2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൂയിജി പിരാന്തെല്ലൊ - കെണി

 


ഇല്ലില്ല, ഞാനെന്തിനങ്ങനെ സ്വയം കീഴ്വഴങ്ങണം? എന്തിനു വേണ്ടി? എനിക്കു മറ്റുള്ളവരോട് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്തെന്നുവരാം; എന്നാൽ അങ്ങനെയല്ലാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനങ്ങനെ ചെയ്യണമെന്നു പറയൂ.

ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. എന്റെ ഭാഗത്തു തെറ്റുണ്ടെന്ന് നിങ്ങൾക്കു പറയാൻ പറ്റില്ല. ഇതുപോലെ അമൂർത്തമായി ചിന്തിക്കുന്ന ഒരാൾക്കും എനിക്കു തെറ്റു പറ്റി എന്നു പറയാൻ കഴിയില്ല. എനിക്കു തോന്നുന്നതു തന്നെയാണ്‌ നിങ്ങൾക്കും മറ്റേതൊരാൾക്കും തോന്നുക.

രാത്രിയിൽ ഉറക്കമുണരുന്നത് നിങ്ങൾക്കെല്ലാം പേടിയുള്ള കാര്യമാണല്ലോ; എന്തുകൊണ്ടാണത്? അതിതുകൊണ്ടാണ്‌, ജീവിച്ചിരിക്കാൻ നിങ്ങൾക്കുള്ള കാരണങ്ങളെ ബലപ്പെടുത്തുന്നത് പകലിന്റെ വെളിച്ചമാണ്‌, ആ വെളിച്ചം ജനിപ്പിക്കുന്ന മിഥ്യകളാണ്‌.

ഇരുട്ടും നിശ്ശബ്ദതയും നിങ്ങളെ വല്ലാതെ പേടിപ്പെടുത്തുന്നു. നിങ്ങൾ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുന്നു. എന്നാൽ ആ വെളിച്ചം വല്ലാതെ മ്ളാനമായിട്ടാണ്‌ നിങ്ങൾക്കു തോന്നുന്നത്; കാരണം, നിങ്ങൾക്കാവശ്യം ആ തരം വെളിച്ചമല്ല, ശരിയല്ലേ? സൂര്യൻ! സൂര്യൻ! നിങ്ങളെല്ലാം വ്യഗ്രതയോടെ തേടുന്നത് സൂര്യനെയാണ്‌; കാരണം, വിറയാർന്ന കൈകൾ കൊണ്ട് നിങ്ങൾ കൊളുത്തിയ ആ കൃത്രിമവെളിച്ചത്തിൽ പകൽവെളിച്ചത്തിലെന്നപോലെ സ്വാഭാവികമായി മിഥ്യകൾ ഉണ്ടാകുന്നില്ല.

നിങ്ങളുടെ കൈകൾ പോലെ നിങ്ങളുടെ സത്തയാകെയും വിറകൊള്ളുന്നു. അത് വ്യാജവും ലോലവുമാണെന്ന് നിങ്ങൾ കാണുന്നു. ആ മെഴുകുതിരിവെളിച്ചം പോലെ കൃത്രിമം. നിങ്ങളുടെ സർവ്വേന്ദ്രിയങ്ങളും പേടിച്ചു, വലിഞ്ഞുമുറുകി ഉണർന്നിരിക്കുകയാണ്‌- ദുർബ്ബലവും പൊള്ളയുമാണെന്നു നിങ്ങൾക്കു വെളിപ്പെട്ട ആ യാഥാർത്ഥ്യത്തിനു പിന്നിൽ നിന്ന് മറ്റൊരു യാഥാർത്ഥ്യം തല നീട്ടുമോ: അസ്പഷ്ടവും ഭ്രമാത്മകവുമായ മറ്റൊന്ന്, ശരിക്കുമുള്ള യാഥാർത്ഥ്യം? ഒരു കാറ്റിന്റെ നിശ്വാസം...എന്താണത്? എന്താണാ കിരുകിരുശബ്ദം?

അനിശ്ചിതമായ ആ കാത്തിരുപ്പിന്റെ ഭീകരതയിൽ തണുത്തും വിയർത്തും  തൂങ്ങിനില്ക്കുമ്പോൾ തന്റെ പകൽസമയത്തെ മിഥ്യകൾ ആ വെളിച്ചത്തിൽ നിങ്ങൾ കണ്മുന്നിൽ കാണുന്നു. പ്രേതങ്ങളുടെ രൂപവും നടപ്പുമായി അവ മുറിക്കുള്ളിലൂടെ നടക്കുന്നു. അവയെ ഒന്നു സൂക്ഷിച്ചുനോക്കൂ: ഉറക്കമില്ലായ്മ കാരണം, വാതത്തിന്റെ വേദന കാരണം, നിങ്ങളുടെ കണ്ണുകൾക്കു താഴെ രൂപപ്പെട്ട അതേ തടിപ്പുകൾ, മലമ്പനി പിടിച്ചപോലത്തെ അതേ തൊലിവിളർച്ച, അവയ്ക്കുമുണ്ട്. അതെ, നീർവീക്കം കാരണം വിരൽമുട്ടുകളിൽ നിങ്ങളനുഭവിക്കുന്ന അതേ പതിഞ്ഞ നീറ്റൽ.

എത്ര വിചിത്രമായ രൂപമാണ്‌, എത്ര വിചിത്രമായ രൂപമാണ്‌ നിങ്ങളുടെ മുറിയിലെ കസേരകൾക്കും മേശയ്ക്കും അലമാരയ്ക്കും കൈവരുന്നത്! നിങ്ങളെ അസ്വസ്ഥനാക്കുന്ന അതേ വിഹ്വലമായ നിശ്ചേഷ്ടതയിൽ തൂങ്ങിനില്ക്കുകയാണ്‌ അവയുമെന്നു തോന്നിപ്പോകുന്നു.

അവ ചുറ്റിനുമായിട്ടാണ്‌ നിങ്ങൾ കിടന്നുറങ്ങിയത്.

എന്നാൽ അവയ്ക്കുറക്കമില്ല. രാത്രിയാകട്ടെ, പകലാവട്ടെ, അവ ഒരേ നില്പായിരിക്കും.

ഇപ്പോൾ അവ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ കൈകളാണ്‌; എന്നാൽ നാളെ അതു ചെയ്യുന്നത് മറ്റൊരു കൈ ആയിരിക്കും. ആരുടേതെന്ന് ആരു കണ്ടു!... എന്നാൽ അവയ്ക്ക് എല്ലാം ഒരേപോലെയാണ്‌. ഇപ്പോൾ അവയിൽ ഉള്ളത് നിങ്ങളുടെ വസ്ത്രങ്ങളാണ്‌: നിങ്ങളുടെ തളർന്ന കാല്മുട്ടുകളുടേയും എല്ലു തെഴുത്ത കൈമുട്ടുകളുടേയും വടിവുകളും മടക്കുകളും പേറുന്ന, നിങ്ങൾ കഴുകിയുണക്കിയ, ഒഴിഞ്ഞ രൂപങ്ങൾ. നാളെ അവയ്ക്കുള്ളിൽ തൂങ്ങിക്കിടക്കാൻ പോകുന്നത് മറ്റൊരാളുടെ രൂപങ്ങളായിരിക്കും. അലമാരയുടെ കണ്ണാടി ഇപ്പോൾ പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ പ്രതിബിംബമാണ്‌; എന്നാൽ അതിന്റെ ഒരംശവും അതിൽ തങ്ങിനില്ക്കില്ല; നാളെ മറ്റൊരാളുടെ പ്രതിബിംബത്തിന്റെ ഒരംശവും അതിൽ തങ്ങിനില്ക്കാൻ പോകുന്നില്ല.

കണ്ണാടിയ്ക്ക് സ്വന്തമായി കാഴ്ചശക്തിയില്ല. കണ്ണാടി യാഥാർത്ഥ്യം പോലെയാണ്‌.

ഞാൻ സ്വബോധമില്ലാതെ പിച്ചും പേയും പറയുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? മടിയൊന്നും വിചാരിക്കേണ്ട; നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ട്; ഞാൻ പറയാത്തതുകൂടി നിങ്ങൾക്കു മനസ്സിലാകുന്നുണ്ട്; എന്നെ കീഴ്പ്പെടുത്തുകയും മുക്കിത്താഴ്ത്തുകയും ചെയ്ത ആ അവ്യക്തവികാരത്തെ എങ്ങനെ പറഞ്ഞുമനസ്സിലാക്കണമെന്ന് എനിക്കറിയുന്നില്ല.

ഇത്രകാലം ഞാൻ എങ്ങനെയാണു ജീവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. എനിക്ക് എന്തെങ്കിലുമൊരു രൂപം നല്കാനും ഒരു നിമിഷത്തേക്കെങ്കിലും അതിൽ സ്വയം കട്ടപിടിക്കാനും തറഞ്ഞുനില്ക്കാനും എനിക്കെന്തുമാത്രം ഭയവും വെറുപ്പുമായിരുന്നുവെന്നും നിങ്ങൾക്കറിയാം.

എന്റെ സ്വഭാവത്തിലെ...എന്താണ്‌ നിങ്ങൾ അതിനെ പറയുക? മാറ്റം വരുത്തലുകൾ? അതെ, എന്റെ സ്വഭാവത്തിലെ മാറ്റം വരുത്തലുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കൂട്ടുകാർ എന്നെ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ നിങ്ങൾക്കെന്നെ കളിയാക്കാൻ പറ്റുന്നത് കണ്ണാടിയിൽ മറ്റൊരാളായി കാണാനുള്ള എന്റെ വ്യഗ്രത മനസ്സിലാക്കാനുള്ള ദാക്ഷിണ്യം നിങ്ങൾക്കൊരിക്കലും ഇല്ലാത്തതുകൊണ്ടാണ്‌; ഞാൻ എപ്പോഴും ഒരേ ആളല്ലെന്നു സ്വയം വിശ്വസിപ്പിക്കാനും എന്നെ മറ്റൊരാളായി കാണാനുമുള്ള എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കുന്നില്ല.

ശരിതന്നെ! എന്തിലാണു ഞാൻ മാറ്റം വരുത്തുക? ഇപ്പോഴേ കഷണ്ടിയായി എന്നു തോന്നിക്കാൻ ഞാൻ മുടി പറ്റെ വടിച്ചു എന്നതു ശരിയാണ്‌. ചില സമയത്ത് ഞാൻ താടി നിർത്തിക്കൊണ്ട് മീശ വടിച്ചുകളഞ്ഞിരുന്നു, ചിലപ്പോൾ നേരേ തിരിച്ചും. മറ്റു ചിലപ്പോൾ താടിയും മീശയും, രണ്ടും ഞാൻ വടിച്ചുകളഞ്ഞു, അല്ലെങ്കിൽ പല രീതികളിൽ താടി വളർത്തി. ഊശാന്താടിയായി, ഇരുഭാഗത്തേക്കും വകഞ്ഞ മട്ടിൽ, അല്ലെങ്കിൽ മുഖത്തിന്റെ അതിരുകളിൽ മാത്രമായി.

എന്റെ കണ്ണുകൾ, മൂക്ക്, വായ, ചെവികൾ, നെഞ്ച്, കൈകാലുകൾ ഇതിലൊന്നും മാറ്റം വരുത്താൻ എനിക്കു പറ്റിയില്ല; അതെങ്ങനെ പറ്റും? ഒരു നാടകനടനെപ്പോലെ ഞാൻ മേക്കപ്പിട്ടിരുന്നോ? ചിലനേരത്ത് ആ പ്രലോഭനവും എനിക്കുണ്ടായിരുന്നു. അപ്പോഴാണ്‌ ഞാൻ ചിന്തിക്കുന്നത്, ആ പൊയ്മുഖത്തിനടിയിൽ എന്റെ ഉടൽ പഴയതുതന്നെയല്ലേ...അതിനു പ്രായമാവുകയുമല്ലേ?

ഇതിനു ഞാൻ എന്റെ ആത്മാവിനെക്കൊണ്ടു പരിഹാരം കാണാൻ ശ്രമിച്ചു. എനിക്കു തോന്നിയ രീതിയിൽ പരുവപ്പെടുത്താൻ ഉടലിനേക്കാൾ വഴങ്ങിയത് ആത്മാവായിരുന്നു!

തന്റെ വികാരങ്ങളുടെ ഉറപ്പിനേയും തന്റെ സ്വഭാവസ്ഥിരതയേയും പറ്റി പുകഴ്ത്തിപ്പുകഴ്ത്തി നിങ്ങൾക്കു മടുപ്പായിട്ടില്ലല്ലോ? എന്തുകൊണ്ടാണത്? ഒരേയൊരു കാരണം കൊണ്ട്! നിങ്ങൾ ഭീരുവാണ്‌ എന്നതുകൊണ്ട്. നിങ്ങൾക്കു നിങ്ങളെത്തന്നെ പേടിയാണ്‌ എന്നതുകൊണ്ട്. എന്നു പറഞ്ഞാൽ, താൻ മാറിയാൽ താൻ തനിക്കു നല്കിയ യാഥാർത്ഥ്യം നഷ്ടപ്പെടുമെന്നും അങ്ങനെ, താൻ തന്റെ വെറുമൊരു മിഥ്യാദർശനം മാത്രമാണെന്നും നാം നമുക്കു നല്കുന്ന യാഥാർത്ഥ്യമല്ലാതെ മറ്റൊരു യാഥാർത്ഥ്യം ഇല്ല എന്നും നിങ്ങൾ തിരിച്ചറിയും എന്ന പേടി കൊണ്ട്.

എന്നാൽ ഞാനൊന്നു ചോദിക്കട്ടെ, നാം നമുക്കൊരു യാഥാർത്ഥ്യം നല്കുന്നു എന്നുപറഞ്ഞാൽ എന്താണുദ്ദേശിക്കുന്നത്? ഒരു വൈകാരികാനുഭവത്തിൽ സ്വയം ഉറപ്പിച്ചുനിർത്തുക, അതിൽ കട്ടിപിടിക്കുക, പൊറ്റ പിടിക്കുക എന്നല്ലേ? അത് നിരന്തരമായ ജീവിതപ്രവാഹത്തെ നമുക്കുള്ളിൽ തടഞ്ഞുനിർത്തും, നമ്മളെ കെട്ടുനാറാൻ വിധിക്കപ്പെട്ട കൊച്ചുകൊച്ചുകുണ്ടുകളായി മാറ്റും; അതേസമയം ജീവിതമാകട്ടെ, തീക്ഷ്ണവും അനിയതവുമായ, നിലയ്ക്കാത്ത പ്രവാഹവുമാണ്‌.

നോക്കൂ, ഈ ചിന്തയാണ്‌ എന്നെ പിടിച്ചുലയ്ക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നത്.

ജീവിതം കാറ്റാണ്‌. ജീവിതം കടലാണ്‌. ജീവിതം തീയാണ്‌. എന്നാൽ പൊറ്റ പിടിക്കുകയും രൂപമെടുക്കുകയും ചെയ്യുന്ന മണ്ണല്ല.

രൂപം ഏതായാലും മരണമാണ്‌.

നിരന്തരവും അനിയതവും തീക്ഷ്ണവുമായ ആ ദ്രവാവസ്ഥയിൽ നിന്നു മാറി ഉറഞ്ഞുപോകുന്നതെന്തും മരണമാണ്‌.

നാമെല്ലാം ഒരു കെണിയിൽ പെട്ട ജീവികളാണ്‌; ആ നിരന്തരപ്രവാഹത്തിൽ നിന്നകറ്റപ്പെട്ട നമുക്കെല്ലാം മരണം ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ആ പ്രവാഹത്തിന്റെ ചലനം നമ്മളിലുണ്ട്, നമ്മുടെ രൂപങ്ങളിലുണ്ട്, വേർപെടുത്തപ്പെട്ട, ഉറഞ്ഞുകൂടിയ നമ്മുടെ രൂപങ്ങളിലുണ്ട്; ഒരു നിമിഷനേരത്തേക്കു കൂടി അത് നമ്മുടെ രൂപങ്ങളിൽ ഉണ്ടാവും. അല്ല, നോക്കൂ, പതുക്കെപ്പതുക്കെ അതു മന്ദഗതിയിലാവുന്നു, തീ കെട്ടണയുന്നു, രൂപം വരണ്ടുണങ്ങുന്നു, അതിൽ ചലനം നിശ്ശേഷം നിലയ്ക്കുന്നു; ഒടുവിലത് വഴക്കമില്ലാത്ത ഒരു രൂപമായി മാറുന്നു.

നമ്മുടെ മരണം പൂർത്തിയാകുന്നു; ഇതിനെ നാം ജീവിതം എന്നു വിളിക്കുകയും ചെയ്തു!

ജീവന്റെ പ്രവാഹത്തിൽ രൂപരഹിതനായി ഒഴുകിപ്പോയ എന്നെ അതിൽ നിന്നു വേർപെടുത്തുകയും കാലത്തിൽ, ഈ കാലത്തിൽ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഈ മരണക്കെണിയിൽ പെട്ടുകിടക്കുകയാണ്‌ ഞാൻ എന്നെനിക്കു തോന്നുന്നു.

എന്തുകൊണ്ട് ഈ കാലത്തിൽ?

അല്പകാലം കൂടി എനിക്ക് ഒഴുകിനടക്കാമായിരുന്നു; അല്പകാലം കൂടി കഴിഞ്ഞ് മറ്റൊരു രൂപത്തിലെങ്കിലും, പിന്നീടെപ്പോഴെങ്കിലും എനിക്ക് ഉറഞ്ഞുകൂടാമായിരുന്നു. രണ്ടായാലും ഒന്നുതന്നെ എന്നാവും നിങ്ങൾ മനസ്സിൽ പറയുക, അല്ലേ? ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ...എന്നാൽ അല്പകാലം കൂടി കഴിഞ്ഞായിരുന്നെങ്കിൽ ഞാൻ മറ്റൊരാളായേനെ. ആരായിരിക്കുമെന്ന് ആരു കണ്ടു! എങ്ങനെയായിരിക്കുമെന്ന് ആരു കണ്ടു! മറ്റൊരു വിധിയിലാണ്‌  കെണിയിൽ പെടുന്നതെങ്കിൽ ഞാൻ മറ്റു കാര്യങ്ങൾ കാണുമായിരുന്നു, അല്ലെങ്കിൽ ഇപ്പോഴത്തെ കാര്യങ്ങൾ തന്നെ മറ്റൊരു കണ്ണിലൂടെ, മറ്റൊരടുക്കിൽ കാണുമായിരുന്നു.

എന്റെ അതേ കാലത്തിൽ എന്നോടൊപ്പം പെട്ടുകിടക്കുന്ന ഈ വസ്തുക്കളെ കാണുമ്പോൾ എനിക്കെന്തു വെറുപ്പാണു തോന്നുന്നതെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റില്ല. അല്പാല്പമായി എന്നോടൊപ്പം മരിക്കുന്ന വസ്തുക്കൾ! വെറുപ്പും സഹതാപവും, രണ്ടുമാണ്‌! എന്നാൽ സഹതാപത്തിനേക്കാൾ വെറുപ്പാണ്‌.

നിങ്ങൾ പറയുന്നത് ശരിയാണ്‌, അല്പനേരം കഴിഞ്ഞാണ്‌ ഞാൻ കെണിയിൽ പെടുന്നതെങ്കിൽ ആ രൂപത്തെയും ഞാൻ വെറുക്കും, ഇപ്പോൾ ഈ രൂപത്തെയെന്നപോലെ. ഈ കാലത്തെയെന്നപോലെ ആ കാലത്തെയും ഞാൻ വെറുക്കുമായിരുന്നു. യഥാർത്ഥജീവൻ എന്നു പറയുന്നതും ഒരിക്കലും നിലയ്ക്കാത്തതുമായ ആ നിത്യപ്രവാഹത്തിൽ നിന്ന് നമ്മളിൽ ശേഷിച്ച ഒരു തരി ചൂടും ചലനവും കൊണ്ടു നാം, എന്നും മൃതരായ നാം,  മെനഞ്ഞെടുക്കുന്ന ജീവിതമിഥ്യകളെ അപ്പോഴും ഞാൻ വെറുക്കുമായിരുന്നു.

സ്വന്തം ജീവിതങ്ങൾ കരുപ്പിടിപ്പിക്കുകയാണെന്നു സ്വയം വിശ്വസിപ്പിക്കാൻ നോക്കുന്ന ശവങ്ങളാണു നാം.

നാം ഇണ ചേരുന്നു, ഒരു മരിച്ച പുരുഷൻ ഒരു മരിച്ച സ്ത്രീയുമായി; എന്നിട്ടു നാം സ്വയം വിശ്വസിപ്പിക്കുന്നു, നാം ജീവൻ കൊടുക്കുകയാണെന്ന്. യഥാർത്ഥത്തിൽ നാം മരണം കൊടുക്കുകയായിരുന്നു...കെണിയിൽ മറ്റൊരു ജീവി കൂടി!

“നോക്ക്, ഇങ്ങോട്ടു നോക്കു പൊന്നേ, മരിക്കാൻ തുടങ്ങാം, നമുക്കു മരിക്കാൻ തുടങ്ങാം. നീ കരയുകയാണോ, എന്താ? നീ കുതറാൻ നോക്കുകയാണോ? കുറച്ചുനേരം കൂടി നിനക്കൊഴുകണമെന്നുണ്ടായിരുന്നോ? സമാധാനപ്പെട്, എന്റെ പൊന്നേ! നിനക്കങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റുമോ? പിടിയിലാവുക, ഉ-റ-ഞ്ഞു-കൂ-ടു-ക, തറഞ്ഞുനില്ക്കുക...അല്പനേരത്തിനുള്ളിൽ എല്ലാം കഴിയും! സമാധാനപ്പെട്!”

ഹാ, നമുക്കു വളരെ ചെറുപ്പമായിരിക്കുന്ന കാലത്തോളം, നമ്മുടെ ഉടൽ പുതുമയോടെയും കനം തൂങ്ങാതെയുമിരിക്കുന്ന കാലത്തോളം നാം കെണിയിൽ പെട്ടു കിടക്കുകയാണെന്ന് നമുക്കു ശരിക്കു മനസ്സിലാകാതെപോകുന്നു! പിന്നെ പെട്ടെന്നാണ്‌ നമ്മുടെ ശരീരം കുഴഞ്ഞുകൂടിയ ഒരു പിണ്ഡമാകുന്നതും അതിന്റെ ഭാരം നാം അറിഞ്ഞുതുടങ്ങുന്നതും. പണ്ടത്തെപ്പോലെ അനായാസമായി ശരീരം ചലിപ്പിക്കാൻ തനിക്കു കഴിയാതായിത്തുടങ്ങിയിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കുന്നു.

ഈ കെണിയിൽ കിടന്നു കുതറുന്ന എന്റെ ആത്മാവിനെ ഞാൻ വെറുപ്പോടെ നോക്കുന്നു; കാലം കൊണ്ടു ക്ഷയിച്ചതും ഭാരം തൂങ്ങുന്നതുമായ ഒരുടലിൽ തറച്ചുനില്ക്കുന്നതൊഴിവാക്കാൻ നോക്കുകയാണത്. മനസ്സിൽ കെട്ടിക്കിടന്നേക്കാവുന്ന ഏതു ചിന്തയേയും ഞാൻ ആട്ടിപ്പായിക്കുന്നു; ഒരു ശീലമായി മാറിയേക്കാവുന്ന ഏതു പ്രവൃത്തിയും ഞാൻ നിർത്തിവയ്ക്കുന്നു. ഉത്തരവാദിത്വങ്ങൾ എനിക്കു വേണ്ട, ഹൃദയബന്ധങ്ങൾ എനിക്കു വേണ്ട, ആശയങ്ങൾ കല്ലിച്ച കട്ടിത്തോടായി എന്റെ മനസ്സു മാറുന്നതും എനിക്കിഷ്ടമല്ല. എന്നാൽ അശാന്തമായ എന്റെ മനസ്സിനൊപ്പം ചെല്ലാൻ ഓരോ ദിവസം ചെല്ലുന്തോറും എന്റെ ശരീരത്തിനു  ക്ലേശം കൂടിവരികയാണെന്നു ഞാൻ കാണുന്നുണ്ട്; ഇടയ്ക്കിടെ അതു ചടഞ്ഞുവീണുപോവുകയാണ്‌. അതിന്റെ കാല്മുട്ടുകൾക്കു തളർച്ചയായിരിക്കുന്നു, അതിന്റെ കൈകൾ കനത്തുതൂങ്ങുന്നു... എന്റെ ശരീരത്തിനു വിശ്രമം വേണം! അതു ഞാൻ അതിനു കൊടുക്കാം.

ഇല്ല, ഇല്ല, സാവധാനം മരണത്തിനു കീഴടങ്ങുന്ന വാർദ്ധക്യം എന്ന ദാരുണദൃശ്യത്തിൽ എന്നെയും ചേർക്കാൻ ഞാൻ ഒരുക്കമല്ല, എനിക്കതിനു കഴിയുകയുമില്ല. ഇല്ല. എന്നാൽ അതിനു മുമ്പ്...എന്നെ ദഹിപ്പിക്കുന്ന ഈ പ്രചണ്ഡവികാരങ്ങളെ വെട്ടിവിടാൻ എനിക്കെന്തെങ്കിലും ചെയ്തേപറ്റൂ; മുമ്പാരും ചെയ്തിട്ടില്ലാത്ത, വലിയ ഒരു കാര്യം.

എനിക്കെന്തെങ്കിലും...ഈ നഖങ്ങൾ കണ്ടോ? പുരുഷന്മാരുടെ വികാരങ്ങളെ തീപിടിപ്പിച്ചുകൊണ്ട് തെരുവിലൂടെ നടന്നുപോകുന്ന സുന്ദരിയായ ഓരോ സ്ത്രീയുടേയും മുഖത്ത് എനിക്കവ കുത്തിത്താഴ്ത്തണം.

എത്ര മൂഢകളായ, ഹീനരായ, ചിന്താശൂന്യരായ ജന്തുക്കളാണ്‌ ഈ സ്ത്രീകൾ! അവർ വിചിത്രവേഷങ്ങൾ ധരിക്കുന്നു, ആഭരണങ്ങളണിയുന്നു, ചിരിക്കുന്ന കണ്ണുകൾ അവിടെയുമിവിടെയും പായിക്കുന്നു, ഉടലിന്റെ വശീകരിക്കുന്ന വടിവുകൾ ആകാവുന്നത്ര പുറത്തുകാട്ടി നടക്കുകയും ചെയ്യുന്നു. എന്നാൽ അവർ ചിന്തിക്കുന്നില്ല, തങ്ങൾ തന്നെയും കെണികളിൽ പെട്ടുകിടക്കുകയാണെന്ന്, മരണത്തിൽ കല്ലിക്കാനുള്ളതാണ്‌ തങ്ങളുടെ രൂപങ്ങളെന്ന്, ഇനി വരാനുള്ളവർക്കുള്ള കെണിയും തങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്ന്!


നമ്മൾ പുരുഷന്മാർക്കുള്ള കെണികൾ അവരാണ്‌, സ്ത്രീകൾ! ഒരു നിമിഷത്തേക്ക് അവർ നമ്മെ വികാരതീക്ഷ്ണതയിലേക്കു കൊണ്ടുപോകുന്നു; അതുപക്ഷേ, മരണം വിധിക്കപ്പെട്ട മറ്റൊരു ജീവിയെ നമ്മിൽ നിന്നു കവർന്നെടുക്കാൻ വേണ്ടി മാത്രമാണ്‌. നാം വികാരം കൊണ്ടന്ധരായി അവരുടെ കെണികളിൽ ചെന്നിടിച്ചുവീഴും വരെ അവർ പലതും പറയും, പലതും ചെയ്യും.

എന്നെയും! എന്നെയും! എന്നെയും അവർ വീഴ്ത്തിക്കളഞ്ഞു! സത്യം പറഞ്ഞാൽ ഈയടുത്തകാലത്ത്. ഞാൻ ഇത്രയും ക്ഷോഭിച്ചിരിക്കുന്നതും അതുകൊണ്ടാണ്‌.

എത്ര നീചമായ ഒരു കെണി! എനിക്കതു മുമ്പേ കൂട്ടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...അടക്കവും ഒതുക്കവുമുള്ള ഒരു ചെറുപ്പക്കാരി. എന്നെ കാണുമ്പോഴേക്കും അവൾ മുഖം ചുവപ്പിച്ചുകൊണ്ട് കണ്ണുകൾ താഴ്ത്തും; അങ്ങനെയല്ലാതെ ഞാൻ വീഴില്ലെന്ന് അവൾക്കറിയാമായിരുന്നു.

ശാരീരികമായ ഏഴു കാരുണ്യപ്രവൃത്തികളിൽ ഒരെണ്ണം അനുഷ്ഠിക്കാനായി അവൾ ഇവിടെ വരാറുണ്ടായിരുന്നു: രോഗികളെ സന്ദർശിക്കുക എന്നത്. എന്നെയല്ല, എന്റെ അച്ഛനെ നോക്കാനാണ്‌ അവൾ വന്നിരുന്നത്. ആ മുറിയിലുള്ള എന്റെ പാവം അച്ഛനെ വൃത്തിയാക്കുന്നതും അച്ഛനു ഭക്ഷണം കൊടുക്കുന്നതും പ്രായം ചെന്ന ഞങ്ങളുടെ ജോലിക്കാരി ആയിരുന്നു; അവരെ സഹായിക്കാനാണ്‌ അവൾ വരുന്നത്.

തൊട്ടടുത്തുള്ള ഫ്ലാറ്റിലായിരുന്നു അവളുടെ താമസം. അവൾ ഇവിടുത്തെ ജോലിക്കാരിയുമായി പരിചയത്തിലായി. ഒരു മകനെ നല്കാൻ കഴിയാത്തതിന്റെ പേരിൽ തന്റെ ഭർത്താവ്, ഒരു ബലം കെട്ടവൻ, എപ്പോഴും  തന്നെ പഴിക്കുകയാണെന്ന് അവൾ അവരോടു പരാതി പറയാറുണ്ടായിരുന്നു.

അതിന്റെ കാര്യം അറിയാമോ? ശരീരത്തിനു വഴക്കം കുറയുകയും മുമ്പത്തെപ്പോലെ ചലിക്കാൻ പറ്റാതെവരികയും ചെയ്യുമ്പോൾ തനിക്കു ചുറ്റും കുഞ്ഞുശവങ്ങൾ വേണമെന്ന് നിങ്ങൾക്കാഗ്രഹം തോന്നുകയാണ്‌: താൻ കുഞ്ഞായിരുന്നപ്പോഴത്തെ ചലനങ്ങൾ അനുകരിക്കുന്ന കുഞ്ഞുശവങ്ങൾ; കാണാൻ തന്നെപ്പോലുള്ള, തനിക്കിപ്പോൾ ചെയ്യാൻ പറ്റാത്ത കൊച്ചുകൊച്ചുകാര്യങ്ങൾ ചെയ്യുന്ന കുഞ്ഞുശവങ്ങൾ.

തങ്ങൾ കെണിയിൽ പെട്ടു കിടക്കുകയാണെന്നറിയാൻ പ്രായമാകാത്ത കുഞ്ഞുശവങ്ങളെ മുഖം കഴുകി, മുടി കോതി നടക്കാൻ കൊണ്ടുപോവുക എന്നത് എത്ര രസമുള്ള കാര്യമാണെന്നോ!

അപ്പോൾ ഞാനെന്താ പറഞ്ഞത്? അതെ, അവൾ ഇവിടെ വരാൻ തുടങ്ങി.

“എനിക്കറിയാം,” മുഖം ചുവപ്പിച്ച്, താഴെ നോക്കിക്കൊണ്ട് അവൾ പറയും, “അച്ഛൻ ഇത്രകൊല്ലമായി ഈ കിടപ്പു കിടക്കുന്നതു കാണുമ്പോഴുള്ള വിഷമം എനിക്കറിയാം, സിനോർ ഫാബ്രീസിയോ.”

“ശരിയാണ്‌, സിനോറ,” എന്നു മുരടൻ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നുപോകും.

ഇപ്പോൾ എനിക്കു തീർച്ചയാണ്‌, ഞാൻ തിരിഞ്ഞുനടന്നുപോകേണ്ട താമസം, അവൾ വായ പൊത്തിക്കൊണ്ട് ചിരിച്ചിട്ടുണ്ടാവും.

ഞാൻ മാറിപ്പോയത് എനിക്കവളോടു ബഹുമാനം തോന്നിയതുകൊണ്ടായിരുന്നു. അതവളുടെ സൗന്ദര്യം കണ്ടിട്ടല്ലേയല്ല- അവൾ അതിസുന്ദരിയായിരുന്നു, സ്വന്തം സൗന്ദര്യത്തെ തനിക്കൊരു വിലയുമില്ലെന്നു കാണിക്കാൻ ശ്രമിക്കുന്തോറും അവളുടെ ആകർഷകത്വം കൂടുകയുമായിരുന്നു- മറിച്ച്, മറ്റൊരു നിർഭാഗ്യജീവിയെക്കൂടി കെണിയിൽ പെടുത്തി എന്ന സംതൃപ്തി ഭർത്താവിനു നല്കിയില്ല എന്നതിനായിരുന്നു.

അവൾക്കാണു പ്രശ്നം എന്നാണു ഞാൻ കരുതിയിരുന്നത്. അല്ല, അതവളുടെ കുഴപ്പമായിരുന്നില്ല. അതയാളുടേതായിരുന്നു. അവൾക്കതറിയുകയും ചെയ്യാം. തീർച്ചയല്ലെങ്കിൽ അങ്ങനെയൊരു സംശയമെങ്കിലും അവൾക്കുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ്‌ അവൾ ചിരിച്ചത്. അവൾക്കുണ്ടെന്നു ഞാൻ കരുതിയ ആ കഴിവുകേടിനെ ഞാൻ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണ്‌ അവൾ എന്നെ കളിയാക്കി ചിരിച്ചത്. തന്റെ ദുഷിച്ച ഹൃദയത്തിൽ ഒച്ചയില്ലാതെ ചിരിച്ചുകൊണ്ട് അവൾ അവസരം നോക്കിയിരുന്നു. അങ്ങനെ ഒരു ദിവസം രാത്രിയിൽ...

ഇവിടെ, ഈ മുറിയിൽ വച്ചാണ്‌ അതു സംഭവിച്ചത്.

ഞാൻ ഇവിടെ ഇരുട്ടത്തു നില്ക്കുകയായിരുന്നു. പകൽ സാവധാനം അവസാനിക്കുന്നതും നോക്കി ജനാലയ്ക്കൽ നില്ക്കാനും അന്ധകാരം പതിയെ എന്നെ പൊതിയുന്നതറിയാനും ‘ഞാൻ ഇപ്പോൾ ഇവിടെയില്ല!’ എന്നു മനസ്സിൽ പറയാനും എനിക്കിഷ്ടമായിരുന്നു. ‘ഈ മുറിയിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അയാൾ ചെന്നു വിളക്കു കത്തിക്കുമായിരുന്നു. ഞാൻ വിളക്കു കത്തിക്കില്ല, കാരണം, ഞാൻ ഇവിടെയില്ലല്ലോ. ഈ മുറിയിലെ കസേരകൾ പോലെയാണു ഞാൻ, ആ ചെറിയ മേശ പോലെ, കർട്ടനുകൾ പോലെ, അലമാര പോലെ, കട്ടിൽ പോലെ: അവയ്ക്കു വെളിച്ചം വേണ്ട, ഞാൻ ഇവിടെയുണ്ടെന്ന് അവയ്ക്കറിയുകയില്ല, അവ കാണുന്നുമില്ല. എനിക്കും അവയെപ്പോലാകണം; എനിക്കെന്നെ കാണേണ്ട; ഞാൻ ഇവിടെയുണ്ടെന്നത് എനിക്കു മറക്കുകയും വേണം,’ എന്നു മനസ്സിൽ പറയുക.

അപ്പോൾ, ഞാൻ ഇവിടെ ഇരുട്ടത്തു നില്ക്കുകയാണ്‌. എന്റെ അച്ഛന്റെ മുറിയിൽ നിന്ന് ഒച്ചയുണ്ടാക്കാതെ അവൾ വന്നു; അവൾ ആ മുറിയിൽ ചെറിയൊരു വിളക്കു കത്തിച്ചുവച്ചിരുന്നു; അതിന്റെ മങ്ങിയ വെട്ടം കതകിന്റെ നേരിയ വിടവിലൂടെ ഉള്ളിലേക്കു പടർന്നിരുന്നുവെങ്കിലും അതുകൊണ്ട് ഇരുട്ടിന്‌ ഒരു കുറവുമുണ്ടായില്ല.

ഞാൻ അവളെ കണ്ടില്ല. അവൾ എന്നെ വന്നു മുട്ടാൻ പോവുകയാണെന്നു ഞാൻ കണ്ടില്ല. അവളും എന്നെ കണ്ടില്ലെന്നാവാം. ഞങ്ങൾ കൂട്ടിമുട്ടിയപ്പോൾ അവൾ മോഹാലസ്യം വന്നപോലെ ഒരു നിലവിളിയോടെ എന്റെ നെഞ്ചത്തേക്കു വീണു. ഞാൻ തല കുനിച്ചു. എന്റെ കവിൾ അവളുടെ കവിളത്തുരുമ്മി; അവളുടെ ചുണ്ടുകളുടെ ദാഹവും തിടുക്കവും ഞാനറിഞ്ഞു. പിന്നെ...

അല്പനേരം കഴിഞ്ഞ് അവളുടെ ചിരി കേട്ടപ്പോൾ ഞാൻ ഞെട്ടിയെഴുന്നേറ്റു. പൈശാചികമായ ഒരു ചിരി. ഇപ്പോഴും അതെന്റെ ചെവിയിലുണ്ട്. ചിരി നിർത്താതെ അവൾ, ആ ദുഷ്ട, ഓടിപ്പോയി. തന്റെ ശാലീനത കൊണ്ട് എന്നെ കെണിയിൽ വീഴ്ത്തിയല്ലോ എന്നോർത്തിട്ടാണ്‌ അവൾ ചിരിച്ചത്. എന്റെ രൗദ്രത അടിയറവു പറഞ്ഞു എന്നതോർത്തിട്ടാണ്‌ അവൾ ചിരിച്ചത്. പില്ക്കാലത്തെനിക്കു മനസ്സിലായ മറ്റൊന്നു കാരണമാണ്‌ അവൾ ചിരിച്ചത്.

മൂന്നു മാസം മുമ്പ് അവൾ ഭർത്താവിന്റെ കൂടെ സാർഡീനിയയിലേക്കു പോയി; അയാൾക്കവിടെ ഹൈസ്കൂൾ ടീച്ചറായി സ്ഥാനക്കയറ്റം കിട്ടിയിരുന്നു.

ചില നിയമനങ്ങൾ നടക്കുന്നത് തക്കസമയത്താണ്‌.

എനിക്കു കുറ്റബോധമില്ല. ഞാനതു കാണുകയുമില്ല. എന്നാൽ ആ ദുഷ്ടയെ എവിടെച്ചെന്നെങ്കിലും കണ്ടുപിടിക്കാൻ ചില നിമിഷങ്ങളിൽ എനിക്കു തോന്നിപ്പോകാറുണ്ട്; ചതിയിലൂടെ എന്നിൽ നിന്നവൾ പറിച്ചെടുത്ത ആ നിർഭാഗ്യജീവിയെ കെണിയിലാക്കും മുമ്പേ അവളെ എനിക്കു കഴുത്തു ഞെരിച്ചു കൊല്ലണം.

എന്റെ സുഹൃത്തേ, അമ്മയെ ഞാൻ കണ്ടിട്ടില്ലെന്നതിൽ എനിക്കെന്തു സന്തോഷമാണെന്നോ! കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഈ ഘോരചിന്ത എന്നിൽ ഉദിക്കുമായിരുന്നില്ല. എന്നാൽ ആ ചിന്ത വന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് അമ്മയെ കാണാത്തതിൽ ഞാൻ സന്തോഷിക്കുന്നു.

വരൂ, വരൂ, എന്റെ കൂടെ ഈ മുറിയിലേക്കു വരൂ. നോക്കൂ! ഇതാണ്‌ എന്റെ അച്ഛൻ.

അച്ഛൻ ഇതേ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് ഏഴു കൊല്ലമാവുന്നു. അച്ഛനിപ്പോൾ യാതൊന്നുമല്ല. കരയുന്ന രണ്ടു കണ്ണുകൾ, തിന്നുന്ന ഒരു വായ. സംസാരിക്കില്ല, കേൾക്കില്ല, അനങ്ങില്ല. തിന്നുകയും കരയുകയും മാത്രം. സ്പൂണിൽ കോരിയാണു കൊടുക്കുന്നത്. ചിലപ്പോൾ ഒരു കാര്യവുമില്ലാതെ ഒറ്റയ്ക്കിരുന്നു കരയുന്നതു കാണാം; അതിനി അച്ഛനിൽ എന്തോ ബാക്കിനില്ക്കുന്നതുകൊണ്ടാവാം- എഴുപത്താറുകൊല്ലം മുമ്പ് മരിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അവസാനിക്കാൻ മടിക്കുന്ന എന്തിന്റെയോ നിഴൽ.

ശേഷിച്ച ഒരേയൊരു നിമിഷത്തിന്റെ പേരിൽ മോചിതനാകാൻ പറ്റാതെ കെണിയിൽ പെട്ടു കിടക്കുക എന്നത് എത്ര ക്രൂരമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

എഴുപത്താറുകൊല്ലം മുമ്പ് തനിക്കു മരണം നല്കിയ, വരാൻ വളരെ വളരെ വൈകുന്ന ആ മരണം തനിക്കായി നല്കിയ, സ്വന്തം പിതാവിനെക്കുറിച്ചു ചിന്തിക്കാൻ അച്ഛനു കഴിയില്ല. എന്നാൽ എനിക്ക്, എനിക്കച്ഛനെക്കുറിച്ചു ചിന്തിക്കാം, ഇപ്പോൾ അനങ്ങാൻ പറ്റാതായ ഈ മനുഷ്യന്റെ ഒരു സൂക്ഷ്മാണുവാണ്‌ ഞാനെന്നും മറ്റൊരു കാലത്തിലല്ലാതെ ഈ കാലത്തിൽ കെണിയിൽ പെട്ടിരിക്കുന്നതിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നത് ഈയാളോടാണെന്നും എനിക്കു ചിന്തിക്കാം.

അച്ഛൻ കരയുകയാണ്‌, കണ്ടില്ലേ? എപ്പോഴും ഈ കരച്ചിലാണ്‌...അതു കാണുമ്പോൾ എനിക്കും കരച്ചിൽ വരും! അച്ഛന്‌ മോചനം വേണമെന്നുണ്ടാവും. എന്നെങ്കിലും ഒരു രാത്രിയിൽ എന്റെയൊപ്പം അച്ഛനേയും ഞാൻ മോചിപ്പിക്കും. തണുപ്പാവാൻ തുടങ്ങുകയാണ്‌. വരാൻ പോകുന്ന ഒരു രാത്രിയിൽ ഞങ്ങൾ ഒരു തീ കൂട്ടാൻ പോകുന്നുണ്ട്. വേണമെങ്കിൽ നിങ്ങൾക്കും കൂടെക്കൂടാം...

വേണ്ടെന്നോ? നിങ്ങൾ എന്റെ കാര്യം ആലോചിക്കുകയാണെന്നോ? ശരിശരി, നമുക്കു പുറത്തേക്കു പോകാം, നമുക്കു പുറത്തേക്കു പോകാം, സുഹൃത്തേ. നിങ്ങൾക്കു തെരുവിലേക്കു പോകണമെന്നും സൂര്യനെ വീണ്ടും കാണണമെന്നും ആഗ്രഹമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്.

***

ലൂയിജി പിരാന്തെല്ലോ Luigi Pirandello (1867-1936)- ഇറ്റാലിയൻ നാടകരചയിതാവും കഥാകൃത്തും നോവലിസ്റ്റുമായ പിരാന്തെല്ലോ സിസിലിയിലെ ഒരു സൾഫർ വ്യാപാരിയുടെ മകനായിട്ടാണ്‌ ജനിച്ചത്. മകൻ കച്ചവടത്തിലേക്കിറങ്ങുന്നതായിരുന്നു അച്ഛനു താല്പര്യമെങ്കിലും പിരാന്തെല്ലോ പഠനമാണ്‌ തിരഞ്ഞെടുത്തത്. റോം യൂണിവേഴ്സിറ്റിയിൽ ചേർന്നുവെങ്കിലും അവിടെ ക്ലാസ്സിക്സ് പ്രൊഫസ്സറുമായുള്ള കലഹത്തെത്തുടർന്ന് ജർമ്മനിയിലെ ബോൺ യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ജന്മദേശമായ ഗ്രിഗെന്റോവിലെ നാട്ടുഭാഷയെക്കുറിച്ചുള്ള പ്രബന്ധത്തിന്‌ 1891ൽ ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടുകയും ചെയ്തു.

1894ൽ ധനികനായ ഒരു സൾഫർ വ്യാപാരിയുടെ മകളായ അന്റോണിയെറ്റ പോർട്ടുലാനയെ വിവാഹം ചെയ്തു; ഇത് അച്ഛന്റെ മേൽനോട്ടത്തിലായിരുന്നു. ഈ വിവാഹം നല്കിയ സാമ്പത്തികസ്വാതന്ത്ര്യം റോമിലേക്കു പോകാനും അവിടെ എഴുത്തുമായി കൂടാനും അദ്ദേഹത്തെ സഹായിച്ചു. ഇക്കാലത്ത് കൂടുതലും കവിതകളും കഥകളുമാണ്‌ എഴുതിയിരുന്നത്. ഇവയെല്ലാം പത്രങ്ങളിൽ അച്ചടിച്ചിരുന്നത് പ്രതിഫലം വാങ്ങാതെയുമായിരുന്നു. എന്നാൽ 1903ൽ ഒരു മണ്ണിടിച്ചിലിനെത്തുടർന്ന് ഭാര്യക്കും അദ്ദേഹത്തിന്റെ അച്ഛനും നിക്ഷേപമുണ്ടായിരുന്ന സൾഫർ ഖനി അടച്ചുപൂട്ടി. പെട്ടെന്നു ദരിദ്രനായ അദ്ദേഹത്തിന്‌ പിന്നീട് ജീവിക്കാൻ വേണ്ടി എഴുതണമെന്നായി. ഇതിന്റെയൊപ്പം ഭാര്യയ്ക്ക് മതിഭ്രമവും പിടിച്ചു. ഒടുവിൽ 1919ൽ അവരെ ഒരു സാനിറ്റോറിയത്തിൽ പ്രവേശിപ്പിച്ചു; 1959ൽ മരിക്കുന്നതുവരെ അവർ അവിടെയായിരുന്നു. പിരാന്തെല്ലോയുടെ പ്രധാനപ്പെട്ട കൃതികളുടെ കേന്ദ്രപ്രമേയം നിർണ്ണയിക്കുന്നത് ഈ ദുരന്താനുഭവം ഏല്പിച്ച മാനസികാഘാതമാണ്‌. നിത്യപരിണാമിയായ മനുഷ്യസ്വഭാവത്തിന്റെ ഇറുക്കിയടച്ച ലോകത്തേക്കുള്ള പര്യവേക്ഷണങ്ങളാണ്‌ അദ്ദേഹത്തിന്റെ പിന്നീടുള്ള രചനകൾ.

പിരാന്തെല്ലോയുടെ ആദ്യത്തെ രണ്ടു നോവലുകൾ റിയലിസത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നെങ്കിലും മൂന്നാമത്തേതും ഏറ്റവും മികച്ചതെന്നു കരുതപ്പെടുന്നതുമായ Il fu Mattia Pascal  (പരേതനായ മറ്റിയ പാസ്കൽ) കഥാപാത്രങ്ങളുടെ ഉപബോധത്തിലേക്കൂളിയിടുന്ന പില്ക്കാലത്തെ സൂക്ഷ്മമായ മനഃശാസ്ത്രനിരീക്ഷണത്തിന്റെ തുടക്കമാണ്‌.

പിരാന്തെല്ലോയുടെ മനഃശാസ്ത്രപരിജ്ഞാനത്തെ സഹായിച്ചത് ഫ്രഞ്ച് പരീക്ഷണാത്മകമനഃശാസ്ത്രജ്ഞനായ Alfred Binetന്റെ പഠനങ്ങളായിരുന്നു. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചറിയാവുന്നത്, അല്ലെങ്കിൽ അറിയാമെന്ന് അയാൾ കരുതുന്നത്, അയാൾ യഥാർത്ഥത്തിൽ എന്താണോ, അതിന്റെ തീരെച്ചെറിയ ഒരംശം മാത്രമാണെന്നാണ്‌ ആ പഠനങ്ങളിൽ നിന്ന് പിരാന്തെല്ലോ സ്വാംശീകരിച്ച പാഠം. അദ്ദേഹത്തിന്റെ മനഃശാത്രപരമായ പ്രമേയങ്ങൾ പൂർണ്ണപ്രകാശനം നേടുന്നത് La trappola (1915; (കെണി), E domani, luned. (1917; “നാളെ, തിങ്കളാഴ്ച) തുടങ്ങിയ കഥാസമാഹാരങ്ങളിലാണ്‌. Uno, nessuno e centomila (1925-26; ഒരാൾ, ഇല്ലാത്തയാൾ, നൂറായിരമാൾ) അദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവും മൗലികമാണ്‌. തന്നെ തന്റെ ഭാര്യ (മറ്റുള്ളവരും) കാണുന്നത് തന്റേതിൽ നിന്നു വ്യത്യസ്തമായ കണ്ണുകൾ കൊണ്ടാണ്‌ എന്നു കഥാനായകൻ കണ്ടുപിടിക്കുന്നതിന്റെ ഭ്രമാത്മകവിവരണമാണത്.

പിരാന്തെല്ലോ അമ്പതിലധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും പ്രശസ്തം Sei personaggi in cerca dâ autore (1921, നാടകകൃത്തിനെത്തേടി ആറു കഥാപാത്രങ്ങൾ) തന്നെ. ഒരു നാടകകൃത്ത് എഴുതിത്തീർക്കാതെ ഉപേക്ഷിച്ച ഒരു നാടകത്തിലെ ആറു കഥാപാത്രങ്ങൾ തങ്ങളുടെ നിയോഗങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നതാണ്‌ നാടകത്തിന്റെ പ്രമേയം.  മാറ്റമില്ലാത്ത കലയും എന്നും മാറിക്കൊണ്ടിരിക്കുന്ന ജീവിതവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പിരാന്തെല്ലോ ‘നാടകത്തിനുള്ളിലെ നാടകം’ എന്ന സങ്കേതത്തിന്റെ ഫലപ്രദമായ പ്രയോഗത്തിലൂടെ ആവിഷ്കരിച്ചത്. 1923ൽ പാരീസിൽ അതവതരിപ്പിച്ചതോടെ പിരാന്തെല്ലോ ലോകശ്രദ്ധ ആകർഷിച്ചു.  പില്ക്കാലത്തെ നാടകരചയിതാക്കളെ, പ്രത്യേകിച്ചും യൂജെൻ യോനെസ്കോ, സാർത്ര്, ഷെനെ, സാമുവൽ ബക്കറ്റ് തുടങ്ങിയവരെ കാര്യമായി സ്വാധീനിച്ച നാടകമാണിത്. മറ്റൊരു നാടകമായ Enrico IV (1922 ഹെൻറി നാലാമൻ) ന്റെ പ്രമേയം ഭ്രാന്താണ്‌. നിത്യജീവിതത്തിന്റെ തൊട്ടുതാഴെ അതുണ്ട്, ഒരു തൊലിക്കനത്തിന്റെ വ്യത്യാസത്തിൽ; ഒരാൾക്കു തൃപ്തി നല്കുന്ന യാഥാർത്ഥ്യമാണ്‌ അതു കെട്ടിപ്പടുക്കുന്നതെന്നതിനാൽ നിത്യജീവിതത്തെക്കാൾ അതിനു മേന്മ കൂടും എന്നുകൂടിപ്പറയാം. “ജീവിതം അതിദാരുണമായ ഒരു കോമാളിവേഷം കെട്ടലാണെന്നു ഞാൻ കരുതുന്നു; കാരണം, സ്വന്തമായ ഒരു യാഥാർത്ഥ്യം സൃഷ്ടിച്ച് അതിൽ സ്വയം വിശ്വസിപ്പിക്കാനുള്ള ഒടുങ്ങാത്ത ഒരു ത്വര നമ്മുടെയെല്ലാം ഉള്ളിലുണ്ട്; എന്നാൽ അങ്ങനെയൊരാവശ്യകത എന്തുകൊണ്ടാണുണ്ടാവുന്നതെന്നോ അതെവിടെനിന്നു വരുന്നുവെന്നോ നമുക്കറിയുകയുമില്ല. ഒടുവിലാകട്ടെ, നാം നമുക്കായി സൃഷ്ടിച്ചെടുത്ത ആ യാഥാർത്ഥ്യം കൊണ്ട് ഫലമുണ്ടായില്ലെന്നും അതൊരു മായയായിരുന്നുവെന്നും നാം കണ്ടുപിടിക്കുകയും ചെയ്യുന്നു. ഇങ്ങനെ സ്വയം കബളിപ്പിക്കുന്നവരോടുള്ള നിറഞ്ഞ സഹാനുഭൂതിയാണ്‌ എന്റെ കലയുടെ കാതൽ; എന്നാൽ അതുകൊണ്ട് മനുഷ്യനെ സ്വയം കബളിപ്പിക്കാൻ തള്ളിവിടുന്ന വിധിയുടെ ക്രൂരമായ അവജ്ഞ ഞാൻ കാണാതിരിക്കുന്നുമില്ല...“ പിരാന്തെല്ലോ 1920ൽ ഇങ്ങനെ എഴുതുന്നുണ്ട്.


ഈ രണ്ടു നാടകങ്ങളുടെ വിജയത്തോടെ പിരാന്തെല്ലോ 1925ൽ റോമിൽ സ്വന്തമായി Teatro dâ Arte എന്ന പേരിൽ ഒരു നാടകക്കമ്പനി സ്ഥാപിച്ചു. എന്നാൽ സാമ്പത്തികപരാധീനതകൾ കാരണം 1928ൽ അതിന്റെ പ്രവർത്തനം നിർത്തിവച്ചു. ശിഷ്ടജീവിതം അദ്ദേഹം നിരന്തരമായ യാത്രകളിലായിരുന്നു. 1936 ഡിസംബർ 10ന്‌ റോമിൽ വച്ച് അദ്ദേഹം അന്തരിച്ചു. തന്റെ മരണാനന്തരച്ചടങ്ങുകൾ തീർത്തും സ്വകാര്യവും അനാർഭാടവുമായിരിക്കണമെന്ന് അദ്ദേഹം വില്പത്രത്തിൽ നിഷ്കർഷിച്ചിരുന്നു- ”സാധുക്കൾക്കുപയോഗിക്കുന്നതരം  ഒരു ശവമഞ്ചം, ഒരു കുതിര, കുതിരക്കാരൻ ഇത്രമാത്രം.“

അഭിപ്രായങ്ങളൊന്നുമില്ല: