2018, നവംബർ 19, തിങ്കളാഴ്‌ച

റൂമിയുടെ കവിതകള്‍ - 1


chittumala8


1.  സൂഫീജ്ഞാനം


സൂഫിയുടെ ജ്ഞാനം തേടി ഗ്രന്ഥങ്ങൾ പരതേണ്ട;
അവന്റെ ജ്ഞാനമിരിക്കുന്നതൊരേയൊരിടത്തിൽ:
മഞ്ഞു പോലെ വെളുത്ത മനുഷ്യഹൃദയത്തിൽ.


2.  അസൂയ


അസൂയ വിഷമാണ്‌
യുക്തിയില്ലാത്ത മനഃക്ളേശമാണ്‌.
അയല്ക്കാരനു കൂടുതലുണ്ടെന്നാൽ
നിങ്ങൾക്കു കുറവാണെന്നല്ല.


3.  കരയുന്ന കണ്ണുകൾ

കരുണയുറ്റ കണ്ണിൽ നി-
ന്നെത്ര കണ്ണീരു പൊഴിഞ്ഞിരിക്കുന്നു.
ഇനിയിപ്പോൾ നേരമായിരിക്കുന്നു,
അതിനു തന്നെത്തന്നെ കാണാൻ,
കണ്ണീരു പൊഴിക്കാൻ.


4.  തന്റെ സൃഷ്ടികളിൽ


തന്റെ സൃഷ്ടികളിൽ
സ്രഷ്ടാവിരിക്കുന്നു:
വിരലുകളില്ലെങ്കിൽ
മുഷ്ടിയെവിടെ?


5.  വിപരീതങ്ങൾ


ഇരുട്ടു കാണുമ്പോൾ, റൂമീ,
നീ വെളിച്ചമെന്തെന്നറിയുന്നു;
ശോകം ദംശിക്കുമ്പോൾ
ആനന്ദമെന്തെന്നും.
വിപരീതമറിയും വരെ
അർത്ഥങ്ങളെല്ലാമൊളിക്കുന്നു,
വിപരീതമില്ലാത്ത ദൈവമൊഴികെ.


6.  ഒഴുക്ക്


ജലമൊഴുകുന്നതു
മുകളിൽ നിന്നു താഴേക്ക്;
അതിനാൽ എളിമയുള്ളവനാവുക,
അവന്റെ സാന്നിദ്ധ്യം
നിങ്ങളിലേക്കൊഴുകട്ടെ.


7.  തടവറ


ഹിതം പോലലയാനൊരു ലോകം മുഴുവൻ പരന്നുകിടക്കെ
നിങ്ങളെന്തിനു സ്വന്തം വീടൊരു തടവറയാക്കണം?


8.  ചാർച്ച


ഒരേ ഭാഷ സംസാരിക്കുന്നതു ചാർച്ചയുടെ ഒരു രൂപം,
ശരിക്കും നമ്മെ ഒരുമിപ്പിക്കുന്നതു പക്ഷേ, ഉള്ളിലുള്ള ഭാഷ.

ഒരു തുലുക്കനും മറ്റൊരുവനും ഒരേ ഭാഷക്കാരാവാം,
ഒരേ സംഗീതമാവുമോ പക്ഷേ, ഹൃദയം പാടുമ്പോഴവർ കേൾക്കുക?


9.  അറിഞ്ഞതും അറിയാത്തതും


നശ്വരജീവിതത്തിന്റെ മണൽത്തരികൾ പാറിപ്പോകും മുമ്പേ
അറിയാത്തതിനെ അറിയുന്നതാക്കുന്നതു മാത്രമറിഞ്ഞുവയ്ക്കൂ.
കൈയിൽ കിട്ടിയതെന്നു നിങ്ങൾ കരുതിയതു വെറും ശൂന്യത,
കൈയിലുള്ള കിളി പറന്നുപോയ മറ്റേക്കിളിയത്രെ!


10. രൂപം

എത്ര വ്യർത്ഥം രൂപവും ലയവും,
കാതുകൾ കേൾക്കില്ല,
കണ്ണുകൾ കാണില്ലയെങ്കിൽ.


11. ചെള്ളുകൾ

ഒരേയൊരു ചെള്ളു കേറിയെന്നതിനാൽ
വിരിപ്പെടുത്തെരിക്കരുതേ!
നിന്നെപ്പോലെ തന്നെ പിഴവുകളുള്ള
മനുഷ്യജീവിയിൽ നിന്നകലരുതേ!


12. പ്രവാചകന്മാർ

വെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകളാണു പ്രവാചകന്മാർ,
ഒരാൾ ശരി, മറ്റൊരാൾ തെറ്റെന്നു നിങ്ങൾക്കു പറയാനാവില്ല.
അവരെല്ലാം ഒന്നു തന്നെ, അവരുടെ സന്ദേശവും ഒന്നു തന്നെ:
വെളിച്ചത്തിനു ദാഹിക്കുകയെന്നാൽ സൂര്യനുണ്ടെന്നു പറയുക തന്നെ.


13. ഗുരു

വഴികാട്ടിയുടെ പിന്നാലെ പോവുക, യാത്രികാ,
ഭൂപടങ്ങളെ വിശ്വസിക്കരുതേ;
ഈ പെരുവഴികളിലും ഇടവഴികളിലും
നിങ്ങൾക്കു വഴി പിണയുമെന്നോർക്കുക.
നമ്മുടെയെല്ലാം യാത്രകള്‍
മുമ്പു നാം പോയിട്ടില്ലാത്ത വഴികളിലൂടെ;
അതിനാലവനെ വിശ്വസിക്കുക,
അവന്റെ പിന്നാലെ തന്നെ പോവുക,
അവൻ നിങ്ങളെ കൊണ്ടുപോകും,
നിങ്ങൾക്കെത്തേണ്ട വാതിലുകളിലൊക്കെ.


14. ക്ഷമ വേണം

കുഞ്ഞിനമ്മിഞ്ഞയപ്പോൾത്തന്നെ കിട്ടണം,
ക്ഷമിച്ചിരിക്കാനതിനിയും പഠിച്ചിട്ടില്ല.
ക്ഷമയാണാനന്ദത്തിന്റെ താക്കോൽ,
യാത്രികാ, ഇത്ര തിടുക്കം വേണ്ട!


15. മരണമെന്ന കള്ളൻ

വരുമെന്നുറപ്പുള്ള കള്ളനാണു മരണം,
ആരിൽ നിന്നെടുക്കുന്നു,
എന്തെടുക്കുന്നുവെന്നവനു നോട്ടവുമില്ല.
അതിനാൽ, കടന്നുപോകുന്നവനേ,
നിങ്ങളേറ്റവുമിഷ്ടപ്പെടുന്നതിനെ
കൈവിടാതെ പിടിക്കൂ;
മരണവും കള്ളനും കൊണ്ടുപൊയ്ക്കോട്ടെ,
പിന്നെ ശേഷിച്ചതൊക്കെയും.


16. അവനറിയാം

‘അവനെന്തറിയുമെന്നെനിക്കറിയില്ല,
അവനറിയാമെന്നെന്നാലെനിക്കറിയാം,’
അങ്ങനെ നിറഞ്ഞവനായി
ശിഷ്യൻ ഗുരുവിൽ നിന്നു പോകുന്നു.


17. അവൻ തന്നതൊക്കെ...

അവൻ തന്നതൊക്കെയെടുത്തുപയോഗിക്കൂ, ചങ്ങാതീ-
അമ്പുകളുണ്ടെന്നിരിക്കെ വില്ലു കുലയ്ക്കാതിരിക്കുകയോ?

കൂർത്തതും ഉന്നം തെറ്റാത്തതുമാണവന്റെ വചനം,
അതിലില്ല ‘എങ്കിൽ,’ ‘ഒരുപക്ഷേ,’ ‘എന്നാലും’ എന്ന സന്ദേഹങ്ങൾ.

ഇരുളു കീറിപ്പായുന്ന വെയിൽച്ചീളാണവൻ,
ഉദ്യാനസന്ധ്യയിലെ നിശബ്ദതയുമാണവൻ.

യാതനകൾ പലതുമുടൽ സഹിച്ചുതന്നെയാവണം,
പ്രണയത്തോടു നമ്മൾ നന്ദിയുള്ളവരുമായിരിക്കണം.

ചിരിയെന്നൊരു കിളി നിങ്ങളുടെ നെഞ്ചിൻ കൂട്ടിൽ കിടക്കുന്നു,
ഉടലു വീഴും മുമ്പേ ചെന്നതിനെ തുറന്നുവിടെന്നേ!

നിന്റെ പ്രണയമെന്നെപ്പൊതിയാനെനിക്കു കൊതി,
ഇറുകിയ കൈയുറ കൈയിനെയെന്നപോലെ.

നിങ്ങളുടെ ആത്മാവിനെ, ഇന്ദ്രിയങ്ങളെ പ്രണയം ബാധിച്ചുവോ?
ലോകത്തിനു നിറം കൂടിയെങ്കിലതാണതിനു തെളിവും.


18. വീഴ്ചയിൽ നിന്നുയർച്ച


ഗോതമ്പിടിച്ചുപൊടിക്കാതെ അപ്പമുണ്ടാകില്ല,
ഈയത്തെ പൊന്നാക്കാൻ ഒരു രാസവിദ്യക്കുമാവില്ല.

ഉള്ളഴുക്കുന്ന മഹാരോഗം പുറത്തെടുക്കാൻ
വൈദ്യനു കത്തി വയ്ക്കാതെ പറ്റില്ല.

തുണി വെട്ടിത്തുന്നാതെ കുപ്പായമുണ്ടാവില്ല,
കുഞ്ഞാടിനെയറുത്തിട്ടല്ലാതെ വിരുന്നുമുണ്ടാവില്ല.

ഇടിഞ്ഞതിനു മേലല്ലാതെ പുതിയതു പണിയാനാവില്ല,
കള പറിച്ചുകളഞ്ഞിട്ടല്ലാതെ പൂച്ചെടി നടാനുമാവില്ല.

അതിനാലെന്റെ ചങ്ങാതീ, ആകെപ്പുതുതാകാൻ
സ്വന്തമാത്മാവിനെ തട്ടിനിരത്തെന്നേ!


19. അവനിച്ഛിക്കയാൽ

ഓരോ കണികയുമിളകുന്നതവനിച്ഛിക്കയാൽ,
ഓരോ ചിറകുമടിക്കുന്നതവൻ പറയുകയാൽ.
ഇതിനു വിശദീകരണമില്ല, അതിനു ശ്രമിക്കയും വേണ്ട,
‘എന്തു കൊണ്ടെ’ന്ന ചോദ്യത്തിനനന്തത മറുപടി പറയുകയുമില്ല.
ശാസ്ത്രം കൊ'ണ്ടെങ്ങനെ’യെന്നു നാം ചോദിച്ചാലും
അവനു മുന്നിലടി പണിയാതാവുകയുമില്ല.
നമ്മെ, നമ്മുടെ ജീവിതങ്ങളെ, സ്വേച്ഛയെ നാമവനു കൊടുക്കുക,
പകരമൊരുപഹാരത്തെക്കുറിച്ചു ചിന്തിക്കുകയുമരുത്.
നമ്മുടെ ഈ ജീവിതങ്ങളിൽ, അല്ലെങ്കിലടുത്തതിൽ
ഈ സരളസത്യം നിങ്ങളുടെ മനസ്സു കുഴപ്പിക്കുന്നുവോ?
എങ്കിൽ, മോക്ഷത്തിനംശമാണു തൃപ്തിയെന്നറിയുക,
പ്രണയത്തിനാഗ്രഹിക്കാതെ ചുംബനത്തിനു ചുണ്ടു കൊടുക്കുക.
പറുദീസക്കായുഴന്നു നടക്കരുതേ, സൂഫീ,
ഈ ഭൂമി കൊണ്ടു തൃപ്തനാവുക, ഈ ആകാശം കൊണ്ടും.


20. ശൂന്യത

അജ്ഞത ദൈവത്തിന്റെ തടവറ.

ജ്ഞാനം ദൈവത്തിന്റെ കൊട്ടാരം.

നാമുറങ്ങുന്നതു ദൈവത്തിന്റെ ആലിംഗനത്തിൽ,

നാമുണരുന്നതു ദൈവത്തിന്റെ മലർന്ന കൈയിൽ.

നാം കരയുമ്പോഴതു ദൈവത്തിന്റെ മഴ,

നാം ചിരിക്കുമ്പോഴതു ദൈവത്തിന്റെ മിന്നല്പിണർ.

നമ്മുടെ യുദ്ധങ്ങളും സമാധാനങ്ങളും

രണ്ടും നടക്കുന്നതു ദൈവത്തിനുള്ളിൽ.

ആരാണു നാമപ്പോൾ,

ഈ ലോകമെന്ന നൂലാമാലയിൽ?

ആരുമല്ല,

വെറും ശൂന്യത!


21. യാത്രകൾ നല്ലതാണ്‌

ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കിൽ,
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കിൽ
മഴു വീഴുന്നതും കാത്തതു നിൽക്കുമായിരുന്നോ?
ഭൂമിക്കടിയിൽ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങൾക്കറിയുന്നതല്ലേ?
അതില്ലായിരുന്നുവെങ്കിൽ പിറ്റേന്നതികാലത്ത് പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാൻ? എന്തതിശയവേഗത്തിലാണുപ്പുവെള്ളം മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങൾ കണ്ടിട്ടുള്ളതല്ലേ?

അതങ്ങനെ ചെയ്തിട്ടല്ലേ നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാൻ മഴ പെയ്യുന്നതും?
അടുത്തെങ്ങാൻ നിങ്ങൾ ജോസഫിനെക്കുറിച്ചോർത്തുനോക്കിയിട്ടുണ്ടോ?
കണ്ണീരോടെയല്ലേ അവൻ തന്റെ പിതാവിനെ പിരിഞ്ഞത്?
സ്വപ്നങ്ങൾ വായിക്കാൻ പഠിച്ചിട്ടല്ലേ അവൻ തിരികെ വന്നതും?
നിങ്ങൾ, നിങ്ങൾക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കിൽ
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ!
ഒരു മാണിക്യഖനിയല്ലേ നിങ്ങൾ, സൂര്യന്റെ പാരിതോഷികങ്ങൾക്കു ഭാജനമാകൂ!
നിങ്ങളൊരാണാണെങ്കിൽ തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ!
നിങ്ങളൊരു പെണ്ണാണെങ്കിൽ തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ!
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ!
അതിനാൽ ദൂരെക്കളയുക പരിഭവങ്ങൾ, ആത്മാനുകമ്പയും മരണവാഞ്ഛയും.
കനികളെത്രയാണ്‌ കയ്പിൽ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു
നിങ്ങൾക്കിനിയും ബോദ്ധ്യമായിട്ടില്ലേ?
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു.
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും.
ഫലങ്ങൾ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക.


22. ഞാനെങ്ങനെയറിയാൻ


ഞാനെങ്ങനെയറിയാൻ,
ഈ വിഷാദം ഇത്രയെന്നെ ഭ്രാന്തെടുപ്പിക്കുമെന്ന്,
എന്റെ ഹൃദയത്തെ നരകക്കുഴിയാക്കുമെന്ന്,
എന്റെ രണ്ടു കണ്ണുകളെ കലങ്ങിപ്പായുന്ന പുഴകളാക്കുമെന്ന്?

ഞാനെങ്ങനെയറിയാൻ,
ഒരു പ്രവാഹമിരച്ചുവന്നെന്നെത്തട്ടിയെടുത്തു പായുമെന്ന്,
ഒരു ചോരക്കടലിൽ കപ്പലു പോലെന്നെത്തട്ടിയുരുട്ടുമെന്ന്,
തിരകളതിന്റെ വാരിയെല്ലുകളോരോന്നുമൂരിയെടുക്കുമെന്ന്,
വമ്പനൊരു തിമിംഗലമുയർന്നുവരുമെന്ന്,
ആ കടൽവെള്ളമങ്ങനെതന്നെയതൂറ്റിക്കുടിക്കുമെന്ന്,
അത്രയ്ക്കപാരമായ പെരുംകടലൊരു മരുപ്പറമ്പു പോലെ വരളുമെന്ന്,
കടലു കുടിയ്ക്കുന്ന സത്വമതിന്റെ വാലൊന്നു വെട്ടിയ്ക്കുമ്പോൾ
ഒരു കൊടുംഗർത്തത്തിനുള്ളിൽച്ചെന്നു ഞാൻ വീഴുമെന്ന്?

ഇത്രയും പ്രകൃതിപരിണാമങ്ങൾ നടന്നുകഴിഞ്ഞതിൽപ്പിന്നെ
കടലില്ല, മരുപ്പറമ്പുമില്ല.
ഞാനെങ്ങനെയറിയാൻ,
ഇതൊക്കെ എങ്ങനെ വന്നു ഭവിച്ചുവെന്ന്,
’എങ്ങനെകളില്ലായ്മയി’ൽ ‘എങ്ങനെ’ മുങ്ങിത്താണുവെന്നിരിക്കെ?


23. നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിയ്ക്ക്


നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിയ്ക്ക്,
ഒരു മരത്തലപ്പിൽ, പുറപ്പെട്ടുവരുന്ന സൂര്യനിൽ, വായുവിൽ.
നിന്റെ പെരുമ്പറയൊന്നു കേട്ടാൽ മതിയെനിയ്ക്ക്,
അതു കേട്ടു നിന്റെ പ്രാപ്പിടിയന്മാർ മടങ്ങിവരുന്നതും
നിന്റെ കൈത്തണ്ടയിൽ പറന്നിറങ്ങുന്നതും കണ്ടാൽ മതിയെനിയ്ക്ക്.

നീ പറഞ്ഞുവിടുന്നു “ഞാനിവിടെയില്ലെന്നയാളോടു പറഞ്ഞേക്കൂ,”
ആ നിശിതതിരസ്ക്കാരം തന്നെ
ഞാൻ കേൾക്കാൻ മോഹിച്ചുനടന്നതും.

ഓരോ കൈത്തലത്തിലും നിന്റെ വെള്ളിനാണയങ്ങൾ കണ്ടാൽ മതിയെനിയ്ക്ക്,
മഴ തേവുന്ന ചക്രത്തോടൊപ്പം തിരിഞ്ഞാൽ മതിയെനിയ്ക്ക്,
അനുഭവങ്ങളപ്പത്തുണ്ടുകൾ പോലെയായാൽ മതിയെനിയ്ക്ക്.

പെരുങ്കടലിൽ പെരുമീൻ പോലെ നീന്തിനടന്നാൽ മതിയെനിയ്ക്ക്,
ജോസഫിനെ കണ്ടറിയുന്ന യാക്കോബായാൽ മതിയെനിയ്ക്ക്,
നുരയുന്ന നഗരമല്ലാതെ മരുഭൂമിയിലെ മലമുടിയായാൽ മതിയെനിയ്ക്ക്.

മനസ്സു വിരണ്ടവരെക്കൊണ്ടെനിക്കു മടുത്തു.
സിംഹത്താന്മാർക്കൊപ്പമവരുടെ മടയിൽ കൂടിയാൽ മതിയെനിയ്ക്ക്,
മോശയോടൊപ്പം നടന്നാൽ മതിയെനിയ്ക്ക്.

കണ്ണീരൊലിപ്പിക്കുന്ന മോങ്ങുന്ന മനുഷ്യരല്ല,
കുടിച്ചു മതി കെട്ടവരുടെ പ്രലപനങ്ങള്‍  മതിയെനിയ്ക്ക്;
പാടുന്ന കിളികൾക്കാരു കേൾക്കുമെന്ന ചിന്തയില്ല,
കേൾക്കുന്നവരെന്തു കരുതുമെന്ന വ്യാകുലതയില്ല:
പാടുന്ന കിളികളെപ്പോലെ പാടിയാൽ മതിയെനിയ്ക്ക്.

ഇന്നലെ രാത്രിയിൽ ഒരു ഗുരുവരൻ ഇതുവഴി വന്നു,
കൈയിലൊരു വിളക്കുമായി ഓരോ പടിക്കലും ചെന്നു.
“നോക്കിയാൽ കാണാത്തവനെത്തന്നെ
ഞാൻ നോക്കിനടക്കുന്നതും.”

ആഗ്രഹചിന്തകൾക്കപ്പുറം, ഇടങ്ങൾക്കപ്പുറം,
രൂപത്തിനകമേ, അതൊന്ന്.
അതു കണ്ടുകിട്ടുമെന്ന മോഹമൊന്നുമെനിക്കില്ല:
ഒരു പുല്ലാങ്കുഴലിങ്ങനെ പാടുന്നു.

തന്ത്രികൾ മീട്ടുകയാണു പ്രണയം പക്ഷേ,
കേൾക്കുന്ന സംഗീതവും പ്രണയം തന്നെ.
ആ വാദകൻ തന്നെയാവട്ടെ,
ഈ കവിത ചൊല്ലിത്തീർക്കുവാനും.

പ്രിയനേ, സൂര്യനിലേക്കു ചിറകെടുക്കുന്ന നീർപ്പക്ഷിയാണു ഞാൻ.


24. വിവാഹമംഗളം


ഈ വിവാഹം ധന്യമാവട്ടെ,
നറുംപാലു പോലതു മധുരിക്കട്ടെ,
അതു വീഞ്ഞും ഹൽവയുമാകട്ടെ;
ഈ വിവാഹം നൽകട്ടെ,
ഈന്തപ്പനയെപ്പൊലെ പഴവും തണലും.
നിറയെച്ചിരിയാകട്ടെ, ഈ വിവാഹം,
പറുദീസയിലൊരുനാളുപോലെ
ഓരോ നാളും കഴിയട്ടെ;
അതു സഹാനുഭൂതിയുടെ ചിഹ്നമാവട്ടെ;
ഇവിടെയും ഇനി വരാനുള്ളിടത്തും
ആനന്ദത്തിന്റെ മുദ്രയുമാവട്ടെ,
ഈ വിവാഹത്തിനുണ്ടാവട്ടെ,
തെളിഞ്ഞ മുഖവും നല്ലൊരു പേരും.
നീലാകാശത്തു ചന്ദ്രനെപ്പോലെ
ഒരു ശുഭശകുനവും.
ഈ വിവാഹത്തിലാത്മാക്കൾ മേളിക്കുമ്പോൾ
വാക്കുകൾ നഷ്ടമാവുകയുമാണെനിക്ക്.


25. സന്ധ്യനേരത്ത്


സന്ധ്യനേരത്താകാശത്തൊരു ചന്ദ്രനാവിർഭവിച്ചു,
പിന്നെയതെന്നെത്തേടി മണ്ണിലിറങ്ങിവന്നു.
ഇരതേടുന്ന നേരത്തെ പ്രാപ്പിടിയനെപ്പോലെ
എന്നെയും റാഞ്ചിയെടുത്തതു മാനത്തേക്കു മടങ്ങി.
ഞാനെന്നെ നോക്കി, കണ്ടതേയില്ലയെന്നെ,
എന്റെയുടലതിലാത്മാവു പോലെ നേർമ്മയായി;
നവഗ്രഹങ്ങൾ മറഞ്ഞുപോയതാ ചന്ദ്രനിൽ,
എന്റെയുണ്മയുടെ നൗക മുങ്ങിത്താണതും ,

ആ കടലിൽ.


26. ആധികളുടെ പിടി വിടൂ...

ആധികളുടെ പിടി വിടൂ,
ഹൃദയം ശരിക്കും തെളിയട്ടെ,
തന്നിൽ പതിയ്ക്കുന്നതു പിടിച്ചുവയ്ക്കാത്ത
കണ്ണാടിയുടെ മുഖം പോലെ.
തെളിഞ്ഞ കണ്ണാടിയാണു
നിങ്ങൾക്കു വേണ്ടതെങ്കിൽ,
നിങ്ങളെത്തന്നെ നോക്കൂ,
കണ്ണാടി കാട്ടിത്തരുന്ന
നാണമറ്റ നേരിനെക്കാണൂ.
വെള്ളോടു മിനുക്കി മിനുക്കി
കണ്ണാടി പോലെ തിളക്കാമെങ്കിൽ,
എത്ര മിനുക്കേണ്ടിവരും,
നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണാടിയെ?
കണ്ണാടിയ്ക്കും ഹൃദയത്തിനും തമ്മിൽ
ഇങ്ങനെയൊരു വ്യത്യാസമേയുള്ളു:
ഹൃദയം രഹസ്യങ്ങളൊളിപ്പിക്കുമെന്ന്,
കണ്ണാടിയതു ചെയ്യില്ലെന്ന്.


27. രോഗിയും വൈദ്യനും

ഗുരുവിനെ വിശ്വാസത്തിലെടുക്കൂ,
നിങ്ങളുടെ വ്രണമവന്റെ കത്തിയ്ക്കു വച്ചുകൊടുക്കൂ.
അതാകെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നുവല്ലോ:
നിങ്ങളുടേതെന്നു നിങ്ങൾ കരുതുന്നതിനോടു
നിങ്ങൾക്കുള്ള മമതകൾ.
ഈച്ചകളെ ആട്ടിയകറ്റട്ടെ ഗുരു,
അതിന്മേലവൻ മരുന്നു വച്ചുകെട്ടട്ടെ.
തല തിരിയ്ക്കുകയുമരുതു നിങ്ങൾ;
വച്ചുകെട്ടിയേടത്തേക്കു തന്നെ നോക്കിയിരിക്കൂ.
അതു വഴിയത്രേ,
വെളിച്ചം നിങ്ങളിലേക്കു കടക്കുന്നതും.
ഒരു നിമിഷനേരത്തേക്കു പോലും നിങ്ങൾക്കു തോന്നുകയുമരുത്,
നിങ്ങൾ സ്വയം സുഖപ്പെടുത്തുകയാണെന്ന്.