2016, ഏപ്രിൽ 10, ഞായറാഴ്‌ച

റോസ ഔസ്‌ലൻഡെർ - എന്റെ രാപ്പാടി






ഞാൻ പോയിക്കഴിഞ്ഞാൽ…



ഞാൻ പോയിക്കഴിഞ്ഞാൽ
സൂര്യൻ പിന്നെയുമെരിഞ്ഞുവെന്നു വരാം
ഏതെന്നാർക്കുമറിയാത്തൊരു
കേന്ദ്രത്തിനു ചുറ്റുമായി
സ്വന്തം നിയമങ്ങൾക്കനുസൃതമായി
ഗോളങ്ങൾ പിന്നെയും തിരിഞ്ഞുവെന്നു വരാം
ലൈലാക്കുകൾ
പണ്ടേപ്പോലെ വാസനിച്ചുവെന്നു വരാം
മഞ്ഞതിന്റെ
വെളുത്ത കതിരുകളയച്ചുവെന്നു വരാം


മറവി ബാധിച്ച നമ്മുടെ ഈ ഭൂമിയിൽ നിന്ന്
ഞാൻ പോയിക്കഴിഞ്ഞാൽ
അല്പനേരം കൂടി
നിങ്ങളെന്റെ വാക്കുകൾ
പറഞ്ഞുകൊണ്ടിരിക്കുമോ?


ചിലനേരം ഒരു മരം...



ചിലനേരം ഒരു മരം
ജനാലയിലൂടെ എന്നെ ആശ്വസിപ്പിക്കുന്നു


ചിലനേരം ഒരു പുസ്തകം
എന്റെ മാനത്തു നക്ഷത്രമാകുന്നു


ചിലനേരം ഒരു മനുഷ്യജീവി
ഞാനറിയാത്ത ഒരാൾ
എന്റെ വാക്കുകൾ കണ്ടറിയുന്നു




വിസ്മയത്തിൽ



വാക്കുകളുടെ കൊടുംകാടിൽ
എനിക്കെന്നെ കാണാതെയാകുന്നു


വാക്കിന്റെ വിസ്മയത്തിൽ
ഞാനെന്നെ വീണ്ടും
കണ്ടെടുക്കുന്നു


പ്രണയം



ഒരു തടാകത്തിൽ
നാം പിന്നെയും കണ്ടുമുട്ടും
നീ ജലമായി
ഞാൻ താമരപ്പൂവായി


നീ എന്നെ വഹിക്കും
ഞാൻ നിന്നെ മോന്തും


എല്ലാവരുടെയും കണ്ണിൽ
നാമന്യോന്യം സ്വന്തമായിരിക്കും


നക്ഷത്രങ്ങൾക്കു പോലുമത്ഭുതമായിരിക്കും
ഇതാ രണ്ടു ജീവികൾ
തങ്ങളെ വരിച്ച സ്വപ്നത്തിലേക്ക്
രൂപമെടുത്തു ചെന്നവർ


മാതൃദേശം



എന്റെ പിതൃദേശം
മരിച്ചുപോയി
അവരതിനെ
തീയിലടക്കി
ഞാൻ ജീവിക്കുന്നത്
എന്റെ മാതൃദേശത്ത്-
വാക്കിൽ


എന്റെ രാപ്പാടി



ഒരിക്കൽ ഒരു മാൻപേടയായിരുന്നു എന്റെ അമ്മ
ആ അഴകും
തേൻ നിറമായ കണ്ണുകളും
അവർ മാൻപേടയായിരുന്ന കാലത്തിന്റെ ശേഷിപ്പുകളായിരുന്നു


ഇപ്പോഴവർ
പാതി മാലാഖയും പാതി മനുഷ്യസ്ത്രീയും
ഇടയിൽ അമ്മയും
എന്താകാനായിരുന്നു ഇഷ്ടമെന്നൊരിക്കൽ ചോദിച്ചപ്പോൾ
അവർ പറഞ്ഞു: ഒരു രാപ്പാടി


ഇന്നവർ ഒരു രാപ്പാടി
ഞാനുറങ്ങാതെ കിടക്കുന്ന സ്വപ്നത്തിന്റെ പൂന്തോപ്പിൽ
രാത്രി തോറും അവർ പാടുന്നത് ഞാൻ കേള്‍ക്കുന്നു.
തന്റെ പൂർവ്വികരുടെ സിയോണിനെക്കുറിച്ചവർ പാടുന്നു
പണ്ടത്തെ ഓസ്ട്രിയയെക്കുറിച്ചവർ പാടുന്നു
ബുക്കോവിനയിലെ മലകളെയും
ബീച്ച് മരത്തോപ്പുകളെയും കുറിച്ചവർ പാടുന്നു
എന്റെ രാപ്പാടി
എനിക്കായി ഉറക്കുപാട്ടുകൾ പാടുന്നു
ഒരു രാത്രിയുമൊഴിയാതെ
ഞാനുറങ്ങാതെ കിടക്കുന്ന സ്വപ്നത്തിന്റെ പൂന്തോപ്പിൽ




എന്റെ താക്കോൽ



എന്റെ താക്കോലിന്‌
അതിന്റെ വീട് കളഞ്ഞുപോയി


ഓരോ വീടും ഞാൻ കയറിയിറങ്ങി
ഒന്നിനും അതു ചേരുന്നില്ല


ഒടുവിൽ ഞാൻ
കൊല്ലനെ കണ്ടെത്തി


എന്റെ താക്കോൽ ചേരുന്നത്
അയാളുടെ ശവകുടീരത്തിന്‌


കിണർ



കത്തിയമർന്ന മുറ്റത്ത്
കിണറിപ്പോഴും
നിറയെ കണ്ണീരുമായി


ആരതു കരഞ്ഞുനിറച്ചു

ആരതിന്റെ ദാഹം
നെല്ലിപ്പടിയോളം
കുടിച്ചുതീർക്കും


അപരിചിതർ

അപരിചിതരെയും കൊണ്ടു തീവണ്ടികളെത്തുന്നു
അവരിറങ്ങിനിൽക്കുന്നു
വഴി നഷ്ടപ്പെട്ടവരെപ്പോലെ നോക്കിനിൽക്കുന്നു

പേടിച്ചരണ്ട മത്സ്യങ്ങൾ.
അവരുടെ കണ്ണുകളിലൊഴുകുന്നു
അവരുടെ മൂക്കുകൾ വിചിത്രം
ചുണ്ടുകൾ ശോകമയം.

അവരെ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്തുന്നില്ല
വേർതിരിവുകളില്ലാത്ത സന്ധ്യക്കായി
അവർ കാത്തുനിൽക്കുന്നു
പിന്നെയവർ ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നു,
ആകാശഗംഗയിൽ,
ചന്ദ്രന്റെ തോണിയിൽ.

ഒരാൾ ഹാർമോണിക്ക വായിക്കുന്നു
കേട്ടിട്ടില്ലാത്ത ഈണങ്ങൾ.
മറ്റൊരു തരം സ്വരവിന്യാസം
ഏകാന്തതകളുടെ
നിരന്തരാവർത്തനം.


റോസ ഔസ്‌ലൻഡെർ Rose Auslander 1901ൽ അന്നത്തെ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബുക്കോവിനയിലെ ചെർനോവിറ്റ്സിൽ ജർമ്മൻ സംസാരിക്കുന്ന ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വിയെന്നയിൽ പഠിച്ചുകൊണ്ടിരിക്കെ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനാൽ 1919 വരെ അവർക്ക് നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞില്ല. യുദ്ധം അവസാനിച്ചപ്പോൾ അവർ ചെർനോവിറ്റ്സ് യൂണിവേഴ്സിറ്റിയിൽ തത്ത്വശാസ്ത്രവും സാഹിത്യവും പഠിക്കാൻ ചേർന്നു. അച്ഛന്റെ മരണശേഷം 1921ൽ അവർ സുഹൃത്തായ ഇഗാസ് ഔസ്‌ലൻഡെർക്കൊപ്പം അമേരിക്കയിലേക്കു കുടിയേറി. രണ്ടു കൊല്ലം കഴിഞ്ഞ് അവർ വിവാഹിതരായി. ഇക്കാലത്ത് അവരുടെ കവിതകൾ പ്രസിദ്ധീകരണങ്ങളിൽ വന്നു തുടങ്ങിയിരുന്നു. 1931ൽ വിവാഹമോചനം നേടിയിട്ട് അവർ നാട്ടിൽ അമ്മയോടൊപ്പം താമസമായി. 1939ൽ ആദ്യത്തെ കവിതാസമാഹാരമായ Der Regenbogen(മഴവില്ല്‌) പുറത്തു വന്നുവെങ്കിലും ജൂതവിരോധം ശക്തമായിരുന്ന അന്നത്തെ സാഹചര്യത്തിൽ അത് ശ്രദ്ധിക്കപ്പെട്ടില്ല. 1941ൽ നാസികളും സഖ്യകക്ഷികളും ചെർനോവിറ്റ്സ് കീഴടക്കിയപ്പോൾ റോസയും അമ്മയും ആ നഗരവാസികളായ മറ്റ് 60000 ജൂതന്മാർക്കൊപ്പം ഘെറ്റോയിലേക്കു താമസം മാറ്റാൻ നിർബന്ധിതരായി. യുദ്ധം അവസാനിച്ചപ്പോൾ അവരിൽ 5000 പേർ മാത്രമേ ശേഷിച്ചുള്ളു. ഘെറ്റോയിലെ ഒളിവുജീവിതത്തിനിടയിലാണ്‌ അവർ പ്രശസ്തനായ ജർമ്മൻ കവി പോൾ ചെലാനെ പരിചയപ്പെടുന്നത്. 1946ൽ ചെർനോവിറ്റ്സ് ഉക്രൈന്റെ ഭാഗമായപ്പോൾ അവർ വീണ്ടും ന്യൂയോർക്കിലേക്കു പോയി. അമ്മയെക്കൂടി കൊണ്ടുവരാനായി വിസയ്ക്കുള്ള ശ്രമം നടത്തുന്നതിനിടെ 1947ൽ അമ്മ മരിച്ചത് അവർക്കൊരാഘാതമായി. കുറച്ചു കാലത്തേക്ക് അവർ പിന്നെ ഇംഗ്ളീഷിലാണ്‌ കവിതയെഴുത്ത് തുടർന്നത്. പിന്നീട് സ്നേഹിതയും പ്രശസ്തയായ അമേരിക്കൻ കവിയുമായ മരിയൻ മൂർ (Marianne Moore) പ്രോത്സാഹിപ്പിച്ചിട്ടാണ്‌ അവർ മാതൃഭാഷയായ ജർമ്മനിൽ വീണ്ടും എഴുതാൻ തുടങ്ങിയത്. 1965ൽ Blinder Sommer(അന്ധഗ്രീഷ്മം), 1967ൽ 36 Gerechte(നിതിമാന്മാരിൽ 36 പേർ), 1974ൽ Ohne Visum(ഒരു വിസയില്ലാതെ), 1975ൽ Andere Zeichen (അന്യചിഹ്നങ്ങൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1965ൽ അവർ ജർമ്മനിയിലെ ഡെസ്സെൽഡോർഫിൽ സ്ഥിരതാമസമാക്കി. ആരോഗ്യം വളരെ മോശമായതിനെത്തുടർന്ന് 1981നു ശേഷം അവർ എഴുതാതെയായി. 1988ൽ ഡെസ്സെൽഡോർഫിലെ നെല്ലി സാഷ് വൃദ്ധസദനത്തിൽ വച്ച് അവർ മരിച്ചു.

ഒരന്യദേശത്ത് തന്റെ സ്വത്വവും തന്റെ ഭാഷയും സൂക്ഷിക്കാൻ പണിപ്പെടേണ്ടി വരുന്ന ഒരാളുടെ സംഘർഷങ്ങളാണ്‌ റോസ ഔസ്‌ലെൻഡെറുടെ കവിതകളിൽ ആവർത്തിച്ചു വരുന്ന പ്രമേയം. അതുകൊണ്ടു തന്നെ മിതവാക്കും അനലങ്കൃതവുമാണ്‌ ആ കവിത. ഘെറ്റോജീവിതത്തിൽ നിന്നുള്ള ബിംബങ്ങളാണ്‌ അതിന്റെ കാവ്യസാമഗ്രികൾ- ദാരിദ്ര്യം, വിശപ്പ്, ശവപ്പെട്ടികൾ, ചോര, ചാരം, പുക. ഭാഷ ശിഥിലവും വീക്ഷണം ഇരുണ്ടതുമാണ്‌.