നഗരത്തിനു മേൽ സൂര്യൻ കൊടുംവെയിൽ കൊട്ടിച്ചൊരിയുന്നു; പൂഴിമണ്ണിൽ കണ്ണു പുളിയ്ക്കുന്നു; കടൽ വെട്ടിത്തിളങ്ങുന്നു. ബോധം മന്ദിച്ച ലോകം ഒരു ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു; ഹൃദ്യമായ ഒരു മരണം പോലെയാണ് ഈ ഉച്ചമയക്കം; ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.
ഈ നേരത്താണ് ഡോറത്തി, സൂര്യനെപ്പോലെ ബലത്തവളും അഭിമാനിയും, ജനം വെടിഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങുന്നത്; നീലിമയുടെ വിപുലവിതാനത്തിനടിയിൽ അവൾക്കു മാത്രമേ ജീവനുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുകിടക്കുന്ന കറുത്ത പാടാണവൾ.
തടിച്ച അരക്കെട്ടിനു മേൽ കൃശമായ ഉടലുലച്ച് അലസമായവൾ മുന്നോട്ടുനീങ്ങുന്നു. ഇരുണ്ട തൊലിനിറത്തോടിടഞ്ഞുകൊണ്ട് ഇളംചുവപ്പുനിറത്തിൽ ദേഹത്തൊട്ടിക്കിടക്കുന്ന പട്ടുവസ്ത്രം അവളുടെ നീണ്ട ഉടലിൻ്റെ, പതിഞ്ഞ മുതുകിൻ്റെ, കൂർത്ത മുലകളുടെ വടിവുകൾ കൃത്യമായി ഒപ്പിയെടുക്കുന്നു.
കയ്യിലെ ചുവന്ന കുടയിലൂടരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ ഇരുണ്ട മുഖത്ത് ചോരച്ചുവപ്പുനിറത്തിൽ സിന്ദൂരം പൂശുന്നു.
നീണ്ടിടതൂർന്ന്, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സവൾക്ക് പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവം പകരുന്നു. കനം തൂങ്ങിയ കമ്മലുകൾ അവളുടെ കാതുകളിൽ രഹസ്യങ്ങളോതുന്നുണ്ട്.
ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ പാവാടത്തുമ്പുയർന്ന് മിനുസവും പ്രൗഢവുമായ അവളുടെ കാലുകൾ വെളിവാകുന്നു; യൂറോപ്പ് അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിവച്ചിരിക്കുന്ന വെണ്ണക്കൽദേവിമാരുടെ പാദങ്ങളോടു കിട പിടിക്കുന്ന അവളുടെ കാലടികൾ പുതയുന്ന പൂഴിയിൽ അവയുടെ വടിവുകൾ അതേപടി പകർത്തുന്നു. പ്രേമചാപല്യങ്ങളിൽ നിപുണയാണ് ഈ ഡോറത്തി എന്നതിനാൽ സ്വാതന്ത്ര്യം കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തെക്കാൾ ആരാധനാപാത്രമാകുന്നതിലെ ആനന്ദമാണ് അവൾക്കു കാമ്യം; സ്വതന്ത്രയാണെങ്കിൽക്കൂടി ചെരുപ്പില്ലാതെയാണവൾ നടക്കുന്നത്.
അങ്ങനെ അവൾ നടന്നുപോകുന്നു- താളത്തിൽ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, ഒരു തെളിഞ്ഞ പുഞ്ചിരിയോടെ, തന്റെ ചലനങ്ങളും തന്റെ സൗന്ദര്യവും അകലെയൊരു കണ്ണാടി പ്രതിഫലിപ്പിക്കുന്നുവെന്നപോലെ.
നായ്ക്കൾ പോലും ദീനമായി മോങ്ങുന്ന ഈ കൊല്ലുന്ന സൂര്യനു ചുവട്ടിൽ വെങ്കലപ്രതിമ പോലെ സുന്ദരിയായ, അതേപോലെ തണുത്ത, അലസയായ ഡോറത്തിയെ നയിക്കുന്നതേതു പ്രബലമായ പ്രേരകശക്തി?
പൂക്കളും പായകളും കൊണ്ട് ഒട്ടും ചിലവില്ലാതെ ഒരന്തഃപുരം പോലലങ്കരിച്ച തന്റെ കൊച്ചുമുറി വിട്ട് എന്തിനാണവൾ പുറത്തേക്കിറങ്ങിയത്? അതിനുള്ളിൽ മുടി കോതിയും ഹൂക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും അതുമല്ലെങ്കിൽ തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും അവൾ കിടക്കുമ്പോൾ നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ഠവും ഏകതാനവുമായ താളം കൊണ്ട് അവളുടെ അവ്യക്തഭാവനകൾക്കകമ്പടി നല്കിയിരുന്നു,.പിന്നാമ്പുറത്ത് ഇരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്നതിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നു.
ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഒരു പട്ടാളക്കാരനെ സന്ധിക്കാനാവാം അവൾ പോകുന്നത്; ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച് തന്റെ കൂട്ടുകാർ സംസാരിക്കുന്നത് ഏതോ വിദൂരതീരത്തു വച്ച് അയാൾ കേട്ടിട്ടുണ്ടായിരിക്കാം. ‘ഓപ്പെറ ബോളി’നെക്കുറിച്ചു വിസ്തരിച്ചുപറയാൻ ആ ശുദ്ധഗതിക്കാരി അയാളോടപേക്ഷിക്കുമെന്നതു തീർച്ചയാണ്; കിഴവികളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുകൂത്താടുന്ന ഇവിടുത്തെ ഞായാറാഴ്ചമേളകളെപ്പോലെ അവിടെയും ചെരുപ്പില്ലാതെ ചെല്ലാമോയെന്ന് അവൾ അന്വേഷിക്കും; അതുപോലെ പാരീസിലെ സുന്ദരികൾ തന്നെക്കാൾ സുന്ദരികളാണോയെന്നും അവക്കറിയണം.
ഏവരുടേയും പൂജാവിഗ്രഹവും കളിപ്പാവയുമാണ് ഡോറത്തി; എന്നാൽ തന്റെ കൊച്ചനിയത്തിയെ (പതിനൊന്നു വയസ്സേ ആയിട്ടുള്ളുവെങ്കില്ക്കൂടി ഇപ്പോഴേ വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി) തിരിച്ചുവാങ്ങാനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ട ബാദ്ധ്യത ഇല്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ! തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, നാണയത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണില്പെടാത്ത ഒരു പിശുക്കനുമാണ്!
***
*ഫ്രാൻസിന്റെ പശ്ചാത്തലത്തിലല്ലാതെ ബോദ്‌ലേർ എഴുതിയിട്ടുള്ള ചുരുക്കം കവിതകളിൽ ഒന്നാണിത്. ഇരുപതാമത്തെ വയസ്സിൽ മൗറീഷ്യസ്സിൽ എത്തിയപ്പോഴത്തെ അനുഭവങ്ങളാണ് ഈ കവിതയുടെ പ്രചോദനം.
*ഓപ്പെറ ബോൾ Bal de l'Opéra - പാരീസ് കാർണിവലിലെ ഏറ്റവും പേരു കേട്ട ഒരിനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ