2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഫ്രീഡ്രിക് നീച്ച - വിവർത്തനങ്ങളെക്കുറിച്ച്

 

ഒരു കാലഘട്ടത്തിന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാൻ അതെങ്ങനെയാണ്‌ വിവർത്തനങ്ങൾ ചെയ്യുന്നതെന്നും പൂർവ്വകാലങ്ങളെയും ഗ്രന്ഥങ്ങളെയും അതെങ്ങനെയാണ്‌ സ്വന്തം സത്തയിൽ ഉൾക്കൊള്ളികാൻ ശ്രമിക്കുന്നതെന്നും നോക്കിയാൽ മതി. കൊർണെയ്‌ലിന്റെ കാലത്തെ, വിപ്ലവത്തിന്റെ കാലത്തെ കൂടിയും, ഫ്രഞ്ചുകാർ റോമൻ പൗരാണികതയെ കൈക്കലാക്കിയത്  വികാസം പ്രാപിച്ച ഒരു ചരിത്രബോധം കാരണം നമുക്കു ധൈര്യം തോന്നാത്ത ഒരു രീതിയിലായിരുന്നു. ഇനി റോമൻ പൗരാണികതയുടെ കാര്യം: എത്ര ബലാല്ക്കാരമായും, ഒപ്പം എത്ര ശുദ്ധതയോടെയുമാണ്‌ അതിപുരാതനമായ ഗ്രീക്ക് പൗരാണികതയിൽ നല്ലതായും ഉദാത്തമായും ഉള്ളതിനൊക്കെമേൽ അത് കൈവച്ചത്! റോമൻ വർത്തമാനകാലത്തിലേക്ക് അവരതു വിവർത്തനം ചെയ്തതെങ്ങനെയാണെന്നു നോക്കൂ! എത്ര മനഃപൂർവ്വമായി, ഒരാലോചനയുമില്ലാതെയാണ്‌   നിമിഷം എന്ന പൂമ്പാറ്റയുടെ ചിറകുകളിൽ നിന്ന് അവർ പൊടി തട്ടിക്കളഞ്ഞത്! ഹൊറേസ് ഇടയ്ക്കൊക്കെ അല്ക്കെയോസിനെയോ ആർച്ചിലോക്കസിനെയോ വിവർത്തനം ചെയ്തത് അങ്ങനെയാണ്‌; കല്ലിമാക്കസ്സിനെയും ഫിലേറ്റസ്സിനെയും പ്രൊപ്പേർറ്റിയസ് ചെയ്തതും അങ്ങനെ. മൂലഗ്രന്ഥകാരൻ ഏതനുഭവത്തിൽ നിന്നാണ്‌ ഒരു കവിത എഴുതിയതെന്നോ അതിന്റെ അടയാളങ്ങൾ അയാൾ ആ കവിതയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നോ അവർ എന്തിനു നോക്കണം? പൗരാണികരുടെ അന്വേഷണസ്വഭാവത്തോട് (ചരിത്രബോധത്തിനു മുമ്പുള്ളതാണത്) കവികളെന്ന നിലയിൽ അവർക്കു യാതൊരനുഭാവവും ഉണ്ടായിരുന്നില്ല; തീർത്തും വ്യക്തിപരമായ ആ പേരുകളും കാര്യങ്ങളും ഒരു നഗരത്തിന്റെ, ഒരു തീരപ്രദേശത്തിന്റെ, ഒരു നൂറ്റാണ്ടിന്റെ വേഷമെന്നോ മുഖാവരണമെന്നോ കരുതാവുന്ന യാതൊന്നും കവികളെന്ന നിലയിൽ അവർക്കു പ്രസക്തമായിരുന്നില്ല. അതിനാൽ അതിനൊക്കെപ്പകരമായി അവർ റോമിന്റെ വർത്തമാനകാലയാഥാർത്ഥ്യം എടുത്തുവച്ചു. അവർ നമ്മളോട് ഇങ്ങനെ ചോദിക്കുകയാണെന്നു തോന്നും: “പഴയതിനെ പുതുക്കുകയും അതിൽ നമ്മളെ കണ്ടെത്തുകയുമല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ പ്രാണവായു കൊടുത്ത് ഈ മരിച്ച ശരീരത്തിനു ജീവൻ കൊടുക്കുകയല്ലേ വേണ്ടത്? കാരണം, ഇത് മരിച്ചതാണ്‌; മരിച്ചതൊക്കെ എത്ര വികൃതവുമാണ്‌!” ചരിത്രബോധത്തിന്റെ ആനന്ദങ്ങൾ അവർക്കറിയുമായിരുന്നില്ല; പൊയ്പോയതും അന്യമായതും അവർക്കൊരു മനശ്ശല്യമായിരുന്നു; റോമക്കാരായ സ്ഥിതിയ്ക്ക് മറ്റൊരു റോമൻ കീഴടക്കലിനുള്ള പ്രചോദനമായിട്ടാണ്‌ അവർ അതിനെ കണ്ടത്. അതെ, വിവർത്തനം കീഴടക്കലിന്റെ ഒരു രൂപം തന്നെയായിരുന്നു. അവർ അതിന്റെ ചരിത്രസന്ദർഭം ഒഴിവാക്കുക മാത്രമല്ല, അതിൽ സമകാലികമായ സൂചനകൾ കൂട്ടിച്ചേർക്കുക മാത്രമല്ല, കവിയുടെ പേരു വെട്ടിക്കളഞ്ഞ് പകരം സ്വന്തം പേര്‌ എഴുതിവയ്ക്കുകയും ചെയ്യുന്നു. ചോരണത്തിനു തുല്യമാണത് എന്നവർക്കു തോന്നിയതേയില്ല; അവർ അതു ചെയ്തത് റോമൻ സാമ്രാജ്യത്തിൽ അംഗമായ ഒരാളെന്ന നിലയിൽ എത്രയും തെളിഞ്ഞ മനഃസാക്ഷിയോടെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: