2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

കെൻസാബുറോ ഓ

 ചോദ്യം: സാഹിത്യജീവിതത്തിന്റെ ആദ്യകാലത്ത് താങ്കൾ പലരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. താങ്കൾ നല്ലൊരു അഭിമുഖകാരൻ ആണോ?

കെൻസാബുറോ ഓ: അല്ല, അല്ല, അല്ല. അഭിമുഖത്തിനു വിധേയനാവുന്ന വ്യക്തി പുതിയതായി എന്തെങ്കിലും വെളിപ്പെടുത്തുന്നുണ്ടെങ്കിലേ അത് നല്ലൊരു അഭിമുഖം ആകുന്നുള്ളു. നല്ലൊരു അഭിമുഖകാരൻ ആകാനുള്ള കഴിവെനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല; കാരണം, പുതിയതായി എന്തെങ്കിലും പുറത്തുകൊണ്ടുവരാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല. 

1960ൽ ചെയർമാൻ മാവോയെ ഇന്റർവ്യൂ ചെയ്യാൻ തിരഞ്ഞെടുത്ത അഞ്ച് ജാപ്പനീസ് എഴുത്തുകാരിൽ ഒരാൾ ഞാനായിരുന്നു. യു.എസ്-ജപ്പാൻ സുരക്ഷാ ഉടമ്പടിക്കെതിരായുള്ള പ്രതിഷേധപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ചൈനയിലേക്കു പോയത്. അഞ്ചുപേരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. രാത്രിയിൽ വളരെ വൈകിയാണ്‌ ഞങ്ങൾ അദ്ദേഹത്തെ കണ്ടത്- പുലർച്ചെ ഒരു മണിയ്ക്ക്. ഇരുളടഞ്ഞ ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അത്ര ഇരുട്ടായതിനാൽ തൊട്ടടുത്ത് ഒരു മുല്ലവള്ളിയുള്ളത് ഞങ്ങൾക്കു കാണാൻ പറ്റിയില്ല; എന്നാൽ ഞങ്ങൾക്കതിന്റെ മണം കിട്ടുകയും ചെയ്തു. ആ മുല്ലപ്പൂവിന്റെ മണത്തെ പിന്തുടർന്നുചെന്നാൽ നമുക്ക് മാവോയുടെ അടുത്തെത്താൻ പറ്റുമെന്ന് ഞങ്ങൾ തമാശയായി പറയുകയും ചെയ്തു. മതിപ്പു തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം- അസാധാരണമാം മട്ടിൽ വലിപ്പമുള്ള ഒരു രൂപം, ഏഷ്യൻ മാനദണ്ഡം വച്ചുനോക്കിയാൽ വിശേഷിച്ചും. ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ അനുവാദമുണ്ടായിരുന്നില്ല; അതുപോലെ, നേരിട്ടു ഞങ്ങളോടു സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി ഷൂ എൻലായിയോടാണ്‌ അദ്ദേഹം സംസാരിച്ചത്. അത്രനേരവും സ്വന്തം പുസ്തകങ്ങളിൽ നിന്ന്- പദം പ്രതി- അദ്ദേഹം ഉദ്ധരിക്കുകയുമായിരുന്നു. അത് വല്ലാതെ ബോറടിപ്പിക്കുന്നതായിരുന്നു. വലിയൊരു സിഗററ്റ് പെട്ടിയിൽ നിന്ന് അദ്ദേഹം നിരന്തരം സിഗററ്റെടുത്ത് വലിച്ചുകൊണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ ഷൂ -കളിയായി- സിഗററ്റ് പെട്ടി നിരക്കിമാറ്റിക്കൊണ്ടിരുന്നു; എന്നാൽ മാവോ പിന്നെയും കയ്യെത്തിച്ച് അത് തന്റെയടുത്തേക്കു നീക്കിവയ്ക്കും.

അടുത്ത കൊല്ലം ഞാൻ സാർത്രിനെ ഇന്റർവ്യൂ ചെയ്യാൻ പോയി. സാങ്ങ്ത്-ജെർമെയ്ൻ-ദെസ്-പ്രെസിൽ ഞാൻ ചെറിയൊരു മുറിയെടുത്തു. ഞാൻ ആദ്യം കേട്ട ശബ്ദം പുറത്ത് പ്രകടനക്കാരുടെ “അൾജീരിയയിൽ സമാധാനം!” എന്ന മുദ്രാവാക്യമായിരുന്നു. എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സാർത്ര്. മാവോയെപ്പോലെ അദ്ദേഹവും താൻ പ്രസിദ്ധപ്പെടുത്തിയ സംഗതികൾ - Existentialism is Humanism, Situations- ആവർത്തിക്കുകയാണു ചെയ്തത്. അതുകാരണം ഞാൻ കുറിപ്പെടുക്കുന്നതു നിർത്തി. പുസ്തകങ്ങളുടെ പേരുകൾ മാത്രം ഞാൻ കുറിച്ചുവച്ചു. ആളുകൾ ന്യൂക്ലിയർ ആയുധങ്ങളെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു; അതേ സമയം ന്യൂക്ലിയർ ആയുധങ്ങളുള്ള ചൈനയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ന്യൂക്ലിയർ ആയുധങ്ങൾ ആരു കൈവശം വയ്ക്കുന്നതിനെയും ഞാൻ കഠിനമായി എതിർത്തു; എന്നാൽ ആ വിഷയത്തിൽ സാർത്രിനെക്കൊണ്ട് അഭിപ്രായം പറയിക്കാൻ എനിക്കായില്ല. അദ്ദേഹത്തിന്റെ മറുപടി ആകെ ഇതായിരുന്നു: അടുത്ത ചോദ്യം.

*

ചോദ്യം: വിശ്വാസിയായിരിക്കുക എന്നത് എഴുത്തുകാരന്‌ ഒരു ഭാരമാണെന്നു കരുതുന്നുണ്ടോ?

കെൻസാബുറോ ഓ: ജാപ്പനീസിൽ ഭാരം എന്ന വാക്കെഴുതുമ്പോൾ അതിൽ ‘കനത്ത’ എന്നതിന്റെ അക്ഷരം കൂടി വരും. മതം- വിശ്വാസം- ഒരു കനത്ത ഭാരമാണെന്ന് ഞാൻ കരുതുന്നില്ല; അതേ സമയം, എനിക്കു ബന്ധുത്വം തോന്നുന്ന എഴുത്തുകാരും ചിന്തകരും വിശ്വാസത്തിന്റെ കാര്യത്തിൽ എനിക്കുള്ള ചിന്തകളും വികാരങ്ങളും പങ്കിടുന്നവരാണ്‌. അവരിൽ നിന്നു പഠിക്കുക എന്നത് ഞാനൊരു ശീലമാക്കിയിരിക്കുന്നു. എനിക്കടുപ്പം തോന്നാത്ത മറ്റെഴുത്തുകാരുമുണ്ട്; കാരണം, വിശ്വാസത്തെക്കുറിച്ച് അവർക്കുള്ള ചിന്തകളും വികാരങ്ങളും ഞാൻ പങ്കിടുന്നവയല്ല. ടോൾസ്റ്റോയ്, ഉദാഹരണത്തിന്‌, എനിക്കടുപ്പം തോന്നാത്ത ഒരെഴുത്തുകാരനാണ്‌.

ഞാൻ വിശ്വാസിയല്ല, ഭാവിയിൽ അങ്ങനെയായേക്കാമെന്നും ഞാൻ കരുതുന്നില്ല. എന്നാൽ ഞാൻ നിരീശ്വരവാദിയുമല്ല. എന്റെ വിശ്വാസം മതേതരനായ ഒരാളുടേതാണ്‌. നിങ്ങൾക്കതിനെ “ധാർമ്മികത” എന്നു വിളിക്കാം. ജീവിതകാലമുടനീളം ഞാൻ കുറച്ചു ജ്ഞാനമൊക്കെ ആർജ്ജിച്ചിട്ടുണ്ട്; അതു പക്ഷേ, യുക്തിയിലൂടെയും ചിന്തയിലൂടെയും അനുഭവത്തിലൂടെയുമായിരുന്നു. ഞാൻ യുക്തിവാദിയായ ഒരാളാണ്‌, എന്റെ പ്രവൃത്തികൾക്കടിസ്ഥാനം സ്വാനുഭവമാണ്‌. എന്റെ ജീവിതരീതി മതേതരനായ ഒരാളുടേതാണ്‌, മനുഷ്യജീവികളെക്കുറിച്ചു ഞാനറിഞ്ഞിട്ടുള്ളതും ആ രീതിയിലാണ്‌. പ്രകൃത്യതീതമായതിനെ ഏതെങ്കിലും മണ്ഡലത്തിൽ വച്ചു ഞാൻ സന്ധിച്ചിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ നാല്പത്തിനാലു കൊല്ലമായി ഹികാരിയുമായുള്ള എന്റെ ജീവിതത്തിൽ വച്ചാണ്‌. ഹികാരിയുമായുള്ള എന്റെ ബന്ധത്തിലൂടെയും അവന്റെ സംഗീതത്തെക്കുറിച്ചുള്ള എന്റെ അറിവിലൂടെയുമാണ്‌ അതീതത്തെക്കുറിച്ച് എനിക്കൊരു നിമിഷദർശനം കിട്ടിയിട്ടുള്ളത്. 

ഞാൻ പ്രാർത്ഥിക്കാറില്ല, എന്നാൽ നിത്യമെന്നോണം ഞാൻ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഞാൻ വിശ്വാസമർപ്പിച്ച ചിന്തകരേയും എഴുത്തുകാരെയും വായിക്കുക എന്നതാണ്‌ ഒന്നാമത്തേത്- എന്നും കാലത്ത് രണ്ടു മണിക്കൂറെങ്കിലും അതു ഞാൻ ചെയ്യുന്നുണ്ട്. രണ്ടാമത്തേത് ഹികാരിയെ സംബന്ധിച്ചതാണ്‌. എന്നും രാത്രിയിൽ ബാത്ത് റൂമിൽ പോകാൻ ഞാൻ ഹികാരിയെ വിളിച്ചുണർത്തും. തിരിച്ച് കട്ടിലിൽ വന്നു കിടക്കുമ്പോൾ എന്തുകൊണ്ടോ തനിയേ ബ്ലാങ്കറ്റെടുത്തു പുതയ്ക്കാൻ അവനു കഴിയാറില്ല; അതിനാൽ ഞാൻ തന്നെ അവനെ പുതപ്പിക്കും. ഹികാരിയെ ബാത്ത് റൂമിൽ കൊണ്ടുപോവുക എന്നത് ഒരനുഷ്ഠാനമാണ്‌; എനിക്കത് മതപരമായ ധ്വനികളുള്ളതാണ്‌. പിന്നെ ഞാൻ തലയിൽ നൈറ്റ്ക്യാപ്പ് ധരിച്ചിട്ട് കിടക്കാൻ പോകും.

[ഹികാരി (വെളിച്ചം എന്നർത്ഥം) കെൻസാബുറോ ഓയുടെ മൂത്ത മകനാണ്‌. ജനിച്ചപ്പോൾത്തന്നെ ബ്രെയ്ൻ ഹെർണിയ ബാധിച്ചിരുന്നു. സംസാരശേഷി തീരെ ഉണ്ടായിരുന്നില്ല. അവനെ ആശ്വസിപ്പിക്കാനും ഉറക്കാനും അച്ഛനും അമ്മയും കിളിയൊച്ചകളും മൊസാർട്ടിന്റെയും ഷോപ്പാങ്ങിന്റെയും സംഗീതവും കേൾപ്പിച്ചിരുന്നു. ആറു വയസ്സുള്ളപ്പോൾ അവൻ ആദ്യമായി ഒരു പൂർണ്ണവാചകം ഉച്ചരിച്ചു. ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ കേട്ട കിളിയുടെ ശബ്ദം ഏതിന്റേതാണെന്ന് അവൻ കൃത്യമായി തിരിച്ചറിയുകയും ചെയ്തു. വൈകാതെ അവൻ ശാസ്ത്രീയസംഗീതത്തോട് പ്രതിപത്തി കാണിച്ചുതുടങ്ങി. ഓ അവനെ ഒരു പിയാനോ ക്ലാസ്സിൽ ചേർക്കുകയും ചെയ്തു. ഇന്ന് ഹികാരി ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതജ്ഞനാണ്‌. ഒരിക്കൽ കേട്ട ഏതു സംഗീതവും തിരിച്ചറിയാനും ഓർത്തെടുക്കാനും ഓർമ്മയിൽ നിന്നു പകർത്തിയെഴുതാനും ഹികാരിക്കു കഴിയും. അതുപോലെ മൊസാർട്ടിന്റെ ഏതു രചനയും ചില സ്വരങ്ങൾ മാത്രം കേട്ടു കഴിഞ്ഞാൽ തിരിച്ചറിയാനുള്ള സിദ്ധിയും അദ്ദേഹത്തിനുണ്ട്. ഹികാരി കൂടുതൽ സമയവും അച്ഛനോടൊപ്പമാണു കഴിയുക. അദ്ദേഹം എഴുതുകയും വായിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ മകൻ പാട്ടു കേൾക്കുകയും സംഗീതരചന നടത്തുകയും ചെയ്യും.]


(1994ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ജാപ്പനീസ് നോവലിസ്റ്റ് കെൻസാബുറോ ഓയുമായി നടത്തിയ പാരീസ് റിവ്യൂ ഇന്റർവ്യൂവിൽ നിന്ന്.)

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഫ്രീഡ്രിക് നീച്ച - വിവർത്തനങ്ങളെക്കുറിച്ച്

 

ഒരു കാലഘട്ടത്തിന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാൻ അതെങ്ങനെയാണ്‌ വിവർത്തനങ്ങൾ ചെയ്യുന്നതെന്നും പൂർവ്വകാലങ്ങളെയും ഗ്രന്ഥങ്ങളെയും അതെങ്ങനെയാണ്‌ സ്വന്തം സത്തയിൽ ഉൾക്കൊള്ളികാൻ ശ്രമിക്കുന്നതെന്നും നോക്കിയാൽ മതി. കൊർണെയ്‌ലിന്റെ കാലത്തെ, വിപ്ലവത്തിന്റെ കാലത്തെ കൂടിയും, ഫ്രഞ്ചുകാർ റോമൻ പൗരാണികതയെ കൈക്കലാക്കിയത്  വികാസം പ്രാപിച്ച ഒരു ചരിത്രബോധം കാരണം നമുക്കു ധൈര്യം തോന്നാത്ത ഒരു രീതിയിലായിരുന്നു. ഇനി റോമൻ പൗരാണികതയുടെ കാര്യം: എത്ര ബലാല്ക്കാരമായും, ഒപ്പം എത്ര ശുദ്ധതയോടെയുമാണ്‌ അതിപുരാതനമായ ഗ്രീക്ക് പൗരാണികതയിൽ നല്ലതായും ഉദാത്തമായും ഉള്ളതിനൊക്കെമേൽ അത് കൈവച്ചത്! റോമൻ വർത്തമാനകാലത്തിലേക്ക് അവരതു വിവർത്തനം ചെയ്തതെങ്ങനെയാണെന്നു നോക്കൂ! എത്ര മനഃപൂർവ്വമായി, ഒരാലോചനയുമില്ലാതെയാണ്‌   നിമിഷം എന്ന പൂമ്പാറ്റയുടെ ചിറകുകളിൽ നിന്ന് അവർ പൊടി തട്ടിക്കളഞ്ഞത്! ഹൊറേസ് ഇടയ്ക്കൊക്കെ അല്ക്കെയോസിനെയോ ആർച്ചിലോക്കസിനെയോ വിവർത്തനം ചെയ്തത് അങ്ങനെയാണ്‌; കല്ലിമാക്കസ്സിനെയും ഫിലേറ്റസ്സിനെയും പ്രൊപ്പേർറ്റിയസ് ചെയ്തതും അങ്ങനെ. മൂലഗ്രന്ഥകാരൻ ഏതനുഭവത്തിൽ നിന്നാണ്‌ ഒരു കവിത എഴുതിയതെന്നോ അതിന്റെ അടയാളങ്ങൾ അയാൾ ആ കവിതയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നോ അവർ എന്തിനു നോക്കണം? പൗരാണികരുടെ അന്വേഷണസ്വഭാവത്തോട് (ചരിത്രബോധത്തിനു മുമ്പുള്ളതാണത്) കവികളെന്ന നിലയിൽ അവർക്കു യാതൊരനുഭാവവും ഉണ്ടായിരുന്നില്ല; തീർത്തും വ്യക്തിപരമായ ആ പേരുകളും കാര്യങ്ങളും ഒരു നഗരത്തിന്റെ, ഒരു തീരപ്രദേശത്തിന്റെ, ഒരു നൂറ്റാണ്ടിന്റെ വേഷമെന്നോ മുഖാവരണമെന്നോ കരുതാവുന്ന യാതൊന്നും കവികളെന്ന നിലയിൽ അവർക്കു പ്രസക്തമായിരുന്നില്ല. അതിനാൽ അതിനൊക്കെപ്പകരമായി അവർ റോമിന്റെ വർത്തമാനകാലയാഥാർത്ഥ്യം എടുത്തുവച്ചു. അവർ നമ്മളോട് ഇങ്ങനെ ചോദിക്കുകയാണെന്നു തോന്നും: “പഴയതിനെ പുതുക്കുകയും അതിൽ നമ്മളെ കണ്ടെത്തുകയുമല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ പ്രാണവായു കൊടുത്ത് ഈ മരിച്ച ശരീരത്തിനു ജീവൻ കൊടുക്കുകയല്ലേ വേണ്ടത്? കാരണം, ഇത് മരിച്ചതാണ്‌; മരിച്ചതൊക്കെ എത്ര വികൃതവുമാണ്‌!” ചരിത്രബോധത്തിന്റെ ആനന്ദങ്ങൾ അവർക്കറിയുമായിരുന്നില്ല; പൊയ്പോയതും അന്യമായതും അവർക്കൊരു മനശ്ശല്യമായിരുന്നു; റോമക്കാരായ സ്ഥിതിയ്ക്ക് മറ്റൊരു റോമൻ കീഴടക്കലിനുള്ള പ്രചോദനമായിട്ടാണ്‌ അവർ അതിനെ കണ്ടത്. അതെ, വിവർത്തനം കീഴടക്കലിന്റെ ഒരു രൂപം തന്നെയായിരുന്നു. അവർ അതിന്റെ ചരിത്രസന്ദർഭം ഒഴിവാക്കുക മാത്രമല്ല, അതിൽ സമകാലികമായ സൂചനകൾ കൂട്ടിച്ചേർക്കുക മാത്രമല്ല, കവിയുടെ പേരു വെട്ടിക്കളഞ്ഞ് പകരം സ്വന്തം പേര്‌ എഴുതിവയ്ക്കുകയും ചെയ്യുന്നു. ചോരണത്തിനു തുല്യമാണത് എന്നവർക്കു തോന്നിയതേയില്ല; അവർ അതു ചെയ്തത് റോമൻ സാമ്രാജ്യത്തിൽ അംഗമായ ഒരാളെന്ന നിലയിൽ എത്രയും തെളിഞ്ഞ മനഃസാക്ഷിയോടെയായിരുന്നു.

2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

കാഫ്ക- കുറുനരികളും അറബികളും

 


ഞങ്ങൾ ഒരു മരുപ്പച്ചയിൽ താവളമടിച്ചിരിക്കുകയായിരുന്നു. എന്റെ കൂട്ടാളികളെല്ലാം ഉറക്കംപിടിച്ചുകഴിഞ്ഞു. ഒരറബിയുടെ നീണ്ടുവെളുത്ത രൂപം എന്നെക്കടന്നുപോയി; ഒട്ടകങ്ങള്‍ക്കു തീറ്റയും വെള്ളവും കൊടുത്ത ശേഷം അയാളും കിടക്കാൻ പോവുകയായിരുന്നു.

ഞാൻ പുല്പരപ്പിൽ മലര്‍ന്നുകിടന്നു. എനിക്കുറങ്ങണമെന്നില്ലായിരുന്നു; എനിക്കുറക്കംവന്നില്ല; അകലെ ഒരു കുറുനരി വിലപിക്കുന്നപോലെ ഓരിയിട്ടു; ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. അത്രദൂരത്തായി തോന്നിയത് പെട്ടെന്ന് വളരെ അടുത്തായി മാറിയിരുന്നു. ഒരുപറ്റം കുറുനരികൾ എനിക്കു ചുറ്റും തിങ്ങിഞെരുങ്ങിനില്ക്കുകയാണ്; മങ്ങിയ സ്വര്‍ണ്ണനിറത്തിൽ കണ്ണുകൾ തെളിഞ്ഞണയുന്നു; ഒരു ചാട്ടവാറിന്റെ ശാസനത്തിൻ കീഴിലെന്നപോലെ അണിയിട്ടുനിന്നു ചടുലമായി ചലിക്കുന്ന ചടച്ച ദേഹങ്ങൾ.

ഒരുവൻ പിന്നിലൂടെ വന്ന് എന്റെ കൈക്കൂട്ടിനുള്ളിലൂടെ മുഖമമര്‍ത്തി, അവന് എൻ്റെ ചൂടു വേണമെന്നപോലെ എന്നോടു ചേര്‍ന്നുനിന്നു; എന്നിട്ടവൻ നേരേമുന്നിൽ വന്നുനിന്ന് മുഖത്തോടുമുഖം നോക്കി ഇങ്ങനെ പറഞ്ഞു: 'ഞാനാണ് ഇപ്രദേശത്തെ ഏറ്റവും പ്രായം കൂടിയ കുറുനരി. അങ്ങയെ സ്വാഗതം ചെയ്യാൻ ജീവനോടെയുണ്ടായതിൽ എനിക്കു സന്തോഷമുണ്ട്. ഞാൻ പ്രതീക്ഷയൊക്കെ വെടിഞ്ഞതായിരുന്നു; കാരണം എത്ര യുഗങ്ങളായിരിക്കുന്നു ഞങ്ങൾ അങ്ങേക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്; എന്റെയമ്മ കാത്തിരുന്നു; അവരുടെയമ്മയും, എന്തിന് അങ്ങേയറ്റം കുറുനരികളുടെ ആദിമാതാവു വരെയുള്ള സകല അമ്മമാരും. ഞാൻ പറയുന്നത് അങ്ങു വിശ്വസിക്കണം.'

'ഇതു കേട്ടിട്ട് എനിക്കത്ഭുതം തോന്നുന്നല്ലോ,' കുറുനരികളെ പുകച്ചോടിക്കാൻ കൈയരികിൽ വച്ചിരുന്ന വിറകുകെട്ടിനു തീകൊളുത്താൻ മറന്നുകൊണ്ട് ഞാൻ പറഞ്ഞു. 'എനിക്കു വല്ലാത്ത അത്ഭുതം തോന്നുന്നു. ഞാൻ അങ്ങു വടക്കു നിന്ന് ഇവിടെയെത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്; എനിക്കിവിടെ വളരെ ഹ്രസ്വമായ സന്ദര്‍ശനമേയുള്ളു. കുറുനരികളേ, നിങ്ങൾക്കെന്താണു വേണ്ടത്?'

ഈ അമിതസൗഹൃദം കണ്ടു ധൈര്യം പകര്‍ന്നിട്ടാവണം, അവ എന്നോടു കുറേക്കൂടി അടുത്തുവന്നു; അവ പല്ലിളിച്ചുകാട്ടി കിതയ്ക്കുകയായിരുന്നു.

'അങ്ങ് വടക്കുനിന്നു വരുന്നയാളാണെന്ന് ഞങ്ങള്‍ക്കറിയാം,' കിഴവൻകുറുനരി തുടങ്ങി, 'ഞങ്ങൾ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതും അതിലാണ്. ഈ അറബികള്‍ക്കിടയിൽ ഇല്ലാത്തതരം ബുദ്ധിശക്തി അവിടെയുണ്ടല്ലോ. ഇവരുടെ തണുത്ത ധാര്‍ഷ്ട്യത്തിൽ ബുദ്ധിയുടെ ഒരു തരി  പോലുമില്ല; അതിൽ സംശയമേ വേണ്ട. ഇവർ തിന്നാൻ വേണ്ടി മൃഗങ്ങളെ കൊല്ലും; പക്ഷേ ശവം തിന്നാൻ വെറുപ്പുമാണ്.'

'ഒച്ച ഉയര്‍ത്തേണ്ട,' ഞാൻ പറഞ്ഞു, 'അറബികൾ അടുത്തുതന്നെ കിടന്നുറങ്ങുന്നുണ്ട്.'

'അങ്ങേയ്ക്ക് ഇവിടുത്തെ കാര്യം ഒന്നും അറിയാത്ത മട്ടാണല്ലോ' കുറുനരി പറഞ്ഞു. 'അല്ലെങ്കിൽ അറബിയെ പേടിച്ച ഒരു കുറുനരി പോലും ചരിത്രത്തിലില്ല എന്ന വസ്തുത അങ്ങറിയേണ്ടതായിരുന്നു. ഞങ്ങൾ അവരെ പേടിച്ചു കഴിയണമെന്നോ? ഇത്തരം ജന്തുക്കള്‍ക്കിടയിൽ ഭ്രഷ്ടരായിക്കഴിയുക എന്നതുതന്നെ മതിയായ ദുര്‍വിധിയായില്ലേ?'

'ആയിരിക്കാം,' ഞാൻപറഞ്ഞു. 'എനിക്കു തീരെ ബന്ധമില്ലാത്ത സംഗതികളെക്കുറിച്ചു തീര്‍പ്പുകല്പിക്കുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടേത്  വളരെ പ്രാചീനമായ ഒരു കുടിപ്പകയാണെന്നു തോന്നുന്നല്ലോ; ഒരു ചോരപ്പക തന്നെയാകാം, അല്ലേ? അതു തീരാൻ ചോരചൊരിച്ചിൽ തന്നെ വേണ്ടിവരും.'

'അങ്ങു വളരെ ബുദ്ധിമാൻ തന്നെ,' കിഴവൻകുറുനരി പറഞ്ഞു; അവയൊന്നടങ്കം ദ്രുതഗതിയിൽ കിതയ്ക്കാൻതുടങ്ങി; അവയുടെ ശരീരങ്ങൾ നിശ്ചലമായിനില്‌ക്കേ ശ്വാസകോശങ്ങൾ ഓടിക്കിതയ്ക്കുകയായിരുന്നു. പലപ്പോഴും പല്ലു കടിച്ചുപിടിച്ചു സഹിക്കേണ്ടിവന്ന ഒരു ചീഞ്ഞ നാറ്റം അവയുടെ പിളര്‍ന്ന വായകളിൽ നിന്നു വമിച്ചു. 'അങ്ങു വളരെ ബുദ്ധിമാൻ തന്നെ; ഞങ്ങളുടെ പഴയ പ്രമാണങ്ങളിൽ പറഞ്ഞിരിക്കുന്നതുതന്നെ അങ്ങിപ്പോൾ പറഞ്ഞതും. ഞങ്ങൾ അവരുടെ ചോര വീഴ്ത്തുന്നു, അതോടെ വഴക്കും തീര്‍ന്നു'

'ഹൊ!' ഉദ്ദേശിച്ചതിലധികം കടുപ്പത്തോടെ ഞാൻ പറഞ്ഞു, 'അവർ പൊരുതും, അവർ നിങ്ങളെ പറ്റത്തോടെ വെടിവച്ചിടും.'

'അങ്ങ് ഞങ്ങളെ തെറ്റിദ്ധരിക്കുകയാണ്,' അവൻ പറഞ്ഞു, 'മനുഷ്യരുടെ ആ രീതി അങ്ങുവടക്കുമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ അവരെ കൊല്ലാൻ പോകുന്നില്ല. അതിന്റെ കറ പോകാൻ നൈല്‍നദിയിലെ വെള്ളം മൊത്തം കൊണ്ടുകഴുകിയിട്ടും കാര്യമില്ല. അവരെ ജീവനോടെ കണ്ടാല്‍ത്തന്നെ ഞങ്ങൾ അങ്ങു മരുഭൂമിയിലെ ശുദ്ധവായുവിലേക്കോടിയൊളിക്കുകയാണ്; അതു ഞങ്ങളുടെ നാടായതും അങ്ങനെയാണ്!'

എനിക്കു ചുറ്റുമുള്ള കുറുനരികൾ -ഇന്നേരമായപ്പോഴേക്കും വളരെയകലെനിന്നു വന്നുചേര്‍ന്നവയും കൂടി അവയുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു-മുന്‍കാലുകള്‍ക്കിടയിൽ തല പൂഴ്ത്തി മുഖം തുടച്ചുതുടങ്ങി; അത്ര ബീഭത്സമായ ഒരറപ്പ് അടക്കിവയ്ക്കാൻ ശ്രമിക്കുകയാണ് അവയെന്നു തോന്നി. അതു കണ്ടിട്ട് അവയ്ക്കിടയിൽ നിന്ന് ഒറ്റച്ചാട്ടം ചാടി രക്ഷപ്പെട്ടുകളയാൻ എനിക്കു തോന്നിപ്പോയി.

'അപ്പോൾ നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?' എഴുന്നേല്ക്കാൻ മുതിര്‍ന്നുകൊണ്ട് ഞാൻ ആരാഞ്ഞു; പക്ഷേ എനിക്കനങ്ങാൻ കഴിഞ്ഞില്ല. ചെറുപ്രായക്കാരായ രണ്ടു കുറുനരികൾ പിന്നിലൂടെ വന്ന് എന്റെകോട്ടിലും ഷര്‍ട്ടിലും കൂടി പല്ലുകളാഴ്ത്തി നില്ക്കുകയായിരുന്നു. എനിക്ക് അങ്ങനെതന്നെ ഇരിക്കേണ്ടിവന്നു. 'അവർ അങ്ങയുടെ വസ്ത്രാഞ്ചലം വഹിക്കുകയാണ്.' കിഴവൻകുറുനരി വ്യഗ്രതയോടെ വിശദീകരിച്ചു; 'ആദരസൂചകമായ ഒരു മര്യാദ.' 'ശരി, ശരി, അവരോട് എന്നെ വിടാൻ പറയൂ,' ഞാൻ ഒച്ചവച്ചു. ഞാൻ അവരുടെ നേര്‍ക്കുതിരിഞ്ഞു: 'എന്നെവിടാൻ!' 'അങ്ങയ്ക്കു നിര്‍ബന്ധമാണെങ്കിൽ ശരി,' കിഴവൻ പറഞ്ഞു, 'പക്ഷേ അതിന് അല്പനേരമെടുക്കും. ആചാരമനുസരിച്ച് അവർ നല്ല ആഴത്തിൽ പല്ലുകൾ താഴ്ത്തിയിട്ടുണ്ട്. സാവധാനത്തിലേ അതു വിടര്‍ത്തിയെടുക്കാനാവൂ. ആ നേരം കൊണ്ട് അങ്ങ് ഞങ്ങളുടെ നിവേദനം കേള്‍ക്കണം.' 'നിങ്ങളുടെ പെരുമാറ്റം എനിക്ക് അതിനുള്ള സന്നദ്ധത ഇല്ലാതാക്കിയല്ലോ,' ഞാൻ പറഞ്ഞു.

'ചാതുര്യമില്ലായ്മയുടെ പേരിൽ ഞങ്ങളെ പഴിക്കരുതേ!' അവൻപറഞ്ഞു; തന്റെ ശബ്ദത്തിനു സ്വാഭാവികമായിട്ടുള്ള ആ ദൈന്യഭാവം അവൻ ആദ്യമായിട്ടു പ്രയോഗിക്കുകയായിരുന്നു; 'ഞങ്ങൾ പാവം ജീവികളാണ്; പല്ലുകളല്ലാതെ ഞങ്ങൾക്കെന്താണുള്ളത്? നല്ലതോ ചീത്തയോ ആയി എന്തു ചെയ്യാനും പല്ലുകളാണ് ഞങ്ങള്‍ക്കാശ്രയം.' 'ആകട്ടെ, നിങ്ങൾക്കെന്താണ് വേണ്ടത്?' അത്ര പ്രസന്നനാകാതെ ഞാൻ ചോദിച്ചു.

'തമ്പുരാനേ,' അവൻ നിലവിളിച്ചു; കുറുനരികൾ ഒന്നടങ്കം ഓരിയിട്ടു; വളരെദൂരെ അതൊരീണം പോലെ കേള്‍ക്കായി. 'ലോകത്തെ വിഭജിക്കുന്ന ഈ കുടിപ്പകയ്ക്ക് അങ്ങുതന്നെ അറുതി വരുത്തണം. അതുചെയ്യുമെന്ന് ഞങ്ങളുടെ പൂര്‍വ്വികർ പ്രവചിച്ചയാളു തന്നെയാണവിടുന്ന്. ഞങ്ങള്‍ക്ക് അറബികളിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കണം; ശ്വസിക്കാൻ പറ്റിയ വായു വേണം; അവരുടെ സാന്നിദ്ധ്യം മലിനപ്പെടുത്താത്ത ചക്രവാളം വേണം; ഒരു മുട്ടനാടും അറബിയുടെ കശാപ്പിനിരയായി കരയരുത്; എല്ലാ മൃഗങ്ങള്‍ക്കും ശാന്തമായൊരന്ത്യം; ഞങ്ങള്‍ക്കു ചോര കുടിക്കാനും എല്ലു കടിച്ചുകാരാനുമായി അവ സമാധാനത്തോടെ കിടന്നുതരട്ടെ. ശുദ്ധി, ശുദ്ധി അതാണ് ഞങ്ങളുടെ ഒരേയൊരാഗ്രഹം'- ഈ നേരമായപ്പോഴേക്കും അവ കരയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു- 'എങ്ങനെ, ഹൊ, എങ്ങനെയാണെന്റെ അഭിജാതമായ ഹൃദയമേ, അനര്‍ഘമധുരമായകുടലേ, നിങ്ങൾ ഈ ജീവിതം സഹിക്കുന്നത്? മലിനമാണവരുടെ വെളുപ്പ്; മലിനമാണവരുടെ കറുപ്പ്; അവരുടെ താടി എത്ര ജുഗുപ്‌സാവഹം; അവരുടെ കണ്‍കോണൊന്നു കണ്ടാല്‍ മതി മനംപുരട്ടാൻഅവർ കൈപൊക്കുമ്പോഴേ കക്ഷത്തു തെളിയുന്ന നരകക്കുഴികൾ. അതിനാൽ തമ്പുരാനേ, പ്രിയമുള്ള തമ്പുരാനേ, അങ്ങയുടെ സര്‍വ്വശക്തമായ കരങ്ങൾ ഞങ്ങളെ പ്രതി ഒന്നുപയോഗപ്പെടുത്തിയാലും, ഈ കത്രിക കൈക്കൊണ്ട് അവറ്റയുടെ തൊണ്ടയറുത്താലും!' അവൻ തലയൊന്നു വെട്ടിച്ചപ്പോൾ ഒരു കുറുനരി യുഗങ്ങളുടെ തുരുമ്പു പിടിച്ച ഒരു ചെറിയ തുന്നല്‍കത്രിക ഒരു തേറ്റപ്പല്ലിൽ തൂക്കിയെടുത്തുകൊണ്ട് ഓടിവന്നു.

'ഹാ, അവസാനം കത്രികയും വന്നു,- ഇനി നിര്‍ത്തിക്കളയാം!' ഞങ്ങളുടെ കാരവന്റെ തലവനായ അറബി ആക്രോശിച്ചു; കാറ്റിന്റെ ദിശയ്‌ക്കെതിരേകൂടി പതുങ്ങിയെത്തിയ അയാൾ തന്റെ വലിയ ചാട്ടയെടുത്തു ചുഴറ്റി.

അവ തിടുക്കത്തിൽ ചിതറിയോടി; എന്നിട്ട് അല്പം അകലെച്ചെന്ന് കൂട്ടംകൂടി നിലംപറ്റിക്കിടന്നു. നൂറുകണക്കിനു മൃഗങ്ങൾ അങ്ങനെ തിങ്ങിഞെരുങ്ങിനില്ക്കുന്നതു കണ്ടപ്പോൾ പൊട്ടിച്ചൂട്ടുകൾ കൊണ്ടലങ്കരിച്ച ഒരിടുക്കുതൊഴുത്തു പോലെ തോന്നി.

'ഇനി യജമാനനേ, താങ്കള്‍ക്കു മറ്റൊരു കാഴ്ച കാണാം', തന്റെ വര്‍ഗ്ഗത്തിന്റെ അടക്കം അനുവദിക്കുന്നത്ര ഹാര്‍ദ്ദമായി ചിരിച്ചുകൊണ്ട് അറബി പറഞ്ഞു. 'അപ്പോൾ ഈ മൃഗങ്ങളുടെ ലക്ഷ്യമെന്താണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നുവെന്നോ!' ഞാൻ ചോദിച്ചു. 'തീര്‍ച്ചയായും', അയാൾ പറഞ്ഞു, 'അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ; അറബികൾ ഉണ്ടായ കാലം തൊട്ട് ഈ കത്രികയും മരുഭൂമിയിൽ ഉഴന്നുനടക്കുകയാണ്; ലോകാവസാനം വരെ അതു ഞങ്ങളോടൊപ്പമുണ്ടാവുകയുംചെയ്യും. ആ മഹല്‍കൃത്യം അനുഷ്ഠിക്കാനായി ഓരോ യൂറോപ്പുകാരനു മുന്നിലും അത് സമര്‍പ്പിക്കപ്പെടുന്നു; ഏതു യൂറോപ്പുകാരനെ കണ്ടാലും അവ കരുതുന്നത് ഇദ്ദേഹമാണ് തങ്ങളുടെ രക്ഷകൻ എന്നാണ്. ഈ ജന്തുക്കൾ തികച്ചും അസംബന്ധമായ ഒരു പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു; വിഡ്ഢികളാണിവ, മുഴുവിഡ്ഢികൾ. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിവയെ ഇഷ്ടവുമാണ്; ഞങ്ങളുടെ നായ്ക്കളാണിവ; നിങ്ങളുടെ നായ്ക്കളേക്കാൾ ചന്തമുള്ളവ. കണ്ടോളൂ, ഇന്നലെ രാത്രി ഒരൊട്ടകം ചത്തുപോയി; അതിന്റെ ശവം ഇവിടെയെത്തിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.'

നാലു ചുമട്ടുകാർ ആ വലിയ ശവം ചുമന്നുകൊണ്ടുവന്ന് ഞങ്ങളുടെ മുന്നിലിട്ടു. അതു തറയിൽ തൊടേണ്ട താമസം, കുറുനരികള്‍ക്കിടയിൽനിന്ന്  വലിയഒ രാരവം ഉയര്‍ന്നു. ചരടുകൾ കെട്ടിവലിക്കുന്നപോലെ തടുക്കാൻ പറ്റാതെ, എന്നാൽ അത്ര നിശ്ചയം പോരാതെ, അടിവയർ നിലംപറ്റെ അവ ഇഴഞ്ഞടുത്തു. അറബികളുടെ കാര്യം അവ മറന്നുകഴിഞ്ഞിരുന്നു, തങ്ങള്‍ക്കവരോടുള്ള തീരാപ്പക മറന്നുകഴിഞ്ഞിരുന്നു; ചോരയൊലിക്കുന്ന ആ പിണത്തിന്റെ ശ്വാസം മുട്ടിക്കുന്ന സാന്നിദ്ധ്യം അവരെ അത്രയ്ക്കു വശീകരിച്ചുകളഞ്ഞു. ഒരു കുറുനരി അതിന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട് ഒറ്റക്കടിയ്ക്ക് ചോരക്കുഴലിൽ പല്ലുകളാഴ്ത്തി. ആളിപ്പടരുന്ന തീ അണയ്ക്കാൻ നിശ്ചയദാര്‍ഢ്യത്തോടെയും അതേസമയം ഹതാശമായും കിണഞ്ഞു യത്‌നിക്കുന്ന ഒരു കൊച്ചുപമ്പുപോലെയായിരുന്നു അവൻഅവന്റെ ഓരോ മാംസപേശിയും തൊലിക്കടിയിൽ വലിഞ്ഞുപിടഞ്ഞു. അധികനേരം കഴിഞ്ഞില്ല, അവയൊന്നൊഴിയാതെ ജഡത്തിനുമേൽ കൂടിക്കിടക്കുകയായി.

പൊടുന്നനേ അറബിത്തലവന്റെ ചാട്ടവാർ തലങ്ങും വിലങ്ങും ചുഴറ്റിയടിച്ചു. അര്‍ദ്ധബോധത്തോടെ അവ തലപൊക്കി; അറബികൾ മുന്നിൽ നില്ക്കുന്നത് അവ കണ്ടു; പെട്ടെന്ന് മോന്തയിൽ ചാട്ടയുടെ ചൂടറിഞ്ഞു; അവ തിരിഞ്ഞുചാടി അല്പമകലേക്കു മാറിനിന്നു. പക്ഷേ അപ്പോഴേക്കും ഒട്ടകത്തിന്റെ ചോര അവിടവിടെ ആവി പറത്തിക്കൊണ്ട് തളം കെട്ടിയിരുന്നു; അതിന്റെ ദേഹം പലേടത്തും പൊട്ടിപ്പിളര്‍ന്നിരുന്നു. അവയ്ക്കു നിലനിന്നില്ല; അവ തിരിച്ചുവന്നു; ചാട്ടയുമായി കൈയുര്‍ന്നു; ഞാൻ തടഞ്ഞു.

'അങ്ങനെയാകട്ടെ, യജമാനനേ,' അയാൾ പറഞ്ഞു, 'ഇതവരുടെ ജോലിയാണല്ലോ- അതവരു നടത്തിക്കോട്ടെ; ഏതായാലും നമുക്കു നീങ്ങാനും സമയമായി. അങ്ങനെ താങ്കൾ അവയെ കണ്ടല്ലോ. അത്ഭുതപ്പെടുത്തുന്ന ജന്തുക്കൾഅല്ലേ? അവര്‍ക്കു ഞങ്ങളോടുള്ള വെറുപ്പു കാണണം!'

*


പാലസ്തീന്റെ കാര്യത്തിൽ ജൂതന്മാരും അറബികളും തമ്മിലുള്ള സമകാലികസംഘര്‍ഷങ്ങളാണ് കാഫ്കയുടെ പ്രമേയം. പാലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ബാല്‍ഫർപ്രഖ്യാപനം (1917 നവംബർ 2) വരുന്നതിന് ഒരുമാസം മുമ്പാണ് ഈ കഥ പ്രസിദ്ധീകരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പാലസ്തീനിലേക്ക് ആദ്യമായി കുടിയേറിയവർ റഷ്യയില്‍ നിന്നുള്ള മതവിശ്വാസികളായ ജൂതന്മാരായിരുന്നു. അവര്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു. അവര്‍ക്കു ശേഷം വന്ന ചെറുപ്പക്കാരായ റഷ്യൻ സയോണിസ്റ്റ് ബുദ്ധിജിവികള്‍ക്ക് മതവിശ്വാസികളായ ഈ ജൂതന്മാർജൂതകുടിയേറ്റത്തിന്റെ പരമദരിദ്രവും പരാശ്രയിയുമായ വശ'മായിരുന്നു. പിന്നീടു വന്ന പാശ്ചാത്യരായ സോഷലിസ്റ്റ് സെക്കുലർ കുടിയേറ്റക്കാര്‍ക്കും ആദ്യകാലത്തെ ജൂതന്മാരുടെ മതഭ്രാന്ത് അന്യമായിരുന്നു.

പാശ്ചാത്യമനസ്സുള്ള സഞ്ചാരിക്ക് കുറുനരികളെ ഗൌരവത്തിലെടുക്കാൻ കഴിയുന്നില്ല. പിന്‍നോക്കികളും വിശ്വാസങ്ങളിൽ കടുംപിടുത്തക്കാരുമായ കുറുനരികൾ തങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ പുറത്തു നിന്നുള്ള സഹായമാണു തേടുന്നത്. അറബികള്‍ക്ക് അവരോടുള്ള മനോഭാവം സഞ്ചാരിക്കു മനസ്സിലാകുന്നുണ്ട്. ഒന്നാം ലോകയുദ്ധകാലത്തും ബാല്‍ഫർ പ്രഖ്യാപനത്തിനു ശേഷം പ്രത്യേകിച്ചും വംശീയവികാരങ്ങൾ ആളിക്കത്തിയിരുന്നു; 'പാലസ്തീൻ ഞങ്ങളുടെ ദേശം, ജൂതന്മാർ ഞങ്ങളുടെ നായ്ക്കളും' എന്ന മുദ്രാവാക്യം പട്ടണങ്ങളിൽ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഇതേ മനോഭാവം തന്നെയാണ് കഥയിലെ അറബിയും പ്രകടിപ്പിക്കുന്നത്: 'അവർ ഞങ്ങളുടെ നായ്ക്കളാണ്; നിങ്ങളുടെ നായ്ക്കളെക്കാൾ ഭംഗിയുള്ളവ!' അറബികള്‍ക്ക് ജൂതന്മാരോടുള്ള വെറുപ്പ് അതേയളവിൽ തിരിച്ചുമുണ്ട്. അറബികളോടു സംസാരിക്കാൻ പോലും നില്ക്കാതെ അവർ മരുഭൂമിയിൽ തങ്ങളുടെ മാളങ്ങളിലേക്കോടിപ്പോവുകയാണ്. തീരാത്ത പ്രവാസമാണ് അവര്‍ക്കു വിധിച്ചിരിക്കുന്നത്. കാഫ്ക പരിചയപ്പെട്ടിരുന്ന സാംസ്‌കാരികസയോണിസത്തിന് 'ജൂദായിസം ദേശീയവും സെക്കുലറുമായ ഒരു സംസ്‌കാരമായി രൂപം മാറിയാൽ മറ്റു സംസ്‌കാരങ്ങളുമായി സ്വതന്ത്രവും സൃഷ്ടിപരവുമായ ഒരു സംവാദത്തിലേക്ക് ജൂതന്മാരെ അതു നയിക്കും' എന്നായിരുന്നു വിശ്വാസം. അങ്ങനെയൊരു പരിവര്‍ത്തനം നടക്കുന്നില്ല എന്നതാണ്ക കുറുനരികളുടെ പ്രശ്‌നം. അതൊരു സിയോണിസ്റ്റ്സ്വപ്നം മാത്രമാണെന്ന്  റിയലിസ്റ്റായ കാഫ്കയ്ക്കറിയാമായിരുന്നു.

(Iris Bruce- Kafka‘’s Journey into the Future)

 


2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മാർക്കസ് ഓറേലിയസ്- ആത്മഭാഷണങ്ങൾ

 മാർക്കസ് ഓറേലിയസ് Marcus Aurelius (121-180)- 161 മുതൽ 180 വരെ റോമൻ ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കുറിപ്പുകളാണ്‌ Ta eis heauton (Meditations). സ്റ്റോയിക് ചിന്ത അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ നിരീക്ഷണങ്ങൾ തനിക്കുതന്നെ ഒരു തെളിച്ചം കിട്ടുന്നതിനു വേണ്ടിയാണ്‌ അദ്ദേഹം എഴുതിവച്ചത്.

*

“മനസ്സമാധാനം വേണമെങ്കിൽ,” ഡിമോക്രിറ്റസ് ഉപദേശിക്കുന്നു “കഴിയുന്നത്ര കുറച്ചു ചെയ്യുക.” കുറച്ചുകൂടി നല്ലത് ഇതല്ലേ: അത്യാവശ്യമുള്ളതു മാത്രം ചെയ്യുക, അതും ഒരു സാമൂഹ്യജീവിയുടെ യുക്തി എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും നിർദ്ദേശിക്കുമ്പോലെ. കുറച്ചു കാര്യങ്ങൾ നന്നായി ചെയ്യുന്നതിന്റെ സംതൃപ്തിയാണ്‌ അതുകൊണ്ടുണ്ടാവുക. നാം പറയുന്നതും ചെയ്യുന്നതും അധികവും അനാവശ്യമാണ്‌; ആവശ്യമില്ലാത്തത് വേണ്ടെന്നു വയ്ക്കൂ, അത്രയും സമയം നിങ്ങൾക്കു ലഭിക്കുന്നു, അത്രയും യത്നം നിങ്ങൾക്കു കുറയുന്നു. അതിനാൽ ഏതു കാര്യം വരുമ്പോഴും സ്വയം ചോദ്യം ചെയ്യുക: “ഇത് അനാവശ്യമാണോ?” അനാവശ്യമായ പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, അന്യാവശ്യമായ ചിന്തയുടെ കാര്യത്തിലും ഇതു ബാധകമാണ്‌.

(IV 24)

പുരികം വളച്ചുകുത്തി രോഗികളെ നിരീക്ഷിച്ചിരുന്ന എത്ര വൈദ്യന്മാരാണ്‌ മരിച്ചുപോയതെന്നോർക്കുക: മറ്റുള്ളവരുടെ മരണം പ്രവചിച്ചിരുന്ന ജ്യോത്സ്യന്മാർ എത്രയായിരുന്നു; മരണത്തെയോ അമരത്വത്തെയോ സംബന്ധിച്ച് അന്തമില്ലാത്ത ചർച്ചകൾ നടത്തിയിരുന്ന എത്ര തത്ത്വചിന്തകന്മാർ; ആയിരക്കണക്കിനാളുകളെ അരിഞ്ഞുതള്ളിയ സൈന്യാധിപന്മാർ; മരണമില്ലാത്ത ദേവന്മാരാണു തങ്ങളെന്നപോലെ അന്യമനുഷ്യർക്കു മേൽ ഭീഷണമായ ഒരൗദ്ധത്യത്തോടെ അധികാരമെടുത്തുപയോഗിച്ച സ്വേച്ഛാധിപതികൾ. അതുപോലെതന്നെ ‘മരണ’ത്തിനു കീഴടങ്ങിയ നഗരങ്ങളുടെ കാര്യം ഓർക്കുക- ഹെലിസ്, പോമ്പൈ, ഹെർക്യുലേനിയം, എണ്ണമറ്റ എത്ര നഗരങ്ങൾ. പിന്നീട്, ഓരോരുത്തരായി നിങ്ങൾക്കു പരിചയമുള്ളവരെ ഓർത്തെടുക്കുക: തന്റെ സ്നേഹിതന്റെ ശവസംസ്കാരത്തിനു പോയി മടങ്ങുന്നവഴി മരണപ്പെട്ട ഒരാൾ, അയാളെ കുഴിച്ചിടുന്ന മൂന്നാമതൊരാൾ- അതും എത്രയും ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ. ഇതിൽ നിന്നെല്ലാം നാമെന്തു നിഗമനത്തിലാണെത്തേണ്ടത്? ക്ഷണികവും ക്ഷുദ്രവുമാണ്‌ മനുഷ്യജീവിതം എന്നുതന്നെ. ഇന്നലെ ഒരു തുള്ളി ശുക്ലം, നാളെ ഒരു പിടി ചാരം. അതിനാൽ കാലത്തിന്റെ ഈ സൂക്ഷ്മകണികയിലൂടെ നാം കടന്നുപോകുന്നത് പ്രകൃതിയുടെ താളത്തിനൊത്തായിരിക്കട്ടെ; അതില്പിന്നെ നാം ഈ ലോകം വിട്ടുപോവുകയും ചെയ്യുക, മൂപ്പെത്തിയ ഒരൊലീവിൻകായ വീഴുന്നപോലെ, തന്നെപ്പോറ്റിയ മണ്ണിനൊരാശംസയുമായി, തന്നെപ്പെറ്റ മരത്തിനൊരു നന്ദിയുമായി.

(IV-48)

പകലിന്റെ തുടക്കത്തിൽ കിടക്ക വിട്ടെഴുന്നേല്ക്കാൻ മടിയായിക്കിടക്കെ ഈ ചിന്ത മനസ്സിലേക്കു കൊണ്ടുവരൂ: “ഒരു മനുഷ്യന്റെ ജോലി ചെയ്യാനാണ്‌ ഞാൻ എഴുന്നേല്ക്കുന്നത്. എന്തിനായിട്ടാണോ ഞാൻ ജനിച്ചത്, എന്തുദ്ദേശ്യത്തിനാണോ എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത്, അതു ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുമ്പോൾ എനിക്കെന്തിനു നീരസം തോന്നണം? അതോ, വിരിപ്പുകൾക്കുള്ളിൽ മൂടിപ്പുതച്ച്, ചൂടും പറ്റിക്കിടക്കാനാണോ എന്നെ സൃഷ്ടിച്ചത്?“ ”പക്ഷേ ഇതല്ലേ കൂടുതൽ സുഖപ്രദം!“ അപ്പോൾ നിങ്ങൾ ജനിച്ചത് സുഖാസ്വാദനത്തിനായിട്ടാണോ, അല്ലാതെ, പ്രവൃത്തിക്കായിട്ടല്ല? ചെടികളെ, കിളികളെ, ഉറുമ്പുകളെ, ചിലന്തികളെ, തേനീച്ചകളെ നിങ്ങൾ കാണുന്നില്ലേ, അവയെല്ലാം തങ്ങൾക്കു പറഞ്ഞിട്ടുള്ള പ്രവൃത്തി ചെയ്യുകയാണ്‌, ഈ ലോകത്തെ ക്രമത്തിലാക്കാൻ തങ്ങളുടേതായ വഴിയിലൂടെ സഹായിക്കുകയാണ്‌. അപ്പോഴാണ്‌ ഒരു മനുഷ്യനു പറഞ്ഞ കർമ്മം ചെയ്യാൻ നിങ്ങൾ മടി കാണിക്കുന്നത്, നിങ്ങളുടെ പ്രകൃതിക്കനുസരിച്ചുള്ള പ്രവൃത്തി ചെയ്യാൻ നിങ്ങൾ തിടുക്കപ്പെടാത്തത്.  ”അതു ശരിതന്നെ, എന്നാലും കുറച്ചു വിശ്രമവും വേണ്ടേ?“ തീർച്ചയായും വേണം, വേണ്ടെന്നു ഞാൻ പറയുന്നില്ല. പക്ഷേ തീറ്റയ്ക്കും കുടിക്കുമെന്നപോലെ വിശ്രമത്തിനും പ്രകൃതി ഒരു പരിധി വച്ചിട്ടുണ്ട്; ആ പരിധി കടക്കാനാണ്‌, തനിക്കാവശ്യമുള്ളതിനുമപ്പുറത്തേക്കു പോകാനാണ്‌ നിങ്ങൾ നോക്കുന്നത്. പ്രവൃത്തിയുടെ കാര്യം വരുമ്പോൾ പരിധി വിടാൻ നിങ്ങൾ ഒരുക്കവുമല്ല, അതിൽ തന്റെ കഴിവിലും താഴെ നില്ക്കാനേ നിങ്ങൾ നോക്കുന്നുള്ളു!

നിങ്ങൾക്ക് നിങ്ങളോട് ശരിക്കും സ്നേഹമില്ല എന്നതാണു വസ്തുത; അങ്ങമെയായിരുന്നെങ്കിൽ സ്വന്തം പ്രകൃതിയേയും അതിന്റെ ഉദ്ദേശ്യത്തെയും നിങ്ങൾ മാനിക്കുമായിരുന്നു. സ്വന്തം തൊഴിലിനെ സ്നേഹിക്കുന്ന കൈവേലക്കാർ കുളിക്കാതെയും കഴിക്കാതെയും പോലുമാണ്‌ തങ്ങളുടെ ജോലിയിൽ മുഴുകുന്നത്. എന്നാൽ ഒരു കൊല്ലൻ ലോഹപ്പണിയിലും നർത്തകൻ നൃത്തത്തിലും പിശുക്കൻ പണത്തിലും പൊങ്ങച്ചക്കാരൻ ഒരു നിമിഷത്തെ യശസ്സിലും കാണിക്കുന്ന പരിഗണന നിങ്ങൾ സ്വന്തം പ്രകൃതിയോടു കാണിക്കുന്നില്ല. തങ്ങൾ തിരഞ്ഞെടുത്ത ഉദ്യമങ്ങളിൽ ഉത്സാഹത്തോടെ മനസ്സർപ്പിക്കുമ്പോൾ ആ മനുഷ്യർ ഉറക്കവും ഭക്ഷണവും വേണ്ടെന്നുവയ്ക്കുന്നു. സമൂഹത്തിനുപകാരപ്പെടുന്ന കാര്യം ചെയ്യുന്നത് വില കുറഞ്ഞ പ്രവൃത്തിയായിട്ടാണോ നിങ്ങളുടെ കണ്ണുകൾ കാണുന്നത്, അത്രയും ആത്മാർപ്പണം അതർഹിക്കുന്നില്ലെന്നാണോ?

(V-1)

താഴെക്കിടന്നു ഞാൻ അന്ത്യവിശ്രമം കൊള്ളുന്ന നിമിഷം വരെയും ഈ പ്രകൃതിയുടെ വഴികളിലൂടെ എന്റെ യാത്ര തുടരും; ദിനവും ഞാൻ ശ്വാസമെടുത്തിരുന്ന ആ വായുവിലേക്കെന്റെ അവസാനനിശ്വാസമയച്ച്, എന്റെ അച്ഛനു ബീജവും അമ്മയ്ക്കു ചോരയും പോറ്റമ്മയ്ക്കു പാലും നല്കിയ ഈ മണ്ണിൽ കിടന്ന്- ഇത്രയും കാലമായി ഒരു നാളും മുട്ടില്ലാതെ എനിക്കു കഴിക്കാനും കുടിക്കാനും നല്കിയ ഈ മണ്ണിൽ, എങ്ങനെയൊക്കെ ഞാൻ അപമാനിച്ചിട്ടും ഇന്നുമെന്റെ കാലടികളെ താങ്ങുന്ന ഈ മണ്ണിൽ.

(V-4)

കൈയിടുക്കുകൾ നാറുന്ന, വായനാറ്റമുള്ള ഒരാളെക്കണ്ടാൽ നിങ്ങൾക്കു കോപം വരുന്നുണ്ടോ? ആ കോപം കൊണ്ടു നിങ്ങൾക്കെന്തു പ്രയോജനമുണ്ടാവാൻ? അയാൾക്കുള്ളത് ദുഷിച്ച വായയാണ്‌, അയാൾക്കുള്ളത് ദുഷിച്ച കൈയിടുക്കുകളാണ്‌; ദുർഗന്ധങ്ങൾക്കും അവയുടെ ഉറവിടങ്ങൾക്കും തമ്മിൽ അനിവാര്യമായ ഒരു ബന്ധവുമുണ്ട്. “എന്നാൽ ആ ജന്തുവിനു ബുദ്ധി കൊടുത്തിട്ടുള്ളതല്ലേ,” നിങ്ങൾ ചോദിക്കുകയാണ്‌, “ഒന്നു ചിന്തിച്ചാൽ അയാൾക്കു മനസ്സിലാക്കാവുന്നതല്ലേയുള്ളു, ആളുകളെ അയാളിൽ നിന്നകറ്റുന്നതെന്തെന്ന്?” അതൊക്കെ ശരിതന്നെ; അതേസമയം നിങ്ങളും അതേബുദ്ധി കൊണ്ടനുഗൃഹീതനല്ലേ? ആ ബുദ്ധി കൊണ്ട് നിങ്ങൾക്കയാളുടെ ബുദ്ധിയെ സ്വാധീനിച്ചുകൂടേ? ചൂണ്ടിക്കാണിക്കുക, ഉപദേശിക്കുക. അയാൾ അതു മനസ്സിരുത്തി കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾ അയാളെ സുഖപ്പെടുത്തിക്കഴിഞ്ഞു, നിങ്ങൾക്കു പിന്നെ വികാരം കൊള്ളേണ്ട കാര്യവുമില്ല; വികാരം കൊള്ളലൊക്കെ നാടകനടന്മാർക്കും വേശ്യകൾക്കും വിട്ടുകൊടുക്കുക.

(V-28)

ഇന്നേരം വരെയും നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നു, ദേവന്മാരോട്, അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, ഭാര്യയോട്, കുട്ടികളോട്, മേലാളന്മാരോട്, അദ്ധ്യാപകരോട്, കൂട്ടുകാരോട്, ബന്ധുക്കളോട്, വേലക്കാരോട്? ഇന്നേരം വരെയും അവരുമായുള്ള ബന്ധങ്ങളിൽ കവി പറഞ്ഞ ആ “ഒരാളോടും കടുപ്പിച്ചുപറയാതെ, ഒരാളോടും കടുപ്പം ചെയ്യാതെ!” എന്ന പ്രമാണമാണോ നിങ്ങൾ അനുവർത്തിച്ചിരുന്നത്? എന്തൊക്കെ നിങ്ങൾ അനുഭവിച്ചുവെന്നും എന്തൊക്കെ നിങ്ങൾ സഹിച്ചുവെന്നും ഒന്നോർത്തുനോക്കുക; നിങ്ങളുടെ ജീവിതകഥയ്ക്കു പര്യവസാനമായെന്നും നിങ്ങളുടെ കർമ്മകാണ്ഡം കഴിഞ്ഞുവെന്നും ചിന്തിക്കുക; എന്തൊക്കെ സുന്ദരദൃശ്യങ്ങൾ നിങ്ങൾ കണ്ടുവെന്നും എത്ര സുഖദുഃഖങ്ങൾ നിങ്ങൾ കാര്യമാക്കാതെവിട്ടുവെന്നും എത്ര ബഹുമതികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും അനർഹരോടെത്ര പരിഗണന കാണിച്ചുവെന്നും ആലോചിച്ചുനോക്കുക.

(V-31)

അധികം വൈകില്ല, നിങ്ങൾ വെറും ചാരമോ നിറം കെട്ട എല്ലുകളോ ആയി മാറും; ഒരു പേരു മാത്രമാകും, അതുപോലുമായില്ലെന്നും വരാം; ഇനി പേരാണെങ്കിൽത്തന്നെ ഒരൊച്ചയും അതിന്റെ മാറ്റൊലിയും മാത്രം. ജീവിതത്തിൽ നാം വില മതിക്കുന്നതെല്ലാം വെറും പൊള്ളയും ജീർണ്ണവും നിസ്സാരവുമാണ്‌. അന്യോന്യം കടി കൂടുന്ന നായ്ക്കുട്ടികളെപ്പോലെയാണു മനുഷ്യർ, അല്ലെങ്കിൽ ഒരു നിമിഷം ആർത്തുചിരിക്കുകയും തൊട്ടടുത്ത നിമിഷം പൊട്ടിക്കരയുകയും ചെയ്യുന്ന വഴക്കാളിക്കുട്ടികൾ. വിശ്വാസം, കുലീനത, നീതി, സത്യം എന്നതൊക്കെ ‘വിശാലമായ ലോകത്തു നിന്ന് ഒളിമ്പസിലേക്ക്’ പലായനം ചെയ്തിരിക്കുന്നു.

എങ്കിൽ നിങ്ങളെ പിന്നെയും ഇവിടെ പിടിച്ചുനിർത്തുന്ന സംഗതി എന്താണ്‌? ഇന്ദ്രിയവിഷയങ്ങൾ സ്ഥിരസ്വഭാവമില്ലാത്തവയും ക്ഷണികവുമാണ്‌, ഇന്ദ്രിയങ്ങൾ മങ്ങലു പറ്റിയതും വഴി തെറ്റാവുന്നതുമാണ്‌, ആത്മാവു പോലും രക്തത്തിൽ നിന്നു പൊങ്ങുന്ന വെറുമൊരു ബാഷ്പബിന്ദു മാത്രം. ഇങ്ങനെയായിരിക്കെ ലോകത്തു നിന്നു കിട്ടുന്ന യശസ്സും പാഴല്ലേ? അപ്പോൾപ്പിന്നെ? വരുന്നതെന്തായാലും, ഉന്മൂലനാശമോ അവസ്ഥാഭേദമോ എന്തായാലും, അതിനായി പ്രശാന്തമനസ്കനായി കാത്തിരിക്കുക. ആ നിമിഷമെത്തും വരെ നാം എന്തു ചെയ്യണം? ദേവന്മാരെ പൂജിക്കുകയും സ്തുതിക്കുകയും ചെയ്യുക, മനുഷ്യർക്കു നന്മ ചെയ്യുക, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക. പിന്നെ ഇതോർമ്മവയ്ക്കുകയും ചെയ്യുക, നിങ്ങളുടെ എളിയ ഉടലിന്റെയും നേർത്ത പ്രാണന്റെയും പരിധിയ്ക്കുള്ളിലുള്ളതൊന്നും നിങ്ങളുടേതല്ല, നിങ്ങളുടെ വരുതിയിലുമല്ല.

(V-33)

അന്യരുടെ വിഷമങ്ങൾ കണ്ടപാടെ മുന്നാലോചനയില്ലാതെ എടുത്തുചാടരുത്. നിങ്ങളുടെ കഴിവിന്റെ തോതിലും അവർ അർഹിക്കുന്ന തോതിലും അവരെ സഹായിക്കുക, നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ബന്ധവുമില്ലാത്തതാണ്‌ അവരുടെ വീഴ്ചയെങ്കില്പോലും. എന്നാൽ ആ വീഴ്ചയിൽ അവർക്കു ശരിക്കും മുറിവു പറ്റി എന്നപോലെ കാണരുത്; അത് ശരിയായ രീതിയല്ല.  അങ്ങനെയുള്ള സന്ദർഭങ്ങളിൽ തന്റെ വളർത്തുമകളോട് അവളുടെ പമ്പരം തനിക്കു തരാൻ അപേക്ഷിച്ച ആ വൃദ്ധനെപ്പോലെയാവുക; അത് വെറുമൊരു പമ്പരമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ അയാൾ അതാവശ്യപ്പെട്ടത്.*

പ്രസംഗവേദിയിൽ കയറിനിന്നു വിളിച്ചുകൂവുമ്പോൾ, എന്റെ സ്നേഹിതാ, അതിനൊന്നും ഒരു വിലയുമില്ലെന്ന് നിങ്ങൾ ഓർക്കാറില്ലേ? “അതൊക്കെ അറിയാം; എന്നാൽ ആളുകൾ ഇതെല്ലാം വലിയ കാര്യമായിട്ടാണു വച്ചിരിക്കുന്നത്.“ അവരുടെ മൂഢത പങ്കു വയ്ക്കാൻ ഇതൊരു ന്യായമാണോ?

(V 36)

ഈ ലോകം ഒന്നുകിൽ പലതരം ചേരലുകളുടേയും പിരിവുകളുടേയും തോന്നിയപാടുള്ള മിശ്രണമാണ്‌; അല്ലെങ്കിൽ ക്രമവും ചേർച്ചയും ദൈവഹിതവുമാണ്‌. ആദ്യത്തേതാണെങ്കിൽ, ഉദ്ദേശ്യരഹിതവും അനിയതവുമായ അങ്ങനെയൊരവ്യവസ്ഥയിൽ കാലം കഴിക്കാൻ ഞാനെന്തിനാഗ്രഹിക്കണം? മണ്ണിലേക്കുള്ള അനിവാര്യമായ മടക്കം ഏതു പ്രകാരത്തിലായിരിക്കണമെന്നതിനെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചു ഞാൻ ചിന്താകുലനാവണം? ഞാൻ എന്തുതന്നെ ചെയ്താലും ഇന്നല്ലെങ്കിൽ നാളെ എന്റെയുടൽ മൂലഭൂതങ്ങളായി വിഘടിച്ചുപോകുമെന്നതുറപ്പായിരിക്കെ ഞാനെന്തിനെന്റെ തല പുണ്ണാക്കണം? ഇനി അങ്ങനെയല്ല, രണ്ടാമത്തേതാണു ശരിയെങ്കിൽ ഞാനതിനെ ആരാധിക്കുന്നു, മനഃസ്ഥൈര്യത്തോടെ ഞാൻ നില്ക്കുന്നു, നിയന്താവായ ആ ശക്തിയിൽ ഞാൻ വിശ്വാസമർപ്പിക്കുന്നു.

* കുട്ടിയ്ക്ക് അവളുടെ പമ്പരം വലിയൊരു നിധിയാണ്‌; എന്നാൽ അത് നിസ്സാരമായ ഒരു കളിപ്പാട്ടമാണെന്നറിഞ്ഞുകൊണ്ടാണ്‌ വൃദ്ധൻ അവളുടെ കളിയിൽ കൂടുന്നത്.

(VI-10)

പൊരിച്ച മാംസവും അതുപോലെ രുചികരമായ മറ്റു ഭക്ഷണപാനീയങ്ങളും മുന്നിലിരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിക്കുകയാണെന്നിരിക്കട്ടെ: ഒരു മീനിന്റെ ചത്ത ശരീരമാണിത്, ഒരു പക്ഷിയുടേയോ പന്നിയുടേയോ ചത്ത ശരീരമാണിത്; ഈ ഫലേർണിയൻ വൈൻ മുന്തിരിപ്പഴങ്ങളുടെ വെറും ചാറാണ്‌; ഞാനിട്ടിരിക്കുന്ന ചുവന്ന കരയുള്ള ഈ വസ്ത്രം കക്കയുടെ ചോരയിൽ മുക്കിയെടുത്ത ആട്ടിൻരോമമാണ്‌! ലൈംഗികവേഴ്ചയാവട്ടെ, രണ്ടവയവങ്ങൾ പരസ്പരം ഉരുമ്മുന്നതും ഒരു ദ്രാവകത്തിന്റെ സ്ഖലനവും. ഈവിധമുള്ള ചിന്തകൾ നിങ്ങളെ സംഗതികളുടെ അടിത്തട്ടിലേക്കു നയിക്കുന്നു, അവയുടെ യഥാർത്ഥപ്രകൃതിയെന്താണെന്ന് തുറന്നുകാട്ടുകയും ചെയ്യുന്നു. ഈ പ്രക്രിയ നിങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രയുക്തമാക്കുകയും വേണം. യാതൊന്നും സംശയിക്കാനില്ലെന്ന മട്ടിൽ നിങ്ങളുടെ മുന്നിൽ വരുന്ന കാര്യത്തെ അതിനെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങളഴിച്ചു നഗ്നമാക്കുക, അതിന്റെ ക്ഷുദ്രത നേരിട്ടുകാണുക, അതിനെ അഭിജാതമാക്കുന്ന വാചാടോപത്തിന്റെ മേലങ്കി പറിച്ചുകളയുക. യുക്തിയെ വശീകരിക്കാൻ ഏറ്റവും പാടവമുള്ളത് മിത്ഥ്യാഭിമാനത്തിനാണ്‌; താൻ ചെയ്യുന്ന പ്രവൃത്തി സ്തുത്യർഹമാണെന്നു നിങ്ങൾക്കു തോന്നലുണ്ടാവുമ്പോൾ നിങ്ങൾ ആ പ്രലോഭനത്തിനു കീഴടങ്ങിക്കഴിഞ്ഞു.

(VI-13)

ഉണ്ടായിവരുന്നതിന്റെ തിടുക്കത്തിലാണ്‌ ചിലത്, ഇല്ലാതാവുന്ന തിടുക്കത്തിൽ മറ്റുചിലതും; ഒരു വസ്തു അസ്തിത്വത്തിലേക്കെത്തുന്ന പ്രക്രിയയുടെ മദ്ധ്യത്തായിരിക്കുമ്പോൾത്തന്നെ അതിന്റെ ഒരംശം ഇല്ലാതായിക്കഴിയുന്നു. പ്രവാഹവും പരിവർത്തനവും പ്രപഞ്ചത്തെ നിരന്തരം പുതുക്കിപ്പണിയുന്നു, കാലത്തിന്റെ തടുക്കരുതാത്ത മുന്നോട്ടുപാച്ചിൽ നിത്യതയെ എന്നും നിത്യയൗവ്വനത്തോടെ വയ്ക്കുമ്പോലെ. അങ്ങനെ പാഞ്ഞുപോകുന്നൊരു പുഴയിൽ കാലുറയ്ക്കാതെ നില്ക്കെ തനിയ്ക്കു ചുറ്റും ഒഴുകിപ്പോകുന്ന പലതിൽ ഏതൊന്നിനെയാണ്‌ മനുഷ്യൻ പിടിച്ചുവയ്ക്കുക? പറന്നുപോകുന്ന ഒരു കുഞ്ഞിക്കുരുവിയോടു മമത തോന്നുന്നതുപോലെയാണത്- കണ്ണടച്ചുതുറക്കുമ്പോഴേക്കും അതു പൊയ്ക്കഴിഞ്ഞു. വായുവിൽ നിന്നൊരു ശ്വാസമെടുക്കൽ എന്നേ മനുഷ്യജീവിതത്തെക്കുറിച്ചു പറയാനുള്ളു. ഓരോ നിമിഷവും നാം ചെയ്യുന്നതുപോലെ ഒരു ശ്വാസമെടുത്ത് അതു നിശ്വസിക്കുന്നതും, ഇന്നലെ നിങ്ങൾ ജനിച്ച നിമിഷം കിട്ടിയ ശ്വസിക്കാനുള്ള ശക്തി ഇനിയൊരുനാൾ അതെവിടെനിന്നു കിട്ടിയോ അവിടെയ്ക്കു മടക്കിക്കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസവുമില്ല.
(VI 15)

നാമെല്ലാവരും ഒരേ ലക്ഷ്യം കൈവരിക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്‌; നമ്മളിൽ ചിലർ ആ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധത്തോടെ, കുറച്ചുപേർ അങ്ങനെയല്ലാതെയും- ഹെറാക്ലിറ്റസല്ലേ പറഞ്ഞത്, ഉറങ്ങിക്കിടക്കുന്നവർ പോലും ഈ ലോകത്തിന്റെ നിർമ്മാണപ്രക്രിയയിൽ പങ്കാളികളാണെന്ന്? ഒരാൾ ഒരു രീതിയിൽ അതിൽ ഭാഗഭാക്കാകുന്നു, വേറൊരാൾ വേറൊരു രീതിയിലും; എന്തിനേയും എതിർക്കാനും വിമർശിക്കാനും ഒരുമ്പെട്ടിറങ്ങിയ ഒരു ദോഷൈകദൃക്കുണ്ടല്ലോ; അയാളെക്കൊണ്ടുപോലും ലോകത്തിനുപയോഗമുണ്ട്. അപ്പോൾ താൻ ഏതു വിഭാഗത്തിൽ ചേരണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്‌. എന്തായാലും സർവ്വനിയന്താവായ അവൻ നിങ്ങളെയും പ്രയോജനപ്പെടുത്തുമെന്നും തന്റെ വിപുലമായ തൊഴില്പടയിൽ നിങ്ങൾക്കും ഒരു സ്ഥാനം അനുവദിക്കുമെന്നതും തീച്ചയാണ്‌. ഒരു കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളു: നിങ്ങൾക്കു കിട്ടുന്നത് ക്രൈസിപ്പസ് പറഞ്ഞ, അരങ്ങിലെ വിദൂഷകന്റെ ദയനീയവേഷമായിരിക്കരുത്. 

(VI 42)

ചുണക്കുറവു തോന്നുന്ന സന്ദർഭങ്ങളിൽ തനിക്കു ചുറ്റുമുള്ള കൂട്ടുകാരുടെ നല്ല ഗുണങ്ങൾ മനസ്സിൽ കാണുക- ഈയാളുടെ ഉത്സാഹം, അയാളുടെ മാന്യത, മറ്റേയാളുടെ മഹാമനസ്കത അങ്ങനെയങ്ങനെ. വിഷണ്ണതയ്ക്കുള്ള കൈകണ്ട മരുന്നാണ്‌, നമുക്കു ചുറ്റുമുള്ളവരുടെ സ്വഭാവങ്ങളിൽ സദ്ഗുണങ്ങൾ തെളിഞ്ഞുനില്ക്കുന്നതു കാണുക- അതെത്രയധികം പേരിലുണ്ടോ, അത്രയും നല്ലതുമാണ്‌. അതിനാൽ അങ്ങനെയുള്ളവർ എപ്പോഴും ചുറ്റിലുമുണ്ടാവാൻ ശ്രദ്ധിക്കുക.

(VI 48)

തനിക്കിത്ര കിലോയേ ഭാരമുള്ളൂ, നൂറ്റമ്പതു കിലോയൊന്നുമില്ല എന്നു നിങ്ങൾ പരാതി പറയാൻ പോകുമോ, ഇല്ലല്ലോ? എങ്കിൽ തന്റെ ആയുസ്സ് ഇത്ര കൊല്ലമേയുള്ളു, അതിലധികമില്ല എന്നതിൽ നിങ്ങൾക്കെന്തിനു വിരോധം തോന്നണം? തനിക്കളന്നുകിട്ടിയിരിക്കുന്ന ഭൗതികപദാർത്ഥത്തിന്റെ കാര്യത്തിൽ തൃപ്തനാണു നിങ്ങളെന്നതുപോലെ തനിക്കളന്നുകിട്ടിയിരിക്കുന്ന കാലത്തിന്റെ കാര്യത്തിലും നിങ്ങൾ തൃപ്തനാവുക.

(VI 49)

പ്രേരണയിലൂടെ മനുഷ്യരെ മാറ്റാൻ നോക്കുക; എന്നാൽ ന്യായം നിങ്ങളുടെ ഭാഗത്തായിട്ടും അവർ ഇളകുന്നില്ലെന്നാണെങ്കിൽ അവരുടെ പ്രതിരോധത്തിനെതിരെ നിങ്ങൾക്കു പ്രവർത്തിക്കാം. ഇനി ചിലർ കായികമായിത്തന്നെ നിങ്ങളെ ചെറുക്കാൻ വന്നാൽ അടവു മാറ്റുക; മനസ്സു മടുക്കാതെ അതംഗീകരിക്കുക, ആ തടസ്സത്തെ മറ്റൊരു നന്മയ്ക്കുള്ള അവസരമായി കാണുക. താൻ വിജയിക്കും എന്നുറപ്പിച്ചുകൊണ്ടല്ല നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടതെന്നോർക്കുക; അസാദ്ധ്യമായതിലായിരുന്നില്ല നിങ്ങളുടെ കണ്ണ്‌. പിന്നെ? ആ ശ്രമം നടത്തിനോക്കുക എന്നതിൽ മാത്രം. അതിൽ നിങ്ങൾ വിജയിച്ചല്ലോ; അപ്പോൾ തന്റെ ജീവിതലക്ഷ്യം നിങ്ങൾ കൈവരിച്ചുകഴിഞ്ഞു.

(VI-50)

എന്താണ്‌ ദുഷ്ടത? അതു നിങ്ങൾ എത്രയോ തവണ കണ്ടുകഴിഞ്ഞ ഒരു കാര്യമാണ്‌. അതുപോലെ മറ്റെന്തു സംഭവിച്ചാലും ഇങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസ്സിലുണ്ടാവട്ടെ: “ഇതു ഞാൻ പണ്ടേ കണ്ടുകഴിഞ്ഞു.” എങ്ങോട്ടു നോക്കിയാലും ഒരേ കാര്യങ്ങളാണു നിങ്ങൾ കാണുക: പ്രാചീനവും ആധുനികവും സമകാലികവുമായ ചരിത്രത്തിന്റെ താളുകൾ  നിറയെ അവയാണ്‌; ഇന്നത്തെ നമ്മുടെ നഗരങ്ങളും വീടുകളും നിറയെ അവയാണ്‌. പുതിയതായിട്ടൊന്നുമില്ല. എല്ലാം പരിചിതമാണ്‌, അല്പായുസ്സുമാണ്‌.

(VII 1)

എങ്ങനെയാണു നിങ്ങളുടെ ജീവിതപ്രമാണങ്ങൾക്കു ജീവൻ നഷ്ടപ്പെടുക, അവയ്ക്കു കാരണമായ ചിന്തകൾ കെട്ടുപോയാലല്ലാതെ? ആ ചിന്തകൾ അണയാതെ ആളിക്കത്തിക്കുക എന്നത് നിങ്ങൾക്കു കഴിയാത്ത കാര്യവുമല്ല. “എന്തിനെക്കുറിച്ചും ഒരഭിപ്രായം രൂപീകരിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെയിരിക്കെ എന്തിനു ഞാൻ മനസ്സു ക്ലേശിപ്പിക്കണം? എന്റെ മനസ്സിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കിൽ, അവ എന്റെ മനസ്സിനെ ബാധിക്കുന്ന കാര്യങ്ങളേയല്ല.” ഇതു മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങൾ നിവർന്നു നിന്നുകഴിഞ്ഞു. പുതിയൊരു ജീവിതം നിങ്ങളുടെ കൈപ്പിടിയിൽ വന്നുകഴിഞ്ഞു. മുമ്പ് നിങ്ങൾ കാര്യങ്ങളെ എങ്ങനെയാണോ കണ്ടിരുന്നത്, അതുപോലെ പിന്നെയും കണ്ടുതുടങ്ങുക. അതാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ പുനരാരംഭം.

(VII 2)

ഒരു ഘോഷയാത്രയുടെ പുറംമോടി; അരങ്ങിലെ നാടകങ്ങൾ; ആട്ടിൻപറ്റങ്ങൾ, കാലിക്കൂട്ടങ്ങൾ; കുന്തക്കാരുടെ തിക്കിത്തിരക്ക്; നായ്ക്കുട്ടികൾക്കിടയിലേക്കെറിഞ്ഞുകൊടുത്ത ഒരെല്ലിൻകഷണം; മീൻകുളത്തിലിട്ട ഒരപ്പക്കഷണം; ഭാരം പേറി ഉഴയ്ക്കുന്ന ഉറുമ്പുകൾ; വിരണ്ടോടുന്ന എലികൾ; ചരടിനറ്റത്തെ പാവകൾ- അതാണ്‌ ജീവിതം. ഇതിനൊക്കെയിടയിൽ സ്വന്തമായ നിലപാടെടുത്തു നിങ്ങൾ നില്ക്കണം, സമനില തെറ്റാതെ, അസഹിഷ്ണുവാകാതെ. ഒരു മനുഷ്യനെ വിലമതിക്കുന്നത് അയാൾ എന്തിനെ വിലമതിക്കുന്നു എന്നതു വച്ചായിരിക്കും എന്നു മറക്കുകയും വേണ്ട.

(VII 3)

ആരെ മുന്നിൽ കാണുമ്പോഴും നിങ്ങൾ ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: “ജീവിതത്തിലെ നന്മതിന്മകളെക്കുറിച്ച്, സുഖദുഃഖങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച്, പ്രസിദ്ധിയേയും അപഖ്യാതിയേയും കുറിച്ച്, ജീവിതത്തെയും മരണത്തെയും കുറിച്ച് ഈ മനുഷ്യന്റെ വിശ്വാസപ്രമാണങ്ങൾ എന്താണ്‌?” അപ്പോൾ അയാളുടെ പ്രവൃത്തികളിൽ എനിക്ക് അത്ഭുതമോ അമ്പരപ്പോ തോന്നേണ്ടിവരില്ല, അങ്ങനെയല്ലാതെ പ്രവർത്തിക്കാൻ അയാൾക്കു കഴിയില്ല എന്നെനിക്കോർക്കുകയും ചെയ്യാം.

(VIII-14)

പാന്തിയാസോ പെർഗാമസോ ഇപ്പോഴും വേറുസ്സിന്റെ കുഴിമാടത്തിനരികിൽ ഇരിക്കുകയാണോ? ചബ്രിയാസോ ഡയോട്ടിമസ്സോ ഹാഡ്രിയാന്റെയും? അസംബന്ധം! ഇനി അങ്ങനെയാണെങ്കിൽത്തന്നെ മരിച്ചുകിടക്കുന്നവർ അതറിയുന്നുണ്ടോ? അറിയുന്നുണ്ടെങ്കിൽ അവർക്കതിഷ്ടപ്പെടുന്നുണ്ടോ? അവർക്കതിഷ്ടപ്പെടുന്നുണ്ടെങ്കിൽ ഈ വിലപിച്ചിരിക്കുന്നവർ എന്നെന്നേക്കുമായി ജീവിച്ചിരിക്കുമോ? ആദ്യം പ്രായമാവുക - വൃദ്ധനും വൃദ്ധയുമാവുക-, പിന്നെ മരിക്കുക എന്ന വിധി അവർക്കും പറഞ്ഞിട്ടുള്ളതല്ലേ?  അവരും മരിച്ചുപോയാൽ അവർ ആരെച്ചൊല്ലി വിലപിച്ചുവോ, ആ മരിച്ചവർ പിന്നെന്തു ചെയ്യും? ഒരെല്ലിൻകൂട്ടിലെ അഴുകലും നാറ്റവും മാത്രമാണിതെല്ലാം.

(VIII 37)

നിങ്ങളുടെ മനസ്സിൽ ആദ്യം പതിയുന്നതെന്താണോ, അതിനപ്പുറത്തേക്കു പോകരുത്. ഇന്നയാൾ നിങ്ങളെക്കുറിച്ചു മോശമായി സംസാരിക്കുന്നു എന്നു നിങ്ങൾക്കു വിവരം കിട്ടുന്നു. അത്രയേയുള്ളു; അയാൾ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് അതിനർത്ഥമില്ല. എന്റെ കുഞ്ഞിനു സുഖമില്ല എന്നു ഞാൻ കാണുന്നുണ്ട്. അതാണു ഞാൻ കാണുന്നത്; അവന്റെ ജീവൻ അപകടത്തിലാണ്‌ എന്നല്ല. അതിനാൽ എപ്പോഴും മനസ്സിൽ ആദ്യം പതിയുന്നതു മാത്രം ശ്രദ്ധിക്കുക; നിങ്ങളുടെ വക നിഗമനങ്ങൾ അതിനോടു കൂട്ടിച്ചേർക്കാതിരിക്കുക. എന്തെങ്കിലും കൂട്ടിച്ചേർക്കണമെന്നാണെങ്കിൽ, അതിതാവട്ടെ: ഈ ലോകത്തു സംഭവിക്കുന്നതെന്തിനേയും ഭരിക്കുന്ന ആ മഹത്തായ ക്രമത്തെക്കുറിച്ചുള്ള തിരിച്ചറിവ്.

(VIII 49)

വെള്ളരിയ്ക്ക കയ്ക്കുന്നുവെന്നോ? ദൂരെക്കളയുക. നടക്കുന്ന വഴിയുടെ നടുക്ക് മുൾച്ചെടി കണ്ടുവെന്നോ? അതിനെ ചുറ്റിവളഞ്ഞുപോവുക. അത്രയേ ചെയ്യേണ്ടു; അല്ലാതെ, ‘ഈ സാധനങ്ങളൊക്കെ ലോകത്തെന്തിനു വന്നു?’ എന്നു ചോദിക്കാൻ നില്ക്കരുത്. അങ്ങനെയൊരു ചോദ്യം കേട്ടാൽ പ്രകൃതിയെക്കുറിച്ചറിയാവുന്ന ഒരാൾ ചിരിക്കുകയേയുള്ളു, ഒരു മരപ്പണിക്കാരന്റെയോ തുകല്പണിക്കാരന്റെയോ കടയിൽ മരത്തിന്റെ ചീവലുകളും തോലിന്റെ തുണ്ടങ്ങളും കണ്ടിട്ട് നിങ്ങൾ വഴക്കിടാൻ ചെന്നാൽ അവർക്കു ചിരി വരും എന്നപോലെതന്നെ. അവർക്കു തങ്ങളുടെ ചവറുകൾ കൊണ്ടിടാൻ ഒരിടമെങ്കിലുമുണ്ട്. എന്നാൽ പ്രകൃതിക്ക് തനിക്കു പുറത്ത് അങ്ങനെയൊരിടം പോലുമില്ല. അതിലാണതിന്റെ കർമ്മകുശലത കിടക്കുന്നത്: അത് സ്വയം പരിധികൾ നിശ്ചയിക്കുകയും അതിനുള്ളിൽ നിന്നുകൊണ്ട് തന്നിൽ ജീർണ്ണിക്കുകയും വൃദ്ധമാവുകയും നിരുപയോഗമാവുകയും ചെയ്യുന്നതെന്തിനേയും പരിവർത്തിപ്പിക്കുകയും പിന്നെ അതിൽ നിന്നുതന്നെ പുതിയതൊന്നിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ തനിക്കു പുറത്തുനിന്ന് അതിനൊരു വസ്തുവിന്റെയും ആവശ്യം വരുന്നില്ല, തന്റെ ചവറുകൾ കൊണ്ടുതള്ളാൻ പുറത്തൊരിടം വേണമെന്നുമില്ല. സ്വയംപര്യാപ്തമാണത്, തന്റെ ഇടവും തന്റെ വസ്തുക്കളും തന്റെ വൈദഗ്ധ്യവും കൊണ്ട്. 

(VIII-50)

പ്രപഞ്ചത്തിന്റെ പ്രകൃതിയെക്കുറിച്ചു വിവരമില്ലാത്ത ഒരാൾക്ക് താൻ എവിടെയാണെന്നറിയാൻ കഴിയില്ല; അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിയാത്ത ഒരാൾക്ക് താനാരാണെന്നോ പ്രപഞ്ചമെന്താണെന്നോ അറിയാൻ കഴിയില്ല. ഇതിലേതെങ്കിലുമൊന്ന് അയാൾക്കു മറഞ്ഞുകിടക്കുകയാണെങ്കിൽ താനെന്തിനു ജീവിക്കുന്നുവെന്നുതന്നെ പറയാൻ അയാൾക്കു കഴിയുകയുമില്ല. അങ്ങനെയെങ്കിൽ തങ്ങൾ എവിടെയാണെന്നോ തങ്ങൾ ആരാണെന്നോ അറിയാത്ത ഒരാൾക്കൂട്ടത്തിന്റെ കൈയ്യടിക്കു കൊതിക്കുകയോ അതിനെ വെറുക്കുകയോ ചെയ്യുന്ന ഒരാളെക്കുറിച്ച് നിങ്ങൾ എന്തു കരുതുന്നു?

(VIII 52)

മണിക്കൂറിൽ മൂന്നു തവണ സ്വന്തം തലയിലടിച്ചു സ്വയം ശപിക്കുന്ന ഒരാൾ നിങ്ങളെക്കുറിച്ചു നല്ലതു പറയുന്നതു കേൾക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? സ്വയം സന്തോഷിപ്പിക്കാത്ത ഒരാളെ സന്തോഷിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? താനെന്തു ചെയ്താലും അതെല്ലാം പിഴച്ചുപോകുന്നു എന്നു ഖേദിക്കുന്ന ഒരാൾക്കെങ്ങനെയാണ്‌ സ്വയം സന്തോഷിപ്പിക്കാനാവുക?

(VIII 53)

തന്നെ ചൂഴ്ന്നുനില്ക്കുന്ന വായുവിൽ നിന്നാണ്‌ നിങ്ങൾ ശ്വാസമെടുക്കുന്നത് എന്നപോലെതന്നെ നിങ്ങളെ ചൂഴ്ന്നുനില്ക്കുന്ന പ്രപഞ്ചമനസ്സിൽ നിന്നാവട്ടെ നിങ്ങൾ ചിന്തകളെടുക്കുന്നതും. വായു പോലെതന്നെ സർവ്വവ്യാപിയാണ്‌ മനശ്ശക്തിയും: ശ്വാസമെടുക്കാൻ കഴിവുള്ളവന്‌ വായു എന്നപോലെ ചിന്തിക്കാൻ കഴിവുള്ളവനു വലിച്ചെടുക്കാനായി അതെവിടെയുമുണ്ട്.

(VIII 54)

മനുഷ്യരാശിക്കു പൊതുവായുള്ള ദുഷ്ടത ലോകത്തിനു ഹാനികരമാകുന്നില്ല. ഒരു വ്യക്തിയുടെ ദുഷ്ടത അതിനിരയായ ആൾക്കു ഹാനികരമാവുകയില്ല; ആ ദ്രോഹം ചെയ്തയാൾക്കാണ്‌ അതു ഹാനികരമാകുന്നത്. തനിക്കു വേണമെങ്കിൽ അപ്പോൾത്തന്നെ അതിൽ നിന്നു മുക്തനാവാനുള്ള സ്വാതന്ത്ര്യവും അയാൾക്കുണ്ട്.

(VIII 55)

എന്റെ അയല്ക്കാരൻ എന്തു ചിന്തിക്കുന്നു, എന്തു തീരുമാനിക്കുന്നു എന്നത് എന്റെ വിഷയമല്ല, അയാളുടെ ശ്വാസവും അയാളുടെ ഉടലും എന്റെ വിഷയമല്ലാത്തപോലെതന്നെ. സമ്മതിച്ചു, അന്യോന്യം ഉപകാരപ്പെടാൻ വേണ്ടിയാണ്‌ നാം ജനിച്ചത്; എന്നാല്ക്കൂടി ഓരോ വ്യക്തിയുടെ ആത്മാവിനും അതിനു പരമാധികാരമുള്ള അവകാശങ്ങളുമുണ്ട്. അതല്ലെങ്കിൽ എന്റെ അയല്ക്കാരന്റെ ദുഷ്ടത എനിക്കു ദ്രോഹമാകും. എന്റെ സന്തോഷം നശിപ്പിക്കാൻ മറ്റൊരാൾക്കു കഴിയുമെന്ന്  ദൈവം നിശ്ചയിച്ചിട്ടില്ല.

(VIII 56)

ബോധവും വിവേകവുമുള്ള ഒരു മനുഷ്യൻ ഈ ലോകത്തിന്റെ കാപട്യവും ഇരട്ടത്താപ്പും പൊങ്ങച്ചവും ധാരാളിത്തവുമൊന്നും രുചിച്ചുനോക്കാൻകൂടി നില്ക്കാതെ ഇവിടം വിട്ടുപോയേനേ. അതിനു കഴിയാതെപോയ സ്ഥിതിയ്ക്ക് ഇനി ചെയ്യാവുന്ന നല്ല നടപടി അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് ആ വക സംഗതികളോട് ഒരു വിരക്തി തോന്നുക എന്നതാണ്‌. അതോ ഈ ദുഷ്ടതകളൊക്കെ ആസ്വദിച്ച് ഇവിടെത്തന്നെ കഴിയാനാണോ നിങ്ങളുടെ തീരുമാനം? ഈ മഹാമാരിയിൽ നിന്നോടിപ്പോകാൻ അനുഭവം ഇനിയും നിങ്ങളെ പഠിപ്പിച്ചില്ലേ? എന്തെന്നാൽ മനസ്സിന്റെ ദൂഷണം നമ്മുടെ ചുറ്റുപാടിനെ ബാധിക്കുന്ന ദൂഷണത്തെക്കാൾ കൊടിയ മഹാമാരിയാണ്‌. ഒന്ന് ജീവികളായ നമ്മുടെ ജീവിതത്തെയാണു ബാധിക്കുന്നതെങ്കിൽ മറ്റേത് മനുഷ്യജീവികളായ നമ്മുടെ മനുഷ്യത്വത്തെയാണ്‌ ബാധിക്കുന്നത്.

(IX-2)

മരണത്തെ വെറുക്കരുത്; അതിന്റെ വരവിൽ സന്തോഷിക്കുക; എന്തെന്നാൽ പ്രകൃതിയുടെ ഇച്ഛകളിൽ പെടുന്നതാണതും. കൗമാരവും വാർദ്ധക്യവും പോലെ, വളർച്ചയും മുതിർച്ചയും പോലെ, പല്ലിന്റെയും താടിമീശയുടേയും നരച്ച മുടിയുടേയും തുടക്കം പോലെ, ഗർഭധാരണവും പ്രസവവും പോലെ ജീവിതത്തിന്റെ ഋതുക്കൾക്കൊപ്പമെത്തുന്ന മറ്റേതു പ്രാകൃതികപ്രക്രിയകൾ പോലെയേയുള്ളു, നമ്മുടെ നിശ്ശേഷവിഘടനവും. അതുകൊണ്ടുതന്നെ ചിന്താശീലനായ ഒരു മനുഷ്യൻ ഒരിക്കലും മരണത്തെ നിസ്സാരമായോ അക്ഷമയോടെയോ അവജ്ഞയോടെയോ കാണരുത്; പ്രകൃതിയുടെ മറ്റൊരു പ്രക്രിയ പോലെ അയാൾ അതിനെ കാത്തിരിക്കും. നിങ്ങളുടെ ഭാര്യയുടെ ഉദരത്തിൽ നിന്ന് കുഞ്ഞ് പുറത്തുവരുന്നതു കാത്തിരിക്കുന്നപോലെ നിങ്ങളുടെ കുഞ്ഞാത്മാവ് അതിന്റെ ഉറയിൽ നിന്നു പുറത്തുകടക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുക.

ഇനി ഇതിനേക്കാൾ ലളിതമായ ഒരു സാന്ത്വനമാണ്‌ നിങ്ങളുടെ ഹൃദയത്തിനു വേണ്ടതെങ്കിൽ അതിതാണ്‌: ഏതുതരം സാഹചര്യങ്ങളാണ്‌ നിങ്ങൾ വിട്ടുപോകുന്നതെന്നും ഏതൊക്കെ വ്യക്തികളുമായിട്ടാണ്‌ നിങ്ങൾക്കിനി ഇടപെടേണ്ടതില്ലാത്തതെന്നും ഒന്നു ചിന്തിച്ചുനോക്കുക. എന്നുവച്ച് നിങ്ങൾ അതിനെയോ അവരെയോ നിന്ദ്യമായി കാണണമെന്നുമല്ല; നിങ്ങൾ അവരോട് മാന്യമായിത്തന്നെ പെരുമാറുക; എന്നാൽ, നിങ്ങളുടെ ജീവിതപ്രമാണങ്ങളുമായി പുലബന്ധം പോലുമില്ലാത്തവരിൽ നിന്നാണ്‌ നിങ്ങൾ വേർപിരിയുന്നതെന്നു മറക്കാതെയുമിരിക്കുക. ഇനി, ജീവിതത്തോടു നിങ്ങളെ തളച്ചിടാൻ എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അതിതായിരിക്കും: സമാനഹൃദയരുമായുള്ള സംസർഗ്ഗം. എന്നാൽ എത്ര പൊരുത്തമില്ലാത്തവരുമായിട്ടാണ്‌ തനിക്കു ജീവിതം കഴിച്ചുകൂട്ടേണ്ടതെന്നാലോചിച്ചുനോക്കുമ്പോൾ നിങ്ങൾ തീർച്ചയായും നിലവിളിക്കും: “എത്രയും പെട്ടെന്നും വന്നാലും മരണമേ, അല്ലെങ്കിൽ ഞാൻ തന്നെയും എന്നെ മറന്നാലോ!”

(IX-3)

ഒരല്പനേരം കൂടി കഴിഞ്ഞാൽ നിങ്ങളുടെ കണ്മുന്നിലുള്ളതെല്ലാം ഇല്ലാതെയാകും; ആ ഇല്ലാതാകൽ കണ്ടുനില്ക്കുന്നവരും വൈകാതെ ഇല്ലാതെയാകും. അങ്ങനെയെങ്കിൽ എന്തു വ്യത്യാസമിരിക്കുന്നു, പ്രായം മുറ്റി മരിച്ച മുത്തശ്ശനും തൊട്ടിലിൽ കിടന്നു മരിച്ച കൈക്കുഞ്ഞും തമ്മിൽ?

(IX 33)

ആ മനുഷ്യരെ നയിക്കുന്ന ചോദനകൾ ഏതെന്നു നിരീക്ഷിക്കൂ; കൈവരിക്കാൻ അവർ യത്നിക്കുന്ന ലക്ഷ്യങ്ങൾ; കാര്യങ്ങളെ ഇഷ്ടപ്പെടാനും വിലയിരുത്താനും അവരെടുക്കുന്ന കാരണങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ അവരുടെ ആത്മാവുകളെ നഗ്നരായി കണ്ടുനോക്കൂ. എന്നിട്ടും അവർ സങ്കല്പിക്കുന്നു, തങ്ങളുടെ പുകഴ്ത്തലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ആളുകളെ തുണയ്ക്കാനും നോവിക്കാനുമുള്ള കഴിവുണ്ടെന്ന്. എന്തൊരൗദ്ധത്യം!

(IX 34)

നഷ്ടം മാറ്റമല്ലാതൊന്നുമല്ല, അത് പ്രകൃതിക്കു പ്രിയവുമാണ്‌. ലോകാരംഭം മുതലേ കാര്യങ്ങൾ നടന്നുപോന്നത് അവൾ അനുശാസിക്കുന്ന രീതിയിലാണ്‌; ഈ നടപ്പുകാലത്തും അങ്ങനെയാണ്‌, ഇനി വരാനുള്ള കാലത്തും, ലോകാവസാനം വരെയും, അങ്ങനെതന്നെയായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്കെങ്ങനെ പറയാനാകും, നടന്നതെല്ലാം പിഴച്ചുപോയെന്ന്, ഇനിയും അങ്ങനെയായിരിക്കുമെന്ന്; അതൊക്കെ നേരെയാക്കാൻ ദേവന്മാർ കൂട്ടിയാൽ കൂടില്ലെന്ന്; നിത്യദുരിതത്തിന്റെ പിടിയിൽ പെട്ടുകിടക്കാനാണ്‌ ലോകത്തിന്റെ വിധിയെന്ന്?

(IX 35)

നാം എന്താണോ, അതെല്ലാം ജീർണ്ണിക്കാനുള്ളതാണ്‌. വെള്ളം, പൊടി, എല്ലുകൾ, നാറ്റം. നമുക്കമൂല്യമായ വെണ്ണക്കല്ലുകൾ ഭൂമിയിലെ ഒരു കല്ലിപ്പു മാത്രമാണ്‌; സ്വർണ്ണവും വെള്ളിയും വെറും അടിമട്ടുകൾ; നമ്മൾ ഉടുത്തിരിക്കുന്നത് ജന്തുക്കളുടെ തോലും രോമവും; അതിനു കടുംചുവപ്പു നല്കുന്നത് മീനിന്റെ ചോര. അങ്ങനെ, അങ്ങനെയാണെല്ലാം. നമ്മുടെ ജീവിതങ്ങളെ സചേതനമാക്കുന്ന പ്രാണനും അതേവിധം- ഒന്നിൽ നിന്നു മറ്റൊന്നിലേക്കതു കടന്നുപോകുന്നു.

(IX 36)

ചിലരുടെ ചങ്കൂറ്റം കണ്ടിട്ട് നിങ്ങൾക്കു നീരസം തോന്നിയെന്നിരിക്കട്ടെ, പെട്ടെന്നുതന്നെ സ്വയം ചോദിക്കുക: ”ചങ്കൂറ്റമുള്ളവർ ഇല്ലാതെ ലോകത്തിനു നിലനില്പുണ്ടോ?“ ഇല്ല എന്നാണുത്തരം. അതുപോലെതന്നെയാണ്‌ മറ്റു സാദ്ധ്യതകളുടെ കാര്യത്തിലും. ലോകത്തിന്റെ നിലനില്പിനനിവാര്യമായ ചങ്കൂറ്റമുള്ളവരിൽ ഒരാണയാളും. തെമ്മാടിത്തം, വഞ്ചന, ഇതുപോലെ ദുഷ്ടതയുടെ നാനാരൂപങ്ങൾ ഏതെങ്കിലുമുള്ള ഒരാളെ നേരിടേണ്ടിവരുമ്പോൾ മനസ്സിൽ ഈ ചിന്ത ഉണ്ടായിരിക്കട്ടെ. അത്തരം ആളുകളും ലോകത്തു വേണ്ടതാണെന്ന തിരിച്ചറിവ് അങ്ങനെയുള്ള ഒരാളോട് അല്പംകൂടി സഹാനുഭൂതിയോടെ പെരുമാറാൻ നിങ്ങളെ സഹായിക്കും. ഒരു പ്രത്യേകതരം ദുഷ്ടതയെ നേരിടാൻ പ്രകൃതി നമുക്കു നല്കിയിരിക്കുന്ന പ്രത്യേകതരം നന്മയെക്കുറിച്ചോർക്കുന്നതും നല്ലതാണ്‌. ക്രൂരതയ്ക്കുള്ള പ്രതിവിഷമാണ്‌ സൗമ്യത; അതുപോലെ എല്ലാ രോഗങ്ങൾക്കുമുണ്ട് മറുമരുന്ന്. സാമാന്യമായി പറഞ്ഞാൽ വഴി തെറ്റിയ ഒരാളെ ശരിയായ വഴിയിലേക്കു നയിക്കാൻ നിങ്ങൾക്കു കഴിയും; വഴി പിഴച്ചുപോയ ഒരാളെ തന്റെ ലക്ഷ്യം പിഴച്ചുപോയ ഒരാളായി കണ്ടാൽ മതി.

അതുപോലെ, നിങ്ങൾക്കെന്തു ചേതം പറ്റി എന്നുകൂടി ഓർക്കുക. നിങ്ങളുടെ കോപത്തിനിരയായ ഒരാൾക്കും നിങ്ങളുടെ മനസ്സിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല; നിങ്ങളുടെ മനസ്സിനെ ബാധിക്കാത്തതൊന്നു നിങ്ങളെ ബാധിക്കാനും പോകുന്നില്ല. 

പ്രാകൃതൻ പ്രാകൃതമായി പെരുമാറുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? ഒന്നോർത്തുനോക്കൂ, അയാൾ അങ്ങനെയേ ചെയ്യൂ എന്ന് മുൻകൂട്ടി കാണാഞ്ഞത് സ്വന്തം തെറ്റാണെന്നല്ലേ നിങ്ങൾക്കു തോന്നൂ. ഇങ്ങനെയൊരാളിൽ നിന്ന് എന്തു പ്രതീക്ഷിക്കാം എന്നു കണക്കുകൂട്ടാൻ വേണ്ട യുക്തി നിങ്ങൾക്കുണ്ടായിരുന്നു; അതു നിങ്ങൾ പ്രയോഗിച്ചില്ല; എന്നിട്ടിപ്പോൾ അയാൾ തെറ്റു ചെയ്തു എന്നതിൽ നിങ്ങൾക്ക് അത്ഭുതവും തോന്നുന്നു!

ഒരാൾ നന്ദികേടോ വഞ്ചനയോ ചെയ്താൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് സ്വന്തം ഉള്ളിലേക്കു നോക്കുകയാണ്‌. അയാൾ നന്ദികേടേ കാണിക്കൂ എന്നറിഞ്ഞുകൊണ്ടുതന്നെ ഒരാളെ സഹായിക്കാൻ പോയാൽ, തിരിച്ചൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ലാതെ ഒരാളോടു കരുണ കാണിച്ചാൽ അതിന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ഉത്തരവാദി നിങ്ങൾ തന്നെ. ഒരാൾക്കൊരുപകാരം ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കെന്തു വേണം? നിങ്ങളുടെ സ്വഭാവത്തിനു പൊരുത്തപ്പെടുന്ന ഒരു കാര്യം ചെയ്തു എന്നതുകൊണ്ടായില്ലേ- അതിനിനി ഒരു വില കൂടി വയ്ക്കണോ? കാണുന്നതിന്‌ കണ്ണുകളും നടക്കുന്നതിനു കാലുകളും തിരിച്ചെന്തെങ്കിലും ചോദിക്കുന്നപോലെയാണത്. അവ ഉണ്ടായിരിക്കുന്നത് അവയ്ക്കു പറഞ്ഞിരിക്കുന്നത് നടപ്പാക്കാൻ വേണ്ടിയാണ്‌; അതുപോലെ മനുഷ്യൻ ലോകത്തുള്ളത് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്‌. ഒരാൾ പൊതുനന്മയ്ക്കുതകുന്നതെന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ, അയാളെക്കൊണ്ട് എന്താണോ ഉദ്ദേശിച്ചിരിക്കുന്നത്, അതയാൾ നിറവേറ്റിക്കഴിഞ്ഞു; അതോടെ അയാൾക്കു കിട്ടേണ്ടതു കിട്ടുകയും ചെയ്തു.

(IX-42)

യഥാർത്ഥമായ ജീവിതതത്ത്വങ്ങൾ മായാത്ത വിധം ഒരിക്കൽ മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങളെ ഭയത്തിന്റെയും വേദനയുടേയും നിഷ്ഫലത ഓർമ്മപ്പെടുത്താൻ എത്ര ചെറുതെങ്കിലുമായ ഒരുദ്ധരണി മതിയാകും; ഉദാഹരണത്തിന്‌,

കാറ്റൊന്നു നിശ്വസിച്ചാൽ പൊഴിയുന്ന ഇലകൾ പോലെ,

മനുഷ്യന്റെ സന്തതികളുമതുപോലെ...

നിങ്ങളുടെ പ്രിയപ്പെട്ട കുട്ടികളും ‘ഇലകൾ’ മാത്രമാണ്‌. ‘ഇലകൾ’ തന്നെയാണ്‌, നിങ്ങൾക്കു മേൽ പ്രശസ്തികൾ വാരിയെറിയുന്ന ഉച്ചത്തിലുള്ള ആ ശബ്ദങ്ങൾ, നിങ്ങളുടെ പ്രതിയോഗികളുടെ ശാപവാക്കുകൾ, അടക്കം പറച്ചിലുകളും പരിഹാസവും; അതുപോലെ ‘ഇലക’ളാണ്‌, ഭാവികാലത്തേക്കായി നിങ്ങളുടെ പേരും പെരുമയും ഏറ്റുവാങ്ങുന്നവരും. ഇവയെല്ലാം, കവി പറഞ്ഞപോലെ, ‘വസന്തകാലത്തു പുഷ്പിക്കുന്നവ’യാണ്‌; അപ്പോഴാണ്‌ കാറ്റവ തല്ലിക്കൊഴിക്കുന്നതും അവയുടെ സ്ഥാനത്ത് പുതിയ തളിരിലകൾ തളിർക്കുന്നതും. എന്തിന്റെയും ഏതിന്റെയും പൊതുമുദ്രയാണ്‌ നശ്വരത; എന്നാൽ എല്ലാം നിത്യമാണെന്നപോലെ നിങ്ങൾ ചിലതിന്റെ പിന്നാലെപോകുന്നു, ചിലതിൽ നിന്നൊഴിഞ്ഞുമാറുന്നു. അല്പനേരം കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകളും അടയും, നിങ്ങളെ കുഴിച്ചിടാൻ കൊണ്ടുപോകുന്നയാളെച്ചൊല്ലി വൈകാതെ വിലാപമുയരുകയും ചെയ്യും.

(X-34)

ആരോഗ്യമുള്ള കണ്ണ്‌ കാണാനുള്ളതിനെയെല്ലാം നോക്കണം;  ‘എനിക്കു പച്ചനിറത്തിലുള്ളതു മാത്രം കണ്ടാൽ മതി’ എന്നു ശഠിക്കരുത്- അതൊരു രോഗലക്ഷണമാണ്‌. അതുപോലെ ആരോഗ്യമുള്ള കാതും മൂക്കും എല്ലാതരം ശബ്ദങ്ങൾക്കും ഗന്ധങ്ങൾക്കും നേരേ തുറന്നിരിക്കണം; ആരോഗ്യമുള്ള ഒരാമാശയം ഏതുതരം ആഹാരവും ഉൾക്കൊള്ളാൻ തയാറായിരിക്കണം, തിരികല്ല് അതിലേക്കിടുന്നുതെന്തും പൊടിച്ചുകൊടുക്കുന്നപോലെ. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു മനസ്സ് എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം; ‘എന്റെ കുട്ടികൾക്കൊന്നും പറ്റരുതേ,’ ‘ഞാൻ ചെയ്യുന്നതെന്തിനേയും ലോകം പുകഴ്ത്തണം’ എന്നു വാശി പിടിക്കുന്ന ഒരു മനസ്സ് പച്ചപ്പിനു മാത്രം കൊതിക്കുന്ന കണ്ണു പോലെയാണ്‌, പതുപതുത്തതു മാത്രം കൊതിക്കുന്ന പല്ലു പോലെയാണ്‌.

(X 35)

ഹേ മനുഷ്യാ, ഈ മഹാനഗരത്തിലെ പൗരനായി ഏറെക്കാലം നിങ്ങൾ ജീവിച്ചു. ആ ജിവിതകാലം അഞ്ചോ അമ്പതോ ആണെന്നതിൽ എന്തു കാര്യമിരിക്കുന്നു? നഗരനിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാണ്‌. അങ്ങനെയിരിക്കെ നഗരത്തിൽ നിന്നു നിങ്ങളെ പറഞ്ഞുവിടുന്നതിൽ പരിഭവിക്കാനോ ഖേദിക്കാനോ എന്തിരിക്കുന്നു? നിങ്ങളെ പുറത്താക്കുന്നത് ഒരു സ്വേച്ഛാധിപതിയോ നേരുകേടുകാരനായ ഒരു ന്യായാധിപതിയോ അല്ല, നിങ്ങളെ ഇവിടെയ്ക്കു കൊണ്ടുവന്ന അതേ പ്രകൃതി തന്നെ.  നാടകത്തിൽ അഭിനയിക്കാൻ ഒരു ഹാസ്യനടനെ ഏർപ്പാടാക്കുന്ന സംവിധായകൻ അരങ്ങിൽ നിന്നയാളെ പറഞ്ഞുവിടുന്നതുപോലെയേയുള്ളു ഇതും. “നാടകത്തിലെ അഞ്ചങ്കങ്ങളിൽ മൂന്നെണ്ണമേ കഴിഞ്ഞിട്ടുള്ളു.” “അതു ശരിതന്നെ; എന്നാൽ ജീവിതത്തിൽ മൂന്നായാലും നാടകം പൂർണ്ണമായി.” നിങ്ങളുടെ ജീവിതം ഏതു ബിന്ദുവിൽ വച്ചു പൂർണ്ണമാകുന്നു എന്നു നിർണ്ണയിക്കുന്നത് ആദ്യം നിങ്ങളുടെ സൃഷ്ടിക്കും ഇപ്പോൾ നിങ്ങളുടെ വിഘടനത്തിനും കാരണമായ ഒരേയാൾ തന്നെ. രണ്ടിലും നിങ്ങൾക്കൊരുപങ്കും അവകാശപ്പെടാനില്ല. അതിനാൽ, അതൃപ്തനാവാതെ പിരിഞ്ഞുപോവുക, നിങ്ങളെ പിരിച്ചയക്കുന്നവനും അതൃപ്തനല്ലതന്നെ!

(XII-36)

എപ്പോഴും ഹെറാക്ലിറ്റസിനെ ഓർക്കുക: "മണ്ണിന്റെ മരണം വെള്ളമാണ്, വെള്ളത്തിന്റെ മരണം വായുവാണ്, വായുവിന്റെ മരണം അഗ്നിയാണ്; ഇതേ ക്രമത്തിൽ പിന്നെ തിരിച്ചും." സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു പോയ ആളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതും ഓർക്കുക. പിന്നെ, അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നതും: തങ്ങളുടെ നിത്യസഹചാരിയായ യുക്തിയുമായി മനുഷ്യർ ഒരിക്കലും ചേർന്നു പോകാറില്ലെന്ന്; ദൈനന്ദിനാനുഭവങ്ങൾ തന്നെ അവരെ അമ്പരപ്പിക്കുകയാണെന്ന്; ഉറക്കത്തിലായവരെപ്പോലെ നാം പറയുകയോ പെരുമാറുകയോ ചെയ്യരുതെന്ന്; അച്ഛനമ്മമാർ പറയുന്നതെന്തും സമ്മതിച്ചു കൊടുക്കുന്ന കുട്ടികളെപ്പോലെയാകരുത് നാമെന്ന് .

*

അലഞ്ഞുനടക്കൽ മതിയാക്കൂ. സ്വന്തം കുത്തിക്കുറിക്കലുകളും പണ്ടത്തെ ഗ്രീക്കുകാരെയും റോമാക്കാരെയും കുറിച്ചു നിങ്ങളെഴുതിയ ചരിത്രങ്ങളും  അവരുടെ സാഹിത്യത്തിൽ നിന്നു പകർത്തിവച്ചതുമൊന്നും ഈ വാർദ്ധക്യകാലത്തു നിങ്ങൾ വായിക്കാൻ പോകുന്നില്ല. അതിനാൽ അന്ത്യത്തിനായി തിടുക്കപ്പെടൂ; വ്യർത്ഥമോഹങ്ങൾ വലിച്ചെറിയൂ;

 നിങ്ങൾക്കു നിങ്ങളെക്കുറിച്ചെന്തെങ്കിലും വിചാരമുണ്ടെങ്കിൽ, ഒരവസരം തുറന്നുകിടക്കുന്ന സ്ഥിതിയ്ക്ക്, സ്വയം രക്ഷപ്പെടുത്താൻ നോക്കൂ.



2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

യോഷിദ കെങ്കൊ

 





യോഷിദ കെൻകോ Yoshida Kenko (യഥാർത്ഥനാമം ഉരബെ കനെയോഷി)1283ൽ ക്യോട്ടോയിൽ ജനിച്ചു; മരണവും അവിടെത്തന്നെ, 1350/52ൽ. കവിയും ഉപന്യാസകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം 1330നടുത്തെഴുതിയ Tsurezuregusa (അലസതയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ) എന്ന പുസ്തകമാണ്‌. പതിനേഴാം നൂറ്റാണ്ടു മുതൽ ജാപ്പനീസ് വിദ്യാഭ്യാസവ്യവസ്ഥയുടെ ഒരു പ്രമാണഗ്രന്ഥമായി ഇതിനെ കരുതിപ്പോരുന്നു.

ത്‌സുരെസുരെഗുസയ്ക്ക് പല ഇംഗ്ലീഷ് വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. Essays in Idleness എന്ന പേരിൽ Meredith Mckinney വിവർത്തനം ചെയ്ത് 2013ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ചതാണ്‌ ഇപ്പോൾ കിട്ടാനുള്ളത്.

യോഷിദ കെൻകോയ്ക്ക് 1958ൽത്തന്നെ മലയാളത്തിൽ ഒരു വിവർത്തനം ഉണ്ടായിട്ടുണ്ട്. Harvest of Leisure എന്ന ഇംഗ്ലീഷ് വിവർത്തനത്തെ ആധാരമാക്കി പി. ബാലകൃഷ്ണപിള്ള, എം. എ ആണ്‌ പരിഭാഷ തയാറാക്കിയിരിക്കുന്നത്. കേരളസാഹിത്യഅക്കാദമി 1953 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പ് 5000 കോപ്പിയാണ്‌.

*

വസന്തത്തിന്റെ ഒടുവുകാലത്തൊരു ദിവസം, അന്തരീക്ഷം പരിമൃദുലവും പേലവവുമായ ഒരു പകൽ, അഭിജാതമെന്നു പുറമേ തന്നെ തോന്നുന്ന ഒരു ഭവനത്തിനടുത്തു കൂടി നിങ്ങൾ കടന്നുപോവുകയാണ്‌. വിശാലമായ വളപ്പിൽ പുരാതനരായ വൃക്ഷനിരകൾ, പുൽത്തട്ടിലേക്കിറുന്നു വീഴുന്ന ചെറിപ്പൂക്കൾ. അങ്ങനെയങ്ങു കടന്നുപോകാൻ മനസ്സു വരാതെ നിങ്ങൾ ആ വീട്ടുവളപ്പിലേക്കു നൂണ്ടു കടക്കുകയാണ്‌. തെക്കേച്ചുമരിലെ ജനാലകളുടെ വെളിയടകളെല്ലാം താഴ്ത്തിയിരിക്കുന്നത് വീടിനൊരു പരിത്യക്തഭാവം പകരുന്നു. എന്നാൽ കിഴക്കേച്ചുമരിലെ പാതി തുറന്ന വാതിലിന്റെ പൊളിഞ്ഞ വെളിയടയിലൂടെ ഉള്ളിലേക്കു പാളിനോക്കുമ്പോൾ ഇരുപതിനടുത്തു പ്രായം വരുന്ന സുഭഗനായ ഒരു യുവാവ് മേശ മേൽ നിവർത്തി വച്ച പുസ്തകവുമായി സ്വസ്ഥവായനയിൽ മുഴുകിയിരിക്കുന്നത് നിങ്ങൾ കാണുന്നു.

അതാരായിരിക്കുമെന്ന് ആരോടെങ്കിലും ചോദിക്കാൻ ഉത്കടമായ ഒരാഗ്രഹം നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു.

*

ഒരാൾ സുഖമായി മരിച്ചു എന്നൊരാൾ വന്നു പറയുമ്പോൾ സമാധാനത്തോടെയും വേദന തിന്നാതെയുമാണ്‌ അയാൾ മരിച്ചതെന്ന മിതമായ വസ്തുത തന്നെ നമ്മുടെ മനസ്സിൽ തട്ടാൻ മതിയായതാണ്‌. എന്നാൽ കോമാളികൾക്കതു പോരാ- ആ നേരത്ത് ആ മനുഷ്യന്റെ മുഖം വിചിത്രമോ അസാധാരണമോ ആയി ഭാവം പകർന്നിരുന്നു എന്നവർ പറഞ്ഞു നടക്കും, മരണക്കിടക്കയിൽ അയാളുടെ വാക്കുകളും ചേഷ്ടകളും തങ്ങളുടെ ഭാവനയ്ക്കൊത്ത വിധം അവർ പറഞ്ഞു പൊലിപ്പിക്കും; ജീവിച്ചിരിക്കുമ്പോൾ തങ്ങൾക്കറിയാമായിരുന്ന ഒരാളെക്കുറിച്ചാണോ ഈ കേൾക്കുന്നതെന്ന് ഒടുവിൽ നിങ്ങൾക്കു സംശയവുമാകും.

ഒരു മരണത്തെ നാം വിലയിരുത്തേണ്ടത് അന്യർ അതിൽ എന്തു കണ്ടു എന്നതു വച്ചല്ല.

*

ഈ ലോകത്തുള്ള എല്ലാവരും മരിച്ചുകഴിഞ്ഞിട്ട് ഒരാൾ ജീവനോടെയുണ്ടെങ്കിൽ അയാളെ ചിരഞ്ജീവിയെന്നു വിളിക്കാൻ പറ്റുമോ? തുളുമ്പെ വെള്ളം നിറച്ചുവച്ച വലിയൊരു താമ്പാളത്തിന്റെ കാര്യമെടുക്കുക. അതിന്‌ ചെറിയൊരു ദ്വാരമുണ്ടെന്നും കരുതുക. കുഞ്ഞുതുള്ളികളായിട്ടാണ്‌ വെള്ളം ഇറ്റിറ്റുപോവുകയെങ്കിലും ഒടുവിൽ പാത്രം ഒഴിയുകതന്നെ ചെയ്യും. ഒരു നാട്ടിൽ ഒരാളെങ്കിലും മരിക്കാത്ത ഒരു ദിവസമുണ്ടോ? ജഡദേഹങ്ങൾ ശ്മശാനത്തിലേക്കു യാത്ര തിരിക്കാത്ത ഒരു ദിവസം പോലുമില്ല. ചിതയൊരുക്കുന്നവന്‌ ഒരു ദിവസം പോലും പണി കിട്ടാതെ പോവുകയുമില്ല. യുവത്വവും ആരോഗ്യവും ദീർഘായുസ്സിനു ജാമ്യം നില്ക്കാൻ പോകുന്നില്ല. എത്ര ക്ഷണഭംഗുരമാണ്‌ ജീവിതം! ഇത്രയും കാലം ജീവിച്ചതുതന്നെ വലിയ ഒരാശ്ചര്യമായിട്ടാണു നാം കാണേണ്ടത്. ഈ ലോകത്ത് എവിടെയാണു യഥാർത്ഥസുഖം നാം കണ്ടെത്തുക? 

യുദ്ധത്തിനു തിരിക്കുന്ന സൈനികൻ വൈകാതെ മരണത്തെ മുന്നിൽ കാണുന്നു. അതറിഞ്ഞുകൊണ്ടുതന്നെയാണ്‌ വീടും കുടുംബവും തന്നെത്തന്നെയും അയാൾ ത്യജിക്കുന്നത്. മനുഷ്യലോകത്തു നിന്നു വളരെയകലെ, അരുവികൾക്കും പാറക്കെട്ടുകൾക്കുമിടയിൽ ഏകാന്തജീവിതം നയിക്കുന്ന തപസ്വി മരണം തന്നെ മറന്നുപോയേക്കാമെന്നു വ്യാമോഹിക്കുന്നുണ്ടാവാം. പക്ഷേ തെറ്റി. മരണത്തിനു മറവിയില്ല. അയാളിരിക്കുന്ന പർവ്വതത്തെത്തന്നെ കാലം കരണ്ടുതിന്നും; യോദ്ധാവിന്റെ കൂടെയെന്നപോലെ മരണം അയാളുടെയും സഹചാരിയായിരിക്കും.
*

ഏതു രോഗത്തിനുമുള്ള ഒറ്റമൂലിയാണ്‌ വെള്ളമുള്ളങ്കിയെന്നു വിശ്വസിച്ചിരുന്ന ഒരു കൊട്ടാരം കാവല്ക്കാരനുണ്ടായിരുന്നു ത്‌സുക്കുഷിയിൽ. എന്നും കാലത്ത് അതു രണ്ടെണ്ണം പൊള്ളിച്ചു കഴിക്കുക എന്നത് വർഷങ്ങളായുള്ള അയാളുടെ ഒരു നിഷ്ഠയായിരുന്നു.

ഒരിക്കൽ അയാൾ വീട്ടിലില്ലാതിരുന്ന ഒരു ദിവസം ശത്രുക്കൾ വന്നു വീടു വളഞ്ഞു. അവർ വീടു തകർക്കുമെന്നായപ്പോൾ രണ്ടു പടയാളികൾ ഉള്ളിൽ നിന്നു പുറത്തു ചാടി അവരെ നേരിട്ടു. തങ്ങളുടെ ജീവനെക്കുറിച്ചൊരു ചിന്തയുമില്ലാതെ അവർ നടത്തിയ ആ പ്രത്യാക്രമണത്തിൽ എതിരാളികൾ തോറ്റോടുകയും ചെയ്തു.

കാവല്ക്കാരന്‌ ഇതെല്ലാം വളരെ ദുരൂഹമായിത്തോന്നി. “ഞാനുമായോ ഈ വീടുമായിട്ടോ ഒരു ബന്ധവുമില്ലാത്ത രണ്ടു പേർ ഇത്ര ആത്മാർത്ഥമായി എനിക്കു വേണ്ടി പട വെട്ടിയതെന്തിനായിരുന്നു?" അയാൾ ആരാഞ്ഞു. ”ആരാണ്‌ നിങ്ങൾ?“

”എന്നും കാലത്ത് എത്രയും വിശ്വാസത്തോടെ നിങ്ങൾ കഴിച്ചിരുന്ന ആ രണ്ടു വെള്ളമുള്ളങ്കികളാണ്‌ ഞങ്ങൾ,“ എന്നു പറഞ്ഞിട്ട് അവർ അപ്രത്യക്ഷരായി.

ഉള്ളിൽ തട്ടിയ വിശ്വാസമാണ്‌ ആ വിശിഷ്ടോപഹാരത്തിനു കാരണമായതെന്നു വ്യക്തമല്ലേ?

*

ജ്ഞാനോദയത്തിന്റെ പാത പിന്തുടരാനുള്ള ഉൾപ്രേരണ വന്നുകഴിഞ്ഞ ഒരാൾ ആ നിമിഷം തന്നെ ആദ്യത്തെ ചുവടു വച്ചിരിക്കണം, മനസ്സിലുള്ള മറ്റെല്ലാക്കാര്യങ്ങൾക്കും നിവൃത്തി വരുത്തിയതില്പിന്നെയാകട്ടെ അതെന്നു മാറ്റിവയ്ക്കരുത്. ‘ഇതൊന്നു കഴിഞ്ഞോട്ടെ,’ അല്ലെങ്കിൽ ‘ഞാനിപ്പോൾ ഇക്കാര്യമാണു ചെയ്യുന്നത്, അതിനാൽ ഇതു കഴിഞ്ഞുമതി ബാക്കിയെല്ലാം,’ അല്ലെങ്കിൽ ‘ഇതു ഞാൻ തീർത്തില്ലെങ്കിൽ ആളുകൾ അതുമിതും പറയും, അതുകൊണ്ടുപിന്നെ പ്രശ്നമൊന്നും ഉണ്ടാകരുത്,’ അല്ലെങ്കിൽ ‘എന്തായാലും ഇതുവരെ ആവശ്യത്തിനു സമയമൊക്കെ കിട്ടിയല്ലോ, ഇതു ചെയ്തുതീർക്കാൻ ഇനി അധികസമയവും വേണ്ട. എന്തിനാ വെറുതേ ധൃതി പിടിക്കുന്നത്?’ എന്നൊക്കെ നിങ്ങളെ തടഞ്ഞുനിർത്താൻ ഒഴികഴിവുകൾ വന്നുകൊണ്ടേയിരിക്കും. അതിനൊന്നും ഒരവസാനവും ഉണ്ടാവില്ല, തീരുമാനത്തിന്റെ ദിവസം വന്നുചേരുകയുമില്ല.

ആവശ്യത്തിനു ബുദ്ധിയും ബോധവുമുള്ള മനുഷ്യർ, തങ്ങൾ ഏതു ചുവടു വയ്ക്കണമെന്നറിയാവുന്നവർ- അവർ അതു ചെയ്യാതെ കാലം കഴിക്കുന്നതാണ്‌ പൊതുവേ ഞാൻ കണ്ടിരിക്കുന്നത്.  എരിച്ചടക്കുന്ന കാട്ടുതീ തൊട്ടുപിന്നിലെത്തുമ്പോൾ ഓടിരക്ഷപ്പെടാനല്ലാതെ ആലോചിച്ചുനില്ക്കാൻ ആരെങ്കിലും മുതിരുമോ? ഒരു ജീവന്മരണസന്ദർഭത്തിൽ നാണക്കേടല്ല, സ്വത്തും സമ്പാദ്യവുമല്ല, മുൻഗണനയർഹിക്കുന്നതെന്ന് നിങ്ങൾക്കറിയാം. മരണം നമ്മുടെ ഒഴിവു നോക്കി കാത്തുനില്ക്കുമോ? അഗ്നിയെക്കാൾ, പ്രളയത്തെക്കാൾ വേഗത്തിൽ മരണം വന്നെത്തും.  അതിൽ നിന്നൊഴിഞ്ഞുമാറാൻ പറ്റില്ല. പ്രായമായ അച്ഛനമ്മമാർ, താൻ സ്നേഹിക്കുന്ന കുട്ടികൾ, താൻ കൂറു കാണിക്കുന്ന മേലാളൻ, ഉറ്റവരുടെ സ്നേഹം- തനിക്കു പ്രിയപ്പെട്ടതെല്ലാം വേണ്ടെന്നുവയ്ക്കാൻ ആ മുഹൂർത്തത്തിൽ ആർക്കാണു മടി തോന്നുക?

*


സമയം പാഴാക്കുന്നതിനെക്കുറിച്ച്

-----------------------------------

കടന്നുപോയ ഒരു നിമിഷത്തെച്ചൊല്ലി ആരും ഖേദിക്കാറില്ല, ആർക്കുമതിൽ പരാതിയുമില്ല. അതവർ ജ്ഞാനികളായതുകൊണ്ടാണോ, അതോ, വിഡ്ഢികളായതുകൊണ്ടോ? മടിയനും മൂഢനുമായ ഒരാൾക്ക് ഒരു നാണയം ഒന്നുമേയല്ല; അതേസമയം, അതു കൂട്ടിക്കൂട്ടിവച്ചിട്ടാണ്‌ ഒരു പാവപ്പെട്ടവൻ പണക്കാരനാകുന്നതും. ഒരു കച്ചവടക്കാരൻ ഓരോ നാണയത്തിന്റെ പേരിലും ശ്രദ്ധാലുവും ഉത്കണ്ഠാകുലനാവുന്നതും ഇക്കാരണം കൊണ്ടാണ്‌. കടന്നുപോകുന്ന നിമിഷങ്ങളെക്കുറിച്ച് നിങ്ങൾക്കൊരു ബോധവുമുണ്ടാവില്ല; അവിരാമമായി അവ കടന്നുപൊയ്ക്കൊണ്ടിരിക്കും; ഒടുവിൽ പെട്ടെന്നു നിങ്ങൾക്കു ബോധമുണ്ടാകുന്നു, ജീവിതാന്ത്യത്തിലെത്തിയിരിക്കുന്നു താനെന്ന്. അതിനാൽ ബുദ്ധമാർഗ്ഗത്തിൽ ചരിക്കുന്നവൻ വിദൂരഭാവിയുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാവേണ്ടതില്ല. ഈ നിമിഷം തന്റെ വിരലുകൾക്കിടയിലൂടെ വിഫലമായി ഊർന്നുപോകാതിരിക്കാനാണ്‌ അയാൾ ശ്രദ്ധിക്കേണ്ടത്. 

ഒരാൾ നിങ്ങളെ കാണാൻ വന്നിട്ട് നാളെ നിങ്ങൾ മരിക്കാൻ പോവുകയാണെന്നു പറയുന്നു എന്നു സങ്കല്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിവസമായ ഇന്ന് നിങ്ങൾ എങ്ങനെയാണ്‌ ചിലവഴിക്കുക? എന്തു വിനോദത്തിലാണ്‌ നിങ്ങൾ ഏർപ്പെടുക? ഏതു പ്രവൃത്തിയിലാണ്‌ വ്യാപൃതനാവുക? നാം ഇപ്പോൾ ജീവിക്കുന്ന ഈ ദിവസത്തിന്‌ ആ അന്ത്യദിനത്തെക്കാൾ എന്തു വ്യത്യാസമാണുള്ളത്?

ഏതു ദിവസമെടുത്താലും അതിൽ അധികനേരവും നാം തിന്നും കുടിച്ചും ദേഹശുദ്ധി വരുത്തിയും ഉറങ്ങിയും സംസാരിച്ചും ചുറ്റിനടന്നും പാഴാക്കിക്കളയുകയാണ്‌. ശേഷിച്ച അല്പനേരവും നാം വിലകെട്ട കാര്യങ്ങൾ ചെയ്യുന്നു, വിലകെട്ട വാക്കുകൾ പറയുന്നു, വിലകെട്ട ചിന്തകൾ ചിന്തിക്കുന്നു. ഈ രീതിയിൽ കടന്നുപോകുന്നത് നിമിഷങ്ങൾ മാത്രമല്ല, ദിവസങ്ങൾ മാത്രമല്ല, മാസങ്ങളുമല്ല- ഒടുവിൽ ആയുസ്സു തന്നെ കടന്നുപോകുന്നു. മൂഢതയുടെ പാരമ്യമാണത്.

കാലത്തിനു മേലുള്ള പിടി ഒരു നിമിഷം ഒന്നയച്ചാൽ മരിച്ചതിനു തുല്യമാവുകയാണ്‌ നിങ്ങൾ. കാലത്തെ അത്രമേൽ അമൂല്യമായി കരുതേണ്ടതെന്തിനു വേണ്ടിയാണെന്നാണോ നിങ്ങൾ ചോദിക്കുന്നത്? അലസചിന്തകളെ മനസ്സിൽ നിന്നാട്ടിയോടിക്കാൻ വേണ്ടിയാണത്, ലോകകാര്യങ്ങളിൽ തലയിടാതിരിക്കാൻ വേണ്ടിയാണത്.

2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഷോപ്പൻഹോവർ

ഒരു കാര്യം നടക്കണമെന്നുള്ള ആഗ്രഹത്തെ അതു നടക്കുമെന്നുള്ള സംഭാവ്യതയുമായി കൂട്ടിക്കുഴയ്ക്കുന്നതിനെയാണ്‌ ആശ എന്നു പറയുന്നത്.

ആശ നഷ്ടപ്പെട്ടവന്‌ പേടിയും ഇല്ലാതാകുന്നു: ‘ഹതാശം’ എന്ന പ്രയോഗത്തിന്റെ അർത്ഥം അതാണ്‌. യാഥാർത്ഥ്യമാകുമെന്ന് താൻ ആഗ്രഹിക്കുന്നതിനെ യഥാർത്ഥമെന്നു വിശ്വസിക്കുകയും താൻ ആഗ്രഹിക്കുന്നതിനാൽ യാഥാർത്ഥ്യമാണതെന്നു വിശ്വസിക്കുകയും ചെയ്യുക മനുഷ്യനു സ്വാഭാവികമാണ്‌. അയാളുടെ പ്രകൃതത്തിലെ പ്രയോജനപ്രദവും ആശ്വാസകരവുമായ ഈ സ്വഭാവവിശേഷം ദൗർഭാഗ്യത്തിന്റെ ആവർത്തിച്ചുള്ള പ്രഹരങ്ങളാൽ തുടച്ചുമാറ്റപ്പെടുമ്പോൾ, സംഭവിക്കണമെന്ന് തനിക്കാഗ്രഹമില്ലാത്തത് സംഭവിക്കുകതന്നെ ചെയ്യുമെന്നും സംഭവിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത്, താൻ അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം, സംഭവിക്കാതിരിക്കുകയും ചെയ്യുമെന്നു വിശ്വസിക്കേണ്ട പതനത്തിലേക്ക് അയാൾ എത്തിപ്പെടുകയും ചെയ്യുമ്പോൾ- അപ്പോൾ ആ അവസ്ഥയെ ഹതാശ എന്നു പറയാം.


സ്വന്തമായി ചിന്തിക്കുന്നതിനെക്കുറിച്ച്

വായന സ്വന്തമായി ചിന്തിക്കുന്നതിനുള്ള വെറുമൊരു പകരംവയ്ക്കൽ മാത്രമാണ്‌; നിങ്ങളുടെ ചിന്തകളെ മറ്റൊരാൾക്കു നയിക്കാൻ വിട്ടുകൊടുക്കുകയാണത്. പല പുസ്തകങ്ങളുമാവട്ടെ, തെറ്റിപ്പോകാൻ എത്രയൊക്കെ വഴികളുണ്ടെന്നും അവയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചു നടക്കുകയാണെങ്കിൽ നിങ്ങൾക്കെത്രത്തോളം വഴി തെറ്റാമെന്നതിനുമുള്ള വെറും ഉദാഹരണങ്ങൾ മാത്രമാണ്‌. സ്വന്തം ചിന്തകൾ വരണ്ടുപോയാലേ നിങ്ങൾ വായനയിലേക്കു തിരിയാവൂ; (ഒന്നാന്തരം മനസ്സുകൾക്കു പോലും പലപ്പോഴും അങ്ങനെയുള്ള അവസ്ഥ ഉണ്ടാകാറുണ്ടല്ലോ.) എന്നാൽ സ്വന്തം ചിന്തകളെ നാടു കടത്താൻ മാത്രമായി ഒരു പുസ്തകമെടുത്തു വായിക്കുക എന്നത് പരിശുദ്ധാത്മാവിനോടു ചെയ്യുന്ന ഒരു പാപമാണ്‌; അതിരുകളില്ലാത്ത പ്രകൃതി മുന്നിലുള്ളപ്പോൾ ഒരു ഹെർബേറിയമോ ഭൂദൃശ്യങ്ങളുടെ പെയിന്റിങ്ങുകളോ പോയിക്കാണുന്നതുപോലെയാണത്.
നിങ്ങൾ വളരെ സമയമെടുത്ത്, തല ചൂടാക്കി ചിന്തിച്ചെടുത്ത ഒരാശയമോ ഉൾക്കാഴ്ചയോ ഒരു പുസ്തകത്തിൽ നിന്ന് അനായാസമായി കണ്ടപിടിക്കാവുന്നതേയുള്ളു എന്നു ചിലപ്പോൾ വരാറുണ്ട്; എന്നാൽ അതിനേക്കാൾ നൂറു മടങ്ങ് മൂല്യം കൂടും , സ്വന്തം ചിന്തയിലൂടെയാണ്‌ നിങ്ങൾ അതിലേക്കെത്തിയതെങ്കിൽ. കാരണം, അപ്പോൾ മാത്രമേ ഒരവിഭാജ്യഘടകമായി അതു നിങ്ങളുടെ ചിന്താ പദ്ധതിയിലേക്കു കടക്കുകയുള്ളു, അതിന്റെ മറ്റു നിഗമനങ്ങളോടു സമവായമുള്ളതും അതിനോടു പൂർണ്ണമായി പൊരുത്തപ്പെടുന്നതുമാവുകയുള്ളു, നിങ്ങളുടെ സ്വന്തം ചിന്താരീതിയുടെ നിറവും സ്വരവും മുദ്രയുമുള്ളതാവൂ, തക്ക സമയത്തുതന്നെ നിങ്ങളെത്തിച്ചേർന്നതാകൂ; അങ്ങനെയത് നിങ്ങളുടെ മനസ്സിൽ എന്നെന്നേക്കുമായി പതിഞ്ഞുകിടക്കുകയും ചെയ്യും. ഗയ്ഥേയുടെ ഈ വരികളുടെ തികഞ്ഞ പ്രയോഗമാണ്‌, വിശദീകരണം തന്നെയുമാണത്:
“സ്വന്തം പൂർവ്വികരിൽ നിന്നു നിങ്ങൾക്കു കിട്ടിയത് ആദ്യം നിങ്ങൾ നേടിയെടുക്കണം, എന്നിട്ടേ അതു നിങ്ങൾക്കു സ്വന്തമാകുന്നുള്ളു.” സ്വന്തമായി ചിന്തിക്കുന്നവൻ തന്റെ അഭിപ്രായങ്ങളുടെ സാധൂകരണത്തിനു മാത്രമേ പ്രമാണങ്ങളിലേക്കു തിരിയുന്നുള്ളു; എന്നാൽ പുസ്തകചിന്തകൻ തുടങ്ങുന്നതേ പ്രമാണങ്ങളുമായിട്ടാണ്‌; എന്നുപറഞ്ഞാൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് അതിൽ നിന്ന് അയാൾ സ്വന്തം അഭിപ്രായം രൂപപ്പെടുത്തുകയാണ്‌. അയാളുടെ മനസ്സിനെ സ്വതന്ത്രചിന്തകന്റെ മനസ്സിനോടുപമിക്കുന്നത് യന്ത്രമനുഷ്യനെ ജീവനുള്ള മനുഷ്യനോടുപമിക്കുന്നതുപോലെയാവും.
പഠിച്ചറിഞ്ഞ ഒരു സത്യം ഒരു കൃത്രിമാവയവം പോലെ നമ്മളിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതേയുള്ളു, ഒരു വയ്പുപല്ലു പോലെ, മെഴുകുമൂക്കു പോലെ, മുറിച്ചൊട്ടിച്ച തൊലി പോലെ. അതേസമയം സ്വയം ചിന്തിച്ചെത്തിയ ഒരു സത്യം നമുക്കു പ്രകൃത്യാ ഉള്ള ഒരവയവം പോലെയാണ്‌: അതു മാത്രമേ നമ്മുടെ സ്വന്തം എന്നു പറയാനുള്ളു. ഒരു ചിന്തകനും വെറുമൊരു പണ്ഡിതനും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നതും ഇതു തന്നെ.
(from Essays and Aphorisms)

വായന അമിതമാവുന്നതിനെക്കുറിച്ച്


വായിക്കുമ്പോൾ മറ്റൊരാൾ നമുക്കു വേണ്ടി ചിന്തിക്കുകയാണ്‌: നാം അയാളുടെ മാനസികപ്രക്രിയ വെറുതേ ആവർത്തിക്കുന്നതേയുള്ളു. എഴുതാൻ പഠിക്കുന്ന കുട്ടി അദ്ധ്യാപകൻ തനിക്കു പെൻസിൽ കൊണ്ടു വരച്ചിട്ടുതന്ന അക്ഷരങ്ങൾക്കു മുകളിൽക്കൂടി പേനയോടിക്കുന്നതുപോലെയാണത്. അതുപോലെ വായനയിലും ചിന്തിക്കുന്ന ജോലിയിൽ നിന്നു നാം മിക്കവാറും ഒഴിവാക്കപ്പെടുന്നു. അതുകൊണ്ടാണ്‌ ഏറെ നേരം ചിന്തയിൽ മുഴുകിയതിനു ശേഷം വായനയിലേക്കു തിരിയുമ്പോൾ നമുക്കൊരാശ്വാസം തോന്നുന്നത്. പക്ഷേ വായനയിൽ നമ്മുടെ മനസ്സ് മറ്റൊരാളുടെ ചിന്തകൾക്കുള്ള അരങ്ങു മാത്രമായിപ്പോവുകയാണ്‌. അങ്ങനെ, ധാരാളം വായിക്കുന്ന ഒരാൾ, എന്നു പറഞ്ഞാൽ, മിക്ക സമയവും വായിച്ചുകൊണ്ടിരിക്കുകയും ഇടയ്ക്കുള്ള സമയം ചിന്താശൂന്യമായ വിനോദങ്ങളിൽ ചിലവഴിക്കുകയും ചെയ്യുന്ന ഒരാൾക്ക് കാലക്രമേണ സ്വയം ചിന്തിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു; എപ്പോഴും കുതിരസവാരി ചെയ്യുന്ന ഒരാൾ നടക്കാൻ മറക്കുന്നപോലെ.
പല വലിയ വിദ്വാന്മാരുടെയും കാര്യം ഇതാണ്‌: അവർ വായിച്ചുവായിച്ച് മൂഢന്മാരായിരിക്കുന്നു. കിട്ടുന്ന സമയം മൊത്തം വായിക്കുകയും നിരന്തരം വായിക്കുകയും ചെയ്യുന്നത് നിരന്തരമായ കായികാദ്ധ്വാനത്തെക്കാൾ മനസ്സിനെ മരവിപ്പിക്കുന്നതാണ്‌; അതിലാണെങ്കിൽ സ്വയം ചിന്തിക്കുന്നതിനു തടസ്സമെങ്കിലും ഇല്ലല്ലോ.
ഒരന്യവസ്തുവിന്റെ നിരന്തരമായ മർദ്ദം മൂലം സ്പ്രിങ്ങിന്‌ അതിന്റെ ഇലാസ്റ്റിക് സ്വഭാവം നഷ്ടപ്പെടുന്നതുപോലെയാണ്‌ മറ്റൊരാളുടെ ചിന്തകൾ നിരന്തരം അടിച്ചേല്പിക്കപ്പെടുമ്പോൾ മനസ്സിനും സംഭവിക്കുന്നത്. അമിതാഹാരം കൊണ്ട് വയറിനും അതിലൂടെ ദേഹത്തിനും കേടു വരുന്നപോലെ അമിതപോഷണം മനസ്സിനും അമിതഭാരമാകുന്നു. എത്രയധികം വായിക്കുന്നുവോ, അത്രകുറച്ചേ വായിച്ചതിന്റെ പാടുകൾ ശേഷിക്കുന്നുള്ളു. എഴുതിമായ്ച്ചെഴുതുന്ന ഒരു ഫലകം പോലെയാണ്‌ മനസ്സ്. വിചിന്തനം അസാദ്ധ്യമാവുകയാണ്‌. വായിച്ചത് ഉള്ളിലാവാൻ വിചിന്തനം വേണം; ആലോചനയില്ലാതെ വായിച്ചുതള്ളുമ്പോൾ വായിച്ചത് മനസ്സിൽ വേരു പിടിക്കുന്നില്ല. ശരീരത്തിനുള്ള ഭക്ഷണം പോലെയാണ്‌ മനസ്സിന്റെ ഭക്ഷണമെന്നുതന്നെ പറയണം: കഴിക്കുന്നതിന്റെ കഷ്ടിച്ച് അഞ്ചിലൊന്നേ ദഹനത്തിലൂടെ ദേഹത്തിലേക്കു പോകുന്നുള്ളു; ശേഷിച്ചത് വിയർപ്പായി, ബാഷ്പമായി, മറ്റു പലതുമായി വിസർജ്ജിക്കപ്പെടുകയാണ്‌.
നമുക്കിങ്ങനെ ഒരു നിഗമനത്തിലെത്താം: എഴുതിവച്ച ചിന്തകൾ പൂഴിപ്പരപ്പിലെ കാല്പാടുകൾ പോലെയാണ്‌; ഒരാൾ നടന്നുപോയ വഴി നിങ്ങൾ കാണുന്നുണ്ട്; എന്നാൽ എന്താണയാൾ വഴിയിൽ കണ്ടതെന്നറിയാൻ നിങ്ങളുടെ കണ്ണുകൾ തന്നെ വേണം.
(from Essays and Aphorisms)

ഓർമ്മയെ വെറുതേ വിടരുത്


മനസ്സിലുദിക്കുന്ന ചിന്തകൾ അപ്പപ്പോൾത്തന്നെ എഴുതിവയ്ക്കണം എന്നു പറയുന്നതിൽ തെറ്റൊന്നുമില്ല; നാം ചെയ്ത കാര്യങ്ങൾ പോലും പലപ്പോഴും നമ്മുടെ ഓർമ്മയിൽ നിന്നു പോകാറുണ്ട്; ചിന്തയുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ. പക്ഷേ ചിന്തകൾ വരുന്നത് അവയ്ക്കു തോന്നുമ്പോഴാണ്‌, അല്ലാതെ നമുക്കു തോന്നുമ്പോഴല്ല. അതേ സമയം, പൂർണ്ണവും കുറ തീർന്നതുമായി നമുക്കു പുറമേ നിന്നു കിട്ടുന്നവ, നാം വെറുതേ പഠിച്ചെടുക്കുകയും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളിൽ കണ്ടെത്താവുന്നതുമായവ പകർത്തിവയ്ക്കാതിരിക്കുന്നതാണു നല്ലത്: എന്തെന്നാൽ, എന്തെങ്കിലും രേഖപ്പെടുത്തിവയ്ക്കുക എന്നാൽ അതിനെ മറവിയിലേക്കു തള്ളുക എന്നാണ്‌. സ്വന്തം ഓർമ്മയോട് നിശിതമായും ഒരേകാധിപതിയെപ്പോലെയും വേണം നിങ്ങൾ ഇടപെടാൻ; അനുസരിക്കുക എന്ന പാഠം അതു മറക്കാതിരിക്കട്ടെ. ഉദാഹരണത്തിന്‌, ഒരു സംഗതി, ഒരു കവിതയിലെ വരിയോ ഒരു വാക്കോ നിങ്ങൾക്കോർമ്മയിൽ വരുന്നില്ല എന്നു വയ്ക്കൂ, നിങ്ങൾ ഓടിപ്പോയി പുസ്തകമെടുത്തുനോക്കുകയല്ല വേണ്ടത്; നിങ്ങളുടെ ഓർമ്മ അതിന്റെ കടമ നിർവ്വഹിക്കുന്നതുവരെ ഇടയ്ക്കിടെ, ആഴ്ചകളോളം അതിനെ അലട്ടിക്കൊണ്ടേയിരിക്കുക. എന്തിനെങ്കിലും വേണ്ടി എത്ര കാലത്തോളം നിങ്ങൾ തല പുണ്ണാക്കുന്നുവോ, അത്രയുമുറപ്പോടെ അതു നിങ്ങളിൽ നിലനില്ക്കും.

(from Essays and Aphorisms)


മൂന്നു തരം എഴുത്തുകാർ



എഴുത്തുകാരെ കൊള്ളിമീനുകൾ, ഗ്രഹങ്ങൾ, സ്ഥിരനക്ഷത്രങ്ങൾ എന്നു മൂന്നായി വിഭജിക്കാം. ആദ്യത്തെ ഗണം ഒരു ക്ഷണികപ്രഭാവമേ ജനിപ്പിക്കുന്നുള്ളു: നിങ്ങൾ മുകളിലേക്കു നോക്കി “നോക്കൂ!” എന്നു വിസ്മയിക്കുമ്പോഴേക്കും അവ എന്നെന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. രണ്ടാമത്തെ വിഭാഗം, ചരഗ്രഹങ്ങൾ, അല്പം കൂടി ദീർഘായുസ്സുകളാണ്‌. സമീപസ്ഥമാണെന്നതിനാൽ സ്ഥിരനക്ഷത്രങ്ങളെക്കാൾ അവയ്ക്കു തെളിച്ചം കൂടും; അജ്ഞർ അവയെ നക്ഷത്രങ്ങളായിത്തന്നെ ഗണിക്കുകയും ചെയ്യും. പക്ഷേ അവയും കാലക്രമേണ സ്ഥലമൊഴിഞ്ഞുകൊടുക്കേണ്ടിവരും; തന്നെയുമല്ല, കടം വാങ്ങിയ വെളിച്ചം കൊണ്ടാണ്‌ അവ തിളങ്ങുന്നതും; അവയുടെ സ്വാധീനവലയമാവട്ടെ, തങ്ങളുടെ സഹയാത്രികരിൽ (സമകാലികരിൽ) ഒതുങ്ങിനിൽക്കുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗം മാത്രമേ മാറ്റമില്ലാത്തതായിട്ടുള്ളു, ആകാശമണ്ഡലത്തിൽ ഉറച്ചുനിൽക്കുന്നുള്ളു, സ്വപ്രകാശം കൊണ്ടു തിളങ്ങുന്നുള്ളു, മാറിവരുന്ന യുഗങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നുള്ളു; നമ്മുടെ സ്ഥാനം മാറുമ്പോൾ അവയുടെ സ്ഥിതി മാറുന്നുമില്ല. അത്രയും ഉയരത്തിലാണവയെന്നതിനാൽത്തന്നെയാണ്‌ അവയുടെ വെളിച്ചം ഭൂമിയിൽ നിൽക്കുന്നവരിലെത്താൻ ഇത്രയും കാലമെടുക്കുന്നതും.


വായിക്കാതിരിക്കുക എന്ന കല


വായിക്കാതിരിക്കുക എന്ന കല വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരു പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതെന്തായാലും അതിൽ താല്പര്യമെടുക്കാതിരിക്കലാണത്. രാഷ്ട്രീയക്കാരുടെയോ പള്ളിക്കാരുടെയോ വക ഒരിടയലേഖനം, ഒരു നോവൽ, ഒരു കവിത, ഇതേതെങ്കിലും സമൂഹത്തിൽ കോളിളക്കമുണ്ടാക്കുന്നെങ്കിൽ ഓർക്കുക- വിഡ്ഢികൾക്കു വേണ്ടി എഴുതുന്നവർക്ക് വേണ്ടത്ര വായനക്കാരെയും കിട്ടും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള മുന്നുപാധിയാണ്‌ മോശം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത്: അല്പായുസ്സുകളല്ലേ നാം.


എഴുത്തുകാർ ഏതു ഭാഷ ഉപയോഗിക്കണം?



എഴുത്തുകാർ ഇതോർമ്മ വയ്ക്കുന്നത് അവർക്കു നല്ലതായിരിക്കും: ഒരാൾക്ക് വലിയൊരു പ്രതിഭാശാലിയെപ്പോലെ ചിന്തിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ; പക്ഷേ അയാൾ സംസാരിക്കുന്നത് മറ്റുള്ളവരുടെ ഭാഷയിൽത്തന്നെ ആയിരിക്കണം. എഴുത്തുകാർ സാധാരണവാക്കുകൾ ഉപയോഗിച്ച് അസാധാരണമായ കാര്യങ്ങളെക്കുറിച്ചു പറയണം. പക്ഷേ ഇതിനു വിരുദ്ധമായിട്ടാണ്‌ അവർ ചെയ്യുക. വെറും ക്ഷുദ്രമായ ആശയങ്ങൾ കനപ്പെട്ട വാക്കുകളിൽ പൊതിഞ്ഞുതരാൻ ശ്രമിക്കുകയാണവർ; അതിസാധാരണമായ ചിന്തകളെ അത്യസാധാരണമായ ശൈലികളുടെ, അപ്രകൃതവും അസ്വാഭാവികവും അനഭിഗമ്യവുമായ പദപ്രയോഗങ്ങളുടെ വേഷമിടീക്കാൻ നോക്കുകയാണവർ. പൊയ്ക്കാലുകളിൽ ഞെളിഞ്ഞു നടക്കുകയാണ്‌ എപ്പോഴും അവരുടെ വാചകങ്ങൾ. ശബ്ദാഡംബരത്തിലാണ്‌ അവർക്കു ഭ്രമം; ഊതിവീർപ്പിച്ച, കൃത്രിമമായ, അതിശയോക്തി നിറഞ്ഞ, കസർത്തു കാണിയ്ക്കുന്ന ഭാഷയിലേ അവരെഴുതൂ. ഇവരുടെ പൂർവികനായ പിസ്റ്റോളിനെയാണ്‌ പണ്ടൊരിക്കൽ അയാളുടെ ചങ്ങാതി ഫാൾസ്റ്റാഫ് “പറയാനെന്തെങ്കിലുമുണ്ടെങ്കിൽ അതു മറ്റു മനുഷ്യർ പറയുന്ന ഭാഷയിൽ പറയുക” എന്ന് ഒരടി കൊടുത്തിരുത്തിയത്.

*

ഭൂമിയുടെ അടരുകൾ പൊയ്പോയ യുഗങ്ങളിൽ ജീവിച്ചിരുന്ന ജീവജാലങ്ങളെ കാലാനുക്രമത്തിൽ ഫോസിലുകളായി സൂക്ഷിച്ചുവയ്ക്കുന്നപോലെ ഗ്രന്ഥപ്പുരകളിലെ അലമാരകൾ ഭൂതകാലത്തെ സ്ഖലിതങ്ങളേയും അവയുടെ ഭാഷ്യങ്ങളേയും കാലാനുക്രമത്തിൽ സൂക്ഷിച്ചുവയ്ക്കുന്നു; അവയും മുൻപറഞ്ഞവയെപ്പോലെ ഒരുകാലത്ത് ജീവൻ നിറഞ്ഞവയായിരുന്നു, സ്വന്തം കാലഘട്ടത്തെ ഇളക്കിമറിച്ചവയായിരുന്നു. പക്ഷേ ഇപ്പോഴവ ഒരേയിടത്തുതന്നെ കല്ലിച്ചും അനക്കമറ്റും നില്ക്കുന്നു; ഇന്നവയെ നോക്കാൻ സാഹിത്യത്തിലെ പാലിയന്റോളജിസ്റ്റുകൾ മാത്രമേയുള്ളു.

*


ഹെറോഡോട്ടസ് പറയും പ്രകാരം, തന്റെ അതിവിപുലമായ സൈന്യം നിരന്നുനില്ക്കുന്നതു കണ്ടപ്പോൾ ക്സെർക്സെസ് കണ്ണീരു വാർത്തുവത്രെ; ഒരു നൂറുകൊല്ലത്തിനുള്ളിൽ അതിലൊരാളു പോലും ജീവനോടെ ശേഷിക്കില്ല എന്ന ചിന്തയായിരുന്നു അതിനു കാരണം. അതേപോലെ, തടിച്ചു, സുന്ദരമായ ഒരു കാറ്റലോഗ് കാണുമ്പോൾ അതിലുള്ള പുസ്തകങ്ങളിൽ ഒന്നുപോലും പത്തുകൊല്ലം കടക്കില്ല എന്ന ചിന്തയിൽ കണ്ണീരു വരാത്തതായി ആരുണ്ടാവും?

*

ആത്മഹത്യയെക്കുറിച്ച്

ജീവിതത്തിന്റെ ഭയാനകതകൾ മരണത്തിന്റെ ഭയാനകതകളെ അഗണ്യമാക്കുന്ന ഘട്ടം വരുമ്പോൾ ഏതു മനുഷ്യനും ജീവിതം അവസാനിപ്പിക്കുമെന്നു കാണാവുന്നതേയുള്ളു. പക്ഷേ മരണത്തിന്റെ ഭയാനകതകൾ കാര്യമായ പ്രതിരോധം തീർക്കുന്നുമുണ്ട്: പുറത്തേക്കുള്ള വാതിലിനു മുന്നിൽ കാവൽ നിൽക്കുകയാണവ. ജീവനോടുള്ള ഏതു മനുഷ്യനും ഇതിനകം ജീവിതം അവസാനിപ്പിച്ചേനേ, അസ്തിത്വത്തിന്റെ പെട്ടെന്നുള്ള വിച്ഛേദം എന്നൊരു നിഷേധസ്വഭാവമേ ആ അന്ത്യത്തിനുള്ളുവെങ്കിൽ. പക്ഷേ മറിച്ചുള്ളതൊന്നുകൂടി അതിലുണ്ട്: ശരീരത്തിന്റെ നാശം. അതാണു മനുഷ്യനെ പിന്തിരിപ്പിക്കുന്നത്; എന്തെന്നാൽ അവന്റെ ജീവിതേച്ഛയുടെ പ്രകടിതരൂപമാണ്‌ ശരീരം.
ഭാവിയിലേക്കു പണിയുക

*


താൻ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഉപകാരസ്മരണയ്ക്കാണ്‌ നിങ്ങൾ ദാഹിക്കുന്നതെങ്കിൽ നിങ്ങൾ അതിന്റെ താളത്തിനൊത്തു തുള്ളണം. അപ്പോൾപ്പക്ഷേ, മഹത്തായതെന്തെങ്കിലും സൃഷ്ടിക്കാൻ നിങ്ങൾക്കായി എന്നുവരികയുമില്ല. മഹത്തായതൊന്നിലാണ്‌ നിങ്ങൾ കണ്ണു വയ്ക്കുന്നതെങ്കിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഭാവിതലമുറകളിലായിരിക്കണം. അപ്പോൾ സമകാലികർക്ക് നിങ്ങൾ മിക്കവാറും അജ്ഞാതനായിരിക്കും. കടലിനു നടുവിലെ മരുത്തുരുത്തിൽ ജീവിതം കഴിക്കാൻ വിധിക്കപ്പെട്ടവനെപ്പോലെയായിരിക്കും നിങ്ങൾ; താൻ ഒരിക്കൽ ജീവിച്ചിരുന്നു എന്ന് ഭാവിയിലെ നാവികർക്കറിയാനായി ഒരു സ്മാരകം പണിതുവയ്ക്കാൻ അദ്ധ്വാനിക്കുന്ന ഒരാളാവും നിങ്ങൾ.
*

പ്രകൃതിയുടെ ഒറ്റയൊറ്റ ഭാവങ്ങൾക്കും ശക്തികൾക്കും മൂർത്തരൂപം നല്കുകയാണ്‌ ബഹുദൈവവിശ്വാസം ചെയ്യുന്നതെങ്കിൽ പ്രകൃതിയെ ഒറ്റയടിക്ക് മൂർത്തീകരിക്കുകയാണ്‌ ഏകദൈവവിശ്വാസം ചെയ്യുന്നത്. 

അങ്ങനെയൊരു വ്യക്തിസത്തയ്ക്കു മുന്നിൽ നിന്നുകൊണ്ട് ഞാൻ ഇങ്ങനെ പറയുന്നതായി സങ്കല്പിക്കുകയാണ്‌: “എന്റെ സ്രഷ്ടാവേ! ഒരിക്കൽ ഞാൻ ഒന്നുമായിരുന്നില്ല: നീ എന്നെ സൃഷ്ടിച്ചു; അങ്ങനെ ഞാൻ എന്തോ ഒന്നായി; ആ എന്തോ ഒന്ന് ഞാനാണ്‌.” ഞാൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “ഈ ഔദാര്യത്തിന്‌ നിനക്കു നന്ദി!” ഒടുവിൽ ഞാൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “ഞാൻ ഒന്നിനും കൊള്ളാത്തവനാണെങ്കിൽ അതെന്റെ പിഴ.” തുറന്നുപറയട്ടെ, ഇങ്ങനെയൊരു ചിന്ത കൈക്കൊള്ളുന്നതിൽ നിന്നെന്നെ തടയുകയാണ്‌, എന്റെ ദാർശനികപഠനങ്ങളും ഭാരതീയചിന്തകളിലുള്ള എന്റെ പരിചയവും. അതിനുമുപരി, ദൈവാസ്തിത്വത്തിനു തെളിവായി പ്രപഞ്ചസൃഷ്ടി എടുത്തുകാണിക്കുന്നതിനെ നിരാകരിക്കുന്ന കാന്റിന്റെ ചിന്തയുടെ പ്രതിരൂപവുമാണത്: “സാദ്ധ്യമായ എല്ലാ സത്തകളിലും വച്ച് ഉന്നതമായ ഒരു സത്തയായി നാം സങ്കല്പിക്കുന്ന ഒരു സത്ത തന്നോടെന്നപോലെ ഇങ്ങനെ പറയുകയാണെന്ന ചിന്തയെ തടുക്കാനോ അതുൾക്കൊള്ളാനോ നമുക്കു പറ്റുകയില്ല: ‘നിത്യതയിൽ നിന്നു നിത്യതയോളം ഞാനേയുള്ളു; എന്റെ ഇച്ഛയിലൂടെ ജന്മം കൊണ്ടതല്ലാതെ മറ്റൊന്നുമില്ല; എന്നാൽ ഞാൻ എന്തിൽ നിന്നു വന്നു?’”

നിങ്ങൾ തടിയോ കല്ലോ ലോഹമോ കൊണ്ട് ഒരു വിഗ്രഹമുണ്ടാക്കിയാലും അമൂർത്തസങ്കല്പനങ്ങളിൽ നിന്ന് അങ്ങനെയൊന്ന് രൂപപ്പെടുത്തിയാലും രണ്ടും ഒന്നുതന്നെ: നിങ്ങൾ ഒരു വ്യക്തിസത്തയെ മുന്നിൽ വച്ച് അതിനു ബലി കൊടുക്കാനും അതിനെ വിളിച്ചുകരയാനും അതിനു നന്ദി പറയാനും തുടങ്ങിയാൽ അത് വിഗ്രഹപൂജയായി. ബലി കൊടുക്കുന്നത് നിങ്ങളുടെ ആട്ടിൻകുട്ടിയെയായാലും നിങ്ങളുടെ ഇഷ്ടങ്ങളെ ആയാലും അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. ഏതനുഷ്ഠാനവും ഏതു പ്രാർത്ഥനയും വിഗ്രഹപൂജയുടെ അവിതർക്കിതമായ സാക്ഷ്യമാണ്‌. അതുകൊണ്ടാണ്‌ ഏതു മതത്തിന്റെയും മിസ്റ്റിക് ശാഖകൾ അനുഷ്ഠാനങ്ങൾ വേണ്ടെന്നുവയ്ക്കുന്നതിൽ ഏകാഭിപ്രായക്കാരാകുന്നത്.

*

ലോകത്തിന്റെ യാതനയെക്കുറിച്ച്


കശാപ്പുകാരന്റെ കൺചുവട്ടിൽ പാടത്തു തുള്ളിക്കളിക്കുന്ന ആടുകളെപ്പോലെയാണു നാം: തന്റെ ഇരയാകാൻ ഇന്നയാൾ ഒന്നിനെ നോട്ടമിടുന്നുണ്ട്, നാളെ മറ്റൊന്നിനെയും. ആ നല്ല നാളുകളിൽ നാം മറന്നുപോകുന്നു, ദുർവ്വിധി വൈകാതെ നമുക്കു കാത്തുവച്ചിരിക്കുന്നതെന്താണെന്ന്- രോഗം, ദാരിദ്ര്യം, അംഗഭംഗം, കാഴ്ചക്കുറവ്, അല്ലെങ്കിൽ ബുദ്ധിമാന്ദ്യം.

എന്നാൽ ദൗർഭാഗ്യങ്ങൾ കൊണ്ട് ഗുണവുമുണ്ട്. അന്തരീക്ഷമർദ്ദം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഉടലിന്റെ ചട്ടം പൊട്ടിത്തകർന്നേനെ എന്നതുപോലെ, മനുഷ്യരുടെ ജീവിതങ്ങളിൽ ആവശ്യങ്ങളോ കഷ്ടപ്പാടുകളോ ദുരിതകാലമോ ഒന്നും ഇല്ലായിരുന്നെങ്കിൽ, അവർ കൈ വയ്ക്കുന്നതെന്തും വിജയത്തിലേക്കെത്തിയിരുന്നെങ്കിൽ, ധാർഷ്ട്യം കൊണ്ടവർ വീർത്തുപോകുമായിരുന്നു; അവരിനി പൊട്ടിത്തെറിച്ചില്ലെങ്കിലും കടിഞ്ഞാണില്ലാത്ത വങ്കത്തരത്തിന്റെ ഒന്നാന്തരമൊരു പ്രദർശനമെങ്കിലും കാഴ്ചവച്ചേനെ- അല്ല, അവർ ഭ്രാന്തമാരായിപ്പോയേനെ. ഏതു മനുഷ്യനും ഏതു കാലത്തും ഒരളവു വരെ ഉത്കണ്ഠ അല്ലെങ്കിൽ വേദന അല്ലെങ്കിൽ ക്ലേശം ഉണ്ടാകുന്നത് നല്ലതാണെന്നും ഞാൻ പറയും. അടിഭാരമില്ലാത്ത കപ്പൽ അസ്ഥിരമായിരിക്കുമല്ലോ, അത് നേരേ പോവുകയുമില്ല.

യൗവ്വനാരംഭത്തിൽ വരാനിരിക്കുന്ന ജീവിതത്തിനു മുന്നിൽ നാമിരിക്കുന്നത് തിരശ്ശീല ഉയരുന്നതിനു മുമ്പ് നാടകശാലയിൽ ഇരിക്കുന്ന കുട്ടികളെപ്പോലെയാണ്‌; ഉത്സാഹഭരിതരായി, നാടകം തുടങ്ങാൻ വ്യഗ്രതയോടെ കാത്തിരിക്കുകയാണു നാം. ഭാഗ്യത്തിന്‌, എന്താണ്‌ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല. മരണത്തിനല്ല, ജീവിതത്തിനു വിധിക്കപ്പെട്ട നിഷ്കളങ്കരായ തടവുകാരാണ്‌ ആ കുട്ടികളെന്ന് നമുക്കു തോന്നാം. ആ ശിക്ഷാവിധിയുടെ സ്വഭാവം എന്തെന്ന് അവർക്കിനിയും മനസ്സിലായിട്ടില്ല. എന്നാൽക്കൂടി ഓരോരുത്തരം വാർദ്ധക്യമെത്താൻ കൊതിക്കുന്നു; എന്നു പറഞ്ഞാൽ, “ഇന്നു മോശം ദിവസമായിരുന്നു, നാളെ ഇതിലും മോശമായിരിക്കും, ഒടുവിൽ ഏറ്റവും മോശമായതു വന്നുചേരുകയും ചെയ്യും” എന്നു നിങ്ങൾക്കു പറയാൻ തോന്നുന്ന ഒരു ജീവിതാവസ്ഥയെത്താൻ.

യൗവ്വനത്തിൽ സുഹൃത്തുക്കളായിരുന്ന രണ്ടു പേർ ഒരായുഷ്കാലം വേർപിരിഞ്ഞിരുന്ന ശേഷം വാർദ്ധക്യത്തിൽ കണ്ടുമുട്ടിയെന്നിരിക്കട്ടെ, അന്യോന്യം കാണുമ്പോൾ അവരുടെ മനസ്സിൽ പൊന്തിവരുന്ന വികാരം ജീവിതത്തോടുള്ള പൂർണ്ണനൈരാശ്യമായിരിക്കും; കാരണം, ചിന്തകൾ അവരെ കൊണ്ടുപോകുന്നത് പ്രഭാതത്തിന്റെ അരുണാഭയിൽ കുളിച്ച് കണ്മുന്നിൽ പരന്നുകിടക്കുന്നതായി ജീവിതം കാഴ്ചയിൽ വന്ന ഒരു പൂർവ്വകാലത്തിലേക്കായിരിക്കും. അത്രയധികം വാഗ്ദാനം ചെയ്തിട്ട് അത്ര കുറച്ചേ അവർക്കു കിട്ടിയിട്ടുള്ളു. ഈ വികാരം മറ്റെന്തിനേയും അത്ര പൂർണ്ണമായി കീഴടക്കിക്കളയുമെന്നതിനാൽ അതിനു വാഗ്രൂപം നല്കണമെന്നുപോലും അവർക്കു തോന്നുകയുമില്ല; എന്നാൽ ഇരുകൂട്ടരും നിശ്ശബ്ദമായി അത് മനസ്സിൽ കാണും, അവർക്കാകെ സംസാരിക്കാനുള്ളതും അതിന്റെ അടിസ്ഥാനത്തിലായിരിക്കും.
*

ഏതു നിർഭാഗ്യത്തിലും ഏതു ദുഃഖാവസ്ഥയിലും ഏറ്റവും ഫലപ്രദമാകുന്ന സാന്ത്വനമാർഗ്ഗം നമ്മെക്കാൾ ഭാഗ്യഹീനരായവരെ നിരീക്ഷിക്കുക എന്നതാണ്‌: എല്ലാവർക്കും അതു ചെയ്യാം. എന്നാൽ മനുഷ്യരാശിയെ ഒന്നാകെ എടുക്കുമ്പോൾ എത്ര ദയനീയമായ ഒരു വിധിയാണ്‌ അതുകൊണ്ടർത്ഥമാക്കുന്നത്!

ചരിത്രം നമ്മെ ദേശങ്ങളുടെ ജീവിതം കാട്ടിത്തരുന്നു; യുദ്ധങ്ങളും ഒച്ചപ്പാടുകളുമല്ലാതെ ഒന്നും നാമതിൽ കാണുന്നുമില്ല. ശാന്തിയുടെ വർഷങ്ങൾ കാണപ്പെടുന്നെങ്കിൽ സാന്ദർഭികമായ നൈമിഷികവിരാമങ്ങളും ഇടവേളകളുമായി മാത്രം. അതേ കണക്കിൽത്തന്നെ വ്യക്തിയുടെ ജീവിതവും ഒരു നിരന്തരസമരമാണ്‌; ഇല്ലായ്മയ്ക്കോ മടുപ്പിനോ എതിരേയുള്ള യുദ്ധമെന്ന രീതിയിൽ ആലങ്കാരികമായി മാത്രമല്ല, മറ്റു മനുഷ്യരുമായി ശരിക്കുമുള്ള യുദ്ധമെന്ന രീതിയിലും. എവിടെയുമവൻ പ്രതിയോഗികളെ കാണുന്നു, അവിരാമമായ സംഘർഷത്തിൽ അവൻ ജീവിക്കുന്നു, കയ്യിൽ വാളുമായി അവൻ മരിക്കുകയും ചെയ്യുന്നു.
*

നമ്മുടെ ജീവിതത്തെ വേട്ടയാടുന്ന പീഡകളിൽ ഒട്ടും നിസ്സാരമല്ല, നമുക്കു മേൽ കാലത്തിന്റെ നിരന്തരമായ സമ്മർദ്ദം; ഒന്നു ശ്വാസമെടുക്കാൻ പോലും നേരം തരാതെ, കയ്യിൽ ചാട്ടയുമായി ഒരു കങ്കാണിയെപ്പോലെ നമ്മുടെ പിന്നാലെതന്നെയുണ്ടത്. മടുപ്പിനെറിഞ്ഞുകൊടുത്തവനെ മാത്രമേ അത് പിന്തുടരാതെയുള്ളു.
*


(from Essays and Aphorisms)