2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

ഹൊസേ എമിലിയോ പച്ചേക്കോയുടെ കവിതകൾ



Jose Emilio Pacheco - സ്പാനിഷ് കവിയും നോവലിസ്റ്റും. 1930ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ചു. ഡിഗ്രി എടുത്തതിനു ശേഷം ചില മാസികകളിൽ എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബ്രിട്ടണിലെ എസെക്സ് യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറായി. 

പച്ചേക്കോയുടെ ആദ്യത്തെ കവിതാസമാഹാരം Los elementos de la noche(രാത്രിയുടെ മൂലകങ്ങൾ)1963ൽ പ്രസിദ്ധീകരിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ നോവലാണ്‌ El viento distante (1963). അദ്ദേഹത്തിന്റെ മറ്റു കവിതാസമാഹാരങ്ങളാണ്‌ El reposo del fuego (അഗ്നിയുടെ വിശ്രമസങ്കേതം1966), Irás y no volverás (അങ്ങനെ നീ പോകുന്നു, മടക്കമില്ലാതെ, 1973), Islas a la deriva (ദ്വീപുകൾക്കിടയിലൂടെ, 1976), Desde Entonces (അതില്പിന്നെ, 1980), Los trabajos del mar (കടലിന്റെ യത്നങ്ങൾ, 1983). ബക്കറ്റ്, ഐൻസ്റ്റെയ്ൻ, യവ്തുഷെങ്കോ തുടങ്ങിയവരുടെ കൃതികൾ സ്പാനിഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. 2014 ജനുവരി 26ന്‌ മെക്സിക്കോ സിറ്റിയിൽ വച്ച് അന്തരിച്ചു.


ഒക്റ്റേവിയോ പാസ് പോലെയുള്ള മറ്റ് മെക്സിക്കൻ കവികളിൽ നിന്നു വ്യത്യസ്തമായി പച്ചേക്കോയുടെ കവിതകളിൽ ദാർശനികാഭിമുഖ്യമോ രൂപകസമൃദ്ധമായ ഭാഷയോ കാണില്ല. പത്രഭാഷയുടെ വിവരണശൈലിയും ഇരുണ്ട ഹാസ്യവുമാണ്‌ ഈ കവിതകളിൽ കാണുക. പച്ചേക്കോയുടെ കവിതകളിൽ പച്ചേക്കോ മാത്രമേയുള്ളു, അതും ആത്മാവിഷ്കാരത്തിനെത്ര വേണമോ, അത്രയും.



കവികളുടെ ജീവിതം


കവിതയിൽ ശുഭാന്ത്യമില്ല.
കവികൾ തങ്ങളുടെ ഉന്മാദങ്ങൾ
ജീവിച്ചുതീർക്കുന്നു.
പിന്നെ അറവമാടുകളെപ്പോലെ
അവർ കശാപ്പുകത്തിക്കിരയാകുന്നു
(ദാരിയോയുടെ* കാര്യത്തിൽ അങ്ങനെയായിരുന്നു)
അല്ലെങ്കിൽ അവരെ കല്ലെറിഞ്ഞു കൊല്ലുന്നു,
അല്ലെങ്കിൽ കടലിൽ ചാടിയോ
സയനൈഡ് ഗുളിക വിഴുങ്ങിയോ
അവർ കാര്യമവസാനിപ്പിക്കുന്നു.
അല്ലെങ്കിൽ മദ്യാസക്തി, മയക്കുമരുന്ന്,
ദാരിദ്ര്യം ഇവയിലൊന്നിനാൽ ചാവുന്നു.
ഇതൊന്നുമല്ലെങ്കിൽ:
അവർ വാഴ്ത്തപ്പെട്ട കവികളാവുന്നു,
സമ്പൂർണ്ണകവിതകൾ എന്ന കുഴിമാടത്തിലെ
സന്തപ്തരായ അന്തേവാസികൾ.


*Ruben Dario(1867-1916)- സ്പാനിഷ്-അമേരിക്കൻ സാഹിത്യത്തിൽ ആധുനികതാപ്രസ്ഥാനത്തിനു തുടക്കമിട്ട നിക്കരാഗ്വൻ കവി



കടുത്ത രാജ്യദ്രോഹം


എനിക്കെന്റെ ജന്മദേശത്തോടു സ്നേഹമില്ല.
അതിന്റെ അമൂർത്തമഹിമകൾ
എന്റെ ഗ്രാഹ്യത്തിനുമപ്പുറത്താണ്‌.
എന്നാലും (ഇതു ശരിയായി തോന്നുകയില്ലെങ്കിലും)
സ്വജീവൻ കൊടുക്കാൻ ഞാൻ തയാറാണ്‌,
അവിടത്തെ പത്തു സ്ഥലങ്ങൾക്കായി,
ചില മനുഷ്യർക്കായി,
കടൽത്തുറകൾക്കും പൈൻ കാടുകൾക്കും
മരുഭൂമികൾക്കും കോട്ടകൾക്കുമായി,
നിറം കെട്ട, വിരൂപമായ
ഒരു ജീർണ്ണനഗരത്തിനായി,
ചില ചരിത്രപുരുഷന്മാർക്കും മലകൾക്കും
പിന്നെ, മൂന്നുനാലു നദികൾക്കുമായി.




ഡിഷ്റ്റർലീബ്*


കവിതയ്ക്ക് ഒരു യാഥാർത്ഥ്യമേയുള്ളു: യാതന.
ബോദ്‌ലേർ അതു സാക്ഷ്യപ്പെടുത്തി.
ആ തരം പ്രഖ്യാപനങ്ങൾ
ഓവിഡും ശരി വയ്ക്കുമായിരുന്നു.
അതു തന്നെയാണു പക്ഷേ,
വംശനാശത്തിന്റെ വക്കിലെത്തിയ ഒരു കല
അതിജീവിക്കുമെന്നുറപ്പു നല്കുന്നതും,
ചുരുക്കം ചിലരേ അതു വായിക്കാനുള്ളുവെങ്കിലും,
ബോധത്തിന്റെ ഒരു ക്രമഭംഗമായി,
ശാസ്ത്രം മാന്ത്രികതയുടെ കുത്തക അവകാശപ്പെടുന്ന
നമ്മുടെ കാലത്തിൽ നിന്ന്
വളരെ പിന്നിലായൊരു കാലത്തിന്റെ അവശേഷമായി
പലരുമതിനെ പുച്ഛിക്കുകയാണെങ്കിലും.


*Dichterliebe (ഒരു കവിയുടെ പ്രണയം)- ഹീനേയുടെ കവിതകളെ ആധാരമാക്കി റോബെർട്ട് ഷൂമൻ 1840ൽ രചിച്ച പതിനാറു ഗാനങ്ങളുടെ സമാഹാരം.



ഉപ്പ്


അതിന്റെ സത്തയെ, അതിന്റെ ധർമ്മത്തെ,
ലോകത്തിനതുകൊണ്ടുള്ള ഉപയോഗത്തെക്കുറിച്ചു
നിങ്ങൾക്കു പഠിക്കണമെങ്കിൽ
നിങ്ങളതിനെ വേറിട്ടു കാണരുത്.
ഒന്നിനൊന്നു പിരിഞ്ഞുനില്ക്കുന്ന
ഘടകങ്ങളല്ലത്,
ഒരുമിച്ചൊരു ഗോത്രമാണത്.
അതില്ലെങ്കിൽ
ഇല്ലായ്മയുടെ ഒരു തരി മാത്രമാണത്,
ഏതോ തമോഗർത്തത്തിൽ വാർന്നുപോകുന്നത്.


ഉപ്പ്
കടലെറ്റുന്നതാണ്‌,
കടല്പത കല്ലിച്ചതാണ്‌.
വെയിൽ വരട്ടിയ കടലാണത്.
ഒടുവിൽ എല്ലാമൊഴിഞ്ഞ്,
ജലത്തിന്റെ ബലവും തീരുമ്പോൾ
അതു കടല്ക്കരയിൽ വീണടിയുന്നു,
മണലിൽ കല്ലാകുന്നു.


കടൽ മരുഭൂമിയായതാണ്‌
ഉപ്പ്,
മണ്ണിന്റെയും വെള്ളത്തിന്റെയും
ഒരുമിപ്പ്,
ആരുടേതുമല്ലാത്ത
വസ്തു.


ജീവിതത്തിന്റെ രുചി ലോകമറിയുന്നതും
അതിലൂടെ.




നായ നക്കിയ ജീവിതം


നായ്ക്കളോടു നമുക്കു പുച്ഛമാണ്‌,
പരിശീലിപ്പിക്കാൻ നിന്നുകൊടുക്കുന്നതിനാൽ,
അനുസരിക്കാൻ പഠിക്കുന്നതിനാൽ.
അന്യോന്യം നിന്ദിക്കാൻ
നായ എന്ന നാമത്തിൽ
നാം വിദ്വേഷം നിറയ്ക്കുകയും ചെയ്യുന്നു.
നായയെപ്പോലെ ചാവുകയെന്നാൽ
നമുക്കതൊരു നികൃഷ്ടമരണവുമാണ്‌.


എന്നാൽ
നാം കാണുകയോ കേൾക്കുകയോ ചെയ്യാത്തതിലാണ്‌
നായ്ക്കളുടെ കണ്ണു പോകുന്നതും
കാതു ചെല്ലുന്നതും.
ഭാഷ വശമില്ലെങ്കിലും
(എന്നു നാം കരുതുന്നു)
നമുക്കില്ലാത്തൊരു സിദ്ധി അവയ്ക്കുണ്ട്.
അവ ചിന്തിക്കുന്നുണ്ട്, അവ അറിയുന്നുണ്ട്.


അതിനാൽ,
അവയ്ക്കു നമ്മെ പുച്ഛമാണെന്നും വരാം,
യജമാനന്മാരില്ലാതെ പറ്റില്ല
നമുക്കെന്നതിനാൽ,
കരുത്തനോടു കൂറു പ്രഖ്യാപിക്കാതെ പറ്റില്ല
നമുക്കെന്നതിനാൽ.




സ്ഥിരം


നമുക്കൊരിക്കൽക്കൂടി മഞ്ഞിനെക്കുറിച്ചു സംസാരിക്കാം
അടക്കമാണതിന്റെ പ്രാഥമികഗുണമെന്നു പറയാം
കറയറ്റ മിനുസത്തോടെ രാത്രിയിലതു ജന്മമെടുക്കുന്നു
മണ്ണും മരങ്ങളുമതു കൈവശപ്പെടുത്തിയതായി
ഉണരുമ്പോൾ നാം കാണുകയും ചെയ്യുന്നു.


ഇന്നു നമുക്കു ചുറ്റുമുള്ള മഞ്ഞ്, അതെവിടെക്കു പോകുന്നു?
നാട്ടിനും വീട്ടിനും ചുറ്റും പറന്നുനടക്കുന്ന മഞ്ഞ്,
അതു പിന്നെ വായുവിലേക്കുയരുന്നു
പിന്നെയും മേഘവും ജലവുമാകുന്നു
പിന്നെയും മഞ്ഞാകുന്നു.


അതിനെപ്പോലനായാസമായി
പൊരുത്തപ്പെടുന്ന പ്രകൃതം നിങ്ങൾക്കില്ല
നിങ്ങൾ ജീവിക്കും മരിക്കും മണ്ണടിയും
മഞ്ഞു വന്നുവീഴുന്ന മൺകട്ടയാവും.




നാളെ


എനിക്കിരുപതായപ്പോൾ അവർ എന്നോടു പറഞ്ഞു:
“നാളെയ്ക്കു വേണ്ടി നീ നിന്നെത്തന്നെ കുരുതി കൊടുക്കണം.”
ഒരിക്കലും വന്നു ചേരാത്ത ഒരു ദേവന്റെ ബലിപീഠത്തിൽ
ഞങ്ങൾ ജീവനർപ്പിക്കുകയും ചെയ്തു.
ഇനി എനിക്ക്
അന്നത്തെ എന്റെ ഗുരുക്കന്മാരെ ഒന്നു കണ്ടുപിടിക്കണം.
ഇന്നത്തെ ഈ ഭീകരതകളാണോ
അവർ പറഞ്ഞ നാളെ എന്നെനിക്കറിയണം.




രാത്രിമഴ



രാത്രിയിൽ മഴ പെയ്യുന്നു
പഴകിയ കൂരകൾക്കും നനഞ്ഞ തെരുവുകൾക്കും മേൽ


ഇരുണ്ട കുന്നുകൾക്കു മേൽ
മൃതനഗരങ്ങളിലെ ദേവാലയങ്ങൾക്കു മേലും


ഇരുട്ടത്തു ഞാനതിന്റെ പ്രാക്തനസംഗീതം കേൾക്കുന്നു
അതിന്റെ പ്രാചീനമായ പന്തുതട്ടിക്കളി
അലിഞ്ഞലിഞ്ഞുപോകുന്ന ശബ്ദം


മനുഷ്യരുടെ സ്വപ്നങ്ങളെക്കാളെത്ര വേഗത്തിലാണ്‌
വായുവിൽ മഴയതിന്റെ വഴികളിടുന്നത്


മനുഷ്യരുടെ ചുവടുകളെക്കാൾ നീളത്തിൽ
പൊടിയിലതിന്റെ താരകൾ വരയ്ക്കുന്നത്


നാളെ നാം മരിക്കും
ഒന്നൊന്നായി രണ്ടു വട്ടം


ഒരിക്കൽ വ്യക്തികളായി
ഒരു വർഗ്ഗമായി രണ്ടാമത്


ഇടിമിന്നലുകൾക്കും
നിഴലുകൾക്കിടയിൽ ചിതറിവീഴുന്ന വെളുത്ത വിത്തുകൾക്കുമിടയിൽ


ഒരു മനഃസാക്ഷി വിചാരണയ്ക്കു വേണ്ട നേരം നമുക്കുണ്ട്
മനുഷ്യകഥ പറയാൻ വേണ്ടത്ര നേരം


മഴ പെയ്യുന്നു
രാത്രിയിൽ മഴ പെയ്യും


എന്നാൽ മഴ വീഴുന്നതു കേൾക്കാൻ
നനഞ്ഞ തെരുവുകളിലും ഇരുണ്ട കുന്നുകളിലും ആരുമുണ്ടാവില്ല




പോമ്പേ*


മൈഥുനത്തിനിടയിലാണ്‌
ഓർക്കാപ്പുറത്തൊരഗ്നിധാരയിൽ ഞങ്ങൾ പെട്ടത്
ലാവാപ്പുഴയിലല്ല ഞങ്ങൾ മരിച്ചത്.
വാതകങ്ങൾ ഞങ്ങളെ കീഴടക്കുകയായിരുന്നു.
ചാരം ഞങ്ങൾക്കൊരു ശവക്കച്ച പോലെയായിരുന്നു.
പാറയുടെ ആശ്ളേഷത്തിൽ
ഞങ്ങളുടെയുടലുകൾ ഒരുമിച്ചമർന്നുകിടന്നു,
തീരാത്ത, കല്ലിച്ച, ഒരു രതിമൂർച്ഛയിൽ.


*79ൽ വെസൂവിയസ് അഗ്നിപർവതം പൊട്ടിയപ്പോൾ ലാവയും ചാമ്പലും മൂടി നശിച്ച റോമൻ നഗരം. ദൈനന്ദിനവൃത്തികളിലേർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായിട്ടാണ്‌ നഗരവാസികൾ മരണത്തിനടിപ്പെട്ടതെന്ന് നാശാവശിഷ്ടങ്ങളിൽ നിന്നു മനസ്സിലാക്കാം.



ഭൂകമ്പം*


ഭൂകമ്പം കയറിവരുന്നു,
അതിനു മുന്നിൽ പ്രാർത്ഥനകളും യാചനകളും വിഫലം.
അതടവിരിഞ്ഞതാഴങ്ങളിൽ,
അതിന്റെ കൈകളിൽ നാം വച്ചുകൊടുത്തതൊക്കെ
അതു തരിപ്പണമാക്കുന്നു.
അദൃശ്യമായതുയർന്നുവരുന്നു,
പൈശാചികതയ്ക്കതു രൂപം നല്കുന്നു.
നശീകരണമാണതിനറിയുന്ന ഭാഷ,
അവശിഷ്ടങ്ങൾക്കിടയിൽ വേണമതിനെയാരാധിക്കാൻ.


*1985ൽ മെക്സിക്കോയിലുണ്ടായ കനത്ത ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയത്

കാലം കഴിഞ്ഞുപോകുന്നതെങ്ങനെയെന്ന് എന്നോടു ചോദിക്കരുത്
---------------------------------------------------------------------

ആരാധ്യമായ നമ്മുടെ ഭവനത്തിലേക്ക് മഞ്ഞുകാലം കയറിവരുന്നു,
ദേശാടനപ്പക്ഷികളുടെ സംഘങ്ങൾ വായു മുറിച്ചു കടന്നുപോകുന്നു.
പില്ക്കാലം വസന്തം പിന്നെയും ജന്മമെടുക്കും,
നീ വിതച്ച പൂക്കൾ ജീവൻ വച്ചു വരും.
എന്നാൽ നാം,
നാം ഒരിക്കല്ക്കൂടി അറിയാനേ പോകുന്നില്ല,
ഒരുമിച്ചു നാമറിഞ്ഞ പ്രിയങ്കരമായ ആ അവസ്ഥ.


Seven Poems by José Emilio Pacheco
http://www.pen-international.org/newsitems/three-poems-by-jose-emilio-pacheco-june-30-1939-january-26-2014/

1 അഭിപ്രായം:

Unknown പറഞ്ഞു...

എന്റെ വായന മരിച്ചതായിരുന്നു ....പെട്ടന്ന് ഒന്നു വായിച്ചുപോകാൻ അവസരം തരുന്നതിന് വളരെനന്നി ...