2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഷൂൾ ലഫോർഗ്

 


ഷൂൾ ലഫോർഗ് Jule Laforgue  (1860-1887) - ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചുകവി. വിദ്യാഭ്യാസം ഫ്രാൻസിൽ. പാരീസിലെ ദരിദ്രജീവിതത്തിനിടയിൽ പതിനാറാമത്തെ വയസ്സിൽ കവിതയെഴുത്തു തുടങ്ങി. 1881ൽ ജർമ്മനിയിലെ ആഗസ്റ്റാ രാജ്ഞിയുടെ അദ്ധ്യാപകനായി. 1886ൽ ബർലിനിൽ വച്ച് തന്നെ ഇംഗ്ളീഷു പഠിപ്പിച്ച ലീ ലീയെ വിവാഹം കഴിക്കാനായി ലണ്ടനിലേക്കു പോയി. മടങ്ങി പാരീസിലെത്തിയപ്പോൾ ക്ഷയരോഗബാധിതനായി 1887ൽ മരിച്ചു. ഭാര്യ ലീയും അതേ രോഗത്താൽ തൊട്ടടുത്ത കൊല്ലം മരിച്ചു. ഫ്രഞ്ചുസിംബലിസ്റ്റ് കവികളിൽ പ്രമുഖൻ. റ്റി.എസ്.എലിയട്ടിന്റെ “ആൽഫ്രഡ് ജെ. പ്രൂഫ്രോക്കിന്റെ പ്രണയഗീത”ത്തിൽ ലഫോർഗിൻ്റെ സ്വാധീനം പ്രകടമാണ്.


പ്രണയഗ്രന്ഥത്തിലേക്ക് ഒരു താൾ



ഇനി നാളെ ഞാൻ മരിച്ചുവെന്നാവാം, പ്രണയമെന്തെന്നറിയാതെ,
എന്റെ ചുണ്ടുകളിന്നോളമൊരു പെണ്ണിന്റെ ചുണ്ടുകളിലമർന്നിട്ടില്ല.
ഒരു നോട്ടത്തിൽ തന്റെ ആത്മാവിനെ വച്ചൊരുത്തിയുമെനിക്കു സമർപ്പിച്ചിട്ടില്ല,
ഒരുവൾ പോലുമാനന്ദമൂർച്ഛയിൽ തന്റെ നെഞ്ചോടെന്നെയണച്ചിട്ടുമില്ല.

അനുനിമിഷം ഞാൻ വേദനിച്ചു പക്ഷേ, പ്രകൃതിയിലുള്ള സർവതിനെയും ചൊല്ലി,
കാറ്റു തല്ലുന്ന മരങ്ങളെ, വിളർച്ച പെട്ട പൂക്കളെ, ധൂസരാകാശത്തെച്ചൊല്ലി,
കത്തിമുനയാഴ്ന്നിറങ്ങിയ പോലോരോ ഞരമ്പും പിടഞ്ഞു ഞാൻ വേദനിച്ചു,
ഇത്ര നാളായിട്ടും മലിനതകളകലെക്കളയാത്ത സ്വന്തമാത്മാവിനെച്ചൊല്ലി.

പ്രണയത്തിനു മേൽ ഞാൻ കാറിത്തുപ്പി, ഉടലിനെ ഞാൻ കൊലയ്ക്കു കൊടുത്തു,
ജന്മവാസനകളുടെ തുടലുകളിൽക്കിടന്നു ലോകമാകെപ്പിടയുമ്പോൾ
ഞാൻ, ഞാൻ മാത്രമഭിമാനത്തോടെ നെഞ്ചും വിരിച്ചു നിന്നു,
കയ്ക്കുന്നൊരു ചിരിയോടെ ജന്തുവാസനകളെ ഞാൻ വെല്ലുവിളിച്ചു.

എവിടെയും, സ്വീകരണമുറികളിൽ, നാടകശാലകളിൽ, പള്ളികളിൽ,
കഴുകിവെടിപ്പാക്കിയപോലെ പെരുമാറുന്ന ഈ മാന്യന്മാർക്കു മുന്നിൽ,
ദയവോടെ, അസൂയയോടെ, ഗർവോടെ നോക്കുന്ന ഈ സ്ത്രീകൾക്കു മുന്നിൽ,
(ഒരാസക്തിയുടെയും കറ പുരളാത്തതാണവരുടെ സൌമ്യഹൃദയങ്ങളെന്നു തോന്നും)

ഞാനോർത്തു: ഇതിലേക്കെത്താനായിരുന്നു അവരിപ്പെടാപ്പാടുപെട്ടതൊക്കെ-
അന്യോന്യം വളഞ്ഞുപിടിച്ചിണചേരുന്ന മൃഗങ്ങളുടെ സീൽക്കാരങ്ങൾ.
ഇത്രയുമഴുക്കുകളിൽക്കിടന്നവരുരുണ്ടതു മൂന്നു മിനുട്ടിന്റെ മൂർച്ഛയ്ക്കായി!
പുരുഷന്മാരേ, പിഴയ്ക്കേണ്ട! സ്ത്രീകളേ, ഇളിച്ചുംകൊണ്ടു കുറുകിക്കോളൂ!
*

എന്റെ പാവനഹൃദയം

എന്റെ പാവനഹൃദയം മിടിക്കുന്നതു ഞാൻ കേട്ടു,
ഏകാകിയായി, തുണയാരുമില്ലാതെയും,
കാലത്തിന്റെ സാന്ധ്യവെളിച്ചത്തിൽ,
പ്രത്യാശയൊന്നുമില്ലാതെ, അഭയവുമില്ലാതെ.

എന്റെ യുവത്വത്തിന്റെ രക്തമൊഴുകുന്നതു ഞാൻ കേട്ടു,
സന്ദിഗ്ധമായെന്റെ ധമനികളിലൂടെ,
എന്റെ കവിതയുടെ ഏദൻതോട്ടത്തിനും
എന്റെ പിതാക്കളുടെ ജന്മദേശത്തിനുമിടയിലൂടെ.

ദേവനായ പാനിന്റെ പുല്ലാങ്കുഴലും ഞാൻ കേട്ടു,
“പോകൂ, അന്യദേശം പൂകൂ”യെന്നതു പാടുന്നു,
“മരിക്കൂ, ജീവിതമസഹ്യമായിവരുമ്പോൾ,
കളയുന്നവനാണു കിട്ടുന്നതെന്നുമോർക്കൂ!"
*

അന്തിവെളിച്ചം



അന്തിവെളിച്ചം...ഞാൻ കടന്നുപോകുന്ന വഴിക്കരികിലെ വീടുകളിൽ നിന്ന് പാചകത്തിന്റെ മണങ്ങളും പാത്രങ്ങളുടെ കിലുക്കങ്ങളും പുറത്തേക്കുവരുന്നു. ആളുകൾ അത്താഴത്തിനു തയ്യാറാവുകയാണ്‌, അതുകഴിഞ്ഞ് അവർ കിടക്കാൻ പോകും, അല്ലെങ്കിൽ തിയേറ്ററുകളിലേക്കു പോകും...ഹാ, കണ്ണീരിനെതിരെ ഞാൻ നെഞ്ചു കല്ലാക്കിയിട്ടെത്ര നാളു കഴിഞ്ഞു; ഈ നക്ഷത്രങ്ങൾക്കു മുന്നിൽ ഞാനെത്ര ഭീരുവാണ്‌!

ഇതെല്ലാം അവസാനമില്ലാത്തതാണ്‌, അവസാനമില്ലാത്തതാണ്‌.

ചാട്ടയടിയേറ്റു ചൂളുന്ന കുതിരകൾ ഭാരം കയറ്റിയ വണ്ടികളും വലിച്ചു തെരുവുകളിലൂടെ നീങ്ങുന്നു, സ്ത്രീകൾ അലസമായി കടന്നുപോകുന്നു, മാന്യദേഹങ്ങൾ ഉപചാരപൂർവ്വം പുഞ്ചിരികൾ കൈമാറുന്നു...ഭൂഗോളം ചുറ്റിത്തിരിഞ്ഞുനീങ്ങുന്നു.

നട്ടുച്ച.

ഭൂമിയുടെ ഒരു പകുതി വെയിൽ വീണു തിളങ്ങുന്നു, ഇരുണ്ടുകിടക്കുന്ന മറ്റേപ്പകുതിയിൽ തീയിന്റെ, ഗ്യാസിന്റെ, മെഴുകുതിരിയുടെ നാളങ്ങൾ പുള്ളികുത്തുന്നു...ഒരിടത്ത് ആളുകൾ തമ്മിൽത്തല്ലുന്നു, കൊലകൾ നടക്കുന്നു; മറ്റൊരിടത്ത് ഒരു വധശിക്ഷ നടപ്പാക്കുന്നു, ഇനിയുമൊരിടത്ത് ഒരു കവർച്ച...താഴെ ആളുകൾ ഉറങ്ങുകയാണ്‌, മരിക്കുകയാണ്‌...ശവഘോഷയാത്രകളുടെ കറുത്ത നാടകൾ യൂ-മരങ്ങളുടെ നേർക്കു നീളുന്നു...അവസാനമില്ലാതെ. ഇതൊക്കെയും മുതുകിലേറ്റി ഈ വിപുലഭൂമി എങ്ങനെയാണ്‌ അനാദ്യന്തമായ സ്ഥലരാശിയിലൂടെ പാഞ്ഞുപോകുന്നത്, ഒരു മിന്നല്പിണരിന്റെ ഭയാനകമായ ശീഘ്രതയോടെ?
*


നഗരത്തിനു പുറത്ത് ഒരു ദിനാന്ത്യം



ഒരു ദിനാന്ത്യം ഞാൻ നഗരത്തിനു പുറത്തു ചെലവിട്ടു.
ഒരുതരം നരച്ച പട്ടണം, ശ്രദ്ധയോടെ കല്ലു പാകിയത്, ശാന്തമായത്.
ഹോട്ടലിന്റെ ജനാലയ്ക്കു നേരേ മുന്നിൽ പ്രധാനകവല. അതിനുമേൽ ഒരു മൂഢചന്ദ്രൻ ഉദിച്ചുയരുന്നതു ഞാൻ നോക്കിനിന്നു. ഇങ്ങനെയൊരു പട്ടണം, അതിന്റെ അഗണ്യതയൊക്കെയുമായി, ശരിക്കും ഈ ലോകത്തുള്ളതാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താനെന്നോണം അതിനു മേൽ പ്രകാശം പരത്തിക്കൊണ്ട് തെരുവുവിളക്ക് കത്തിക്കുന്നൊരാൾ, കയ്യിലൊരു കുട്ടിയുമായി, പിന്നാലെ ഒരു നായയുമായി; അതിന്‌ ഇതൊക്കെ വളരെ പരിചിതമാണെന്നപോലെ; തങ്ങൾ പഴയ ചങ്ങാതിമാരാണെന്ന മട്ടിൽ അത് നടപ്പാതകൾ മണത്തുനോക്കുന്നുമുണ്ട്. 
വിളക്കിനു കത്തണമെന്നുണ്ടായിരുന്നില്ല. 
ഉടനേ രണ്ട്, അഞ്ച്, ആറാളുകൾ വരികയായി, അതിനെക്കുറിച്ചു ചർച്ചയായി; വിളക്കു കത്തുന്നു, അതു കത്തുന്നുവെന്ന് അവർ തീർച്ച വരുത്തുന്നു. പിന്നെ അവർ അവിടെനിന്നു പോകുന്നു; ഒരാൾ മാത്രം ശേഷിക്കുന്നു. ഒരു നിമിഷം വിളക്കിലേക്കു നോക്കിനിന്നിട്ട് അയാളും പോകുന്നു. 
ഹാ! ഈയൊരു കക്കായോട്ടിക്കുള്ളിൽ ജീവിക്കുക!
മരിക്കുക!...മരിക്കുക.
പാരീസിൽ, മിസ്സിസ്സിപ്പിയിൽ, ബോംബേയിലുള്ള ചന്ദ്രൻ തന്നെ ഇവിടെയും.

*

നടക്കാവിൽ ഒരു വസന്തകാലസന്ധ്യ


വെറയിറ്റീസിനിരികിലുള്ള വിശാലമായ നടക്കാവിൽ ഒരു വസന്തകാലസന്ധ്യയ്ക്ക് ഒരു ബഞ്ചിലിരിക്കെ. ഗ്യാസുവെട്ടം കുത്തിയൊലിക്കുന്ന ഒരു കഫേ. ആകെ ചുവപ്പു ധരിച്ച ഒരു വേശ്യ ഒരു ബിയറിൽ നിന്നു മറ്റൊന്നിലേക്കു തെന്നുന്നു. രണ്ടാം നിലയിൽ പ്രശാന്തമായ ഒരു മുറി, ഒന്നുരണ്ടു വിളക്കുകളും തലകൾ ചാഞ്ഞുകിടക്കുന്ന ചില മേശകളുമായി; ചെറിയൊരു വായനമുറി പോലെ. മൂന്നാമത്തെ നിലയിൽ ഗ്യാസുവെട്ടം വെട്ടിത്തിളങ്ങുന്നു, ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നു, പൂക്കൾ, പരിമളങ്ങൾ, നൃത്തപരിപാടി. സംഗീതം നിങ്ങൾക്കു കേൾക്കാനാവുന്നില്ല, ആളുകളും വണ്ടികളുമായി തെരുവു നുരയ്ക്കുമ്പോൾ, ഇടനാഴികൾ നിരന്തരം ആൾക്കൂട്ടങ്ങളെ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുമ്പോൾ, വെറയിറ്റീസിനു മുന്നിൽ പരിപാടികളുടെ വിലപേശലുകൾ നടക്കുമ്പോൾ...പക്ഷേ നിങ്ങൾക്കു കാണാം, ആ പത്തു ജനാലകൾക്കു മുന്നിലൂടെ ഒഴുകിനീങ്ങുന്ന, വെളുത്ത ഷർട്ടും കറുത്ത കോട്ടും ധരിച്ച പുരുഷന്മാരെ; സംഗീതത്തിന്റെ താളത്തിൽ സ്ത്രീകളെ, നീലയും ഇളംചുവപ്പും ലൈലാക്കുനിറവും വെള്ളയുമായ സ്ത്രീകളെ അണച്ചുപിടിച്ചു നടക്കുന്നവരെ; എത്ര മൃദുലമായി, എത്ര ശരിയായിട്ടാണവർ അവരെ ചേർത്തുപിടിച്ചിരിക്കുന്നത്. അവർ വരുന്നതും പോകുന്നതും നിങ്ങൾക്കു കാണാം, ഗൗരവപ്പെട്ട, ചിരി വരാത്ത മുഖങ്ങളുമായി (അവർ താളം പിടിക്കുന്ന സംഗീതം പക്ഷേ, നിങ്ങളുടെ കാതിൽപ്പെടുന്നതുമില്ല). കൂട്ടിക്കൊടുപ്പുകാർ പലരും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്; ഒരുത്തൻ മറ്റൊരുത്തനോടു പറയുകയാണ്‌:“അവൾ പത്തു ഫ്രാങ്കുണ്ടാക്കി, ആ കിഴവനെ...” ഇടവേളയുടെ നേരത്ത് വെറയിറ്റീസിൽ നിന്ന് ഒരാൾക്കൂട്ടം പുറത്തേക്കിരച്ചിറങ്ങുന്നു; നടക്കാവിലെ നാരകീയത തുടരുക തന്നെയാണ്‌, വണ്ടികൾ, കഫേകൾ, ഗ്യാസ് ലൈറ്റുകൾ, കടകളുടെ ചില്ലുജനാലകൾ, കാൽനടക്കാർ- കഫേകളിലെ രൂക്ഷമായ വെളിച്ചത്തിനടിയിലൂടെ കടന്നുപോകുന്ന വേശ്യകൾ... എനിക്കരികിൽ ഒരു പത്രക്കട; രണ്ടു സ്ത്രീകൾ സൊറ പറഞ്ഞിരിക്കുന്നു:“ അവൾ ഈ രാത്രി കടക്കില്ലെന്നേ, എന്റെ പയ്യൻ അവളുടെ കൈയിൽ നിന്നതു പിടിച്ചെടുത്തു.“ രണ്ടു ജാതികളേയും, ആണിനെയും പെണ്ണിനെയും, കുത്തിനിറച്ച വണ്ടികൾ; ഓരോരുത്തരും അവന്റെയോ, അവളുടെയോ വികാരങ്ങളുമായി, വേവലാതികളുമായി, ദുഷ്ടതകളുമായി.

ഇതിനൊക്കെയും മുകളിൽ സൗമ്യവും നിത്യവുമായ നക്ഷത്രങ്ങൾ.

***

വെറയിറ്റീസ്  - പാരീസിലെ വെറൈറ്റി തിയേറ്റർ

അഭിപ്രായങ്ങളൊന്നുമില്ല: