2016, ഏപ്രിൽ 9, ശനിയാഴ്‌ച

മയക്കോവ്സ്കി - ഞാൻ സ്നേഹിക്കുന്നു



പൊതുവേ അങ്ങനെയാണ്‌


പ്രണയം ജന്മസിദ്ധമാണ്‌,
അങ്ങനെയാണു ഞാൻ കണ്ടിരിക്കുന്നത്,
എന്നാൽ അവനവന്റെ തൊഴിൽ,
ലാഭനഷ്ടക്കണക്കുകൾ
ഈ തരം കാര്യങ്ങൾക്കിടയിൽ
പ്രണയത്തിനു വേരിറങ്ങാത്ത മാതിരി
ഹൃദയം പൊറ്റ പിടിച്ചു പോകുന്നു.
ഹൃദയം ഉടലിനുള്ളിലാണ്‌,
ഉടൽ കുപ്പായത്തിനുള്ളിലും.
ഇനി അതും പോരാത്ത പോലെ ഒരുവൻ
-ഒരു മന്ദബുദ്ധി!-
കുപ്പായത്തിനു സ്വർണ്ണക്കുടുക്കുകൾ കണ്ടുപിടിച്ചു,
കഞ്ഞിപ്പശയിൽ മുക്കിയെടുത്താൽ
ഉടയാട ഉടയില്ലെന്ന് വേറൊരുവനും കണ്ടുപിടിച്ചു.
വാർദ്ധക്യം വരികയായി-
അവൾ മുഖത്തു ചായം പൂശാൻ തുടങ്ങുന്നു,
അയാൾ ഉടലൊന്നുടഞ്ഞുവാരാൻ ജിംനേഷ്യത്തിലേക്കോടുന്നു.
വൈകിപ്പോയി!
തൊലിയാകെ ജരയോടിക്കഴിഞ്ഞു.
പ്രണയം തളിർക്കുന്നു,
പിന്നെ പൂവിടുന്നു,
പിന്നെ-
വാടിക്കൊഴിയുന്നു.



കുട്ടിയായിരിക്കുമ്പോൾ

ജനിക്കുമ്പോൾ എനിക്കു കിട്ടിയ സ്നേഹോപഹാരങ്ങൾ
ശരാശരി മട്ടായിരുന്നു.
വിടുപണിയെടുത്തു മടുക്കുമ്പോൾ
റിയാണിലേക്കു* ഞാനൊരോട്ടം വച്ചുകൊടുക്കും.
അമ്മ പ്രാകും:
“തല തെറിച്ച സന്തതി!”
അച്ഛൻ:
“എന്റെ ബല്റ്റു കൊണ്ടൊന്നു കിട്ടിയാൽ
അവനു ബോധം വരും!”
എന്നാൽ ഞാനൊരു മൂന്നു റൂബിളും സംഘടിപ്പിച്ച്
പട്ടാളക്കാരുമായി പന്തയം വച്ചു കളിക്കും.
ചെരുപ്പിന്റെയും കുപ്പായത്തിന്റെയും സൊല്ലയില്ലാതെ
ചുടുന്ന പൊടിമണ്ണിൽ കിടന്നു ഞാനുരുണ്ടു.
ആദ്യം പുറവും
പിന്നെ വയറും
വെയിലത്തു കാട്ടി ഞാൻ മൊരിച്ചെടുത്തു.
സൂര്യൻ അന്ധാളിച്ചു പോയിരിക്കണം:
“കണ്ണിൽ പിടിക്കാനില്ലാത്ത ഒരു നരുന്ത്!
എന്നിട്ടും ഒരു ഹൃദയമുണ്ട്,
അതിനതിരുമില്ല!
ആ കൊച്ചനുള്ളിൽ ഇടമുണ്ടാവുമോ,
എനിക്കും
പുഴയ്ക്കും
മലകൾക്കും?!”



ചെറുപ്പത്തിൽ

അങ്കഗണിതം, വ്യാകരണം, വേറെയും നൂറു പാഠങ്ങൾ-
നിങ്ങളുടെ കൗമാരത്തിന്റെ നിറം കെടുത്താൻ അങ്ങനെയെന്തൊക്കെ.
എന്നെപ്പക്ഷേ അഞ്ചാം ക്ളാസ്സിലേ പുറത്താക്കി.
പിന്നെയെന്റെ പഠിപ്പു നടന്നത്
മോസ്ക്കോയിലെ ജയിൽ മുറികളിൽ.
നിങ്ങൾ നിങ്ങളുടെ ഇടുങ്ങിയ, പതുപതുത്ത ബൂർഷ്വാ മുറികളിൽ
മുടി ചുരുണ്ട, കവിളു തുടുത്ത ഭാവഗായകരെ വളർത്തിയെടുക്കുന്നു.
ആർക്കു വേണം,
മടിത്തട്ടുകളിലിരുന്നുള്ള ആ ഓമനനായ്ക്കുരകൾ!
പക്ഷേ ഞാൻ പ്രണയം പഠിച്ചത്
ബുട്ടൈർക്കിയിലെ* ജയിൽ മുറികളിൽ.
കാടിന്റെ മർമ്മരം കേട്ടു കാൽ തളരാനോ?
കടലിന്റെ കാഴ്ച കണ്ടു നെടുവീർപ്പിടാനോ?
അതിനെന്നെക്കിട്ടില്ല!
മരണമുറിയെന്നു വിളിക്കുന്ന
നൂറ്റിമൂന്നാം നമ്പർ തടവറയുടെ താക്കോല്പഴുതുമായി
ഞാൻ പ്രണയത്തിലായി.
നിങ്ങൾ എന്നും സൂര്യനുദിക്കുന്നതു കാണുന്നു,
എന്നും സൂര്യനസ്തമിക്കുന്നതു കാണുന്നു;
എന്നിട്ടു നിങ്ങൾ പറയുന്നു,
“വാങ്ങാനും വില്ക്കാനും പറ്റിയില്ലെങ്കിൽ
ഇത്രയും വെളിച്ചം കൊണ്ടെന്തു ലാഭം?”
ഞാനന്ന്,
എന്റെ ചുമരിലോടിക്കളിക്കുന്ന
ഒരു സൂചിപ്പൊട്ടോളം പോന്ന സൂര്യവെളിച്ചത്തിനായി
ലോകം തന്നെ കൊടുത്തേനെ.


എന്റെ സർവ്വകലാശാല


നിങ്ങൾക്കു ഫ്രഞ്ചറിയാം?
പെരുക്കപ്പട്ടികയറിയാം?
വിഭക്തിപ്രത്യയങ്ങളറിയാം?
-ആയിക്കോ?
അതും ഉരുക്കഴിച്ചിരുന്നോ!
എന്നാൽ ഞാനൊന്നു ചോദിക്കട്ടെ?
കെട്ടിടങ്ങൾ പാടുമ്പോൾ
കൂടെപ്പാടാൻ നിങ്ങൾക്കറിയാമോ?
ട്രാമുകൾ വിലപിക്കുന്ന ഭാഷ നിങ്ങൾക്കറിയാമോ?
ഒരു മനുഷ്യക്കുഞ്ഞ്
മുട്ടയിൽ നിന്നു വിരിയേണ്ട താമസം,
നിങ്ങളതിന്റെ കൈകളിൽ
പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വച്ചുകൊടുക്കുന്നു.
ഞാനെന്റെ അക്ഷരമാല പഠിച്ചത്
പരസ്യപ്പലകകളിൽ നിന്നായിരുന്നു,
ഇരുമ്പിന്റെയും തകരത്തിന്റെയും
താളുകൾ മറിച്ചായിരുന്നു.
നിങ്ങൾ ലോകത്തെ കൈവെള്ളയിലെടുക്കുന്നു,
കോതിയും മുറിച്ചും
ഒരു കുട്ടിയുടെ കളിപ്പാട്ടം പോലെ ചുരുക്കിയും
നിങ്ങളതിനെ പഠിക്കുന്നു.
ഞാനെന്റെ ഭൂമിശാസ്ത്രം പഠിച്ചത്
വാരിയെല്ലുകൾ കൊണ്ടായിരുന്നു:
കൂരയില്ലാത്ത രാത്രികളിൽ
വെറും മണ്ണിൽ കിടന്നുകൊണ്ടായിരുന്നു.
ബ്രഹ്മാണ്ഡപ്രശ്നങ്ങളിൽ കൊണ്ടിടിച്ച്
ഐലോവ്സ്ക്കി* തല പൊളിയ്ക്കുന്നു:
“ബാർബറോസ്സയുടെ താടി-
അതു ശരിക്കും ചെമ്പിച്ചതായിരുന്നോ?”
ആയാലെന്താ?
ആർക്കു വേണം,
ആ പൊടി പിടിച്ച ചരിത്രം?
എന്റെ കാതുകളിൽ
മോസ്ക്കോ പറഞ്ഞ പരദൂഷണങ്ങൾ-
അതാണെനിക്കറിയുന്ന ചരിത്രം.
തിന്മകളെ ചെറുക്കാൻ
നിങ്ങൾ ദൊബ്രൊല്യുബോവിനെ* ഉയർത്തിക്കാട്ടുന്നു;
പേരു പോലെതന്നെ
എത്ര സാധു!
ചെറുപ്പം തൊട്ടേ
പിത്തക്കാടികളെ എനിക്കു വെറുപ്പായിരുന്നു-
സ്വന്തം പാട്ടു വിറ്റിട്ടാണ്‌ ഞാൻ
അത്താഴം കഴിച്ചിരുന്നതെന്നതിനാൽ.
ഇവിടെ,
മാന്യദേഹങ്ങൾ പഠിക്കുന്നത്
പെണ്ണുങ്ങളുടെ പ്രീതി സമ്പാദിക്കാൻ.
ആ പൊള്ളത്തലകൾക്കുള്ളിൽ
വിരളചിന്തകളുടെ കിലുക്കം,
തകരപ്പാട്ടയിൽ നാണയക്കിലുക്കം പോലെ!
രാത്രികളിൽ എനിക്കു വർത്തമാനം പറയാൻ
കെട്ടിടങ്ങളേ ഉണ്ടായുള്ളു,
ദീർഘസംഭാഷണം ചെയ്യാൻ
ജലസംഭരണികളും.
മേല്പുരകൾ ജനാലക്കാതുകൾ കൊണ്ട്
ഞാൻ പറഞ്ഞതൊക്കെ പിടിച്ചെടുത്തു;
അതില്‍പിന്നെ
കാറ്റാടിനാവുകൾ കൊണ്ടവർ
തോരാത്ത സംസാരമായിരുന്നു,
പോയ രാത്രിയെപ്പറ്റി,
ഓരോ രാത്രിയെപ്പറ്റിയും.



മുതിർന്നിട്ട്

മുതിർന്നാല്പിന്നെ തിരക്കായി,
കീശ നിറയെ കാശായി.
പ്രണയം വേണോ?
വേണമല്ലോ-
ഒരു നൂറു റൂബിളിനു തന്നാട്ടെ!
പക്ഷേ ഞാൻ,
വീടില്ലാത്തവൻ,
കീറത്തുണി ചിറ്റിയവൻ,
തുള വീണ കീശകളിൽ
കൈകളിറക്കി
ഞാൻ അലഞ്ഞുനടന്നു.
രാത്രിയാകുന്നു.
നിങ്ങൾ നിങ്ങളുടെ
ഏറ്റവും നല്ല മുഖങ്ങളെടുത്തു വയ്ക്കുന്നു,
ഭാര്യമാരുടെയോ വിധവകളുടെയോ മേൽ
ആത്മാവിന്റെ ഭാരങ്ങളിറക്കിവയ്ക്കുന്നു.
ഞാനോ,
ഞാൻ,
മോസ്ക്കോയുടെ കനല്ച്ചുംബനങ്ങളിൽ പൊള്ളി
ഞാൻ കിടന്നു,
സദോവയാതെരുവിന്റെ* തീരാത്ത ചുറകളിൽ
ശ്വാസം മുട്ടി ഞാൻ കിടന്നു.
വികാരം കൊടുമ്പിരിക്കൊള്ളുന്ന കിടപ്പറകളിൽ
നിങ്ങളുടെ കാമുകിമാരുടെ ഹൃദയഘടികാരങ്ങൾ
മൃദുമൃദുവായി സ്പന്ദിക്കുന്നു.
സ്ട്രാസ്റ്റ്നോയാ കവലയിൽ
ആകാശം നോക്കിക്കിടക്കുമ്പോൾ
ഞാൻ കേട്ടതു പക്ഷേ,
നഗരഹൃദയങ്ങളുടെ ഇടിമുഴക്കങ്ങളായിരുന്നു.
കുടുക്കുകളഴിച്ചു കുപ്പായം പറത്തിവിട്ട്,
ഹൃദയത്തെ കാറ്റു കൊള്ളിച്ച്,
തെരുവിലെ വെയിലിനും കലക്കവെള്ളത്തിനും
ഞാനെന്നെ തുറന്നുവച്ചിരിക്കുന്നു.
കയറിവരൂ,
പ്രണയവും കാമവും
തൃഷ്ണകളുമെന്നിൽ കുത്തിനിറയ്ക്കൂ!
എന്റെ ഹൃദയമിപ്പോൾ
എന്റെ വരുതിയിലല്ല,
എനിക്കതിനെ വിശ്വാസവുമില്ല!
അന്യരിൽ ഹൃദയത്തിന്റെ സ്ഥാനമെവിടെയാണെന്ന്
എനിക്കറിയാം-
എല്ലാവർക്കുമറിയാം,
നെഞ്ചിനുള്ളിലാണത്,
കുപ്പായത്തിനു തൊട്ടു താഴെയാണത്.
എന്റെ കാര്യത്തിൽ പക്ഷേ,
ശരീരനിർമ്മിതിയിൽ എന്തോ പിശകിയപോലെ-
ഇടിയ്ക്കുകയും മുഴങ്ങുകയും ചെയ്യുന്ന
ഒരു കൂറ്റൻ ഹൃദയം മാത്രമാണെന്റെ ശരീരം!
ഇരുപതു കൊല്ലത്തിനുള്ളിൽ
എത്ര വസന്തങ്ങളാണ്‌
ചുട്ടുപഴുത്ത എന്നിൽ
കാലം തിരുകിക്കയറ്റിയത്!
വ്യയം ചെയ്യാത്ത ഊർജ്ജം-
താങ്ങാവുന്നതല്ല, ആ ഭാരം-
കവിതയിലെന്നല്ല,
ജീവിതത്തിലും.



അതു കൊണ്ടുണ്ടായത്

ഏതു കാല്പനികനും
സ്വപ്നം കണ്ടതിനെക്കാളും വലുതായി,
വലിപ്പവും തൂക്കവും നോക്കിയാൽ
ഒരു കവിയുടെ ദുഃസ്വപ്നമായി
എന്റെ ഹൃദയമുഴ വീർത്തുവന്നു,
വീർത്തുവീർത്തതു വലിപ്പം വച്ചു,
എന്റെ സ്നേഹത്തിന്റെ വലിപ്പം,
എന്റെ വെറുപ്പിന്റെ വലിപ്പം.
അതിന്റെ ഭാരത്തിൽ
എന്റെ കാലുകൾ വളഞ്ഞു
-ബലത്ത ഉടലാണെന്റേത്,എന്നിട്ടും-
ഒരു ഹൃദയത്തിന്റെ ഭാരവും പേറി
വേച്ചു വേച്ചു ഞാൻ നടന്നു,
മൂന്നടി മതിയ്ക്കുന്ന ചുമലുകളിടിഞ്ഞു.
കവിതയെന്നിൽ പാലു ചുരത്തുന്നു,
അതെന്നിൽ നിറഞ്ഞുതുളുമ്പുന്നു,
എങ്ങും പോകാനില്ലാതതു മുട്ടിത്തിരിയുന്നു.
നാശം, എന്നിട്ടുമതു നിലയ്ക്കുന്നില്ല;
ലോകത്തിനു മുലയൂട്ടുന്ന കാവ്യഭാവനയ്ക്കു മുന്നിൽ
മോപ്പസാങ്ങ്*പറഞ്ഞ ഒരു പട്ടിണിക്കാരനെയും
കാണാനുമില്ല.


ഞാൻ വിളിയ്ക്കുന്നു


ഹൈലസ്സ!
തുടിയ്ക്കുന്ന, മിടിയ്ക്കുന്ന അതിനെ
തോളിലെടുത്തു ഞാൻ നടന്നു;
പണിമുടക്കിനു തൊഴിലാളികളെ വിളിക്കുമ്പോലെ,
തീ പിടിച്ചുവെന്ന്
നാട്ടുകാരെ പറഞ്ഞു വിരട്ടുമ്പോലെ
ഞാൻ കൂവിവിളിച്ചു:
“ഇവിടെ!
ഇവിടെത്തന്നെ!
ഇതൊന്നു താങ്ങിത്തരൂ!”
മോങ്ങിയും ഞരങ്ങിയും
ചേറും മഞ്ഞും ചവിട്ടിക്കുഴച്ചും
ഇങ്ങനെയൊരു പൊണ്ണൻ വരുന്നതു കണ്ടപ്പോൾ
സകല പെറ്റിക്കോട്ടുകളും
ശരം വിട്ടപോലോടിമാറി.
“ഇതു ശകലം കൂടുതലാ,
ഒന്നുകൂടി ചെറുതും മയമുള്ളതുമാ,
ഞങ്ങൾക്കിഷ്ടം!...”
അങ്ങനെയെന്റെ ഭാരവും പേറി
ഞാൻ നടക്കുന്നു.
എനിക്കതു വലിച്ചെറിയാൻ തോന്നുന്നുണ്ട്,
എന്നാൽ ഞാനതു ചെയ്യില്ലെന്നുമെനിക്കറിയാം.
നെഞ്ചിൻകൂടു പൊട്ടുന്ന നോവുമായി ഞാൻ നടക്കുന്നു,
കരുണ കാട്ടണേയെന്നെന്റെ വാരിയെല്ലുകൾ കേഴുന്നു.



നീ

മുക്രയിടുന്ന
കൂറ്റൻ മൂരിയെക്കണ്ടു
നീ വന്നു-
ഒരു നോട്ടം കൊണ്ടു തന്നെ
നീയെന്നെ അളന്നു-
വെറും പയ്യൻ!
എന്റെ ഹൃദയം നീ പറിച്ചെടുത്തു,
എന്നിട്ടതും കൊണ്ടു നീ കളിക്കാൻ പോയി-
തട്ടിക്കളിക്കാനൊരു പന്തു കിട്ടിയ
പെൺകുട്ടിയെപ്പോലെ.
അവർക്കതൊരത്ഭുതമായിരുന്നു
-വീട്ടമ്മമാർക്കും നവയുവതികൾക്കും-
“ഇങ്ങനെയൊരുത്തനെ പ്രേമിക്കാനോ!
നോക്ക്, അവൾക്കൊരു പേടിയുമില്ല!
വല്ല സർക്കസ്സിലും സിംഹത്തെ കളിപ്പിക്കുന്നവളായിരിക്കും!”
പക്ഷേ ഞാനാകെ സന്തോഷത്തിലായിരുന്നു.
എനിക്കിപ്പോഴതു പൊയ്ക്കഴിഞ്ഞു-
നുകം!
ആഹ്ളാദം കൊണ്ടു ഞാനെന്നെ മറന്നു,
ഒരു റെഡ് ഇന്ത്യാക്കാരൻ പുതുമണവാളനെപ്പോലെ
ഞാൻ തുള്ളിച്ചാടി.
എന്റെ സന്തോഷത്തിനതിരുണ്ടായില്ല,
ഒരു തൂവലിന്റെ ഭാരം പോലും എനിക്കുണ്ടായില്ല.



അസാദ്ധ്യം

ഒറ്റയ്ക്കൊരു പിയാനോ പൊക്കാൻ
എനിക്കു പറ്റില്ല,
ഇരുമ്പലമാരയുടെ കാര്യം പറയാനുമില്ല.
അലമാര പറ്റില്ല,
പിയാനോ പറ്റില്ല എങ്കിൽ
നിന്നിൽ നിന്നു വീണ്ടെടുത്ത ഹൃദയം
പിന്നെങ്ങനെ ഞാൻ കൊണ്ടുനടക്കാൻ?
ബാങ്കർമാർക്കറിയാം:
“പണത്തിൽ കുളിയ്ക്കുന്നവരാണ്‌ ഞങ്ങൾ.
കീശയിൽ സ്ഥലമില്ലെങ്കിൽ
അലമാരയിൽ പൂട്ടിവയ്ക്കെന്നേ!”
പെട്ടിയിൽ പൊന്നു പോലെ
എന്റെ പ്രണയം മൊത്തം
നിന്നിൽ ഞാൻ പൂട്ടിവയ്ച്ചിരിക്കുന്നു,
ക്രീസസിനെപ്പോലെന്നിട്ടു*ഞാൻ
മത്തടിച്ചു കറങ്ങിനടക്കുന്നു.
സന്തോഷത്തിനൊരല്പം കുറവു
തോന്നുകയാണെങ്കിൽ മാത്രം
ഒരൊന്നോ അരയോ പുഞ്ചിരി ഞാനെടുക്കുന്നു,
പാതിരാത്രിയിൽ കൂട്ടുകാരുമൊത്തർമ്മാദിക്കുന്നു
(പതിനഞ്ചു ചില്ലിക്കവിതകളിൽ കൂടുതൽ
ഞാൻ ചിലവാക്കുകയുമില്ല.)



എന്റെ കാര്യവും അങ്ങനെതന്നെയാണ്‌

കപ്പലുകൾ- കപ്പലുകൾ പോലും ഒരു തുറമുഖം നോക്കി പായുന്നു.
തീവണ്ടികൾ- തീവണ്ടികൾ പോലും ഒരു സ്റ്റേഷൻ നോക്കിക്കുതിയ്ക്കുന്നു.
അതുപോലെ ഞാനും-
എന്റെ പ്രിയേ, നിന്നിലേക്കു ഞാനിരച്ചുപായുന്നു!
എന്തെന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു!
പുഷ്കിന്റെ പ്രഭു*നിലവറയിലിറങ്ങി
മെഴുകുതിരിവെട്ടത്തിൽ തന്റെ നിധി കണ്ടാനന്ദിക്കുന്നു.
അതുപോലെ ഞാനും പ്രിയേ
നിന്നിലേക്കു മടങ്ങിവരുന്നു,
എന്റെ ഹൃദയം പൂട്ടിവച്ച
നിധിപേടകം കണ്ടാനന്ദിക്കാൻ.
വീട്ടിലേക്കു മടങ്ങാൻ ആളുകൾക്കെന്തു സന്തോഷമാണ്‌!
അതിനു മുമ്പവർ മുഖം വടിയ്ക്കുന്നു,
സോപ്പു തേച്ചു കുളിയ്ക്കുന്നു.
എന്റെ കാര്യവും അങ്ങനെതന്നെയാണ്‌.
നിന്നിലേക്കു മടങ്ങുമ്പോൾ
എന്റെ വീട്ടിലേക്കു മടങ്ങുകയല്ലേ ഞാൻ?
മണ്ണ്‌ ജനിപ്പിച്ചവയെ മണ്ണ്‌ തിരിച്ചെടുക്കുന്നു.
നടന്നുതുടങ്ങിയ വഴി നാം നടന്നെത്തുന്നു.
അങ്ങനെ നിന്നിലേക്കോടിയടുക്കുന്നു ഞാൻ പ്രിയേ,
നാം വേർപെടുമ്പോൾത്തന്നെ,
നമ്മുടെ വിരലുകൾ വേർപെടുമ്പോൾത്തന്നെ.



ഉപസംഹാരം

അകലങ്ങൾക്കാവില്ല
കലഹങ്ങൾക്കാവില്ല
പ്രണയത്തെ നശിപ്പിക്കാൻ.
സുചിന്തിതം
സുപരീക്ഷിതമാണത്.
ഈ കവിതകളിൽ പിടിച്ചു,
പ്രിയേ,
ഞാൻ ആണയിടുന്നു,
എന്റെ പ്രണയം
അചഞ്ചലമാണ്‌
ആത്മാർത്ഥമാണ്‌!

(1921-1922)



* റിയാൺ - ജ്യോർജ്ജിയയിലെ കുറ്റൈസി നഗരത്തിലൂടൊഴുകുന്ന നദി

*ബുട്ടൈർസ്കി- മോസ്ക്കോയിലെ ബുട്ടൈർസ്ക്കായ ജയിൽ; വിപ്ളവപ്രവർത്തനം നടത്തിയെന്ന പേരിൽ ഈ ജയിലിലെ 103 നമ്പർ മുറിയിൽ ഏകാന്തത്തടവിലായിരുന്നു, 1909-10 കാലത്ത് മയക്കോവ്സ്കി.

*ഐലോവ്സ്ക്കി - വിപ്ളവപൂർവ്വറഷ്യയിൽ ചരിത്രപാഠപുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.

*ദൊബ്രൊല്യുബോവ് - റഷ്യൻ ജനാധിപത്യവാദിയും സാഹിതനിരൂപകനും; പേരിനർത്ഥം “നന്മയെ സ്നേഹിക്കുന്നവൻ” എന്നും.

*സദോവയ - നഗരഹൃദയത്തെ ചുറ്റിക്കിടക്കുന്ന മോസ്ക്കോത്തെരുവുകൾ

*മോപ്പസാങ്ങിന്റെ ഒരു കഥയിൽ പാലു നിറഞ്ഞു മാറു നോവുന്ന ഒരു സ്ത്രീ ഒരു ചെറുപ്പക്കാരനു മുലയൂട്ടുന്നു; തന്റെ വിങ്ങൽ മാറ്റിയതിന്‌ സ്ത്രീ നന്ദി പറയുമ്പോൾ താൻ മൂന്നു ദിവസമായി പട്ടിണി കിടക്കുകയായിരുന്നുവെന്ന് ചെറുപ്പക്കാരൻ പറയുന്നു.

*ക്രീസസ് - ഗ്രീക്ക് പുരാണപ്രകാരം ഭൂമിയിലെ ഏറ്റവും ധനികൻ, ലിഡിയയിലെ രാജാവ്.

*പുഷ്കിന്റെ “ദുരാഗ്രഹിയായ പ്രഭു” എന്ന നാടകത്തിലെ നായകൻ


One of Several Versions in English

അഭിപ്രായങ്ങളൊന്നുമില്ല: