2016, ഏപ്രിൽ 20, ബുധനാഴ്‌ച

അന്ന കാമിയെൻസ്ക - നോട്ട് ബുക്കുകൾ 1- പ്രശാന്തതയുടെ കിളിക്കൂട്


മരണമുഹൂർത്തത്തിൽ ഉടലിന്റെ ഉയിർത്തെഴുന്നേല്പിനു തുടക്കമാവുന്നുവെന്ന് ചില ദൈവശാസ്ത്രജ്ഞന്മാർ നമ്മെ വിശ്വസിപ്പിക്കുന്നു.
അവർക്കറിവു കൂടിപ്പോയി. ദൈവം മരണത്തെ മൂടിവയ്ക്കുന്നുവെങ്കിൽ അതിനു മതിയായ കാരണങ്ങളുണ്ടാവണം.
*


ഞാൻ ഒളിച്ചോടിയിരുന്നത് ഉറക്കത്തിലേക്കാണ്‌. മരിക്കുമ്പോൾ എനിക്കു നഷ്ടപ്പെടുക ആ രക്ഷോപായമായിരിക്കും.
*


പരാജയപ്പെട്ട സംഭാഷണങ്ങളുടെയും നടക്കാതെപോയ ബന്ധങ്ങളുടെയും പരസ്പരം മനസ്സിലാകായ്കകളുടെയും വില ഞാൻ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പറയാതെ പോയതെന്തോ, അടിയിൽ കിടക്കുന്നതെന്തോ അതാണ്‌ ഒടുവിൽ ശേഷിക്കുക.
*


ഇന്നു വെയിലു കണ്ടു. എന്നാൽ എന്റെ ദേഹമാകെ വേദനിക്കുന്നു. എനിക്കപ്പോൾ വക്‌ലാവ് ഗ്രലേവ്സ്കിയുടെ സിദ്ധാന്തം ഓർമ്മ വന്നു: ഓരോ ചതവും വീഴ്ചയും കൈയിലെയോ കാലിലെയോ മുറിവും നമ്മുടെ കണ്ണിൽ പെടാത്ത ഒരു ക്രമത്തിനു ഭംഗം വരുത്തിയതിനു കൊടുക്കേണ്ടി വരുന്ന വിലയാണ്‌. തല്ക്ഷണശിക്ഷ.
*


വീടെന്നു പറയാൻ ഒരിടവുമില്ല. എവിടെയ്ക്കും മടങ്ങിച്ചെല്ലാനുമില്ല. എന്റെ വീട് ഒരു തകർച്ചയാണ്‌, ഒരു ശവപ്പറമ്പ്. ശവക്കുഴിയോട് നിങ്ങൾക്കു വല്ലാത്ത കൊതി തോന്നിയേക്കാം, എന്നാൽ അതിലൊന്നു ജീവിക്കാൻ നോക്കൂ.
*


ദൈവം വർത്തമാനകാലമാണ്‌. ...
*


ഇപ്പോൾ മാത്രമാണ്‌, എമ്പത്താറു വയസ്സായതിനു ശേഷം മാത്രമാണ്‌ തനിക്കു ദൈവവിശ്വാസം നഷ്ടപ്പെട്ടതെന്ന് മുത്തശ്ശൻ പറയുന്നു. അതൊരനുഗ്രഹമാവാം, ആരുടെയും തുണ സ്വീകരിക്കാതെ നടക്കാൻ പഠിക്കുക, വിശ്വാസത്തിന്റെ വെളിച്ചം പോലുമില്ലാതെ ഇരുട്ടത്തു വഴി തെറ്റാതെ നടക്കാൻ കഴിയുക. എന്തെന്നാൽ, ഇങ്ങനെ വേണം നാം മരണത്തിലേക്കു പ്രവേശിക്കാൻ.
*


ബാധിര്യം എന്റെ സ്വപ്നങ്ങളെപ്പോലും ബാധിച്ചിരിക്കുന്നു. ശബ്ദമില്ലാത്തവയാണവ, നിശ്ശബ്ദസിനിമകൾ പോലെ. അല്ലെങ്കിൽ, പ്രൊജെക്റ്ററിനു കേടു വന്ന് പ്രദർശനം തടസ്സപ്പെടുമ്പോൾ കാണികൾ പെട്ടെന്നു കൂവി വിളിക്കുമ്പോലെ.
*


ശകലിതമായ അധികാരത്തെക്കുറിച്ചുള്ള എന്റെ സിദ്ധാന്തത്തിന്‌ നിത്യേനയെന്നോണം എനിക്കു തെളിവു കിട്ടിക്കൊണ്ടിരിക്കുന്നു. ആൻഡേഴ്സൺ കഥയിലെ കണ്ണാടി പോലെ അധികാരം ഉടഞ്ഞുപോയിരിക്കുന്നു; അതിന്റെ ഒരു ചീളു തറയ്ക്കാത്തതായി ഒരു ഹൃദയം പോലും കാണാനില്ല. അദ്ധ്യാപകൻ-വിദ്യാർത്ഥി, ഡോക്ടർ-രോഗി, കടക്കാരൻ-പറ്റുകാരൻ: ഈ ബന്ധങ്ങളെല്ലാം രൂപമെടുക്കുന്നത് അധികാരത്തിന്റെയും വിധേയത്വത്തിന്റെയും തലത്തിലാണ്‌. മുറ്റമടിക്കാൻ വരുന്ന സ്ത്രീ പോലും താഴേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നതിന്‌ മുകൾ നിലയിലെ താമസക്കാരെ ചീത്ത പറയുന്നതു കേൾക്കാം. അതു പക്ഷേ മുറ്റത്താകെയുള്ള മരത്തിൽ നിന്നു കൊഴിഞ്ഞ പൂക്കളായിരുന്നു.

“നിങ്ങളുടെ നായ്ക്കളുടെ വൃത്തികേടൊക്കെ ഒന്നു കോരിക്കളഞ്ഞേ!” അവർ എന്നെ നോക്കി ആക്രോശിക്കുന്നു. ഞാൻ നായ്ക്കളെ വളർത്തുന്നില്ലെന്നത് ഇവിടെ പ്രശ്നമേയല്ല. അധികാരത്തിന്റെ ഒരു ചീള്‌ അവർക്കും കിട്ടിയിരിക്കുന്നു, ആക്രോശിക്കാനുള്ള അവകാശം.
*


സെനെക്ക: “ഓരോ ദിവസത്തെയും വ്യത്യസ്തജീവിതമായി കണക്കാക്കുക.”
*


ബ്രൂണോ ഷുൾട്സ്: “ബാല്യത്തിലേക്കു മുതിരുക.”
*


ഐറിന ക്രോൺസ്ക പതിനാറിനു മരിച്ചുവെന്ന് ബൾഗേറിയയിൽ നിന്നു തിരിച്ചു വന്നപ്പോഴാണറിഞ്ഞത്. അവസാനം വരെയും സോസിയ കൊറെയ്‌വോ അടുത്തുണ്ടായിരുന്നു. കൊടുത്തതിലധികം അവർക്കു കിട്ടിയെന്നാണ്‌ സോസിയ പറഞ്ഞത്. എനിക്കിപ്പോൾ മരണഭയമില്ല, അവൾ പറയുകയാണ്‌;  ജീവിതത്തിൽ നിന്നു മരണത്തിലേക്കുള്ള ആ പ്രവേശനം വിസ്മയപ്പെടുത്തുന്നതായിരുന്നു.
ശവപ്പെട്ടിയിൽ ഒരു കുരിശ്ശുരൂപവും മാർജിനിൽ അവർ കുറിപ്പുകളെഴുതിയിരുന്ന സുവിശേഷങ്ങളും അവരുടെ മകളുടെയും ഭർത്താവിന്റെയും കാഫ്കയുടെയും ഫോട്ടോകളും വച്ചിരുന്നു. അവരുടെ മരണാനന്തരജീവിതത്തിന്‌ ഇത്രയൊക്കെ മതി.
*


ചെറുതായിരുന്നപ്പോൾ അനാഥക്കുട്ടിയെന്ന് ആളുകൾ എന്നെക്കുറിച്ചു പറയുന്നതു കേട്ട് ഞാൻ നടുങ്ങിപ്പോയിരുന്നു. ഇന്നെന്നെ വിധവ എന്ന് അവർ വിളിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു. അദ്ദേഹം മരിച്ചിട്ടില്ല, എനിക്കു കൈയെത്താത്ത ഉയരത്തിലേക്ക് അദ്ദേഹം വളർന്നുപോയെന്നേയുള്ളു.
*


യോഹന്നാൻ 8:1-11. വ്യഭിചാരത്തിന്‌ ആളുകൾ പിടി കൂടിയ സ്ത്രീയെക്കുറിച്ച്. യേശു അന്ന് മണ്ണിലെഴുതിയത് എന്തായിരുന്നു? ആക്ഷേപക്കാരുടെ പാപങ്ങളാണ്‌ അവൻ എഴുതിയതെന്ന് ആളുകൾ കരുതുന്നു. അവൻ അതു ചെയ്യേണ്ടതുണ്ടായിരുന്നോ?
പാപം ചെയ്തവളെ കല്ലെറിഞ്ഞു കൊല്ലണം എന്ന മോശയുടെ പ്രമാണം കാണിച്ചാണ്‌ അവർ അവനെ ഭീഷണിപ്പെടുത്തിയത്. ആ പ്രമാണം കല്ലിലെഴുതിയതായിരുന്നു. ആ അക്ഷരവും ആ ചിഹ്നവും നിയമത്തിന്റെ ആദ്യാവിഷ്കാരമായിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരോടു ബന്ധമില്ലാത്തതാണെങ്കിൽ ലിഖിതനിയമം പൊള്ളയാണെന്നവരെ മനസ്സിലാക്കിക്കൊടുക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്. അവൻ എഴുതിയത് പൂഴിയിലാണ്‌, കല്ല് പൊടിയായതിൽ; അതേതു നിമിഷവും കാറ്റടിച്ചു പറത്തുകയും ചെയ്യാം. “ഇതാ നിങ്ങളുടെ പ്രമാണങ്ങൾ,” അവന്റെ ലിഖിതം പറഞ്ഞു. രണ്ടു നിയമങ്ങളിൽ പണ്ഡിതൻ. കല്ലിലെഴുതിയ മോശയുടെ നിയമം, പൂഴിയിലെഴുതിയ സ്നേഹത്തിന്റെ നിയമം. കല്ലിൽ വരഞ്ഞാൽ അത് മൃതാക്ഷരങ്ങളാവുകയേയുള്ളു. ജീവനുള്ള ആ സ്ത്രീയ്ക്കു നേരെ അവർ ഉന്നം വച്ച ഓരോ കല്ലും മോശയുടെ പ്രമാണങ്ങൾ കൊത്തിവച്ച ശിലാഫലകങ്ങളുടെ ഉടഞ്ഞ കഷണങ്ങളായിരുന്നു. തങ്ങളുടെ അക്ഷരങ്ങൾ നശിക്കരുതെന്നതിലേക്കായി ആളുകൾ അവ കല്ലിൽ കൊത്തിവയ്ക്കുന്നു. തന്റെ വചനം കാറ്റിനു വിട്ടു കൊടുക്കാൻ ദൈവത്തിനു മടിയില്ല; അവ നശിക്കില്ലെന്ന് അവനറിയുമല്ലോ.
*


ഒരു വീപ്പ വീടാക്കിയ ഡയോജനിസിന്‌ വെള്ളം കുടിക്കാൻ ഒരു കിണ്ണമുണ്ടായിരുന്നു. ഒരു കുട്ടി കൈക്കുമ്പിളിൽ വെള്ളം കുടിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തന്റെ കിണ്ണം എറിഞ്ഞുടച്ചു.
*


മടക്കമെന്നതില്ലെന്നു
തീർച്ചയാക്കാനായി
ഞാൻ മടങ്ങിവന്നു.
*


കവിതയിലെ ലാളിത്യം എളിമ തന്നെയാണ്‌. നാം പറയാനാഗ്രഹിക്കുന്നത് നമ്മെ കവിഞ്ഞു നില്ക്കുന്നതാണെന്ന്, അവാച്യം പോലുമാവാമെന്ന് നമുക്കറിയാം. വെറും ചിഹ്നങ്ങൾ മാത്രമാണ്‌ നമുക്കു സൃഷ്ടിക്കാനാവുക, വിക്കുന്ന പാവം വാചകങ്ങൾ.
*


ഭാര്യമാർ കാവൽ നില്ക്കുന്ന എഴുത്തുകാരുണ്ട്; അവർക്ക് തങ്ങളുടെ എഴുത്തുജോലിയിൽ ആഹ്ളാദത്തോടെ മുഴുകാം. എനിക്കതിനേക്കാൾ പ്രധാനമാണ്‌ മറ്റെല്ലാം: അലക്കാനുള്ള തുണികൾ, അടുക്കളയിലേക്കുള്ള സാധനങ്ങൾ, എന്നെ വീട്ടിലേക്കു ക്ഷണിക്കുന്ന ഒരാൾ, ഇസ്തിരിയിടാനുള്ള പാവേലിന്റെ ട്രൗസറുകൾ. ഇതൊക്കെക്കഴിഞ്ഞ് മേശയ്ക്കു മുന്നിൽ ഇരിക്കുമ്പോൾ എഴുതേണ്ടതെങ്ങനെയെന്ന് എനിക്കോർമ്മയില്ലാതാവുന്നു. ഇടയ്ക്കെപ്പോഴെങ്കിലുമേ, ഏതു നേരമെന്നില്ലാതെ, എവിടെ വച്ചെന്നില്ലാതെ വരികൾ ഇരപിടിയൻ കിളികളെപ്പോലെ എന്നെ വന്നാക്രമിക്കുന്നുള്ളു. എഴുതാൻ എന്നോടനുശാസിക്കുന്നുള്ളു.
*


വളർത്തുനായയെപ്പോലെ എന്റെ നിഴലിനെ ഞാൻ വിളിക്കുന്നു. ഞങ്ങൾ പുറത്തേക്കിറങ്ങുന്നു.
*


ലുബ്ളിനിലേക്കുള്ള റോഡരികിൽ ഒരു “അറവുശാല”- അറപ്പുളവാക്കുന്ന വാക്കുകൾ. ഒരാൾ ഒരു പശുവിനെ അറവുശാലയിലേക്കു കൊണ്ടുപോകുന്നു. പശു തല താഴ്ത്തിപ്പിടിച്ചിരിക്കുന്നു. അതിനറിയാം. തീർത്തും മാനുഷികമായ ഒരു തീവ്രശോകം അതിനുള്ളിലൂണ്ട്. മൃഗങ്ങളുടെ മാംസം തിന്നുന്ന കാലത്തോളം നാം കിരാതന്മാരായിരിക്കും.
*


ശോകം- നമ്മെ മൃഗങ്ങളോടടുപ്പിക്കുന്ന ഏറ്റവും അഭിജാതമായ കാര്യം അതാണ്‌. അസ്തിത്വത്തിന്റെ ശോകം.
*

ഒരു റേഡിയോ പ്രഭാഷണത്തിനിടെ യാനുറ്റ്സ് കോർചാക്ക് പറഞ്ഞു: “ഒരു ഭ്രാന്താശുപത്രിയിൽ നിന്ന് ഒളിച്ചോടുന്നതു പോലെ ഞാൻ യൗവനത്തിൽ നിന്നു രക്ഷപ്പെട്ടു.”
*


കോർച്ചാക്ക്:“ചെറിയ നിർഭാഗ്യങ്ങൾ സംഭവിക്കുന്നു- അവ നിങ്ങളുടെ കണ്ണീരിനർഹമല്ല.
വലിയ നിർഭാഗ്യങ്ങൾ സംഭവിക്കുന്നു- നിങ്ങൾ കരയാൻ മറന്നും പോകുന്നു.”
*


നന്ദി പറയട്ടെ, സ്രഷ്ടാവേ, മൂക്കിനു നീളം കൂട്ടി പന്നികളെയും ആനകളെയും സൃഷ്ടിച്ചതിന്‌, ഇലകളെയും ഹൃദയങ്ങളെയും കൊത്തിനുറുക്കിയതിന്‌, കിഴങ്ങുകൾക്കു മധുരം നല്കിയതിന്‌. രാപ്പാടികളുടെയും മൂട്ടകളുടെയും പേരിലും നിനക്കു നന്ദി. പെൺകുട്ടികൾക്കു മുലകളുണ്ടായതിനും മത്സ്യങ്ങൾ ശ്വസിക്കുന്നതിനും മിന്നലും ചെറികളും ഉണ്ടെന്നായതിനും. എത്രയും ഭ്രാന്തമായ പ്രകാരങ്ങളിൽ വർദ്ധിക്കാൻ ഞങ്ങളോടു കല്പിച്ചതിനും കല്ലുകൾക്കും കടലുകൾക്കും ആളുകൾക്കും ചിന്താശേഷി നല്കിയതിനും.
*


കോർച്ചാക്കിന്റെ ഭ്രാന്തന്മാരുടെ സെനറ്റ് രംഗത്തവതരിപ്പിക്കുന്നതിനെക്കുറിച്ച് എൽ.ആറുമായി നടത്തിയ സംഭാഷണം. എതിർപ്പിനിടയാക്കാത്തതു മാത്രം, നരച്ചതും പരന്നതും മാത്രം നാം തിരഞ്ഞെടുക്കുന്നു. നാം നമ്മുടെ തന്നെ തടവറയിലാണ്‌. നാം നമ്മുടെ മൂല്യങ്ങൾ ഏതാവണമെന്നു തീരുമാനിക്കുകയും അവയോടു ചേർന്നുനില്ക്കുകയും ചെയ്യുന്നില്ല; പകരം നാം ആലോചിക്കുകയാണ്‌: ഇത് കടന്നുകൂടുമോ? സെൻസർ എന്തു പറയും? അങ്ങനെ നമ്മുടെ കൈകളിൽ കെട്ടു വീഴുന്നു, സംസ്കാരം മരിക്കുകയും ചെയ്യുന്നു.
*


കോൺസെൻട്രേഷൻ ക്യാമ്പിലേക്കു മാറ്റുന്നതിന്‌ രണ്ടാഴ്ച മുമ്പ് അനാഥക്കുട്ടികൾ രവീന്ദ്രനാഥടാഗോറിന്റെ പോസ്റ്റ് ഓഫീസ് എന്ന നാടകം അവതരിപ്പിച്ചിരുന്നു. മരിക്കുന്ന കുട്ടിയുടെ ഭാഗം എടുത്തത് അബ്രാസ എന്ന കുഞ്ഞാണ്‌.
ഇത്രയും ദുഃഖകരമായ ഒരു നാടകം തന്നെ നോക്കിയെടുത്തതെന്തിനാണെന്ന് ആരോ കോർച്ചാക്കിനോടു ചോദിച്ചു. മരണത്തിന്റെ മാലാഖയെ വേണ്ടവിധം സ്വീകരിക്കേണ്ടതെങ്ങനെയെന്ന് അവർ പഠിക്കാൻ വേണ്ടി- അദ്ദേഹം പറഞ്ഞു.
*


രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒരു ചിന്ത മനസ്സിൽ വന്നു; അതെനിക്കു പ്രധാനമായി തോന്നുകയും ചെയ്തു. ഞാൻ ഇരുട്ടത്തെഴുന്നേറ്റിരുന്ന് അതെഴുതി വച്ചു. രാവിലെ ഞാൻ ഇങ്ങനെ വായിച്ചു: “ഞാൻ ഏകാന്തത തേടിപ്പോയി. എന്നാൽ അതെന്നെ കണ്ടെത്തുകയായിരുന്നു.”
*


മാതൃത്വമെന്നാൽ നിങ്ങളുടെ പാപങ്ങൾക്കു മാത്രമല്ല, നിങ്ങളുടെ സന്തതികളുടെ പാപങ്ങൾക്കു കൂടി പ്രായശ്ചിത്തം ചെയ്യുക എന്നാണ്‌.
*


വധശിക്ഷ വിധിക്കപ്പെട്ടവരുടെ കത്തുകൾ. തടവറയുടെ ചുമരുകളിൽ കോറിയിട്ട അന്ത്യവചനങ്ങൾ. അതുപോലെ എഴുതാൻ കഴിയുക.
*


ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ഹീബ്രുവിലെ വിശുദ്ധമായ ആദിവചനം. ദൈവത്തെത്തന്നെ സ്പർശിക്കുമ്പോലെ.
*


എന്തു ചെയ്യണമെന്ന് കുന്നു കയറിച്ചെന്നു ഞാൻ ദൈവത്തിനോടു ചോദിച്ചു. ദൈവം എന്നോടിങ്ങനെ പറയുകയും ചെയ്തു: തെളിനീരു പോലെ കവിഞ്ഞൊഴുകുക, നിർബാധവും നിശ്ചലവുമായി. എന്നെ നിന്നിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുക.
*


അവന്റെ അഭാവത്തിലും അവന്റെ സാന്നിദ്ധ്യത്തിലും അവനെ സ്തുതിക്കുക. അവന്റെ അഭാവമെന്നത് നമ്മുടെ കണ്ണുകൾ മൂടിയ പാട മാത്രം.
*


നയോബി. നയോബി- അതു ഞാനാണ്‌. പരിത്യക്തയായ ഏതമ്മയുമാണ്‌.
*


രണ്ടു ജ്ഞാനികളിൽ ഏറ്റവും ജ്ഞാനി കുറച്ചു സംസാരിക്കുന്നവനായിരിക്കും.
*


സോസിയ കെ.യുടെ ഭർത്താവ് മരിക്കാൻ കിടക്കുകയാണ്‌. അയാൾ ലോകം കണ്ടിട്ടില്ല. എന്നാൽ മഞ്ഞു പെയ്യുന്നത് അയാളെ വശീകരിക്കുന്നു.  ജനാലകൾ തുറന്നിടാൻ അയാൾ ആവശ്യപ്പെടുന്നു. മഞ്ഞും മരണവും ഒരുമിച്ചു കടന്നുവരുന്നു.
*


നിശാശലഭങ്ങളിൽ ആണിന്‌ അന്നനാളമുണ്ടാവാറില്ല. അതിന്‌ അതിന്റെ ആവശ്യവുമില്ല. അവന്റെ തലയിലെ നാഡിവ്യൂഹം ഘ്രാണേന്ദ്രിയം വഴി അവനെ പെൺശലഭത്തിനടുത്ത് പിഴവു പറ്റാതെ എത്തിച്ചുകൊള്ളും. ഇരുപതു കിലോമീറ്റർ അകലെ നിന്നേ അവൻ അവളെ മണത്തറിയും. അവളിൽ ബീജസന്ധാനം നടത്തിയതിൽ പിന്നെ അവൻ ജീവൻ വെടിയുകയും ചെയ്യുന്നു. അവന്റെ ജീവിതത്തിലെ സുപ്രധാനനിമിഷമാണത്. അതവന്റെ കാലവവുമാണ്‌. ഓരോ ജീവിയുടെയും കാലം നിശ്ചയിക്കുന്നത് ജീവശാസ്ത്രമാണ്‌. കാലമെന്നാൽ ഓരോ ജീവന്റെയും ഓരോ ജൈവഘടനയുടെയും ആയുസ്സിനു തുല്യം. മനുഷ്യരും തടുത്താൽ നില്ക്കാതെ തങ്ങളുടെ ലക്ഷ്യത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്‌-മരണത്തിലേക്ക്. അതിൽ അവർ സാഫല്യമടയുകയും ചെയ്യുന്നു. നിശാശലഭത്തെപ്പോലെയല്ല, പോകും വഴി അവർക്ക് കാലിടറാറുണ്ടെന്നു മാത്രം.
*


കാലത്തു മുതലേ നൈരാശ്യം വിശ്വസ്തനായ ഒരു വളർത്തുനായയെപ്പോലെ തലയുയർത്തി നോക്കുന്നു.
*


നിങ്ങൾക്കു വേദനിക്കുന്നതെവിടെയാണോ, അവിടെയാണ്‌ നിങ്ങളുടെ ഹൃദയം.
*


മൃഗങ്ങൾ എങ്ങനെയാണ്‌ ഏകാന്തത സഹിക്കുന്നത്? ഞങ്ങൾ പൊസ്നാനിലേക്കു പോകുമ്പോൾ വീസ്‌വാവ ഷിംബോർസ്ക താൻ വളർത്തുന്ന മുള്ളൻ പന്നിയുടെ കാര്യം പറഞ്ഞിരുന്നു; ഒറ്റയ്ക്കായപ്പോൾ അതിന്‌ ഒരു ചൂലിനോടു സ്നേഹമായത്രെ. ഞാൻ സ്വയം കബളിപ്പിക്കുന്ന ഒരു മുള്ളൻ പന്നിയായി മാറുകയാണോ? ഒരു ചൂലിനോട് (അതിനെ ഇനി എന്തു പേരിട്ടു വിളിച്ചാലും) മമതയിലാവാൻ ഞാനില്ല. എനിക്കതിൽ നിന്നു സ്വതന്ത്രയാവണം. ഏകാന്തതയിൽ നിന്നുള്ള സ്വാതന്ത്ര്യമോ? ആ പ്രഹേളികയുടെ പൊരുളു തിരിക്കാനാണ്‌ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‌ ഏകാന്തത വേണം; ഏകാന്തത പക്ഷേ ബന്ധനമാവുകയുമാണ്‌. ചിന്തയ്ക്കൊടുവിൽ ചുമരിൽ തല കൊണ്ടിടിക്കുകയാണു ഞാൻ.
*

അനാഥക്കവിതയുടെ ഒരു വകഭേദമായി എന്റെ കൃതികളെ കാണുന്നതായിരിക്കും ഉചിതം.
*


ഇന്നു കാലത്ത് പെട്ടെന്നെനിക്കു തോന്നിപ്പോയി: ഞാൻ അവിടെയില്ല; ചിന്തയിൽ അത്രയ്ക്കു ഞാൻ മുഴുകിപ്പോയിരിക്കുന്നു; ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നുമില്ല. സ്വന്തം മരണത്തിലേക്ക് ചിന്തിച്ചെത്താൻ പറ്റുമോ?
*



തന്നെപ്പറ്റിത്തന്നെ വേണ്ടതിലേറെ സംസാരിക്കുന്നത് അകം പുറം തിരിച്ച് ഉടുപ്പിടുന്നതു പോലെയാണ്‌.
*


ഒന്നാലോചിച്ചുനോക്കൂ: നിങ്ങൾ അവസാനമായി കണ്ട സ്വപ്നം എഴുതി വയ്ക്കാനോ ആരോടെങ്കിലും പറയാനോ പറ്റില്ല!
*


പൊവാസ്ക്കിയിൽ വച്ച് ജെ.അച്ചനുമായി ഒരു സംഭാഷണം. ഊഷ്മളമെന്നു തന്നെ പറയാവുന്ന തെളിഞ്ഞ പകൽ. കുട്ടികൾ പട്ടാളക്കാരുടെ ശവക്കല്ലറകൾക്കിടയിലൂടെ നൂണ്ടുപോകുന്നു. കുഞ്ഞുവിളക്കുകളുടെ നാളങ്ങൾ അവിടവിടെ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഉടലിനെയും ആത്മാവിനെയും കുറിച്ചു സംസാരിക്കുകയായിരുന്നു. മോശമായതെല്ലാം നാം ഉടലിനു മേൽ വച്ചുകെട്ടുകയാണ്‌. അതതിന്റെ കുറ്റമല്ല. ആർത്തിപ്പണ്ടാരമായ ഉടലിന്‌ കട്ലറ്റുകൾ കിട്ടണമെന്നേയുള്ളു. അതിലും മോശമായ സംഗതികൾക്കു വാശി പിടിക്കുന്നത് ആത്മാവാണ്‌, സമർത്ഥനായ ആത്മാവ്: അതിന്‌ പ്രശസ്തി വേണം, അധികാരം വേണം. “സ്വപ്നങ്ങളിൽ,” ജെ. അച്ചൻ പറയുകയാണ്‌, “ഉടൽ ആത്മാവിനെപ്പോലെയാണ്‌.”
ഞങ്ങൾ ശവക്കല്ലറകൾക്കിടയിലൂടെ നടക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒരു ദശാബ്ദമാവുന്നു.
*


ശലോമോന്റെ ഉത്തമഗീതം മഹത്തായ ഒരു പ്രണയകവിതയാണ്‌: ഒരന്യാപദേശമായി ചുരുക്കുമ്പോഴാണ്‌ നമുക്കത് വഷളായി തോന്നുന്നത്. വേദപുസ്തകത്തിന്റെ ബലം അതിന്റെ അനലംകൃതസ്വഭാവമാണ്‌. അതിന്റെ പ്രകടാർത്ഥത്തിനടിയിൽ ഒരു നിഗൂഢത ആലേഖനം ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ അഴുക്കു പിടിച്ച കൈകൾക്ക് അതു തൊടാൻ അവകാശമില്ല.
*


നിങ്ങൾക്കു വേണ്ടെന്നാണെങ്കിലും നിങ്ങളുടെ ഉടൽ മരിച്ചവർക്കിടയിൽ നിന്ന് ഉ
യിർത്തെഴുന്നേല്ക്കുമോ?
*


ബാധിര്യം നിശ്ശബ്ദതയല്ല. എന്റെ ചോരയുടെ നിർത്തില്ലാത്ത, നികൃഷ്ടമായ ജല്പനമാണത്.
*


ചൈനീസ് പഴമൊഴി: “ആറ്റയ്ക്കോ കുരുവിയ്ക്കോ കൊറ്റിയുടെ ഉന്നതാശയങ്ങൾ എങ്ങനെ പിടി കിട്ടാൻ?”
*


നീലക്കടലും ആനകളുമായി ഒരു സ്വപ്നം.
ദയാലുവായ ഒരു പിടിയാന വെള്ളത്തിൽ വീണുപോയ എന്റെ കണ്ണട വീണ്ടെടുത്ത് എനിക്കു തരുന്നു.
*


നായകന്റെ മരണത്തോടെ കഥ അവസാനിപ്പിക്കുന്നത് ഒരെളുപ്പപ്പണിയാണ്‌. ദുരന്തങ്ങളും സംഘർഷങ്ങളും മരണത്തിലൂടെ അനായാസേന പരിഹൃതമാവുന്നു: കെട്ടഴിക്കുന്നതിനു പകരം കെട്ടറുക്കുക.
*


കുട്ടിക്കാലം മുതല്ക്കേ എനിക്ക് പെട്ടികൾ ഇഷ്ടമായിരുന്നു. ഞാൻ എന്റെ നിസ്സാരമായ നിധികൾ സൂക്ഷിച്ചിരുന്നത് അവയിലാണ്‌- കടലാസ്സുതുണ്ടുകൾ, ചില്ലുകഷണങ്ങൾ. പിന്നീട് കത്തുകൾ, സ്മാരകവസ്തുക്കൾ. ഇപ്പോൾ പക്ഷേ, അവ കൊണ്ടു ഗുണമില്ലാതെ വന്നിരിക്കുന്നു. സ്നേഹം നിങ്ങൾക്കൊരു പെട്ടിയിൽ ഒതുക്കാൻ പറ്റുമോ? അവസാനത്തെ പെട്ടിയ്ക്കു പോലും ഒരാളെ മുഴുവനായി കൊള്ളിക്കാൻ പറ്റില്ല.
*


ഓരോ വ്യക്തിയുടെയും കൈവശമുള്ള സ്നേഹത്തിന്റെ ശേഖരം നിശ്ചിതമാണെന്നാണ്‌ ഫ്രോയിഡ് കരുതിയിരുന്നത്. അപ്പോൾ നിങ്ങൾ മറ്റൊരാളെ സ്നേഹിക്കുമ്പോൾ അത്ര കുറച്ചേ നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുള്ളു.
ഫ്രോയിഡിനു തെറ്റി. സ്നേഹം അങ്ങനെ തീർന്നുപോകുന്നില്ല. നാം മറ്റൊരാളെ എത്ര സ്നേഹിക്കുന്നുവോ, അത്രയും നാം നമ്മെത്തന്നെ, മറ്റെല്ലാറ്റിനെയും, ലോകത്തെയും സ്നേഹിക്കുകയാണ്‌.
*


സൂപ്പർ മാർക്കറ്റിനടുത്തു കൂടി പോകുമ്പോൾ അനിയ നാലു വയസ്സുകാരൻ യാക്കൂബിനോടു പറഞ്ഞു: “ആ വലിയ കടയിൽ എന്തു സാധനവും വാങ്ങാൻ കിട്ടും.”
“ഒരു സാധനം  മാത്രം എവിടെ വാങ്ങാൻ കിട്ടും?” അവൻ ചോദിക്കുന്നു.
*


സ്വപ്നത്തിൽ എനിക്കൊന്നു കുളിക്കാൻ തോന്നുകയാണ്‌. ഞാൻ കുളിത്തൊട്ടിയിലേക്കിറങ്ങുന്നു; പക്ഷേ അതു നിറയെ പുസ്തകങ്ങളാണ്‌. ഉരച്ചുകഴുകാൻ പുസ്തകം പോരല്ലോ.
*


ജൻകായുടെ അമ്മയ്ക്ക് സുഖമില്ല. ഒരു ശ്വാസകോശം ജോലി ചെയ്യുന്നില്ല. അവർ വളരെ ക്ഷീണിതയാണ്‌; പക്ഷേ മരണം എന്ന വന്മലയുടെ മുന്നിൽ നില്ക്കുകയാണവർ.
*


ഇടിമിന്നലേറ്റ് പൊട്ടിപ്പിളർന്ന ഒരു മരം. തുറന്നും ഒരിക്കലും പച്ചപ്പു മാറാതെയും, ദൈവത്തെപ്പോലെ.
*


കവിത- പടുകുഴിയിലേക്കു തട്ടിയെറിഞ്ഞ ഒരു വെള്ളാരംകല്ല്.
*


ചിലപ്പോഴെനിക്കു തോന്നാറുണ്ട്, ഞാൻ ഈ വിചാരങ്ങളുടെയും വികാരങ്ങളുടെയും തുണ്ടുകൾ കുത്തിക്കുറിച്ചിടുന്നത് അവസാനത്തെ വാക്യത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണെന്ന്-സകലതിനെയും വെളിച്ചപ്പെടുത്തുന്ന ആ ഒരു വാക്യം.
*


ഞാൻ എന്റെ ഉടലിൽ നിന്ന് സാവധാനം പിൻവാങ്ങുന്നു.
*


കവിതകൾ എനിക്കു മേൽ കവിഞ്ഞൊഴുകി. കാട്ടുതേനീച്ചകളെപ്പോലെ അവ എന്റെ നേർക്കു വന്നു.
*


തലയോട്ടിക്കടിയിൽ പ്രശാന്തതയുടെ ഒരു കിളിക്കൂട്.
*


മരിക്കുക-മനുഷ്യനു പറഞ്ഞ ഒരുദ്യമം തന്നെ അത്; പക്ഷേ മനുഷ്യന്റെ മറ്റേതുദ്യമവും പോലെ അതും നമ്മുടെ പിടിയിൽ ഒതുങ്ങുന്നില്ല. മൃഗങ്ങൾ കുറച്ചുകൂടി നന്നായി അത് കൈകാര്യം ചെയ്യുന്നുണ്ട്.
*


മരിച്ചു കഴിഞ്ഞാൽ ആത്മാവ് എവിടെപ്പോകുന്നു? യാക്കോബ് ബൂമേ പറഞ്ഞു: “അതിന്‌ എവിടെയും പോകേണ്ടതില്ല.”

അഭിപ്രായങ്ങളൊന്നുമില്ല: