2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

അമാനോ തദാഷിയുടെ കവിതകൾ



രോദനം


ഒരിക്കൽ പുല്ലിനിടയിൽ
മനസ്സുറപ്പില്ലാത്ത ഒരു പ്രാണി ജീവിച്ചിരുന്നു,
ഈ വിശാലലോകം മുഴുവനെടുത്താൽ
അതിലേറ്റവും ചെറിയ ജീവി.
ജീവിച്ചിരുന്ന കാലത്തോളം
അവനു കാറ്റിനെ പേടിയായിരുന്നു,
അതിനാൽ അതിൽ നിന്നു രക്ഷയ്ക്കായി
കിതച്ചും വിയർത്തും അവനൊരു കുഴി കുഴിച്ചു.
ഒരു കൊല്ലം അതിനെടുത്തു.

ഒരിക്കൽ തന്റെ കുഴിയിലവൻ
സുഖം പിടിച്ചു ചുരുണ്ടുകൂടിയിരിക്കുമ്പോൾ
ഈ വിശാലലോകത്തു വീശിയതിൽ 
വച്ചേറ്റവും സൗമ്യമായ ഒരിളംകാറ്റൊന്നു വീശുകയും
മാളത്തിലേക്കൊരല്പം മണൽത്തരി തട്ടിയിടുകയും ചെയ്തു.
അതോടെ പ്രാണി ജീവൻ വെടിയുകയും ചെയ്തു,
ഈ വിശാലലോകത്തു കേട്ടതിൽ
വച്ചേറ്റവും ചെറിയ രോദനത്തോടെ.


ഒരു വിചിത്രമൃഗം


സെനെഗൾ മൃഗശാലയിലേക്ക് ഒരു വിചിത്രമൃഗമെത്തി.
അവന്റെ ലേബൽ ഇങ്ങനെയായിരുന്നു, “മനുഷ്യവിദ്വേഷി.”
ഒരു കസേരയിട്ട്,
ആളുകൾക്കു പുറം തിരിഞ്ഞ്,
നീലാകാശത്തേക്കുറ്റുനോക്കി അവൻ ഒരേ ഇരിപ്പിരിക്കും
അതല്ലാതെ പകൽ മുഴുവൻ അവൻ യാതൊന്നും ചെയ്തിരുന്നില്ല
രാത്രിയിൽ, കാഴ്ച്ചക്കാർ പൊയ്ക്കഴിഞ്ഞാൽ,
“മനുഷ്യവിദ്വേഷി” തന്റെ പൂട്ടു തുറക്കും
എന്നിട്ടനങ്ങാതെ വീട്ടിലേക്കു പോകും
രാവിലെ, കാഴ്ച്ചക്കാരെത്തും മുമ്പേ,
അവൻ അകത്തുകയറി പൂട്ടിടും
ഒരു കസേരയിട്ട്,
ആളുകൾക്കു പുറം തിരിഞ്ഞ്,
നീലാകാശത്തേക്കുറ്റുനോക്കി അവൻ ഒരേ ഇരിപ്പിരിക്കും
അതല്ലാതെ പകൽ മുഴുവൻ അവൻ യാതൊന്നും ചെയ്തിരുന്നില്ല
ഉച്ചയ്ക്ക് അവന്റെ ഭാര്യ റൊട്ടിയും പാലും കൊണ്ടുകൊടുക്കും
മഴയുള്ള ദിവസങ്ങളിൽ അവർ ഒരു കുടയും കൊണ്ടുവരും.


ലോകത്തേക്ക്


ഇടവഴിയിലെ തള്ളപ്പൂച്ച പൂച്ചക്കുട്ടിയോടു പറഞ്ഞു:
-ആ വീട്ടിൽ ഒരു ചെറുക്കനും പെണ്ണുമുണ്ട്,
നിനക്കു ഭാഗ്യമുണ്ടെങ്കിൽ അവർ നിന്നെ നോക്കിക്കോളും.
നിസ്സഹായനായ പൂച്ചക്കുട്ടി അമ്മയുടെ നിശിതദൃഷ്ടികളിലേക്കു നോക്കി.
-നോക്കിയും കണ്ടും ചെയ്താൽ നിനക്കു ജീവനോടിരിക്കാം, കേട്ടല്ലോ..
നിനക്കു ലോകത്തേക്കിറങ്ങേണ്ട കാലമായി.
അവന്റെ അമ്മ പിന്നെ തിരിഞ്ഞുനോക്കാതെ
തന്റെ തീറ്റയും തേടി
പുരപ്പുറങ്ങളിലൂടെ നടന്നുപോയി.
അവൾ നടന്നുമറയുന്നതുവരെ അവൻ നോക്കിനിന്നു.
പിന്നെ,
കുറുകുന്ന, നേർത്ത, ശബ്ദത്തിൽ
മ്യാവൂ എന്നു പറഞ്ഞുകൊണ്ട്
ആ വീടിനു നേരേ നോക്കി ഇഴഞ്ഞുകൊണ്ട്
അവൻ ലോകത്തേക്കിറങ്ങിപ്പോയി.

തോണികൾ


ചെറുപ്പക്കാർ പണക്കാരാണ്‌
അവർക്കതിനാൽ ഓടിപ്പാഞ്ഞുനടക്കാം,
എങ്ങോട്ടാണു പോകുന്നതെന്ന കരുതലും അവർക്കു വേണ്ട.
പ്രായമായവർ പക്ഷേ, പാവങ്ങളാണ്‌.
അവർക്കതിനാൽ പിശുക്കേണ്ടിവരുന്നു.
ജീവിതത്തിൽ നിന്നു
മരണത്തിലേക്ക്
നാം പതുക്കെ
നമ്മുടെ തോണികൾ തുഴയുന്നു.
ചുറ്റുപാടുകൾ നാം
ശ്രദ്ധയോടെ നോക്കുന്നു
കുറഞ്ഞുകുറഞ്ഞുവരുന്ന വേഗതയോടെ
നാം മുന്നോട്ടു തുഴയുന്നു,
ഓരോ ആളും അവനവന്റെ തോണിയിൽ.


സഹചാരി


പതിവുപോലെ സമയമെടുത്തു കുളിക്കുമ്പോൾ
നല്ല സുഖം തോന്നി,
ഈ സമയത്തു ഭാര്യ വന്നെത്തിനോക്കി.
“എന്താ കാര്യം?“
”ഓ, ഒന്നുമില്ല.“
ഞാൻ തുണിയില്ലാതെ നില്ക്കുന്നതു കാണാനായിരിക്കില്ല
അവൾ വന്നതെന്നു തീർച്ച.

അപ്പോഴാണെന്റെ തലയ്ക്കുള്ളിൽ ബൾബു കത്തിയത്:
രണ്ടുമൂന്നു ദിവസം മുമ്പ്
പത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു:
ഒറ്റയ്ക്കു താമസിക്കുന്ന ഒരു വൃദ്ധൻ
കുളിക്കുന്നതിനിടയിൽ മരിച്ചുപോയെന്ന്,
അഞ്ചു ദിവസം കഴിഞ്ഞിട്ടാണ്‌ ആളുകൾ അറിയുന്നതെന്ന്.

ഓഹോ,
ഇനി അതുകൊണ്ടാവുമോ?

കാലം


എനിക്കടുത്തു കിടന്നുറങ്ങുന്നയാൾ
എനിക്കടുത്തു കിടന്നുറങ്ങുന്നു,
ഒരു രാത്രി പോലും മുടങ്ങാതെ,
കഴിഞ്ഞ നാല്പതു കൊല്ലമായി.

വേനൽക്കാലത്ത് കട്ടി കുറഞ്ഞ മെത്തയിൽ,
കടുത്ത മഞ്ഞുകാലത്ത് കട്ടിപ്പുതപ്പിൽ,
എന്റെ അരികിൽ കിടന്നുറങ്ങുന്നു,
ഒരു രാത്രി പോലും മുടങ്ങാതെ.

ഇതാണോ നാല്പതു കൊല്ലത്തിന്റെ ആകെത്തുക?...

തുണിയിൽ പൊതിഞ്ഞ ഒരു വസ്തു,
വായ
അല്പം തുറന്ന്.

കുടുംബം


ഒച്ച ഉയർത്തി
എന്റെ കുഞ്ഞിനെ വഴക്കു പറഞ്ഞതിനാൽ
ഇപ്പോൾ
എനിക്കെന്റെ നായയെ
ഒച്ച താഴ്ത്തി ആശ്വസിപ്പിക്കേണ്ടിവരുന്നു.

നീ നല്ല നായയാണ്‌,
അങ്ങനെയല്ലേ,
വളരെ നല്ല നായ,
അതെ, നീ നല്ലൊരു നായ തന്നെ...

മുഖത്തു വിഷമവുമായി
നായ
വൈമനസ്യത്തോടെ 
വാലാട്ടുന്നു.

ദൈവം



തുണിത്തൊട്ടിലിൽ ഉച്ചമയക്കത്തിലായിരുന്ന
എന്റെ മുത്തശ്ശി
ഉറക്കത്തിൽ ഈളുവായൊലിപ്പിച്ചുകൊണ്ട് മരിച്ചു,
ആട്ടം നിലയ്ക്കുന്ന ഒരൂഞ്ഞാലുപോലെ നിശബ്ദമായി.
ശാഠ്യം പിടിച്ചതും അലസവും നല്ലതുമായിരുന്നു,
എന്റെ മുത്തശ്ശിയുടെ മരണം.
മേശയുടെ ഒരു മൂലയ്ക്കിരുന്ന്
ഞങ്ങളാരിലും കുറച്ചു മാത്രം കഴിച്ചിരുന്ന,
സരളമായൊരു സത്യസന്ധതയോടെ എന്നും ജോലി ചെയ്തിരുന്ന
എന്റെ മുത്തശ്ശൻ,
പത്തു ദിവസം വേദനയെടുത്തു പുളഞ്ഞു,
പിന്നെ കട്ടിലിൽ നിന്നു താഴെ വീണ്‌
സ്വന്തം ചോരയിൽ കുളിച്ചു മരിച്ചു.
ഒരു നല്ല മരണം, ഒരു ചീത്ത മരണം,
വീടിനു പുറത്ത് എന്നുമെന്നപോലെ സൂര്യൻ മങ്ങിക്കത്തിനിന്നു.
ഞാനെന്നും ദൈവമെന്നു വായക്കുള്ളിൽ പറയുന്നു,
പിന്നെ പുറത്തേക്കു തുപ്പുന്നു.

ശ്രദ്ധിച്ചാലും



അങ്ങു കിഴക്കൊരു മലയുണ്ട്*
ഉപയോഗം കഴിഞ്ഞ വൃദ്ധന്മാരെ വൃദ്ധകളെ
മരിക്കാൻ കൊണ്ടുകളഞ്ഞിരുന്നതവിടെയാണ്‌
എഴുതിത്തേഞ്ഞ പേനകൾ പോലെ

യുക്തിക്കു നിരക്കുന്നതല്ലതെന്നു പറയാനുമില്ല

പ്രിയപ്പെട്ട വായനക്കാരേ
നിങ്ങളുടെ പഴയ പേനകൾ എങ്ങനെയും വലിച്ചെറിയൂ
എന്നാൽ ആ മലയിലല്ല
എന്തെന്നാൽ അവിടെയാണ്‌
ഉപയോഗം കഴിഞ്ഞ വൃദ്ധർ
കണ്ണീരുമായി അലഞ്ഞുനടക്കുന്നതും


(*പണ്ടുകാലത്ത് ജപ്പാനിൽ 70 വയസ്സായവർ വിദൂരമായ ഏതെങ്കിലും മലകളിലേക്കു യാത്ര പോയി അവിടെ പട്ടിണി കിടന്നു മരിക്കണമായിരുന്നു. ‘ഉബാസുതെ’ എന്നാണ്‌ ഇതിനു പറഞ്ഞിരുന്നത്. ഇമാമുറയുടെ The Ballad of Narayama എന്ന സിനിമ ഈ പാരമ്പര്യത്തിന്റെ ഒരു പരുക്കൻ ആഖ്യാനമാണ്‌.)

അമാനോ തദാഷി Amano Tadashi (1909-1993)- ജപ്പാന്റെ പുരാതനതലസ്ഥാനമായ ക്യോട്ടോവിൽ ജീവിച്ചിരുന്ന കവി. 1932 മുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ടോക്യോവിൽ നിന്നകലെയായിരുന്നതിനാൽ 1970ലാണ്‌ പേരെടുത്തുതുടങ്ങിയത്. നിത്യജീവിതസന്ദർഭങ്ങൾ തദാഷിയുടെ കവിതയിലൂടെ കടന്നുപോകുമ്പോൾ അവയ്ക്കൊരു സ്വപ്നസ്വഭാവം കൈവരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജാപ്പനീസ് മുഖ്യധാരാകവിതയുടെ പൊതുസ്വഭാവത്തിനു വിരുദ്ധവുമാണത്.



അഭിപ്രായങ്ങളൊന്നുമില്ല: