2021, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ബോദ്‌ലേർ, - പാവങ്ങളുടെ കണ്ണുകൾ


അതു ശരി, ഞാനിന്നു നിന്നെ വെറുക്കുന്നതെന്തുകൊണ്ടാണെന്നു നിനക്കറിയണം, അല്ലേ? അതെനിക്കു നിന്നെ പറഞ്ഞുമനസ്സിലാക്കുന്നതിനെക്കാൾ പ്രയാസമായിരിക്കും നിനക്കതു മനസ്സിലാവുക എന്നതിൽ സംശമില്ല; കാരണം, അഭേദ്യമായ സ്ത്രൈണതയ്ക്ക് ഈ ഭൂമുഖത്തുള്ള ഏറ്റവും നല്ല ഉദാഹരണമാണു നീയെന്നു ഞാൻ വിശ്വസിക്കുന്നു.

എനിക്കത്രമേൽ ഹ്രസ്വമെന്നു തോന്നിയ ദീർഘമായ ഒരു പകൽ നാം ഒരുമിച്ചുണ്ടായിരുന്നു; നമ്മൾ നമ്മുടെ എല്ലാ ചിന്തകളും പരസ്പരം കൈമാറുമെന്നും ഇനിമുതൽ നമ്മുടെ രണ്ടാത്മാക്കൾ ഒന്നായിരിക്കുമെന്നും  നാം പ്രതിജ്ഞയും ചെയ്തിരുന്നു- എല്ലാവരും സ്വപ്നം കണ്ടുവെന്നല്ലാതെ ഒരാൾക്കും സാക്ഷാല്ക്കരിക്കാൻ പറ്റാതെപോയ ഒരു സ്വപ്നം എന്നതൊഴിച്ചാൽ മറ്റൊരു മൗലികതയുമില്ലാത്ത ഒരു സ്വപ്നം.

സന്ധ്യയായപ്പോൾ നിന്റെ ക്ഷീണം മാറ്റാനായി റോഡിന്റെ തിരിവിൽ പുതിയതായി തുറന്ന കഫേയിലേക്കു നാം നടന്നു; കല്ലും കുമ്മായവും കൂടിക്കിടപ്പുണ്ടെങ്കിലും അതതിന്റെ പണി തീരാത്ത പൊലിമകൾ വിളിച്ചുകാട്ടിത്തുടങ്ങിയിരുന്നു. കഫേ വെട്ടിത്തിളങ്ങുകയാണ്‌. ഒരരങ്ങേറ്റത്തിന്റെ അത്യുത്സാഹം ആ ഗ്യാസ് ലൈറ്റിനെത്തന്നെ കടന്നുപിടിച്ചപോലെ തോന്നിയിരുന്നു; അതിന്റെ ഇരമ്പിക്കത്തുന്ന വെളിച്ചത്തിൽ പ്രകാശമാനമാണ്‌, കണ്ണു മഞ്ഞളിക്കുന്ന വെള്ളച്ചുമരുകൾ, കണ്ണഞ്ചിക്കുന്ന കണ്ണാടിപ്പാളികൾ, സ്വർണ്ണവർണ്ണത്തിലുള്ള സ്തൂപങ്ങളും ചുമരുകളുടെ തലപ്പുകളും, ചുമരുകളിലെ ചിത്രങ്ങളിൽ വേട്ടനായ്ക്കൾ വലിച്ചുപിടിച്ചുകൊണ്ടോടുന്ന കവിളുരുണ്ട പരിചാരകബാലന്മാർ, കൈത്തണ്ടകളിൽ പ്രാപ്പിടിയന്മാരുമായി ചിരിക്കുന്ന പ്രഭ്വികൾ, പഴങ്ങളും അപ്പങ്ങളും വാത്തുകളും നിറച്ച കൂടകൾ തലയിലേന്തിയ ദേവിമാരും വനദേവതമാരും, ബവേറിയൻ പാല്ക്കട്ടിയോ നാനാവർണ്ണമായ ഐസ്ക്രീമോ നിറച്ച ചഷകങ്ങളെടുത്തുനീട്ടുന്ന ഹീബിയും ഗാനിമീഡും- തീറ്റഭ്രാന്തിനു വിടുപണി ചെയ്യാൻ ചരിത്രവും പുരാണവും.

നമുക്കു നേരേ മുന്നിലായി നടപ്പാതയിൽ നാല്പതു കഴിഞ്ഞ നല്ലൊരു മനുഷ്യൻ നില്പുണ്ടായിരുന്നു: ക്ഷീണിച്ച മുഖം, നരച്ചുതുടങ്ങിയ താടി; ഒരാൺകുട്ടി അയാളുടെ ഒരു കൈ പിടിച്ചുനില്ക്കുന്നു, നടക്കാനുള്ള പ്രായമാകാത്ത മറ്റൊരു കുട്ടിയെ അയാൾ മറ്റേക്കൈയിൽ എടുത്തിരിക്കുന്നു. കുട്ടികളെ നോക്കുന്ന ജോലി ഏറ്റെടുത്ത അയാൾ അവരേയും കൊണ്ട് വൈകുന്നേരം നടക്കാനിറങ്ങിയതായിരിക്കും. എല്ലാവരും കീറത്തുണിയാണിട്ടിരിക്കുന്നത്. മൂന്നു മുഖങ്ങളും ഒരസാധാരണഗൗരവം പൂണ്ടിരിക്കുന്നു; ആറു കണ്ണുകൾ ആ പുതിയ കഫേയെ ഉറ്റുനോക്കുകയാണ്‌, ഒരേ ആരാധനയോടെ, എന്നാൽ, പ്രായത്തിനനുസരിച്ചുള്ള വ്യത്യാസത്തോടെ.

അച്ഛന്റെ കണ്ണുകൾ പറഞ്ഞു: “എന്തു ഭംഗിയാണ്‌! എന്തു ഭംഗിയാണ്‌! ഈ പാവപ്പെട്ട ലോകത്തെ സ്വർണ്ണമെല്ലാം ആ ചുമരുകളിലുണ്ടെന്നു തോന്നിപ്പോകും.” ആൺകുട്ടിയുടെ കണ്ണുകൾ പറഞ്ഞു: “എന്തു ഭംഗിയാണ്‌! എന്തു ഭംഗിയാണ്‌! എന്നാൽ ഞങ്ങളെപ്പോലല്ലാത്തവർക്കേ ആ വീട്ടിൽ കയറാൻ പറ്റൂ.“ മറ്റേക്കുഞ്ഞിന്റെ കണ്ണുകളാവട്ടെ, മൂഢവും തീവ്രവുമായ ഒരാനന്ദമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാൻ പറ്റാത്തവിധം വശീകരണത്തിനടിപ്പെട്ടിരിക്കുകയായിരുന്നു. 

ആനന്ദം ആത്മാവിനെ നവീകരിക്കുകയും ഹൃദയത്തെ ആർദ്രമാക്കുകയും ചെയ്യുന്നുവെന്നല്ലേ പാട്ടെഴുത്തുകാർ പറയുന്നത്. എന്റെ കാര്യത്തിൽ ആ വൈകുന്നേരത്ത് പാട്ടുകൾ പറഞ്ഞതു ശരിതന്നെയായിരുന്നു. ആ കണ്ണുകളുടെ കുടുംബം എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു എന്നു മാത്രമല്ല, നമ്മുടെ മേശപ്പുറത്തെ ഗ്ലാസ്സുകളും കുപ്പികളും എന്നെ തെല്ലൊന്നു നാണിപ്പിക്കുകയും ചെയ്തു; നമ്മുടെ ദാഹത്തേക്കാൾ എത്രയോ വലുതായിരുന്നു അവ. എന്റെ നോട്ടം ഞാൻ നിന്റെ കണ്ണുകളിലേക്കു തിരിച്ചു, പ്രിയേ; എന്റെ ചിന്തകൾ അവിടെയും വായിക്കാമെന്നു ഞാൻ കരുതി. അത്ര മനോഹരവും അത്ര വിചിത്രമാം വിധം സൗമ്യവുമായ നിന്റെ കണ്ണുകളിലേക്ക്, ചാപല്യത്തിനിരിപ്പിടവും ചന്ദ്രൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിന്റെ പച്ചക്കണ്ണുകളിലേക്ക് ഞാൻ ആണ്ടിറങ്ങി. അപ്പോൾ നീ പറഞ്ഞു: ”ആ നില്ക്കുന്നവരെ എനിക്കു തീരെ പിടിക്കുന്നില്ല; വായും പൊളിച്ചുള്ള നില്പു കണ്ടില്ലേ! വെയ്റ്ററോടു പറഞ്ഞ് അവരെ ഓടിച്ചുവിടരുതോ?“

പരസ്പരം മനസ്സിലാക്കുക അത്ര ദുഷ്കരമാണെന്റെ പ്രിയപ്പെട്ട മാലാഖേ, അതിനി അന്യോന്യം സ്നേഹിക്കുന്നവരാണെങ്കിലും!


അഭിപ്രായങ്ങളൊന്നുമില്ല: