അയാൾക്ക് രണ്ടു പ്രതിയോഗികളുണ്ട്: ഒന്നാമൻ അയാളെ പിന്നിൽ നിന്ന്, ഉല്പത്തിയിൽ നിന്നേ, ഉന്തിവിടുകയാണ്; രണ്ടാമനാവട്ടെ, അയാൾക്കു മുന്നിലുള്ള വഴി മുടക്കി നില്ക്കുകയുമാണ്. ഇരുവരുമായും അയാൾക്കു മല്ലിടേണ്ടിവരികയാണ്. ശരിക്കു പറഞ്ഞാൽ ഒന്നാമൻ രണ്ടാമനുമായുള്ള അയാളുടെ മല്പിടുത്തത്തിൽ അയാളെ സഹായിക്കുകയാണു ചെയ്യുന്നത്; എന്തെന്നാൽ അയാളെ മുന്നിലേക്കു തള്ളിവിടാനാണല്ലോ അയാൾ നോക്കുന്നത്; അതുപോലെ, രണ്ടാമനും ഒന്നാമനുമായുള്ള അയാളുടെ മത്സരത്തിൽ അയാളെ സഹായിക്കുന്നുണ്ട്; കാരണം, അയാളെ പിന്നിലേക്കാട്ടിയോടിക്കാനാണ് അയാൾ ശ്രമിക്കുന്നത്. പക്ഷേ സൈദ്ധാന്തികതലത്തിലേ ഇപ്പറഞ്ഞതു ശരിയാകുന്നുള്ളു. കാരണം, രണ്ടു പ്രതിയോഗികൾ മാത്രമല്ലല്ലോ അവിടെയുള്ളത്, അയാളും അവിടെയുണ്ടല്ലോ. അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു? അതെന്തായാലും അയാൾ സ്വപ്നം കാണുന്നുണ്ട്, ഒരു കാലത്ത്, ജാഗ്രത ഒന്നു തെറ്റിയ ഒരു നിമിഷത്തിൽ- അതേ വരെയുള്ള രാത്രികളിൽ വച്ചേറ്റവും ഇരുണ്ട ഒരു രാത്രി അതിനു വേണം എന്നും സമ്മതിക്കണം- ആ സമരരംഗത്തു നിന്ന് താൻ പുറത്തു ചാടുകയും അമ്മാതിരി ഒരു യുദ്ധത്തിന്റെ കാര്യത്തിൽ തനിക്കുള്ള പരിചയസമ്പന്നത പരിഗണിച്ച്, പരസ്പരം പോരടിക്കുന്ന ആ പ്രതിയോഗികളുടെ അമ്പയറായി തനിക്കു സ്ഥാനക്കയറ്റം കിട്ടുമെന്നും.
(കാഫ്ക തന്റെ ഡയറികൾ മിലേനക്കു കൈമാറിയപ്പോൾ 1920ജനുവരി 6 മുതൽ ഫെബ്രുവരി 29 വരെയുള്ള പേജുകൾ കീറിയെടുത്തിരുന്നു. മാക്സ് ബ്രോഡ് എഡിറ്റ് ചെയ്ത കാഫ്കയുടെ കൃതികളിൽ അഞ്ചാം ഭാഗമായിട്ട് ‘1920ലെ കുറിപ്പുകൾ’ 1946ൽ പ്രസിദ്ധീകരിച്ചു. എഡ്വിൻ മൂറും വില്ലാ മൂറും ചെയ്ത ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഈ പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ 1982-99ൽ പുറത്തുവന്ന കാഫ്കയുടെ കൃതികളുടെ ജർമ്മൻ ക്രിട്ടിക്കൽ എഡിഷനിൽ ഈ കുറിപ്പിലെ സ്വപ്നത്തിന്റെ കാര്യം കാണാനില്ല! ‘അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു?’ എന്ന വാക്യത്തോടെ അതു തീരുന്നു. അപ്പോൾ മാക്സ് ബ്രോഡിന് ആ സ്വപ്നം എവിടെനിന്നു കിട്ടി? കാഫ്കയുടെ ഉള്ളിലിരുപ്പ് ആരു കണ്ടു!
സുപ്രിയ ചൗധുരിയുടെ ഈ ലേഖനത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
http://humanitiesunderground.org/kafkas-parable-or-literature-between-past-and-future/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ