കലകളിൽ വച്ച് ഏറ്റവും പ്രാദേശികമായിട്ടാണ് കവിത പൊതുവേ പരിഗണിക്കപ്പെടുന്നത്. ചിത്രകല, ശില്പകല, വാസ്തുവിദ്യ, സംഗീതം ഇതൊക്കെ കാഴ്ചയും കേൾവിയുമുള്ള ഏതൊരാൾക്കും ആസ്വദിക്കാം. എന്നാൽ ഭാഷ, കവിതയുടെ ഭാഷ വിശേഷിച്ചും, വ്യത്യസ്തമായ ഒരു കാര്യമാണ്. കവിത ആളുകളെ തമ്മിലടുപ്പിക്കുകയല്ല, അവരെ തമ്മിലകറ്റുകയാണ് എന്നും തോന്നാം.
നേരേ മറിച്ച് നാം ഒരു കാര്യം ഓർക്കണം: ഭാഷ ഒരു കടമ്പ തീർക്കുന്നെങ്കിൽ ആ കടമ്പ കടക്കാൻ ശ്രമിക്കുന്നതിനു നമുക്കൊരു കാരണം നല്കുന്നത് കവിതയാണ്. മറ്റൊരു ഭാഷയ്ക്കു സ്വന്തമായ കവിത ആസ്വദിക്കുക എന്നാൽ ആ ഭാഷ സ്വന്തമായ ജനതയെ മനസ്സിലാക്കുക എന്നാണ്; ആ മനസ്സിലാക്കൽ മറ്റൊരു മാർഗ്ഗത്തിലൂടെ നമുക്കു കിട്ടുകയുമില്ല. യൂറോപ്യൻ കവിതയുടെ ചരിത്രത്തെക്കുറിച്ചും ഒരു ഭാഷയിലെ കവിത മറ്റൊരു ഭാഷയിലെ കവിതയിൽ ചെലുത്തുന്ന വലിയ സ്വാധീനത്തെക്കുറിച്ചും നമുക്കിവിടെ ചിന്തിക്കാം; പരിഗണനീയനായ ഏതു കവിയ്ക്കും തന്റേതല്ലാത്ത ഭാഷകളിലെ കവികളോടുള്ള കനത്ത കടത്തെക്കുറിച്ചു നാമോർക്കണം; അന്യഭാഷകളിലെ കവിതയുടെ പോഷണം കിട്ടിയിരുന്നില്ലെങ്കിൽ ഏതു രാജ്യത്തെയും, ഏതു ഭാഷയിലേയും കവിത തളരുകയും നശിക്കുകയും ചെയ്യുമായിരുന്നു എന്നു നാം ആലോചിക്കണം. ഒരു കവി തന്റെ ജനതയോടു സംസാരിക്കുമ്പോൾ അയാളെ സ്വാധീനിച്ച മറ്റു ഭാഷകളിലെ കവികൾ കൂടിയാണ് അവരോടു സംസാരിക്കുന്നത്. അതേ സമയം തന്നെ അയാൾ മറ്റു ഭാഷകളിലെ പുതിയ കവികളോടും സംസാരിക്കുന്നുണ്ട്; ആ കവികൾ അയാളുടെ ജീവിതവീക്ഷണത്തിന്റെ ഒരംശം, അയാൾ അംഗമായ ജനതയുടെ സത്തയിൽ നിന്നൊരംശം തങ്ങളുടെ ആളുകളിലേക്കെത്തികയും ചെയ്യും. തനിക്ക് അന്യകവികളിലുള്ള സ്വാധീനത്തിലൂടെ, വിവർത്തനത്തിലൂടെ (മറ്റു കവികൾ അയാളുടെ കവിതയെ പുനഃസൃഷ്ടിക്കുന്നതാണത്), തന്റെ ഭാഷയിലെ കവികളല്ലാത്ത വായനക്കാരിലൂടെ ജനതകൾ തമ്മിലുള്ള ധാരണ വളർത്താൻ കവിയ്ക്കു കഴിയും.
ഏതു കവിയുടെ രചനയിലും അയാൾ വസിക്കുന്ന പ്രദേശത്തുള്ളവരെ, അല്ലെങ്കിൽ അയാൾ സംസാരിക്കുന്ന ഭാഷ സംസാരിക്കുന്നവരെ മാത്രം സ്പർശിക്കുന്ന ഒരുപാടുണ്ടാവും. എന്നാല്ക്കൂടി ‘യൂറോപ്യൻ കവിത’ എന്നോ ‘ലോകകവിത’ എന്നോ പറയുന്നത് അർത്ഥമില്ലാത്തതാകുന്നുമില്ല. വ്യത്യസ്തരാജ്യങ്ങളിലുള്ളവരും വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരുമായ ജനതകൾ കവിതയിലൂടെ അന്യോന്യധാരണ സമ്പാദിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു; എത്ര ഭാഗികമാണെങ്കിലും പ്രധാനവുമാണത്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഒരു കവിയ്ക്കു കൊടുക്കുമ്പോൾ കവിതയുടെ ദേശാതീതമായ മൂല്യത്തിനൊരു സ്ഥിരീകരണമായിട്ടാണ് ഞാനതിനെ കാണുന്നത്. ആ സ്ഥിരീകരണം നടത്താൻ കാലാകാലം ഒരു കവിയെ നാമനിർദ്ദേശം ചെയ്യുകയും വേണം: എന്റെ സ്വന്തം കഴിവുകളുടെ ബലത്തിലല്ല, കവിതയുടെ പ്രാധാന്യത്തിന്റെ ഈ സമയത്തെ പ്രതീകമായിട്ടാണ് ഞാൻ നിങ്ങൾക്കു മുന്നിൽ നില്ക്കുന്നത്.
(റ്റി.എസ്.എലിയട്ടിന്റെ 1948 ഡിസംബർ 10ലെ നൊബേൽ പ്രഭാഷണത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ