ഈ കുന്നുകളിൽ ഓയിൽ റിഗ്ഗുകൾ പോലും ഓർമ്മയായിരിക്കുന്നു.
ഇവിടെയാണ് ഡിഗ്ഗി വീണത്,
എന്നെക്കാൾ നാലുവയസ്സ് മൂത്തവൻ,
എന്റെ മനസ്സു വിങ്ങിയ കാലങ്ങളിൽ
ഒരച്ഛനെപ്പോലെ എനിക്കു താങ്ങായവൻ.
ഇന്നവനെക്കാൾ നാല്പതു വയസ്സു കൂടിയ ഞാൻ
അവനെ ഓർക്കുന്നത് എന്റെ ഇളയമകനെപ്പോലെ,
വൃദ്ധനും ദുഃഖിതനുമായ അവന്റെ അച്ഛൻ ഞാൻ.
മുഖങ്ങൾ മാത്രം ഓർമ്മ വയ്ക്കുന്നവരേ,
മറക്കരുതേ നിങ്ങൾക്കു നേരേ നീട്ടിയ കൈകളെ,
മണ്ണിൽ തൊടാതെയെന്നവണ്ണം ഓടിപ്പോയ കാലടികളെ,
വാക്കുകളെ.
ഓർക്കുക: ഘോരയുദ്ധങ്ങൾക്കായുള്ള പാതകൾ പോലും
ഉദ്യാനങ്ങളും ജനാലകളും കടന്നാണു പോയിരുന്നത്,
കളിക്കുന്ന കുട്ടികളേയും കുരയ്ക്കുന്ന നായയേയും കടന്നുമാണ്.
പഴുത്തുവീഴുന്ന കനിയെ
അതിന്റെ ഇലകളേയും ചില്ലയേയും കുറിച്ചോർമ്മിപ്പിക്കുക,
കൂർത്ത മുള്ളുകളെ ഓർമ്മിപ്പിക്കുക,
എത്ര മൃദുവും പച്ചയുമായിരുന്നു വസന്തത്തിലവയെന്ന്.
മറക്കരുതേ,
മുഷ്ടി പോലും ഒരിക്കൽ
തുറന്ന കൈപ്പടവും വിരലുകളുമായിരുന്നു.
(1989)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ