2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

കെൻസാബുറോ ഓ

 ചോദ്യം: സാഹിത്യജീവിതത്തിന്റെ ആദ്യകാലത്ത് താങ്കൾ പലരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. താങ്കൾ നല്ലൊരു അഭിമുഖകാരൻ ആണോ?

കെൻസാബുറോ ഓ: അല്ല, അല്ല, അല്ല. അഭിമുഖത്തിനു വിധേയനാവുന്ന വ്യക്തി പുതിയതായി എന്തെങ്കിലും വെളിപ്പെടുത്തുന്നുണ്ടെങ്കിലേ അത് നല്ലൊരു അഭിമുഖം ആകുന്നുള്ളു. നല്ലൊരു അഭിമുഖകാരൻ ആകാനുള്ള കഴിവെനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല; കാരണം, പുതിയതായി എന്തെങ്കിലും പുറത്തുകൊണ്ടുവരാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല. 

1960ൽ ചെയർമാൻ മാവോയെ ഇന്റർവ്യൂ ചെയ്യാൻ തിരഞ്ഞെടുത്ത അഞ്ച് ജാപ്പനീസ് എഴുത്തുകാരിൽ ഒരാൾ ഞാനായിരുന്നു. യു.എസ്-ജപ്പാൻ സുരക്ഷാ ഉടമ്പടിക്കെതിരായുള്ള പ്രതിഷേധപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ചൈനയിലേക്കു പോയത്. അഞ്ചുപേരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. രാത്രിയിൽ വളരെ വൈകിയാണ്‌ ഞങ്ങൾ അദ്ദേഹത്തെ കണ്ടത്- പുലർച്ചെ ഒരു മണിയ്ക്ക്. ഇരുളടഞ്ഞ ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അത്ര ഇരുട്ടായതിനാൽ തൊട്ടടുത്ത് ഒരു മുല്ലവള്ളിയുള്ളത് ഞങ്ങൾക്കു കാണാൻ പറ്റിയില്ല; എന്നാൽ ഞങ്ങൾക്കതിന്റെ മണം കിട്ടുകയും ചെയ്തു. ആ മുല്ലപ്പൂവിന്റെ മണത്തെ പിന്തുടർന്നുചെന്നാൽ നമുക്ക് മാവോയുടെ അടുത്തെത്താൻ പറ്റുമെന്ന് ഞങ്ങൾ തമാശയായി പറയുകയും ചെയ്തു. മതിപ്പു തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം- അസാധാരണമാം മട്ടിൽ വലിപ്പമുള്ള ഒരു രൂപം, ഏഷ്യൻ മാനദണ്ഡം വച്ചുനോക്കിയാൽ വിശേഷിച്ചും. ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ അനുവാദമുണ്ടായിരുന്നില്ല; അതുപോലെ, നേരിട്ടു ഞങ്ങളോടു സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി ഷൂ എൻലായിയോടാണ്‌ അദ്ദേഹം സംസാരിച്ചത്. അത്രനേരവും സ്വന്തം പുസ്തകങ്ങളിൽ നിന്ന്- പദം പ്രതി- അദ്ദേഹം ഉദ്ധരിക്കുകയുമായിരുന്നു. അത് വല്ലാതെ ബോറടിപ്പിക്കുന്നതായിരുന്നു. വലിയൊരു സിഗററ്റ് പെട്ടിയിൽ നിന്ന് അദ്ദേഹം നിരന്തരം സിഗററ്റെടുത്ത് വലിച്ചുകൊണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ ഷൂ -കളിയായി- സിഗററ്റ് പെട്ടി നിരക്കിമാറ്റിക്കൊണ്ടിരുന്നു; എന്നാൽ മാവോ പിന്നെയും കയ്യെത്തിച്ച് അത് തന്റെയടുത്തേക്കു നീക്കിവയ്ക്കും.

അടുത്ത കൊല്ലം ഞാൻ സാർത്രിനെ ഇന്റർവ്യൂ ചെയ്യാൻ പോയി. സാങ്ങ്ത്-ജെർമെയ്ൻ-ദെസ്-പ്രെസിൽ ഞാൻ ചെറിയൊരു മുറിയെടുത്തു. ഞാൻ ആദ്യം കേട്ട ശബ്ദം പുറത്ത് പ്രകടനക്കാരുടെ “അൾജീരിയയിൽ സമാധാനം!” എന്ന മുദ്രാവാക്യമായിരുന്നു. എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സാർത്ര്. മാവോയെപ്പോലെ അദ്ദേഹവും താൻ പ്രസിദ്ധപ്പെടുത്തിയ സംഗതികൾ - Existentialism is Humanism, Situations- ആവർത്തിക്കുകയാണു ചെയ്തത്. അതുകാരണം ഞാൻ കുറിപ്പെടുക്കുന്നതു നിർത്തി. പുസ്തകങ്ങളുടെ പേരുകൾ മാത്രം ഞാൻ കുറിച്ചുവച്ചു. ആളുകൾ ന്യൂക്ലിയർ ആയുധങ്ങളെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു; അതേ സമയം ന്യൂക്ലിയർ ആയുധങ്ങളുള്ള ചൈനയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ന്യൂക്ലിയർ ആയുധങ്ങൾ ആരു കൈവശം വയ്ക്കുന്നതിനെയും ഞാൻ കഠിനമായി എതിർത്തു; എന്നാൽ ആ വിഷയത്തിൽ സാർത്രിനെക്കൊണ്ട് അഭിപ്രായം പറയിക്കാൻ എനിക്കായില്ല. അദ്ദേഹത്തിന്റെ മറുപടി ആകെ ഇതായിരുന്നു: അടുത്ത ചോദ്യം.

*

ചോദ്യം: വിശ്വാസിയായിരിക്കുക എന്നത് എഴുത്തുകാരന്‌ ഒരു ഭാരമാണെന്നു കരുതുന്നുണ്ടോ?

കെൻസാബുറോ ഓ: ജാപ്പനീസിൽ ഭാരം എന്ന വാക്കെഴുതുമ്പോൾ അതിൽ ‘കനത്ത’ എന്നതിന്റെ അക്ഷരം കൂടി വരും. മതം- വിശ്വാസം- ഒരു കനത്ത ഭാരമാണെന്ന് ഞാൻ കരുതുന്നില്ല; അതേ സമയം, എനിക്കു ബന്ധുത്വം തോന്നുന്ന എഴുത്തുകാരും ചിന്തകരും വിശ്വാസത്തിന്റെ കാര്യത്തിൽ എനിക്കുള്ള ചിന്തകളും വികാരങ്ങളും പങ്കിടുന്നവരാണ്‌. അവരിൽ നിന്നു പഠിക്കുക എന്നത് ഞാനൊരു ശീലമാക്കിയിരിക്കുന്നു. എനിക്കടുപ്പം തോന്നാത്ത മറ്റെഴുത്തുകാരുമുണ്ട്; കാരണം, വിശ്വാസത്തെക്കുറിച്ച് അവർക്കുള്ള ചിന്തകളും വികാരങ്ങളും ഞാൻ പങ്കിടുന്നവയല്ല. ടോൾസ്റ്റോയ്, ഉദാഹരണത്തിന്‌, എനിക്കടുപ്പം തോന്നാത്ത ഒരെഴുത്തുകാരനാണ്‌.

ഞാൻ വിശ്വാസിയല്ല, ഭാവിയിൽ അങ്ങനെയായേക്കാമെന്നും ഞാൻ കരുതുന്നില്ല. എന്നാൽ ഞാൻ നിരീശ്വരവാദിയുമല്ല. എന്റെ വിശ്വാസം മതേതരനായ ഒരാളുടേതാണ്‌. നിങ്ങൾക്കതിനെ “ധാർമ്മികത” എന്നു വിളിക്കാം. ജീവിതകാലമുടനീളം ഞാൻ കുറച്ചു ജ്ഞാനമൊക്കെ ആർജ്ജിച്ചിട്ടുണ്ട്; അതു പക്ഷേ, യുക്തിയിലൂടെയും ചിന്തയിലൂടെയും അനുഭവത്തിലൂടെയുമായിരുന്നു. ഞാൻ യുക്തിവാദിയായ ഒരാളാണ്‌, എന്റെ പ്രവൃത്തികൾക്കടിസ്ഥാനം സ്വാനുഭവമാണ്‌. എന്റെ ജീവിതരീതി മതേതരനായ ഒരാളുടേതാണ്‌, മനുഷ്യജീവികളെക്കുറിച്ചു ഞാനറിഞ്ഞിട്ടുള്ളതും ആ രീതിയിലാണ്‌. പ്രകൃത്യതീതമായതിനെ ഏതെങ്കിലും മണ്ഡലത്തിൽ വച്ചു ഞാൻ സന്ധിച്ചിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ നാല്പത്തിനാലു കൊല്ലമായി ഹികാരിയുമായുള്ള എന്റെ ജീവിതത്തിൽ വച്ചാണ്‌. ഹികാരിയുമായുള്ള എന്റെ ബന്ധത്തിലൂടെയും അവന്റെ സംഗീതത്തെക്കുറിച്ചുള്ള എന്റെ അറിവിലൂടെയുമാണ്‌ അതീതത്തെക്കുറിച്ച് എനിക്കൊരു നിമിഷദർശനം കിട്ടിയിട്ടുള്ളത്. 

ഞാൻ പ്രാർത്ഥിക്കാറില്ല, എന്നാൽ നിത്യമെന്നോണം ഞാൻ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഞാൻ വിശ്വാസമർപ്പിച്ച ചിന്തകരേയും എഴുത്തുകാരെയും വായിക്കുക എന്നതാണ്‌ ഒന്നാമത്തേത്- എന്നും കാലത്ത് രണ്ടു മണിക്കൂറെങ്കിലും അതു ഞാൻ ചെയ്യുന്നുണ്ട്. രണ്ടാമത്തേത് ഹികാരിയെ സംബന്ധിച്ചതാണ്‌. എന്നും രാത്രിയിൽ ബാത്ത് റൂമിൽ പോകാൻ ഞാൻ ഹികാരിയെ വിളിച്ചുണർത്തും. തിരിച്ച് കട്ടിലിൽ വന്നു കിടക്കുമ്പോൾ എന്തുകൊണ്ടോ തനിയേ ബ്ലാങ്കറ്റെടുത്തു പുതയ്ക്കാൻ അവനു കഴിയാറില്ല; അതിനാൽ ഞാൻ തന്നെ അവനെ പുതപ്പിക്കും. ഹികാരിയെ ബാത്ത് റൂമിൽ കൊണ്ടുപോവുക എന്നത് ഒരനുഷ്ഠാനമാണ്‌; എനിക്കത് മതപരമായ ധ്വനികളുള്ളതാണ്‌. പിന്നെ ഞാൻ തലയിൽ നൈറ്റ്ക്യാപ്പ് ധരിച്ചിട്ട് കിടക്കാൻ പോകും.

[ഹികാരി (വെളിച്ചം എന്നർത്ഥം) കെൻസാബുറോ ഓയുടെ മൂത്ത മകനാണ്‌. ജനിച്ചപ്പോൾത്തന്നെ ബ്രെയ്ൻ ഹെർണിയ ബാധിച്ചിരുന്നു. സംസാരശേഷി തീരെ ഉണ്ടായിരുന്നില്ല. അവനെ ആശ്വസിപ്പിക്കാനും ഉറക്കാനും അച്ഛനും അമ്മയും കിളിയൊച്ചകളും മൊസാർട്ടിന്റെയും ഷോപ്പാങ്ങിന്റെയും സംഗീതവും കേൾപ്പിച്ചിരുന്നു. ആറു വയസ്സുള്ളപ്പോൾ അവൻ ആദ്യമായി ഒരു പൂർണ്ണവാചകം ഉച്ചരിച്ചു. ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ കേട്ട കിളിയുടെ ശബ്ദം ഏതിന്റേതാണെന്ന് അവൻ കൃത്യമായി തിരിച്ചറിയുകയും ചെയ്തു. വൈകാതെ അവൻ ശാസ്ത്രീയസംഗീതത്തോട് പ്രതിപത്തി കാണിച്ചുതുടങ്ങി. ഓ അവനെ ഒരു പിയാനോ ക്ലാസ്സിൽ ചേർക്കുകയും ചെയ്തു. ഇന്ന് ഹികാരി ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതജ്ഞനാണ്‌. ഒരിക്കൽ കേട്ട ഏതു സംഗീതവും തിരിച്ചറിയാനും ഓർത്തെടുക്കാനും ഓർമ്മയിൽ നിന്നു പകർത്തിയെഴുതാനും ഹികാരിക്കു കഴിയും. അതുപോലെ മൊസാർട്ടിന്റെ ഏതു രചനയും ചില സ്വരങ്ങൾ മാത്രം കേട്ടു കഴിഞ്ഞാൽ തിരിച്ചറിയാനുള്ള സിദ്ധിയും അദ്ദേഹത്തിനുണ്ട്. ഹികാരി കൂടുതൽ സമയവും അച്ഛനോടൊപ്പമാണു കഴിയുക. അദ്ദേഹം എഴുതുകയും വായിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ മകൻ പാട്ടു കേൾക്കുകയും സംഗീതരചന നടത്തുകയും ചെയ്യും.]


(1994ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ജാപ്പനീസ് നോവലിസ്റ്റ് കെൻസാബുറോ ഓയുമായി നടത്തിയ പാരീസ് റിവ്യൂ ഇന്റർവ്യൂവിൽ നിന്ന്.)

അഭിപ്രായങ്ങളൊന്നുമില്ല: