2016, ഏപ്രിൽ 12, ചൊവ്വാഴ്ച

മിരൊസ്ലഫ് ഹൊളുബ് - കവിതകൾ







പൂച്ച




പുറത്തു രാത്രിയായിരുന്നു,
അക്ഷരങ്ങളില്ലാത്ത പുസ്തകം പോലെ.
അരിപ്പ പോലത്തെ നഗരത്തിൽ നിന്ന്
നക്ഷത്രങ്ങളിലേക്കു നിത്യാന്ധകാരമിറ്റുവീണിരുന്നു.


ഞാനവളോടു പറഞ്ഞതാണ്
പോകരുതെന്ന്
പോയാൽ നീ കെണിഞ്ഞുപോകുമെന്ന്
വശീകരിക്കപ്പെട്ടുപോകുമെന്ന്
ഫലമില്ലാതെ വേദനിക്കുമെന്ന്.


പോകരുതെന്നു ഞാനവളോടു പറഞ്ഞു,
ഇല്ലായ്മയെ എന്തിനു കൊതിക്കണം?


പക്ഷേ ഒരു ജനാല തുറന്നപ്പോൾ
അവൾ പോയി,

കറുത്ത രാത്രിയിലേക്ക്
ഒരു കറുത്ത പൂച്ച ഇറങ്ങിപ്പോയി,
അവൾ അലിഞ്ഞുപോയി,
അവളെ ആരും പിന്നെ കണ്ടിട്ടുമില്ല,
അവൾ പോലും.


എന്നാൽ നിങ്ങൾക്കു ചിലപ്പോൾ
അവളുടെ അനക്കം  കേട്ടുവെന്നു വരാം,
ഒരൊച്ചയുമില്ലാതിരിക്കുമ്പോൾ,
ഒരു വടക്കൻകാറ്റു വീശിവരുമ്പോൾ,
തനിയ്ക്കു തന്നെ കാതോർത്തു നിങ്ങളിരിക്കുമ്പോൾ.




പരീക്ഷണമൃഗങ്ങൾ



നായ്ക്കളെക്കാള്‍ പൂച്ചകളെക്കാൾ ഭേദമാണ്‌ മുയലുകൾ.
ഒരു പരീക്ഷണമൃഗം അധികം ബുദ്ധിയുള്ളതായിക്കൂടാ.
അതിന്റെ ചേഷ്ടകൾ മനുഷ്യരുടെ ചേഷ്ടകളെപ്പോലിരിക്കുമ്പോൾ
നിങ്ങൾക്കു സ്വസ്ഥത കെടുന്നു.
അതിന്റെ ഭീതിയും അതിന്റെ ശോകവും മനസ്സിലാവുമ്പോൾ
നിങ്ങൾക്കു സ്വസ്ഥത കെടുന്നു.


ഇതിലൊക്കെ വച്ചേറ്റവും മനസ്സു വേദനിക്കുക
കണ്ണു വിരിയാത്ത പന്നിക്കുഞ്ഞുങ്ങൾക്കു മേൽ
പണിയെടുക്കേണ്ടി വരുമ്പോഴാണ്‌.
തീരെ ഭംഗി കെട്ടതാണവ.
പാലു ചുരത്തുന്ന അകിടല്ലാതെ മറ്റൊന്നുമവയ്ക്കില്ല,
മറ്റൊന്നും അവയ്ക്കു വേണ്ട.
അവയുടെ കല്ലിച്ച, ചേലു കെട്ട കാലുകൾ
അവയ്ക്കടിയിൽ ചുരുണ്ടുകിടക്കുന്നു,
അവയുടെ മൂക്കുകളും കുഞ്ഞിക്കുളമ്പുകളും
തീരെ നിരുപയോഗവും.


വിരൂപവും മൂഢവുമാണവ.

ഒരു പന്നിക്കുഞ്ഞിനെ കൊല്ലേണ്ടി വരുമ്പോൾ
എനിക്കെന്നും നാലെഞ്ചു സെക്കന്റ് മടിച്ചുനില്ക്കേണ്ടി വരാറുണ്ട്.
ഈ ലോകത്താകെയുള്ള സൌന്ദര്യത്തിന്റെയും ദുഃഖത്തിന്റെയും പേരിൽ
ഒരു നാലഞ്ചു സെക്കന്റ്.


-ജോലി നടക്കട്ടെ- അപ്പോൾ ആരോ പറയുന്നു.

അതിനി ഞാൻ തന്നെയുമാവാം.



ലോകാവസാനം




കിളി പാട്ടിന്റെ ഒടുവിലത്തെ വരിയിലെത്തിയിരുന്നു
അതിന്റെ നഖങ്ങൾക്കടിയിൽ മരം പൊടിഞ്ഞുതിരുകയായിരുന്നു


ആകാശത്തു മേഘങ്ങൾ പിരിഞ്ഞുകൂടുകയായിരുന്നു
ഭൂമിയെന്ന മുങ്ങുന്ന നൌകയുടെ വിടവുകളിലൂടെ
ഇരുട്ടൊലിച്ചിറങ്ങുകയായിരുന്നു.


ടെലിഗ്രാഫ് കമ്പികളിൽ മാത്രം
ഒരു സന്ദേശം
ഒച്ചപ്പെട്ടുകൊണ്ടിരുന്നു:


തി-.-രി..ച്ചു.-.വ...രൂ---
നി...ങ്ങ-.-ൾ...ക്ക്.--.
ഒ...രു.-.മ---ക...ൻ.-.
പി---റ-.-ന്നു---



നെപ്പോളിയൻ



കുട്ടികളേ,
നെപ്പോളിയൻ ജനിച്ചതെന്നായിരുന്നു,
മാഷ് ചോദിക്കുന്നു.


ആയിരം കൊല്ലം മുമ്പ്, കുട്ടികൾ പറയുന്നു.
നൂറു കൊല്ലം മുമ്പ്, കുട്ടികൾ പറയുന്നു.
കഴിഞ്ഞ കൊല്ലം, കുട്ടികൾ പറയുന്നു.
ആർക്കുമറിയില്ല.


കുട്ടികളേ,
നെപ്പോളിയൻ ബോണപ്പാർട്ട് എന്തു ചെയ്തു,
മാഷ് ചോദിക്കുന്നു.


യുദ്ധം ജയിച്ചു, കുട്ടികൾ പറയുന്നു.
യുദ്ധം തോറ്റു, കുട്ടികൾ പറയുന്നു.
ആർക്കുമറിയില്ല.


ഞങ്ങടെ നാട്ടിലെ ഇറച്ചിവെട്ടുകാരന്‌
നെപ്പോളിയൻ എന്നൊരു നായയുണ്ടായിരുന്നു,
ഫ്രാന്റിസെക്ക് പറയുകയാണ്‌.
അയാളതിനെ എന്നും തല്ലും,
ഒരാണ്ടു മുമ്പതു വിശന്നുചത്തു.


നെപ്പോളിയന്റെ കാര്യമോർത്തപ്പോൾ
കുട്ടികൾക്കു സങ്കടമായി.



ഈച്ച

 
ക്രേസീയിലെ യുദ്ധവും കണ്ടുകൊണ്ട്
ഒരരളിമരക്കൊമ്പിൽ
അവളിരുന്നു
അലർച്ചകൾ
ആർത്തനാദങ്ങൾ
കിതപ്പുകൾ
തൊഴികൾ വീഴ്ചകൾ


ഫ്രഞ്ചു കുതിരപ്പടയുടെ
പതിന്നാലാമതു മുന്നേറ്റത്തിനിടയിൽ
വാദിൻകോർട്ടുകാരനായ
തവിട്ടുകണ്ണുകളുള്ള ഒരാണീച്ചയുമായി
അവൾ ഇണചേർന്നു.


കുടലു പുറത്തുചാടിയ ഒരു കുതിരയ്ക്കു മേലിരുന്ന്
ഈച്ചകളുടെ അമരത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ
അവൾ കാലുകൾ കൂട്ടിത്തിരുമ്മി.


മനസ്സമാധാനത്തോടെ
ക്ളെയർവോയിലെ ഡ്യൂക്കിന്റെ
നീലിച്ച നാവിൽ
അവൾ പറന്നുചെന്നിരുന്നു.


എങ്ങും നിശ്ശബ്ദതയായപ്പോൾ
ഉടലുകൾക്കു ചുറ്റും
ജീർണ്ണതയുടെ മർമ്മരങ്ങൾ മാത്രമായപ്പോൾ
മരങ്ങൾക്കടിയിൽ
ചില കൈകളും കാലുകളും മാത്രം
ഞെട്ടിപ്പിടഞ്ഞുകൊണ്ടിരുന്നപ്പോൾ


രാജാവിന്റെ ആയുധപ്പുരയുടെ സൂക്ഷിപ്പുകാരനായ
യൊഹാൻ ഊറിന്റെ ഒറ്റക്കണ്ണിൽ
അവൾ മുട്ടയിടാൻ തുടങ്ങി.


അങ്ങനെയാണ്‌
എസ്ട്രീസിലെ തീനാളങ്ങളിൽ നിന്നു
പലായനം ചെയ്യുകയായിരുന്ന
ഒരു മീവൽക്കിളി
അവളെ വെട്ടിവിഴുങ്ങാനിടയായത്.



യക്ഷിക്കഥ


അയാൾ സ്വന്തമായൊരു വീടുണ്ടാക്കി:
    സ്വന്തം അസ്തിവാരം,
    സ്വന്തം കല്ലുകൾ,
    സ്വന്തം ഭിത്തികൾ,
    സ്വന്തം മേൽക്കൂര,
    സ്വന്തം ചീമ്മിനിയും പുകയും,
    സ്വന്തം വാതിൽപ്പുറക്കാഴ്ച.
അയാൾ സ്വന്തമായൊരു പൂന്തോട്ടമുണ്ടാക്കി:
    സ്വന്തം പുറവേലി,
    സ്വന്തം കാശിത്തുമ്പ,
    സ്വന്തം മണ്ണിര,
    സ്വന്തം അന്തിമഞ്ഞ്‌.
അയാൾ ആകാശത്തു നിന്ന്‍ തന്റെ വിഹിതം  മുറിച്ചെടുത്തു.
തന്റെ തോട്ടം ആകാശത്തിൽ പൊതിഞ്ഞുകെട്ടി;
വീട്‌ തോട്ടത്തിൽ പൊതിഞ്ഞുകെട്ടി,
പിന്നെ എല്ലാം കൂടി ഒരു തൂവാലയിൽ പൊതിഞ്ഞെടുത്തു;
എന്നിട്ട്‌
അയാൾ ഇറങ്ങിപ്പോയി
ഒരു ധ്രുവക്കുറുക്കനെപ്പോലെ എകാകിയായി,
തണുത്ത
തോരാത്ത മഴയിലൂടെ
ലോകത്തിലേക്ക്‌.
 

അത്യാഹിതവിഭാഗം

 
ചതഞ്ഞരഞ്ഞ വിരലുകൾ അവർ കൊണ്ടുവരുന്നു,
ഇതു നന്നാക്കിത്തരൂ, ഡോക്ടർ.
കത്തിക്കരിഞ്ഞ കണ്ണുകൾ,
നായാടിപ്പിടിച്ച മൂങ്ങകൾ പോലത്തെ ഹൃദയങ്ങൾ
അവർ കൊണ്ടുവരുന്നു,
ഇതു നന്നാക്കിത്തരൂ, ഡോക്ടർ.
ഒരുനൂറു വെളുത്ത ശരീരങ്ങൾ,
ഒരുനൂറു ചുവന്ന ശരീരങ്ങൾ,
ഒരുനൂറു കറുത്ത ശരീരങ്ങൾ അവർ കൊണ്ടുവരുന്നു,
ഇതു നന്നാക്കിത്തരൂ, ഡോക്ടർ.
ആംബുലൻസുകൾ തളികകളാക്കി
ചോരയുടെ ഭ്രാന്തും
മാംസത്തിന്റെ നിലവിളിയും
കത്തിച്ചാരമായ മൗനവും അവർ കൊണ്ടുവരുന്നു,
ഇതു നന്നാക്കിത്തരൂ, ഡോക്ടർ.


രാത്രിയോടു രാത്രി,
ഇഞ്ചോടിഞ്ചായി,
ഞരമ്പ് ഞരമ്പിനോടും
പേശി പേശിയോടും
കണ്ണുകൾ കാഴ്ചയോടും
ഞങ്ങൾ തുന്നിച്ചേർക്കുമ്പോൾ
അവർ പിന്നെയും കൊണ്ടുവരികയായി,
അതിലും നീളമുള്ള കഠാരകൾ,
അതിലും അപകടകരമായ ബോംബുകൾ,
അതിലും ഉജ്ജ്വലമായ വിജയങ്ങൾ.


വിഡ്ഢികൾ.



ഹൃദയം എങ്ങനെയിരിക്കുമെന്ന്

 
ആധികാരികമായി പറഞ്ഞാൽ
ഹൃദയം അണ്ഡാകൃതിയിലുള്ളതും
പേശീബലമുള്ളതും
തൃഷ്ണകളാൽ നിറഞ്ഞതുമാണ്‌.


എന്നാൽ ഒരിക്കലെങ്കിലും
ഹൃദയത്തിന്റെ ചിത്രം വരയ്ക്കാൻ
നോക്കിയിട്ടുള്ളവർക്കറിയാം
അത്


നക്ഷത്രം പോലെ മുനയുള്ളതും
ചിലപ്പോഴത് രാത്രിയിൽ ഒരു തെണ്ടിപ്പട്ടിയെപ്പോലെ
അലങ്കോലമായതും
ചിലപ്പോഴതൊരു ദേവദൂതന്റെ ഭേരി പോലെ
ഭീമവുമാണെന്ന്.


ചിലപ്പോഴതൊരു വരപ്പുകാരന്റെ സ്വപ്നത്തിലെന്നപോലെ
ത്രിമാനാകൃതിയിലും
ചിലപ്പോഴൊരു വലയിലെ പന്തു പോലെ
ഉരുണ്ടതുമാണെന്ന്.


ചിലപ്പോഴൊരു നേർത്ത വരപോലെയും
ചിലപ്പോഴൊരു സ്ഫോടനം പോലെയുമാണെന്ന്.


ചിലപ്പോഴതൊരു പുഴയാണെന്നും
ഒരു തടയണയാണെന്നും
കൂടിവന്നാൽ ഒരേയൊരു മീനാണെന്നും
അതും ഒരു സ്വർണ്ണമത്സ്യമല്ലെന്നും


മറിച്ച്
നിറം വിളറിയ
അസൂയാലുവായ
ഒരു നത്തോലി മാത്രമാണെന്നും.


തീർച്ചയായും
ഒറ്റനോട്ടത്തിൽ നിങ്ങളിതു ശ്രദ്ധിക്കുകയുമില്ല.


എന്നാൽ ഹൃദയത്തിന്റെ ചിത്രം വരയ്ക്കാൻ
നോക്കിയിട്ടുള്ളവർക്കറിയാം,
അതിനാദ്യം
തങ്ങളുടെ കണ്ണടകൾ മാറ്റണമെന്ന്,
കണ്ണാടി മുന്നിൽ നിന്നെടുക്കണമെന്ന്,
ബാൾപേനയും കാർബൺ പേപ്പറും
വലിച്ചെറിയണമെന്ന്,


ഒരു നീണ്ട നടത്തയ്ക്കായി
പുറത്തേക്കിറങ്ങണമെന്ന്.




വാതിൽ

 
പോയി വാതിൽ തുറക്കൂ.

പുറത്തൊരു മരമോ ഒരു വനമോ
ഒരു പൂന്തോട്ടമോ
ഒരു മാന്ത്രികനഗരമോ
കണ്ടുവെന്നു വരാം.


പോയി വാതിൽ തുറക്കൂ.
മിടിക്കുന്ന ഇരുട്ടാണതെങ്കിലും
പൊള്ളയായ കാറ്റാണതെങ്കിലും
ഇനി യാതൊന്നും തന്നെയില്ലെന്നാണെങ്കിലും
പോയി വാതിൽ തുറക്കൂ.


പോയി വാതിൽ തുറക്കൂ.
അതൊരു നായ മാന്തുന്നതാവാം.
അവിടെയൊരു മുഖം കണ്ടുവെന്നു വരാം,
അല്ലെങ്കിലൊരു കണ്ണ്‌,
ഒരു ചിത്രത്തിന്റെ ചിത്രം.


പോയി വാതിൽ തുറക്കൂ.
പുകമഞ്ഞാണെങ്കിൽ
അതു തെളിയും.


മറ്റൊന്നുമില്ലെങ്കിൽ
അകത്തേക്കൊരു കാറ്റെങ്കിലും
വീശിയടിക്കും.


holub
ചെക്ക് കവിയും ഇമ്മ്യൂണോളൊജിസ്റ്റും. പശ്ചിമബൊഹീമിയയിലെ പിൽസെനിൽ 1923ൽ ജനിച്ചു. പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്രപഠനത്തിനു ശേഷം അവിടെത്തന്നെ സൈക്കിയാട്രിക് വാർഡിൽ ജോലി ചെയ്തു. 1953ൽ ചെക്കൊസ്ലവാക്ക് സയൻസ് അക്കാഡമിയിൽ ഇമ്മ്യൂണോളൊജിസ്റ്റ് ആയി. 150ലധികം ശാസ്ത്രപ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്.

എന്നാൽ കവി എന്ന നിലയിലാണ്‌ അദ്ദേഹം പ്രസിദ്ധനായത്. ആദ്യത്തെ കവിതാസമാഹാരമായ “പകൽ ഡ്യൂട്ടി” 1958ൽ പുറത്തുവന്നു. 1967ൽ പെൻഗ്വിൻ ബുക്സ് അവരുടെ ആധുനിക യൂറോപ്യൻ കവികൾ എന്ന പരമ്പരയിൽ പെടുത്തി “തിരഞ്ഞെടുത്ത കവിതകൾ” പ്രസിദ്ധപ്പെടുത്തിയതോടെ അമേരിക്കയിലും യൂറോപ്പിലും അറിയപ്പെട്ടു തുടങ്ങി.
വിമതൻ ആണെന്ന് ഒരിക്കലും അവകാശപ്പെട്ടിരുന്നില്ലെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ ഒരിക്കൽ പോലും ജയിലിൽ പോയിട്ടില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഒളിയമ്പുകൾ അദ്ദേഹം തന്റെ കവിതകളില്ക്കൂടി തൊടുത്തു വിട്ടിരുന്നു. “ആർക്കിമെഡീസിനെ കൊന്ന കോർപ്പൊറൽ” എന്ന കവിത കമ്മ്യൂണിസത്തിന്റെ ബാലിശതകൾക്കെതിരെയുള്ള ഒരു പ്രതിഷേധമായിരുന്നു. 1968ലെ പ്രാഗ് വസന്തത്തിനു ശേഷം ചെക്കോസ്ലൊവാക്ക്യയിൽ ഹൊളുബ് അനഭിമതനായി. അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കു വിലക്കായി. 1970നും 1980നുമിടയിൽ ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല. ഇക്കാലത്ത് ഇംഗ്ളീഷിലും മറ്റു 37 ഭാഷകളിലും അദ്ദേഹത്തിന്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷമാണ്‌ സ്വന്തം നാട്ടിൽ അവ വെളിച്ചം കാണുന്നത്. 1998ൽ പ്രാഗിൽ വച്ച് അദ്ദേഹം അന്തരിച്ചു.

പതിനേഴാം നൂറ്റാണ്ടിലെ മെറ്റഫിസിക്കൽ കവികളോട് പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു കിഴക്കൻ യൂറോപ്യൻ എഴുത്തുകാരുടെ, പ്രത്യേകിച്ചും മിലൻ കുന്ദേര, സ്ബിഗ്നീഫ് ഹെർബർട്ട്, വീസ്‌വാവ ഷിംബോർസ്ക്ക എന്നിവരുടെ കൂട്ടത്തിലാണ്‌ ഹൊളുബ് സ്വയം കണ്ടിരുന്നത്. ഇപ്പറഞ്ഞ എഴുത്തുകാരെപ്പോലെ അദ്ദേഹത്തിനുമുണ്ടായിരുന്നു, “സത്യം വിളിച്ചുപറയാനുള്ള ഒരു ത്വരയും മർദ്ദിതരോട് താദാത്മ്യപ്പെടാനുള്ള ഒരു വാശിയും.”

അഭിപ്രായങ്ങളൊന്നുമില്ല: