2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

പെട്രാർക്ക് - ഞാനാരാധിച്ചിരുന്ന കണ്ണുകൾ

 


എരിയുന്ന വാക്കുകൾ കൊണ്ടു ഞാനാരാധിച്ചിരുന്ന കണ്ണുകൾ,
കൈകൾ, ചുമലുകൾ, കണങ്കാലുകൾ, മുഖലക്ഷണങ്ങൾ,
എന്റെ തന്നെ സ്ഥലകാലങ്ങളിൽ നിന്നെന്നെ മാറ്റിനിർത്തിയവ,
മറ്റേതൊരു മനുഷ്യനിൽ നിന്നുമെന്നെ അടയാളപ്പെടുത്തിയവ,
തനിപ്പൊന്നിന്റെ തിരയിളക്കം പോലെ മിന്നുന്ന മുടിയിഴകൾ,
മാലാഖയുടെ മന്ദഹാസം പോലെ മുഖത്തുദിക്കുന്ന വെളിച്ചം,
(ഒരിടവേളയിലേക്കതു ഭൂമിയെ സ്വർഗ്ഗവുമാക്കിയിരുന്നു)
ഒക്കെയുമിന്നു മൺപൂഴി, നിർവികാരമായ വെറും ധൂളി.
ഈ ശപ്തനായ ഞാൻ പക്ഷേ, ജീവനോടിന്നുമിരിക്കുന്നു,
ഞാനാരാധിച്ചിരുന്ന വെളിച്ചമെന്റെ കൂടെയില്ലാതെ,
കാറും കോളു കൊണ്ട കടലിൽ, ഒരു കൊതുമ്പുതോണിയിൽ.
ഇനിയൊരിക്കലുമൊരു പ്രണയഗാനം ഞാനെഴുതുകയില്ല,
എന്റെ കവിതയുടെ സിരകൾ വരണ്ടുപോയിരിക്കുന്നു,
എന്റെ വീണയാലപിക്കുന്നതു വിലാപത്തിന്റെ കണ്ണീരും.
*
[പെട്രാർക്ക് Francesco Petrarca (1304-1374)- ലാറ്റിൻ കവിയും പണ്ഡിതനും ഹ്യൂമനിസ്റ്റും. ലാറ എന്ന ആദർശകാമുകിയെ സംബോധന ചെയ്തുകൊണ്ടെഴുതിയിരിക്കുന്ന അദ്ദേഹത്തിന്റെ കവിതകളിൽ നിന്നാണ്‌ യൂറോപ്യൻ നവോത്ഥാനകാലത്തെ ലിറിക് കവിതയുടെ ഉദയം.]

അഭിപ്രായങ്ങളൊന്നുമില്ല: