2016, ഏപ്രിൽ 2, ശനിയാഴ്‌ച

ജ്യോർജി ഇവാനോവ്– കവിതകള്‍

Georgy_Ivanov_(1921)

ജ്യോർജി ഇവാനോവ് Georgy Ivanov (1894-1958)- പാരീസിലേക്കു കുടിയേറിയ റഷ്യൻ കവി. ആദ്യകാല കവിതകൾ ഫ്രഞ്ച്, റഷ്യൻ സിംബലിസ്റ്റ് ധാരയിൽ പെട്ടതായിരുന്നുവെങ്കിലും പിന്നീടത് റഷ്യൻ അക്മേയിസ്റ്റ് സ്വഭാവം കൈവരിച്ചുവെങ്കിലും ഇവാനോവിന്റെ ഏറ്റവും മികച്ച കവിതകൾ അവസാനകാലത്തെഴുതിയ മിനിമലിസ്റ്റ് രചനകളാണ്‌. മിതത്വവും ഗൃഹാതുരത്വവും ആത്മനിരാസവും അടയാളങ്ങളായ ഈ കവിതകൾ ഒരു പുതിയ റഷ്യൻ പ്രവാസിക്കവിയെ സൃഷ്ടിച്ചു: ശപ്തൻ, സ്വന്തം സത്തയും ദേശവും വായനക്കാരനും നഷ്ടമായവൻ.


*


സാർ എന്നൊരാളില്ലാത്തതു നന്നായി,
റഷ്യ എന്നൊന്നില്ലാത്തതു നന്നായി,
ദൈവമെന്നൊരാളില്ലാത്തതു നന്നായി.


മഞ്ഞക്കാമല പിടിച്ച പുലരി മാത്രം,
ഉറമഞ്ഞിൽ പണിത നക്ഷത്രങ്ങൾ മാത്രം,
എണ്ണിയാലൊടുങ്ങാത്ത വർഷങ്ങൾ മാത്രം.


നന്നായി- യാതൊരാളുമില്ലെന്നായത്,
നന്നായി- യാതൊന്നുമില്ലെന്നായത്,
ജീവിതമിത്ര ഇരുണ്ടതും നിർജ്ജീവവുമായത്;


ഇതിലധികം നിർജ്ജീവമാവാനില്ലെന്നായത്,
ഇതിലധികം ഇരുണ്ടതാവാനില്ലെന്നായത്,
നമ്മെത്തുണയ്ക്കാനാരുമില്ലെന്നായത്,
ആരുടെ തുണ കൊണ്ടും കാര്യമില്ലെന്നായത്.

(1930)


*


കണ്ണാടികൾ അന്യോന്യം മുഖം നോക്കുന്നു,
ഒന്ന് മറ്റൊന്നിലെ മുഖത്തെ വികൃതമാക്കുന്നു.


എനിക്കു വിശ്വാസം തിന്മയുടെ അജയ്യതയിലല്ല,
നമ്മുടെ പരാജയത്തിന്റെ അനിവാര്യതയിൽ;


എന്റെ ജീവിതത്തെ ദഹിപ്പിച്ച സംഗീതത്തിലല്ല,
ദഹനത്തില്പിന്നെ ശേഷിച്ച ചാരത്തിൽ.

(1950)

*


ഇനിയും ചിലതെന്തെങ്കിലുമെന്നോടു പറയുക,
സൂര്യനുദിക്കും മുമ്പേ നീയുറക്കമാവരുതേ;
നീയരികിലുണ്ടെന്നെനിക്കറിയണം,
എന്റെ യാത്രയ്ക്കവസാനമാവുകയായി.


ഞാനവസാനമെഴുതിയ കവിത
നിന്റെ കൊഞ്ചലിൽ* പിന്നെയുമുയിരെടുക്കട്ടെ,
നാവിനു വഴങ്ങാത്ത ശബ്ദങ്ങളുമായി
നിന്റെ സ്വകാര്യമായ മല്പിടുത്തങ്ങളിൽ.

(1958)


*ഇവാനോവിന്റെ ഭാര്യ ഒഡോവ്റ്റ്സേവയ്ക്ക് ചെറിയൊരു സംസാരവൈകല്യം ഉണ്ടായിരുന്നു; ‘ർ’ ശരിക്കുച്ചരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

A Link to the Poet

അഭിപ്രായങ്ങളൊന്നുമില്ല: