2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ബോദ്‌ലേർ- പ്രഭാതം

ബാരക്കുകൾക്കു മേൽ ബ്യൂഗിളുകൾ മുഴങ്ങുകയായിരുന്നു,
തെരുവുവിളക്കുകൾ കാറ്റുപിടിച്ചാളുകയായിരുന്നു.

ഈ നേരമത്രേ, പാപത്തിന്റെ സ്വപ്നങ്ങളിരച്ചുകയറുന്നതും
കരുവാളിച്ച കൌമാരങ്ങൾ പുതപ്പുകൾക്കുള്ളിൽക്കിടന്നു പുളയുന്നതും;
നീറ്റൽ കൊണ്ടു തുടിക്കുന്ന ചോരച്ച തുറുകണ്ണുകൾ പോലെ
വിളക്കുകൾ പകലിന്റെ മുഖത്തു ചോരപ്പാടുകൾ വീഴ്ത്തുന്നതും;
ഉടലിന്റെ തടസ്സങ്ങളിലകപ്പെട്ടുപോയ പാവമാത്മാവ്
വിളക്കിന്റെ പകലിനോടുള്ള മല്പിടുത്തത്തെയനുകരിക്കുന്നതും.
ഇളംകാറ്റുകൾ കണ്ണീരൊപ്പുന്ന മുഖം പോലെ അന്തരീക്ഷം;
പലായനം ചെയ്യുന്ന പലതിനാലുമതു വിറ കൊള്ളുന്നു;
അയാളെഴുതിത്തളരുന്നു, രതിക്രീഡയിലവൾ തളരുന്നു.

അവിടെയുമിവിടെയും വീടുകളിൽ നിന്നു പുകയുയരുന്നു.
കനത്ത കൺപോളകളുമായി, മലർക്കെത്തുറന്ന വായയുമായി
തെരുവുവേശ്യകൾ മൂഢനിദ്രയിൽ മുഴുകുന്നു;
മുലകൾ നീരു വറ്റിത്തൂങ്ങിയ പിച്ചക്കാരികൾ
പുകയുന്ന വിറകിലും സ്വന്തം വിരലുകളിലുമൂതുന്നു;
ഈ നേരമത്രേ, തണുപ്പിനും ദാരിദ്ര്യത്തിനുമിടയിൽ
പൂർണ്ണഗർഭിണികൾ വേദനയെടുത്തു പുളയുന്നതും.
തൊണ്ടയിൽ ചോര കുറുകി മുറിഞ്ഞുപോയ തേങ്ങൽ പോലെ
അകലെയൊരു കോഴികൂവൽ മൂടൽമഞ്ഞു വലിച്ചുകീറുന്നു.

വീടുകൾ മഞ്ഞിന്റെ കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു,
ധർമ്മാശുപത്രികൾക്കുള്ളിൽ രോഗികളായ സാധുക്കൾ
കിതച്ചും ചുമച്ചും അന്ത്യശ്വാസം വലിക്കുകയായിരുന്നു;
സുഖം തേടിത്തളർന്ന വിടന്മാർ വീടുകളിലേക്കു മടങ്ങുകയായിരുന്നു.

പ്രഭാതം, പച്ചയും ചുവപ്പുമുടുത്തും കുളിർന്നുവിറച്ചും
നിർജ്ജനമായ സെയിൻ നദിയിലൂടെ സാവധാനം കയറിവന്നു.
നര കേറിയ പാരീസ്, നേരുള്ള പണിക്കാരൻ, കണ്ണു തിരുമ്മുന്നു,
പണിയായുധങ്ങളെടുത്തും കൊണ്ടു വേലയ്ക്കിറങ്ങാനൊരുങ്ങുന്നു.

(പാപത്തിന്റെ പൂക്കൾ)

അഭിപ്രായങ്ങളൊന്നുമില്ല: