ദനീൽ ഖാർമ്‌സ് Daniil Kharms (1905-1942)
----------------------------------------------------
റഷ്യൻ അവാങ്ങ്-ഗാർഡിൽ പെട്ട ദനീൽ ഖാർമ്‌സിൻ്റെ ജീവിതമാർഗ്ഗം ബാലസാഹിത്യമായിരുന്നു. എന്നാൽ 1937ൽ ഒരു ബാലമാസികയിൽ വന്ന ‘ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി...’ എന്ന കവിതയ്ക്കു ശേഷം ഒരു കൊല്ലത്തേക്ക് അദ്ദേഹത്തിനു യാതൊന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. സ്റ്റാലിൻ ഭരണകാലത്തെ ശുദ്ധീകരണത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി അധികാരികൾ അതു കണ്ടതാണ് കാരണം. പട്ടിണിയിലായിരുന്നെങ്കിലും അദ്ദേഹം കവിതകളും വിചിത്രകഥകളുമെഴുതി തന്റെ മേശവലിപ്പുകൾ നിറച്ചു. 1941 ആഗസ്റ്റിൽ നാസി ഉപരോധത്തിനു തൊട്ടുമുമ്പ് അദ്ദേഹം അറസ്റ്റിലായി; പരാജയമനോഭാവം വളർത്തുന്ന കൃതികളെഴുതി എന്നതായിരുന്നു ആരോപണം. വിചാരണയ്ക്കിടെ ഖാർമ്‌സിനെ ബുദ്ധിസ്ഥിരതയില്ലാത്തവനായി പ്രഖ്യാപിക്കുകയും ഒരു പട്ടാളജയിലിൽ തടവിലാക്കുകയും ചെയ്തു. 1942 ഫെബ്രുവരിയിൽ ലെനിൻ ഗ്രാഡിൽ ക്ഷാമം രൂക്ഷമായ സമയത്ത് അദ്ദേഹം ജയിലിൽ പട്ടിണി കിടന്നു മരിച്ചു.
ഒരു യക്ഷിക്കഥ
-------------------
ഒരിക്കൽ ഒരിടത്ത് സെമ്യോനോവ് എന്നുപേരുള്ള ഒരാളുണ്ടായിരുന്നു.
ഒരു ദിവസം നടക്കാൻ പോയപ്പോൾ സെമ്യോനോവിന് തന്റെ തൂവാല നഷ്ടമായി.
ഒരു തൂവാല നോക്കിപ്പോയ സെമ്യോനോവിന് തന്റെ തൊപ്പിയും നഷ്ടമായി.
തൊപ്പി നോക്കി നടക്കുമ്പോൾ അയാൾക്ക് ജാക്കറ്റ് നഷ്ടമായി.
അയാൾ ജാക്കറ്റ് നോക്കി നടക്കവേ ചെരുപ്പുകൾ നഷ്ടപ്പെട്ടു.
-അതെ- സെമ്യോനോവ് പറഞ്ഞു- ഇതൊരു നഷ്ടമാണ്- ഞാൻ വീട്ടിലേക്കു പോകുന്നു.
സെമ്യോനോവ് വീട്ടിലേക്കു നടക്കാൻ തുടങ്ങി-അയാൾക്കു വഴി തെറ്റി.
-ഇല്ല- സെമ്യോനോവ് പറഞ്ഞു- ഞാൻ ഇരിക്കാൻ പോവുകയാണ്. എന്നിട്ടയാൾ ഇരുന്നു.
അയാൾ ഒരു പാറക്കല്ലിന്മേലിരുന്നു, എന്നിട്ടയാൾ ഉറക്കവുമായി.
(1933)
നീല നോട്ടുബുക്ക് നം.10
--------------------------
ഒരിക്കൽ ഒരിടത്ത് കണ്ണും ചെവിയുമില്ലാത്ത ഒരു ചെമ്പൻമുടിക്കാരനുണ്ടായിരുന്നു. അയാൾക്കു മുടിയും ഇല്ലായിരുന്നു; അതിനാൽ ചെമ്പൻമുടിക്കാരൻ എന്നു പറഞ്ഞത് ആലങ്കാരികമായിട്ടാണ്.
അയാൾക്കു സംസാരിക്കാൻ പറ്റിയിരുന്നില്ല; അതിനു വായ വേണ്ടേ? മൂക്കും അയാൾക്കില്ലായിരുന്നു.
കൈകാലുകൾ പോലും അയാൾക്കില്ലായിരുന്നു. അയാൾക്കാമാശയമില്ലായിരുന്നു, മുതുകില്ലായിരുന്നു, നട്ടെല്ലില്ലായിരുന്നു, കുടലുകളുമില്ലായിരുന്നു. അയാൾക്കു യാതൊന്നുമില്ല്ലായിരുന്നു! അതിനാൽ ആരെക്കുറിച്ചാണു നാം ഈ സംസാരിക്കുന്നതെന്ന് എങ്ങനെയറിയാൻ?
അയാളെക്കുറിച്ച് ഇനിയൊന്നും മിണ്ടാതിരിക്കുന്നതു തന്നെയാണ് നല്ലത്.
(1937)
താഴേക്കു വീഴുന്ന കിഴവികൾ
-----------------------------------
ജിജ്ഞാസയുടെ കൂടുതൽ കാരണം ഒരു കിഴവി ജനാലയിൽ നിന്നു താഴേക്കു വീണ്, തറയിലിടിച്ച് കഷണങ്ങളായി.
തറയിൽ വീണു കഷണങ്ങളായതാരാണെന്നു നോക്കാൻ മറ്റൊരു ജനാലയിൽ നിന്നു പുറത്തേക്കു തലയിട്ടു നോക്കിയ മറ്റൊരു കിഴവി, അവരും താഴെവീണ്, തറയിലിടിച്ച്, കഷണങ്ങളായി.
പിന്നെ മൂന്നാമതൊരു കിഴവി ജനാലയിലൂടെ താഴേക്കു വീണു, തുടർന്ന് നാലാമതൊന്ന്, അഞ്ചാമതൊന്ന്.
ആറാമത്തെ കിഴവിയും വീണപ്പോൾ ഇനി കണ്ടുനിന്നതു മതിയായി എന്നെനിക്കു തോന്നുകയും ഞാൻ മാൾട്സേവ് മാർക്കറ്റിലേക്കു പോവുകയും ചെയ്തു; ഒരു കണ്ണുപൊട്ടന് അവിടെ ഒരു ഷാളു കൊടുത്തതായി ഞാൻ കേട്ടിരുന്നു.
(1937)
ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി...
---------------------------------------
ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി,
കയ്യിലൊരൂന്നുവടിയും ഒരു ചാക്കുമായി,
അയാൾ നടന്നുപോയി,
അയാൾ നടന്നുപോയി,
അയാൾ തിരിഞ്ഞുനോക്കിയതേയില്ല.
കണ്ണു ചെല്ലുന്നിടത്തോളം അയാൾ നടന്നു:
മുന്നിലുള്ളതെന്താണെന്നയാൾ കണ്ടു,
അയാളൊന്നും കുടിച്ചില്ല,
അയാളുറങ്ങിയില്ല,
ഉറങ്ങുകയോ കുടിക്കുകയോ തിന്നുകയോ ചെയ്തില്ല.
പിന്നൊരിക്കലൊരു പ്രഭാതത്തിൽ
ഒരിരുണ്ട വനത്തിലേക്കയാൾ കടന്നു,
അന്നേ ദിവസം,
അന്നേ ദിവസം,
അയാളെ എന്നെന്നേക്കുമായി കാണാതാവുകയും ചെയ്തു.
എവിടെയെങ്കിലും വച്ച് സംഗതിവശാൽ
നിങ്ങളയാളെ കാണുകയാണെങ്കിൽ,
അമാന്തം വിചാരിക്കരുതേ,
അമാന്തം വിചാരിക്കരുതേം
അമാന്തം വിചാരിക്കാതെ ഞങ്ങളെ അറിയിക്കണേ.
(1937)
ഒരു ഗീതകം
----------------
അതിവിചിത്രമായ ഒരു സംഗതി ഇന്നെനിക്കു പറ്റി: 7 ആണോ 8 ആണോ ആദ്യം വരുന്നതെന്ന് പെട്ടെന്നു ഞാൻ മറന്നുപോയി.
ഇക്കാര്യത്തിൽ എന്താണവരുടെ അഭിപ്രായമെന്ന് ഞാൻ അയല്ക്കാരോടു പോയി ചോദിച്ചു.
അക്കങ്ങളുടെ ക്രമം പെട്ടെന്നു തങ്ങളും മറന്നുപോയതായി കണ്ടപ്പോൾ അവർക്കും എനിക്കും വല്ലാത്ത വിസ്മയമായി. 1,2,3,4,5,6 വരെ അവർക്കോർമ്മ വരുന്നുണ്ട്; എന്നാൽ തുടർന്നു വരുന്നത് ഏതാണെന്ന് അവർക്കോർമ്മ കിട്ടുന്നില്ല.
ഈ വിഷമാവസ്ഥയ്ക്കൊരു പരിഹാരം കാണാനായി ഞങ്ങൾ എല്ലാവരും കൂടി സ്നമെൻസ്ക്കായ തെരുവിനും ബസ്സെയ്നായ തെരുവിനുമിടയിലുള്ള മൂലയിലെ പലചരക്കുകടയിലെ കാഷ്യറെ ചെന്നുകണ്ടു. കാഷ്യർ ഞങ്ങളെ നോക്കി വിഷാദത്തോടെ ഒന്നു പുഞ്ചിരിച്ചു, വായ്ക്കുള്ളിൽ നിന്ന് ചെറിയൊരു ചുറ്റിക എടുത്തുമാറ്റി, മൂക്ക് മുന്നിലേക്കും പിന്നിലേക്കും ചെറുതായൊന്നു ചലിപ്പിച്ചു; എന്നിട്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു:
എന്റെ അഭിപ്രായത്തിൽ ഒരേഴ് ഒരെട്ടിനു ശേഷമാണു വരിക, ഒരേഴിനു ശേഷം ഒരെട്ടാണു വരുന്നത് എന്നുണ്ടെങ്കിൽ.
ഞങ്ങൾ കാഷ്യർക്കു നന്ദി പറഞ്ഞിട്ട് സന്തോഷത്തോടെ കടയിൽ നിന്നു പുറത്തേക്കോടി. പക്ഷേ പുറത്തുവന്ന്, കാഷ്യറുടെ വാക്കുകളെക്കുറിച്ച് കാര്യമായിട്ടൊന്നു ചിന്തിച്ചുനോക്കിയപ്പോൾ ഞങ്ങളെ പിന്നെയും വിഷാദം ബാധിച്ചു; കാരണം അവരുടെ വാക്കുകൾ നിരർത്ഥകമായിരുന്നു.
ഞങ്ങളിനി എന്തു ചെയ്യണമെന്നാണ്? ഞങ്ങൾ പാർക്കിൽ ചെന്ന് മരങ്ങളുടെ എണ്ണമെടുക്കാൻ തുടങ്ങി. പക്ഷേ ആറു വരെ എണ്ണി നിർത്തിയിട്ട് ഞങ്ങൾ തർക്കിക്കാൻ തുടങ്ങി. ചിലരുടെ അഭിപ്രായത്തിൽ ഇനി വരേണ്ടത് ഒരു 7 ആണ്, എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അത് 8 ആയിരുന്നു.
ഞങ്ങളിങ്ങനെ അന്തമില്ലാതെ തർക്കിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ഭാഗ്യത്തിന് ഒരു കുട്ടി ഒരു ബെഞ്ചിൽ നിന്നു താഴെ വീണ് താടിയെല്ലു രണ്ടും പൊട്ടിക്കുന്നത്. തർക്കത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഞങ്ങൾക്കതു നിമിത്തമായി.
പിന്നെ ഞങ്ങളെല്ലാം അവരവരുടെ വീടുകളിലേക്കു പോയി.
(1935 നവംബർ 12)
ഒരു പാറക്കല്ലെറിഞ്ഞു ചന്ദ്രനിൽ കൊള്ളിക്കാമോ?
------------------------------------------------------------------------
രാത്രിക്കു നല്ല ഇരുട്ടായിരുന്നു. നക്ഷത്രങ്ങൾ പ്രകാശിച്ചിരുന്നു എന്നതു സത്യം തന്നെ; എന്നാൽ അവയുടെ വെളിച്ചം കൊണ്ടു വലിയ കാര്യമുണ്ടായില്ല. അതിന്റെ വെട്ടത്തിൽ ഒന്നും നന്നായി കാണാൻ പറ്റിയിരുന്നില്ല. ഇതാ, ഇവിടെത്തന്നെ ഒരു മരമുണ്ടായിരുന്നുവെന്നു വരാം, അല്ലെങ്കിൽ ഒരു സിംഹം, അല്ലെങ്കിൽ ഒരാന, അതുമല്ലെങ്കിൽ ഒന്നുമില്ലെന്നും വരാം. എന്നാലപ്പോൾ ചന്ദ്രനുദിക്കുകയും എല്ലായിടത്തും വെളിച്ചമുണ്ടാവുകയും ചെയ്തു. അപ്പോൾ ഒരു മലഞ്ചരിവ് കാഴ്ചയിലേക്കു വന്നു; മലഞ്ചരിവിൽ ഒരു ഗുഹയും ഇടത്തായി ഒരു പാടവും വലത്തൊരു നദിയും നദിക്കപ്പുറം കാടും കാണാറായി.
ഗുഹയിൽ നിന്ന് രണ്ടാൾക്കുരങ്ങുകൾ നാലുകാലിൽ പുറത്തേക്കു വന്നു. അവ എഴുന്നേറ്റ് പിൻകാലുകളിൽ നിന്നിട്ട് നീണ്ട കൈകളുമാട്ടി വേയ്ക്കുന്നപോലെ നടക്കാൻ തുടങ്ങി.
ഒഴിവുദിവസം
--------------
ഒരു കെട്ടിടത്തിന്റെ മേല്ക്കൂരയിലിരുന്ന് രണ്ടു ഡ്രാഫ്റ്റ്സ്മാന്മാർ ചോളപ്പൊരി കഴിക്കുകയായിരുന്നു.
അവരിലൊരാൾ പെട്ടെന്ന് ഒരാർപ്പുവിളിയോടെ പോക്കറ്റിൽ നിന്ന് ഒരു നീണ്ട തൂവാല പുറത്തെടുത്തു. ഉഗ്രനൊരൈഡിയ- താൻ ഒരിരുപതു കോപ്പക്കിന്റെ നാണയം തൂവാലയുടെ ഒരറ്റത്തു കെട്ടിയിട്ട് അത് തെരുവിലേക്കെറിയാൻ പോവുകയാണ്. എന്താണു സംഭവിക്കുന്നതെന്നു കാണാമല്ലോ.
രണ്ടാമത്തെ ഡ്രാഫ്റ്റ്സ്മാൻ ആ ഐഡിയയിൽ കയറിപ്പിടിച്ചു. അയാൾ തന്റെ ചോളപ്പൊരി തീർത്തിട്ട് മൂക്കൊന്നു ചീറ്റുകയും വിരൽ നക്കുകയും ചെയ്തിട്ട് ആദ്യത്തെ ഡ്രാഫ്റ്റ്സ്മാന്റെ പ്രവൃത്തി കാണാൻ തയാറായി ഇരുന്നു.
അപ്പോഴല്ലേ, തൂവാലയും ഇരുപതു കോപ്പക്കിന്റെ നാണയവും വച്ചുള്ള ആ പരീക്ഷണത്തിന് പ്രതീക്ഷിക്കാത്ത ഒരു തടസ്സമുണ്ടാവുന്നു! അവർ ഇരുവരുമിരുന്ന ആ ആ മേല്ക്കൂരയിൽ അവരുടെ ശ്രദ്ധയാകർഷിച്ച ഒരു സംഭവം നടന്നു.
ജാനിറ്റർ ഇബ്രാഹിം നിറം മങ്ങിയ കൊടി കെട്ടിയ ഒരു നീണ്ട വടി ചിമ്മിനിയിൽ ആണിയടിച്ചു വയ്ക്കുകയാണ്.
കാര്യമെന്താണെന്നു ഡ്രാഫ്റ്റ്സ്മാന്മാർ ചോദിച്ചപ്പോൾ ഇബ്രാഹിം പറഞ്ഞു: “ഇന്നു നഗരത്തിൽ ഒഴിവുദിവസമാണെന്നാണ് ഇതിന്റെ അർത്ഥം.”
“അതെന്തൊഴിവുദിവസമാണ്, ഇബ്രാഹിമേ?” ഡ്രാഫ്റ്റ്സ്മാന്മാർ ചോദിച്ചു.
“നമ്മുടെ പ്രിയകവി ഒരു പുതിയ കവിത എഴുതിയിരിക്കുന്നു; അതിനാൽ ഇന്നവധിയാണ്,” ഇബ്രാഹിം പറഞ്ഞു.
ഡ്രാഫ്റ്റ്സ്മാന്മാർ തങ്ങളുടെ അജ്ഞതയിൽ നാണം കെട്ട് വായുവിൽ അലിഞ്ഞുപോവുകയും ചെയ്തു.