യനു കിട്ടിയ ശാപം: അവനുണ്ടാക്കുന്നതൊക്കെ അവനെ അതിജീവിക്കുന്നു.
*


ആശുപത്രിക്കിടക്ക. മരണക്കിടക്ക. ആരാണിപ്പോൾ അതിൽ ഇല്ലാതാകുന്നത്? ആരാണരികിൽ നില്ക്കുന്നത്? ഞാൻ തന്നെ. മറ്റൊരു ഞാൻ.
*


അകലത്തിന്റെ അടുപ്പം.
*


മരിച്ച പെൺകുട്ടിയെ പുരോഹിതൻ അനുയാത്ര ചെയ്തു. അദ്ദേഹത്തിന്‌ വെളുത്ത അംഗവസ്ത്രം ധരിക്കണമെന്നുണ്ടായിരുന്നു; എന്നാൽ സഭാനിയമപ്രകാരം ആറു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചരമശുശ്രൂഷയ്ക്കേ അതു പാടുള്ളു. കർമ്മങ്ങൾ നടന്നു കൊണ്ടിരിക്കെ പെട്ടെന്ന് മഞ്ഞു പെയ്യാൻ തുടങ്ങി, പുരോഹിതൻ വെളുപ്പു കൊണ്ടാകെ മൂടി.
*


മുങ്ങിച്ചാവുന്നവർ വൈക്കോൽത്തുരുമ്പിലെന്നപോലെ നാം വാക്കുകളിൽ അള്ളിപ്പിടിക്കുന്നു. എന്നിട്ടും നാം മുങ്ങിത്താഴുന്നു, മുങ്ങിത്താഴുന്നു.
*


എത്ര വേഗമാണ്‌ വായു മരിച്ചയാളെ, അയാളുടെ ചേഷ്ടകളെ, അയാളുടെ രോഷങ്ങളെ, ഇഷ്ടാനിഷ്ടങ്ങളെ പുറത്തിട്ടടയ്ക്കുന്നത്. സ്ഥലം തീർത്തും ഉദാസീനാമാണ്‌, കാലമോ, അസാധാരണമാം വിധം വേഗതയേറിയ ഓട്ടക്കാരനും.
*


ക്രിസ്തുമസ് രാത്രിയിൽ നിങ്ങൾ അയാൾക്ക് അയാളുടെ മേശയും കസേരയും ഒഴിച്ചിടുന്നതും അയാൾക്കുമൊരു പിഞ്ഞാണം വയ്ക്കുന്നതും വെറുതെ. സമ്പൂർണ്ണമായ അസാന്നിദ്ധ്യമാണ്‌ അവയിൽ നിറയുക.
*


നീ ഇന്നും അധിവസിക്കുന്ന ഒരേയൊരിടം എന്റെ സ്വപ്നങ്ങളാണ്‌- ആ ദുർബ്ബലഭവനങ്ങൾ, നമ്മുടെ പ്രണയത്തിന്റെ പുല്ലു വളർന്നുകേറിയ പാഴ്നിലങ്ങൾ.
*


നിങ്ങളുടെ മനസ്സിലുള്ളത് എഴുതി വയ്ക്കുന്നത് ഒരാവശ്യമെന്നപോലെ തന്നെ ഉപദ്രവവും കൂടിയാണ്‌. അതു നിങ്ങളെ ആത്മരതിയിലേക്കു നയിക്കുന്നു, വിട്ടുകളയേണ്ടതിനെ പിടിച്ചുവയ്ക്കുന്നു. നേരേ മറിച്ച്, ഈ കുറിപ്പുകൾ നിങ്ങളുടെ ആന്തരജീവിതത്തിന്‌ ഒരു തീവ്രത നല്കുകയും ചെയ്യുന്നു; പ്രകാശിപ്പിക്കാതിരുന്നെങ്കിൽ അതു നിങ്ങളുടെ വിരലുകൾക്കിടയിലൂടെ ഊർന്നുപോകുമായിരുന്നല്ലോ.

ഇതിനും പുറമേ ഈ രൂപത്തിൽ എഴുത്തുകാരൻ ഒരു കഥാപാത്രമായി തന്നെ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ ദിവസത്തിന്റെയും ഉടഞ്ഞ കഷണങ്ങളിൽ നിന്ന്, ദൈനന്ദിനജീവിതത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് അയാൾ സ്വയം രൂപപ്പെടുത്തുകയും ചെയ്യുന്നു. തള്ളിക്കളയേണ്ട യാഥാർത്ഥ്യവുമല്ല അത്.
*


എഴുതുന്നതു പോലെ തന്നെ വേണം ജീവിക്കാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും. യത്നത്തോടെ, ക്ഷമയോടെ, ശ്രദ്ധയോടെ, തിടുക്കപ്പെടാതെ.
*


ലോകത്തെ പുനഃസൃഷ്ടിക്കുക എന്നതാണ്‌ എന്റെ ദൗത്യം- ലോകാവസാനത്തിനു ശേഷം.
*


ഒരു കവിതയെഴുന്നതിനു മുമ്പ് നിങ്ങളുടെ ബോധം തുറക്കുകയും ദൈവവരം കൊണ്ടെന്നപോലെ മുകളിലെങ്ങോ നിന്ന് കവിത ഒഴുകി വരുന്നതായി നിങ്ങൾക്കു തോന്നുകയും ചെയ്യുന്ന പോലെ പൊടുന്നനേ എന്റെ ബോധം പ്രപഞ്ചത്തിലെ സകലതിനോടും താദാത്മ്യം പ്രാപിച്ച ഒരനുഭവത്തിലേക്ക്, മഹത്തായൊരു സഹാനുഭൂതിയിലേക്ക് സ്വയം തുറന്നു. മഴ പെയ്തതിനു ശേഷമെന്നപോലെ ലോകം കഴുകിത്തെളിഞ്ഞു, വസ്തുക്കൾക്ക് പുതിയ നിറങ്ങളും അർത്ഥങ്ങളും കൈവന്നു; അവ വെറും പ്രതീകങ്ങൾ മാത്രമാണെന്ന പോലെയായിരുന്നു, ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിബിംബങ്ങൾ. കാവ്യപ്രചോദനം പോലെയായിരുന്നു ആ അവസ്ഥ.
*


വാക്കുകളിൽ ഞാൻ പ്രാർത്ഥിക്കുന്നു. കവിതകളിൽ ഞാൻ പ്രാർത്ഥിക്കുന്നു. ശ്വാസത്തിലൂടെ, സ്വപ്നങ്ങളിലൂടെ, നിദ്രാരാഹിത്യത്തിലൂടെ, പ്രണയത്തിലൂടെ, പരിത്യാഗത്തിലൂടെ പ്രാർത്ഥിക്കാനും എനിക്കു ശീലിക്കണം.

ജനാലയ്ക്കു പുറത്തു പെയ്യുന്ന മഞ്ഞിലൂടെ ഞാൻ പ്രാർത്ഥിക്കുന്നു.
നിലയ്ക്കാത്ത കണ്ണീരിലൂടെ ഞാൻ പ്രാർത്ഥിക്കുന്നു.
*


ഏകാകിയെന്ന ബോധം ഒരു പ്രമാദമാണ്‌. ഉള്ളവരും ഉണ്ടായിരുന്നവരും ഉണ്ടാകാൻ പോകുന്നവരും അടങ്ങിയ ഒരു മഹാജനതതിയിലാണ്‌, അതിലൂടെ നീങ്ങുകയാണ്‌ നാം.

ആ മഹാനദിയിൽ.
*


ജെ. അച്ചൻ തന്റെയൊരു സിദ്ധാന്തം എന്നോടു പറഞ്ഞു. ഉള്ളിൽ ഒരു സംശയം ഉടലെടുക്കുമ്പോഴൊക്കെയും അപ്രതീക്ഷിതമായി അദ്ദേഹത്തിനതിന്‌ ഉത്തരം കിട്ടുകയാണ്‌, മുറിയിലേക്കു കടന്നുവരുന്ന ഒരാളിൽ നിന്ന്, ആളെക്കാണാതെ കേട്ട ഒരു സംഭാഷണത്തിൽ നിന്ന്.
*


വിശ്വാസത്തിന്റെ അനുഭവം കാവ്യപ്രചോദനം പോലെ സ്വയംപര്യാപ്തമാണ്‌. ആ അനുഭവത്തിനപ്പുറം മറ്റൊരാവിഷ്കാരം അതിനു വേണ്ട, അതിന്‌ വാക്കുകളുടെ ആവശ്യമില്ല. നമ്മുടെ വിശ്വാസത്തിന്റെ തീർച്ചക്കുറവാണ്‌ വാക്കുകൾക്കു വേണ്ടി ആഗ്രഹിക്കാനും വാക്കുകളെ തേടിപ്പിടിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്.
*


യഥാർത്ഥകവിത എന്നും സന്ദിഗ്ധമായിരിക്കുന്നതും ഇതുകൊണ്ടാണ്‌; “ആത്മവിശ്വാസത്തിന്റെ അടയാളങ്ങളും“ ചോദ്യചിഹ്നങ്ങളും ഒരേയളവിൽ അതിൽ അടങ്ങിയിരിക്കുന്നു.

ക്രിസ്തു പ്രവർത്തിച്ച അത്ഭുതങ്ങളിൽ വച്ച് ഏറ്റവും മനോഹരം അപ്പം വീതിച്ചതാണ്‌, അതു കഴിഞ്ഞാൽ കടലിൽ കൊടുങ്കാറ്റിനെ ശാസിച്ചതും. ദിവ്യാത്ഭുതങ്ങളിൽ അന്തർലീനമായ ഘടകം അവയിൽ വിശ്വസിക്കുന്നവരുടെ വിശ്വാസമാണ്‌.
*


നാം മുമ്പേ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു പാഠത്തിന്റെ വിവർത്തനമാണ്‌ എഴുത്ത് എന്ന സിമോങ്ങ് വെയിലിന്റെ ആശയം എനിക്കിഷ്ടമായി. ആ സങ്കല്പം കഠിനമായ ഒരുദ്യമത്തിന്റെ ഭാരം കുറയ്ക്കുന്നു.

എന്നാൽത്തന്നെയും ഒരു കല്ക്കരിഖനിയിലെന്നപോലെ ഒരു വഴിത്താര വെട്ടിയെടുക്കുന്ന പുറം പൊളിയ്ക്കുന്ന പണിയാണത്; കൂരിരുട്ടിൽ, മണ്ണിനടിയിൽ. കവിതയിൽ ഇടയ്ക്കിടെ വെളിച്ചം വീശുന്ന നിമിഷങ്ങളുണ്ട്. ഇരുണ്ട തുരങ്കത്തിൽ വെളിച്ചത്തിന്റെ ഒരു ചീള്‌ ഒന്നു വീശുന്നു, പിന്നെ വീണ്ടും തലയ്ക്കു മേൽ ഇരുട്ട് അടഞ്ഞുകൂടുന്നു.

ഗദ്യത്തിൽ ഇരുട്ടിനു കട്ടി കൂടുതലാണ്‌, കരിങ്കട്ടകൾക്ക് കട്ടി കൂടുതലും.
*


ഒരു ചിറ്റരുവി കടലിനോടു പ്രാർത്ഥിക്കുന്നതങ്ങനെ, മിടിയ്ക്കുന്ന ഹൃദയം പ്രപഞ്ചഹൃദയത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒരു ചെറുവാക്ക് ദൈവവചനത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒരു മൺപൊടി ഭൂമിയോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഭൂമി പ്രപഞ്ചത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒന്ന് ഒരു കോടിയോടു പ്രാർത്ഥിക്കുന്നതങ്ങനെ, മനുഷ്യസ്നേഹം ദൈവസ്നേഹത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, നിമിഷം നിത്യതയോടു പ്രാർത്ഥിക്കുന്നതങ്ങനെ, മഞ്ഞുശകലം ഹേമന്തത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, പേടി പൂണ്ട മൃഗം കാനനമൗനത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, അനിശ്ചിതത്വം സൗന്ദര്യത്തോടു പ്രാർത്ഥിക്കുന്നതുമങ്ങനെ.

ഈ പ്രാർത്ഥനകളെല്ലാം സഫലവുമാകുന്നു.
*


കവിതകൾ- സ്നേഹിതർക്കും ശത്രുക്കൾക്കും പരേതർക്കും പിന്നെ, ഒരു പക്ഷേ, ജീവിച്ചിരിക്കുന്ന ഒരാൾക്കും എഴുതിയ കത്തുകൾ.
*


ഒരാൾ ചക്രക്കസേരയിലിരുന്നു പോകുന്നു, ആയാസത്തോടെ, വളരെ സാവധാനം. എന്റെ കവിതകളിൽ എന്നെപ്പോലെ.
*


എന്റെ വീട് തകർന്നടിഞ്ഞു കിടക്കുന്നു. ഞാനത് പുതുക്കിപ്പണിയുന്തോറും യാഥാർത്ഥ്യം അതിനെ പൊളിച്ചു താഴെയിടുകയും ചെയ്യുന്നു. തകർന്നതു മതി എന്നു വയ്ക്കുകയാണോ ഭേദം?
*


തകർന്നതും അംഗഭംഗം വന്നതുമായതെന്തു കണ്ടാലും എന്റെ മനസ്സിളകിപ്പോകുന്നു. നാം ശരിക്കും അങ്ങനെ തന്നെയാണ്‌ എന്നതിനാൽ.
*


പ്ളൂട്ടാർക്ക്: “മനുഷ്യർ മനുഷ്യരിൽ നിന്നു സംസാരം ശീലിക്കുന്നു, ദേവകളിൽ നിന്ന് മൗനവും.”
*


ഓർമ്മയുടെ കോടിമുണ്ടിൽ പൊതിഞ്ഞെടുത്ത ഒരു ശരീരം.
*


എന്റെ കവിതകൾ എന്റെ ഭാഷണമെന്നതിനെക്കാൾ എന്റെ മൗനമാണ്‌. സംഗീതം നിശ്ശബ്ദതയുടെ ഒരു ഭേദമാണെന്നതുപോലെ. നിശ്ശബ്ദതയുടെ അടരുകളൊന്നൊന്നായി വെളിവാക്കുന്നിടത്തോളമേ വാക്കുകൾ കൊണ്ടുപയോഗമുള്ളു.
*


മരിച്ചയൊരാളെയാണു ഞാൻ തേടിപ്പോയത്; ഞാൻ കണ്ടെത്തിയത് ദൈവത്തെയും.
*


സിമിത്തേരി: ഭൂതകാലത്തിന്റെ ഭൂദൃശ്യം.
*


നാം ജോലി ചെയ്യാതിരിക്കുമ്പോൾ കാലം നമ്മെ വകഞ്ഞൊഴുകിപ്പോകുന്നു, നാമതിനെ നമുക്കുള്ളിലേക്കു സ്വാംശീകരിക്കുന്നില്ല.

വിശ്രമം പോലും സർഗ്ഗാത്മകമായിരിക്കണം, എന്നാലേ കാലം നമുക്കു ചുറ്റുമൊഴുകാതെ നമ്മിലൂടൊഴുകൂ. അതാണ്‌ കല.
*


റോമിലെ ഓരോ പള്ളിയിലും ഞാൻ മുട്ടു കുത്തി; ഞാൻ പ്രാർത്ഥിച്ചതു പക്ഷേ, അവയിലെ ശില്പങ്ങളോടും ചിത്രങ്ങളോടുമായിരുന്നു.
*


നാം ആഗ്രഹിക്കുന്നതിലും കൂടുതലാണ്‌ എപ്പോഴും നമുക്കു കിട്ടുക. നാം ചോദിക്കുന്നത് നമുക്കു കിട്ടും; ചിലപ്പോഴത് മറ്റൊരു നാണയത്തിലായിരിക്കുമെന്നേയുള്ളു, മൂല്യം കൂടുതലുള്ള മറ്റൊന്ന്.
*


നമ്മുടെ വീടുകൾ ചപ്പുചവറുകളും കടലാസ്സുകളും കളിപ്പാട്ടങ്ങളും കൊണ്ടു നിറഞ്ഞുകവിയുന്നു. അലമാരകൾ നിറയെ മരിച്ചവരുടെയും മുതിർന്നു പോയതിനാൽ മരിച്ചവരായ കുട്ടികളുടെയും ഉടുപ്പുകൾ.

മേശവലിപ്പുകൾ നിറയെ നിറം മങ്ങിയ കത്തുകളും ഓർമ്മകളുടെ ശേഷിപ്പുകളായ വസ്തുക്കളും. ഇങ്ങനെയൊരു ഗാർഹികശ്മശാനത്തിൽ ജീവിക്കുക. ഞാൻ ജീവിക്കുന്നത് അങ്ങനെയാണ്‌.

കാലം പറക്കുന്നു; ഉറക്കം കാലത്തിൽ വലിയ വലിയ വിലങ്ങൾ തുറക്കുന്നു. കാലം മറ്റൊരു ശവപ്പറമ്പാവുന്നു, ബോധത്തിന്റെ കയങ്ങളിൽ ഒരു ശവപ്പറമ്പ്.
ഇതെല്ലാം വലിച്ചെറിയുക എന്നാൽ മരിക്കുക എന്നാണർത്ഥം.അങ്ങനെ മൂന്നാമതൊരു ശവപ്പറമ്പ്, കാത്തിരിക്കുന്നതൊന്ന്.
*


എന്റെ വീടു മാത്രമല്ല, ലോകം മുഴുവൻ തന്നെ വസ്തുക്കളും സംസ്കാരങ്ങളും അടിഞ്ഞടിഞ്ഞു കൂടിയ ഒരു ചവറ്റുകൂനയാണ്‌.എങ്ങോട്ടാണു രക്ഷപ്പെടുക? മരണത്തിലേക്കോ? പക്ഷേ മരണത്തിനുമുണ്ട് അതിന്റെ സ്വന്തമായി ദാരുണവും ഭീരുത്വം നിറഞ്ഞതുമായ ഒരു സൗന്ദര്യബോധം- പൂക്കളും കലാപരമായി പണിത ഒരു ശകകുടീരവും കൊണ്ട് അതു നമ്മെ ഭീഷണിപ്പെടുത്തുന്നു.
*


മനുഷ്യനെയല്ല- കടലിനെയാണ്‌ ദൈവം തന്റെ പ്രതിരൂപത്തിൽ സൃഷ്ടിച്ചത്.
*


പ്രകൃതിയിലുള്ളതെല്ലാം നല്ല മേനിയാണ്‌. അതിൽ പതിരുകളില്ല. കടൽ, മണൽ, മരങ്ങൾ, കളകളും മുൾച്ചെടികൾ പോലും- എല്ലാം ഒന്നാന്തരം ഉരുപ്പടികൾ. ഒരു കോട്ടവുമില്ലാത്തവ.
*


മനുഷ്യന്റെ ചരിത്രം- പല പറുദീസാനഷ്ടങ്ങളുടെ പരമ്പരയാണത്, നിങ്ങൾക്കു പിന്നിൽ തുടരെത്തുടരെ അടയുന്ന കവാടങ്ങൾ; മടക്കമില്ല, ഒരിക്കലും.
*


സ്വപ്നത്തിന്റെ രാസവിദ്യ. നിഗൂഢമായ ഒരു ചാണക്കല്ലിൽ മരിച്ചവർ പ്രത്യക്ഷരാവുന്നു; യാഥാർത്ഥ്യത്തിന്റെ വിളുമ്പിലുള്ള ഒരയഥാർത്ഥജീവിതത്തിലേക്ക് ഒരജ്ഞാതവിദ്യയുടെ ശക്തി ആവാഹിച്ചു വരുത്തിയതാണവരെ. അവർ യഥാർത്ഥത്തിൽ ഇല്ലെന്നെങ്ങനെ പറയും: അവർ സംസാരിക്കുന്നു, ചലിക്കുന്നു, നമ്മെ തൊടുന്നു, നാം അവരെയും തൊടുന്നു.

സ്വപ്നം കാണലെന്ന ആഭിചാരം.
*


വാക്കുകളെ ഏറ്റവുമധികം ഭയക്കുന്നവർ അവയുടെ ഭാരമറിയുന്നവർ ആയിരിക്കും: വാക്കു തന്നെ വാസ്തവമായ എഴുത്തുകാർ, കവികൾ.
*


മരിച്ചവരോട് വിശ്വസ്തരാവുക എന്നാൽ എന്താണർത്ഥം? 
ജീവിച്ചിരിക്കുന്നവർക്കിടയിൽ രണ്ടാമതൊരമ്മയെ മനസ്സിൽ കാണാൻ പറ്റില്ല എന്നാണത്. ഈയൊരു വിശ്വസ്തതയേയുള്ളു. പകരം വയ്ക്കാൻ കഴിയായ്ക.
*


ഉത്കണ്ഠയുടെയും അന്വേഷണത്തിന്റെയും ഈ കാലത്ത് നാം എന്തെങ്കിലും എഴുതണം, എന്തിനെങ്കിലും രൂപം കൊടുക്കണം. അതെന്തുമായിക്കോട്ടെ, ഏതെങ്കിലും തരത്തിലുള്ള ഒരർത്ഥമോ ക്രമമോ മുന്നോട്ടു വയ്ക്കുന്നതിലേക്ക് അതു നമ്മെ നയിച്ചുവെന്നു വരാം. ഏതു സ്ഥിതിവിശേഷവും ഒരു തുടക്കമാകാം. ജീവിതത്തെക്കുറിച്ചുള്ള അറിവിന്‌ കൃത്യമായ ഒരു തുടക്കമോ ഒടുക്കമോ ഇല്ല. ഭൂമിയെപ്പോലെയാണത്: അതിലെ ഏതു ബിന്ദുവും ആരംഭമോ മദ്ധ്യമോ ആകാം.
*


മരംവെട്ടിയുടെ കൈ മഴുവിനു തരിക്കുമ്പോലെ എന്റെ കൈ എഴുതാൻ തരിക്കുന്നു. എനിക്കു ജീവനുണ്ടെന്നോർമ്മപ്പെടുത്താൻ അതേയുള്ളു.
*


അദ്ദേഹം മരിച്ചുവെന്നു വിശ്വസിക്കാൻ എനിക്കിനിയും കഴിയുന്നില്ല. ഇത്രയധികം സ്നേഹിച്ച ഒരാൾക്ക് മരിക്കാൻ കഴിയില്ല. ഇത്രയധികം സ്നേഹം കിട്ടിയ ഒരാൾക്ക് മരിക്കാൻ കഴിയില്ല. എങ്കിൽ അദ്ദേഹം ജീവനോടെയുണ്ടോ?
*


ഞാൻ ഒരു കവിത എഴുതാൻ തുടങ്ങി. വൈകിയില്ല, അതെന്നെ എഴുതാൻ തുടങ്ങി.
*


പ്രിയപ്പെട്ടൊരാളിന്റെ മരണത്തിനു മുന്നിൽ “വിശ്വാസി”യും “അവിശ്വാസി”യും ഒരേപോലെ നിസ്സഹായരാണ്‌. മനുഷ്യരെന്ന നിലയിൽ നമ്മെ ഇണക്കുന്നതതാണ്‌. അതെ, ബലമല്ല, ദൗർബല്യം, നിസ്സഹായത, ഭയം, മരണം. ആഹ്ളാദങ്ങളിലേ നാം വ്യത്യസ്തരാകുന്നുള്ളു. യാതനയുടെ മുഖം ഒന്നുതന്നെയാണ്‌. ക്രിസ്തുവിന്റെ മുഖം.
*


ബാല്യത്തിന്റെ മേശവലിപ്പിലെ നിധികൾ. പിന്നീടു കിട്ടുന്നതൊന്നും അതിനോടു കിട പിടിയ്ക്കുന്നതല്ല.
*


കവിത എന്ന “തൊഴിൽ” നിങ്ങൾക്കു പഠിച്ചെടുക്കാനാവില്ല. സ്വയം അതിവർത്തിക്കാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. സ്വന്തം നേട്ടങ്ങളെ പരിത്യജിക്കാൻ. സ്വയം ആവർത്തിക്കാതിരിക്കാൻ.

ഈ ചലനങ്ങൾ എന്റെ കവിതയിൽ നിങ്ങൾക്കു കാണാം: വിശദവും വിസ്തൃതവുമായ ഒരു കവിതയിൽ നിന്ന് സംക്ഷിപ്തമായ ഒരു പദസമൂഹത്തിലേക്ക്, ഒരാന്തരസത്യത്തിന്റെ ചുരുക്കെഴുത്തു പോലെയായ ഒരു രേഖയിലേക്കുള്ള മാറ്റം.
*


അടുത്ത കാലത്തെഴുതിയ കവിതകൾ ഞാനൊന്നോടിച്ചുനോക്കി. ബുക്കിന്റെ ചട്ടകളെരിച്ച് അവ പുറത്തു വരുമെന്ന് എനിക്കൊരു തോന്നലുണ്ടായിരുന്നു. ഒന്നുമില്ല, ഒന്നുമില്ല, വാക്കുകളുടെ ചാരം മാത്രം.
*


കവിതയെഴുതാൻ ഭ്രാന്തിന്റെ ഒരു ലാഞ്ഛന കൂടിയേ തീരൂ. അതുകൊണ്ടാണ്‌ കവികൾ തങ്ങളുടെ സ്ഖലിതങ്ങളിലും നൈരാശ്യങ്ങളിലും പിടിച്ചുതൂങ്ങിക്കിടക്കുന്നത്.
*


കവിതകൾ പ്രളയജലം പോലെ എനിക്കു മേലൊഴുകി. കാട്ടുതേനീച്ചകൾ പോലെ എന്നെ വന്നാക്രമിച്ചു.
*


ഓരോ നാളിനേയും നിങ്ങളോടുള്ള ഒരു ചോദ്യമായിട്ടെടുക്കുക. നിങ്ങളെ- അതിനുള്ള ഉത്തരമായും.
*


എഴുതാൻ കഴിയാത്ത നേരത്ത് നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. കൂടുതൽ പ്രധാനമായ ഒരു പാഠം മറ്റൊരാൾ നമ്മിലെഴുതുകയാണെന്നു വരാം.
*


മരണത്തെക്കുറിച്ച് കുലീനതയോടെ സംസാരിക്കാൻ ആർക്കുമറിയില്ല. അതെങ്ങനെ കേൾക്കണമെന്നും ആർക്കുമറിയില്ല.
*


അഭിപ്രായങ്ങളൊന്നുമില്ല: